'പിഞ്ചു ഹൃദയം ദേവാലയം ...'മധുരശബ്ദത്തില്‍ അവര്‍ പാടിക്കൊണ്ടിരുന്നു ..കലങ്ങിയ
കണ്ണുകളില്‍ നഷ്ടബോധം പുകഞ്ഞു ..എണ്ണമിനുപ്പുള്ള കണ്‍തടങ്ങള്‍ കുഴിഞ്ഞിരിക്കുന്നു ..
'ചേച്ചിക്ക് കുട്ടികളുണ്ടോ ..?'
വട്ടത്തിലിരിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ ഒരു ചോദ്യബോംബെറിഞ്ഞു ..
'ഇല്ല ,ഈ ഭൂമിയിലെ എല്ലാ ബന്ധങ്ങളും സ്വാര്‍ഥമാണ്..മാതാപിതാക്കള്‍ മക്കളെ പോറ്റുന്നത് അവര്‍ വാര്‍ധക്യത്തില്‍ തണലാകുമെന്ന പ്രതീക്ഷയിലാണ് ..ഒരു മുഴം നീട്ടിയെറിയല്‍..ഭാര്യാഭര്‍തൃബന്ധം നിലനില്‍ക്കുന്നത് തന്നെ പരസ്പരം ലഭിക്കുന്ന ആനന്ദത്തിന്റെ തോതനുസരിച്ചാണ് ..വയസ്സായവരെ പലരും ഉപേക്ഷിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല –ലാഭകരമായി ഒന്നും ആ ചുളിഞ്ഞ ദേഹങ്ങളില്‍ നിന്ന് കിട്ടാനില്ല ..'
എത്ര ശരി , എനിക്കവരോട് വല്ലാത്ത ആദരവ് തോന്നി ..എല്ലാ ആഴ്ചയും അവര്‍ സ്വാമിയുടെ പ്രഭാഷണം കേള്‍ക്കാന്‍ പോകാറുണ്ട് ..
'ആശ്രമത്തിന് അവര്‍ സ്വത്തൊക്കെ എഴുതിക്കൊടുത്തു ..അതാ ഭര്‍ത്താവ് അവരോട് പിണങ്ങാന്‍ കാരണം ..' അവരുടെ നാട്ടുകാരിയായ പെണ്‍കുട്ടി പറഞ്ഞു ..
'വീട്ടില്‍ നിന്ന് ഇറക്കി വിട്ടോ? അതാണോ ഈ ഹോസ്റ്റലില്‍ വന്നു നില്‍ക്കുന്നത് ?'
'ഇറക്കി വിട്ടതൊന്നുമല്ല, രണ്ടാളും അധികദിവസവും വഴക്കായിരിക്കും ..അവസാനം മൂപ്പത്തി തന്നെയാ ഇറങ്ങിപ്പോയത് ..'
'എങ്കില്‍ പിന്നെ ആശ്രമത്തില്‍ പോയി താമസിച്ചു കൂടെ ?'
'അതു തന്നെയാ പ്ലാന്‍ ,ഗൃഹസ്ഥാശ്രമത്തില്‍ നിന്ന് പൂര്‍ണമായും മോചിതമായിട്ടില്ലത്രെ ..ഇന്നലേം മൂപ്പത്തി എന്നോട് ചോദിച്ചു അവരുടെ ഭര്‍ത്താവ് വേറെ കല്യാണമാലോചിക്കുന്നുണ്ടോ എന്നും മറ്റും ..'
കഷ്ടം ,അവര്‍ ഇപ്പോഴും അയാളെ സ്‌നേഹിക്കുന്നുണ്ടാവണം..എനിക്കു വല്ലാത്ത സങ്കടം തോന്നി ..പരീക്ഷയാണ് ,പന്ത്രണ്ടു മണിക്കാണ് കിടന്നത് ..ഒരു കല്യാണത്തിന്റെ തുരുമ്പെടുത്ത കൊളുത്ത് ഊരിയെറിഞ്ഞാണ് ഞാനും പഠിക്കാനെത്തിയിരിക്കുന്നത്..ഇവിടെയാരും അറിഞ്ഞിട്ടില്ലെന്ന് മാത്രം ..അയാളും വേറൊരു പെണ്ണ് കെട്ടിയെന്ന് കേള്‍ക്കുന്നു ..
ഒരു ഭീകരസ്വപ്നം കണ്ട് അലറിവിളിച്ചാണ് ഉണര്‍ന്നത് ..അത്ഭുതം തന്നെ ,ഇത്രയൊക്കെ ഒച്ചയെടുത്തിട്ടും ആരും ഉണര്‍ന്നിട്ടില്ല ..കിടക്കുമ്പോള്‍ അവര്‍ ദീപത്തെ സ്പീഡില്‍ പ്രദക്ഷിണം വെക്കുകയായിരുന്നു ..നോക്കിയിരിക്കെ എനിക്ക് തല ചുറ്റാന്‍ തുടങ്ങി ..ആ സാരിത്തുമ്പിന് ഇപ്പോള്‍ തീ പിടിക്കും ..എന്നും രാവിലെ അര മണിക്കൂറോളം വെറും കണ്ണാല്‍ സൂര്യനെ നോക്കി കണ്ണീരൊലിപ്പിക്കുന്നത് കാണാം ..അവര്‍ ആരെയാണ് ശിക്ഷിക്കുന്നത്?
സ്വപ്നത്തില്‍ അവര്‍ തന്നെയായിരുന്നു ..മുഖം തീജ്വാലയായ് തിളങ്ങുന്നുണ്ടായിരുന്നു ..ഉണ്ടക്കണ്ണ് ഉരുട്ടി അവരെന്റെ കഴുത്തില്‍ പിടി മുറുക്കിയിരുന്നു..
ഉണര്‍ന്നിട്ടും ഭയത്താല്‍ ഞാന്‍ കിതച്ചു ..റൂം മേറ്റ് വിവരം വാര്‍ഡനോട് പറയുമെന്ന് കരുതിയതല്ല ..വാര്‍ഡന്‍ അവരോട് കയര്‍ക്കുന്നത് കെട്ടു –കുട്ടികളെ പേടിപ്പിക്കാനാണോ നിങ്ങള്‍ നേരം കെട്ട നേരത്തൊക്കെ പൂജകള്‍ ചെയ്യുന്നത് ..ഇങ്ങനെ തുടങ്ങിയാല്‍ വേറെ ഹോസ്റ്റല്‍ നോക്കേണ്ടി വരും ..
രാത്രി –ആ സൈഡ്‌റൂമിലേക്ക് പാളി നോക്കി –റൂമെന്നും പറഞ്ഞൂട ,അരഭിത്തിയേയുള്ളൂ ...ഫീസ് മര്യാദക്ക് കൊടുത്താലും സൌകര്യമൊക്കെ ഒരു കണക്കാണ്..ഒരു ഹാളിനുള്ളിലാണ് ഞങ്ങള്‍ അഞ്ചു പേര്‍ ..മുടിഞ്ഞു പോയ ഒരു കുടുംബത്തിന്റെ വീടാണ് ഹോസ്റ്റലാക്കിയിരിക്കുന്നത് ..അടുക്കളയുടെ റാക്ക് നിറയെ മദ്യക്കുപ്പികള്‍ ..കുടുംബനാഥന്‍ കുടിച്ചു കുടിച്ചു മരിച്ചെന്നും കേള്‍ക്കുന്നു..ഓരോ വീടിനും എത്ര കഥകളാണ് പറയാനുണ്ടാവുക ..
പ്രദക്ഷിണത്തിന് ഒന്നൂടെ വേഗം കൂടിയിരിക്കുന്നു ..മുഖത്ത് എല്ലാ വികാരങ്ങളെയും വിഴുങ്ങി രൌദ്രഭാവം കല്ലിച്ചു കിടക്കുന്നു ..കത്തുന്ന കണ്ണുകളിലെ തീനാളം ഈ കെട്ടിടത്തെയും ചാമ്പലാക്കിയേക്കും..ആരെയും കുറ്റപ്പെടുത്താനില്ല ,,സന്തോഷം ,സ്‌നേഹം ,ഇതൊക്കെ എല്ലാവരും ആഗ്രഹിക്കുന്നു ..അതെല്ലാം ഒരു കാര്യവുമില്ലാതെ നിഷേധിക്കുന്ന ദൈവത്തോടല്ലാതെ ആരോടാണ് നമ്മള്‍ കയര്‍ക്കുക ..
കല്ലിച്ച ആ ഹൃദയവും ചിരികളുടെ കിലുക്കം ആശിക്കുന്നുണ്ടാവില്ലേ ..മുകളില്‍ നിന്ന് എപ്പോഴും പരിഹാസശരങ്ങള്‍ എയ്യുന്ന ആ മഹാശക്തിയെ ഗോഷ്ടി കാണിച്ചു കൊണ്ട് ....................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ