ചരമപേജ് പോലെ ഒരു പീഡനപേജും അടുത്തിടെയായി
പത്രങ്ങള്‍ ആരംഭിച്ചു..നാട്ടില്‍ നിന്ന് അനുദിനം കാണാതാവുന്ന പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍,
കുരുന്നുകള്‍, വയസ്സര്‍ തുടങ്ങി എല്ലാവരും പീഡനപേജില്‍ സ്ഥാനം പിടിച്ചു. മൂന്നു
വയസ്സ് മുതല്‍ പത്ത് വരെ, പതിനൊന്നു മുതല്‍ ഇരുപത് വരെ, ഇരുപത്തൊന്നു മുതല്‍ നാല്‍പ്പത്
വരെ, നാല്പത്തൊന്നു മുതല്‍ എഴുപത് വരെ എന്നിങ്ങനെ പത്രങ്ങളില്‍ കോളം തരം തിരിച്ചത്
കൊണ്ട് നോക്കാനും എളുപ്പമായിരുന്നു. കിട്ടുന്ന വാര്‍ത്തകളെല്ലാം അതില്‍ ചേര്‍ത്തുകൊണ്ട്
പത്രക്കാരും അവരുടെ ധര്‍മം നിറവേറ്റി..
അയല്‍പക്കത്തെ സിനിമോളെ കാണാതായിട്ട് ഇപ്പോള്‍
അഞ്ചു ദിവസമായി.ദിവസവും ആ കുട്ടീടെ വല്ല വിവരവും ഉണ്ടോ എന്നു നോക്കലാണ് ഞങ്ങളുടെ
ജോലി. “ഇനീപ്പോ കിട്ടീട്ടെന്താ? ക്ലിപ്പിങ്ങുകള്‍ നെറ്റില്‍ പറന്നു നടക്കാവും..”
ഹരിയേട്ടന്‍ പിറുപിറുത്തു..ഞങ്ങളുടെ ഒരേയൊരു സന്തതി കമ്പ്യൂട്ടര്‍ ഗെയിമിന്‍റെ
യുദ്ധഭൂമിയില്‍ പട വെട്ടിക്കൊണ്ടിരിക്കുന്നു..
സ്വന്തമല്ലാത്തതൊന്നും അലട്ടാത്ത സ്വഭാവത്തില്‍
ഞങ്ങള്‍ പത്തില്‍ പത്താണു പൊരുത്തം..സീരിയലുകളെ വെല്ലുന്ന പത്രവാര്‍ത്തകള്‍ വളരെ
രസത്തോടെയാണ് ഞങ്ങള്‍ കട്ടന്‍ചായയോടൊപ്പം ചവച്ചിറക്കുന്നത്..”ദേ, ഇത് നോക്കിയേ
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നെന്ന്..” ഹരിയേട്ടന്‍ പേജിന്‍റെ ഒന്നാംകോളത്തിലേക്ക്
ചൂണ്ടിക്കൊണ്ട് പറഞ്ഞു. “ഓ, അതിപ്പം ഇത്ര പുതുമയാണോ,
ഞാന്‍ നിസ്സംഗം ചുണ്ട് കോട്ടി..ഈ പീഡനപേജുകളാണ് ഇപ്പോള്‍ എല്ലാ പത്രത്തിന്‍റെയും
സര്‍ക്കുലേഷന്‍ കൂട്ടുന്നത്..”
ഞാന്‍ പത്രം വാങ്ങി ഓരോ വാര്‍ത്തയും സൂക്ഷ്മം
നോക്കാന്‍ തുടങ്ങി.സിനിമോള്‍ ഞങ്ങള്‍ കാണാതെ പേപ്പറിന്‍റെ വല്ല മൂലയിലും
ഒളിച്ചിരിപ്പുണ്ടെങ്കിലോ ഏതായാലും ഒരു ദുഃഖം വന്നപ്പോഴെങ്കിലും ആ കെട്ടിലമ്മയുടെ
അഹന്തയൊന്നു കുറഞ്ഞു. കാണാന്‍ ചെന്നപ്പോ എന്തായിരുന്നു കെട്ടിപ്പിടുത്തോം കരച്ചിലും..കഴിഞ്ഞ
ആഴ്ചയാണ് ഞങ്ങളുടെ മാവിന്‍കൊമ്പ് വീണ് അവരുടെ സണ്‍ഷെയ്ഡ് പൊട്ടിയതിന് മൂപ്പത്തി
യുദ്ധമുണ്ടാക്കിയത്..സിനിമോള്‍ അകത്തിരുന്നു രസം പിടിച്ച് കാഴ്ച കാണുകയായിരുന്നു..
താനും വിട്ടുകൊടുത്തില്ല, “പോയി കേസ് കൊടുക്ക്, വെറുപ്പോടെ ഞാന്‍ ചീറി..”
“ഇത് നോക്ക് ഹരിയേട്ടാ, നാലാം കോളത്തിലെക്ക് ഞാന്‍
ചൂണ്ടി..എഴുപത് വയസ്സുകാരിയെ ക്ഷേത്രത്തിനടുത്ത് വച്ചു പീഡിപ്പിച്ചു, അവശയായ
സ്ത്രീ ആശുപത്രിയിലാണ്. ശാന്തി വൃദ്ധസദനത്തിലെ അന്തേവാസിനിയാണിവര്‍”
“നിങ്ങളുടെ അമ്മ ആ വൃദ്ധസദനത്തില്‍ അല്ലേ? ഒന്നു
വിളിച്ച് അന്വേഷിച്ചേക്ക്..”കുറച്ചു കഴിഞ്ഞപ്പോള്‍ ഹരിയെട്ടന്‍ ഫോണ്‍ ചെയ്യുന്നത് കേട്ടു, “സൂര്യ ആ ക്ലിപ്പിങ്ങുകള്‍ നീ എന്നയക്കും?
ആ പെണ്ണ് ഇതിലൂടെ കിണുങ്ങി നടക്കുമ്പഴെ ആശിച്ചതാ വിശദമായൊന്നു കാണാന്‍..”
അരിശം ഉള്ളില്‍ പതഞ്ഞെങ്കിലും മൂപ്പരെ മൂപ്പരുടെ
വഴിക്ക് വിട്ട് ഞാന്‍ മോഹനന് ഒരു മെസ്സേജ് അയച്ച. “ഇന്ന് നീ വരുമെന്ന് പറഞ്ഞില്ലേ.ഇങ്ങോട്ടു
വേണ്ട. ഇവിടെ ആകെ ബഹളം..ഞാന്‍ നിന്‍റെ വീട്ടില്‍ വരാം. പിന്നെ – ക്യാമറ കൊണ്ടൊന്നും
പണി തന്നേക്കല്ലേ ഞാനതിലും വലുത് നിനക്കിട്ടു തരും..ങ്ഹാ..”അവന്‍റെ മറുപടി കുറെ
സ്മൈലികളായിരുന്നു..അപ്പോള്‍ ഹരിയേട്ടന്‍റെ പതറിയ ശബ്ദം ദൂരെ നിന്നെന്നപോലെ കേട്ടു
–“അതെ സാര്‍, എന്‍റെ അമ്മ തന്നെ, വൃദ്ധസദനത്തില്‍ ആയിരുന്നു..ഇപ്പോ വരാം സാര്‍,
കേസൊന്നും ആക്കല്ലേ സാര്‍...”
അപ്പൊ അത് കണ്‍ഫേം ആയി.പാവം തള്ളയ്ക്ക് ഒടുക്കം
അങ്ങനെ അന്ത്യശ്വാസം വലിക്കാനായിരുന്നു യോഗം..നാണക്കേട്!ഇന്നൊന്നും ആ തള്ളയെ
ഇങ്ങോട്ടു കെട്ടിയെടുക്കാതിരിക്കട്ടെ, എല്ലാ പ്ലാനും തെറ്റും..അല്ലെങ്കില്‍ തന്നെ
കുടുമ്പത്തിനു കുറച്ചിലല്ലേ ഇതെല്ലാം ..മോഹനന് ഇഷ്ടമുള്ള മഞ്ഞസാരി ചുറ്റി ഞാന്‍
ഹരിയേട്ടനെ ഡയല്‍ ചെയ്തു..ചിലമ്പിച്ച സ്വരം ദൂരേന്ന് ചിതറി വീണു –“നിമ്മീ, അമ്മ
...അയാള്‍ ഒരു കരച്ചിലിലേക്ക് മറിഞ്ഞു വീഴും മുമ്പേ ഞാന്‍ കര്‍ക്കശയായി –“ഇനി
സെന്റിയടിച്ച് തള്ളയെ ഇങ്ങോട്ടു എഴുന്നള്ളിക്കേണ്ട , എല്ലാരും അറിഞ്ഞാ പിന്നെ തല
ഉയര്‍ത്താന്‍ പറ്റോ? വല്ല പബ്ലിക് ക്രീമറ്റോറിയത്തിലേക്കും അയച്ചേക്ക്..അല്ലെങ്കില്‍
മെഡിക്കല്‍കോളേജിനു കൊടുത്തേക്ക്, കുട്ടികള്‍ കീറി പഠിക്കട്ടെ, അല്ല പിന്നെ..”
അപ്പുറത്ത് നിന്ന് മൌനം സമ്മതമായി
ചിലമ്പി..വാനിറ്റിബാഗ് വീശിക്കൊണ്ട് ഞാന്‍ കാറില്‍ കയറി. സ്വര്‍ണത്തിലും പണത്തിലും
മൂടി പപ്പാ തന്നെ കൊടുത്ത അന്ന് പറിച്ചെടുത്തതാണ് ഞാന്‍ ഹരിയേട്ടന്‍റെ നാവ്..പാവം! സ്റ്റിയറിംഗിലേക്ക് നോക്കി ഞാന്‍
വെറുതെ പൊട്ടിച്ചിരിച്ചു.....................