ജീവിതത്തിന്റെ സങ്കീര്‍ണവാചകങ്ങള്‍ക്കും ലളിതസമവാക്യങ്ങള്‍ക്കുമിടയിലെ ല്ലാം നെഞ്ചിടിപ്പോടെ ഉയര്‍ന്നു വരുന്നവനാണ്'പക്ഷെ'കേള്‍ക്കുന്നവരിലേക്കും
അത് ഉത്ക്കണ്ഠയെ പ്രസരിപ്പിക്കും.ശാരദറ്റീച്ചറും സിദ്ദിക്ക്മാഷും യാത്ര പുറപ്പെട്ടപ്പോഴും നടുവു വളഞ്ഞ അനേകം ചോദ്യങ്ങളോര്‍ത്തു ഉള്ളു കലങ്ങായ്കയല്ല.'എന്റെ കാര്യത്തില്‍ ഇടപെടാന്‍ മറ്റാര്‍ക്കാ അധികാരം?'എന്നു അവരുടെ മക്കള്‍ വരെ നെഞ്ച് വിരിച്ചു ചോദിക്കുന്ന കാലമായിട്ടും
അവര്‍ക്കതിനുള്ള തന്റേടം ആയിട്ടില്ല.അതുകൊണ്ടാണ് ഈ യാത്രക്കവര്‍ ഇത്രയും അവസരം പാര്‍ത്തത്.ഒന്നിനുമല്ല, കാലങ്ങളായി മനസ്സില്‍ കുന്നുകൂട്ടി വച്ചതൊക്കെയും സ്വൈരമായി പറഞ്ഞു തീര്‍ക്കണം.പറയാതെ പോയ ഇഷ്ടങ്ങള്‍, ആ നദികള്‍ കൂടിച്ചേര്‍ന്നിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന അത്ഭുതങ്ങള്‍...കീമോക്ക് ശേഷവും നിശ്ശബ്ദകൊലയാളിക്കു മുമ്പില്‍ ടീച്ചര്‍ പിടിച്ചു നില്‍ക്കുന്നതു തന്നെ ഈ യാത്രയ്ക്കു വേണ്ടി മാത്രമായിരുന്നെന്നു തോന്നും.
രണ്ടു വഴിയിലൂടെ ആരുടേയും തുണയില്ലാതെ അവര്‍ തീവണ്ടിസ്‌റ്റേഷനില്‍ എത്തി.വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കുന്നതിന്റെ ഒരു ഗൂഡസ്മിതം രണ്ടു പേരുടെയും മുഖത്തു തിളങ്ങി.കൈ കോര്‍ത്തു പിടിച്ചു അവര്‍ വണ്ടിയില്‍ കയറി.ഇനിയാരു കണ്ടാലും പ്രശ്‌നമില്ലെന്ന മട്ടില്‍ തൊട്ടു തൊട്ടിരുന്നു.രാത്രിയുടെ തണുത്ത കരതലം അവരെ ചെറുപ്പകാലത്തേക്ക് ഒരു തൂവല്‍ പോലെ എടുത്തുയര്‍ത്തി.
'ഓര്‍മയില്ലേ?'ബോയ്കട്ട് പോലെ തോന്നിച്ച മുടിയിലേക്ക് സാരിത്തലപ്പ് വലിച്ചിട്ട് അവര്‍ ചോദിച്ചു.'അന്ന് നമ്മുടെ സ്‌കൂളില്‍..............'വാചകം മുഴുവനാക്കാതെ അവര്‍ പുറത്തെ കാഴ്ചകളിലേക്ക് ഊളിയിട്ടു.
'പത്തിരിയുണ്ടാക്കി കൊണ്ടുവന്നതാണോ?'അയാളുടെ ചിരിയില്‍ വിരിഞ്ഞ ജാള്യം ആ പ്രായത്തിലും ചന്തം വിതറി.
'ങാ, പത്തിരി ഇതേ വരെ കഴിച്ചിട്ടില്ലാന്നു പറഞ്ഞിട്ട്..പാവം മാഷ്,ഞാന്‍ നല്ല പത്തിരിയും ഇറച്ചിക്കറിയും തട്ടി വിടുമ്പോള്‍ എന്റെ സാമ്പാറും പുളിശ്ശേരിയും കൂട്ടി മാഷ് ഊണ് കഴിക്ക്ണത് ഇപ്പഴും കണ്ണില്‍ കാണാം.'അവര്‍ പിന്നെയും ഓര്‍ത്തോര്‍ത്തു ചിരിച്ചു..
'അന്ന് സാബിറ എന്നോട് ചോദിച്ചുഇന്നെന്താ ചോറിനു പകരം പത്തിരീന്ന്?ഒന്നുല്ലാന്നു ഞാന്‍ കണ്ണടച്ചു കള്ളം പറഞ്ഞു.'
'ഭരതേട്ടനോട് ഞാനും കുറെ കള്ളം പറഞ്ഞതാ നമ്മുടെ സൌഹൃദം നിലനിര്‍ത്താന്‍..'
'സാരമില്ല, നമ്മളതിനു തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.ഇനിയൊട്ടു ചെയ്യാനും പോണില്ല.ഈ യാത്ര തന്നെ എന്റൊരു മോഹാണ്..ടീച്ചറെ കൂടെയിരുത്തി കാഴ്ചകളൊക്കെ കണ്ട്..പക്ഷെ ...'
'ഒരു പാട് വൈകി സഫമാകാന്‍ അല്ലേ?'
അവര്‍ വേദനയോടെ മാഷെ ഉറ്റു നോക്കി.അയാള്‍ ആ വലിയ കണ്ണുകളെ നേരിടാനാകാതെ തല താഴ്ത്തി.'മഴ വരുന്നു, ഷട്ടര്‍ താഴ്ത്തണോ?'
'വേണ്ട, ഇരുട്ടാവും ഇപ്പോ..പിന്നെ പുറത്തേക്ക് നോക്കിയിരിക്കാന്‍ നല്ല രസാ.ചക് ചക് എന്നു ഇരുട്ട് വിഴുങ്ങിയാണോ തീവണ്ടിക്ക് അനുനിമിഷം ഉശിര് കൂടുന്നതെന്നു തോന്നിപ്പോകും..സന്തോഷത്തിന്റെ പട്ടുപുടവകളൊന്നും നിന്റെ എഴുത്തില്‍ കാണാത്തതെന്ത്?ദുഃഖത്തിന്റെ കനത്ത ഇരുമ്പുകൊളുത്താണല്ലോ എങ്ങും ചോര തെറിപ്പിച്ച്?ഇങ്ങനൊരു ചോദ്യം മുമ്പ് മാഷ് എഴുതി ചോദിച്ചിരുന്നു.ഒരിക്കലും തീരില്ലായിരുന്നു അന്ന് നമ്മുടെ എഴുത്തുകള്‍..'
'അതെ, ബാപ്പ എഴുത്തൊന്നു പിടിക്കയും കള്ളി വെളിച്ചത്താവുകയും ചെയ്യണ വരെ.'മ്ലാനതയാല്‍ അയാളുടെ മുഖം ഇരുണ്ടു.ചേരേണ്ടവരെ ദൈവം ഒരിക്കലും ചേര്‍ക്കില്ല.
അവര്‍ ചിരിച്ചു. ചിരി വക്രിച്ച് കരച്ചിലിനെ തൊട്ടു.'സന്തോഷത്തിന്റെ കുന്നിക്കുരുക്കളത്രയും പെറുക്കാനാശിച്ചവളാ ഞാന്‍.അതിനായുമ്പോഴെല്ലാം കോട പോലെ ദുഃഖത്തിന്റെ ഈ മേലാപ്പുകള്‍...തണലുകളുടെ കുളിര്‍മ അറിഞ്ഞാലല്ലേ വേദനകളുടെ ഉഷ്ണപ്രവാഹങ്ങളിലേക്ക് ഇത്തിരിയേലും തണുപ്പ് കയറുകയുള്ളൂ?'
'നിന്റെ ഈ സാഹിത്യംപറച്ചില്‍ തന്നെയാ എന്നെ നിന്റെ പിന്നാലെ നടത്തിച്ചത്.വെച്ചുണ്ടാക്കണം കഴിക്കണം ഉറങ്ങണം ഇതിലപ്പുറം ഒരു ചിന്തയും സാബിറയെ അലട്ടാറില്ല.മൂന്നു കുട്ടികള്‍ക്കും എന്നെക്കാള്‍ കാര്യം അവളെത്തന്നെയാ..'
ഭാഗ്യവതി! ഒരു സ്ത്രീ ചിന്തിച്ചിട്ടെന്തു വിശേഷം?വിവരമുള്ളവളും ഇല്ലാത്തവളും ആത്യന്തികമായി നേടുന്നത് ഒന്നു തന്നെഭര്‍ത്താവ്, കുട്ടികള്‍..അതില്‍ കെട്ടു പിണഞ്ഞ ജീവിതസമസ്യകള്‍...ആ കുരുക്കുകള്‍ നെടാത്തവരെയെല്ലാം സമൂഹം കൊഞ്ഞനം കുത്തും..എന്റെ മോളാണെങ്കില്‍ കമ്പ്യുട്ടറാണോ അവളെ പെറ്റതെന്നു തോന്നും.ഫെയ്‌സ്ബുക്കും ചാറ്റിങ്ങും..ഏതു നേരവും അതിന്റെ മുന്നിലാണ് തപസ്സ്.അത്യാവശ്യത്തിനേ വായ തുറക്കൂ.അതിഥികള്‍ വരുന്നത് കലിയാണവള്‍ക്ക്.'
'എ ടിപ്പിക്കല്‍ മോഡേണ്‍ ഗേള്‍.നിന്റെ ആളും കംപ്യുട്ടര്‍എഞ്ചിനീയറല്ലേ?ജീന്‍ മാറിയിട്ടില്ല.ഏതായാലും കവയത്രി അവേണ്ടവള്‍ക്ക് കിട്ടിയൊരു കൂട്ട്.പിന്നെ നമ്മടെ ജനറേഷന്റെ ആ ചമ്മലും പേടിയുമൊന്നും ഇപ്പഴത്തെ കുട്ടികള്‍ക്കില്ല.ഇഷ്ടമുള്ളവരെ കൂട്ടി വന്ന് ഞാന്‍ ഇയാളുടെ ഒപ്പാ ഇനി താമസിക്കുന്നതെന്ന് കൂളായി പറഞ്ഞു കളയും.സ്വന്തം അയല്‍വാസിയെപ്പോലും ഫെയ്‌സ്ബുക്കില്‍ നിന്നറിഞ്ഞിട്ടു വേണം.ബലൂണ്‍ പോലെ വീര്‍ത്തു നില്‍ക്കുന്ന ജീവിതജാടകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇത്ര നല്ലൊരു വേദി വേറെ എവിടെ കിട്ടും?ഒരാളെ മനസ്സീന്ന് ഡിലീറ്റു ചെയ്യാനും ആക്‌സപ്റ്റു ചെയ്യാനും ഒരു നിമിഷം പോലും വേണ്ട..നമ്മള്‍ ഓള്‍ഡ് ജനറേഷന്‍ അവര്‍ക്ക് സെന്റിമെന്റലി മാഡ് ആയ ഒരു കൂട്ടം മാത്രം..'
അവര്‍ പരിഭവത്തോടെ അയാളെ നോക്കി.പിന്നെ മന്ത്രിച്ചു 'എന്റെ അത്ര തനിച്ചായിപ്പോയവള്‍ ഈ ലോകത്ത് വേറെ ഉണ്ടാവില്ല.'
അയാളവരെ മമതയോടെ ചേര്‍ത്തു പിടിച്ചു.'മരിക്കോളം ഞാനുണ്ട്.'കാലത്തിന്റെ ഒരടര് അയാള്‍ക്കു മുന്നില്‍ പതുക്കെ അടര്‍ന്നു വീണു..
'കാഫര്‍ച്ചിയെ മാത്രേ അനക്ക് ലോഗ്യാക്കാന്‍ കിട്ടിയൊള്ളൂ.ഓന്റൊരു ലഫ്.നോക്കിക്കോ, ഇനിയും നീയാ പെണ്ണിനെ കണ്ടൂന്ന് അറിഞ്ഞാ നിന്നെക്കൊന്ന് ജയിലില്‍ പോയാലും വേണ്ടില്ല.സമുദായം പുറത്താക്കുന്നതിലും ഭേദം അതാ.'
ചീറ്റിത്തെറിക്കുന്ന ദേഷ്യത്തില്‍ ഉപ്പയുടെ ചുണ്ടും താടിരോമങ്ങളും വിറച്ചു.എത്രയോ വീടുകളില്‍ ആവര്‍ത്തിച്ച ആ പതിവുനാടകം അയാള്‍ നിസ്സംഗനായി ഓര്‍മിച്ചു.എല്ലാവരെയും വെറുപ്പിച്ച് ഒരു കല്യാണം.അതിലൊന്നും ഒരര്‍ത്ഥവുമില്ല.പൊരുത്തം മനസ്സത് നഷ്ടപ്പെടുത്താതിരുന്നാല്‍ മതിയല്ലോ.ഒരേ സ്‌കൂളില്‍ ജോയിന്‍ ചെയ്യും വരെ അവര്‍ കത്തുകളിലൂടെ സംസാരിച്ചു.ഒരിക്കലും തീരാത്ത വിഷയങ്ങള്‍.ഈ ജന്മം പറഞ്ഞു തീരാത്തപോലെയാണ് ഇപ്പോളീ യാത്ര.അല്ലെങ്കില്‍ വാര്‍ധക്യം എത്തി നോക്കാന്‍ തുടങ്ങിയ ഇക്കാലത്ത് ആരാണ് ഇങ്ങനൊരു സാഹസത്തിനു മുതിരുക?അയാള്‍ അനവധി കഥകള്‍ വായിച്ചിട്ടുണ്ട്പ്രണയസാഫല്യത്തിനായി വയസ്സുകാലത്ത് മല കയറാനും നാട് കാണാനും പുറപ്പെട്ടവര്‍.ഉണങ്ങി മൊരിഞ്ഞ യൌവനത്തിന്റെ നടുക്കുന്ന നഷ്ടസ്മൃതിയില്‍ തിരികെ മലയിറങ്ങിയവര്‍..അതൊന്നും പക്ഷെ അവരെ അലട്ടിയില്ല.ചെറിയ കുട്ടികളുടെ കേവലസ്‌നേഹം പോലൊന്ന് അവരെ ചേര്‍ത്തു പിടിച്ചു.സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അവരുടെ ഇടയിലേക്ക് പെരുങ്കല്ലുകള്‍ ഇട്ടില്ലായിരുന്നെങ്കില്‍ മരണമല്ലാതെ മറ്റൊന്നും അവരെ വേര്‍പെടുത്തുമായിരുന്നില്ല.
ലോഡ്ജില്‍ മുറിയെടുക്കാനായി റിസപ്ഷനില്‍ നില്‍ക്കെ ചിലര്‍ തുറിച്ചു നോക്കുന്നത് കണ്ട് അവരല്‍പം പരിഭ്രമിച്ചു.റൂമിന്റെ എസിയിലേക്ക് ചാഞ്ഞിരിക്കും വരെ ആ ഭയം അവരെ വിട്ടൊഴിഞ്ഞതുമില്ല.അയാളവരുടെ മുഖം പിടിച്ചുയര്‍ത്തി
'ക്ഷീണിച്ചോ'
'ഉം പഴയ കാലല്ലല്ലോ.പിന്നെ അസുഖം...'
ഊര്‍ന്നു വീണ സാരിത്തലപ്പിനടിയില്‍ കണ്ട ആണ്‍ശിരസ്സിലേക്ക് നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു.
'എന്റെ പഴയ മുടി ഓര്‍ക്കാവും അല്ലേ?കൊട്ടക്കണക്കിന് പറിഞ്ഞു പോരുമ്പോഴെല്ലാം ഞാനും കുറെ കരഞ്ഞു.പിന്നെ ഓര്‍ത്തുജീര്‍ണിക്കുന്ന ഈ കൂടിനെച്ചൊല്ലി തേജസ്സുള്ള എന്റെ ആത്മാവെന്തിനു കരയണം?'
'വാസ്തവം'കണ്ണില്‍ നിന്ന് ഉരുണ്ടിറങ്ങിയ തുള്ളികള്‍ അവര്‍ കാണാതിരിക്കാന്‍ അയാള്‍ മുഖം തിരിച്ചു, അവരുടെ പിന്നിലെത്തി അവരെ കരവലയത്തിലൊതുക്കി ഉറ്റു നോക്കി കുറെ നേരം.പിന്നെ പിറുപിറുത്തു'കാലം ഒന്നൂടെ പിന്നോട്ട് കറങ്ങിയെങ്കില്‍!നമുക്കായ് നമ്മുടെയാ കുട്ടിക്കാലം തിരിച്ചു വന്നെങ്കില്‍!'
'ഇതു മാത്രായിരുന്നു ആശ.ഈ നെഞ്ചിലിങ്ങനെ തല ചായ്ച്ച് ഒന്നുമോര്‍ക്കാതെ...'അവര്‍ ഒരു ഗാഡാലിംഗനത്തിലേക്ക് മുറുകി.അപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി അയാളുടെ കണ്ണുകള്‍ ആ ഒളിക്യാമാറയെ തൊട്ടു.
'മാറി നില്‍ക്ക്'പേടിയോടെ അവരെ തള്ളി മാറ്റി അയാള്‍ കിതച്ചു.'നോക്ക് .അങ്ങോട്ട് നോക്ക്...'
അവര്‍ കാലങ്ങളായി ശീലിച്ച നിസ്സന്ഗനേത്രങ്ങളോടെ ക്യാമറയെ നോക്കി പുഞ്ചിരിച്ചു.മഞ്ഞുതിരുന്ന ആ നിര്‍മമത കണ്ട് ഒട്ടൊന്നമ്പരന്ന് ക്യാമറ അവരുടെ വസ്ത്രങ്ങള്‍ അഴിയുന്നത് കാത്തുകാത്തിരുന്നു.എന്നാല്‍ കുട്ടികളെപ്പോലെ അവര്‍ പുറംചാരിയിരുന്ന് മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥയില്‍ നിന്നാരംഭിച്ച് ആയിരത്തൊന്നു രാവുകളിലേക്ക് ചുവടു വെച്ചു,ഇഷ്ടഭക്ഷണം കിട്ടാത്ത വെറുപ്പോടെ ക്യാമറ അവരെ തുറിച്ചു നോക്കി......................
അതിമനോഹരമായ കഥ. നല്ല ഭാഷ. അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂസംഭാഷണവാചകങ്ങള് ചിഹ്നങ്ങള്‍ ഒക്കെ ചേര്‍ത്ത് പ്രത്യേകം ആയി നല്‍കുക. കഴിവതും ചെറുപാരഗ്രാഫുകളാക്കി തിരിച്ചാണവതരിപ്പിക്കുന്നതെങ്കില്‍ കാഴ്ചയ്ക്കും വായനയ്ക്കും കൂടുതല്‍ സുഖകരമാകും. കഴിയുമെങ്കില്‍ ഈ ടെമ്പ്ലേറ്റ് മാറ്റുക.