Pages

2015, ഡിസംബർ 12, ശനിയാഴ്‌ച

പുതുകാലം{കഥ}






 ഇരുപത്താറു കഴിഞ്ഞ അയാള്‍ക്ക്‌ മസ്തിഷ്കമരണം സംഭവിച്ചതും ബന്ധുക്കളുടെ സമ്മതത്തോടെ ആശുപത്രി നോട്ടീസ് ബോര്‍ഡില്‍ ഒരു അറിയിപ്പ് പ്രത്യക്ഷപ്പെട്ടു, -“ഇരുപത്താറു വയസ്സുകാരനായ ഹിന്ദു യുവാവിന്‍റെ കിഡ്നി ,കരള്‍ ,ഹൃദയം കണ്ണുകള്‍ തുടങ്ങിയവ ദാനം ചെയ്യുന്നു. ഇവ സ്വീകരിക്കുന്നതിന് യോഗ്യരായ ഹിന്ദുക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു ..ഉയര്‍ന്ന ജാതിക്കാര്‍ക്ക് മുന്‍ഗണന..”

സൂര്യയ്ക്ക് വായിച്ചത് വിശ്വസിക്കാനായില്ല .അയാള്‍ കണ്ണുകള്‍ അമര്‍ത്തി  തിരുമ്മി പിന്നെയും നോക്കി , അപ്പോഴാണ്‌ മറ്റൊരു നോട്ടീസ് –“നാല്‍പ്പതു വയസ്സുള്ള മുസ്ലിം ബിസിനസ്സുകാരന്  കിഡ്നി ആവശ്യമുണ്ട് ..ആകര്‍ഷണീയമായ പ്രതിഫലം നല്‍കുന്നതാണ് ..യോജിപ്പുള്ള മുസ്ലിം കിഡ്നികള്‍ ഉള്ളവര്‍ ഈ ആശുപത്രിയുമായി ബന്ധപ്പെടുക!”
ഒഴിഞ്ഞ മറ്റു കള്ളികളില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു മതങ്ങളുടെ അവയവങ്ങളും വന്നു നിറയുമെന്ന് അയാള്‍ ഊഹിച്ചു..അയാള്‍ തന്‍റെ പാര്‍ശ്വങ്ങളിലൂടെ വിരലോടിച്ചു ..അഞ്ചു കൊല്ലം മുമ്പ് ഒരു തമിഴത്തിയില്‍ നിന്ന് സ്വീകരിച്ച പയറുമണി പോലുള്ള ആ അവയവം ,വൈമനസ്യത്തോടെ മരുന്നുസഹായത്തോടെ ഇപ്പോഴും പതുക്കെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു..ഇവിടെ എത്തിയത് തന്നെ നെഫ്രോളജിയിലെ ഫിറോസ്‌ ഡോക്ടറെ കാണാനാണ് ..ഈയിടെയായി ഇടയ്ക്കിടെ പനി വരുന്നു ..ആള്‍ക്കൂട്ടത്തിലേക്കൊന്നും പോവാറില്ല ..”ഇന്‍ഫെക്ഷന്‍ “, “ ഇന്‍ഫെക്ഷന്‍” ഡോക്ടറുടെ മുന്നറിയിപ്പ് ഇടയ്ക്കിടെ കാതില്‍ മുഴങ്ങുന്നു ..കോളേജ് യൂനിയന്‍റെ ചെയര്‍മാനായിരുന്ന , തീപ്പൊരി പ്രസംഗകാനായിരുന്ന  കുട്ടിസഖാവിന്‍റെ  പതനം അതിഭീകരം തന്നെ ..അയാള്‍ സ്വയം പരിഹസിച്ചു ചിരിച്ചു ..നോട്ടീസ് ബോര്‍ഡിലേക്ക് നോക്കുന്തോറും ചിരിക്കണോ കരയണോയെന്ന്‍ അയാള്‍ക്ക് നിശ്ചയമില്ലാതായി ..ഡോക്ടര്‍ എത്തുവോളം ഈ വിഡ്ഢിത്തങ്ങളൊക്കെ വായിച്ചു നോക്കാം ..മനസ്സ് പക്ഷെ അടങ്ങുന്നില്ല , തനിക്ക് വൃക്ക തന്ന ആ തമിഴത്തിയുടെ ജാതി ഏതായിരുന്നു? ദാരിദ്ര്യമായിരുന്നു അവരുടെ മതം ..ആ വെയില്‍ച്ചൂടില്‍ നിന്ന് ഇത്തിരി നേരത്തേക്കെങ്കിലും കയറി നില്‍ക്കാനാണ് യാതൊരു പതര്‍ച്ചയുമില്ലാതെ അവര്‍ ആശുപത്രിയിലേക്ക് വന്നത് .ഓപ്പറേഷന് ശേഷം വലിയ പരിചരണമൊന്നും കിട്ടാതെ അവഗണനയുടെ തീച്ചൂടിലൂടെ സ്വന്തം നാട്ടിലേക്ക് വണ്ടി കയറിയത് ..

ബോധം വന്നപ്പോള്‍ താന്‍ ഭാര്യയോട് കുറെ കയര്‍ത്തു ..ഡോക്ടറോട് കരഞ്ഞു നിലവിളിച്ച് ആ സ്ത്രീ ഡിസ്ചാര്‍ജ് വാങ്ങിയെന്ന് അവള്‍ പറഞ്ഞു ..പിന്നെ അവള്‍ പതുക്കെ പറഞ്ഞു –“അവര്‍ക്ക് അഞ്ചു കുഞ്ഞുങ്ങളാ ..ചെറുതിന് മൂന്നു മാസാ പ്രായം ..” ഒരിക്കലും അമ്മയാവാത്തതിന്‍റെ വേദന അവളുടെ വാക്കുകളില്‍ മുറ്റി.

.”വേണ്ടാത്തോര്‍ക്ക് ദൈവം വാരിക്കോരി കൊടുക്കും ,-“ഒരു ഫിലോസഫി പോലെ താന്‍ പറഞ്ഞു ..

“അതല്ല . ആ ചെറിയ കുട്ടി ഇത്രേം ദിവസം എന്തു കരച്ചിലാവും , വേണ്ടായിരുന്നു അവരുടേത് ..”

“പിന്നെ? ഞാന്‍ മരിച്ചോട്ടെയെന്നോ?  ഇതു തന്നെ എത്ര കഷ്ടപ്പെട്ടാണ്‌ ഒത്തു വന്നത് ..”  ഓ അണ്ണാച്ചിക്കുഞ്ഞല്ലേ  ..അവള്‍ കേള്‍ക്കാതെ മനസ്സ് ഉരുവിട്ടു..
താനെങ്ങനെ ഇങ്ങനെയൊക്കെയായി? അനീതികളോട് രാജിയാകാതിരുന്ന തന്‍റെയുള്ളിലെ ആ അഗ്നിയെ കെടുത്തിക്കളഞ്ഞത് ആരാണ്? രോഗങ്ങളോ? പ്രാരബ്ധങ്ങളോ? മനുഷ്യന്‍റെ വ്യസനങ്ങളെ സമീപിക്കുമ്പോള്‍ എല്ലാ പ്രത്യയശാസ്ത്രങ്ങളും പരാജയമാണ് ..രോഗങ്ങള്‍ , മരണം , ജനനം , ഈ സമസ്യകള്‍ക്കെല്ലാം എന്തുത്തരമാണ് അവയ്ക്ക് നല്‍കാനുള്ളത്?
രാഷ്ട്രീയസമരങ്ങള്‍ക്ക് കേളികേട്ടിരുന്ന തന്‍റെ പഴയ കോളേജില്‍ നിന്ന് കുട്ടികള്‍ പറ്റമായി ഇറങ്ങി വരുന്നു ..അധിക കുട്ടികളും കയ്യിലെ മൊബൈല്‍ സ്ക്രീനിലേക്ക് കണ്ണും നട്ട് തലയും കുനിച്ചാണ് നടപ്പ് ..ചുറ്റുമുള്ള ഒന്നുമൊന്നും കാണാതെ ഇവര്‍ ആരോടാണ് ഇത്രയധികം സംസാരിച്ചുകൊണ്ടിരിക്കുന്നത്?

അപ്പോള്‍ ശബ്ദഘോഷങ്ങളോടെ  ഒരു ജാഥ  പ്രസംഗഫണം ഉയര്‍ത്തി സീല്‍ക്കാരത്തോടെ വിഷം ചീറ്റാന്‍ തുടങ്ങി –“എന്നു നിന്‍റെ മൊയ്ദീന്‍ “ എന്ന ഈ തല്ലിപ്പൊളി സിനിമ സംവിധായകന്‍ മുസ്ലിങ്ങളെ പ്രീതിപ്പെടുത്താനാണോ നിര്‍മിച്ചത്? അയാള്‍ മുങ്ങി മരിച്ചത് നന്നായി ..അയാളെങ്ങാന്‍ ഞങ്ങളുടെ പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്നതായിരുന്നു അന്ത്യമെങ്കില്‍ ഞങ്ങള്‍ ആ സിനിമ ഓടുന്ന തിയേറ്ററുകളെല്ലാം ചുട്ടു കളയുമായിരുന്നു ..വിശുദ്ധയായ ഹിന്ദു പെണ്‍കുട്ടിയെ വേള്‍ക്കാന്‍ നാട്ടില്‍ ഹിന്ദു ചെറുപ്പക്കാര്‍ തന്നെ ധാരാളമുണ്ട് ..അതിന് കണ്ട നാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട മുസ്ലിമിന്‍റെയോ കൃസ്ത്യാനിയുടെയോ  ആവശ്യമില്ല ..”
അയാള്‍ സ്തബ്ധനായി ആ ജനാവലിയെ നോക്കി ..പണ്ട് തന്‍റെ വലംകൈകളായിരുന്ന ചെമ്പട നിശ്ശബ്ദരായി ഒരല്പം തല കുനിച്ച് ആ ജാഥയെ അനുഗമിക്കുന്നു ..അയാള്‍ക്ക് തൊണ്ടയില്‍  പെരുംകല്ല്‌ പോലെ ഒരു നിലവിളി തടഞ്ഞു ..ശരീരത്തില്‍ പിടി മുറുക്കുന്ന പനിക്കൈകളുടെ നീരാളിപ്പിടുത്തത്തില്‍ ബോധം മറഞ്ഞ് അയാള്‍ നിലത്തേക്ക് കുഴഞ്ഞു വീണു ....................

2015, നവംബർ 22, ഞായറാഴ്‌ച

ഉമ്മ {കഥ-രണ്ട്}

{ജീവിതത്തില്‍ നമ്മള്‍ പലതരം അമ്മമാരെ കാണുന്നു. വീക്ഷണത്തിലും അഭിരുചിയിലും സ്വഭാവത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവര്‍..}

മ്മയ്ക്ക് എഴുപത് വയസ്സായി. എന്നിട്ടും പ്രായത്തെ കൂസാതെ കടന്നുപോകുന്ന കാലത്തെ നോക്കി കുസൃതിച്ചിരി പൊഴിച്ചുകൊണ്ട് ഉമ്മ എപ്പോഴും പ്രണയത്തെക്കുറിച്ച് സംസാരിച്ചു. കുറച്ചു എഴുതുന്ന സൂക്കേട് പണ്ടേ ഉണ്ട്. എന്നു വച്ച് ഇതൊക്കെ എത്ര സഹിക്കും? ഒരു ശ്രോതാവിനെ കിട്ടിയാല്‍ മതി ഉമ്മ പ്രണയത്തെക്കുറിച്ച് വാചാലയാവാന്‍. കേള്‍ക്കുന്നവര്‍ക്ക് അത്തരം വല്ല അനുഭവങ്ങളും ഉണ്ടെങ്കില്‍ അതെല്ലാം വിദഗ്ധമായി തോണ്ടി പുറത്തിടും. ഒരിക്കലും പ്രണയിക്കപ്പെടാത്ത തന്റെ ദുര്യോഗത്തെക്കുറിച്ചോര്‍ത്ത് കണ്ണീരോഴുക്കും..ഉപ്പ വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു പോയെങ്കിലും ഉമ്മയുടെ ഓരോ പരാതിയും ഉപ്പയെ കുത്തി നോവിക്കുന്നതായാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഈ ഉമ്മാക്ക് മരിക്കാറായി എന്ന വല്ല ബോധവുമുണ്ടോ? വരാന്‍ പോകുന്ന ഖബര്‍ ശിക്ഷകള്‍..ഇപ്പോഴും നാണമില്ലാതെ പ്രേമത്തെക്കുറിച്ച് പുലമ്പിക്കൊണ്ടിരിക്കുന്നു..മതഗ്രന്ഥങ്ങള്‍ അരികിലേക്ക് നീക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു 'ഉമ്മ ഇനി മുതല്‍ ഇതൊക്കെ വായിച്ചാല്‍ മതി.നാളെ പടച്ചോന്റെ മുന്നില്‍ നിക്കാന്ള്ളതല്ലേ ഉമ്മാ?'
ഉമ്മ വെള്ളിപ്പുതപ്പിട്ട മുടിയിഴകളെ പിന്നിലേക്ക് വകഞ്ഞുമാറ്റി എന്നെ ഉറ്റു നോക്കി .ഞാന്‍ ഉരുകിത്തീരുകയാണെന്ന് എനിക്കു തോന്നി ..പിന്നെ ചങ്ങമ്പുഴയുടെ കവിതകളും മാധവിക്കുട്ടിയുടെ കഥകളും വായിക്കാനെടുത്തു..മരണം പരലോകം ഇതൊക്കെ ഓര്‍ത്ത് എന്റെ ചങ്കിടിച്ചു.ദൈവശിക്ഷ തീക്കട്ടകളായി ഉമ്മാന്‍റെ മേല്‍ വീഴില്ലേ? എന്താണ് ഉമ്മാന്‍റെ ഭാവം? കണ്ണില്‍കണ്ട നശിച്ച പുസ്തകങ്ങളൊക്കെ വായിച്ചുകൊണ്ട് മരിച്ചു പോകാനോ? കലിമ ചൊല്ലാതെ , ഈമാന്‍ കിട്ടാതെ ഉമ്മ മരിച്ചുപോകോ റബ്ബേ? പണ്ട് ഉമ്മാന്‍റെ കവിതകളില്‍ ഒരാളുടെ അവ്യക്തരൂപം എപ്പഴും ആവര്‍ത്തിച്ചു വരാറുണ്ടായിരുന്നു. വട്ടത്താടിയുള്ള ചിരിക്കുന്ന കണ്ണുകളുള്ള ഒരാള്‍..'അതാരാ ഉമ്മാ' ഇടയ്ക്കിടെ അന്ന് ചോദിച്ചിരുന്നു.

'ഓ ,അതൊരു സങ്കല്പമനുഷ്യന്‍, ഇതു വരെയും കണ്ടെത്തിയിട്ടില്ലാത്ത ഒരാള്‍ ..'  

'തെറ്റല്ലേ ഉമ്മാ ,വിവാഹിതയായ ഒരു പെണ്ണ് മറ്റൊരാളെ മനസ്സില്‍ കൊണ്ടുനടക്കുന്നത്?' പകച്ച കണ്ണുകളോടെ ഉമ്മ അന്നു ചോദിച്ചു ,'എന്താണ് തെറ്റ്? എന്താണ് ശരി?' വെറുതെയല്ല ഉപ്പ അങ്ങനെയൊക്കെയായത്..ഇത്തരം പെണ്ണുങ്ങളെ കൈകാര്യം ചെയ്യുക എളുപ്പമല്ല .പഠിക്കുന്ന കാലത്ത് താനും കുറച്ചൊക്കെ വായിച്ചിരുന്നു, മൂപ്പര്‍ക്ക് അതൊന്നും ഇഷ്ടല്ലാത്തതോണ്ട് കല്യാണത്തോടെ നിര്‍ത്തി. ഇപ്പോ പുസ്തകം കണ്ടാല്‍ ഉറക്കം വരും ..

ആങ്ങളയ്ക്ക് ജോലിയായതില്‍ പിന്നെയാണ് വീട്ടിലേക്ക് പച്ചത്തണല്‍ ചാഞ്ഞു തുടങ്ങിയത്.'ഉപ്പാനെ ഹജ്ജ് ചെയ്യിക്കാന്‍ ഏതായാലും പറ്റിയില്ല .ഉമ്മാനെ കൊണ്ടുപോണം.' ഗള്‍ഫില്‍ നിന്ന് ആങ്ങള വിളിച്ചു പറഞ്ഞു..കാര്യം ഞാനവതരിപ്പിച്ചപ്പഴേ ഉമ്മ അനാദികാലം മുതലുള്ള ഒരു പുഞ്ചിരി മുഖത്തൊട്ടിച്ച് പതുക്കെ ചോദിച്ചു , 'നാലും അഞ്ചും ലക്ഷം കൊടുത്ത് ഞാനെന്തിനാ പടച്ചോനെ കാണാന്‍ അങ്ങോട്ട് പോണ്? ഓന്‍ ന്റെ ഖല്‍ബില്‍ തന്നെണ്ടല്ലോ..ആ പൈസോണ്ട് യത്തീംമക്കള്‍ക്ക് തിന്നാനും ഉടുക്കാനും വാങ്ങിക്കൊടുക്കാന്‍ പറ ഓനോട്.'ഉമ്മ ഏതോ പ്രണയഗാനം ഈണത്തില്‍ മൂളാന്‍ തുടങ്ങി ..

'നൊസ്സാ അന്റെ തള്ളയ്ക്ക്, 'ജാബിറിക്ക പുച്ഛത്തോടെ ചിരിച്ചു. 'എന്താ ഖാലിദിന് ഉമ്മാനെ ഗള്‍ഫിലേക്ക് കൊണ്ടു പോയാല്‍? കൊറെ കാലായല്ലോ ഇവിടെ അടിഞ്ഞിട്ട്..നാട്ടിലാകെ പാട്ടായിട്ടുണ്ട് തള്ളേന്റെ രോഗം..അടക്കോം ഒതുക്കോം ഇല്ല കുഴീല്‍ക്ക് കാല് നീട്ടീട്ടും..'

അവസാനവരി പറഞ്ഞപ്പോള്‍ അയാളുടെ ചുണ്ടില്‍ നിന്ന് അശ്ലീലമായ ഒരാംഗ്യം പുറത്തേക്ക് തെറിച്ചു.അയാളെന്താണ് ഉമ്മാനെപ്പറ്റി കരുതിയിട്ടുണ്ടാവുക? കാമാപ്പിരാന്ത് തീരാത്ത ഒരുത്തിയെന്നോ? നിഷ്‌കളങ്കമായ സ്‌നേഹത്തെക്കുറിച്ചല്ലേ ഉമ്മ പറഞ്ഞോണ്ടിരിക്കുന്നത്? എന്തെന്നില്ലാത്ത പിരിമുറുക്കം തോന്നി എനിക്ക്. ഉമ്മാനെ ഒറ്റയ്‌ക്കൊരു റൂമിലാക്കിയാലോ? ഒരു സൈക്കോളജിസ്റ്റിനെ കാണിച്ചാലോ? എഴുപതാം വയസ്സില്‍ ഒരു സ്ത്രീ പ്രണയത്തെക്കുറിച്ച് പറയുന്നത് അത്ര വലിയ കാര്യമാണോ? ഓ അല്ലെങ്കില്‍ എന്താണ് പ്രണയം? പാടിപ്പുകഴ്ത്താന്‍ മാത്രം ആണ്‍പെണ്‍ബന്ധങ്ങളില്‍ എന്തെങ്കിലും ഉണ്ടോ? ആകെ തല പെരുക്കുന്നു .വെറും പ്രീഡിഗ്രിക്കാരിയായ താന്‍ ഈ നഗരത്തില്‍ ഇനി എവിടെ ഒരു സൈക്കോളജിസ്റ്റിനെ തേടിപ്പിടിക്കാനാണ്?അതറിഞ്ഞാല്‍ തന്നെ ജാബിറിക്ക ദേഷ്യം പിടിക്കില്ലേ? മുമ്പ് മൂപ്പര്‍ കലി കേറി മുഖത്ത് ആഞ്ഞടിച്ചതിന്‍റെ  ഓര്‍മ വേദനയായി കവിളില്‍ ഇപ്പഴും കല്ലിച്ചു കിടക്കുന്നു..

ഉമ്മയും ഉപ്പയും ഒരു ചേര്‍ച്ചയുമുണ്ടായിരുന്നില്ല. പാറ പോലെ കഠിനനായിരുന്നു ഉപ്പ. പറഞ്ഞത് അപ്പപ്പോള്‍ നടന്നില്ലെങ്കില്‍ അടിയും ഇടിയും തൊഴിയും..നിവൃത്തി കെടുമ്പോള്‍ നാവുവാള് കൊണ്ടാണ് ഉമ്മ പകരം വീട്ടുക. ബാല്യത്തിന്‍റെ  മുറ്റത്തെപ്പോഴും വഴക്കുകളുടെ പേടിപ്പിക്കുന്ന മുഴക്കമുണ്ട്..തീര്‍ത്താല്‍ തീരാത്ത പണികള്‍ക്കിടയിലും ഉമ്മ ഓരോന്ന് കുത്തിക്കുറിക്കുന്നത് കാണാം..ഒരിക്കലും ആരും അറിയാതിരുന്ന എഴുത്തുകാരി..മൂന്നാലു പുസ്തകങ്ങള്‍ ഇറക്കാന്‍ മാത്രം കടലാസ്‌കെട്ടുകള്‍ ഉമ്മയുടെ പെട്ടിയില്‍ വിശ്രമിക്കുന്നു..കയ്യില്‍ പൈസ കിട്ടുമ്പോഴൊക്കെ കവിതാബുക്കുകള്‍ വാങ്ങിപ്പിക്കുന്നു..തിമിരം മൂടാത്ത കണ്ണുകളാല്‍ ഇപ്പഴും വായിക്കുന്നു, ശോകസ്വരത്തില്‍ പ്രേമഗീതങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുന്നു..
അപ്പുറത്തെ ആയിശാത്തയുടെ കണ്ണോപ്പറേഷനെപ്പറ്റി പറഞ്ഞപ്പോള്‍ ഉമ്മ നെടുവീര്‍പ്പോടെ പിറുപിറുത്തു  'ആത്മാവിനെ തിമിരം മൂടുമ്പളാ അത് കണ്ണിലേക്കും വരാ, ന്‍റെ  റൂഹിനു ഞാന്‍ മരിക്കോളം തിമിരം വരുത്തല്ലേ പടച്ചോനെ, ഇന്ക്ക് ബോധത്തോടെ മരിക്കണം, ന്‍റെ  ചുറ്റുപാടും നല്ലോണം കണ്ട്..'

മക്കള്‍ വളര്‍ന്നു തുടങ്ങി. ഉമ്മാന്‍റെ  ജല്പനങ്ങള്‍ അവരെ വഴികെടിലേക്കേ വിടൂ..പ്രണയത്തിന്‍റെ  മുമ്പില്‍ ജാതിയോ മതമോ വര്‍ണമോ ഒന്നുമില്ലെന്നാണ് ഉമ്മാന്‍റെ  ആപ്തവാക്യം..അത് മക്കളോട് ഇടയ്ക്കിടെ ഉരുവിട്ടുകൊണ്ടിരിക്കും. എത്ര ചൂടായിട്ടും കാര്യമില്ല. മക്കള്‍ വഴി തെറ്റാന്‍ നെറ്റും മൊബൈലും മാത്രല്ല ഇങ്ങനെ ചില വല്യുമ്മമാരും കാരണാവൂന്ന് ആര്‍ക്കാ മനസ്സിലാവാ?

'ഒരിക്കല്‍ പോലും ന്‍റെ  ആത്മാവിന് പരിശുദ്ധപ്രണയത്തിന്‍റെ   സംസം തന്നില്ലല്ലോ പടച്ചോനേ..'മുകളിലേക്ക് നോക്കി ഉമ്മ പതം പറയും..'പരലോക ചിന്തകള്‍' എന്ന പേടിപ്പിക്കുന്ന പുസ്തകം ഞാന്‍ ഉമ്മാന്‍റെ  കയ്യില്‍ പിടിപ്പിച്ചു..അത് വായിച്ചെങ്കിലും ഉമ്മാക്ക് ഖബര്‍ശിക്ഷയെപ്പറ്റിയും ഖിയാമത്ത്‌നാളിനെപ്പറ്റിയും അന്ത്യവിചാരണയെപ്പറ്റിയും ഒരു ബോധമുണ്ടാകട്ടെ..ഉമ്മയ്ക്ക് ഒന്നും അറിയാഞ്ഞല്ല ..നശിച്ച പ്രണയകവിതകളില്‍ ഉമ്മ മുങ്ങിപ്പോയിരിക്കുന്നു..ഈമാന്‍ കിട്ടാതെ മരിച്ചാല്‍ നിത്യനരകത്തില്‍ വെന്തു കിടക്കേണ്ടി വരില്ലേ?

 'ഇനി ഉമ്മ ഇതു വായിച്ചാ മതി ..'എന്‍റെ  മുഖത്ത് കനത്തു കിടന്ന വാശിയിലേക്ക് സാകൂതം നോക്കിക്കൊണ്ട് ഉമ്മ പതുക്കെ പറഞ്ഞു  'ജാബിര്‍ ഇന്നലെ വയസ്സായോരുടെ വീടിനെപ്പറ്റി പറഞ്ഞില്ലേ? ന്നെ അവടെ കൊണ്ടാക്കിക്കോ..അവടെ നമ്മളെ ഇഷ്ടത്തിനു വായിക്കേം എഴുതേം ടി വി കാണേം ഒക്കെ ചെയ്യാന്ന് അപ്പര്‍ത്തെ മാഗി പറഞ്ഞു . ഓള്‍ടെ അമ്മായിയമ്മ അവിടെയാ..ഓള്‍ക്ക് മാത്രാ ഇന്നോട് ഇഷ്ടം , ന്‍റെ  കവിതകള്‍ എത്ര കേട്ടാലും ഓക്ക് മതിയാവൂല ..പൈസല്ലെങ്കി ദാ ന്‍റെ  മാലീം വളേം..'

ഉമ്മയോട് പിണങ്ങി മുറ്റത്തേക്ക് ഇറങ്ങി നില്‍ക്കുന്ന എന്‍റെ  ബാല്യരൂപം  മനസ്സിലേക്ക് വേദനയോടെ കുതിച്ചെത്തി..'ഉമ്മാ ,ന്നോട് ക്ഷമിക്കുമ്മാ, ' ഞാനാ ചുളിയാന്‍ തുടങ്ങിയ കൈകളെ സ്പര്‍ശിച്ചു..കുറുമ്പോടെ കൈ വലിച്ചെടുത്ത് ഉമ്മ പിന്നെയും പറഞ്ഞു 'ന്നെ അവടെ കൊണ്ടാക്കിക്കോ ,ഓര്‍മ എത്ത്യ കാലം മുതല്‍ ഞാന്‍ ന്‍റെ  ഇഷ്ടത്തിനു ജീവിച്ചിട്ടില്ല , ചെര്‍പ്പത്തില് വാപ്പാന്റേം ആങ്ങളാര്‌ടേം മതിലാര്ന്ന്. കല്യാണം കഴിഞ്ഞപ്പോ ഒരു സിംഹത്തിന്റെ നഖങ്ങള്‍ക്ക് ചുവട്ടിലായി  ചോര വാര്‍ന്ന് ന്‍റെ  ജീവിതം.. വയസ്സായപ്പം മക്കളെ ചങ്ങലയാ ന്നെ കെട്ടാന്‍ വരണ്. ഈ അവസാനകാലം നാലീസെങ്കി നാലീസം നിക്ക് ഞാനായിട്ട് ജീവിക്കണം..'

ഉമ്മയെ നോക്കി നില്‍ക്കവേ നിസ്സഹായത എന്റെ ഉള്ളില്‍ അലച്ചാര്‍ത്തു..ജീവിക്കുന്നുണ്ടോ ഞാനും ഞാനായിട്ട്? ഒരു വാള്‍ചോദ്യം എവിടുന്നോ പാഞ്ഞു കയറി എന്നെ കീറിമുറിച്ചു..പേപ്പറുകളെല്ലാം പെട്ടിയിലേക്ക് അടുക്കി വെക്കുന്ന ഉമ്മയെ ഞാന്‍ സ്തബ്ധയായി നോക്കി നിന്നു................................................ 


2015, നവംബർ 6, വെള്ളിയാഴ്‌ച

ഒരു വെര്‍ച്വല്‍ പ്രണയം {കഥ }



അമൃതയെ കാണാന്‍ ഡോക്ടര്‍ സുഹൃത്തിനൊപ്പം പുറപ്പെട്ടപ്പോള്‍ രണ്ടുണ്ടായിരുന്നു ഉദ്ദേശ്യം , വാരികയിലേക്ക് നല്ലൊരു സ്റ്റോറി കളക്റ്റ് ചെയ്യുക , വെറുതെ അവളെയൊന്നു കാണുക ..ബൈജു ഡോക്ടര്‍ അവരുടെ കുടുംബസുഹൃത്തായതു കൊണ്ടു മാത്രമാണ് അങ്ങനൊരു അവസരം ഒത്തു വന്നത് ..പക്ഷെ ചെന്നു കണ്ടപ്പോള്‍ വേണ്ടിയിരുന്നില്ലെന്ന് പല വട്ടം തോന്നി .അവള്‍ സാറിനെപ്പോലും തിരിച്ചറിയാതെ  തുറിച്ചു നോക്കികൊണ്ടിരുന്നു ..ചെറിയ കുട്ടികളുടെ ചേഷ്ടകള്‍ ..ഒരു മുതിര്‍ന്ന പെണ്ണാണെന്ന ബോധം ആ കുട്ടിക്ക് നഷ്ടപ്പെട്ടതുപോലെ ..

'കുറെയായി അഡ്മിറ്റ് ആയിരുന്നു .ഇന്നലെയാണ് വീട്ടിലേക്ക് കൊണ്ടുവന്നത് .അവള്‍ ശുദ്ധവായു ശ്വസിച്ച് നല്ല ഭക്ഷണം കഴിക്കട്ടെ .എല്ലാം ശരിയാകുമായിരിക്കാം ..'ഡോക്ടറുടെ വാക്കുകളില്‍ പോലും ഒരു ഉറപ്പില്ലായ്മ നിലവിളിച്ചു .എങ്ങനെ ജീവിച്ച കുട്ടിയായിരുന്നു ..

ഏറണാകുളത്ത് ഐ ടി പ്രൊഫെഷണല്‍ ആയിരുന്നു അവള്‍ .മര്യാദക്കൊന്നു ഷോപ്പിങ്ങിനു പോകാന്‍ പോലും സമയമില്ലാത്ത തിരക്ക് ..ജോലി എടുക്കുന്ന മണിക്കൂറുകള്‍ക്കാണു ശമ്പളം ..

'ആ കുട്ടി പണക്കാരിയല്ലേ ,എന്തിനിങ്ങനെ മരിച്ചു പണിയെടുക്കണം?'

'ടാര്‍ജറ്റ് തികക്കുന്നവര്‍ക്കേ പ്രൊമോഷനും ജോലിസ്ഥിരതയുമുള്ളൂ .കൊമ്പറ്റീഷനാണ് പിടിച്ചു നില്‍ക്കല്‍.. .

ഫെയിസ് ബുക്കിലൂടെയാണ് അവള്‍ വരുണിനെ പരിചയപ്പെട്ടത് .അമ്മക്കോ അച്ഛനോ ആര്‍ക്കുമറിയില്ലായിരുന്നു ഒന്നും .ചാറ്റിംഗ് ,നിരന്തരവിളികള്‍ , ഓരോ നിമിഷവും അവര്‍ സംസാരിച്ചു കൊണ്ടേയിരുന്നു .വീട്ടില്‍ വന്ന് അമൃതയെ ആലോചിക്കാമെന്ന് അവന്‍ ഏറ്റതായിരുന്നു..'

ഡോക്ടര്‍ ഒന്നു നിര്‍ത്തി അവളെ നോക്കി .അവള്‍ പേപ്പറുകള്‍ കീറി കളിക്കുകയാണ് .വലിയവര്‍ കുട്ടികളെപ്പോലെ പെരുമാറുന്നത് ഇത്ര അരോചകമാവുന്നത് നമ്മുടെ ശീലങ്ങള്‍ക്ക് എതിരായത് കൊണ്ടാവാം .അവള്‍ സ്വയം സംസാരിക്കുന്നു , ദേഷ്യപ്പെടുന്നു , പൊട്ടിച്ചിരിക്കുന്നു ...

'വയലന്റായിരുന്നോ ' ഞാന്‍ ഒട്ടു മടിയോടെ ചോദിച്ചു .

'ഉം , ആദ്യം അലറി വിളിക്കലും  ഉപദ്രവിക്കലും  ഒക്കെ ഉണ്ടായിരുന്നു .കയ്യും കാലും ബന്ധിച്ചാണ് ക്ലിനിക്കില്‍ എത്തിച്ചത് .മനസ്സിലുള്ളത് മുഴുവന്‍ ഞാന്‍ ചോര്‍ത്തിയതോടെയാണ് ഒന്നടങ്ങിയത് ..'

'എന്നിട്ട്,   ആ ചെറുക്കന്‍ അമൃതയെ കല്യാണം ആലോചിച്ചോ ?'

'ഇല്ല , അതിനു മുമ്പേ അവന്‍ ആക്‌സിഡന്റില്‍ അവസാനിച്ചു ..ഒരാഴ്ച കഴിഞ്ഞാണ് അമൃത അറിയുന്നത് തന്നെ .അത് തന്നെ അവളുടെ കൂട്ടുകാരി ആ പേപ്പര്‍ എവിടുന്നോ തപ്പിപ്പിടിച്ചു കൊണ്ടു വന്നപ്പോള്‍ ..ഇപ്പഴത്തെ പിള്ളാരല്ലേ , എവിടെ   വായിക്കുന്നു  പേപ്പര്‍ . ചരമ പേജ് അവര്‍ കാണുക പോലുമില്ല ..ആ വാര്‍ത്തയാണവളെ  അധികം ഉലച്ചത് .ഒരു ഫ്രോഡിനെയാണല്ലോ താനിത്ര നാളും സ്‌നേഹിച്ചതെന്ന ദുഃഖം ..'

'അതെന്താ ?'

'ആ വാര്‍ത്ത ഇതാ , വായിച്ചു നോക്കൂ '

പാലക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് {28 വയസ് } മരിച്ചു .സൈബര്‍ സംബന്ധമായ കുറ്റകൃത്യങ്ങളില്‍ പിടിയിലായിരുന്നു .ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത് .പതിനഞ്ചോളം ഫെയ്ക്ക് ഐഡികളിലൂടെ പല യുവതികളുമായും പ്രണയം നടിച്ച് പണവും സ്വര്‍ണവും അപഹരിക്കുക , പ്രലോഭിപ്പിച്ച് ഹോട്ടലുകളില്‍ കൊണ്ടു പോവുക , അശ്ലീലചിത്രങ്ങളും  വീഡിയോകളും സംഘടിപ്പിച്ച് ബ്ലൂ സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുക തുടങ്ങി നിരവധി കേസുകളാണ് ഇയാളുടെ പേരില്‍ ഉണ്ടായിരുന്നത് ..'

'അതയാള്‍ അല്ലെങ്കിലോ?അതേ ച്ഛായയുള്ള മറ്റാരെങ്കിലും ആയിക്കൂടെ?'

'അങ്ങനെ വിശ്വസിക്കുകയാണ് അവള്‍ ഇപ്പോഴും .ഒരാഴ്ച അവന്റെ മെസ്സേജുകള്‍ കാണാതായതോടെ അവള്‍ വല്ലാതെ ഡിപ്രസ്ഡ് ആയിരുന്നത്രെ .രണ്ടു ദിവസം റൂമില്‍ പനിച്ചു വിറച്ചു കിടപ്പായിരുന്നു ..അതുകൊണ്ട് തന്നെ പേടിച്ചു പേടിച്ചാണ് കൂട്ടുകാരി ആ വാര്‍ത്ത അവളെ കാണിച്ചത് ..അത് വായിച്ചപ്പോള്‍ തന്നെ അവള്‍ അലറിവിളിച്ചു.അല്ല അല്ല ഇതെന്റെ വരുണല്ല..നേര്‍ത്ത് പോയ കരച്ചില്‍ പിന്നെയും അലമുറയായി.   പൊടുന്നനെ  അവള്‍ ചാടിയെഴുന്നേറ്റു , റൂമിലെ സാധനങ്ങള്‍ തകര്‍ത്തെറിഞ്ഞു കൊണ്ട് അവളിലെ ഭ്രാന്ത് അട്ടഹസിച്ചു ..

നിങ്ങള്‍ പറഞ്ഞ സംശയം എനിക്കും ഉണ്ടായിരുന്നു ..അതവളുടെ വരുണ്‍ ആവാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ ഞാന്‍ ആ നമ്പരിലേക്ക് വിളിച്ചു ,ഫോണെടുത്തത് ഒരു മുരടന്‍ , ചോദിക്കുന്നതിനെല്ലാം കടിച്ചു കീറും പോലെയാണ് അയാളുടെ ഉത്തരം .മരിച്ചത് വരുണ്‍ തന്നെയെന്നു ബോധ്യമായി .എന്നിട്ടും ഒരു ഉറപ്പിന് ആ വീടും തേടി ഞാനും അമൃതയുടെ അച്ഛനും യാത്ര തിരിച്ചു ..

വരുണ്‍ പറഞ്ഞ പോലെ അവനൊരു എന്‍ജിനീയര്‍ ആയിരുന്നില്ല , രണ്ടു നില വീടുണ്ടായിരുന്നില്ല , മുറ്റത്ത് കാറുകള്‍ നിര്‍ത്തിയിരുന്നില്ല ,നുണകളുടെ ചുടുകട്ടകളാല്‍ പണിത വെറും  സങ്കല്പകൊട്ടാരം മാത്രമായിരുന്നു എല്ലാം .  അതൊരു ലക്ഷം വീടായിരുന്നു , അമ്മ വളരെ ചടച്ചു പോയൊരു സ്ത്രീ , ചെറിയൊരു കുട്ടിയുണ്ട് .വരുണ്‍ അവരുടെ ആദ്യഭര്‍ത്താവിലെ  മകനാണ് .പോലീസാവുമെന്നു കരുതി അവര്‍ ഞങ്ങളെ കണ്ടു പരിഭ്രമിച്ചു ..

'ഒന്നും പറഞ്ഞിട്ട് കാര്യംല്ല സാറേ , എത്ര നന്നാക്കാന്‍ നോക്കി , പോയില്ലേ , ന്റെ കുട്ടി പോയില്ലേ ,ഇനിയും എന്തിനാ സാറേ അവന്റെ പേരില്‍ കേസും കൂട്ടോം?'

ഞങ്ങള്‍ പോലീസല്ലെന്നു ബോധ്യപ്പെടാന്‍ അവര്‍ക്ക് കുറെ സമയം വേണ്ടി വന്നു. അന്ന് ഫോണ്‍ എടുത്തത് അവരുടെ രണ്ടാം ഭര്‍ത്താവായിരുന്നു ..അയാള്‍ വരുന്നുണ്ടോയെന്ന് ഭയത്തോടെ നോക്കിക്കൊണ്ട് അവര്‍  പതുക്കെ പറഞ്ഞു  .'അയാളുടെ തല്ലും കൊണ്ട് ഞാനിവിടെ കഷ്ടപ്പെട്ട് കഴിയിണത്  അവനൊരു കര പറ്റട്ടെന്നു കരുതിയാ ..അവനു ജോലിയായാ അവന്‍ മത്യാര്ന്നല്ലോ എനിക്ക് .വിധില്ല സാറേ , ന്റെ കുട്ടിക്ക് നന്നാവാനും ജീവിക്കാനും വിധില്ല ..'അവര്‍ തേങ്ങിക്കരഞ്ഞു ..

'അയാള് എത്രയാ പാവത്തിനെ തല്ലീര്‍ന്നത് ..ചെര്‍പ്പത്തിലെ ഓന്റൊരു വാശ്യേര്‍ന്ന് പൈസക്കാരനാവണന്ന്..വല്യ വീട് വെക്കണംന്ന്..ഞാന്‍ പണിക്കു പോയാ ഓനെ കമ്പ്യൂട്ടര്‍ പഠിപ്പിച്ചത് , വേഗം ജോലി കിട്ടാന്‍ , ഇവിടെ അടുത്തൊരു കഫേല് ഓന് പണീംണ്ടാര്‍ന്ന് ..പിന്നെന്തിനാ ന്റെ കുട്ടി ഈ കേസിലോക്കെ പോയി ചാടിയത് ...'

മനുഷ്യരുടെ കൂമ്പാരം കൂടിയ പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ ഏതു മനോരോഗവിദഗ്ധനും നിസ്സഹായനാണ് ..തിരിച്ചു വരുമ്പോള്‍ ആ അമ്മയുടെ നിലയ്ക്കാത്ത തേങ്ങല്‍ എന്റെ ഉള്ളില്‍ വിങ്ങിക്കൊണ്ടിരുന്നു ..'

'സാര്‍ കുറച്ചു എഴുതുന്ന കൂട്ടത്തിലായതോണ്ടാ , സാധാരണ ഡോക്ടര്‍മാര്‍ പൊതുവെ ശിലാഹൃദയമാ ,ഒരു വിധകണ്ണീരൊന്നും അവരെ ഉലയ്ക്കുകയില്ല..ഈ സ്റ്റോറി കൊടുക്കണോ? അവളെ കാണുമ്പോള്‍ എന്റെ മകളെപ്പോലെ തോന്നുന്നു ..'

'കൊടുക്കണം .അവളുടെ ഐഡന്‍ടിറ്റി വെളിപ്പെടുത്തേണ്ട .ചാറ്റ് ചെയ്യുന്ന ഐഡികളില്‍ റിയല്‍ ഏത് ഫെയ്ക്ക് ഏത് എന്ന് തിരിച്ചറിവുണ്ടാകട്ടെ പെണ്‍കുട്ടികള്‍ക്ക് ..'

'ശരി സാര്‍ ,ഞാനിറങ്ങട്ടെ, അമൃത സ്മാര്‍ട്ട് ആയി അടുത്തുതന്നെ ജോലിക്ക് പോവും , എനിക്കുറപ്പാ ..'

'അതെ, അങ്ങനെ സംഭവിക്കാനാണ് ഞാനും പ്രാര്‍ഥിക്കുന്നത് ..അരവിന്ദും ഞാനും ക്ലാസ്സ്‌മേററ്റ്‌സ് ആയിരുന്നു .അവന്റെ മോള്‍ എന്റെയും മോളാ ..'
ഡോക്ടറുടെ നിറഞ്ഞ കണ്ണുകള്‍ എന്റെ മനസ്സിനെ കോറിവരച്ചു .കാറില്‍ കയറുമ്പോള്‍ എപ്പോഴും മൊബൈല്‍ സ്‌ക്രീനിലേക്ക് കണ്ണും നട്ടിരിക്കുന്ന എന്റെ മകളുടെ ചിത്രം വല്ലാത്തൊരു ആധിയോടെ ഞാന്‍ ഓര്‍മിച്ചു ...

2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

തുടര്‍ക്കഥകള്‍ {കഥ }



"ഇരുള്‍കട്ടകള്‍  ഉതിരുന്നത് ആരും അറിയുന്നില്ല .ഇത്ര വലിയ കരിക്കട്ടകള്‍ കാഴ്ചയെ മറച്ചുകൊണ്ട് മുന്നില്‍ കുമിഞ്ഞിട്ടും ആര്‍ക്കും ഒരസ്വസ്ഥതയുമില്ല .എല്ലാവരും അര്‍മാദിക്കുന്നു , തിന്നുന്നു ,കുടിക്കുന്നു , സുഖിക്കുന്നു ..അപരര്‍ ചതുപ്പുകളില്‍ വീണു മുങ്ങുന്നത് കാണുന്നുണ്ടെങ്കിലും , എല്ലാവര്‍ക്കും അറിയാം കണ്ണടക്കലാണ് കൂടുതല്‍ സുഖകരം , മിഴികള്‍ കൂമ്പി ഇരിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം ..തെരുവുകളില്‍ കുഞ്ഞുങ്ങള്‍ ജീവനോടെ കത്തുന്നു , സ്ത്രീകള്‍ മാനം നഷ്ടപ്പെട്ട് അലറിക്കരയുന്നു ......."
അയാള്‍ ഡയറിയില്‍ എഴുതിക്കൊണ്ടിരുന്നു , തൊട്ടപ്പുറത്ത് ഒരു വയസ്സനെ കുറെ പേര്‍ തല്ലിക്കൊന്നെന്ന്‍ കേട്ട മുതല്‍ ഭയം അയാളെ ഞെരിക്കുകയാണ് ,കുറെ ഭീകരരൂപികള്‍ തന്‍റെ കതകിലും മുട്ടും , ഒരു കൂറയെയെന്നോണം തന്നെയും തല്ലിക്കൊല്ലും ,എന്തിനാണ് കാരണങ്ങള്‍? തലവേദന അയാളുടെ ചെന്നിയിലേക്ക് ആണികള്‍ അടിച്ചു കയറ്റി ..അല്ലെങ്കിലേ നാട്ടിലിപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് ..തെരുവുകളില്‍ ഇറങ്ങി നടക്കാന്‍ പോലും വയ്യ , ഏതു നേരവും ഒരു നായയെപ്പോലെ കൊല്ലപ്പെടാം , ഏതു നിമിഷവും വീട് കൊള്ളയടിക്കപ്പെടാം, ഒരു ഭീകരനായി ആരും എപ്പോഴും അറസ്റ്റ് ചെയ്യപ്പെടാം ..എലാവരും ഭയത്തിന്‍റെ പല നിറത്തിലും തരത്തിലുമുള്ള വസ്ത്രങ്ങളാണ് അണിയുന്നത് , പേടിയുടെ കട്ടിയുള്ള കമ്പിളിക്കുള്ളിലാണ് ഓരോരുത്തരും പതുങ്ങിയിരിക്കുന്നത് ..
 

"ചിന്തകളുടെ നദികള്‍ ഇങ്ങനെ വൃത്തികെട്ട പല വെയിസ്റ്റുകളാല്‍ മലീമാസമാകുന്നത് ആരും കാണുന്നില്ലേ?മറ്റുള്ളവരെയെല്ലാം ശത്രുവായിക്കാണുന്ന ഈ മനുഷ്യര്‍ ഒരു മിത്രത്തെ ആരിലാണ് ദര്‍ശിക്കുക? ആളുകളെ നിഷ്കളങ്കം വിശ്വസിക്കുക എന്നത് ഒരു കെട്ടുകഥ മാത്രമായിത്തീരുമോ? ദൈവമേ! ഇതൊന്നും ആരിലും ഒരു നടുക്കവും ഉണ്ടാക്കാത്തതെന്ത്?"-
അയാളുടെ പേന മൂര്‍ച്ചയുള്ള ഒരു കത്തി പോലെ പേപ്പറില്‍ തലങ്ങും വിലങ്ങും കുത്തിക്കീറി .ചെറുപ്പത്തില്‍ അമര്‍ഷങ്ങളൊതുക്കാന്‍ കാടു പിടിച്ച കുറ്റിച്ചെടികള്‍ തുരുതുരാ  കഷ്ണിച്ചിരുന്നത് ഓര്‍ക്കുന്നു ..ഇപ്പോള്‍ തന്‍റെ രോഷങ്ങളും സങ്കടങ്ങളും എവിടെ ആരുടെ മുന്നിലാണ് നുറുക്കിയിടുക? എല്ലാവരും കണ്ണു കെട്ടിയിരിക്കുമ്പോള്‍ താന്‍ മാത്രം ജാഗ്രതയോടെ ഇരിക്കുന്നത് കൊണ്ട് എന്താണ് വിശേഷം?"
 

അങ്ങേയറ്റം വ്യസനത്തോടെ അയാള്‍ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അയാളുടെ പിന്നിലെ ഇരുളില്‍ നിന്ന് കറുത്ത കയ്യുറയുള്ള  ഒരു കൈ അയാളുടെ കണ്ണുകളെ അന്ധമാക്കിയത്..നിമിഷങ്ങള്‍ കൊണ്ടാണ് അയാളുടെ പ്രാണന്‍ വായുവിലൂടെ ഒരു പക്ഷിയായി ചിറകടിച്ചു തുടങ്ങിയത് ..കിടിലം കൊള്ളിക്കുന്ന അട്ടഹാസങ്ങളോടെ കൊലയാളി തന്‍റെ കൂട്ടാളികള്‍ക്ക് ഒപ്പം ചേരാനായി ഇരുളിലൂടെ അനായാസം ഓടി ,അയാളുടെ ചങ്ങാതിമാരാകട്ടെ, അപ്പോള്‍ അവര്‍ക്കെതിരെ സംസാരിച്ച ഒരുത്തന്‍റെ നാവ് പിഴുതെടുക്കുകയായിരുന്നു ..
 

അവര്‍ അലറി -"ഞങ്ങള്‍ അനുവദിക്കുന്നത് മാത്രം നിങ്ങള്‍ കാണുക ,കേള്‍ക്കുക ,മണക്കുക ,സംസാരിക്കുക ..എങ്കില്‍ വലിയ കുഴപ്പമില്ലാതെ ഞങ്ങളുടെ നാട്ടില്‍ നിങ്ങള്‍ക്ക് ജീവിക്കാം .അതല്ല എതിര്‍ക്കാനാണ് പുറപ്പാടെങ്കില്‍ ഓര്‍ത്തോ പിന്നെ സ്വന്തം  ഇണയെപ്പോലും ഈ ജന്മം നിങ്ങള്‍ കാണുകയില്ല ..വിവേകമുള്ളവര്‍ക്കാണ്  ഈ ഇടുങ്ങിയ വഴി ..ഈ വിശാലസ്ഥലികള്‍ വിഡ്ഢികളെ മാത്രമേ വ്യാമോഹിപ്പിക്കുകയുള്ളൂ ...."
പിറ്റേന്ന് നേരം വെളുത്തിട്ടും എല്ലായിടത്തും ഇരുളിന്‍റെ കഷ്ണങ്ങള്‍ വീണു കിടന്നു .സൂര്യനെ മറച്ച് മേഘങ്ങളുടെ കരിങ്കല്‍ഭിത്തികള്‍ ധാര്‍ഷ്ട്യത്തോടെ ചുണ്ട് കൂര്‍പ്പിച്ചു .
 

"എല്ലാ ഇരുളിനപ്പുറവും വെളിച്ചമുണ്ട് ,ഏതു സ്വേച്ഛാധിപതിയാണ് ചരിത്രത്തില്‍ അനശ്വരനായിട്ടുള്ളത്? ഏതെങ്കിലും ക്രൂരഭരണാധികാരി എന്നെങ്കിലും സ്നേഹത്തോടെ ഓര്‍മിക്കപ്പെട്ടിട്ടുണ്ടോ? "-അവര്‍ അരിഞ്ഞു കളയാന്‍ വിട്ടു പോയ ഒരെഴുത്തുകാരന്‍ കടയുന്ന നെഞ്ച് തിരുമ്മി  കീ ബോര്‍ഡില്‍ കുത്തിക്കൊണ്ടിരുന്നു ,സോഷ്യല്‍ മീഡിയയില്‍ വാര്‍ന്നു വീണ അയാളുടെ പോസ്റ്റുകള്‍ക്ക് കിട്ടിയ കൂമ്പാരക്കണക്കിന് ലൈക്കുകളും കമന്‍റുകളും ഈര്‍ഷ്യയോടെ പരിശോധിച്ചു കൊണ്ട് മറ്റൊരു മൂര്‍ച്ചയുള്ള വെടിയുണ്ട അയാളുടെ മെലിഞ്ഞ നെഞ്ചിന്‍ കൂട്ടിലേക്ക് നിര്‍വാണം പ്രാപിക്കാനായി കാത്തുകാത്തിരുന്നു .............................

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

യാനം {കഥ }

ഒടുക്കം കട്ടിലിലേറി നമ്മള്‍ യാത്രയാകുന്നു .
.മറ്റേതോ തുറന്ന വാതില്‍ തേടി നമ്മുടെ ആത്മാക്കള്‍
മറ്റൊരു  യാനം ആരംഭിക്കുന്നു ......................................................


 അസുഖത്തിന്റെ കത്രികപ്പൂട്ടില്‍ കിടക്കുമ്പോഴെല്ലാം അയാള്‍ ഒരു കാര്യവുമില്ലാതെ തന്റെ ആദ്യഭാര്യയെ ഓര്‍മിച്ചുകൊണ്ടിരുന്നു. ആരോഗ്യമില്ലാതിരുന്ന , അക്ഷരം രോഗമായിരുന്ന ഒരുത്തി .വസന്തകാലത്തെല്ലാം അങ്ങനെ പുച്ഛത്തോടെയാണ് അയാള്‍ അവളെ ഓര്‍മിച്ചിരുന്നത്..രണ്ടാമത് തനിക്ക് എല്ലാ നിലയ്ക്കും യോജിച്ച ഒരുത്തിയെ കിട്ടിയപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നു അയാള്‍ . ജീവിതം ഒരു പൊങ്ങുതടി പോലെ നീങ്ങിപ്പോകയായിരുന്നു ., ആഹ്ലാദങ്ങളുടെ കുഞ്ഞോളങ്ങളിലൂടെ, തണുതണുത്ത ജലത്തിലൂടെ ..എന്നിട്ടും അശക്തി അയാളെ കടിച്ചു പറിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാ സമയവും പരിചരിച്ചുകൊണ്ട് ഭാര്യ അടുത്തുണ്ടായിട്ടും അയാളുടെ ഹൃദയത്തിലേക്ക് യാതൊരു കാര്യവുമില്ലാതെ മിടുക്ക് കെട്ട ആ സ്ത്രീ പേര്‍ത്തും പേര്‍ത്തും കടന്നു വന്നു , വിളറിയ കണ്ണുകളാല്‍ അയാളെ ഉഴിഞ്ഞു .അവള്‍ നിശ്ശബ്ദം ചോദിച്ചുകൊണ്ടിരുന്നു

'നിലയ്ക്കാത്ത അപമാനത്തിലേക്ക് എന്തിനെന്നെ വലിച്ചെറിഞ്ഞു ?അന്ന് കല്യാണത്തിനു പകരം പഠിക്കാന്‍ പോയിരുന്നെങ്കില്‍ അതെങ്കിലും കിട്ടുമായിരുന്നു..ഇങ്ങനെ കുപ്പയിലേക്ക് വലിച്ചെറിയാനായിരുന്നെങ്കില്‍ എന്തിനായിരുന്നു മംഗല്യവാളിനാല്‍ എന്റെ കഴുത്തില്‍ അത്ര ആഴത്തിലൊരു മുറിവ് തീര്‍ത്തത് ..എന്നും ഏകാന്തതയുടെ മുള്‍മടിയില്‍ കിടന്നവള്‍ക്ക് ഒരു സ്‌നേഹത്തണല്‍ ആകുമെന്നല്ലേ കരുതിയത് .എന്നിട്ട് ,ഇങ്ങനെ നിര്‍ദയം ചവച്ചെറിയാനായിരുന്നോ? '

 അവളുടെ മൌനത്തില്‍ ഊതിക്കാച്ചിയ ചോദ്യങ്ങളാല്‍ അയാളുടെ കവിളുകള്‍ പൊള്ളി , വ്രണങ്ങള്‍ നിറഞ്ഞ വായ ചുട്ടുനീറി... ശരിയല്ലേ ? ഒന്നുമറിയാതിരുന്ന ഒരു പാവം പെണ്‍കുട്ടി , തന്റെ വീടിന്റെ ജയില്‍ നിയമങ്ങളാല്‍ പകച്ച് ,ഭയന്ന്   എന്തു ചെയ്യേണ്ടൂ എന്നറിയാതെ തന്നോട് ,പഠിക്കാന്‍ വിടണമെന്നു പറഞ്ഞ് കരഞ്ഞു നിലവിളിച്ചത് ...എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു ..മതത്തിന്റെ ഇരുമ്പുകല്ലുകളാല്‍ പണിത വീടിന്, വീട്ടുകാര്‍ക്ക് , അവളെ പുറംവെളിച്ചം കാണിക്കുന്നതിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല..കരിയും പുകയുമുണങ്ങാത്ത അടുപ്പില്‍  കണ്ണീര്‍ തുള്ളികളായി അവള്‍ വറ്റിത്തീരുന്നതായിരുന്നു അവര്‍ക്കതിലേറെ സന്തോഷം ..ആരെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല , ഓരോരുത്തരും അവരവര്‍ വളര്‍ന്നു വരുന്ന സാഹചര്യങ്ങളുടെ മാത്രം സന്തതിയാണ് ..അതിന്റെ ദൌര്‍ബല്യങ്ങള്‍ , ക്രൌര്യങ്ങള്‍ ഒന്നും അവരെ വിട്ടു പോവുകയില്ല .............

എന്നിട്ടും അവള്‍ സ്വയം പിരിഞ്ഞു പോയപ്പോള്‍ വല്ലാത്ത ആശ്വാസമായിരുന്നു . പ്രത്യേകിച്ചും ഇറച്ചിഗുണം മുന്തിയ മറ്റൊരുത്തിയെ രണ്ടാമത് ലഭിച്ചപ്പോള്‍ ..നാലു മക്കളുമൊത്ത് സുഖ സുന്ദരമായി ഇത്ര കാലം ജീവിച്ചതിനിടെ ഒരിക്കല്‍ പോലും അവള്‍ അലട്ടാനെത്തിയിരുന്നില്ല , ഒരു രേഖാചിത്രമായിപ്പോലും താനവളെ ഓര്‍മിച്ചിരുന്നില്ല ..

'സ്വപ്നം കണ്ടു ഞാനിന്നലെ , ' അവള്‍ ചെവിക്കരികെ മന്ത്രിക്കുന്നതായി അയാള്‍ക്ക് തോന്നി .. 'എത്ര  വര്‍ഷങ്ങള്‍ ........ഇരുപത് വര്‍ഷങ്ങളുടെ മലവെള്ളം നിങ്ങളുടെ മുഖം പോലും തട്ടിയെടുത്തു കൊണ്ടു പോയി ..എന്നിട്ടും കിനാവില്‍ നിങ്ങളെന്നോട് സ്‌നേഹത്തോടെ സംസാരിക്കുകയായിരുന്നു , തമാശ പറഞ്ഞു ചിരിക്കുകയായിരുന്നു ..അങ്ങനെ എത്രയെത്ര വിവാഹബന്ധങ്ങള്‍ മുറിഞ്ഞു പോകുന്നു , പരസ്പരം ഇഷ്ടമുണ്ടായിട്ടും പിരിഞ്ഞു പോകുന്നവര്‍, വീട്ടുകാരുടെ അഭീഷ്ടങ്ങള്‍ക്ക് വേണ്ടി , മുറിവുണങ്ങാതെ പടയില്‍ തോറ്റ് തിരിച്ചിറങ്ങുന്നവര്‍ ..ഒരിക്കലും സ്‌നേഹമറിയാത്തവരുടെ വ്യസനം നിങ്ങള്‍ക്കെങ്ങനെ മനസ്സിലാവാന്‍? നിങ്ങള്‍ വലിച്ചെറിഞ്ഞതോടെ രണ്ടാമത്തെ ബലിക്കല്ലിലും ഞാന്‍ തല തകരന്നവളായി..അപമാനം അതിന്റെ കല്‍പാദങ്ങളാല്‍ എന്നെ ചതച്ചരച്ചു ..വിവാഹമോചിതയുടെ നിന്ദ്യമായ വിധി ..സമൂഹത്തിന്റെ പരിഹാസം നിറഞ്ഞ ഇളികള്‍..സ്‌നേഹം മാത്രം ആശിച്ചവളെ വിധി  ഇടിച്ചു തകര്‍ത്തു..ഇപ്പോള്‍ വാര്‍ധക്യത്തിന്റെ ഉമ്മറപ്പടിയില്‍ നില്‍ക്കുമ്പോള്‍ തിരിച്ചറിയുന്നു  സ്‌നേഹം ഒരു അലങ്കാരവാക്ക് മാത്രമാണ് .അതെല്ലാവര്‍ക്കും ലഭിക്കാനുള്ളതല്ല..ഏകാന്തയാത്ര വിധിക്കപ്പെട്ടവര്‍ ആരെയും കുറ്റപ്പെടുത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല '

അയാള്‍ വിങ്ങി നീറുന്ന  വേദനയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു , എവിടെയാണ് വേദനിക്കുന്നത്? ശരീരമാണോ? ആത്മാവാണോ? താനവളോട് ചെയ്തത് അനീതിയായിരുന്നില്ലേ? നല്ലതു മാത്രം ചെയ്യുന്നവന്‍ എന്ന തന്റെ അഹങ്കാരത്തിന്റെ പത്തിയിലല്ലേ അവള്‍ ആഞ്ഞടിച്ചത്? അയാള്‍ വെറുതെ കൈ നീട്ടി ..തൊട്ടടുത്ത് തന്നെ ഒരു നിഴലായി നില്‍പ്പുണ്ടവള്‍ .

'എന്താ വേണ്ടേ? വെള്ളം വേണോ?'

അയാളുടെ ഉഴയ്ക്കല്‍ കണ്ട് ഭാര്യ ബേജാറോടെ ചോദിച്ചു . വേണം എന്നു പറയാന്‍ അയാള്‍ ആശിച്ചു ..സങ്കടത്തിന്റെ ഒരു പെരുങ്കല്ല് തൊണ്ടയെ അടച്ചു , 'ശബ്ദം നഷ്ടപ്പെടും ചിലപ്പോള്‍ ..'ഡോക്ടറുടെ വാക്കുകള്‍  തീനാളമായി ചെവിയില്‍ പതിച്ചത് അയാള്‍ ഓര്‍ത്തു ..ഭാഷ നഷ്ടപ്പെട്ട് , പകച്ച് ,കണ്ണുകള്‍ ഉരുട്ടി  അയാള്‍ എന്തൊക്കെയോ ആംഗ്യങ്ങള്‍ കാണിക്കാന്‍ തുടങ്ങി ..ഭാര്യ അയാളെ ശാന്തനാക്കാന്‍ ശ്രമിച്ചു .നാവില്‍ വെള്ളം പതുക്കെ ഇറ്റിച്ചു ,റേഡിയേഷനാല്‍ കറുത്ത് പോയ  തൊണ്ട നീരസത്തോടെ എല്ലാം നിരസിച്ചു ..അയാള്‍ പിന്നെയും കൈകള്‍ നീട്ടി , അകന്നു പോകുന്ന ആ നിഴല്‍ അയാളെ വ്യഥിതനാക്കി ..

'ഒരു കാര്യത്തില്‍ നമുക്ക് ഒരുമയുണ്ട്..'അവള്‍ വിളറിയ ചിരിയോടെ മന്ത്രിച്ചു 'രണ്ടാളും ഏതാണ്ട് ഒരേ സമയമാണ് അസ്രായീലിനെ കാണുന്നത് എന്നതില്‍ ..നിങ്ങള്‍ നാലു മാസമായി ഇങ്ങനെ കിടക്കുന്നു ..ഞാനോ ഈ രാത്രി ...അര മണിക്കൂറിന്റെ  കഠിനവേദന സഹിച്ചാണ് ആത്മാവ് ശരീരത്തിന്റെ ജയില്‍ ഭിത്തി തുരന്നത്..പണ്ടെന്റെ ഡയറി വായിച്ചു ചോദിക്കാറുണ്ടായിരുന്നില്ലേ എന്തു പ്രാന്താ നീ എഴുതിക്കൂട്ടുന്നതെന്ന് , ആ നേരം കൊണ്ട് നിനക്ക് ഹദീസും ഖുറാനും വായിച്ചൂടെ എന്ന്...'
അയാള്‍ അകന്നു പോകുന്ന ആ നിഴലിലേക്ക് കണ്ണു തുറിച്ച് കിടന്നു ..ഭാര്യ കരയാന്‍ തുടങ്ങി 'അവസാനമായേക്കണ്..സകറാത്തിന്റെ നേരായി ..' ആരൊക്കെയോ മന്ത്രിച്ചു ..

അയാള്‍ കൈകള്‍ താഴ്ത്തി കണ്ണടച്ച് അനങ്ങാതെ കിടന്നു ..നീതികേട് ചെയ്തവന് അത്രയെളുപ്പം ജയില്‍ഭിത്തി ഭേദിക്കാനാവില്ല..കണ്ണുകള്‍ നിറഞ്ഞു വരുന്നത് അയാള്‍ അറിഞ്ഞു ..

പിറ്റേന്ന് ഉറങ്ങാതെ അയാള്‍ക്കരികിലിരിക്കുന്ന ഭാര്യ അയാള്‍ തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു ചോദിച്ചു .. 'എന്തായിരുന്നു ഇന്നലത്തെ പരാക്രമം ..നല്ല വേദനണ്ടാരുന്നോ?' അയാള്‍ ഒന്നും മിണ്ടിയില്ല ..അനുഭവിച്ച ആനന്ദങ്ങളെല്ലാം ഈ നിമിഷങ്ങളുടെ വ്യസനങ്ങളിലേക്ക് ഒളിച്ചുപോയെന്ന്  അയാള്‍ക്ക് തോന്നി ..അയാള്‍ എന്തോ പറയാനായി വിക്കി ..

'മക്കളാണോ? ഇന്നെത്തും ' അയാള്‍ അതാവും ചോദിച്ചതെന്ന ഉറപ്പോടെ ഭാര്യ ഉറക്കെ പറഞ്ഞു ..

ആരെയാണ് ഇപ്പോള്‍ ശരിക്കും കാണാനാശിക്കുന്നത്? ശൂന്യമായ മനസ്സിലേക്ക് അയാള്‍ തുറിച്ചു നോക്കി ..അതിന്റെ ശുഭ്രത അയാളെ വിഷണ്ണനാക്കി ..ഒന്നുമില്ലെന്നോ ?ഇക്കണ്ട കാലമൊക്കെ ജീവിച്ചിട്ട് ഈ അവസാനനിമിഷം ഏറ്റം പ്രിയത്തോടെ കാണാനാഗ്രഹിക്കുന്ന ആരുമില്ലെന്നോ?

അയാള്‍ വീണ്ടും ഭാര്യയെ നോക്കി ..അവള്‍ കണ്ണും മൂക്കുമൊന്നുമില്ലാത്ത കടലാസുമുഖമായതായി അയാള്‍ക്കു തോന്നി ..അയാളുടെ കണ്ണുകള്‍ മേലേക്ക് മറിയാന്‍ തുടങ്ങി ..ചുറ്റും കടലാസുമുഖങ്ങള്‍ നിറയുന്നു ..വെളുത്ത അവസാനിക്കാത്ത മുഖങ്ങള്‍ ..ഒപ്പം നിഷ്‌കളങ്കതയുടെ പൊട്ടത്തരം നിറഞ്ഞ ആ വിളറിയ മുഖവും ...

അയാള്‍ എന്തോ പറയാനാഞ്ഞു ..ഭാഷയടഞ്ഞു പോയ തൊണ്ട ഗ്ലം എന്നൊരു ഭീതിതമായ ശബ്ദം മാത്രം പുറപ്പെടുവിച്ചു ..മടുപ്പിന്റെ മഞ്ഞദ്രാവകം അയാളുടെ ചിറിക്കോണിലൂടെ ഒലിച്ചു ..മങ്ങിയ കണ്ണീര്‍ ചെവിയിലേക്ക് ഒലിച്ചിറങ്ങി ..

ഒരു യാത്രയുടെ വാതായനങ്ങള്‍ അടഞ്ഞു ..മറ്റൊന്ന് എവിടെയോ നിശ്ശബ്ദം  തുറന്നു ..................   


അസ്രായീല്‍ -മരണമാലാഖ
സകറാത്ത് -മരണവേദന

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

കലികാലം {കഥ }


അയാളെക്കണ്ടാല്‍ പണ്ടത്തെ നക്സ്ലൈറ്റ് ആണെന്നൊന്നും തോന്നില്ല ,ദിനേശ് ബീഡി പുകഞ്ഞിരുന്ന അയാളുടെ കറുത്ത ചുണ്ടുകള്‍ക്കിപ്പോള്‍ എന്തൊരു ചുകപ്പാണ്.ശരീരമാകെ മേദസ്സ് കൂടി ,കുടവയറും ഉണ്ട് ആവശ്യത്തിലേറെ ,വെറും കട്ടന്‍ചായയില്‍ ദിവസങ്ങളെ വലിച്ചു കൊണ്ടു പോയിരുന്ന ആ മെലിഞ്ഞ മനുഷ്യനാണ് അയാളെന്ന് ഒരാളും പറയുകയില്ല .രണ്ടു പന്തങ്ങള്‍ അയാളുടെ കണ്ണുകളില്‍ എപ്പോഴും എരിഞ്ഞിരുന്നു.അടിയന്തരാവസ്ഥയും നക്സലിസവുമൊക്കെ വെറും കെട്ടുകഥകളായ ഇക്കാലത്ത് അയാളും അതൊന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല .പേരിന് അയാളും ജയിലില്‍ കിടന്നിട്ടുണ്ട് ,പോലീസിന്‍റെ ഇടിയും തൊഴിയും കൊണ്ടിട്ടുണ്ട് ..ആ കാലത്ത് അയാളുടെ നാവ് വിപ്ലവം വിപ്ലവം എന്നു മാത്രം ഉച്ചരിച്ചു .പിന്നെപ്പിന്നെ വീട്ടുകാരുടെ തീവ്രശ്രമം കൊണ്ട് അവര്‍ തെളിക്കുന്ന വഴിയിലേക്ക് അയാള്‍ തിരിച്ചെത്തി .മുന്തിയ വീട്ടില്‍ നിന്നുതന്നെ കല്യാണം കഴിച്ചു .ആസ്തിയായി കിട്ടിയ ധനം കൊണ്ട് ടൌണില്‍ തന്നെ ബിസിനസ് ആരംഭിച്ചു .ഇന്ന് കൃഷ്ണന്‍ മുതലാളീന്നു പറഞ്ഞാല്‍ അറിയാത്തവരില്ല .
ഈ അടുത്ത കാലത്താണ് ഞങ്ങളുടെ നാട്ടില്‍ ചെഗുവേര ഫാഷനായത് .ചെക്കന്മാരുടെ ടീ ഷര്‍ട്ടിന്‍റെ മുന്നിലും പിന്നിലും ,ടാറ്റൂവായും ചെഗുവേര നിറഞ്ഞു .അതിനെയും അയാള്‍ കഠിനമായി വിമര്‍ശിച്ചിരുന്നു .തടി കൂടുന്നതനുസരിച്ച് അയാളില്‍ വന്ന ഒരു മാറ്റം വിമര്‍ശനം കുറഞ്ഞു എന്നതാണ് .കണ്ണുകള്‍ ഏതു നേരവും ഉറക്കം തൂങ്ങുന്നതായി .പണ്ട് അയാള്‍ എത്ര കുറച്ചാണ് ഉറങ്ങിയിരുന്നത് .ഏതിരുട്ടിലും തിളങ്ങിയിരുന്നു ആ പൂച്ചക്കണ്ണുകള്‍..

ഞങ്ങള്‍ ഹോട്ടലില്‍ നിന്ന്‍ ഭക്ഷണം കഴിച്ചു ഇറങ്ങുകയായിരുന്നു .ടിഷ്യു പേപ്പര്‍ അയാള്‍ക്ക് നേരെ നീട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു -" , നേരെ കഴുകിയിട്ടില്ല .താടിയിലും മീശയിലുമൊക്കെ എച്ചില്‍ ഇരിക്കുന്നു ."
അയാള്‍ കൈ കൊണ്ട് വേണ്ടെന്നു ആംഗ്യം കാണിച്ചു ,പിന്നെ പോക്കറ്റില്‍ നിന്ന്‍ വലിയൊരു ടവല്‍ വലിച്ചെടുത്തു ,എച്ചില്‍ അപ്പാടെ തുടച്ചെടുത്തു .ആ ടവലിലേക്ക് ഞാന്‍ അസഹ്യതയോടെ നോക്കി ,അതിന്‍റെ അകവും പുറവും നിറയെ ചെഗുവേരയാണ് ..എന്നാലും എങ്ങനെ കഴിയുന്നു അയാള്‍ക്ക് ..

"നിങ്ങളല്ലേ ഇതിനെയൊക്കെ വിമര്‍ശിച്ചിരുന്നത്, മുമ്പ് ?"-അരിശത്തോടെ ഞാന്‍ ചോദിച്ചു .അയാള്‍ എന്നെ നോക്കി കണ്ണിറുക്കി .പിന്നെ പതുക്കെ പറഞ്ഞു -"വിട്ടു കളയെടാ ,ഇതിന്‍റെയൊക്കെ എക്സ്പയറി കഴിഞ്ഞു ,ഇനിയുള്ള കാലം ആളുകളെ അതേപോലെ ഇളക്കണമെങ്കില്‍ മറ്റെന്തെങ്കിലും കണ്ടുപിടിക്കണം ..ഒരു പക്ഷെ പോണോ സൈറ്റുകള്‍ക്ക് മാത്രമേ ഇന്നത്ര മാത്രം അനുയായികള്‍ ഉണ്ടാവൂ ,ഹ ഹ ഹ .."
ഒരു പ്രേതമാണ്‌ ചിരിക്കുന്നതെന്ന് തോന്നി കുറെ നേരം ..പിന്നെ ഒന്നും മിണ്ടാതെ ഞാന്‍ പതുക്കെ വീട്ടിലേക്ക് നടന്നു ................

2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

ഉമ്മ{കഥ}


 ജനാസനമസ്കാരം കഴിഞ്ഞു അപ്പാടെ വന്നു കിടന്നതാണ് ഗഫൂര്‍ക്ക, ഇത്രേം പരവശപ്പെട്ടു മൂപ്പരെ കണ്ടിട്ടു തന്നെയില്ല. ഒറ്റ ആണ്‍തരി, താന്‍വരണ വരെ ഉമ്മാന്‍റെ പൊന്നാരക്കുട്ട്യേര്‍ന്നു മൂപ്പര്‍. അതോണ്ടന്നാവും താന്‍വന്ന മുതല്‍ ഉമ്മ  പോരും തുടങ്ങിയത്. പെങ്ങനമാരൊക്കെ കെട്ടിച്ചു പോയതോണ്ട് വരുമ്പള്ള ശല്യം സഹിച്ചാമതി. വളഞ്ഞീമ്മെ ഈച്ച ഒട്ടിയ മായിരിക്കേയ്നി ആങ്ങളീം പെങ്ങന്മാരും. ഒക്കെ ഒന്നു വേര്‍തിരിച്ച്ട്ക്കാന്‍കൊറച്ചൊന്ന്വല്ല നയ്ച്ചത്. ഗള്‍ഫില് ഇണ്ടാക്കണ പൈസ മുയ്മന്‍ ഓല്‍ക്കും മാണ്ടി ചെലവാക്കാന്‍മൂപ്പര്‍ക്ക് ഒരു മടീല്ല.എങ്ങനെ കണ്ണടക്കും, ഇന്ക്കും വളര്‍ന്നു വരണത് ഒരു പെണ്ണല്ലേ?

വീട് മാറാന്‍വേണ്ടി വണ്ടിയിലേക്ക് സാധനങ്ങള്‍എടുത്തു വെക്കുമ്പോള്‍ഉമ്മ കണ്ണില്‍തീയുമായി തുറിച്ചു നോക്കി. മൂപ്പര്‍ കുറെയായി ഉമ്മാനോട് മിണ്ടാറുണ്ടായിരുന്നില്ല .വീട്ടിലെ ഓരോ കുഞ്ഞുപ്രശ്നവും ഓതിയോതിയാണ് ആ പരുവത്തിലേക്ക് മൂപ്പരെ മാറ്റിയെടുത്തത്. നീണ്ട  വര്‍ഷങ്ങളാണ് സര്‍പ്പം പോലുള്ള ആ സ്ത്രീയോടൊപ്പം കഴിഞ്ഞത് .ആരെക്കൊണ്ടു പറ്റും അത്രേം സഹിക്കാന്‍? കത്തുന്ന കണ്ണുകളില്‍ ഉമ്മാന്‍റെ  ഭൂതകാലം ലാവയായി തിളച്ചു. പ്രയാസങ്ങളുടെ ചുടുകല്ലുകളില്‍ കാലു വെന്തു പോയ ഒരു  സ്ത്രീ .ഭര്‍ത്താവുമായി എന്നും കീരിയും പാമ്പുമായിരുന്നു .മൂപ്പത്തിയുമായി ഒത്തു പോകല്‍ ചില്ലറ പണിയല്ല . "നീ ഇതിനൊക്കെ അനുഭവിക്കുമെടീ "- എന്നൊരു കത്തുന്ന താക്കീത് ആ കനല്‍കണ്ണുകള്‍ എന്‍റെ നേരെ എറിഞ്ഞു. ഒരു കൊല്ലമാണ് പുതിയ വീട്ടില്‍ നിന്നത്. വിസ  ശരിയായപ്പോള്‍   ഗഫൂര്‍ക്കാന്‍റെ അടുത്തേക്ക് പറന്നു .മോള്‍ടെ കല്യാണശേഷമാണ് നാട്ടില്‍ സ്ഥിരമായത്. അപ്പോഴേക്കും ഉമ്മ തനിവയസ്സത്തിയായി. തറവാട്ടില്‍ പെണ്മക്കള്‍ മാറി മാറി നിന്ന്‍ ശുശ്രൂഷിക്കയാണ്.

ഉമ്മയെ കണ്ടു ഗഫൂര്‍ക്ക കുറ്റബോധത്തോടെ പറഞ്ഞു , "ഇജേതായാലും നാട്ടിലുണ്ടല്ലോ .കുറച്ചു കാലം ഉമ്മ ഞമ്മളെ വീട്ടീ നിക്കട്ടെ ,പ്രാരാബ്ധക്കാരായ പെങ്ങന്മാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ? ഉമ്മാന്‍റെ പൊരുത്തം കിട്ടീട്ടില്ലെങ്കി അയ്ന്‍റെ ആദാബ് നമ്മള് ദുനിയാവ്ന്നന്നെ അനുഭവിക്കേണ്ടി വരും .അനക്കും അറ്യാലോ."

ആ നിര്‍ബന്ധബുദ്ധിക്കു മുമ്പില്‍ മുട്ട് മടക്കേണ്ടി വന്നു .അങ്ങനെയാണ് ഉമ്മ വീട്ടിലെത്തിയത് .മറവി അവരെ മൂടാന്‍ തുടങ്ങിയിരുന്നു .

"ഇജന്നെ ഒക്കേറ്റിനും കാരണം ,ഉമ്മാനെ വേദനിപ്പിച്ചേയ്ന്‍റെ ശിക്ഷ  നോക്കിക്കോ നമ്മള് രണ്ടാളും അറിം ."

"ഞാനെന്തു ചെയ്തു?-ഞാന്‍ ചൊടിച്ചു-"ഇങ്ങളെ പിരാന്തത്തി ഉമ്മാനെ നോക്കാന് ഹോം നഴ്സിനെ നിര്‍ത്തിക്കൂടെയ്ന്യോ?"-കലി പിടിച്ച പരുക്കന്‍ കൈകള്‍ എന്‍റെ കവിളിനെ ചമ്മന്തിയാക്കി .

"ആരാടീ പിരാന്തത്തി ?ഉമ്മയോ അതോ ഇജോ?ഉമ്മ അനുഭവിച്ച ദുഃഖങ്ങളൊക്കെ  ഒരീസം അറിഞ്ഞാ മതി ഇജൊക്കെ ഉട്ത്തത് കയ്ച്ച്ട്ട് ദിലെ മണ്ടാന്‍ ."

വീട്ടില്‍ കൊണ്ടു വന്ന അന്ന് മുതല്‍ ഉമ്മ പഴയ സ്വഭാവങ്ങളെല്ലാം പുറത്തെടുത്തു.-അധികാരം കാണിക്കല്‍ ,  സംശയരോഗം , കല്‍പ്പിക്കല്‍ ,കുറ്റപ്പെടുത്തല്‍ , പിറ്പിറേന ചീത്ത പറയല്‍ ,..അതും എന്‍റെ സ്വര്‍ണം കൂടി മുടക്കിയെടുത്ത വീട്ടില്‍ ..അറ്റമില്ലാത്ത കഠിനവഴക്കുകള്‍ അങ്ങനെ പേമാരിപ്പെയ്ത്ത് തുടങ്ങി. രണ്ടാളും കണ്ടാല്‍ കലിയായി. ഒരു വക താന്‍ തിന്നാന്‍ കൊടുക്കാതായി. മൂപ്പത്തി തന്നെ തീ കത്തിച്ച് കഞ്ഞിയുണ്ടാക്കും ..
ഒരൂസം മകള്‍ വന്നപ്പോള്‍ ഉമ്മ പതിവുപോലെ എന്‍റെ കുറ്റങ്ങള്‍ അവളുടെ മുമ്പില്‍ കൊട്ടിയിടുകയായിരുന്നു .ഉമ്മ മൂന്നാലു തട്ടങ്ങള്‍ നിവര്‍ത്തി പറയാന്‍ തുടങ്ങി -"നോക്ക് സൈനോ ,ആ കുരുത്തം കെട്ടോള്‍ കീറിയത് .ഞാനൊന്ന് കുളിക്കാന്‍ കേറ്യാ മതി ആ ബലാല് ന്‍റെ തുണിയൊക്കെ വല്‍ച്ച് കീറും "

ആ കുറ്റാരോപണം എന്നെ ഒരു പിശാചാക്കി ,വായില്‍ തോന്നിയതൊക്കെ ഞാന്‍ അലറി വിളിച്ചു .യാത്ര പോലും പറയാതെ പെങ്ങള്‍ പടിയിറങ്ങി .പോകുമ്പോള്‍ അവള്‍ അവളുടെ ജ്യേഷ്ഠത്തിയോട് ഫോണില്‍ പറയണത് കേട്ടു,  " ഞമ്മളെ ഇമ്മാനെ ഞ്ഞെന്താ ചെയ്യ സലീ .ഈ ജഗലിന്‍റെ അട്ത്ത് ഇമ്മ എങ്ങനെ കയ്യും .ഉമ്മാക്ക് വയസ്സായി ,മറവിയായി എന്നൊക്കെ വിചാര്‍ച്ച് ഓക്ക് ഒന്ന്‍ ക്ഷമിച്ചൂടെ.പാവം ഞമ്മളെ ഇമ്മ ." അവള്‍ തേങ്ങിക്കൊണ്ട് നടന്നു പോയി ..

അന്ന് രാത്രി -ചാരിയിട്ട വാതില്‍പഴുതിലൂടെ ഞാന്‍ പാളി നോക്കി .മുസീബത്ത് പിടിച്ച ആ തള്ള എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് .ആ കാഴ്ച കണ്ട് അന്തം വിട്ട് ഞാന്‍ വായും പൊളിച്ചു നിന്നു. അവര്‍ ,ആ സ്ത്രീ അലമാരയില്‍ നിന്ന് ഓരോരോ തട്ടങ്ങള്‍ വലിച്ചെടുക്കുന്നു ,അവിടേം ഇവിടേം വലിച്ചു കീറുന്നു ,കലിയോടെ എല്ലാം അലമാരയിലേക്ക് തിരുകുന്നു!

കൊടുങ്കാറ്റായി ഞാന്‍ ഗഫൂര്‍ക്കാനെ ഫോണിലൂടെ ആഞ്ഞടിച്ചു -"ഇങ്ങടെ നാശം പിടിച്ച തള്ളനെ ഇവിടുന്ന്‍ കേട്ടിയെടുക്കണില്ലെങ്കി ഞാന്‍ ഇറങ്ങാ .ഇങ്ങള് വേറെ  പെണ്ണ്‍ കെട്ട്യാലും വേണ്ടീല ,ഇന്‍ക്ക് ഇന്‍റെ സ്വര്‍ണം തിരിച്ചു കിട്ടണം."

ഫോണ്‍വിളിയുടെ ചൂട് കൊണ്ടാവും പിറ്റേന്ന് നാത്തൂന്‍ തറവാട്ടിലേക്ക് ഉമ്മാനെ കൊണ്ടോയി .പോകുമ്പോ അവര് പണ്ടത്തെ  ആ നോട്ടം പിന്നേം നോക്കി ,ദഹിപ്പിച്ചു ചാമ്പലാക്കുന്ന നോട്ടം ..

വല്ലാത്തൊരു സ്ത്രീ ..അവര്‍ക്ക് യുദ്ധം ചെയ്യാന്‍  എന്നും ഒരു ശത്രു വേണം .അവര്‍ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ഇന്നേവരെ?ഉപ്പയും ഉമ്മയും നന്നായി തല്ലുന്നതിനെപ്പറ്റിയൊക്കെ ഗഫൂര്‍ക്ക പറഞ്ഞിട്ടുണ്ട് .സ്നേഹത്തിന്‍റെ ഒരു വാക്ക് ചെറുപ്പത്തില്‍ കേട്ടിട്ടില്ലെന്ന് ..ചുമരില്‍ കോറിയിട്ട ആ മൂന്നാലു വരികളാണ് ഗഫൂര്‍ക്കാനെ അന്തമില്ലാത്ത സങ്കടത്തിലേക്ക് എറിഞ്ഞത്.

"പടച്ചോനെ ,അറ്റംല്ലാത്ത  ആയുസ്സോണ്ട് ഇജ്ന്നെ എടങ്ങേറാക്കാണല്ലോ. ഇന്നെ ആര്ക്കും മാണ്ട ,ഈ ചെയ്യണേയ്ന് ഇന്ക്ക് പൊറ്ത്ത് തരണേ . ഇജ് തന്ന ജീവന്‍ ഇട്ക്കാന്‍ അന്ക്കേ അധികാരംള്ളൂ ..പക്ഷെ ,ആര്‍ക്ക് വേണ്ട്യാ ഞാന്  ഇഞ്ഞും ജീവിക്കണ്?ഇന്നെ മാണ്ടാത്ത ഇന്‍റെ മക്കക്കും മേണ്ട്യോ?ഓലൊക്കെ ചെറക് വെച്ച് പറക്കാനായി ..വയസ്സായ ഇന്നെ ഇഞ്ഞി  ആര്‍ക്ക് മാണം?"

പണ്ടത്തെ ആറാം ക്ലാസ് പാസ്സായ ആളായിരുന്നു ഉമ്മ ,അന്ന്  സ്കൂളില്‍ ജോലി കിട്ടാന്‍ ആ യോഗ്യത മത്യായിരുന്നു . പടച്ചോനോട്‌ കുറ്റം കിട്ടൂന്ന് കര്ത്യാ ഉമ്മ അന്ന് പോകാതിരുന്നത്ന്ന് ഗഫൂര്‍ക്ക എപ്പളും പറയും .ജോലിണ്ടായാ അന്യആണുങ്ങളോട് മിണ്ടണ്ടി വര്വല്ലോ ,അതൊന്നും പടച്ചോന് ഇഷ്ടല്ലല്ലോ ..  

"എത്തറ തഖ്‌വണ്ടായിട്ടെന്താ? ഇങ്ങളെമ്മാക്ക് പെരുമാറാന്‍ അറീല .കൊറെ നിസ്കര്ച്ച്ട്ടൊന്നും കാര്യല്ല ,വേറെള്ളോലെ വെര്‍പ്പിച്ച്ട്ട്.." 

എടുത്തടിച്ച പോലെ ആ മദഹുകളെയെല്ലാം തൂത്തു തുടച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

"ഇജ് വല്യൊരു നല്ലാള്."- ഗഫൂര്‍ക്ക വീണ്ടും കലമ്പി . "യത്തീംഖാനേല് വളര്‍ന്ന്, മര്‍ദിക്കുന്ന ഒരു ഭര്‍ത്താവിന്‍റെ കൂടെ ജീവിച്ച് ,ഒരു മിനിറ്റ് ഒഴിവില്ലാതെ കൂലിയില്ലാവേലകള്‍ ചെയ്ത് , ഈരണ്ടു കൊല്ലം കൂടുമ്പോ പ്രസവിച്ച് ,എട്ടൊമ്പത് മക്കളെ പോറ്റി നോക്ക് ,അപ്പം അറ്യാം അന്‍റെ പട്ടുസ്വഭാവം ..പാവം ഉമ്മ ..മര്യാദക്ക് ഒന്നു പ്രസവിച്ചു കിടന്നിട്ടു കൂടിയില്ല ..ദൂരേന്ന് വെള്ളം കൊണ്ടരല്‍, അരയ്ക്കല്‍, ഇടിക്കല്‍, അകലെയുള്ള കുളത്തില്‍ പോയി അലക്കിക്കുളിക്കല്‍...ഉമ്മാക്ക് ജീവിതം തീരാത്തൊരു യുദ്ധായിരുന്നു , പരിക്കുകള്‍ മാത്രം തിരികെ കിട്ടിയ യുദ്ധം .."

ഉമ്മ എന്തു കഴിച്ചാവും ജീവിതം അവസാനിപ്പിചിരിക്കുക?വല്ലാത്തൊരു ആകാംക്ഷ  എന്നെ പൊതിഞ്ഞു ..അവരുടെ മഹാസങ്കടം കണ്ട് അസ്രായീല്‍ അലിവു തോന്നി കൂട്ടിക്കൊണ്ടുപോയതാവുമോ? മരിച്ചിട്ടുപോലും ആ സ്ത്രീയോടുള്ള വെറുപ്പ് ഉരുകിത്തീരുന്നില്ല ..മറവിരോഗത്താല്‍ ഉമ്മ പഴയ കാലത്തില്‍ കുടുങ്ങിക്കിടക്കായിരുന്നു ..പണ്ടു താമസിച്ച ആ  മണ്‍വീടും ആ കഷ്ടപ്പാടും വീണ്ടും വീണ്ടും ഓര്‍ത്തു പറയുമത്രെ. എന്നിട്ടും ഉമ്മ അക്ഷരങ്ങള്‍ മറക്കാതെ ആ കുറിപ്പ് ചുമരില്‍ എഴുതി വച്ചല്ലോ ..അത്ഭുതം!

കൊല്ലങ്ങളനവധി വിമാനച്ചിറകില്‍ പറന്നു പോയി ..മകളുടെ മകനെയാണ് ഉമ്മ പ്രതികാരത്തിനായി തെരഞ്ഞെടുത്തത് ,അലറി വിളിച്ച് കണ്ണില്‍ കണ്ടതെല്ലാം വലിച്ചെറിഞ്ഞ് അവന്‍ ക്ലാസ്സില്‍ നിന്ന്‍ ഇറങ്ങിയോടി .അന്നു മുതല്‍ മാസാമാസം ഈ സൈക്യാട്രിസ്റ്റിന്‍റെ ഹാഫ്ഡോറിനു മുന്നില്‍ നേരം വെള്ച്ചാവുമ്പള്‍ക്കും കാത്തിരിക്കുന്നു ..മരുന്നിന്‍റെ ശക്തി കൊണ്ട് ഏതു നേരവും ഉറക്കം തൂങ്ങുന്ന അവനെ കാണുമ്പോള്‍ ഗഫൂര്‍ക്ക പറഞ്ഞത് ഉളിയായി മനസ്സിനെ കീറി മുറിക്കും -"ഉമ്മാനെ എടങ്ങേറാക്ക്യേയ്ന് ദുനിയാവിന്നന്നെ അദാബ് അറിഞ്ഞിട്ടേ ഞമ്മള് പോകൂ .."

ഉമ്മാന്‍റെ ആ കത്ത്ണ നോട്ടം എപ്പളും പിന്നാലെ ഉള്ളപോലെ ..പേരക്കുട്ടിയുടെ അലര്‍ച്ചയിലെല്ലാം ഉമ്മയാണ് ഈറയോടെ അട്ടഹസിക്കുന്നത് ..മോള് സങ്കടം തിന്ന് തിന്ന് എന്താകുമോ എന്തോ ..ഇന്ക്കും വയസ്സായി ,ആരുല്ലാന്ന തോന്നല്‍ ഇന്നീം അലട്ടാന്‍ തൊടങ്ങി ..ആരും ഒരിക്കലും സ്നേഹിച്ചിട്ടില്ലാത്ത ഉമ്മാന്‍റെ പൊറ്ത്യേട് എന്തായിരുന്നൂന്ന് ഇന്ക്കും തിരിയാന്‍ തൊടങ്ങി ..എന്നിട്ടും അവര് -ആ സ്ത്രീ ആ കത്തുന്ന നോട്ടവുമായി എന്തിനാണ് എന്‍റെ പിന്നാലെത്തന്നെ കൂടിയിരിക്കുന്നത്?

*ജനാസ -മയ്യത്ത്
*അദാബ്-ശിക്ഷ
തഖ്‌വ -ദൈവഭക്തി
മദഹ്-സത്ഗുണം 
   

2015, ഓഗസ്റ്റ് 30, ഞായറാഴ്‌ച

മരീചികകള്‍ {കഥ }


ഏറ്റവും വലിയ രാജ്യമേതെന്നു ചോദിച്ചാല്‍ ഉത്തരം ഫെയ്സ് ബുക്ക്‌ ആണെന്നതിന് അവള്‍ക്ക് ഒട്ടുമില്ല സംശയം .ചാറ്റ് ബോക്സില്‍ നിന്നിറങ്ങിയപ്പോള്‍ സമയം പത്തു മണി .ഭര്‍ത്താവിനും കുട്ടികള്‍ക്കും ഭക്ഷണം വിളമ്പണം .അതിനും വല്ല യന്ത്രങ്ങളും കണ്ടു പിടിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ .എല്ലാവരും അവരവരുടെ ടാബിലും ലാപ്പിലും മുങ്ങിക്കിടപ്പാണ്.സമയം പോയത് അറിഞ്ഞത് തന്നെയില്ല .ആറു മണിക്ക് തുടങ്ങിയതാണ്‌ ചാറ്റിംഗ് .വിനൂനോട് സംസാരിക്കാന്‍ ഈ ഭൂമിയിലെ സമയമൊന്നും പോര .അതേ സമയം ഭര്‍ത്താവായ ശ്രീകാന്തിനോട് എന്തെങ്കിലും പറയാന്‍ ആലോചിച്ചുണ്ടാക്കണം .വല്ലാത്ത അത്ഭുതം തന്നെ .മകനും മകളും അവരുടെ റൂമുകളില്‍ അടച്ചിരിപ്പാണ് .എന്തു ചെയ്യുന്നു എന്തോ .വൈ ഫൈ ഉള്ളതുകൊണ്ട് എല്ലാവരും അവരവരുടെ ഭൂഖണ്ഡങ്ങളില്‍ എകാധിപതികളായി വാഴുന്നു .എന്താണ് മക്കളുടെ ശുണ്ഠി! എന്തേലും ചോദിച്ചാല്‍ അടുത്തത് അള്‍സ്യേഷന്‍റെ കുരയാണ്‌.ഒട്ടും വിട്ടു കൊടുക്കില്ല അവള്‍ .പിന്നെ തല നിവര്‍ത്തേണ്ടി വരില്ല .റൂമില്‍ വല്ല വേണ്ടാതീനവും കാണുകയാവും .എന്തോ ആവട്ടെ .ഉപദേശിക്കാന്‍ ചെന്നാല്‍ മമ്മി ആര്‍ക്കാ ഇത്ര വിളിച്ചു കൂട്ടുന്നത് എന്നെങ്ങാനും ചോദിച്ചേക്കും .

 ടി വി യിലേക്ക് നോക്കിയിരുന്ന് ഓരോന്നിന്‍റെ  തീറ്റ  കഴിയുമ്പോഴേക്കും മണിക്കൂര്‍ ഒന്ന് കഴിയും .അപ്പോഴേക്കും വാട്ട്സ് ആപ്പിള്‍ മെസ്സേജുകള്‍ കിലുങ്ങുന്നുണ്ടാവും

വിനുവിനെ പരിചയപ്പെട്ടത് ആലോചിച്ചാല്‍ നല്ല തമാശയാണ് .കണ്ടക്ടര്‍ പൈസ ചോദിച്ചപ്പോഴാണ് പേഴ്സ് മറന്ന കാര്യം അറിയുന്നത് .സീറ്റിന്‍റെ ഒരു കഷ്ണം ഒഴിഞ്ഞു കണ്ടപ്പോള്‍ ബാഗില്‍ വീണ്ടും തിരയാന്‍ തുടങ്ങി .തൊട്ടടുത്തിരിക്കുന്ന പയ്യന്‍ പതുക്കെ ചോദിച്ചു -"മാഡം എന്താ തിരയുന്നത്?"  അവനെ ആകെയൊന്നു  ചുഴിഞ്ഞു നോക്കി .പിന്നെ ജാള്യത്തോടെ പറഞ്ഞു -"പേഴ്സ് മറന്നു .""ഓ അതാണോ ,പൈസ ഞാന്‍ കൊടുത്തോളാം ."

അങ്ങനെ തുടങ്ങിയ പരിചയമാണ് .ഭാര്യ അവനെ തനിച്ചാക്കി പിരിഞ്ഞു പോയിട്ട് വര്‍ഷം രണ്ടായി .അതു പറഞ്ഞപ്പോള്‍ അവന്‍റെ ചുണ്ടുകള്‍ സ്വയം നിന്ദയാല്‍ കൂര്‍ത്തു .അവനോടു സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് തനിക്കും ഷെയര്‍ ചെയ്യാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ടെന്നു മനസ്സിലായത് .ഓഫീസില്‍ ഫയലുകളല്ലാതെ മറ്റൊന്നും കാണാന്‍ സമയമില്ല .

"താന്‍ ഹാപ്പിയാണോ?"-കണ്ണടക്ക്  മുകളിലൂടെ ചുഴിഞ്ഞു നോക്കി അവന്‍ ചോദിച്ചു .ഒരു നിമിഷം !ജീവിതമാകെ  ഒന്നു റിവൈന്‍ഡ്‌ ചെയ്തു .ഹാപ്പിയാണോ താന്‍?

"അറിയില്ല വിനു ,"-ചിരിയെ നിര്‍ബന്ധിച്ചു ചുണ്ടിലേക്ക് വരുത്തി .

"തന്‍റെ ചിരി കണ്ടാലറിയാമല്ലോ അല്ലെന്ന്."-ഒരു സൈക്കോളജിസ്റ്റിനെപ്പോലെ അവന്‍ പറഞ്ഞു ."ഹാവ് യു ബീന്‍ എവെര്‍ ലവ്ഡ്‌ ?"-അവന്‍ അടുത്ത അസ്ത്രം എയ്തു .ഉണ്ടോ?സംശയത്തോടെ താന്‍ മനസ്സിന്‍റെ ഇടനാഴിയിലൂടെ അലഞ്ഞു .എന്നും വഴക്കിട്ടിരുന്ന അച്ഛനും അമ്മയും തന്നെ സ്നേഹിച്ചിരുന്നോ?ബോര്‍ഡിങ്ങിന്‍റെ ബെല്ലുകള്‍ തന്നെ സ്നേഹിച്ചിരുന്നോ?ശ്രീ തന്നെ സ്നേഹിക്കുന്നുണ്ടോ? മക്കള്‍ തന്നെ അറിയുന്നുണ്ടോ?കരിങ്കല്ലുപോലുള്ള അവന്‍റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ അവളാകെ വിളറി വെളുത്തു .

"ഇല്ലെടോ ,തന്‍റെ കടലാസു പോലെ വിളറിയ മുഖം പറയുന്നു നോ എന്ന്.ഈ ഭൂമിയിലെ അബ്സേര്‍ഡ്‌  നിയമങ്ങള്‍ മാറണം ആദ്യം . ഒരാളോട് നമുക്കിഷ്ടം തോന്നിയാല്‍ മതിവരുവോളം അയാളെ സ്നേഹിക്കാനുള്ള സ്വാതന്ത്ര്യം വേണം .എന്നാലേ ഈ നാട് നന്നാവൂ ."

"അത്ര സ്വാതന്ത്ര്യം കൊടുത്തിട്ടാ നിന്‍റെ ഭാര്യ നിന്നെ ഇട്ടേച്ചു പോയത് ."

"അതൊന്നുമല്ലെടോ, രണ്ടു വര്‍ഷം ഒരുമിച്ചു ജീവിച്ചപ്പോ മനസ്സിലായി ഞങ്ങളെ യോജിപ്പിക്കുന്നതായി ഒന്നുമില്ലെന്ന് .രണ്ടാളും പിരിയുകയും ചെയ്തു ."

"ഉം ,നിങ്ങള്‍ ആണുങ്ങള്‍ക്ക് അതൊക്കെ പറ്റും .പെണ്ണുങ്ങള്‍ക്ക് എളുപ്പമാണോ ഇതു വല്ലതും?"

"ഈസി ആകണം .സോള്‍മേറ്റായി ഓരോരുത്തര്‍ക്കും ഒരാളുണ്ട് .അയാളെ /അവളെ കണ്ടെത്താനുള്ള ഒരു യാത്ര മാത്രമാണ് ജീവിതം .യു ആര്‍ മൈ സോള്‍മേറ്റ്.."

ചെയ്യുന്ന ഓരോ ജോലിയുടെയും വ്യര്‍ത്ഥത അപ്പോള്‍ മുതലാണ്‌ അവളെ പൊള്ളിച്ചു തുടങ്ങിയത് .ഒരേ മട്ടിലുള്ള ആവര്‍ത്തിക്കുന്ന ദിനചര്യകള്‍ ,പാചകവിധികള്‍ ,യാത്രയോരുക്കങ്ങള്‍ ..എന്തിനു വേണ്ടിയാണീ ഓട്ടങ്ങള്‍?സ്നേഹമില്ലാത്ത ജീവിതം എന്തിനു കൊള്ളാം ..
പ്രണയത്തിന്‍റെ നനുത്ത വര്‍ണപ്പകിട്ടാര്‍ന്ന  തൂവല്‍ ചുറ്റും ചിതറാന്‍  തുടങ്ങിയപ്പോഴാണ് ജീവിതത്തിന്‍റെ പ്രകാശം അവള്‍ക്കു ചുറ്റും ജ്വലിക്കാന്‍ തുടങ്ങിയത് .ചുറ്റും അലയടിക്കുന്ന സംഗീതം .സന്തോഷത്താല്‍ മനസ്സ് കുതിച്ചു ചാടുന്നു .ആത്മാവ് ഭാരമില്ലാതെ ഉല്ലസിച്ചു പറക്കുന്നു .ഇത്ര മനോഹരമാണോ ഭൂമി?
........................

ഹോട്ടല്‍ മുറിയിലെ അവരുടെ കൂടിക്കാഴ്ചയ്ക്കു ശേഷം തന്നെ അവന്‍റെ മൃദുവായ വിളികള്‍ ,പ്രണയം പുരട്ടിയ വാക്കുകള്‍ മധുരം നിറച്ച മെസേജുകള്‍ എല്ലാം കുറഞ്ഞു തുടങ്ങിയിരുന്നു .വിളിച്ചാല്‍ ഒന്നുകില്‍ സ്വിച്ച്ഡ് ഓഫ്  ,അല്ലെങ്കില്‍ ഔട്ട്‌ ഓഫ് കവറേജ് ഏരിയ .വല്ലാത്തൊരു നഷ്ടബോധത്തോടെ പഴയ യാന്ത്രികജീവിതത്തിലേക്ക് അവള്‍ വിരസതയോടെ തിരിച്ചെത്തി .യാതൊരു താല്‍പര്യവുമില്ലാതെ അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുമ്പോഴാണ് ഫോണ്‍ ഒരു റിംഗ് ടോണിലേക്ക് ഞെട്ടിയുണര്‍ന്നത് .ഒരു നിമിഷം !ഒരു നിമിഷം കൊണ്ട് അവള്‍ പഴയ പ്രണയിനിയായി .പക്ഷെ അവന്‍റെ  സ്വരം കര്‍ക്കശമായിരുന്നു, ഭീഷണിയുടെ മുനകള്‍ എങ്ങും തെറിച്ചു വീണു .

"പണം വേണമെടീ എനിക്ക് .നിന്‍റെ ചന്തം കണ്ടാണ്‌ ഞാന്‍ പിന്നാലെ കൂടിയതെന്ന് കരുതിയോ ?ഇതൊക്കെ ഞങ്ങള്‍ ആണുങ്ങടെ ഒരു നമ്പരല്ലേ ,നിന്നെപ്പോലുള്ള കള്ളികള്‍ അവസരം കിട്ടാന്‍ നില്‍ക്കയല്ലേ വേലി ചാടാന്‍ ..ഹ ഹ ഹ ..വിശദമായി പറയണ്ടല്ലോ ,ഫോട്ടോസ് ,വീഡിയോസ് ,അതീന്ന് എന്നെ വെട്ടി മാറ്റാന്‍ സെക്കന്‍റുകള്‍ മതി ..പിന്നെ നിന്‍റെ തനിനിറം ,ഹ ഹ ഹ ..രണ്ടു ലക്ഷം ,എങ്ങനേലും ഒപ്പിച്ചോ .ഒരാഴ്ച സമയം തന്നേക്കാം .."

ഇതിനു മുമ്പും അവന്‍ പണം കടം വാങ്ങിയിട്ടുണ്ട് .തന്‍റെ രണ്ടു വള പണയം വച്ചിട്ടുണ്ട് .അന്നൊന്നും കണ്ണിലെ പ്രണയപ്പാട ഒന്നും നേരെ കാണാന്‍ അനുവദിച്ചില്ല .ഇപ്പോള്‍ സത്യമിതാ ഇളിച്ചു കാട്ടി കോമരനൃത്തം ചവിട്ടുന്നു .

"ഭ !വൃത്തികെട്ടവനേ." ഒരു പെണ്പുലിയായി അവള്‍ മുരണ്ടു .  " നീയെന്താ കരുതിയത് ?ഞാന്‍ നിന്നെ കണ്ണടച്ചു വിശ്വസിച്ചൂന്നോ ?എന്‍റെ സങ്കടങ്ങളില്‍ ഒരു തുണ .എല്ലാവരെയും പോലെ അങ്ങനെ ഞാനാശിച്ചെങ്കില്‍ അതിനു നീയെന്നെ കുരിശിലേറ്റിക്കളയുമോ?ഒളിക്യാമറ നിന്നെക്കാള്‍ മുമ്പേ ഞാന്‍ കരുതിയിരുന്നു .നിന്‍റെ ബാത്ത്റൂം എപ്പിസോഡ് മുതല്‍ എല്ലാം എന്‍റെ കയ്യിലുണ്ട് .വേണ്ടാത്ത വല്ലതും നിനക്ക് തോന്നിയാ നാളെ യു ട്യൂബ് തുറന്നാല്‍ മതി ,നിന്‍റെ തനിനിറം കാണാന്‍ .."

ഫോണില്‍ അവന്‍റെ ശ്വാസഗതി കൂടുന്നത് അവള്‍ അറിഞ്ഞു .പട പാടാ മിടിക്കുന്നു അവന്‍റെ കുരുത്തം കേട്ട ഹൃദയം ..

"ഞാനൊരു തമാശ പോട്ടിച്ചതല്ലേ മോളെ ,പ്ലീസ് നീ ചൂടാവല്ലേ ,എന്‍റെ പോന്നു മോളല്ലേ .പണം വേണ്ടാട്ടോ .വെറുതെ പറഞ്ഞതല്ലേ ഞാന്‍ .."

"നിര്‍ത്തെടാ ,ഇനി മേലാല്‍  ഈ നമ്പറില്‍ വിളിച്ചേക്കരുത്.ആ വീഡിയോകള്‍ നല്ല ബുദ്ധിയുണ്ടെങ്കില്‍ നശിപ്പിച്ചോ .ഇല്ലെങ്കില്‍ നല്ല നാളുകള്‍ നീ കാണുകയില്ല .."

ഫോണ്‍ ഡിസ്കണക്റ്റ് ആയി .അരിശത്തോടെ അവളാ സാധനം ദൂരേക്ക് വലിച്ചെറിഞ്ഞു .ഇനി ഓരോ പ്രഭാതവും ഒരു ചീത്തവാര്‍ത്തക്കുള്ളതാണ് .അശ്ലീല കമന്‍റുകള്‍ കേട്ട് ചെവി മരവിക്കാനുള്ളത്..കണ്ടാമൃഗത്തിന്‍റെ തോലുപോലും മതിയാവില്ല സമൂഹത്തില്‍ ജീവിക്കാന്‍ ..നശിച്ച സദാചാരം ,കപടനാട്യങ്ങള്‍ ..ആരാണ് യഥാര്‍ഥത്തില്‍ സന്തുഷ്ടരായിരിക്കുന്നത്?ഓരോ കുടുംബവും ഒരു സ്ഫോടകവസ്തു മാത്രം .എല്ലാ സമ്മര്‍ദങ്ങളെയും ഉള്ളിലൊതുക്കി ഒരു തീത്തുമ്പിനായി കാത്തിരിക്കുന്ന വലിയൊരു ബോംബ്‌ ..എന്താണ് സന്തോഷം?പ്രേമം ശരിക്കും ഉണ്ടോ?എന്തിനായിരുന്നു ഇത്രയും കാലം ജീവിച്ചത്?ഇതീ നിമിഷം അവസാനിപ്പിക്കുന്നതുകൊണ്ട് എന്താണു കുഴപ്പം?ഗതിയില്ലാത്ത ചോദ്യങ്ങള്‍ അവളുടെയുള്ളിലെ സങ്കടക്കടലില്‍ തലയടിച്ചു വീണുകൊണ്ടിരുന്നു ,ആത്മനിന്ദ പുളിരസമായി തൊണ്ടയില്‍ നിറഞ്ഞു ."ഗ്വാ "-വലിയ ശബ്ദത്തോടെ നിര്‍ത്താതെ ഛര്‍ദിച്ചു അവള്‍ ..പിന്നെ ആ മഞ്ഞദ്രാവകത്തില്‍ കുഴഞ്ഞു വീണു .........................

2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

അജ്ഞാത {കഥ }



ബസില്‍ ഇരിക്കുമ്പോള്‍ പുകയണിഞ്ഞ പാതകള്‍  ദൂരെ കാണായി. ലക്ഷ്യത്തിന്റെ ചുവന്ന വാകമരം എവിടെയെങ്കിലും പൂത്തു നില്‍പ്പുണ്ടാകുമോ ?ഓരോ ബസും കൈകാല്‍ നിവര്‍ത്തി  വിശ്രമിക്കുന്നതു വരെ തുടരും അവരുടെ യാത്ര ..മറ്റുള്ളവര്‍ക്ക് കാഴ്ചയില്‍ അവര്‍ വെറുമൊരു പിച്ചക്കാരി ..യാത്രയുടെ ഓരോ നൊമ്പരവും തിരുകിക്കയറ്റാനുള്ള മുഷിഞ്ഞ ഭാണ്ഡം ..എന്താണോര്‍ക്കാന്‍ ബാക്കിയുള്ളത് ..ഇവിടെ എവിടെയെങ്കിലും പണ്ട് ഹോസ്റ്റലില്‍  കൂടെ പഠിച്ച  ഏതേലും കൂട്ടുകാരി  താമസിക്കുന്നുണ്ടാകുമോ ?അന്നൊക്കെ പറയുമായിരുന്നു ,ഭാവിയില്‍  നമ്മളൊക്കെ എവിടെ പെട്ടാലും പേടിക്കേണ്ട .കേരളത്തിന്റെ അങ്ങേ തല മുതല്‍ ഇങ്ങേയറ്റം വരെയുള്ളവര്‍ ഒക്കെ ഇവിടെയുണ്ടല്ലോ ..ഇപ്പോ ആരുടേലും വീട്ടിലേക്ക് കയറിച്ചെന്നാല്‍ നല്ല തമാശയായിരിക്കും ,ഗെയ്റ്റ് ശബ്ദിക്കുമ്പോഴേ നീരസത്തോടെ  ജനലുകളില്‍ നിന്ന് ശകാരം പെയ്യും .ആട്ടിയകറ്റുന്നതിന്റെ  അട്ടഹാസവും കേട്ടേക്കാം..എന്നാലും ഓര്‍ക്കാന്‍ രസം തന്നെ ,തിരിച്ചറിഞ്ഞ് ഒരാളെങ്കിലും ഭക്ഷണം തരുന്നു ..കുറച്ചു ദിവസം ഇവിടെ  താമസിച്ചോളൂ എന്നു മര്യാദ പറയുന്നു ..

തണുപ്പ് വക വെക്കാതെ  നിലത്ത്  ചുരുളുമ്പോള്‍ ഇരുട്ടില്‍ കിതച്ചോടിക്കൊണ്ടിരിക്കുന്ന വെട്ടനായ്ക്കളെ ഓര്‍ക്കാതിരുന്നില്ല, രോഗം ചവച്ചുതുപ്പിയ  എല്ലിന്‍കൂടാണെങ്കിലും...നല്ലൊരു ഉറക്കം അവര്‍ക്ക് ഒരോര്‍മ മാത്രമായിട്ടുണ്ട് ...കാലം തന്നിലേക്ക് പെയ്യുന്ന ശരമാരികള്‍ ..ഈശ്വരാ ..ഈ പമ്പരത്തെ ഇനിയും നീ എറിഞ്ഞു കളിക്കരുതേ..
ഒരു സ്ഥലത്തും ഒന്നിലേറെ ദിനം തങ്ങാത്തതിനാല്‍ ചില്ലറത്തുട്ടുകള്‍ നല്‍കുന്നവര്‍ നിനക്കെന്നും ഇതു തന്നെയല്ലേ പണി എന്നു ചോദിച്ചില്ല ..ഒരു യാത്രയ്ക്കുള്ളതും  ഒരു ഊണിനുള്ളതും തികഞ്ഞാല്‍ അവര്‍ പിന്നീട് ആരോടും ഒന്നും ചോദിച്ചില്ല ..പറവകള്‍ എന്തു കൂട്ടി വെക്കുന്നു...

നെടുനാളത്തെ അലക്കാല്‍ പിഞ്ഞിയ ചേലയോടെ ഇരിക്കുമ്പോള്‍ പോയ കാലത്തെവിടെയോ നിന്ന് ഒരു പരിചിതസ്വരം ..'നിങ്ങളെ തിരഞ്ഞ് എത്ര നാളായെന്നോ ഞാന്‍ ..ആ കടം വീട്ടാതെ എനിക്ക് സ്വസ്ഥത കിട്ടില്ല ..'അവര്‍  തിരിഞ്ഞു നോക്കി ....പണ്ടെന്നോ കണ്ട് മറന്ന ഒരാള്‍ ..മനസ്സിലേക്ക് ആഴ്ന്നിറങ്ങി  പറ്റിപ്പിടിച്ച ആ സ്വരം ,,അവരുടെ ഹൃദയം ഒരു നിമിഷം സ്തംഭിച്ചു ..കൊടിയ വേദന തന്നെ ഈ നിമിഷം തന്നെ കൊന്നു കളഞ്ഞേക്കും..വീണ്ടും പിന്തിരിഞ്ഞു 'ആരാ മനസ്സിലായില്ല  ..'
'നിങ്ങളെത്ര മെലിഞ്ഞു പോയി ..രൂപമെത്ര മാറിപ്പോയി ..മുഖത്തെ ആ മറുകിനാലാണ് ഞാന്‍ തിരിച്ചറിഞ്ഞത് ..മാപ്പ് തരൂ ,പണവുമായി നിങ്ങളുടെ വീട്ടില്‍ ,ജോലി ചെയ്തിരുന്ന  സ്ഥാപനത്തില്‍  ഒക്കെ പോയി .വീട്ടുകാര്‍ പണം അവരെ ഏല്‍പ്പിച്ചോളാന്‍  പറഞ്ഞു ...പക്ഷെ എനിക്ക് നിങ്ങളെത്തന്നെ ഇതേല്‍പ്പിക്കണമായിരുന്നു ..എത്ര അന്വേഷിച്ചു ..ഒടുക്കം  കാണാനായല്ലോ ..ഇപ്പോള്‍ തന്നെ കൂടെ വരൂ ..തരാന്‍ താമസിച്ചാലും ഇപ്പോള്‍ ആ കാശ് നിങ്ങള്‍ക്ക് ഉപകാരപ്പെടും ..ഏതെങ്കിലും റെസ്‌ക്യൂ ഹോമില്‍ ഇതിലേറെ ഭേദപ്പെട്ട ഒരു ജീവിതം ..എന്റെ കൂടെ വരൂ ..

'പണം ! എന്തിനാണ് എനിക്കിനി അത് ?പണ്ട് നിങ്ങള്‍ എസ് എംഎസ് അയച്ച ഒരു വാചകമില്ലേ..അതിനു പകരം എടുത്തോളൂ അത് ..സ്‌നേഹമായിരുന്നു എനിക്ക് ഏറ്റവും മൂല്യമുള്ളത്..അതു മാത്രം എനിക്കാരും തന്നില്ല ..അന്ന് എനിക്ക് കിട്ടിയൊരു ചീത്ത 'അത്രേം പണം കടം കൊടുക്കാന്‍ അയാള്‍ നിന്റെ ആരാ ?ആണും തൂണും ഇല്ലാത്ത ഒരുത്ത്യാന്ന ഓര്‍മണ്ടായ്‌ക്കോട്ടെ..വല്ല ചീത്തപ്പേരും കേപ്പിച്ചാ കൊത്തി നുറുക്കും ,പറഞ്ഞേക്കാം ..'ബന്ധങ്ങള്‍... ആണും പെണ്ണും തമ്മില്‍ ഒരൊറ്റ ബന്ധമേ ആളുകള്‍ക്കറിയൂ, നിരുപാധികസ്‌നേഹം അങ്ങനെ ഒന്നില്ലെന്ന് ജീവിതം എത്ര പഠിപ്പിച്ചിട്ടും മധുരം പുരട്ടിയ പ്രേമവാക്കുകളില്‍ വീണു പോകുന്ന പടുവിഡ്ഢിത്തം എന്നും കൂടെയുണ്ടായിരുന്നു ..ലോകത്തിന്റെ മാര്‍ജിനില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു പാഴ്ജന്മം ..രോഗാവസ്ഥയില്‍ കിട്ടിയിരുന്നെങ്കില്‍ ആ പണവും മറ്റു സമ്പാദ്യങ്ങളുടെ കൂടെ ഒലിച്ചു തീര്‍ന്നേനെ ..മടുത്ത് വീട്ടുകാര്‍ പുറന്തള്ളിയപ്പോള്‍ , പണം അത്ര വലിയ അത്യാവശ്യമല്ലെന്നു  മനസ്സിലായി ..തെരുവ് ആരെയും തത്വചിന്തകനാക്കും ..അതൊക്കെ പോട്ടെ ,നിങ്ങളുടെ കുട്ടീടെ ഓപ്പറേഷന് ഉപകരിച്ചോ അത് ?അവളിപ്പോ വല്യ പെണ്ണായില്ലേ?'

അയാള്‍ പൊടുന്നനെ വലിയൊരു ഗര്‍ത്തത്തിലേക്ക് വീഴും പോലെ വിവശനായി ..

'അവള്‍ , നേര്‍ത്തൊരു കാറ്റ് പോലെ അകന്നു പോയില്ലേ ..ഒരു പാവം ഹൃദയത്തിന്റെ ശാപം എന്റെ മേലുണ്ടാവുമ്പോ തുണക്കോ ദൈവം എന്നെ ?'

'ശപിക്കാന്‍ ഞാന്‍ മഹര്‍ഷിയൊന്നുമല്ലല്ലോ..ഇന്നില്‍ നിന്ന് നാളെയിലേക്ക് ചാഞ്ചാടുന്ന വെറുമൊരു മുളങ്കമ്പ്..ഏതു സമയവും പൊട്ടി വീഴാം ,അതു വരെയെങ്കിലും ഒരു ചെറുസംഗീതമാവണമെന്നുണ്ടായിരുന്നു ..അടിഭാഗം പൂതലിച്ച് ഉണങ്ങി അതേതു നിമിഷവും ഹൃദയം പിളര്‍ക്കുന്ന ശബ്ദത്തോടെ  താഴേക്കു വീഴാം ..അപ്പോഴും ആ വരി ഓര്‍ക്കാതിരിക്കുമോ 'ഒത്തിരി ഇഷ്ടമാണ് കുട്ടീ നിന്നെ ,' വരണ്ടുണങ്ങിയ ജീവിതത്തിലേക്ക് ഉറ്റിയ ചോരത്തുള്ളികള്‍ ..അതിന്റെ ഉണങ്ങിയ മാംസത്തിലൂടെ ഇഴഞ്ഞു പോയ ചോരഞരമ്പുകള്‍...ഈശ്വരാ ..'

വളരെ മുമ്പ് ഒരു മിസ്സ്ഡ് കോളായി  കടന്നു വന്ന ആ മധുരസ്വരം തന്റെ ഏകാന്തതയിലേക്ക് ഒരു കരിമ്പുകഷ്ണമായാണ് നീണ്ടു വന്നത് ..വീണ്ടും വീണ്ടും ചവച്ച് ആ മധുരം നൊട്ടി നുണയുമ്പോള്‍ ഓര്‍ത്തില്ല ,ഊര്‍ധ്വന്‍ വലിക്കാന്‍ പോകുകയാണ് ആ ബന്ധമെന്ന് ..'കുട്ടീടെ ഓപ്പറേഷന് കുറച്ചു രൂപ തന്നു സഹായിക്കുമോ' എന്നു മെസേജ് വന്നപ്പോള്‍ നിരസിക്കാന്‍ കഴിഞ്ഞില്ല ..'മൂന്നു മാസം കൊണ്ട് തിരിച്ചു തന്നേക്കാം ..'
പണവുമായി മടങ്ങുമ്പോള്‍ അയാള്‍ ഒന്നൂടെ തിരിഞ്ഞു നോക്കി ..വീട്ടിലറിഞ്ഞാല്‍ ..പേടിയുടെ പെരുമ്പാമ്പ് ഉള്ളില്‍ ഇഴഞ്ഞു ..ക്രമേണ ആ വിളികള്‍ ഉപ്പ് പോലെ അലിഞ്ഞില്ലാതായി ..തന്ന നമ്പരിലൊന്നും വിളിച്ചാല്‍ കിട്ടാതായി ..ആ പണമൊരിക്കലും ഇനി തിരിച്ചു കിട്ടില്ലെന്ന് ഒടുക്കം വേദനയോടെ മനസ്സിലാക്കി ..ഏതെല്ലാം വിധത്തിലാണ് ഓരോരുത്തരും തന്റെ സ്‌നേഹത്തെ ചവിട്ടിയരച്ചത് ...ഒരു നിമിഷം പോലും തന്നെ പരിഗണിക്കാതിരുന്ന , അവസരം കിട്ടിയപ്പോള്‍ തന്നെ തൊഴിച്ചെറിഞ്ഞ ഭര്‍ത്താവ് ,ഒരിക്കലും തന്നെ തിരിച്ചറിയാതിരുന്ന സുഹൃത്തുക്കള്‍ ...

പിറ്റേന്ന് പത്രത്തിന്റെ ഒരു മൂലയില്‍ ഒരു ചരമവാര്‍ത്ത  വിളര്‍ത്തു കിടന്നു 'അജ്ഞാത ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞു വീണു മരിച്ചു .ഭാണ്ഡത്തില്‍ നിന്ന് പഴയൊരു മൊബെയിലും ഡയറിയും കണ്ടെത്തിയത് ആളുകള്‍ക്ക് കൌതുകമായി ഡയറിയുടെ ഒരു താളില്‍ മാത്രം ഇങ്ങനെ എഴുതിയിട്ടുണ്ട് 'ഒടുക്കത്തെ സ്റ്റോപ്പ് എത്തും വരെ നിന്നും ഇരുന്നും തുടരുന്ന  ഒരു യാത്ര മാത്രമാണ് ജീവിതം '
വേദനയുടെ ഒരു ചുഴലി വാര്‍ത്തയില്‍ നിന്ന് കണ്ണീര്‍ തെറിപ്പിച്ച് ,വട്ടം ചുറ്റി ഉയരുന്നത് വാര്‍ത്തയിലെ അക്ഷരങ്ങള്‍ മാത്രം കണ്ടു ,കാരണം അക്ഷരങ്ങളെങ്കിലും  ആ സ്ത്രീയെ സ്‌നേഹിച്ചിരുന്നു .................


2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

മറവിയന്ത്രം(കഥ )



 ഹെല്‍മറ്റ് പോലൊരു ഉപകരണം തലയില്‍ അണിയിച്ച് ,ചില വയറുകള്‍ കമ്പ്യൂട്ടറുമായി ഘടിപ്പിച്ച് അയാള്‍ പറഞ്ഞു , 'ശരി ഇനി തുടങ്ങിക്കോളൂ ..ഏറ്റവും ടോര്‍ച്ചറിംഗ് ആയതു വേണം ആദ്യം ..'
ആ ചെറുപ്പക്കാരന്റെ കണ്ണുകള്‍ ഗതകാലത്തേക്ക് കൂപ്പു കുത്തി ..അവന്‍ പറയാന്‍ തുടങ്ങി

'തടവറയില്‍ ഞങ്ങള്‍ അഞ്ചു പേരായിരുന്നു .കമ്പിക്കൂടായ മുറിയില്‍ മത്തി അടുക്കിയ പോലെ ഞങ്ങള്‍ കിടക്കും ..ഒടിഞ്ഞു നുറുങ്ങിയ അസ്ഥികള്‍ ദേഹത്താകെ വേദനയായി നുറുങ്ങും ..നഗ്‌നരാക്കി വേദനിപ്പിക്കാനയിരുന്നു അവര്‍ക്ക് ഏറെ ഇഷ്ടം ..സ്വകാര്യത എന്നത് ഒരു വെറും പദമാണെന്ന് അങ്ങനെ ഞാന്‍ വ്യസനത്തോടെ മനസ്സിലാക്കി ..'

'ചുരുക്കിപ്പറയൂ ..'അയാള്‍ ചെറുപ്പക്കാരന്റെ ചെവിയില്‍ പിറുപിറുത്തു..

'അതെ ,ചുരുക്കിപ്പറയാം..ഒടുവില്‍ ചങ്ങലയുടെ അവസാനകണ്ണിയും വലിച്ചു പൊട്ടിച്ചപ്പോഴേക്കും കാലുകള്‍ പഴുത്തു പൊട്ടിയിരുന്നു ..ഭാഗ്യം ..തടവ് ചാടിയവരെ തിരഞ്ഞു ആരും വന്നില്ല ..അവര്‍ക്ക് പുതിയ ഇരകളെ കിട്ടിയിരുന്നു ..രക്ഷപ്പെട്ടിട്ടും വലിയ വലിയ വാരിക്കുഴികളെ ഞാന്‍ സ്വപ്നം കാണുന്നു ..സമാധാനം വേണമെനിക്ക് ..സ്വസ്ഥമായി ഇത്തിരി കാലമെങ്കിലും ജീവിക്കണം ..മായ്ച്ചു കളയൂ നശിച്ച ഈ ഓര്‍മകളെ ..'

'ശരി ,ഡോണ്ട് വറി..എല്ലാം ഡിലീറ്റ് ചെയ്തിരിക്കുന്നു ..ഇനി നിങ്ങള്‍ക്ക് യാതൊരു അസ്വസ്ഥതയും ഉണ്ടാവില്ല ..'

മറവിയന്ത്രം കണ്ടുപിടിക്കപ്പെട്ടതോടെ അയാളുടെ ഓഫീസിനു മുന്നില്‍ തീരാത്ത ക്യൂ ആണ് ..ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് നാല് വിരലുകള്‍ നഷ്ടപ്പെട്ട് പുറത്തു പോരുമ്പോള്‍ എന്ത് ബിസിനസ്സാണ് ഇനി ചെയ്യുക എന്ന് അയാള്‍ക്ക് ഏറെ തല പുകക്കേണ്ടി വന്നില്ല .ശീതീകരിക്കപ്പെട്ട അവന്റെ ഓഫീസിനു മുന്നില്‍ സ്മരണകളാല്‍ പീഡിപ്പിക്കപ്പെട്ടവര്‍ വേച്ചും തളര്‍ന്നും ക്യൂ പാലിച്ചു ..നിണമിറ്റുന്ന ഓര്‍മകള്‍ അയാള്‍ക്ക് പുത്തരിയല്ല ..ഈ ബിസിനസ് തുടങ്ങിയതില്‍ പിന്നെയാണ് ഓര്‍മകളുടെ വൈവിധ്യം ഇങ്ങനെ പീലി വിരിച്ചാടുന്നത് ..

മറവിയുടെ സുഖം തരുന്ന ആലസ്യത്തോടെ ആ ചെറുപ്പക്കാരന്‍ എഴുന്നേറ്റു ..നന്ദിയോടെ അയാളെ നോക്കി .
'പണം ക്യാഷ് കൌണ്ടറില്‍ അടച്ചോളൂ." അടുത്തയാളെസീറ്റിലേക്കാനയിച്ചുകൊണ്ട് അയാള്‍ പറഞ്ഞു .

അതൊരു ചെറുപ്പക്കാരിയായിരുന്നു ..അവള്‍ വെറുപ്പോടെ കഥനം തുടങ്ങി
 'പാടിപ്പതിഞ്ഞ ആദര്‍ശപ്രണയങ്ങളില്‍ എനിക്ക് വിശ്വാസമില്ല ..ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് ഓരോരുത്തരെയും ചൂണ്ടയിട്ടത് ..ജസ്റ്റ് ഫോര്‍ എന്‌ജോയ്‌മെന്‍ട്..പക്ഷെ ഗള്‍ഫില്‍ നിന്ന് ഹസ് വന്നിട്ടും അവന്റെ വിളി കുറയില്ലാന്നു വെച്ചാ ..വീട്ടില്‍ അങ്ങോരുമായി വഴക്ക് പതിവായി .അങ്ങനെയങ്ങ് ഓടിപ്പോകാനോക്കുമോ ആ പയ്യനുമൊത്ത്? നമ്മുടെ സ്റ്റാറ്റസ് നോക്കണ്ടേ?അങ്ങോരുടെ വമ്പിച്ച സ്വത്ത് അങ്ങനെ വിട്ടു കളയാന്‍ പറ്റുമോ?അതോണ്ടാ ഞാനവനെ കൊന്നത് ..കുഴപ്പം പോലീസും കേസും ഒന്നുമല്ല ..അതൊക്കെ പണത്തില്‍ ഒലിച്ചു പോയി ..പ്രശ്‌നം നശിച്ച കിനാവുകളാണ്..എന്നും ഉറങ്ങിക്കഴിഞ്ഞാ ആ ചെക്കന്‍ വരും മുന്നിലിരുന്ന് കരയാന്‍ .ഛെ ..കരയണോരെ പണ്ടേ എനിക്കിഷ്ടല്ല ..ന്യൂയിസന്‍സ് ..മായ്ച്ചു കളയൂ പൊന്നേ ഈ വേണ്ടാതീനങ്ങളെ ..'
അത് പറഞ്ഞ് അവളവനെ പ്രേമത്തോടെ കടാക്ഷിച്ചു .അയാള്‍ സന്തോഷത്തോടെ അവളെ നോക്കി കണ്ണിറുക്കി ..

അടുത്തത് ഒരു വൃദ്ധയായിരുന്നു .അയാള്‍ കുസൃതിയോടെ ചോദിച്ചു 'കുഴിയിലേക്ക് കാലു വെക്കാന്‍ നേരം എന്തിനാ വല്യമ്മേ മനസ്സിന്റെ സ്ലേറ്റ് ശൂന്യമാക്കുന്നത്..കുഴിയില്‍ കിടക്കുമ്പോ ഓര്‍ക്കാലോ ..'
അയാള്‍ പറയുന്നതൊന്നും അവര്‍ കേട്ടില്ലെന്നു തോന്നി ..സ്മരണകളുടെ പതയുന്ന തിരകള്‍ അവരെ അലക്കിപ്പിഴിഞ്ഞു .. 'മോനേ,  എല്ലാ ഓര്‍മകളും എനിക്ക് മടുത്തു ..അവരുടെ മുഖം കാണുന്തോറും ഇത് താനെന്നോ കണ്ടു മറന്നതാണല്ലോ എന്നവന്‍ ശങ്കിച്ചു ..ആ ചുളുങ്ങിയ വിരലുകളില്‍ നിന്ന് ഒരു പാല്‍മണം അവനെ തൊട്ടു ..എന്താണ് താനും ഈ കിഴവിയുമായുള്ള ബന്ധം?അവരാകട്ടെ അയാളെ കാണുന്തോറും തന്നെ തൊഴിച്ചെറിഞ്ഞ മക്കളെയോര്‍ത്തു..തന്റെ ആരോഗ്യമത്രയും കഷ്ണിച്ച് അവരെ ഊട്ടിയതോര്‍ത്തു ..ഒടുക്കം അവരുടെ  വെണ്‍മാടങ്ങളില്‍  നിന്ന് പുറന്തള്ളപ്പെട്ടപ്പോള്‍ തുടങ്ങിയ അലച്ചിലുകള്‍ ..കാലം എത്രയാണ് കടന്നു പോയത് ..ഉള്ളില്‍ എരിയുന്ന  അടുപ്പുകളെ അണച്ചിട്ടു വേണം ശാന്തമായൊന്നു മരിക്കാന്‍ ..

അവസാനം എല്ലാം മായ്ച്ചുകഴിഞ്ഞപ്പോള്‍ അവര്‍ ഒരു ശിശുവെപ്പോലെ ചിരിച്ചു ..കൌതുകത്തോടെ ചുറ്റും നോക്കി പതുക്കെ പുറത്തിറങ്ങി ..
ഒരിക്കല്‍ എറിഞ്ഞു കളഞ്ഞ ഓര്‍മകള്‍ ഒന്നാകെ കിഴവിയുടെ വരവോടെ അവനെ പൊതിഞ്ഞു..എന്നോ താന്‍ ഉപേക്ഷിച്ചു കളഞ്ഞ അമ്മയെന്ന ജീവി അവന്റെ ലോഹഹൃദയത്തെ കരളാന്‍ തുടങ്ങി ..'നാശം ,സ്വയം ശപിച്ചു കൊണ്ട് അവന്‍ മറവിയന്ത്രത്തിന്റെ വയറുകള്‍ തന്റെ ചെന്നിയിലേക്ക് ഘടിപ്പിച്ച് ഡിലീറ്റ് ചെയ്യേണ്ടവയെ സെലെക്റ്റ് ചെയ്യാന്‍ തുടങ്ങി ....   



2015, ജൂലൈ 24, വെള്ളിയാഴ്‌ച

വിഷുപ്പടക്കങ്ങള്‍(കഥ)



വിഷുവിന്റെ നാല് ദിവസം മുമ്പ് തുടങ്ങും അച്ഛന് ഉന്മാദം..അതു വരെ ആരോടും മിണ്ടാതിരിക്കുന്ന ആള്‍ ചെവി പൊട്ടിക്കുന്ന പടക്കശബ്ദം കേള്‍ക്കുമ്പോഴേ ക്ഷോഭിക്കാന്‍ തുടങ്ങും..ഉറക്കെ ചീത്ത വിളിക്കും, ചുമരില്‍ തലയടിക്കും, കണ്ണില്‍ കാണുന്നവരെയൊക്കെ ഉപദ്രവിക്കും..വാതില്‍ പുറത്തു നിന്ന് കുറ്റിയിടാറാണ്..അല്ലെങ്കില്‍ അടുത്ത വീട്ടുകാരെ ഓടിച്ചെന്നു മര്‍ദിക്കും..അത്രയ്ക്ക് കലിയാണ് അച്ഛന് പടക്കശബ്ദം..ഒരാളുടെ സന്തോഷം മറ്റൊരാള്‍ക്ക് ദുഃഖഹേതുവാകുന്നുണ്ടെന്ന് അച്ഛന്റെ രോഗകാലം മുതലാണ് എനിക്കു മനസ്സിലായത്..ഒരാളുടെ വിജയം മറ്റൊരാളുടെ കണ്ണീരില്‍ വെന്ത ചുടുകല്ലാലാണ് പണിതതെന്ന് ചിലര്‍ മാത്രമേ തിരിച്ചറിയുകയുള്ളൂ..

മനുവിന് പതിനാറു തികഞ്ഞിരുന്നതേ ഉണ്ടായിരുന്നുള്ളൂ..അച്ഛന്റെ അധ്വാനം കൊണ്ട് അമ്മയുടെ രോഗവും ചേച്ചിയുടെ കല്യാണവും കൂട്ടിയെത്തിക്കാന്‍ കഴിയില്ലെന്ന് തോന്നിയാണ് മുതിര്‍ന്നൊരാളെപ്പോലെ അവന്‍ പടക്കക്കമ്പനിയില്‍ ജോലിക്കു പോകാന്‍ തുടങ്ങിയത്..അഞ്ചു വര്‍ഷങ്ങള്‍ ....തുച്ഛശമ്പളമാണെങ്കിലും ചതുപ്പില്‍ മുങ്ങുന്ന അച്ഛന് വല്ലാത്ത ആശ്വാസമായിരുന്നു..
പക്ഷെ വിധി എല്ലാവരോടും പുഞ്ചിരിക്കുകയില്ല..ചിലര്‍ മാത്രമേ അതിന്റെ സുന്ദരമുഖം കാണാറുള്ളൂ..ഭൂരിഭാഗവും അതിന്റെ രാക്ഷസമുഖം കണ്ട് ഞടുങ്ങിത്തെറിച്ചവരാണ്..പ്രജ്ഞയറ്റവരാണ്..കൃത്യം ആറാം വര്‍ഷം ഏപ്രില്‍ മാസം വിഷുത്തിരക്കായതോണ്ട് കുറെയായി അവന്‍ വീട്ടില്‍ വരാറുണ്ടായിരുന്നില്ല..വിഷുവിന് നാലു ദിവസം മുമ്പ് എല്ലാവര്‍ക്കും ഡ്രസുമായി എത്തുമെന്ന് ഫോണ്‍ ചെയ്തിരുന്നു..പക്ഷെ വന്നത് പൊട്ടിത്തെറിയുടെ വാര്‍ത്തയാണ്..ടി വിയില്‍ നിരന്നു കിടക്കുന്ന കത്തിക്കരിഞ്ഞ ശവങ്ങള്‍..അവന്റെ മുഖം പോലും തിരിച്ചറിയുമായിരുന്നില്ല..അവനതില്‍ പെട്ടിട്ടുണ്ടാവില്ലെന്ന് വെറുതെ ആശ്വസിച്ചു..പിറ്റേന്ന് പുത്തന്‍ വസ്ത്രങ്ങളുമായി അവന്‍ വരുമെന്ന് വിശ്വസിച്ചു..
വാര്‍ത്ത കേട്ട് വിറച്ചു പോയ അച്ഛന്‍ ഒരു ശിലയായി മാറി..ചിരിയില്ല, കരച്ചിലില്ല..പടക്കത്തിന്റെ സ്വരം പക്ഷെ അച്ഛനെ ഉഗ്രമൂര്‍ത്തിയാക്കി..നാല് ചുമരുകളുടെ തടവിലെത്തുവോളം അച്ഛന്റെ പരാക്രമം തുടര്‍ന്നു..

ഇതെല്ലാം കണ്ടിട്ടും ബോധം എങ്ങനെയോ നഷ്ടപ്പെടാതെ ജീവിക്കയാണ് ഈ ചേച്ചി..നിത്യപ്പണിക്കു പോയി കഴിഞ്ഞു കൂടുന്നു..മനസ്സില്‍ ഏതു നേരവും പൊട്ടിത്തെറിക്കുന്ന പടക്കങ്ങള്‍, ഉരുകിത്തിളക്കുന്ന തീ..എന്തിനാണ് എല്ലാവരും തീ കൊണ്ടു കളിക്കുന്നത്? അഗ്‌നി എന്നെങ്കിലും ആരെയെങ്കിലും സ്‌നേഹിച്ചിട്ടുണ്ടോ? അതിന് നക്കിത്തുടക്കാനല്ലേ അറിയൂ..
ഒരാളുടെ സന്തോഷം മറ്റൊരാളുടെ വേദനയായിത്തീരുന്നത് എപ്പോഴാണെന്ന് ആര്‍ക്കും പറയാനാവില്ല..എഴുന്നള്ളിച്ച ആനയുടെ മുന്‍ഭാഗം കണ്ട് ആനന്ദിക്കുന്നവര്‍ അതിന്റെ പിന്‍കാലില്‍ ചങ്ങല ആഴ്ന്നിറങ്ങി പഴുത്തു പോയ മുറിവുകള്‍ കാണുകയില്ല..പാപ്പാന്മാരെ ഒട്ടൊരു ആദരവോടെ നോക്കുന്നവരരിയുന്നില്ല ആനച്ചവിട്ടേറ്റ് മൃതപ്രായരായി ,ശയ്യാവലംബികളായി കഴിയുന്ന പാപ്പാന്മാരെപ്പറ്റി..

നമ്മുടെ ആഹ്ലാദം  മറ്റുള്ളവര്‍ക്കും സന്തോഷമാവുമ്പോഴേ അതിന് മൂല്യമുള്ളൂ ,അതിനേ പ്രകാശമുള്ളൂ..................  

2015, ജൂലൈ 6, തിങ്കളാഴ്‌ച

മടുപ്പിന്റെ നിലവിളി.... (കഥ)


കുഞ്ഞുങ്ങളുടെ ഷോറൂമില്‍ നിന്ന് ഒന്നിനെ സെലക്റ്റ് ചെയ്യാന്‍ വന്നതാണ് ആ ഐറ്റി ദമ്പതികള്‍..ഇപ്പോള്‍ ജനിച്ചത് മുതല്‍ അഞ്ചു വയസ്സ് വരെയുമുള്ള ഏതിനവുമുണ്ട്..കെയര്‍ ടേക്കര്‍മാര്‍ അതാതു റൂമുകളില്‍ അവരെ പരിപാലിക്കുന്നു..പ്രായവും നിറവുമനുസരിച്ചാണ് കുട്ടികളുടെ വിലനിലവാരം..ഒരു വയസ്സ് വരെയുള്ള വെളുത്ത് തിളങ്ങുന്ന കണ്ണുകളുള്ള കുഞ്ഞുങ്ങള്‍ക്ക് റേറ്റ് കൂടും..എഴുപതിനായിരമാണ് സ്റ്റാര്‍ട്ടിംഗ് റേറ്റ്..കറുത്ത കുഞ്ഞുങ്ങള്‍ക്ക് താരതമ്യേന വില കുറവാണ്..നീലക്കണ്ണുള്ള, സ്വര്‍ണത്തലമുടിയുള്ള കുഞ്ഞുങ്ങള്‍ക്ക് മൂന്നു ലക്ഷം വരെ വില സഞ്ചരിച്ചു..

കുട്ടികളെ ഉല്പാദിപ്പിക്കുന്ന ഫാക്റ്ററികള്‍ക്കുമില്ല പഞ്ഞം..ബ്രോയിലര്‍കുഞ്ഞുങ്ങളെപ്പോലെ നിശ്ചിത കാലാവസ്ഥയിലും വെളിച്ചത്തിലും വിരിയിച്ചെടുക്കുന്നവ വല്ലാതെ കരഞ്ഞ് ആളുകളെ ശല്യപ്പെടുത്തില്ല എന്നൊരു ഗുണവുമുണ്ടായിരുന്നു..എന്ന് വെച്ച് ബുദ്ധിയില്‍ ഈ കുഞ്ഞുങ്ങള്‍ ഒട്ടും പിന്നിലായിരുന്നില്ല..നാല് വയസ്സാവുമ്പോഴേക്കും ഐ ക്യൂ ടെസ്റ്റ് റിസള്‍ട്ട് ലഭിക്കും..വമ്പിച്ച ഫീസുള്ള സ്‌കൂളുകളില്‍ ചേരാന്‍ അതും നിര്‍ബന്ധം..

അത്തരം കുഞ്ഞുങ്ങള്‍ വയസ്സാവുമ്പോ ഉപകരിക്കുമോയെന്നാണ് ഇപ്പഴും ബാക്കിയായ ചില മുത്തശ്ശിമാരുടെ ചോദ്യം..പൂച്ചയും കോഴിയും തിരിച്ചെന്തേലും കിട്ടിയിട്ടാണോ കുഞ്ഞുങ്ങളെ നോക്കുന്നത്, അല്ലെങ്കിലും നല്ല ഹൈ ടെക് വൃദ്ധസദനങ്ങള്‍ നാട്ടിലുള്ളപ്പോള്‍ എന്തിനാണ് ഓള്‍ഡ് ഏജിനെ ഇത്ര പേടി? ഇങ്ങനെയൊക്കെ ചോദിച്ചാണ് പുതുതലമുറ അവരുടെ വായടപ്പിക്കുക..

ഐ ടി ദമ്പതികള്‍ക്ക് മുടക്കാന്‍ അധികം പണമൊന്നുമുണ്ടായിരുന്നില്ല..അതുകൊണ്ടുതന്നെ ഒരു കരുമാടിക്കുട്ടനെയാണ് അവര്‍ സെലക്റ്റ് ചെയ്തത്..മതേഴ്‌സ് മില്‍ക്ക് ബാങ്കില്‍ അവര്‍ ഇരുനൂറു  മില്ലി പാലിന് ഓര്‍ഡര്‍ ചെയ്തു..വീട്ടില്‍ ഒരു ഹോം നാഴ്‌സുള്ളത് കൊണ്ട് കുഞ്ഞ് അവര്‍ക്ക് വല്യ ശല്യമാവില്ല..ലൈഫിന്റെ മടുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ രേഷ്മയാണ് ഒരു കുഞ്ഞിനെ വാങ്ങാമെന്ന് പ്രൊപോസ് ചെയ്തത്..അബുവിന് ഒട്ടുമില്ല താല്പര്യം..വാട്ട്‌സ് ആപ്പും സ്‌കൈപ്പും ഫെയ്‌സ് ബുക്കുമായി അവന് നിന്നു തിരിയാന്‍ സമയമില്ല..രേഷ്മക്ക് അതെല്ലാം മടുത്തിരിക്കുന്നു. അതിനിടെ ഒരാളെ പ്രേമിച്ചും നോക്കി. എല്ലാം വിരസതയായപ്പോഴാണ് ഒരു കുഞ്ഞിനെ വാങ്ങാന്‍ തീരുമാനിച്ചത്..അഞ്ചു വയസ്സ് വരെ ഏതു സമയത്തും റീസെയില്‍ വാല്യുവുമുണ്ട്..കുട്ടിക്ക് മാറാവ്യാധികളൊന്നും പിടിപെടരുതെന്നു മാത്രം..ആറു വയസ്സ് മുതല്‍ പതിനെട്ടു വരെയുള്ള കുട്ടികളെയും വേണമെങ്കില്‍ വാങ്ങാവുന്നതെയുള്ളൂ. അവര്‍ അത്ര വിലപിടിച്ചതല്ല..ഉടമസ്ഥരില്‍ നിന്ന് ശാരീരികവും മാനസികവുമായ വല്ല  പീഡനമോ അവയവാപഹരണം പോലുള്ള വല്ല തട്ടിപ്പോ നേരിടേണ്ടി വന്നാല്‍ ശിക്ഷ അതികഠിനമായിരിക്കുമെന്നതിനാല്‍ ബാല്യങ്ങള്‍ നിര്‍ഭയരായിരുന്നു..വാര്‍ദ്ധക്യവും വൃദ്ധസദനങ്ങളില്‍ ഏറ്റവും നന്നായി പരിചരിക്കപ്പെട്ടു..രോഗികള്‍ക്കും  ആശുപത്രികള്‍ പല നിലവാരത്തില്‍ ലഭ്യമാണ്..
ചില അപൂര്‍വജീവികളെ മാത്രമാണ് മടുപ്പും ഏകാന്തതയും അലട്ടിയത്..മറ്റെല്ലാവരും ആനന്ദങ്ങളില്‍ ആറാടി തീര്‍ക്കുകയാണ് സമയത്തെ..വായിക്കുന്ന ദുശ്ശീലങ്ങളൊന്നും ആര്‍ക്കും ഇല്ലാത്തതിനാല്‍ സാഹിത്യപുസ്തകങ്ങളൊന്നും കാണാന്‍ പോലും കിട്ടില്ല..എന്തു കൊണ്ടാണ് ചിലര്‍ കലയുടെ ഭ്രാന്തുമായി ജനിക്കുന്നത് എന്നാണ് ശാസ്ത്രം അഗാധമായി ചിന്തിച്ചുകൊണ്ടിരിക്കുന്നത്..അവരുടെ ഉയര്‍ന്ന ഐ ക്യൂ കൂടി ഉല്പാദനമേഖലകളിലേക്ക് തിരിച്ചു വിട്ടാല്‍ രാജ്യം പിന്നെയും പുരോഗതി പ്രാപിക്കില്ലേ എന്നാണവരുടെ ചോദ്യം ..

വീട്ടിലെത്തിയ മുതല്‍ കറുത്ത കുഞ്ഞ് കരയാന്‍ തുടങ്ങി..ഷോപ്പിംഗ് മാളില്‍ അവരെന്തോ പില്‍ കൊടുത്ത് കുട്ടികളെ ശാന്തരാക്കുകയാവും –രേഷ്മ വിചാരിച്ചു..ഡേനൈറ്റ് ഷിഫ്റ്റുകള്‍ മാറിമാറിയുള്ള ജോലിയായതുകൊണ്ട് ഉറക്കം അവള്‍ക്ക് പ്രെഷ്യസ് ആണ്..പക്ഷെ വാതില്‍ കുറ്റിയിട്ടാലും കറുമ്പന്റെ അലറല്‍ കരിങ്കല്‍ ചീളുകളായി ഉറക്കിനെ പൊറുതി കെടുത്തും ..ചാടിയെഴുന്നേറ്റ് അവള്‍ ഹോം നഴ്‌സിനെ ശകാരിക്കും..അവരും ഒട്ടും വിട്ടു കൊടുക്കില്ല..ആരും ആരുടേയും അടിമയൊന്നുമല്ലല്ലോ..നിശ്ചിത തുകക്ക് ഓരോരുത്തരും അവരവരുടെ അധ്വാനം  സമയം ഒക്കെ വില്‍ക്കുന്നു..രണ്ട് ആഴ്ച ഇങ്ങനെ വഴക്കുകളുടെ കിടിലന്‍ എപ്പിസോഡുകളായി കടന്നു പോയി..അതോടെയാണ് അവള്‍ കുഞ്ഞിനെ റീ സെയില്‍ ചെയ്യാന്‍ തീരുമാനിച്ചത്..സെയിം ഷോ റൂമാവുകയാണ് എളുപ്പം..നഴ്‌സും അതിനോട് വേഗം യോജിച്ചു.'പൈസയുണ്ടാവുമ്പോ വേറൊന്നിനെ വാങ്ങാം കൊച്ചേ ..ഇതേതോ പിശാചിന്റെതാ..'

അബു റൂമില്‍ അടച്ചിരിപ്പാണ്..വല്ല വീഡിയോ കോളുമാകും..രണ്ടു പേരും പരസ്പരം പേര്‍സണല്‍ കാര്യങ്ങളില്‍ ഇടപെടാത്തത് കൊണ്ട് അവര്‍ക്കിടയില്‍ വഴക്കില്ല..ഷോ റൂമില്‍ അവരെത്തിയപ്പോള്‍ കുഞ്ഞുങ്ങള്‍ ഏതാണ്ട് തീര്‍ന്നു കഴിഞ്ഞിരുന്നു.

'എത്ര പണം തിരിച്ചു കിട്ടും?'

'കറുത്തതില്‍ ഏറ്റവും നല്ല ഇനത്തിനെയാണ് മാഡം നിങ്ങള്‍ക്കു നല്‍കിയത്..പതിനായിരം എങ്ങനെയും കുറയും ..പണം നിങ്ങളുടെ അക്കൌണ്ടിലെത്തിക്കോളും..'

രേഷ്മക്ക് ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു..റിഫ്രെഷ് ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു..ഓക്‌സിജന്‍ പാര്‍ലറില്‍ കയറി പതിനഞ്ചു മിനുറ്റ് റീചാര്‍ജ് ചെയ്തിട്ടും എന്തോ ഒരു നഷ്ടബോധത്താല്‍ കണ്ണുകള്‍ കടഞ്ഞു..നാശം , ഇനി അവിടേം കയറണം ..രോഷത്തോടെ അവള്‍ മനസ്സിലോര്‍ത്തു ..

ടിയര്‍ ഡ്രോപ്പ്‌സ് എന്ന വമ്പല്‍ കടയുടെ മുമ്പില്‍ അവളുടെ കാര്‍ നിന്നു..അവളുടെ കണ്ണുകളിലേക്ക് യന്ത്രക്കൈകള്‍ അഞ്ചു തുള്ളി കണ്ണീര്‍ ഇറ്റിച്ചു..കണ്ണുകള്‍ ആശ്വാസത്തോടെ ഒരു മിനിറ്റ് കരഞ്ഞു ..തൊണ്ടയില്‍ നിന്ന് ഒരു കനമൊഴിഞ്ഞ പോലെ ..വാട്ടര്‍ പാര്‍ലറില്‍ നിന്ന് ഒരാഴ്ചത്തേക്കുള്ള ശുദ്ധജലവുമായി കാറില്‍ കയറവേ അവള്‍ കുണ്ഠിതപ്പെട്ടു –മടുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഇനിയെന്താണ് മാര്‍ഗം?പണ്ടെന്നോ താന്‍ ചിത്രം വരച്ചിരുന്നതായി അവള്‍ക്ക് തോന്നി ..പല മാളുകളിലും അവള്‍ ബ്രഷും പെയിന്റും തേടി നടന്നു ..എല്ലായിടത്തും ഒരേ മറുപടിയാണ് കേട്ടത് –പ്രയോജനമില്ലാത്ത എല്ലാ ജോലികളും സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു മാഡം ..ടൈം ഈസ് വെരി പ്രെഷ്യസ്...

മടുപ്പിന്റെ പാമ്പിന്‍ വായില്‍ ഇരുന്നു കൊണ്ട് െ്രെഡവ് ചെയ്യവേ പെട്ടെന്നവള്‍ക്ക് അവളുടെ ബെഡ്‌റൂം ഓര്‍മ വന്നു..താനിത്ര നാളും ഒരു ശവകുടീരത്തിലാണ് താമസിച്ചിരുന്നത്..താന്‍ ഒരു പ്രേതമാണ് ..

അവള്‍ തിരിഞ്ഞു നോക്കി ..ഹോം നഴ്‌സ് സുഖമായി ഉറങ്ങുന്നു ..ദംഷ്ട്രകള്‍ ഇറങ്ങിയ ചുണ്ടുകള്‍ ..അവള്‍ സ്വന്തം മുഖവും കണ്ണാടിയില്‍ അതേപോലെ കണ്ടു ..ഹാ ഹാ ഹാ ..അലറിച്ചിരിച്ചുകൊണ്ട് ജീവിതമെന്ന അസംബന്ധത്തെ കഠിനമായി പരിഹസിക്കാന്‍ അവള്‍ വൃഥാ ശ്രമിച്ചു ...       


2015, ജൂൺ 17, ബുധനാഴ്‌ച

ആത്മരോഷം(കഥ)


 മയ്യത്ത് കട്ടില്‍ തോളില്‍ വച്ചവരുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെയായിരുന്നു അയാളുടെ സ്ഥാനം .മക്കളില്ലാത്ത ആമിനുമ്മാനെ ബന്ധുക്കള്‍ തന്നെയാണല്ലോ പള്ളിപ്പറമ്പിലേക്ക് എത്തിക്കേണ്ടത് .ഒരു പിടി മണ്ണ് മുഖത്തിട്ട് പോരേണ്ടത്.പറഞ്ഞു വരുമ്പോള്‍ അയാളുടെ ഭാര്യയുടെ അമ്മായിയാണ് ആമിനുമ്മ .ഭാര്യമാര്‍ അയാള്‍ക്ക് മൂന്നാലെണ്ണമുണ്ട്.ഓരോ സാമ്പത്തികപ്രതിസന്ധിയും അയാള്‍ നീന്തിക്കടന്നത് വിവാഹങ്ങളിലൂടെയാണ് .രണ്ടു ലക്ഷവും മുപ്പത് പവനും കുറച്ച് എവിടുന്നും വാങ്ങാറില്ല ..എല്ലാം കൂടി ബാങ്കിലിട്ടാല്‍ ശിഷ്ടായുസ്സിന് ആ കാശ് മതിയായേനെ .പറഞ്ഞിട്ടെന്ത് , കര്‍ക്കിടക മഴയില്‍ മണ്ണ്  ഒലിച്ചുപോകുംപോലെയാണ് അയാടെ കയ്യീന്ന്  പണം ചോര്‍ന്നു പോകുക .എല്ലാ ആര്‍ഭാടങ്ങളും ആവശ്യത്തിനുണ്ടല്ലോ, കുടിയായാലും മയക്കായാലും ..
ചിറ്റ് നിറഞ്ഞ, ഇരുനിറത്തിലുള്ള , ചോരയില്‍ കുളിച്ച ,അമ്മായിയുടെ ചെവി അയാളുടെ ഉള്ളില്‍ ഇടയ്ക്കിടെ മിന്നി മാഞ്ഞു ..മറ്റേ ചെവി കൂടി അറുക്കാന്‍ തുടങ്ങുമ്പോഴാണ് എന്തോ ശബ്ദം കേട്ടത് ..ഇരുട്ടില്‍ തപ്പിത്തടഞ്ഞ് ഓടി രക്ഷപ്പെട്ടത് ..മാലയുടെയും നാല് വളയുടെയും കൂടെ ചോന്നു പോയ ആ ചിറ്റുകളും..മാംസത്തില്‍ നിന്ന് വേര്‍പെടുത്താന്‍ കുറെ കഷ്ടപ്പെട്ടു..എന്നിട്ടും വിചാരിച്ച സംഖ്യ ഒത്തില്ല .കുറച്ച് കടം ഉണ്ടായിരുന്നു ..സ്വര്‍ണം വിറ്റ് കിട്ടിയത് വെറും അമ്പതിനായിരം ..
മൂന്നാം ഭാര്യക്ക് ഫോണ്‍ ചെയ്തപ്പോഴെല്ലാം സൂത്രത്തില്‍ ചോദിച്ചു കൊണ്ടിരുന്നു ,എപ്പഴാ മരിച്ചു കിടക്കണത് കണ്ടത് ..അവിടെ വേറെയാരും ഉണ്ടായിരുന്നില്ലേ ..'അവള്‍ കരഞ്ഞു ,വല്ലാതെ പേടിച്ചു പോയിരിക്കുന്നു പാവം ..

'ഇങ്ങള്‍ വെക്കം വെരീ..സ്വര്‍ണം കിട്ടാനാണേലോ ആ നശിച്ചോന്‍ അമ്മായിയെ കൊന്നത് ..'

'എന്നിട്ട് ?പോലീസ് വല്ലോരേം പിടിച്ചോ?'

'ഇല്ല .പോലീസ് വണ്ടി ഇബടാകെ പരക്കം പായാ ..'

സംശയക്കണ്ണുകള്‍ അയാളുടെ നേരെയില്ലെന്ന് നൂറു തവണ ബോധ്യമായതില്‍ പിന്നെയാണ് ഒളിയിടത്തില്‍ നിന്ന് പുറത്തിറങ്ങിയത് ,മയ്യിത്ത് സംസ്‌കാരത്തില്‍ സജീവമായത് ..ചെറിയൊരു കുറ്റബോധം ഇല്ലാതില്ല ..ചോരച്ച ചിറ്റുകള്‍ ഏതു നേരവും മനസ്സില്‍ പതിയെ ഇളകുന്നു ..ആദ്യത്തെ മോഷണശ്രമം തന്നെ ഇങ്ങനെ കൊലപാതകത്തില്‍ കലാശിക്കുമെന്ന് കരുതിയതല്ല ..വാതില്‍ പോലും നേരെ അടക്കാറില്ല അമ്മായി .ഒരാഴ്ചത്തെ നിരീക്ഷണം കൊണ്ടാണ് എല്ലാം മനസ്സിലാക്കിയത് ..രാത്രി എട്ടു മണിക്കാണ് തൊഴുത്തിലെ പണി തീര്‍ത്ത് മൂപ്പത്തി അകത്ത് കയറിയത് .പിന്നാലെ കയറുമ്പോള്‍ മെയിന്‍ സ്വിച്ച് ഓഫാക്കാന്‍ മറന്നില്ല .അമ്മായി പിരാകിക്കൊണ്ടിരുന്നു ;

'ഈ ബലാലീങ്ങക്ക് കായി എണ്ണി മാങ്ങാനേ അറ്യൂ.മന്‍സന്‍ കത്തിക്കണ നേരല്ലേ വെള്‍ച്ചം മാണ്ട്യത്..'

അവര്‍ ടോര്‍ച്ച് ലൈറ്റില്‍ ചോറ് തിന്നുമ്പോഴാണ് കയ്യില്‍ കിട്ടിയ നിസ്‌കാരക്കുപ്പായം കൊണ്ട് മുഖം പൊത്തിപ്പിടിച്ചത്.ബോധം  കെട്ടാല്‍ കാര്യം എളുപ്പമാകൂലോ .പക്ഷെ ,കിളവിയായിട്ടും എന്താ കരുത്ത് ..പശുവുമായല്ലേ കൂട്ട് .നിസ്‌കാരക്കുപ്പായം മുഖത്ത്ന്ന് വലിച്ചു മാറ്റി അവര്‍ അലറി വിളിച്ചു .പിന്നെ ആലോചിക്കാനൊന്നുമില്ല ,തന്റെ ബലിഷ്ഠമായ കൈകള്‍ അവരുടെ ചങ്ക് ഞെരിച്ചു .അഞ്ചു നിമിഷം കൊണ്ട് ബോധമറ്റ് നിലത്തു വീണു..പിന്നെ എല്ലാം എളുപ്പമായിരുന്നു ..ചിറ്റ് ഉള്ള മറ്റേ കാതും അറുത്തെടുക്കാന്‍ പറ്റാത്തതായിരുന്നു വല്യ സങ്കടം ..ബാക്കി കടം വീട്ടാന്‍ ഇനി മറ്റൊരു കല്യാണം നോക്കേണ്ടി വരും ..ഇപ്പണിക്ക് റിസ്‌ക് കൂടുതലാ ..

രണ്ടാഴ്ച കഴിഞ്ഞ് പേപ്പറിന്റെ മുന്‍പേജില്‍ തന്നെ വൃദ്ധയെ ശ്വാസം മുട്ടിച്ചു കൊന്ന ആള്‍ പിടിയില്‍ എന്ന വാര്‍ത്ത കണ്ട് അയാളുടെ കണ്ണ്! തള്ളിപ്പോയി ..ഏതോ ഒരു തമിഴനാണ് ,ആള്‍ മുമ്പും പല മോഷണങ്ങളും നടത്തിയിട്ടുണ്ട് ..

ഹാവൂ ..ആശ്വാസത്തിന്റെ ഒരു കുളിരല അയാളെ തൊട്ടു .നാട്ടുകാര്‍ പ്രതിയെ കൈകാര്യം ചെയ്തു എന്ന അവസാന വാക്യത്തില്‍ കണ്ണു മുട്ടി നില്‍ക്കെ അയാള്‍ക്കും കൈ തരിച്ചു ..'അയാളെ കയ്യില്‍ കിട്ടിയാല്‍ മൂക്കുപാലം അടിച്ചു തകര്‍ക്കണം ..ഈ നാട്ടിലെന്താ പെണ്ണുങ്ങള്‍ക്കും വയസ്സായോര്‍ക്കും കള്ളന്മാരെ പേടിക്കാതെ ജീവിക്കാന്‍ കഴിയില്ലേ ..  'ഉറക്കെ ആക്രോശിച്ചു കൊണ്ട് അയാള്‍ മുന്നിലെ മേശയില്‍ ആഞ്ഞടിച്ചു .........................

2015, ജൂൺ 6, ശനിയാഴ്‌ച

തിരശ്ശീലയ്ക്കപ്പുറം(കഥ)


'പിഞ്ചു ഹൃദയം ദേവാലയം ...'മധുരശബ്ദത്തില്‍ അവര്‍ പാടിക്കൊണ്ടിരുന്നു ..കലങ്ങിയ
 കണ്ണുകളില്‍ നഷ്ടബോധം പുകഞ്ഞു ..എണ്ണമിനുപ്പുള്ള കണ്‍തടങ്ങള്‍ കുഴിഞ്ഞിരിക്കുന്നു ..

'ചേച്ചിക്ക് കുട്ടികളുണ്ടോ ..?'

വട്ടത്തിലിരിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ ഒരു ചോദ്യബോംബെറിഞ്ഞു ..

'ഇല്ല ,ഈ ഭൂമിയിലെ എല്ലാ ബന്ധങ്ങളും സ്വാര്‍ഥമാണ്..മാതാപിതാക്കള്‍ മക്കളെ പോറ്റുന്നത് അവര്‍ വാര്‍ധക്യത്തില്‍ തണലാകുമെന്ന പ്രതീക്ഷയിലാണ് ..ഒരു മുഴം നീട്ടിയെറിയല്‍..ഭാര്യാഭര്‍തൃബന്ധം നിലനില്‍ക്കുന്നത് തന്നെ പരസ്പരം ലഭിക്കുന്ന ആനന്ദത്തിന്റെ തോതനുസരിച്ചാണ് ..വയസ്സായവരെ പലരും ഉപേക്ഷിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല –ലാഭകരമായി ഒന്നും ആ ചുളിഞ്ഞ ദേഹങ്ങളില്‍ നിന്ന് കിട്ടാനില്ല ..'

എത്ര ശരി , എനിക്കവരോട് വല്ലാത്ത ആദരവ് തോന്നി ..എല്ലാ ആഴ്ചയും അവര്‍ സ്വാമിയുടെ പ്രഭാഷണം കേള്‍ക്കാന്‍ പോകാറുണ്ട് ..                   

'ആശ്രമത്തിന്  അവര്‍ സ്വത്തൊക്കെ  എഴുതിക്കൊടുത്തു ..അതാ ഭര്‍ത്താവ് അവരോട് പിണങ്ങാന്‍ കാരണം ..'   അവരുടെ നാട്ടുകാരിയായ പെണ്‍കുട്ടി പറഞ്ഞു ..

'വീട്ടില്‍ നിന്ന് ഇറക്കി വിട്ടോ? അതാണോ ഈ ഹോസ്റ്റലില്‍ വന്നു നില്‍ക്കുന്നത് ?'

'ഇറക്കി വിട്ടതൊന്നുമല്ല, രണ്ടാളും അധികദിവസവും വഴക്കായിരിക്കും ..അവസാനം മൂപ്പത്തി തന്നെയാ ഇറങ്ങിപ്പോയത് ..'

'എങ്കില്‍ പിന്നെ ആശ്രമത്തില്‍ പോയി താമസിച്ചു കൂടെ ?'

'അതു തന്നെയാ പ്ലാന്‍ ,ഗൃഹസ്ഥാശ്രമത്തില്‍ നിന്ന് പൂര്‍ണമായും മോചിതമായിട്ടില്ലത്രെ ..ഇന്നലേം  മൂപ്പത്തി എന്നോട് ചോദിച്ചു അവരുടെ ഭര്‍ത്താവ് വേറെ കല്യാണമാലോചിക്കുന്നുണ്ടോ എന്നും മറ്റും ..'

കഷ്ടം ,അവര്‍ ഇപ്പോഴും അയാളെ സ്‌നേഹിക്കുന്നുണ്ടാവണം..എനിക്കു വല്ലാത്ത സങ്കടം തോന്നി ..പരീക്ഷയാണ് ,പന്ത്രണ്ടു മണിക്കാണ് കിടന്നത് ..ഒരു കല്യാണത്തിന്റെ തുരുമ്പെടുത്ത കൊളുത്ത് ഊരിയെറിഞ്ഞാണ് ഞാനും പഠിക്കാനെത്തിയിരിക്കുന്നത്..ഇവിടെയാരും അറിഞ്ഞിട്ടില്ലെന്ന് മാത്രം ..അയാളും വേറൊരു പെണ്ണ് കെട്ടിയെന്ന് കേള്‍ക്കുന്നു ..

ഒരു ഭീകരസ്വപ്നം കണ്ട് അലറിവിളിച്ചാണ് ഉണര്‍ന്നത് ..അത്ഭുതം തന്നെ ,ഇത്രയൊക്കെ ഒച്ചയെടുത്തിട്ടും ആരും ഉണര്‍ന്നിട്ടില്ല ..കിടക്കുമ്പോള്‍ അവര്‍ ദീപത്തെ സ്പീഡില്‍ പ്രദക്ഷിണം വെക്കുകയായിരുന്നു ..നോക്കിയിരിക്കെ എനിക്ക് തല ചുറ്റാന്‍ തുടങ്ങി ..ആ സാരിത്തുമ്പിന് ഇപ്പോള്‍ തീ പിടിക്കും ..എന്നും രാവിലെ അര മണിക്കൂറോളം വെറും കണ്ണാല്‍ സൂര്യനെ നോക്കി കണ്ണീരൊലിപ്പിക്കുന്നത് കാണാം ..അവര്‍ ആരെയാണ് ശിക്ഷിക്കുന്നത്?

സ്വപ്നത്തില്‍ അവര്‍ തന്നെയായിരുന്നു ..മുഖം തീജ്വാലയായ് തിളങ്ങുന്നുണ്ടായിരുന്നു ..ഉണ്ടക്കണ്ണ് ഉരുട്ടി അവരെന്റെ കഴുത്തില്‍ പിടി മുറുക്കിയിരുന്നു..

ഉണര്‍ന്നിട്ടും ഭയത്താല്‍ ഞാന്‍ കിതച്ചു ..റൂം മേറ്റ് വിവരം വാര്‍ഡനോട് പറയുമെന്ന് കരുതിയതല്ല ..വാര്‍ഡന്‍ അവരോട് കയര്‍ക്കുന്നത് കെട്ടു –കുട്ടികളെ പേടിപ്പിക്കാനാണോ നിങ്ങള്‍ നേരം കെട്ട നേരത്തൊക്കെ പൂജകള്‍ ചെയ്യുന്നത് ..ഇങ്ങനെ തുടങ്ങിയാല്‍ വേറെ ഹോസ്റ്റല്‍ നോക്കേണ്ടി വരും ..

രാത്രി –ആ സൈഡ്‌റൂമിലേക്ക് പാളി നോക്കി –റൂമെന്നും പറഞ്ഞൂട ,അരഭിത്തിയേയുള്ളൂ ...ഫീസ് മര്യാദക്ക് കൊടുത്താലും സൌകര്യമൊക്കെ ഒരു കണക്കാണ്..ഒരു ഹാളിനുള്ളിലാണ് ഞങ്ങള്‍ അഞ്ചു പേര്‍ ..മുടിഞ്ഞു പോയ ഒരു കുടുംബത്തിന്റെ വീടാണ് ഹോസ്റ്റലാക്കിയിരിക്കുന്നത് ..അടുക്കളയുടെ റാക്ക് നിറയെ മദ്യക്കുപ്പികള്‍ ..കുടുംബനാഥന്‍ കുടിച്ചു കുടിച്ചു മരിച്ചെന്നും കേള്‍ക്കുന്നു..ഓരോ വീടിനും എത്ര കഥകളാണ് പറയാനുണ്ടാവുക ..

പ്രദക്ഷിണത്തിന് ഒന്നൂടെ വേഗം കൂടിയിരിക്കുന്നു ..മുഖത്ത് എല്ലാ വികാരങ്ങളെയും വിഴുങ്ങി രൌദ്രഭാവം കല്ലിച്ചു കിടക്കുന്നു ..കത്തുന്ന കണ്ണുകളിലെ തീനാളം ഈ കെട്ടിടത്തെയും ചാമ്പലാക്കിയേക്കും..ആരെയും കുറ്റപ്പെടുത്താനില്ല ,,സന്തോഷം ,സ്‌നേഹം ,ഇതൊക്കെ എല്ലാവരും ആഗ്രഹിക്കുന്നു ..അതെല്ലാം ഒരു കാര്യവുമില്ലാതെ നിഷേധിക്കുന്ന ദൈവത്തോടല്ലാതെ ആരോടാണ് നമ്മള്‍ കയര്‍ക്കുക ..

കല്ലിച്ച ആ ഹൃദയവും ചിരികളുടെ കിലുക്കം ആശിക്കുന്നുണ്ടാവില്ലേ ..മുകളില്‍ നിന്ന് എപ്പോഴും പരിഹാസശരങ്ങള്‍ എയ്യുന്ന  ആ മഹാശക്തിയെ ഗോഷ്ടി കാണിച്ചു കൊണ്ട് ....................