Pages

2013, ഡിസംബർ 28, ശനിയാഴ്‌ച

പുഴയും അവളും(കഥ)


പുഴ രാത്രിയുടെ പുതപ്പിനെ കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു കളിക്കുകയായിരുന്നു.അടിയില്‍ നിന്നും മുകളിലേക്ക് പതഞ്ഞുയരുന്ന കൊടുംതണുപ്പ് വര്‍ഷക്കാലത്തു മാത്രം അതിന്റെ ഉള്ളില്‍ കനക്കും.രാത്രിയെ പുലരാനനുവദിക്കാതെ വാരിപ്പുണര്‍ന്നു കിടക്കാനായിരുന്നു അപ്പോഴൊക്കെയും അതിനിഷ്ടം.വെയിലും വേനലും അതിന്റെ സകല രഹസ്യങ്ങളും ചോര്‍ത്താന്‍ തുടങ്ങിയത് ഈയടുത്ത കാലം മുതലാണ്.മടിത്തട്ടില്‍ വിരൂപമായി തെറിച്ചു നില്‍ക്കുന്ന പാറകളും കല്ലുകളും മുള്‍പടര്‍പ്പും വെയിലിനോടൊപ്പം പുഴയെ പരിഹസിച്ചു: 'മുമ്പ് നീ മേഘങ്ങളോട് മേനി പറഞ്ഞിരുന്നില്ലേ, എത്ര വേണമെങ്കിലും കുടിച്ചോളൂ, നിന്റെ സ്ഫടികയുടുപ്പിന്റെ ഒരു പാളി പോലും ഉടഞ്ഞു തീരില്ലെന്ന്..എന്നിട്ടിപ്പോളെന്തു പറ്റി?'
 
'ഓ, അതൊരു കാലം..ഇപ്പോള്‍ എന്തെല്ലാം ദുരിതങ്ങള്‍..എപ്പോഴും വലിയ ടയറുകള്‍  അങ്ങോട്ടുമിങ്ങോട്ടുമുരുട്ടി ലോറികള്‍ കടത്തിക്കൊണ്ടു പോകുന്നു എന്റെ മണല്‍പാത്രങ്ങളത്രയും..വെള്ളം സൂക്ഷിക്കാന്‍ ഒരു പാളത്തൊട്ടിയേകുന്നതിനു പകരം വെയിലേ നീ കളിയാക്കുന്നതെന്ത്?'
രാത്രി-  കശപിശയും വിലപേശലും..എന്റെ വസ്ത്രത്തിന്റെ ഓരോ പാളിയും ചുരുട്ടിക്കൂട്ടി ഇവര്‍ കൊണ്ടു പോകും.സങ്കടം നദിയുടെ ഉള്ളില്‍ ചുഴലിയായി വട്ടം കറങ്ങി.തെളിഞ്ഞും കലങ്ങിയും ഒഴുകിയിരുന്ന ജലപ്പെരുമയുടെ ശീതത്തിലേക്ക് അത് കണ്ണടച്ചു .ഓരത്ത് കൂട്ടിയിട്ട തുണികള്‍ക്കിടയില്‍ കാറ്റിലിളകുന്ന ദുപ്പട്ടയുടെ അഗ്രം..എത്രയോ തവണ കണ്ടതെങ്കിലും വെറുതെ നീറ്റുന്നു ആ കാഴ്ചയെപ്പോഴും മനസ്സിനെ.. തന്റെ വയറില്‍ പുളച്ചു വളരുന്ന പാഴ്‌ചെടികള്‍ ഓരോ ഉടുപ്പൂരലിനും ശയ്യയൊരുക്കുന്നു..പാറയും മുള്‍ച്ചെടികളും മാത്രം ബാക്കിയായ നദി സ്ഫടികജലം ഉറന്നു വന്നിരുന്ന കുന്നിന്റെ, ചെന്നു ചേരുന്ന കടലിന്റെ ഒക്കെ സ്മരണയില്‍ ആണ്ടു മുങ്ങി കിടക്കവെ, ഉയരെ നിന്നെവിടുന്നോ മാലിന്യക്കൂമ്പാരം അവളുടെ നെഞ്ചിലേക്ക് പതിച്ചു.അല്ലെങ്കിലേ ഫാക്റ്ററികളും ആശുപത്രികളും അവയുടെ ദുര്‍ഗന്ധം നിറഞ്ഞ കറുത്ത കുഴലുകള്‍ അവളുടെ വയറിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്.
 
കെട്ട മണം കൊണ്ട് കരയില്‍ പോലും ഇപ്പോള്‍ ആരുമുണ്ടാകാറില്ല, ആ പെണ്‍കുട്ടിയല്ലാതെ..രാത്രി അവളെ തേടി വരുന്നവര്‍ക്കാകട്ടെ ദുര്‍ഗന്ധം ഒരു പ്രശ്‌നവുമല്ല മദിച്ചു നീന്തുന്ന പുഴുക്കള്‍, നാറുന്ന അഴുക്ക്..എന്നിട്ടും ഒരു ദിവസംആ കാഴ്ച പുഴയെ അമ്പരപ്പിച്ചു.വിസര്‍ജ്യങ്ങളില്‍ ഉദിച്ചു നില്‍ക്കുന്ന അനേകം വെള്ളപ്പൂക്കള്‍..ആ പെണ്‍കുട്ടി അത് കയ്യെത്തിച്ചു പറിക്കുന്നു.അഴുക്കില്‍ പൂണ്ട കാലുകള്‍ കറുത്തിരിക്കുന്നു. സ്മരണകളുടെ കയ്പത്രയും ചില്ലുതരികളായി അവളുടെ കണ്ണുകളില്‍ നിന്നും വീണുകൊണ്ടിരുന്നു.അദ്ഭുതം! ഒരു പ്രകാശവലയം അവളുടെ ശിരസ്സിനു ചുറ്റും നൃത്തം ചെയ്യുന്നുണ്ട്. സ്‌നേഹത്തോടെ ആ നേര്‍ത്ത കൈകളില്‍ സ്പര്‍ശിക്കാന്‍  വെമ്പി സരസി കിതച്ചൊഴുകി..നാറ്റം ചരല്‍മഴ പോലെ പെയ്തുപിന്നെയും പിന്നെയും...........  

2013, ഡിസംബർ 21, ശനിയാഴ്‌ച

വേര്‍പാടിന്റെ താഴ്വര(കഥ)



മഞ്ഞക്ലോക്കിന്റെ സൂചികള്‍ ഇടയ്ക്കിടെ ചില അക്കങ്ങളില്‍ ചുറ്റിപ്പിണഞ്ഞു, ഒരു നിമിഷത്തെ ചുംബനത്തിനു ശേഷം ടിക് ടിക് എന്നു പതുക്കെ പാദം ചലിപ്പിച്ചു. എന്താണ് ഉള്ളില്‍ കൊളുത്തി വലിക്കുന്നത്?ചങ്കില്‍ വന്നു കനക്കുന്നത്?നെഞ്ചില്‍ പാറ കണക്കെ അമരുന്നത്?ഈ താഴ്വര പണ്ടേ വേര്‍പാടിന്റെതായിരുന്നില്ലേ?അകലെയല്ലാത്ത നദിയുടെ വെള്ളിയാടകള്‍ ഉലയുന്ന ശബ്ദം കേട്ട്, വെള്ളിക്കൊലുസുകള്‍ കിലുങ്ങുന്നത് ശ്രവിച്ച്, അനന്തതയിലേക്കെന്നോണം യാത്ര തുടരവേ ഓര്‍മിച്ചതായിരുന്നില്ലേ ഈ വിരഹവും? വേര്‍പെടുമ്പോഴെല്ലാം സൂചികള്‍ അടുത്ത കൂടിച്ചേരലിനെയോര്‍ത്ത് ആശ്വാസം കൊള്ളുന്നുണ്ടാവും..ഒരിക്കല്‍ നിലച്ച യാത്രയുടെ ചെറിയ ചെറിയ ആഹ്ലാദങ്ങള്‍..
താഴ്‌വരയുടെ മുഗ്ദ്ധമായ പച്ചപ്പില്‍ മുഖം പൂഴ്ത്തി..വേനലിന്റെ ഉണക്കപ്പുല്ലിന്റെ വൈരൂപ്യത്തിലെക്ക് പലപ്പോഴും ഇടറി വീണ്..ഒടുക്കം മരുവിന്റെ വരണ്ട തൊലിയിലേക്കും ചുളിവിലേക്കുമാണോ എല്ലാ യാത്രകളും അവസാനിക്കുന്നത്? മണല്‍ക്കുന്നുകള്‍ക്കപ്പുറത്ത് നിന്നെങ്ങോ ചിറകു വിരിച്ചെത്തുന്ന ആ പക്ഷിയുടെ ഭീകരമുഖം മാത്രം ഉള്ളില്‍ ദര്‍ശിച്ച്..ഒരു ചെറുനിമിഷത്തിന്റെ വാസത്തിനു പോലും കാലപ്പെരുക്കം കൊടുക്കാന്‍ കഴിയുന്ന സൈകതഭൂവിന്റെ അലിവേതുമില്ലാത്ത മുഖം..
പെട്ടെന്ന് ക്ലോക്ക് നിശ്ശബ്ദമായി. ഒരു കിടിലം അവരെ ബാധിച്ചു.തന്റെ ഹൃദയസ്പന്ദനത്താലാണ് അത് ടിക് ടിക് എന്നു ശ്വസിക്കുന്നത്.പിന്നില്‍ നിന്ന് തണുത്തു ചുളിഞ്ഞൊരു കൈ അവരെ സ്പര്‍ശിച്ചു.മണല്‍ക്കാറ്റ് പറത്തിക്കയറ്റിയ തരികളാല്‍ ഈ മരുഭൂവില്‍ പലര്‍ക്കും ആന്ധ്യം ബാധിച്ചു തുടങ്ങി..ചവച്ചരച്ചും ഞെരിച്ചു തകര്‍ത്തും വീറു കാട്ടിയിരുന്ന ദന്തസൈന്യവും കൈ വിട്ട് തീര്‍ത്തും നിരായുധരാന് ഓരോരുത്തരും..
'ഞാനിന്നലെ കണ്ട സ്വപ്നം കേള്‍ക്കണോ വിമലേ,'  ശ്യാമള പതിവു പോലെ കിനാക്കളുടെ പൊതിയഴിച്ചു.ഇടറിയ ശബ്ദത്തില്‍ സ്ഫുടത നഷ്ടമായ വാക്കുകള്‍..'മിണ്ടാന്‍ വയ്യാത്തൊരു കുട്ടി തൂങ്ങിച്ചാകണതാ ഞാന്‍ കണ്ടത്.വാക്കുകള്‍ അവള്‍ക്ക് ചുറ്റും അശരീരിയായി നൃത്തം വച്ചു. എന്താ ഈ സ്വപ്നത്തിന്റെ അര്‍ഥം?'
'അപരിചിതരുടെ മരണം കിനാകണ്ടാല്‍ പരിചിതരുടെ മരണം കേള്‍ക്കുമെന്നാ..'അവര്‍ പിറുപിറുത്തു.കാറ്റില്‍ വെള്ളനൂലുകള്‍ ഇളകി നെറ്റിയിലേക്ക് വീണു.കറുപ്പും വെളുപ്പും നിറത്തിലുള്ള ഒരു ചിത്രത്തുന്നല്‍ പോലെയാണ് തലയിപ്പോള്‍. .താഴ്വരയിലായിരുന്ന പ്പോള്‍, നദീജലത്തിന്റെ കുളിര്‍കാറ്റ് താഴുകിയിരുന്ന കാലത്ത് തിങ്ങി ഇടതൂര്‍ന്ന മേഘക്കൂട്ടങ്ങളായിരുന്നു ശിരസ്സില്‍..അസൂയയോടെ നോക്കിയിട്ടുണ്ട് പലരും..മരുഭൂവാസക്കാലത്ത് എല്ലാ അഭിമാനങ്ങളും മിഥ്യയായിത്തോന്നും..പുച്ഛം ചുണ്ടുകളെ വക്രിപ്പിക്കും..വളഞ്ഞ രേഖകള്‍ കൈവഴികളായി മുഖത്തു നിന്നും പുറപ്പെടും. മൊട്ടിടുന്നതിന്റെ, പൂക്കാലത്തിന്റെ ആനന്ദങ്ങളിലേക്കെല്ലാം ഒരു ബൂമാറാന്‍ഗ് പരത്തിയെറിയും..
'സിക്‌സ്ത്തിലെ ഷീലവല്യമ്മ മരിച്ചതറിഞ്ഞില്ലേ?വല്യ കൂട്ടായിരുന്നില്ലേ രണ്ടാളും?'സിസ്റ്റര്‍ വെളുത്ത ചിറകുകളിളക്കി പതുക്കെ ചിരിച്ചു.മരണം ചിരിയുടെ വെളുപ്പിലേക്ക് കൂട് മാറിയോ?മണലാരണ്യത്തില്‍ ശീലങ്ങളെല്ലാം തല തിരിഞ്ഞാണ്.ഓരോ മൃത്യുവും സിസ്റ്റമാര്‍ക്ക് ആശ്വാസമാണേകുക.പുതിയൊരാള്‍ എത്തും വരെയെങ്കിലും സുഖമായൊന്നുറങ്ങാമല്ലോ..പക്ഷെ, കൂറ്റന്‍ പക്ഷി എല്ലായിടത്തും മുട്ടിയറിയിച്ചാവണം, പിറ്റേന്ന് നേരം വെളുക്കുമ്പോഴെക്ക് ഓഫീസിനു മുമ്പില്‍ ഒരു കാര്‍ വന്നു നില്‍ക്കും.ഡോര്‍ തുറന്നതും ചവിട്ടിയിറക്കപ്പെട്ടതു പോലെ വിവശമായൊരു ശരീരം,വെള്ള വസ്ത്രത്തില്‍..വെളുത്ത വാതിലുകള്‍, ചുമരുകള്‍, ചെടികളില്‍ വിരിയുന്നത് പോലും വെളുത്ത പൂക്കള്‍..വാര്‍ധകത്തെ ഇങ്ങനെ വെളുത്ത കൊക്കൂണിലേക്ക് തിരുകിക്കയറ്റിയത് ആരാണ്?
ഓരോരുത്തര്‍ക്കുമുണ്ട് നന്ദിയില്ലായ്മയുടെ കഥകള്‍ പറയാന്‍..ആവുന്ന കാലത്ത് സില്‍ക്കു നൂലുകള്‍ ചുരത്തി, ക്ലേശക്കല്ലുകളില്‍ ചവിട്ടി, ചതുപ്പില്‍ വീണ്..മക്കളില്ലാത്തതിനാല്‍ ഒരു തത്വജ്ഞാനിയുടെ മട്ടില്‍ കേട്ടിരിക്കും.
'ഒക്കെ ഓരോ വ്യാമോഹല്ലേ?പൂച്ചയും നായയും തിരിച്ചെന്തെങ്കിലും കിട്ടിയിട്ടാണോ മക്കളെ പോറ്റുന്നത്?നമ്മെപ്പോലെ അവ കണക്ക് വെക്കുന്നില്ല..'
ഒരദ്ഭുതജീവിയെന്നോണം എല്ലാവരും തന്നെ തുറിച്ചു നോക്കി.ഈ നോട്ടം എന്നും തന്റെ പിന്നാലെയുണ്ടായിരുന്നു.തന്റെ ഓരോ അഭിപ്രായവും അവരുടെ ശീലങ്ങളോട് ഇടയുന്നത് കണ്ട് കോപക്കണ്ണുകളോടെ അവര്‍ ചുഴിഞ്ഞു നോക്കി.
'ഓരോ പഞ്ചായത്തിലും വേണം വൃദ്ധസദനങ്ങള്‍.അമ്പത് വയസ്സാവുമ്പോ ആരുടേയും പ്രേരണയില്ലാതെ കുട്ടികള്‍ സ്‌കൂളില്‍ ചേരുമ്പോലെ പഴയ സ്ലെയിറ്റ് പൊടി തട്ടിയെടുത്ത്..അതു വരെ പഠിച്ചതെല്ലാം ഒന്നൂടെ വായിക്കാന്‍..തിരുത്തിയെഴുതാന്‍..ഒരേ തൂവല്‍ പക്ഷികളായി, വെളുത്ത ശലഭങ്ങളായി, പാറിക്കളിക്കാലോ നമുക്കിവിടെ..'
പകച്ച അവരുടെ കണ്ണുകളില്‍ ഒരു ഭ്രാന്തിയെ ശ്രവിക്കുന്നതിന്റെ പൊറുതികേടുണ്ടായിരുന്നു. ആരുമധികം ചിന്തിക്കുന്നുമില്ല. ആദ്യമായി കുട്ടിയുണ്ടായതും അവന്‍ കൊച്ചടി വച്ചതും പെണ്ണ് കെട്ടിയതും സര്‍പ്പഫണങ്ങള്‍ കൊത്താനാഞ്ഞതും..പറഞ്ഞതു തന്നെ വീണ്ടും പറഞ്ഞ്..ആവര്‍ത്തനത്തിന്റെയീ ചുറ്റുകോണി ഇവരെ വെറുപ്പിക്കാത്തതെന്ത്? ചിലര്‍ ഇടയ്ക്ക് പണ്ട് ഭര്‍ത്താക്കന്മാര്‍ ചെവിയിലോതിയ കിന്നാരങ്ങളോര്‍ത്ത് ചിരിക്കും..
സീമ നിലാവ് കാണുകയാണ്.അകലേക്ക് നിവര്‍ന്നു പോകുന്ന നിലാവിന്റെ തിളങ്ങുംപായയില്‍ പല തവണ ഇരുന്നതും സ്‌നേഹനൂല്‍ നെയ്തതും എത്രയാണവര്‍ പറഞ്ഞിരിക്കുന്നത്..അതു മാത്രം കേട്ടാല്‍ മതിയാകില്ല. ഒരിക്കലും സ്‌നേഹമറിയാത്ത ആത്മാവ് അസൂയയോടെ ആ കഥയോട് ഒട്ടിച്ചേരാനാഗ്രഹിക്കും.ചന്ദ്രികക്കപ്പുറത്ത് നിന്നും എന്തുകൊണ്ട് ഒരു വെള്ളിക്കരം തന്റെ കണ്ണുനീരും തുടച്ചില്ല?നീയെന്റെയല്ലേയെന്നു ചെവിയില്‍ മന്ത്രിച്ചില്ല?ഉള്ളിലെവിടെയോ കൊളുത്തി വലിക്കുന്ന കടച്ചില്‍..തീവ്രവേദനയാല്‍ ആത്മാവ് മോഹാലസ്യപ്പെടുമോ?സീമ തിരിഞ്ഞു നിന്നപ്പോള്‍ ആഴമേറിയ കണ്‍തടാകത്തില്‍ അനേകം ഓളങ്ങള്‍..
'വീട്ടിനു പിന്നിലെ തണുപ്പിനെ കെട്ടിപ്പിടിച്ചുറങ്ങുന്ന പച്ചക്കുളത്തിലേക്ക് ദിവസവും പോണം മൂപ്പര്‍ക്ക്.വെപ്രാളത്തോടെ പിന്നാലെ പുറപ്പെടുമ്പോള്‍ മരുമക്കള്‍ അസ്ത്രമെയ്യാന്‍ തുടങ്ങും'ഓ, വയസ്സനും വയസ്സിക്കും കുളത്തില്‍ വീണു ചത്ത് നാട്ടാരെക്കൊണ്ട് പറയിപ്പിക്കണം. ഇവരുടെ ഇളക്കം തടയാന്‍ ഇവിടുത്തെ ആണുങ്ങളെ കൊള്ളില്ലാലോ'പടവിലിരിക്കുന്ന തന്നോട് ദൂരേക്ക് നീങ്ങുമ്പോള്‍ കണ്ണിറുക്കി ചിരിക്കുന്നുണ്ടായിരുന്നു'.സാരല്യെടോ' ആ കണ്ണുകള്‍ മന്ത്രിച്ചുകൊണ്ടിരുന്നു.'ജലസമാധിയെന്താന്നറിയോ തനിക്ക്?നോക്കിക്കോ, ഈ വയസ്സന്‍ എത്ര വരെ ശ്വാസം പിടിച്ചിരിക്കുമെന്ന്..'അലമുറ കേട്ടു ഓടിയെത്തിയവരൊക്കെ പഴിച്ചത് തന്നെ...'
ഉള്ളിലാരോ ക്രൂരമായി ചിരിച്ചു.അതു വേണ്ടത് തന്നെയല്ലേ?ഒരു കൂട്ടര്‍ മാത്രം അന്‍പിന്റെ സീതപ്പഴം ഭുജിക്കരുതല്ലോ.അതൊരിക്കലും രുചിക്കാത്തവരുടെ ദുഃഖം അവരും അറിയണമല്ലോ..പ്രിയതയുടെയാ പച്ചക്കുളത്തില്‍ നിന്ന്! ആരുമെന്തേ തൂവലിളക്കിയുയര്‍ന്നില്ല?ചുണ്ടില്‍ ഉമ്മ വെച്ച് നീയെന്റെതായിരുന്നല്ലോ എന്നു പറഞ്ഞില്ല..
ഷീലയെ പൊതുശ്മശാനത്തില്‍ അടക്കിക്കൊള്ളാന്‍ വിദേശത്തുള്ള മക്കള്‍ വിളിച്ചു പറഞ്ഞു.സങ്കടത്തിന്റെ അകമ്പടിയില്ലാതെ അവളുടെ ജഡം വാഹനമേറിയപ്പോള്‍ എവിടെയോ ഏതോ നദിക്കിരുപുറം വേര്‍പെടുന്ന രണ്ടു പേരുടെ കരയുന്ന നീട്ടിയ കൈകള്‍ ഉള്ളിലിളകി.ആ നിമിഷം തന്നെ മരുവാസത്തിനര്‍ഹാനായ മറ്റൊരാള്‍ മുറ്റത്തിറങ്ങി.തുടര്‍ന്നുകൊണ്ടേയിരിക്കുന്ന കോമാളി വേഷങ്ങളുടെ ശ്രേണിയാണീ ജീവിതം.പീഡയോടെ അവര്‍ മഞ്ഞക്ലോക്കില്‍ തല മുട്ടിച്ചു.അതിന്റെ സൂചികള്‍ വീണ്ടും ഇളകുന്നു.ബലമായത് പിടിച്ചമര്‍ത്തി അവര്‍ പിറുപിറുത്തു:'എനിക്കീ വെയിലും ചുടുകാറ്റും ഇടയ്ക്കു മാത്രം എത്തി നോക്കുന്ന മരുപ്പച്ചയും ഒക്കെ മടുത്തു.തനിയെ നിശ്ചലയാവാന്‍ ധൈര്യവുമില്ല.നഴ്‌സുമാര്‍ക്ക് കൈമണി കൊടുത്താലോ..തോലടര്‍ന്ന ഹാന്‍ഡ്ബാഗ് അവര്‍ കുടഞ്ഞു.മൃതകാലത്തിന്റെ മഞ്ഞപ്പൂപ്പല്‍ പിടിച്ച കുറെ പേപ്പറുകള്‍ മാത്രം..അവസാനതുട്ടു വരെ  വന്ന അന്നു തന്നെ ഓഫീസില്‍ ഏല്‍പ്പിച്ചത് അപ്പോള്‍ ഓര്‍ത്തു.'അന്തേവാസികള്‍ പണമൊന്നും സൂക്ഷിക്കേണ്ട'ആരുമാരും കൂട്ടില്ലാതെ വന്നു ചേര്‍ന്ന അവരെ ഒട്ടദ്ഭുതത്തോടെ നോക്കിക്കൊണ്ട് മാനേജര്‍ പറഞ്ഞു.
ക്ലോക്കിന്റെ സൂചി പൊടുന്നനെ വിറച്ചു.പൂക്കളില്‍ മദിച്ചാര്‍ക്കുന്ന മഞ്ഞശലഭങ്ങള്‍..'മരണപതംഗത്തിനു നീല നിറമായിരിക്കും'കാലങ്ങള്‍ക്ക് ശേഷം അവര്‍ ഡയറിയില്‍ എഴുതി.'സ്വപ്നത്തിന്റെ ആഴമേറിയ ഇരുണ്ട നീലഗര്‍ത്തത്തില്‍ നിന്നാവും അതൊരാളെ കൊത്തിയെടുത്തു പറക്കുക.'അവര്‍ ഘടികാരത്തെ ചേര്‍ത്തു പിടിച്ചു.'കുഴിമാടത്തില്‍ നിന്നും ഞാന്‍ പ്രേതമായി പുറത്തു വരും.സ്‌നേഹിക്കുന്നവരുടെയെല്ലാം രക്തം പകയോടെ പാനം ചെയ്യും.ചുവന്ന മണ്ണ്! നിരന്തരം നെടുവീര്‍പ്പിടും.ചെവിയോര്‍ത്താല്‍ കേള്‍ക്കാം രോദനംവേര്‍പാടിന്റെയാ താഴ്വരയിലേക്ക് ഒരു രാഗക്കാറ്റെന്നെ കൊണ്ടു പോയെങ്കില്‍..ഒരിക്കലും വിട്ടു പിരിയാത്ത ഒരാത്മാവിന്റെ കൈ പിടിച്ച് ഞാനവിടെ പറന്നിറങ്ങും..നിറവസന്തത്തിന്റെ പ്രദീപ്തി ആസ്വദിക്കും..പിന്നെ പുഴയുടെ അരോഹണാവരോഹണത്തിലേക്ക് ഒരു കുഞ്ഞോളമായി പുനര്‍ജനിക്കും..ഒരിക്കലും പിരിയാത്ത രണ്ടു കുമിളകളായി!
        

2013, ഡിസംബർ 14, ശനിയാഴ്‌ച

വിലാസമില്ലാത്തവര്‍(കഥ)


ഓരോ ബസ്സ്റ്റാന്റിനും എന്തെല്ലാം കഥകളാണ് പറയാനുള്ളത്. ശതവര്‍ഷങ്ങള്‍ക്ക പ്പുറമെന്നോ അതിന്റെ മാറില്‍ തല ചായ്ക്കുന്ന ഭിക്ഷക്കാര്‍, പട്ടി പിടുത്തക്കാര്‍ , കൂട്ടി ക്കൊടുപ്പുകാര്‍..മുഷിഞ്ഞ കണ്ണീരും ദുര്‍ഗന്ധമുള്ള നിശ്വാസങ്ങളും അതിന്റെ ഉള്ളിലെവിടെയോ തങ്ങിക്കിടപ്പുണ്ടാകും..കാക്കിരൂപങ്ങള്‍ പെട്ടെന്നാണ് ചാടി വീഴുക.പിന്നെ ഓട്ടമാണ്,എങ്ങെന്നില്ലാതെ..മഞ്ഞിലും മഴയിലും ആകാശം മാത്രം കുടയായി..ചാക്കില്‍ നിന്നും ഞളുങ്ങിയതും പഴയതുമായ പാത്രങ്ങളും ലോഹക്ക ഷ്ണങ്ങളും കലപില കൂട്ടി ചിരിച്ചു,ഒട്ടൊരു പരിഹാസത്തോടെ..എന്നോ വെള്ള നിറമായതിന്റെ ഓര്‍മയായി രണ്ടുമൂന്നു നൂലുകള്‍ അഴുക്കാകാതെ ചാക്കില്‍ തൂങ്ങി ക്കിടപ്പുണ്ട്.ചവറു സാധനങ്ങള്‍ ആണേലും സ്വര്‍ണം തൂക്കുമ്പോലെയാണ് ആളുകളു ശ്രദ്ധ,പണത്തിനു വേണ്ടിയുള്ള കണക്ക്പറച്ചില്‍...സ്റ്റാന്റിലെ രണ്ടു ടി വിയുടെ മുന്നിലും നിറയെ ആളുണ്ട്.അല്‍പവസ്ത്രമണിഞ്ഞ പെണ്ണുങ്ങള്‍ ചാടിത്തുള്ളുന്നു.പണ്ട് സ്‌കൂള്‍ കലാപരിപാടി കാണാന്‍ തെരുവുപിള്ളേരും പോകാറുണ്ടായിരുന്നു.ഒരിക്കല്‍ ദരിദ്രയായ ഒരമ്മയുടെ ദുരിതം മുഴുവന്‍ സ്‌റ്റേജില്‍ ആടിത്തീര്‍ത്തു ഒരു പെണ്‍കുട്ടി.സ്വന്തം അമ്മ തന്നെയാണതെന്ന് തോന്നിപ്പോയി.അമ്മ നന്നായി നൃത്തം ചെയ്യുമായിരുന്നു.ഏതോ വലിയ വീട്ടില്‍ നിന്നും ഒരു യാചകന്‍ മോഷ്ടിച്ചതായിരുന്നു അവരെ.അമ്മയെ കുന്തത്തില്‍ നിര്‍ത്തിയും കയറിലൂടെ നടത്തിച്ചും അയാളേറെ പണമുണ്ടാക്കി..

'ജോസണ്ണ,ഇന്നും പെരുമഴ വരണുണ്ട്.ഈ ചളിയിലെ ഉറക്കം എന്നാണൊന്നു അവസാനിക്കെന്റെ ദേവ്യേ..'സീതമ്മ കിടക്കാനുള്ള പുറപ്പാടാണ്.രാത്രിയായാ സ്ടാന്റില്‍ ആളു കുറയും.'അപ്പഴും ആളു കുറഞ്ഞില്ലേല്‍ നമ്മളൊക്കെ എന്തു ശെയ്യും?'സീതമ്മ ചിരിക്കുമ്പോള്‍ പല്ലില്ലാത്ത വിടവുകള്‍ അവരെ കളിയാക്കും.ചെറുപ്പത്തില്‍ വല്യ സുന്ദരി ആയിരുന്നത്രെ.അതുകൊണ്ടു തന്നെ അന്നെല്ലാം ഓരോ കൊല്ലവും ഒക്കത്ത് ഓരോ കുഞ്ഞുണ്ടാവും.പക്ഷെ ആകെ ഒരാളാണ് ശേഷിച്ചത്മണി.അവന്‍ ബലവാനായി അമ്മക്ക് തണിയായി നടക്കുന്നു.വിഴുപ്പുകളുടെ ജന്മമാണ് കിട്ടിയത്.കരിങ്കല്ലിന്റെ പരുക്കന്‍പ്രകൃത മുണ്ടോ മാറുന്നു?ഒരു കല്ലില്‍ നിന്ന്! മറ്റൊന്നിലേക്ക്..സ്റ്റാന്റിന്റെ അറ്റത്താണ് തൊപ്പിയിട്ടു വാ തുറന്നിരിക്കുന്ന തപാല്‍പെട്ടി.പോസ്റ്റ്മാന്‍ അതില്‍ നിന്ന് കൂമ്പാരമായിക്കിടക്കുന്ന കത്തുകള്‍ എടുക്കുന്നത് എത്ര കണ്ടാലും മതിവരില്ല.അതു പോലെ വൃത്തിയുള്ള ഒരു കവറില്‍ എന്നാവും തനിക്കും ഒരു കത്ത് വന്നു ചേരുക?ജീര്‍ണിച്ച ജീവിതത്തിലേക്ക് സുഗന്ധം പരത്തുന്നൊരു എഴുത്ത്..വേസ്റ്റ് ബിന്നിനു ചുറ്റും എപ്പോഴുമൊരു കുടല്‍ പറിക്കുന്ന മണമുണ്ടാവും.ദുര്‍ഗന്ധം അസഹ്യമാകുമ്പോള്‍ ആളുകള്‍ പകയോടെ ഞങ്ങളെ നോക്കും,അതെല്ലാം ഞങ്ങളില്‍ നിന്നാണെന്ന പോലെ..

പട്ടിപിടുത്തക്കാരന്‍ ഗോപാലിന്റെ പിന്നില്‍ നിന്ന്! എപ്പോഴും ഒരു പേനായയുടെ ദീനവിലാപം അലയടിക്കും.അതിന്റെ കണ്ണിലെ അമ്പരപ്പും നിസ്സഹായതയും അവന്റെ മുഖത്തും പടരും.'ജോസണ്ണ,എന്തൊരു ജീവിതാ നമ്മള്‍ടെ.കണ്ണടച്ചാ ആയിരം പേനായ്ക്കള്‍ പിന്നാലെ ഓടി വരാ.ഒടുക്കം വല്യൊരു കുഴീല്‍ക്ക് മറിഞ്ഞു വീഴണ വരെ ആ സ്വപ്നം എന്നെ ഓട്ടിക്കും..'
എത്ര മറക്കാന്‍ ശ്രമിച്ചാലും ആനി ഇതിലൂടെയൊക്കെ ഓടിക്കളിക്കുന്നു.ദിവസവും പല വേഷത്തില്‍ പുതിയ കഥകളുമായി അവള്‍ തോട്ടരികിലുള്ളത്‌പോലെ..പുളിച്ചു കെട്ട ഭക്ഷണമായിട്ടും അതിനെയൊക്കെ അവഗണിച്ചാണ് അവളുടെ ശരീരം ചന്തമാര്‍ന്നത്.നാടുകളിലൂടെയുള്ള സഞ്ചാരങ്ങളില്‍ കഴുകന്‍ കണ്ണുകള്‍ അവളെ ചുറ്റുന്നത് കണ്ടപ്പോഴാണ് അവള്‍ വലുതായെന്ന ബോധ്യം തനിക്കുണ്ടായത്.എന്നും കൊച്ചുകുഞ്ഞായിരുന്നു തനിക്കവള്‍.തെരുവില്‍ ദുര്യോധനനും ദുശാസനനുമൊന്നും യാതൊരു പഞ്ഞവുമില്ല.വെളുത്ത തുട കാട്ടി അവരെപ്പോഴും വികടച്ചിരി ചിരിക്കുന്നു.കണ്ണിന്റെ മുന്നില്‍ നിന്നാണ് അവര്‍ അവളെ വലിച്ചിഴച്ചു കൊണ്ടു പോയത്.'കാരണോരെ,തെരുവ് പൊതുസ്വത്താ, അതിന്റെ സന്തതികളും..'അവരിലൊരുത്തന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് തന്നെ തൊഴിച്ചെറിഞ്ഞു.പിറ്റേന്ന് പുഴക്കരയില്‍ ഒരിക്കല്‍ കൂടി കണ്ടുകുറുനരികള്‍ കടിച്ചു വലിച്ച കൈകാലുകള്‍..വേദനയുടെ ആഴങ്ങളിലേക്ക് വീണു പോയ കണ്ണുകള്‍..
കടിയേറ്റിട്ടും ഇന്‍ജക്ഷന്‍ എടുക്കാന്‍ കൂട്ടാക്കുന്നില്ല ഗോപാല്‍.പേയിളകി ചത്തോട്ടെ എന്നൊരു മട്ട്..ഭ്രാന്തിളകിയ ഒരു കൂട്ടം പിശാചുക്കള്‍ക്കിടയില്‍ നിന്നാണ് പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മോളേം കൊണ്ടോടിപ്പോന്നത്.പേയിളകിയ നായ്ക്കൂട്ടങ്ങളാകട്ടെ നിറഞ്ഞിരിക്കുന്നു എല്ലായിടത്തും..അപാരമായ ശൂന്യതയുടെ മണല്‍ പ്പരപ്പുകളാണ് മുന്നിലെപ്പോഴും.അതിന്റെ അതിരുകള്‍ക്കപ്പുറത്ത് നിന്നാണ് വൃത്തിയുള്ള ഒരെഴുത്ത് പ്രതീക്ഷിക്കുന്നത്.തൂവെള്ള വസ്ത്രത്തില്‍ ഒരു അഞ്ചല്‍ക്കാരന്‍ ഓടി വരുന്നത് സ്വപ്നം കാണുന്നത്.നിറഞ്ഞ ഇരുട്ടില്‍ വ്യസനത്തിന്റെ കൂര്‍ക്കംവലികള്‍..ഉറക്കത്തിലും ഇവര്‍ ദുഃഖിക്കുന്നുണ്ടാകണം.ഉറക്കവും മരണവുംപാവമെന്നോ പണക്കാരനെന്നോ ഭേദമില്ല അവക്കെങ്കിലും..

ഇരുളില്‍ തപാല്‍ പെട്ടിക്കടുത്ത് ആരോ നില്‍ക്കുന്നുണ്ട്.കയ്യിലെ കവറിന്റെ വെളുപ്പ് ഇരുട്ടിലും തിളങ്ങുന്നു.ചുമലില്‍ തണുത്ത സ്പര്‍ശം.ഞെട്ടിത്തിരിഞ്ഞുകത്തില്‍ ഒറ്റവരിയേ ഉള്ളൂ.'സമയമായി,പുറപ്പെടാം.അടിമുടി വിറക്കുന്നു.നെഞ്ചു പിളര്‍ത്തുന്ന വേദന.കഴുത്തിലാരോ കയറിട്ടു മുറുക്കുന്നു.ദൈവമേ! എന്റെ ഒരാഗ്രഹമെങ്കിലും സാധിച്ചല്ലോ.സൌരഭ്യം നിറഞ്ഞൊരു എഴുത്ത്..അയാളെന്നെ തണുപ്പുകൊണ്ട് പൊതിയുമ്പോഴാണ്,അവസാന ശ്വാസത്തെ വലിച്ചൂരുമ്പോഴാണ് ഒരു പുക പോലെ മകള്‍..മലിനമായ ഉടുപ്പ്, പോള്ളിത്തിണര്‍ത്ത ദേഹം..അവള്‍ കണ്ണു നിറച്ചു'പപ്പ പറഞ്ഞിരുന്നില്ലേ, സ്വര്‍ഗരാജ്യം നിന്ദിതര്‍ക്കും പീഡിതര്‍ക്കും ഉള്ളതാണെന്ന്..പക്ഷെ ഞങ്ങളാണ് നരകത്തില്‍.ശരീരം ആശുദ്ധമായത്രെ.മാംസഭോജികളായ വേട്ടമൃഗങ്ങളെല്ലാം സ്വര്‍ഗ്ഗത്തോപ്പുകളില്‍ അട്ടഹസിക്കുന്നു.ഇടയ്ക്കവര്‍ ഇരുമ്പു കൈകളാല്‍ ഞങ്ങളെ പൊക്കിയെറിയുന്നു.അമ്മാനമാടുന്നു.കാര്‍ക്കിച്ചു തുപ്പുന്നു..

ഞാനെന്താ പറയുക?എല്ലാം അവളുടെ തോന്നലുകളെന്നല്ലാതെ..സ്വര്‍ഗ്ഗനരകങ്ങള്‍ വന്നു ചെര്‍ന്നിട്ടില്ലെന്നല്ലാതെ..മുകളിലുള്ളവനും കൈവിട്ടാല്‍ ഈ ദുരിതങ്ങളുടെയെല്ലാം കടം ആരാണ് വീട്ടുക?അവളുടെ അഴുക്കു പിടിച്ച ചേലയതാ മറയുന്നു.കഷ്ടം! ഒരു കത്തു വന്ന വിവരം അവളോട് പറയാന്‍ വിട്ടു പോയല്ലോ.മോളേ, ഇനിയെന്നാണ് നീ മുന്നിലവതരിക്കുക?      

2013, ഡിസംബർ 5, വ്യാഴാഴ്‌ച

ഡ്രീം മെഷീന്‍(കഥ)



സുഖദമായ ഓര്‍മകളാണ് സ്വപ്‌നങ്ങള്‍.നിറപ്പകിട്ടാര്‍ന്ന ഹൃദയഹാരിയായ എത്രയെത്ര കിനാക്കള്‍..അവള്‍ ഓര്‍മകളെ ആദിയിലേക്ക് വട്ടം കറക്കി.കുഞ്ഞുനാളിലൊരിക്കല്‍ മഴവില്ലു കണ്ടിട്ടുണ്ട്.പിടിയില്ലാത്തൊരു അരിവാളു പോലെ..പിന്നീട് മഴവില്ലുകളെല്ലാം എവിടേക്കാണ് നഷ്ടപ്പെട്ടുപോയത്?കിനാവിന്റെ വര്‍ണമഴയും ചേറുവഴികളുമൊക്കെ ടി വീ ദൃശ്യം പോലെ ഉള്ളില്‍ ഉയിരാര്‍ന്നു വരും..നിറമുള്ള ചെലകളില്‍ കാല്‍ത്തള കിലുക്കി നൃത്തമാടുന്ന സുന്ദരികള്‍.പുതിയ നിറക്കൂട്ടുകളില്‍ വിരിഞ്ഞാടുന്ന പൂക്കള്‍..വരുംകാലത്തെന്നോ വരാന്‍ പോകുന്ന ദുരിതങ്ങളുടെ മുന്നറിയിപ്പെന്നോണം അഴുകി പുഴു വരാറായ കുളിമുറികള്‍..ഉണങ്ങിക്കരിഞ്ഞ മരങ്ങള്‍..പണ്ട് മിസ്രയീം ദേശത്തെ രാജാവ് നദീതീരത്തു മേഞ്ഞു നടക്കുന്ന ഏഴു തടിയന്‍ പശുക്കളെ മെലിഞ്ഞു വിരൂപികളായ ഏഴെണ്ണം തിന്നു കളയുന്നത് സ്വപ്നം കണ്ടു.പുളച്ചു നില്‍ക്കുന്ന ഏഴു കതിരുകളെ നേര്‍ത്തു കരിഞ്ഞ ഏഴെണ്ണം വിഴുങ്ങുന്നതായിരുന്നു മറ്റൊരു സ്വപ്നം.വരാന്‍ പോകുന്ന ഏഴു കൊല്ലത്തെ ക്ഷാമത്തെക്കുറിച്ച മുന്നറിയിപ്പായിരുന്നു അത്..
വാണ്ടഡ് കോളത്തില്‍ അഭിലഷണീയയോഗ്യത ഡിഗ്രിയായിരുന്നു.അത്യാവശ്യം വേണ്ടത് സ്വപ്നം കാണാനുള്ള കഴിവാണ്.പരസ്യവാക്യം ഇപ്രകാരമായിരുന്നു'നിങ്ങള്‍ കോടീശ്വരി (രന്‍)യാകാനാഗ്രഹിക്കുന്നുണ്ടോ?പുതിയ പുതിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാന്‍ കൊതിക്കുന്നുണ്ടോ?എങ്കില്‍ നിങ്ങള്‍ക്ക് ഒന്നേ വേണ്ടു.സ്വപ്നം കാണാനുള്ള കഴിവ്.'വിമാനത്തില്‍ കയറുമ്പോള്‍ കാല്‍ വിറച്ചു.ഉയരങ്ങള്‍ കീഴടക്കുകയാണ്.ഒരു കൊച്ചു കുടിലില്‍ പിറന്നവള്‍ക്ക് ഇതൊക്കെ പറഞ്ഞിട്ടുള്ളതാണോ?പഞ്ഞിക്കെട്ടുകളായി മേഘങ്ങള്‍ തൊട്ടുമുകളില്‍..ആകാശത്തെ തൊടാനായുന്ന ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളിലായിരുന്നു ഓഫീസ്.അവസാനമാണ് വിളിക്കപ്പെട്ടത്.അവര്‍ക്ക് ഒന്നും അന്വേഷിക്കാനുണ്ടായിരുന്നില്ല.ഒരാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു.മറ്റൊരാള്‍ ഇമയനക്കാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി,എന്തോ പരിശോധിക്കുംപോലെ.ഒരാള്‍ അങ്ങനെ നോക്കിയിരിക്കുന്നത് അത്ര സുഖമുള്ളതല്ല.ആ ലജ്ജ കുറച്ചു നേരമേ ഉണ്ടായുള്ളൂ.മനസ്സേതോ ഭാവനാലോകത്തേക്ക് പറന്നുയര്‍ന്നു.ആലീസിന്റെ അത്ഭുതലോകത്തെത്തിയ പോലെ വിസ്മയദൃശ്യങ്ങളില്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു.അയാള്‍ പുഞ്ചിരിയോടെ അവളെ തൊട്ടു വിളിച്ചു:'യു ആര്‍ സിലക്റ്റഡ്.നാളെ മുതല്‍ ഓഫീസില്‍ വന്നോളൂ..'

നാലിഞ്ചു നീളമേ ആ യന്ത്രത്തിനുണ്ടായിരുന്നുള്ളൂ.രണ്ടു വയറുകള്‍ അയാള്‍ അവളുടെ ചെന്നിയില്‍ പിടിപ്പിച്ചുകൊണ്ട് പറഞ്ഞു:'ഞങ്ങളുടെ നാട്ടിലാരും ഇപ്പോള്‍ സ്വപ്നം കാണുന്നില്ല.മെന്റല്‍സ്ട്രസ്സ് കൊണ്ട് മാനസികരോഗികളായവര്‍,ക്യാന്‍സര്‍ ബാധിച്ചവര്‍,തുടങ്ങി അനേകം മാറാരോഗികള്‍ക്ക് സ്വപ്നചികിത്സയിലൂടെ സൌഖ്യമേകാമെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു.നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല.വെറുതെ ഭക്ഷണം കഴിക്കുക,സോല്ലാസം ഉറങ്ങുക..ആദ്യത്തെ ഒരാഴ്ച നിങ്ങളുടെ സ്വന്തം സ്വപ്‌നങ്ങള്‍ ഞങ്ങള്‍ റിക്കോഡ് ചെയ്യും.പിന്നീട് ഞങ്ങള്‍ പറയുന്ന തീമുകളെക്കുറിച്ച് വൈവിധ്യമാര്‍ന്ന സ്വപ്‌നങ്ങള്‍ കാണണം നിങ്ങള്‍.നിങ്ങളുടെ എബിലിറ്റിയിലാണ് പ്രൊമോഷന്‍.ഇഷ്ടമുള്ള പശ്ചാത്തലസംഗീതം,സുഗന്ധം നിറം ..ഏതു തിരഞ്ഞെടുക്കാനും ഓപ്ഷനുണ്ട്.'
ആദ്യമൊക്കെ രസമായിരുന്നു.അസാധാരണമായ നിറപ്പകിട്ടുള്ള സ്വന്തം കിനാവുകള്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അവള്‍ അമ്പരന്നുപോയി.ഇത്രയും വര്‍ണം,ഭംഗി ആരാവും കണ്ടിരിക്കുക?ചില സ്വകാര്യചിന്തകള്‍ ഇടയ്ക്കതില്‍ ഒളിമിന്നിയപ്പോള്‍ അയാള്‍ അവളെ നോക്കി കണ്ണിറുക്കി.ഇവിടെ വന്നതില്‍ പിന്നെ ഇരുട്ടില്ല,ദുഃഖമില്ല..പ്രകാശം..എങ്ങും തൂവി നിറയുന്ന വെളിച്ചം..ചൊവ്വയില്‍ വീട് വയ്ക്കുന്നത്,ചന്ദ്രനില്‍ മാളികകള്‍ പണിയുന്നത്,കടലിനുള്ളില്‍ മത്സ്യങ്ങളെപ്പോലെ മനുഷ്യര്‍ താമസിക്കുന്നത്..ഇഷ്ടമുള്ള ജീവികളെ സൃഷ്ടിക്കുന്നത്..അങ്ങനെ വിസ്മയച്ചെപ്പുകളായിരുന്നു അവര്‍ തന്ന ചിത്രങ്ങള്‍ നിറയെ..അവ സസൂക്ഷ്മം നോക്കി പഠിക്കണമായിരുന്നു.ഏറ്റവും ചെറിയ അംശത്തില്‍ നിന്നുപോലും അത്ഭുതസ്വപ്‌നങ്ങള്‍ വിടര്‍ന്നു വരാന്‍ ആ നിരീക്ഷണം ഏറെ സഹായിച്ചു..
ഒക്കെ രസമായിരുന്നു.പക്ഷെ,ആറു വര്‍ഷത്തിനുശേഷം എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങുമ്പോള്‍ പൊള്ളയായ ശിരസ്സ് പട്ടം പോലെ നൂലറ്റ് പറന്നു പോകുമെന്നു തോന്നി.കുഴിഞ്ഞ കണ്‍കളില്‍ കൃഷ്ണമണികള്‍ ചത്ത മീനുകളായി.നേര്‍ത്തൊരു വെള്ളസ്‌ക്രീന്‍ മുന്നിലുള്ളപോലെ..തലയുടെ ഭാരം കുറഞ്ഞുകൊണ്ടേയിരിക്കുന്നു.സ്വപ്നസീഡികള്‍ കാണുമ്പോള്‍ മാത്രം ഇത്തിരി ആശ്വാസമുണ്ട്.ബ്രെയിന്‍ പ്രയോജനശൂന്യമായതിനാലാണത്രെ ഈ പിരിച്ചു വിടല്‍.അന്ന് വിവര്‍ണമായ മുഖത്തേക്ക് സഹതാപത്തോടെ നോക്കി അയാള്‍ ആശ്വസിപ്പിച്ചു:'പോകാനിഷ്ടമില്ലെങ്കില്‍ ഇവിടെത്തന്നെ നിന്നോളൂ.ഞങ്ങളുടെ ടെക്‌സ്റ്റയില്‍സ് വേള്‍ഡിലെതിലെങ്കിലും മാനിക്വിന്‍ ആയി നില്‍ക്കാം.എന്നും പുതുവസ്ത്രങ്ങളണിഞ്ഞു പ്രതിമയായി അനക്കമില്ലാതെ നിന്നാല്‍ മതി.എല്ലാ ജോലികളും യന്ത്രങ്ങള്‍ ചെയ്യുന്നത്‌കൊണ്ട് ഇതൊക്കെയേ ബാക്കിയുള്ളൂ..'
എല്ലാമിനി ആദ്യം മുതല്‍ തുടങ്ങണം.ആകാശച്ചെരുവില്‍ ഫ്‌ലാറ്റില്‍ താമസിക്കാനാണേലും പണം ഇഷ്ടംപോലെയുണ്ട്.അപ്പൂപ്പന്‍താടി പോലെ ഭാരം കുറഞ്ഞ്,ഏതു സമയത്തും കഴുത്തില്‍ നിന്നറ്റ്‌പോയേക്കാവുന്ന തലയില്‍ ചൂടാന്‍ വേണമായിരുന്നു  കനമുള്ളൊരു കനവിന്‍കിരീടം.വീടിന്റെ ജനലുകളും വാതിലുകളും മറക്കണമായിരുന്നു കിനാവിന്റെ വര്‍ണനൂലുകളില്‍ നെയ്ത കട്ടിത്തിരശ്ശീലകളാല്‍..............
 

2013, ഡിസംബർ 1, ഞായറാഴ്‌ച

തരിശുനിലങ്ങള്‍(കഥ)



മനസ്സിന്റെ നിര്‍ത്ധരിയിലെന്നും ചേറുവെള്ളമാണ് ആഴങ്ങളില്‍ ചുഴികളെയും കനത്ത പ്രവാഹങ്ങളെയും ഒളിപ്പിച്ച് നിറഞ്ഞു കിടന്നത്.ഒന്നിളകുമ്പോഴേക്കും എന്തൊരു ദുര്‍ഗന്ധം!പ്രത്യാശാഭവനില്‍ വച്ച് സാമുവലിന്റെ, കുഴിയിലാണ്ട മങ്ങിയ കണ്ണുകള്‍ കണ്ടപ്പോഴും ആ  ദുര്‍വാസന കാറ്റെവിടുന്നോ കൊണ്ടു വന്നു.എവിടെയും അസഹ്യമായ നാറ്റം..നല്ല കാലമെന്നു നിനച്ചതെല്ലാം കഴിഞ്ഞ ജന്മത്തിലാവും.മണ്ണും ചേറും കുഴച്ച് മഴ കളിച്ചുകൊണ്ടിരിക്കുന്നു.സാരിയിലും കുട്ടികളുടെ ഉടുപ്പിലുമെല്ലാം കറുത്തുനാറുന്ന ജലത്തിന്റെ ശേഷിപ്പുകള്‍..സാമുവല്‍ ബോംബെയില്‍ നിന്നു കൊണ്ടു വരാറുണ്ടായിരുന്ന കുളിസോപ്പുകള്‍ കൊണ്ടാണ് വസ്ത്രം കഴുകുന്നത്..എന്നിട്ടും ഒരിക്കലും വിട്ടുമാറാത്ത ചെടിപ്പ്..
അവിടെ മരണം മാത്രേ ഉണ്ടായിരുന്നുള്ളൂ.തൂങ്ങിച്ചത്തവരുടെ,വിഷം കഴിച്ചവരുടെ,ട്രെയിനിനു തല വെച്ചവരുടെയൊക്കെ വൈവിധ്യമാര്‍ന്ന മണങ്ങള്‍..മൃത്യു എല്ലായിടത്തു നിന്നും ഒരു ഭ്രാന്തനെപ്പോലെ കയ്യടിച്ചുചിരിച്ചു..മാംസം അലിഞ്ഞുപോയപോലെ എല്ലും തോലും മാത്രമാണ് എല്ലാവരും..തൊലി പൊളിച്ചു അസ്ഥി ഏതു നേരവും പുറത്തു ചാടിയേക്കാം.വേദനയില്ലാതെ.ഉരുക്കിയുരുക്കി ഭസ്മമാക്കുമീ രോഗം..അപമാനത്തിന്റെ ഒരു പിടി ചാരം മാത്രം ബാക്കിയാക്കി..
'ഞങ്ങള്‍ക്കെന്താ അസുഖമമ്മേ?എവിടെയും വേദനയില്ലല്ലോ.മുറിവും ചൊറിയുമില്ല.പിന്നെന്താ കുട്ടികളൊക്കെ കല്ലെറിഞ്ഞോടിക്കുന്നത്?പാരന്റ്‌സ് ഞങ്ങളെ കാണുമ്പോഴേക്ക് അവരേംകൊണ്ടോടുന്നത്?'
മകന്‍ കൂട്ടുകാരിക്ക് കൊടുക്കാന്‍ കരുതിയിരുന്ന റോസാപ്പൂ വാടി ഇതള്‍ കൊഴിയാന്‍ തുടങ്ങി.അവന്റെ ശിരസ്സ് പതുക്കെ തലോടി.വിരലുകള്‍ വിറക്കുന്നതെന്ത്?പൂ കൊടുക്കാനായി അവന്‍ അടുത്തെത്തിയപ്പോഴേക്കും ആ കുട്ടിയുടെ അമ്മയവളെ വാരിയെടുത്ത് വീടിന്റെ വാതില്‍ അവന്റെ മുഖത്തേക്ക് കൊട്ടിയടച്ചു.ആകെ നാണം കെട്ടു വിരല്‍ കടിച്ചുകൊണ്ടാണവന്‍...നിറഞ്ഞ കണ്ണുകളാകെ ചോദ്യങ്ങളായിരുന്നു.സ്‌കൂളില്‍ നിന്നും പുറത്തായതു മുതല്‍ അവര്‍ ടീച്ചറും കുട്ടികളുമായി  അഭിനയിച്ചു കളിക്കുന്നു.പഠിച്ച പാഠങ്ങളും പാട്ടുകളും ഈണത്തില്‍ ചൊല്ലുന്നു..അവരുടെ രക്തത്തിലും രോഗാണുക്കള്‍ പുളക്കുകയാവും..എത്ര പേര്‍ ഇടപെട്ടാണ് കുട്ടികളെ വീണ്ടും സ്‌കൂളില്‍ ചേര്‍ത്തത്.പുതിയ ബാഗും കുടയും വാങ്ങുമ്പോള്‍ അവര്‍ സോല്ലാസം തുള്ളിക്കളിച്ചു.പുറത്തു പറന്നുനടക്കുന്ന മഞ്ഞശലഭങ്ങളുടെ കാഴ്ച എന്തുകൊണ്ടോ കണ്ണുകളെ നോവിച്ചു.
പള്ളിപ്പെരുന്നാളിനുപോലും ഇത്രയും ആളുണ്ടാവില്ല.അവരെല്ലാവരും കൂടി തേനീച്ചകളെപ്പോലെ കുത്താനായി മൂളിപ്പറന്നു വന്നപ്പോള്‍ ഭയത്തോടെ ഓടി,പലയിടത്തും വീണു മുറിഞ്ഞു.തിരസ്‌കരണത്തിന്റെ വേദനയോടെ..പരിത്യക്തരായി..ഹൃദയവ്രണത്തിനു ചുറ്റും ഈച്ചകള്‍ ഇരമ്പിയാര്‍ത്തു..രക്ഷിതാക്കള്‍ ശബ്ദത്തോടെ സ്‌കൂള്‍ഗേറ്റ് വലിച്ചടച്ചു.ഇടിയുടെ പ്രചണ്ഡമായ ശബ്ദത്തില്‍,മിന്നലിന്റെ ഭീകരവെളിച്ചത്തില്‍,തിമര്‍ക്കുന്ന മഴയില്‍ കുട്ടികള്‍ പ്രതിമകളായി..ചങ്ങാതിമാര്‍ക്കായി കരുതിയ മിട്ടായികള്‍ മഴവെള്ളത്തില്‍ കുതിര്‍ന്നു.......
മടങ്ങുമ്പോള്‍,മുമ്പ് സാമുവലുമൊത്ത് ഇതേപോലെ ഇരുളില്‍ നാട്ടിലേക്ക് തിരിച്ചതോര്‍ത്തു.എല്ലുകള്‍ സീറ്റില്‍ തട്ടി അവന് വേദനിച്ചു.പുറത്തെ അന്ധകാരത്തില്‍ മരങ്ങളും വീടുകളുമെല്ലാം പേടിപ്പിക്കുന്ന നിഴലുകളായി..മെലിഞ്ഞ അവന്റെ കൈത്തണ്ടയില്‍ മുറുകെ പിടിച്ചെങ്കിലും ബസ് കുലുങ്ങിയപ്പോഴെല്ലാം അവന്റെ കൈ പിടുത്തം വിട്ടു താഴേക്ക് വീണു.അവന്റെ മുഖത്ത് രണ്ടു നീര്‍ച്ചാലുകള്‍..പണ്ടെങ്ങോ ചെയ്തുപോയ തെറ്റുകളുടെ ഓര്‍മ അവന്റെ ചെന്നിയില്‍ തലവേദന നിറച്ചു.തല അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടി അവന്‍ പിറുപിറുത്തു:'ഞാന്‍ മരിച്ചാലേലും സമാധാനം കിട്ടും നിനക്കും മക്കള്‍ക്കും..ഞാനുള്ളതോണ്ടാണല്ലോ എല്ലാവരുമിങ്ങനെ ആട്ടിയകറ്റുന്നത്'.
വൈറസുകള്‍ എല്ലാവരുടെ രക്തത്തിലും നിര്‍ജരനൃത്തമാടുന്നുണ്ടെന്ന് ടെസ്റ്റിനുമുമ്പറിഞ്ഞിരുന്നില്ല.എലീസാടെസ്റ്റ്‌റിസള്‍ട്ട് തരുമ്പോള്‍ നഴ്‌സിന്റെ മുഖത്തു നിന്നും തെറിച്ച അവജ്ഞ ചൊറിയന്‍പുഴുവെപ്പോലെ ദേഹത്ത് തിണര്‍പ്പുണ്ടാക്കി.അവന്‍ മരിച്ചപ്പോള്‍ സംസ്‌കരിക്കാനുമുണ്ടായില്ല ആരും..ഒടുവില്‍ എച്ചില്‍വണ്ടിയിലാണവനെ പൊതുശ്മശാനത്തിലെത്തിച്ചത്,മണ്ണിന്റെ ആഴങ്ങളില്‍ അവന്റെ പൊള്ളുന്ന സ്മൃതികളെ മൂടിയത്..
'എന്റെ വ്യസനം തൂക്കി നോക്കിയാല്‍ കടലിലെ മണലിനേക്കാള്‍ ഭാരമേറിയത്.പുഴുക്കളും അഴുക്കും എന്റെ ദേഹത്തെ പൊതിഞ്ഞിരിക്കുന്നു.നെയ്ത്തുകാരന്റെ ഓടത്തെപ്പോലെ ദിനങ്ങള്‍ ഓടി മറയുന്നു,പ്രത്യാശയില്ലാതെ..മടങ്ങിപ്പോരാത്തിടത്തേക്ക് എന്നെ വിട്ടാലും,വിഷാദത്തിന്റെയും കൂരിരുട്ടിന്റെയും ദേശത്തേക്ക്..നീയെന്നെ ചെളിയിലേക്ക് വലിച്ചെറിഞ്ഞല്ലോ,ഞാന്‍ ധൂളിയും ചാമ്പലും പോലെയായി..കൊടുങ്കാറ്റെന്നെ അമ്മാനമാടുന്നു.തൊലി കറുത്തു പൊളിയുന്നു..അസ്ഥികള്‍ ചൂടില്‍ വെന്തളിയുന്നു,നീയെന്നെ കൈവിട്ടതെന്ത്?
അവനെന്നെ ഓടിച്ച് വെളിച്ചം ഒട്ടുമില്ലാത്ത ഇരുളില്‍ കൊണ്ടു വന്നു.മാംസവും തൊലിയും ക്ഷയിപ്പിച്ചു.രക്ഷപ്പെടാനാവാത്ത വിധം ചുറ്റും കൊട്ട കെട്ടി.വലിയ ചങ്ങലകളാല്‍ എന്റെ വഴികള്‍ അടച്ചു..പതിയിരിക്കുന്ന സിംഹത്തെപ്പോലെ പിച്ചിച്ചീന്തി..ദൈവമേ!നീയെന്നെ കൈവിട്ടതെന്ത്..'
ബൈബിള്‍ അടച്ചു വെക്കുമ്പോള്‍ രാവേറെ ചെന്നിരുന്നു.ചുണ്ടിലാകെ കണ്ണീര്‍ച്ചുവ.പുറത്ത് മരണനിശ്ശബ്ദത.ഉറങ്ങുന്ന കുഞ്ഞുങ്ങളുടെ മുഖത്ത് ഒരു സുന്ദരസ്വപ്നത്തിന്റെ പ്രശാന്തി..കിനാവിലവര്‍ സ്‌കൂള്‍ഗ്രൗണ്ടില്‍ കളിക്കുകയാവും.സാമുവലിന്റെ കൂടെ കൂടിയതില്‍ പിന്നെയാണ് ബൈബിള്‍ വായിക്കാന്‍ തുടങ്ങിയത്.ഇപ്പോളെല്ലാമതഗ്രന്ഥങ്ങളും വായിക്കുന്നുണ്ട്.എന്നിട്ടും ഉള്ളം കരിക്കുന്ന തീയിലേക്ക് തലകുത്തി വീഴുകയാണ് പ്രാര്‍ഥനകള്‍.സമാധാനത്തിന്റെ നെയ്ത്തിരി മണ്ണിനടിയില്‍ അവനിപ്പോ അനുഭവിക്കുന്നുണ്ടാവും.തനിക്കത് ലഭിക്കുന്നതെന്നാണ്?മരണം കൂടെ കൊണ്ടു നടക്കുന്ന രോഗം ഇനിയെന്തെല്ലാം ദുര്‍വിധികളാണ് അതിന്റെ ഇരകള്‍ക്കായി ബാക്കി വച്ചിരിക്കുന്നത്?ആര്‍ക്കറിയാം.....            

2013, നവംബർ 28, വ്യാഴാഴ്‌ച

സലിന്‍ (കഥ)



പള്ളിയില്‍നിന്നു വരുമ്പോള്‍ വാര്‍ഡന്റെ കണ്ണു വെട്ടിച്ച് സലിന്‍ പറഞ്ഞു:'മലേഷ്യന്ന് എത്ര പഴങ്ങളാന്നോ ഉപ്പ കൊണ്ടരാ.തുടുത്ത ആപ്പിളുകള്‍,ഓറഞ്ചുടുപ്പിട്ട നാരങ്ങകള്‍..ഞാന്‍ ചെറുതായിരുന്നപ്പോ ഒരു പാട് കളിപ്പാട്ടങ്ങള്‍ കൊണ്ടു വന്നിരുന്നൂന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്.ഇക്കാക്ക കുശുമ്പ് മൂത്ത് ഒക്കെ തല്ലിപ്പൊട്ടിക്കും.ഉപ്പാക്കെന്നെ ആയിര്‍ന്ന് തോനെ ഇഷ്ടം.ഇപ്പളും ചെറ്യേ കുട്ട്യാളെപ്പോലെ ചോറ് വായില് വച്ചു തരും.'
അവളുടെ കണ്ണുകളില്‍ അനുഭവിച്ച വാത്സല്യത്തിന്റെ തിളക്കം നിലാവുപോലെ പരക്കാന്‍ തുടങ്ങി.ആ വെളിച്ചക്കഷ്ണങ്ങള്‍ ഹൃദയത്തിലേക്ക് നൂണ്ടു കയറി അവിടെ സ്ഥിരവാസമുറപ്പിച്ച വിഷാദത്തിന്റെ തമോഗര്‍ത്തങ്ങളെ കണ്ടുപിടിക്കുമോയെന്നു ഭയന്നു.എന്റെ വ്യസനം, എന്റെ മാത്രം രഹസ്യം.. ഒരിക്കലും ആര്‍ക്കും വിട്ടു കൊടുക്കാതെ ഇരുണ്ട ആ നിക്ഷേപങ്ങളെ അനേകം താഴുകളിട്ടു പൂട്ടിയിരിക്കുകയാണല്ലോ.ഇതൊക്കെ സത്യം തന്നെയോ?ഇത്രയധികം ലാളിക്കുന്ന അച്ഛന്‍,അമ്മ ,സഹോദരങ്ങള്‍..എന്തോ!സ്മൃതികളിലെപ്പോഴും വഴക്ക് കൂടുന്ന നായ്ക്കൂട്ടങ്ങളാണ്,കുരച്ചും കടിച്ചു കീറിയും..അതിനിടെ മൃദുവായി താഴുകുന്നതിന്റെ സുഖം ഒരിക്കലും അറിഞ്ഞിട്ടില്ല..ഓര്‍മകളില്‍ തരിശുനിലങ്ങള്‍ വരണ്ടുണങ്ങിക്കിടക്കുന്നു.ഉറവകളെപ്പോലും സ്വപ്നം കാണാന്‍ വിധിയില്ലാത്തവ..
വാര്‍ഡന്‍ കഴുകന്‍കണ്ണുകളാല്‍ പരതുന്നുണ്ട്‌വല്ല കുട്ടിയും ഉറക്കം തൂങ്ങുന്നുണ്ടോ?ഇനി ഭക്ഷണബെല്ലടിക്കും വരെ നീണ്ട രണ്ടു മണിക്കൂര്‍ പഠിത്തമാണ്.സീറ്റില്‍ നിന്നെണീക്കുന്നുണ്ടോ,വര്‍ത്താനം പറയുന്നുണ്ടോ എന്നൊക്കെ പാളി നോക്കി വാര്‍ഡന്‍ എവിടേലും ഒളിഞ്ഞു നില്‍പ്പുണ്ടാവും.പഠിക്കാന്‍ ഒരു ഇന്ററസ്റ്റ് തോന്നുന്നില്ല.ഡയറിയെടുത്ത് എഴുതാനിരുന്നു.വല്ല പാഠവും എഴുതുകയാണെന്ന്! കരുതിക്കോളും മൂപ്പത്തി.'ഓറഞ്ചിന്റെ മഞ്ഞയും ആപ്പിളിന്റെ ചുകപ്പും കൂടിക്കുഴഞ്ഞ് ജലച്ചായാചിത്രമെന്നോണം മുന്നില്‍ പരക്കുന്നു.കണ്ണീര്‍ തൂവിയാണോ വര്‍ണങ്ങള്‍ പരസ്പരം മേളിക്കുന്നത്?സ്‌നേഹത്തിന്റെ മൃദുസ്പര്‍ശം ചിലര്‍ക്ക് മാത്രമുള്ളതോ?വാത്സല്യത്തിന്റെ കരുത്താര്‍ന്ന,ഇളംചൂടുള്ള ചിറകിന്‍ചുവടുകള്‍ എന്തുകൊണ്ട് എല്ലാവര്‍ക്കും ലഭിക്കുന്നില്ല?ചിലര്‍ മാത്രം എല്ലാം കൂടുതല്‍ അര്‍ഹിക്കുന്നത് എന്തുകൊണ്ട്?വിധീ,നീയിങ്ങനെ പുച്ഛത്തോടെ കണ്ണു ചുളുക്കി ചിരിക്കാതെ...'
പേന താഴെ വക്കുമ്പോള്‍ ഓര്‍ത്തുഒരിക്കല്‍ തികച്ചും അനാവശ്യമായി ഒരു പെരുംങ്കല്ലിടുംപോലെ താന്‍ സഹപാഠിനിയോട് ചോദിച്ചു:'ബന്ധങ്ങളിലൊന്നും ഒരര്‍ഥവുമില്ല അല്ലേ?എല്ലാം ക്രൂരമാണ്'ഇടയ്ക്കിടെ വരാറുള്ള അവളുടെ ഉപ്പയോട് അവള്‍ കാണിക്കാറുണ്ടായിരുന്ന അകല്ച്ചയിലേക്ക് ഒരു ചൂണ്ടലിടുകയായിരുന്നു ഉദ്ദേശ്യം.ചൂണ്ടക്കൊളുത്തില്‍ ഒരു പുതിയ കഥ എന്റെ ഡയറിക്ക് ഭക്ഷണമായി കിട്ടിയാലോ..അവള്‍ ക്ഷോഭത്തോടെ ഒച്ചയെടുത്തു:'എങ്ങനെ പറയാന്‍ കഴിയുന്നു ഇങ്ങനെയെല്ലാം?ആരുമില്ലാതാവുമ്പോ അറിയാം...'
സാന്നിധ്യവും അസാന്നിധ്യവും..എപ്പോഴാണൊരാള്‍ നമ്മുടെ മനസ്സില്‍ സന്നിഹിതനാവുക?വെറുക്കുന്നു,സര്‍വം വെറുക്കുന്നു..വീടെന്ന മഹാഗുഹയെ,സതീര്‍ഥ്യരുടെ സ്‌നേഹശൂന്യമായ മിഴികളെ..ഉഗ്രനിയമത്താല്‍ തടവറ തീര്‍ക്കുന്ന കലാലയത്തെ..എപ്പഴേലും വീണു കിട്ടുന്ന മിക്‌സഡ് ക്ലാസ്സുകളില്‍ കൂടെയുള്ളവര്‍ സ്‌ക്രീനിനപ്പുറമുള്ള ആണ്‍കുട്ടികളോട് സല്ലപിക്കാന്‍ തക്കം പാര്‍ക്കുമ്പോള്‍ മരവിച്ച ഹൃദയത്തോടെ ദാര്‍ശനികചിന്തകളില്‍ മുഴുകി.ചിലര്‍ സന്തോഷിക്കുന്നു,ചിലര്‍ ദുഃഖിക്കുന്നു,അര്‍ഥം തേടിയലഞ്ഞ സിദ്ധാര്‍ഥന് ഉത്തരം ലഭിച്ചുവോ?
ഹോസ്റ്റലിന്റെ കന്മതിലുകള്‍ ഭേദിച്ച് ചില സാമര്‍ത്ഥ്യപ്രണയങ്ങള്‍ പൂത്തുലഞ്ഞുതാടിക്കാരായ മൌലവിമാരുടെ കണ്ണു വെട്ടിച്ച്,വാര്‍ഡന്റെ തീക്ഷ്ണനയനങ്ങളെ കബളിപ്പിച്ച്..ഒരു രഹസ്യവും ആരും തന്നോട് പങ്കു വച്ചില്ല.'ആ രസംകൊല്ലിയെ എന്തിനു കൊള്ളാം?ഏതു നേരവും ഓരോ ഫിലോസഫിയും പറഞ്ഞ്..'എന്നിട്ടും നിഗൂഡതയുടെ കളഞ്ഞു പോയ പൊട്ടുകള്‍ മണലില്‍ നിന്നും മണ്ണില്‍ നിന്നും പെറുക്കിയെടുത്ത് ഡയറിക്ക് കവിതകളായി നിവേദിച്ചു.വൃക്ഷങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ ചാഞ്ഞു വീഴാറായ ചെറുമരം..അതിന്റെ ഭീതികളും വ്യസനങ്ങളും ആരറിയുന്നു...രതിസ്വപ്നങ്ങളുടെ ചെറുശകലങ്ങള്‍ അവരങ്ങോട്ടുമിങ്ങോട്ടും വാക്കുകളാല്‍ എറിഞ്ഞുകളിച്ചപ്പോഴും ഒന്നും മനസ്സിലായില്ല..ആരും ഒന്നും വിശദമാക്കാത്തതെന്ത്?സൂചനകളാല്‍ ഗര്‍ഭിണികളായ വാക്കുകള്‍..പിന്നീട്കാലം യാഗാശ്വമായി പാഞ്ഞ് മരവിച്ച തന്റെ ജീവിതത്തെ താഴെയിട്ട് നിര്‍ദാക്ഷീണ്യം തട്ടിക്കളിച്ചപ്പോള്‍ ആ തമാശകളുടെയൊക്കെ രസമില്ലാത്ത അര്‍ഥങ്ങള്‍ പിടികിട്ടി.കുട്ടികളാവുമ്പോള്‍ മനസ്സിലാവാത്ത മുതിര്‍ന്നവരുടെ സ്വകാര്യങ്ങള്‍..എന്തേലും സംശയം ചോദിച്ചുപോയാല്‍ കുരച്ചു ചാടുന്ന അവരുടെ ഭീകരമുഖങ്ങള്‍..മുറുമുറുത്തു എപ്പോഴുംഒന്നുമില്ല,ഒരു സീക്രറ്റും..ലൈഫ് ഈസ് എ ബിഗ് സീറോ...
ഡയറിയില്‍ അവസാനവരികളെഴുതുമ്പോള്‍ കുട്ടികള്‍ പള്ളിയില്‍ പോവാന്‍ തുടങ്ങിയിരുന്നു.ഇന്നിനി ഭക്ഷണം കിട്ടില്ല,സമയം കഴിഞ്ഞുപോയല്ലോ..മണിനാദങ്ങളില്‍ തൂങ്ങിക്കിടക്കുന്ന സമയമൃദദേഹം.ഹോസ്റ്റല്‍ ഈസ് എ ക്രുവല്‍ ബെല്‍.. അടുത്ത ജന്മത്തില്‍ ദൈവമേ നീയെന്നെ സ്‌നേഹത്തിന്റെ മാലാഖയാക്കുക.സ്‌നിഗ്ധമായ കൈകളാല്‍ ഞാനെല്ലാ വ്യഥിതരെയും സ്പര്‍ശിക്കും.വരണ്ട ചുണ്ടുകളില്‍ ചുംബിക്കും.പ്രകാശകണികകള്‍ അവരുടെ ഉള്ളില്‍ ഉല്ലസിച്ചോടും.എല്ലാവരും സന്തോഷത്തിമര്‍പ്പില്‍ പുളകിതരായി....
ഒരു ദിവസംസലിന്‍ വീട്ടില്‍ പോയിരുന്നു.അവളുടെ റിലേഷനായ കുട്ടിയോട് സോഫിയ ചോദിച്ചു:'ഇനിയെന്നാ സലിന്റെ ഉപ്പ വരിക?ഉപ്പ കൊണ്ടു വരണ സാധനങ്ങളെക്കുറിച്ചൊക്കെ അവളെപ്പഴും പറയും.'ആ കുട്ടി അന്തം വിട്ട് കുറെ നേരം സോഫിയയെ തുറിച്ചു നോക്കി:'അതിന് സലിത്താക്ക് ഉപ്പയില്ലല്ലോ.എന്നോ നാടു വിട്ടതാ.മരിച്ചോ ജീവിക്കുന്നോ ആര്‍ക്കറിയാം..ഇതൊന്നും ഇതു വരെ ഇത്ത പറഞ്ഞിട്ടില്ലേ?'
സ്തബ്ധരായ കണ്ണുകളിലേക്ക് ഭയത്തോടെ നോക്കി അവള്‍ വിക്കി:'എന്നാ ഇനി ഞാന്‍ പറഞ്ഞൂന്ന് അറിയണ്ട.വീട്ടിച്ചെന്നാ എനിക്കാവും ചീത്ത കേള്‍ക്കുക.'യാചനയോടെ അവള്‍ സോഫിയയുടെ കൈ കൂട്ടിപ്പിടിച്ചു.
വിഡ്ഢീ,മനസ്സ് പരിഹാസത്തോടെ പിറുപിറുത്തുഇല്ലാത്തതെല്ലാം ഇങ്ങനെ കിനാക്കളിലൂടെ നേടാന്‍ കഴിയണം.നിരാശപ്പെടാനല്ലാതെ നിന്നെയെന്തിനു കൊള്ളാം?ഡയറിയെടുത്തപ്പോള്‍ കയ്യിലേക്ക് മരണത്തണുപ്പ് ഉറുമ്പുകളായി അരിച്ചു കയറി.നരച്ച പേജിലേക്ക് വെറുപ്പോടെ കറുത്ത മഷി തൂവിത്തെറിപ്പിച്ചു.അപ്പുറമുള്ള കടലാസുകളെക്കൂടി വിരൂപമാക്കിക്കൊണ്ട് അതു പതുക്കെ പരക്കാന്‍ തുടങ്ങി.............  

2013, നവംബർ 22, വെള്ളിയാഴ്‌ച

പീഡന കല (കഥ )

വെറും നിലത്ത് ഒരു മണിക്കൂര്‍ നീന്തിക്കഴിഞ്ഞപ്പോള്‍ അവര്‍ അവനെ മുടിക്ക് പിടിച്ചെഴുന്നേല്‍പ്പിച്ചു. അവന്റെ കണ്ണുകള്‍ ചുവന്നു തുടുത്ത് നീര്‍കണങ്ങള്‍ തുളുമ്പി.
'അങ്ങനെ കരഞ്ഞാലൊന്നും പറ്റില്ലല്ലോ മോനേ, നീ ഡോക്ടറാകാന്‍ പോകുന്നവനല്ലേ?ഒരു പാട് ക്രൂരതകള്‍ക്ക് കൂട്ടു നില്‍ക്കേണ്ടവനല്ലേ?കരിങ്കല്ലു പോലൊരു മനസ്സ് വേണ്ടവനല്ലേ?അപ്പഴല്ലേ സിമ്പതിയില്ലാതെ കരിയറില്‍ ശോഭിക്കാനാകൂ..ഇതിനൊക്കെ നമ്മള്‍ ഹിറ്റ്‌ലറെയാണ് മാതൃകയാക്കേണ്ടത്.ക്രൂരതയുടെ മനോഹരമായ എത്ര ചരിത്രങ്ങളാണ് അദ്ദേഹം രചിച്ചു കളഞ്ഞത്! അന്നത്തെ കൊണ്‌സന്‍ട്രേഷന്‍ ക്യാമ്പ് പോലൊന്ന് ഈ ക്യാമ്പസ്സിലുണ്ടായിരുന്നെങ്കി ചുട്ടു കളയാമായിരുന്നു ഇവനെയൊക്കെ..'
അവരുടെ അട്ടഹാസത്തോടൊപ്പം പിശാചുക്കള്‍ ചുറ്റും നൃത്തം വെക്കുന്നതവന്‍ കണ്ടു..തുറന്നു കിടക്കുന്ന ബാത്ത്‌റൂമിലേക്ക് അവര്‍ അവനെ തള്ളിക്കൊണ്ടു പോയി.വാ പൊളിച്ചിരിക്കുന്ന വൃത്തികെട്ട യുറോപ്യന്‍ ക്ലോസറ്റിന്റെ സൈഡിലെ അഴുക്കില്‍ ഒരു ബ്ലൈഡ് അവര്‍ അമര്‍ത്തി വച്ചു.
'ഹാ ഹാ, പശ തേച്ച പോലെയാ ഒട്ടിയിരിക്ക്ണ്. ഇനി മോനതൊന്നു നക്കിയെടുക്ക്..ക്ലോസറ്റൊന്ന്! വൃത്തിയാവട്ടേന്ന്..'
ആജ്ഞാശക്തിയുടെ സര്‍പ്പപത്തിക്കു താഴെ വിറച്ചു വിറച്ച് അവന്‍ കുനിഞ്ഞു,നട്ടെല്ല് വരെ തുളച്ചു കയറിയ ദുര്‍ഗന്ധത്തില്‍ ഒക്കാനിക്കാന്‍ തുടങ്ങി.. പിന്നില്‍ നിന്നും ശക്തിയില്‍ തൊഴിച്ച് അവര്‍ വീണ്ടും അലറി.
'അഭിനയമൊക്കെ നിര്‍ത്തിക്കോ,ഇല്ലെങ്കി തടി ബാക്കി കാണില്ല..'
അവന്റെ നാവ് മുളകു പുരട്ടിയത് പോലെ നീറി.ചോര പതുക്കെ ഉറവ് പൊട്ടിത്തുടങ്ങി..പ്രജ്ഞ നശിച്ചവനെപ്പോലെ അവന്‍ അവരെ തുറിച്ചു നോക്കി..ദേഹമാകെ വിസര്‍ജ്യത്തിന്റെയും ഛര്‍ദിലിന്റെയും കെട്ട മണം..ഒരു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പിക്കരഞ്ഞുകൊണ്ട് അവന്‍ യാചനയോടെ കൈ കൂപ്പി.എന്നാലാ മിഴികളില്‍ കാരിരുമ്പ് വൃക്ഷങ്ങള്‍ പൂത്തുലയുന്നത് അവന്‍ കണ്ടു.ആര്‍ത്തി പിടിച്ച വദനങ്ങളോടെ അവര്‍ അവന്റെ വസ്ത്രങ്ങളഴിച്ചു.അടിവസ്ത്രത്തില്‍ മുറുകെ പിടിച്ച് അവന്‍ ദീനം നിലവിളിച്ചു:
'ഇത്തിരി ദയ കാണിക്കൂ, എനിക്ക് ഡോക്ടറാകണ്ട.ഞാന്‍ നാളെത്തന്നെ പൊയ്‌ക്കോളാം..'
അവര്‍ വലിച്ചു പകുതിയായ സിഗരറ്റിന്റെ കനല്‍സൂചികളാല്‍ അവന്റെ വെളുത്ത മേനിയില്‍ കുത്തി രസിച്ചു..സ് സ് ശബ്ദത്തോടെ വീഴുന്ന കറുത്ത പാടുകള്‍..
'ആഹാ, കുറച്ചു നേരംകൊണ്ട് ഇവനൊരു പുള്ളിപ്പുലിയാകും കെട്ടോ, ഹാ ഹാ ..'
ഭേദ്യം നടത്തി ആനന്ദിക്കുന്ന പോലീസുകാരെപ്പോലെ അവര്‍ ആര്‍ത്തു ചിരിച്ചു.ബോധരഹിതനായി അവസാനമവന്‍ നിലംപതിച്ചപ്പോള്‍ ഒരു പഴന്തുണിയെന്നോണം അവര്‍ അവനെ മുറിയുടെ മൂലയിലേക്ക് തൊഴിച്ചെറിഞ്ഞു.
'ജൂനിയേഴ്‌സില്‍ ഇനിയാര്‍ക്കാ കെറുവ്?പറയെട ഗോപീ..'ബാറിലേക്ക് ഇറങ്ങുംമുമ്പ് താടിക്കാരനായ കൂട്ടുകാരനെത്തോണ്ടി  മുതിര്‍ന്നവന്‍ ചോദിച്ചു.'തിരിച്ചു വന്നിട്ടാകാം ഇനി വല്ലോരും ഉണ്ടെങ്കില്‍...'
അവന്‍ പിറ്റേന്ന് ഉണരുമ്പോള്‍ അവരവന്റെ നഗ്‌നദേഹം നോക്കി കമന്റടിക്കുകയായിരുന്നു.അവശനായി എഴുന്നേറ്റ് ലജ്ജാരഹിതനായി അവന്‍ അവരുടെ കാല്‍ക്കലേക്ക് കുനിഞ്ഞു.സ്രഷ്ടാവിനോടുള്ള പ്രാര്‍ത്ഥനയെന്നോണം അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
'ഛെ,പെണ്ണിനെപ്പോലെ കരയുന്ന ഇവനൊന്നും ഡോക്ടറാകാന്‍ കൊള്ളില്ലെടെ.'
അവന്റെ വസ്ത്രം എറിഞ്ഞുകൊടുക്കെ താടിക്കാരന്‍ പൊട്ടിച്ചിരിച്ചു.'എഞ്ചിനീയറിങ്ങിന് പഠിക്കുന്ന ലൂസിയെ കണ്ടില്ലേ നീയ്?എന്താ ഗമ!ഇന്ന് തന്നെ നമുക്കവളെ ശരിയാക്കണം'അവര്‍ അശ്ലീലച്ചിരിയോടെ കണ്ണിറുക്കി.അവന്‍ പതുക്കെ തന്റെ റൂമിലേക്ക് നടന്നു.എത്ര ദിനങ്ങളാണ് കടന്നു പോയത്?പീഡനങ്ങളുടെ നനഞ്ഞു വിറച്ച നശിച്ച ദിവസങ്ങള്‍..മാടപ്പുരപോലുള്ള വീടിന്റെ ചിത്രം അവന്റെ ഉള്ളില്‍ നിലവിളിച്ചു.എന്തെല്ലാം നഷ്ടപ്പെടുത്തി.ക്യാന്‍സര്‍ രോഗിയായിരുന്ന അച്ഛനെ കൊല്ലങ്ങളോളം കണ്ട്,ഒരു ക്യാന്‍സര്‍ സ്‌പെഷ്യലിസ്റ്റായി പലരുടെയും കൊല്ലുന്ന വേദനയെ തണുപ്പിക്കാമെന്ന് എത്ര കിനാ കണ്ടതാണ്..വെറുതെ..എല്ലാം വെറുതെ..ചെറിയ ഇരുമ്പു പെട്ടിയും വില കുറഞ്ഞ  വസ്ത്രങ്ങളാല്‍ വീര്‍ത്തുന്തിയ ചെറിയ ബാഗും അവനെ പുറത്തേക്ക് നയിച്ചു.വിശാലമായ വയല്‍പരപ്പുകള്‍ ഉണങ്ങി വരണ്ട് എന്നോ നഷ്ടപ്പെട്ട പച്ചപ്പിനെയോര്‍ത്ത് നിലവിളിക്കുന്നു..ഒരു കനലടുപ്പില്‍ നിന്ന് മറ്റൊന്നിലേക്ക്..അതാണ് ജീവിതം.വെറുപ്പോടെ അവന്‍ പുസ്തകങ്ങളെ ദൂരേക്ക് വലിച്ചെറിഞ്ഞു.ഒരു ഭിക്ഷുവിനെപ്പോലെ അലഞ്ഞ അവനെ ഒടുവില്‍ ഇലച്ചാര്‍ത്തുകള്‍ നഷ്ടപ്പെട്ട് മുക്കാലും നഗ്‌നമായ ഒരു കാട് കൈകള്‍ നീട്ടി ആലിംഗനം ചെയ്തു.ഉള്ളിലേക്ക് പോകുന്തോറും പല മണങ്ങളായ് ഫലങ്ങള്‍..അറിയാവഴികള്‍ ചിരപരിചിതമെന്നോണം ചവിട്ടിക്കയറി വനാന്തരത്തിലെ ഇരുളിലേക്ക് അവന്‍ അടിവെച്ചു..അവിടെയതാ ഒരു സിംഹക്കൂട്ടം വിശ്രമിക്കുന്നു..അന്ത്യം അടുത്തെന്നറിഞ്ഞിട്ടും പിന്തിരിയാതെ കാലുകള്‍ ശാന്തരായി.പീഡിപ്പിച്ചു രസിച്ച കിരാതന്മാരുടെ ഓര്‍മയില്‍ അവന്‍ ഭയത്തോടെ കൈ കൂപ്പി.അവന്റെ കണ്‍കളില്‍ നിന്ന് കനിവിനായുള്ള അര്‍ത്ഥന കാറ്റായും കുളിര്‍ജലമായും സിംഹങ്ങളെ തഴുകി.സിംഹരാജന്‍ മുന്നോട്ട് വന്ന് തണുത്തു മരവിച്ച അവന്റെ പാദങ്ങളെ നക്കിത്തുടച്ചു.നായയെപ്പോലെ വാലാട്ടുന്ന ആ ജീവിയെ കെട്ടിപ്പിടിച്ച് അവന്‍ വിങ്ങിക്കരഞ്ഞു:'ഇതായിരുന്നു എന്റെ അമ്മവീടും അച്ഛന്‍വീടും.ആരാണ് അതെന്നില്‍ നിന്നും തട്ടിപ്പറിച്ചത്.?'
അവനെ മുതുകിലേറ്റി സിംഹം തന്റെ കുട്ടികളുടെ അടുത്തെത്തി.എല്ലാവരും അവനിലേക്ക് ദയയായ് പെയ്തു.സംതൃപ്തിയോടെ മരതകവര്‍ണമുള്ള വള്ളിക്കുടിലുകള്‍ സ്വപ്നം കണ്ട് ഉണങ്ങിത്തുടങ്ങിയ പുല്‍പരപ്പില്‍ അവന്‍ നീണ്ടു നിവര്‍ന്നു കിടന്നു.അപ്പോളവനില്‍ ഒന്നും ശേഷിക്കുന്നുണ്ടായിരുന്നില്ല, വസ്ത്രം പോലും .........

2013, നവംബർ 20, ബുധനാഴ്‌ച

മിസ്സ്ഡ് കോള്‍ (കഥ)


മൊബൈലിനു ചുറ്റും പാറിപ്പറക്കുന്ന കുരുവിയാണവള്‍.എന്തൊരു ധൃതി!ഡൈനിംഗ്‌ടേബ്‌ളില്‍ വെച്ചാണവള്‍ തന്നെ ഓര്‍ക്കുന്നതു തന്നെ .'മമ്മീ ,ഭക്ഷണമായില്ലേ?'ആ വിളിയെങ്കിലും ദിവസവുമുണ്ട്.സ്‌കൂള്‍ വിട്ടു വരേണ്ട താമസം,റൂമവളെ പുല്കുകയായി.പിന്നെ ഫോണ്‍വിളിയുടെ ,കൊഞ്ചിക്കുഴയലിന്റെ  രാഗം നേര്‍ത്ത നൂലായി പുറത്തേക്കിഴയും.എത്ര തവണയാണ് അതിനെച്ചൊല്ലി കടല്‍ക്ഷോഭം ..ഒരൊറ്റ അലര്‍ച്ചയാണ് അപ്പോള്‍കുരുവിയാണെന്നൊന്നും തോന്നില്ല .'മമ്മിയെന്തിനാ എന്റെ പ്രൈവസിയില്‍ ഇടപെടുന്നെ?ഐ ഡോണ്ട് ലൈക് ഇറ്റ്..'വാ പൊളിച്ചു നിന്നുപോയി.ഇവളെന്നാ ഇത്ര വല്യ പരുന്തായത്?തന്റെ മടിയില്‍ അങ്ങുമിങ്ങും പാറിക്കളിച്ചിരുന്ന കുരുവിക്കുഞ്ഞ്..കടലെത്ര അലറിയാലും തിരയ്ക്ക്  അടങ്ങിയിരിക്കാനാകുമോ? അതാണ് പിന്നെയും പിന്നെയും വീടിന്റെ വാതിലുകളും ജനലുകളും ഇങ്ങനെ തിരതള്ളലില്‍ പ്രകമ്പനം കൊള്ളുന്നത്.അങ്ങോര്‍ക്ക് ഒരേ പല്ലവിയേ ഉള്ളൂ,നീയവളെ വല്ലാതെ മുറുക്കിപ്പിടിക്കണ്ട.അയാള്‍ക്കത് പറയാം.മകള്‍ തന്റേതു മാത്രമാണല്ലോ.കുട്ടികളുണ്ടാകാത്തയാള്‍ കുഞ്ഞുള്ള ഒരുത്തിയെ സ്വീകരിച്ചതു തന്നെ  വല്യ കാര്യം.കഴിഞ്ഞ തവണ ലീവില്‍ വന്നപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയില്‍ പെട്ടത്.അവളെ കാണുമ്പോഴേക്കും അയാളുടെ കണ്ണുകള്‍ വല്ലാതെ തിളങ്ങുന്നു!ആ മോബൈല്‍ ഫോണ്‍ കൊടുത്തപ്പോഴേ പറഞ്ഞതാണ്‌നാശത്തിന്റെ പുതിയ വഴികളൊന്നും തുറക്കണ്ടാന്ന്..ആദ്യമവളുടെ റിങ്ങ്‌ടോണ്‍ മധുരമായ കിളിക്കൊഞ്ചലായിരുന്നു,ഈയിടെയായി കഴുകന്റെ ചിറകടി പോലൊരു ശബ്ദമാണ്..വല്ലാത്തൊരു പേടി ഉള്ളിലേക്കെറിയുന്ന  വല്ലാത്തൊരു സ്വരം..
കല്യാണബ്രോക്കറെ പറഞ്ഞേല്‍പ്പിച്ചപ്പോഴാണ് സമാധാനമായത്.നയത്തില്‍ പറഞ്ഞു നോക്കിമോളേ,നാളെ നിന്നൊരു കൂട്ടര് കാണാന്‍ വരുന്നുണ്ട്
'എന്തിനാ,എന്നെയാരും കാണാന്‍ വരണ്ട '.അവളുടെ ശബ്ദം കാതുകളെ കുത്തിക്കീറി.
'നീയെന്നാടീ ഇത്ര വല്യ ആളായത്?നിന്റെ മോബൈല്‍ കിന്നാരം ഞാന്‍ കേള്‍ക്കുന്നില്ലാന്നു കരുതിയോ?ഇനി നീയീ വീട്ടീന്ന് പുറത്തിറങ്ങുന്നത് എനിക്കൊന്നു കാണണം,'
വാതില്‍ ലോക്ക് ചെയ്യാന്‍ ഒരുങ്ങുമ്പോഴേക്കും അവളെന്നെ ഉന്തി മറിച്ചിട്ടു .
'എന്നെ അടിച്ചല്ലേ?ഇനിയൊരു നിമിഷം ഞാനീ വീട്ടില്‍ നില്‍ക്കില്ല.'ചാടിത്തുള്ളി കടന്നുപോയ അവളെ എന്റെ നിലവിളികള്‍ ഒട്ടും സ്പര്‍ശിച്ചില്ല..ഒരാഴ്ച കഴിഞ്ഞ്‌ഹോട്ടല്‍ റിസപ്ഷനില്‍ പോലീസകമ്പടിയോടെ നില്‍ക്കുമ്പോള്‍  അവളില്‍ ഇപ്പോഴും പരുന്തിന്‍ ഭാവമുണ്ടോ എന്നു ഞാന്‍ ചുഴിഞ്ഞു നോക്കി.താനിതൊന്നും കൂസുന്നില്ലെന്നൊരു മുഖക്കനം..ഭാര്യയും മക്കളുമുള്ള അവളുടെ മോബൈല്‍ ഫ്രണ്ട് തന്നെ പുച്ഛത്തോടെ നോക്കി പോലീസിനു മുമ്പില്‍ കൈ കൂപ്പി 'ഈ കുട്ടി ക്ഷണിച്ചിട്ടാ സാറേ ,ആ കൊഞ്ചല്‍ കേട്ടാ ആരായാലും ..' നടുക്കമുണ്ടായില്ല.വയറ്റില്‍ മുളച്ചെന്നു വച്ച് സ്വന്തമാകണമെന്നില്ലല്ലോ.ഒരു പൂച്ച തന്റെ എത്ര കുഞ്ഞുങ്ങളെ ഓര്‍ക്കുന്നു ..വേഗം പുറത്തിറങ്ങി'ഹലോ മോളെ കൊണ്ടോണില്ലേ?'അശ്ലീലച്ചിരിയോടെ പോലീസുകാരന്‍ പുറകീന്ന് വിളിച്ചു.ഇനി അരങ്ങേറാന്‍ പോകുന്ന പതിവുനാടകങ്ങളായിരുന്നു മനസ്സില്‍.ഇന്റര്‍നെറ്റ്വഴി പരക്കാന്‍ പോകുന്ന അവളുടെ പല പോസിലുള്ള ചിത്രങ്ങള്‍ ..എല്ലാം അറിയുമ്പോള്‍ അയാളും പറന്നെത്തിയേക്കും ,ആര്‍ത്തിയോടെ ഒരു തവണ കുഴിയില്‍ ചാടിയവളെ വളക്കാനും എളുപ്പമാണല്ലോ ..
തിരിഞ്ഞു നിന്നപ്പോള്‍ കൈകള്‍ താന്‍ പോലുമറിയാതെ നീണ്ടു അവളെ മാറോടണക്കാന്‍ ..പണ്ടൊക്കെ കൊഞ്ചിച്ചിരിച്ചാണ് അവള്‍ ഓടിയണയുക..പക്ഷെ അവള്‍  തന്റെ മെലിഞ്ഞ കൈകളെ ഗൌനിച്ചതു തന്നെയില്ല .ഒന്നു നോക്കുക പോലും ചെയ്യാതെ അവള്‍ സ്‌കൂള്‍ ബേഗുമായി കാറില്‍ കയറി മറ്റൊരു മിസ്‌കോളിനായി ഫോണ്‍ ചെവിയില്‍ ചേര്‍ത്തു വെച്ചു ...........................

2013, നവംബർ 16, ശനിയാഴ്‌ച

മഞ്ഞപ്പാവാട (കഥ )


 പനിവെയിലിന്റെ പൊള്ളുന്ന, പിഞ്ഞിയ തലയണയും പുതപ്പും മുഖത്തമര്‍ത്തി അവളെന്നെ നോക്കി.വരണ്ടു വിണ്ട ചുണ്ടുകളില്‍ മരുഭൂദാഹം വിതുമ്പി.ചുട്ടു പഴുത്ത ഇരുമ്പില്‍ നിന്നെന്നോണം ആ കണ്‍കളില്‍ നിന്നും ചൂട് പ്രസരിച്ചു.അതില്‍ കൈ പൊള്ളിയെങ്കിലും അടുത്തേക്ക് ഒന്നൂടെ ഒട്ടിക്കിടന്നു. ഇപ്പോള്‍ രണ്ടു സൂര്യന്മാര്‍ ഒരുമിച്ച പോലെ..ചുറ്റും ചൂട്..ചൂളക്ക് വെച്ച രണ്ടു ഇഷ്ടികക്കട്ടകള്‍..
'മാളൂ,ആ മഞ്ഞപ്പാവാട ഒന്നൂടെ കാണണം ഇന്‍ക്ക്.കറുത്ത പുള്ളികളുള്ള അതു പുതച്ചു പൊന്തേലിരുന്നാ പുലിയാണെന്ന് കരുതും എല്ലാരും അല്ലേ?'
ചിരിച്ചപ്പോള്‍ ആ കവിളിണകളില്‍ നുണക്കുഴികള്‍..ഒരാഴ്ച കൊണ്ടു മെലിഞ്ഞുണങ്ങി രണ്ടാളും.പണ്ടൊക്കെ പനിക്കാന്‍ ഇഷ്ടമായിരുന്നു.നെയ്യപ്പത്തിന് വാശിപിടിച്ചാ അപ്പഴേ കിട്ടൂ.ഈ പനി പക്ഷെ മാറുന്നില്ല.കളിക്കാന്‍ കൊതിയാകുന്നു..അവള്‍ കൂട്ടുകാരില്‍ നിന്നും കേട്ടു പഠിച്ച പാട്ടുകള്‍ മൂളാന്‍ തുടങ്ങി.മണ്ണ്! മെഴുകിയ നിലത്ത് അവിടവിടെ ഞാഞ്ഞൂലുകള്‍ പുറ്റ് കൂട്ടുന്നുണ്ട്.അകത്തു നിന്നും കുട്ടികളുടെ കരച്ചിലും അമ്മയുടെ ശകാരവും..എല്ലാം കൂടെ സ്വൈരം   കെടുത്തുമ്പോ ആര്‍ക്കാണ് ദേഷ്യം വരാതിരിക്കുക?ദിവസം പിറക്കുന്നത് തന്നെ ജോലികളുടെ പാറക്കഷ്ണങ്ങള്‍ അമ്മയുടെ തലയിലേക്കിട്ടു കൊണ്ടാണ്.ഒരു പാട് ദൂരെയുള്ള കിണറില്‍ നിന്ന് വെള്ളം കൊണ്ടു വരണം.ദാരിദ്യക്കുഴിയില്‍ കിടന്ന് എട്ടുപത്തു കുട്ടികളെ നോക്കണം.കുട്ടികള്‍ മാത്രം സമൃദ്ധമായ ഒരു കീറിയ കുട്ടയായിരുന്നു വീട്..അവളുടെ പാവാടയുടെ വട്ടത്തുളയിലൂടെ കാലുകളുടെ വെളുപ്പ് തിളങ്ങി.കീറിയ രണ്ടു പാവാടകളുടെ വിളറിനരച്ച സ്മരണയിലേക്കാണ് അമ്മാവന്‍ ആ മഞ്ഞപ്പാവാട നിവര്‍ത്തി വിരിച്ചത്.വാത്സല്യത്തിന്റെ നിലാസ്പര്‍ശം വല്ലപ്പോഴും എത്തിനോക്കിയത് ആ നേത്രങ്ങളിലൂടെയായിരുന്നു.സ്‌നേഹത്തിന്റെ മൃദുലത ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു വീട്..വനാന്തരം പോലെ അതിന്റെ അകങ്ങളെപ്പോഴും ഇരുട്ടാണ്ട് കിടന്നു.വഴക്കിലും കരച്ചിലിലും ഇടയ്ക്കിടെ വൃക്ഷക്കൊമ്പുകള്‍ ആടിയുലഞ്ഞു.കിളികള്‍ക്ക് കൂടു വെക്കണമെന്നും പാട്ടു പാടണമെന്നുമൊക്കെയുണ്ടായിരുന്നു.ഇടയ്ക്കിടെ മരങ്ങള്‍ ഉലയുമ്പോള്‍ വീണു പോകുന്ന കൂടുകള്‍..ഉടയുന്ന മുട്ടകള്‍..ആ വനം അങ്ങനെ ആര്‍ക്കും വേണ്ടാതെ, വിജനതയില്‍.. ഒറ്റയ്ക്ക്..
'അമ്മയോട് പറ, കാല്‍പെട്ടി തുറന്ന് അതൊന്നു കാണിക്കാന്‍.ആ മണമൊന്ന് മൂക്കിനെ കുളിപ്പിക്കട്ടെ.എണ്ണിയാലും എണ്ണിയാലും തീരാത്ത അതിന്റെ കറുത്ത പുള്ളികള്‍..'
'ഇന്ക്ക് പേടിയാ, ദേഷ്യപ്പെടും..അതില്ലാത്തൊരു നേരല്ല.'ഞാന്‍ നിസ്സഹായതയോടെ അവളോട് ഒന്നൂടെ ചേര്‍ന്നു കിടന്നു.
'അമ്മേം അച്ഛനും തല്ലു കൂടി അമ്മ വീട്ടിപ്പോവില്ലേ?അപ്പം ഞാനതാ ഇടാന്‍ പോണത്.നീയേതിടും?'അവള്‍ എന്നെ തോണ്ടിക്കൊണ്ട് ചോദിച്ചു.പുതിയതൊന്നും ഇല്ല.അതിന്റെ കുണ്ഠിതം പുറത്തു കാണിക്കാതെ ഞാന്‍ വെറുതെ ചിരിച്ചു.അന്നു രാത്രി പനിവെയില്‍ അവളിലേക്ക് ഇരച്ചു കയറുകയും എന്നില്‍ നിന്നും ചുരമിറങ്ങുകയും..വിയര്‍ത്തു കുളിച്ചു കിടക്കേ കേട്ടു പിച്ചും പേയും..'മഞ്ഞപ്പാവാട എടുക്കണ്ടാന്നു പറ. സ്‌കൂളില്‍ ചേരുമ്പോ ഇടാന്‍ള്ളതല്ലേ  .കീറല്ലേന്നു പറ.വിരുന്നു പോകുമ്പോ ഇടാന്‍ള്ളതല്ലേ..'സ്‌കൂളില്‍ ചേരല്‍!അതൊരു സ്വപ്നം മാത്രാണ്.ഇത്ര വലുതായവരെ ആരേലും സ്‌കൂളില്‍ ചേര്‍ക്കോ?ആഹാരത്തിനു തന്നെ പണമില്ല.പിന്നല്ലേ സ്ലേറ്റും പുസ്തകവും വാങ്ങിക്കല്‍..അസുഖങ്ങള്‍ക്ക് ചികിത്സിക്കാറുപോലുമില്ല.പഴമയുടെ കുറെ നാട്ടുമരുന്നുകള്‍..അതുകൊണ്ട് രക്ഷപ്പെട്ടെങ്കില്‍ ജീവിക്കാം. അത്ര തന്നെ.രോഗങ്ങളാകട്ടെ അടിക്കടി അവയുടെ കോന്ത്രമ്പല്ലുകള്‍ കാട്ടി ഇളിച്ചു.ചേച്ചിയുടെ തലയില്‍ പേനുകള്‍ ഒരു ചെറുകുഴി കുഴിച്ചിട്ടുണ്ട്.മഴവെള്ളം കെട്ടി നില്‍ക്കണ പോലെയാണ് അതില്‍ ചലം..
പിന്നെയും തുടര്‍ന്ന പേച്ചില്‍ വെള്ളം വെള്ളമെന്ന മന്ത്രം കാതുകളെ തൊട്ടു.ഇരുട്ടില്‍ തപ്പിയും തടഞ്ഞും മണ്ണെണ്ണവിളക്കിന്റെ പതറുന്ന വെളിച്ചത്തില്‍ വെള്ളവുമായി തിരിച്ചെത്തിയപ്പോള്‍....ദാഹം ഇനിമേല്‍ വ്യസനിപ്പിക്കാത്തവിധം ആ തൊണ്ട വരണ്ടിരുന്നു..ചുണ്ടിലേക്ക് ഇറ്റിച്ച ജലമത്രയും പായയിലേക്ക് തൂവി.കൈകള്‍ മരവിച്ചു.കാലുകളിലേക്ക് തണുപ്പിന്റെ പുതപ്പ് അമര്‍ന്നു.എന്റെ തൊണ്ടകീറുന്ന ആക്രന്ദനം വീടിനെയാകെ പിടിച്ചു കുലുക്കി..
കോടിമുണ്ടിന്റെ വെളുപ്പ് ഉമ്മറപ്പടി കടന്നപ്പോള്‍ നിലയില്ലാക്കിനാക്കളിലേക്ക് ഞാനൂര്‍ന്നു വീണു.മഞ്ഞപ്പാവാട ഒരു കുട പോലെ വീശി അവള്‍ മേഘമാലകള്‍ക്കിടയിലൂടെ പറന്നുകൊണ്ടിരുന്നു.അവസാനത്തെ കവാടം കടക്കുന്നതിനു മുമ്പ് അതെന്റെ കൈകളിലേക്കിട്ട് അവള്‍ പിറുപിറുത്തു:'എടുത്തോളൂ അത്.നിനക്കേതായാലും പുതിയതില്ലല്ലോ.ഇവിടെയാകെ മഞ്ഞ മാത്രാ..സൂര്യകാന്തിപ്പാടം പോലെ മഞ്ഞക്കോട പുതച്ചു കിടക്കാ മേഘങ്ങള്..മഞ്ഞ കണ്ടു കണ്ട് വായിലാകെ കയ്പ്..ഇനിയേതു നിറാ പുതിയതായി ഇഷ്ടപ്പെടാ?മാളൂ, മറന്നല്ലോ നിറങ്ങളത്രയും........................

2013, നവംബർ 14, വ്യാഴാഴ്‌ച

മണത്തിന്റെ കൂലി (കഥ )



ശവങ്ങള്‍ അവിടെയുമിവിടെയും കൂട്ടിയിട്ട വരണ്ട നിലങ്ങളിലൂടെ ഞാന്‍  വേച്ചു വേച്ചു നടന്നു.കയ്യിലുള്ള ചെറിയ റൊട്ടിക്കഷ്ണം തിന്നാനൊരുങ്ങുമ്പോഴെല്ലാം ദുസ്സഹമായ ഗന്ധം ഓക്കാനമുണ്ടാക്കി.ഒഴിഞ്ഞ വയറില്‍ നിന്നു തിരകള്‍ ആര്‍ത്തിരമ്പി.പിത്തനീര് നാവില്‍ കയ്ച്ചു.അപ്പോള്‍ മാത്രം വെടിയേറ്റു വീണ ഒരു പിഞ്ചുബാലികയുടെ കയ്യില്‍ നിന്ന് തെറിച്ച രണ്ടു റൊട്ടിക്കഷ്ണങ്ങളാണ് കൈവശമുള്ളത്.അവളുടെ വായിലെ പകുതി ചവച്ച ആഹാരം ചോരയുമായി കൂടിക്കുഴഞ്ഞിരുന്നു.പിന്നെയും ഒളിച്ചും പതുങ്ങിയും മുന്നോട്ടു നടന്നപ്പോഴാണ് ഞരങ്ങുന്ന ഒരുത്തന്റെ തെറിച്ചു വീണ ഭാണ്ഡം.ചിതറിയ കുറച്ചു നാണയത്തുട്ടുകള്‍..'വെള്ളം, വെള്ളം..'ഒരു മന്ത്രം പോലെ അയാളുരുവിട്ടു. കുപ്പിയില്‍ ബാക്കിയായ കലക്കുവെള്ളം വരണ്ട ചുണ്ടിലേക്കിറ്റിച്ചു.കോടിപ്പോയ വായില്‍ നിന്ന്  അതത്രയും പുറത്തേക്കൊഴുകി.ഒരു ദ്രുതചലനത്തോടെ അയാള്‍ നിശ്ചലനായി.കൈകള്‍ വിടര്‍ത്തി ആരുമൊന്നും കൊണ്ടു പോകുന്നില്ലെന്ന് മൂകം മൊഴിഞ്ഞ് അയാള്‍ വായും പൊളിച്ച് ചരിഞ്ഞു കിടന്നു.ഓരോരുത്തര്‍ ഇട്ടേച്ചു പോകുന്ന ചെറുസമ്പാദ്യങ്ങള്‍ കുറച്ചു കാലത്തേക്ക് അനുഭവിക്കാനാകണം ജീവിതം തന്നെയും കൊണ്ട് മുന്നോട്ടു പോകുന്നത്.
ദൂരെ ഒരു കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കാണാനിടയായി.നേര്‍ത്ത വെയിലുമായി പുകച്ചുരുള്‍ ചുറ്റിപ്പിണഞ്ഞു.ഇത്ര മാത്രം പുകയുയരാന്‍ എന്താണാവോ അവിടെ പാകം ചെയ്യുന്നത്!ആസ്വാദ്യകരമായ പരിമളത്തിന്റെ പ്ലെയിറ്റില്‍ തന്റെ റൊട്ടി നിഷ്പ്രയാസം കഴിക്കാം.മരച്ചുവട്ടിലിരുന്നപ്പോള്‍ ഹോട്ടലുകാരന്റെ കാക്കക്കണ്ണുകള്‍ ഒരു കുരങ്ങിനെ പ്പോലെ തന്റെ ചുറ്റിലും ചാടിക്കളിച്ചു.റൊട്ടി ചവക്കാന്‍ തുടങ്ങിയപ്പോഴേക്ക് ഒരു ജോലിക്കാരന്‍  വലിച്ചിഴച്ച് ഉടമയുടെ അടുത്തെത്തിച്ചു.
'എടാ തെണ്ടീ, എന്റെ ഹോട്ടലിന്റെ മുന്നില്‍ വില കൂടിയ ഇറച്ചി പൊരിച്ചെടുക്കുന്ന മണം ആസ്വദിച്ച് തന്റെ പഴകിപ്പൂത്ത റൊട്ടി തിന്നാമെന്നു കരുതി അല്ലേ?ടാ തന്നെ ദുശ്ശകുനം കണ്ട് എത്ര പേരിന്നു മറ്റു ഹോട്ടലുകളിലേക്ക് വഴി മാറി പോയിക്കാണും.എടുക്കെടോ മണത്തിന്റെ കൂലി!  താന്‍ അന്ധാളിച്ച് ഒരു പൊട്ടനെപ്പോലെ മുതലാളിയെ തുറിച്ചു നോക്കി.നട്ടെല്ലിനോടൊട്ടിയ വയറില്‍ ശക്തമായിടിച്ച് ജോലിക്കാരന്‍ ആവര്‍ത്തിച്ചു. എടുക്കെടോ മണത്തിന്റെ കൂലി!
പണ്ടാരോ ഇങ്ങനൊരു കഥ പറഞ്ഞ ഓര്‍മ അപ്പോഴാണ് മനസ്സില്‍ തികട്ടിയത്.ആവേശത്തോടെ ഭാണ്ഡത്തില്‍ നിന്നും തിരഞ്ഞു തിരഞ്ഞ് അഞ്ചാറു നാണയങ്ങള്‍ പുറത്തെടുത്തു.ചില്ലുമേശയിലേക്ക് അവ ഒരുമിച്ചിട്ട് പെട്ടെന്നു വാരിയെടുത്തു.പിന്നെ ഒരു സൂത്രശാലിയുടെ ഗര്‍വോടെ പറഞ്ഞു:'കേട്ടില്ലേ, പൈസ കിലുങ്ങുന്ന ഒച്ച?മണത്തിന്റെ കൂലിയായി ആ ശബ്ദമെടുത്തോളൂ..'
പക്ഷെ, തിരിച്ചു നടക്കാനൊരുങ്ങിയ തന്നെ ജോലിക്കാരന്‍ പിന്നില്‍ നിന്നു തള്ളി വീഴ്ത്തി.മാറാപ്പില്‍ നിന്നും ഒരു വൃദ്ധന്റെ ചിത്രവും മുത്തുമാലയും ആലില പോലൊരു ചെപ്പും തെറിച്ചു വീണു.എല്ലാം ദൂരേക്ക് തെറിപ്പിച്ച് അവര്‍ ആര്‍ത്തിയോടെ പണത്തിനായി തിരഞ്ഞു. ചെപ്പ് കണ്ണീരില്‍ കഴുകി ഞാന്‍ പിറുപിറുത്തു: "ഇതു നിറയെ എന്റെ പ്രണയമാണ്.ആര്‍ക്കും വേണ്ടാത്തവന്റെ ആര്‍ക്കും വേണ്ടാത്ത സ്‌നേഹം! തരില്ല ഇതാര്‍ക്കും!'
മൂന്നാലു പഴകിയ നോട്ടുകള്‍...അതും ശവം സമ്മാനിച്ചത്..'രൂപയൊക്കെ കയ്യില്‍ വെച്ചോണ്ടാണോ ഈ തെണ്ടി ഈ ഉണക്കറൊട്ടി തിന്നണത്?ഇവരുടെ അടുത്തൊക്കെ ലക്ഷങ്ങളാ സമ്പാദ്യം.പേപ്പറിലൊക്കെ എത്രയാ വാര്‍ത്തകള്‍..'മുതലാളി ഈര്‍ഷ്യയോടെ മുരണ്ടു.'അവിടെ കിടക്കട്ടെ, വിലപിടിച്ച മാംസം സ്‌റ്റോക്ക് തീരുമ്പോഴേക്ക് നമുക്കിവനെയൊന്നു കൊഴുപ്പിച്ചെടുക്കണം.' അവര്‍ എന്നെ ഒരു തൂണിനോട് ബന്ധിച്ചു.അപ്പോഴാ മണം!ശവഗന്ധങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെട്ടെത്തിയ താന്‍..അപ്പോളാ മണം! ഞാന്‍ വലിയ വായില്‍ തീരാത്ത വ്യസനത്തോടെ നിലവിളിച്ചു.പെട്ടെന്ന് ഒരു അലര്‍ച്ചയോടെ ഞാന്‍ ഓക്കാനിച്ചു.ദൂരേന്നു കഴുകുകള്‍ ചിറകടിക്കുന്നു.കോടമഞ്ഞു പോലെ അവ തന്നെ പൊതിയുന്നു..മേലാസകലം ആ കൊക്കുകള്‍ കൊത്തിക്കീറുന്നു.നിറയുന്നുണ്ട് പലതരം തൂവലുകള്‍, അരികുകള്‍ വാളുകളായ വലിയ വലിയ തൂവലുകള്‍......................      

2013, നവംബർ 11, തിങ്കളാഴ്‌ച

ചില മുന്നറിയിപ്പുകള്‍ (കവിത)


പെണ്ണേ, നീയിവരെയെല്ലാം സൂക്ഷിക്കുക
നിന്നെ ജനിപ്പിച്ചവനെ, സഹോദരനെ,
എന്നു വേണ്ട, ആണായി പിറന്നവരെയൊക്കെ,
ഒരകലത്ത് നിര്‍ത്തിക്കോളൂ, കാരണം
അവരുടെ കണ്ണില്‍ നീ വെറുമൊരു ചരക്ക്
വില ചോരാത്ത ഉരുപ്പടി
ആനന്ദം മാത്രമേകുന്ന മാംസം
എപ്പോഴും ആക്രമിക്കാവുന്ന വെറും ഇര
സ്ത്രീയേ, ബാത്ത്‌റൂമില്‍ കയറും മുമ്പ്
ഒളിക്യാമറകള്‍ ഉണ്ടോയെന്നു പരിശോധിക്കണം
നിന്റെ വിസര്‍ജനപ്രക്രിയ പോലും അവനെ ആഹ്ലാദിപ്പിക്കുമത്രെ
പുറത്തിറങ്ങുമ്പോള്‍ ഒരു ഇരുമ്പുവസ്ത്രം ധരിച്ചോളൂ
കാരണം നീയേതു പുടവയണിഞ്ഞാലും അതെല്ലാം വലിച്ചു കീറപ്പെടും
ചില്ലുവസ്ത്രമണിഞ്ഞതു പോലെയാണ്
അല്ലെങ്കിലേ, അവന്‍ നിന്നെ തുറിച്ചു നോക്കുന്നത്
അക്രമിയോട് നിനക്കും അമ്മയില്ലേ, പെങ്ങളില്ലേ
എന്നൊന്നും കെഞ്ചുന്നതില്‍ ഒരര്‍ഥവുമില്ല
പെണ്ണില്ലായിരുന്നെങ്കില്‍, ആണേ നിന്നെ
ആരു പോറ്റുമായിരുന്നു എന്നു വിലപിച്ചിട്ടും കാര്യമില്ല
മൂര്‍ച്ചയുള്ള ഒരു ഓപ്പറേഷന്‍കത്തി രഹസ്യമായി സൂക്ഷിച്ചോളൂ
അവന്റെ അധികാരദണ്ഡ് തല്‍ക്ഷണം അറുത്തു മാറ്റിക്കോളൂ
നിന്റെ മാനം ചാതഞ്ഞരഞ്ഞെങ്കിലും മറ്റു പലരും അതോടെ
അവന്റെ പരാക്രമത്തില്‍ നിന്നു സുരക്ഷിതരാകുമല്ലോ..............    

2013, നവംബർ 7, വ്യാഴാഴ്‌ച

കറുത്തും വെളുത്തും (കഥ)



ഉമ്മറത്ത് ചാരുകസേരയില്‍ ഇരുന്ന് പത്രവിശേഷങ്ങളുടെ മസാലമണത്തിലേക്ക് ഊളിയിടുമ്പോള്‍ ദൂരെ നിന്നേ കേട്ടു  'അരൂല്യെ ബടെ?' പാറുവല്യമ്മ  കൈപ്പടം നെറ്റിക്ക് മറയാക്കി സൂക്ഷിച്ചു നോക്കി വരുന്നു. ആഴ്ചയിലൊരിക്കലെങ്കിലും ചുറ്റുവട്ടത്തെ നുണക്കെട്ടുകളുമായി വരാതിരിക്കില്ല കേള്‍ക്കുന്നില്ലെന്നു നടിച്ചിട്ടും കാര്യമില്ല, .പറഞ്ഞുകൊണ്ടേയിരിക്കും, ശല്യം! സ്‌പോര്‍ട്‌സ് നായിക മരിയ ജുവാനോയുടെ ചൂടന്‍ വിവരങ്ങളാണ് പത്രം നിറയെ.'മരിയയുടെ കാമുകന്‍ ആരെന്ന്! വെളിപ്പെട്ടിരിക്കുന്നു. റോക്ക് ഗായകന്‍ മജൂം അല്‌നക്ക്. മരിയയുടെ ആരാധകരില്‍ ഈ വാര്‍ത്ത കടുത്ത നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്..'
'പെണ്ണേ, എത്ര വിളി വിളിച്ചു. ഒന്നു മിണ്ടിക്കൂടെ? ഒന്നൂല്ലേല്‍ നിന്റൊരു അകന്ന വല്യമ്മല്ലേ ഞാന്? കലികാലം! വാല്യക്കാരത്തികള്‍ക്കൊന്നും തല വെളുത്തോരെ കണ്ണിനു പിടിക്കില്ല. ഇരിക്കണത് കണ്ടില്ലേ,  ആണുങ്ങളെപ്പോലെ ഉമ്മറത്ത് ചാരുകസേരയില്‍! കുറച്ചു വെള്ളോ മോരോ കൊണ്ടു വാടീ..'
ഈര്‍ഷ്യ നടത്തത്തിനു ശബ്ദമുണ്ടാക്കി. തള്ളയിനി എപ്പോഴാവോ മടങ്ങുക? ഒന്നു സ്വൈരായി ഇരിക്കാനും സമ്മതിക്കില്ല. നല്ലൊരു ഡോസ് കൊടുത്താലേ ശരിയാകൂ.  തന്റെ  നാക്കിന്റെ നീളത്തെ ക്കുറിച്ച് നാട്ടിലാകെ കഥകള്‍ പ്രചരിക്കുന്നതോര്‍ത്ത് ഒന്നും മിണ്ടാതെ ഇരിക്കുക എത്ര കാലമാണ്?
'ഹാവൂ, വിയര്‍ത്തു കുളിച്ചു. മോളേ പൈസണ്ടെങ്കി ഒരമ്പതുര്‍പ്യ കൊണ്ടാ. മരുന്ന് വാങ്ങാനാ. നിന്റൊപ്പം പഠിച്ച ശീലേനെ ഓര്‍മല്യേ നെനക്ക്? ഒരു സുന്ദരിക്കോത. എന്തൊക്കെയാ ആളോള് പറയണത് ന്നറിയോ? ദിവസോം രാത്രി രണ്ടും മൂന്നും പേരാത്രേ കാറിലും ജീപ്പിലൊക്കെ വര്ണത്. ന്നാലോ യാതൊരു കൂസലൂല്യ. നാണോം മാനോം ഇല്ലാണ്ട് നേരം വെളുത്താ മുറ്റത്തൂടെ ലാത്ത്ണത് കാണാം.ആണുങ്ങള് കണ്ട് ഭ്രമിക്കാനേയ്..കലികാലം! ഞങ്ങടെ കാലത്ത് പെങ്കുട്ട്യോള്ക്ക് ഉമ്മറപ്പടി കടക്കണെങ്കി എത്രയെത്ര സമ്മതം കിട്ടണേര്‍ന്ന്. എന്റെ ഈശ്വരാ!
ഒന്നും കേള്‍ക്കാത്ത പോലെ പത്രത്തിലേക്ക് മുഖം പൂഴ്ത്തി 'ടെന്നീസിലെ സ്വപ്നസുന്ദരിയുടെ പ്രണയ കഥ ഹെറാള്‍ഡ് പത്രമാണ് പുറത്തു വിട്ടത്. മാസങ്ങളായി മജുവും മരിയയും പ്രണയ ബദ്ധരായിരുന്നു. എന്നാല്‍ ഒരുമിച്ചു കുറെ ദിവസം ചിലവഴിക്കണമെന്ന ഇരുവരുടെയും മോഹം ഇതു വരെയും പൂവണിഞ്ഞിട്ടില്ല. മരിയയുടെ തിരക്കു പിടിച്ച ഷെഡ്യൂളാണു കാരണം... '
'ഒരിക്കല്‍ നമ്മുടെ ദാമോദരപ്പിഷാരടി അവ്ടുന്ന് എറങ്ങി വരണത് ഞാന്‍ ഇന്റെ കണ്ണോണ്ട് കണ്ടതാ. ഇന്റെ ദേവ്യേ! എത്രയെത്ര നല്ല മന്ഷന്മാരെയാ ആ തേവിടിശ്ശി..അവള്‍ക്കേയ് എന്തോ രഹസ്യരോഗോം ഉണ്ടത്രെ!'
വല്യമ്മ ഒന്നു മിണ്ടാതിരി. ഞാനീ പത്രമൊന്നു വായിക്കട്ടെ. പത്തുറുപ്പിക അവരുടെ മടിയിലേക്കിട്ട് ഞാന്‍ കസേരയില്‍ ഇരുന്നു.
'എന്താടീ ഞാന്‍ മിണ്ട്യാല്? അയ്മ്പത് ഉര്‍പ്യ ചോയ്ച്ച്ട്ട് അവള് തന്നത് പത്തു ഉലുവ! ആര്‍ക്ക് വേണ്ടീട്ടാടീ ഇതൊക്കെ കെട്ടിപ്പൂട്ടി വെക്ക്ണ്? അനുഭവിക്കാന്‍ കുട്ട്യോളും മക്കളും ഒന്നൂല്ലാലോ. അഹമ്മതിക്കാരിയല്ലേ? എങ്ങനെ ഉണ്ടാവും?'
'ഇറങ്ങിപ്പോവുന്നുണ്ടോ, മേലാലീ പടി കേറിയേക്കരുത്.' ക്ഷോഭത്തോടെ കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റു. ചറുപിറെ ശാപവാക്കുകളുതിര്‍ത്തുകൊണ്ട് അവരിറങ്ങിപ്പോയി. കെട്ട്യോനും കുട്ട്യോളും ഇല്ലാതിരിക്കുന്നത് മഹാപാപാമാണോ?
അടുക്കളയിലെ പണിയൊതുക്കി വീണ്ടും പത്രത്താളിലേക്ക് മുങ്ങിയപ്പോള്‍ വല്യമ്മയുടെ കുനുഷ്ടിനാല്‍ ചുളിഞ്ഞ മുഖം മറന്നു.
'മജുവിനും മരിയക്കും പ്രണയം പുത്തരിയല്ല. സംഗീതത്തിലെ സുപ്പര്‍ സ്റ്റാറിനും ടെന്നീസിലെ സ്വപ്ന സുന്ദരിക്കും ആരാധകരുടെ പട തന്നെയുണ്ട്. പക്ഷെ ഇഷ്ടത്തിന്റെ തേന്‍കിളി കൂടു വച്ചിരിക്കുന്നത് ഇപ്പോള്‍ ഇവര്‍ക്കിടയിലാണ്.കഴിഞ്ഞ കുറെ മാസങ്ങളായി ആരുമറിയാതെ അവര്‍ സംഗമിക്കുന്നുണ്ട് .ക്യാമറക്കണ്ണുകള്‍ പ്രൈവസി തകര്‍ക്കുന്നതാണ് മരിയയുടെ സങ്കടം.ഇതിനിടെ നെറ്റു വഴി പ്രചരിച്ച നഗ്‌നചിത്രം തന്റെതല്ലെന്നു അവര്‍ ആണയിടുന്നുണ്ട്.അതവര്‍ തന്നെയാണെന്നാണ് ഓരോ ആരാധകന്റെയും കിതപ്പോടെയുള്ള മറുഭാഷ്യം. ഇവര്‍ ഗ്രൌണ്ടിലിറങ്ങിയാല്‍ പുരുഷ ആരാധകരുടെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നുണ്ടെന്നും അതിനാല്‍ ജെന്‍സ് പ്രോഡക്റ്റുകള്‍ക്ക് വന്‍തോതില്‍ പരസ്യം കിട്ടുന്നുണ്ടെന്നുമാണ് ചാനല്‍ വക്താവ് പുഞ്ചിരിയോടെ അറിയിക്കുന്നത്.
 അവരുടെ മിനിസ്‌കര്‍ട്ടിന്റെ അറ്റം മാംസളമായ തുടയില്‍ ചേര്‍ന്നു കിടക്കുന്നതും തടിച്ചുരുണ്ട ദേഹപ്പൊലിമ ടീഷര്‍ട്ടിലൂടെ ത്രസിച്ചുയരുന്നതും പത്രം അതിവിദഗ്ദമായി ഒപ്പിയെടുത്തിരിക്കുന്നു.റാക്കറ്റുമായി അങ്ങോട്ടുംമിങ്ങോട്ടുമോടുമ്പോള്‍ എത്ര കണ്ണുകളാവും ഈ പാനപാത്രത്തില്‍ തീരാത്ത ആര്‍ത്തിയോടെ..വെറുപ്പോടെ പത്രം തള്ളി മാറ്റി. അപ്പോഴും ഒരേ കഥ തന്നെ എന്തു കൊണ്ടാണ് വെളുത്തും കറുത്തും  പരക്കുന്നതെന്ന ശങ്ക മാത്രം മനസ്സില്‍ ഉറച്ച ഫെവിക്കോളായി ഒട്ടിപ്പിടിച്ചു കിടന്നു!       

2013, നവംബർ 2, ശനിയാഴ്‌ച

സ്വപ്‌നങ്ങള്‍ പടിയിറങ്ങുമ്പോള്‍ (കഥ )



'അമ്മേ,കുതിരയുടെ മുഖമായിരുന്നു അയാള്‍ക്ക്. പിന്നെ പലര്‍, ചെന്നായയുടെ, കഴുതപ്പുലിയുടെ ഒക്കെ മുഖമുള്ളവര്‍..അവരെല്ലാരൂടെ എന്റെ വായ് പൊത്തിപ്പിടിച്ചു.നിലവിളിക്കേണ്ടിയിരുന്നില്ല, അതോണ്ടാണല്ലോ ശ്വാസം കിട്ടാതെ കുറെ നേരം പിടയേണ്ടി വന്നത്. പോലീസെന്നോട് ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ വെച്ച് ഇയാളാണോ ഇയാളാണോ എന്നു ചോദിച്ചപ്പോഴും പകപ്പോടെ ഞാന്‍ തിരഞ്ഞത് ആ മുഖങ്ങളായിരുന്നു പക്ഷെ, കുതിരമുഖവും പുലിമുഖവുമെല്ലാം തേടി നടന്ന എന്നെ മൂക്ക് ചുളിച്ചു നോക്കി പോലീസുകാരന്‍ പരിഹസിച്ചുമോള്‍ക്ക് ഭ്രാന്താ, മാന്യന്മാരെ മര്യാദക്ക് ജീവിക്കാനനുവദിക്കാത്ത ഭ്രാന്ത്..'
ബാത്ത് റൂമിലേക്ക് താങ്ങിയെടുത്തു കൊണ്ടു പോകുന്നതിനിടക്കും അവള്‍ പിറുപിറുത്തു കൊണ്ടിരുന്നു. തൊടുന്നതിനെയെല്ലാം കരിച്ചു കളയാന്‍ പോന്ന പനി! രാത്രി മുഴുവന്‍ പിച്ചും പേയും പറയലായിരുന്നു. പലതും എന്താണെന്നു പോലും മനസ്സിലായില്ല. ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ തുള്ളിക്കളിച്ചിരുന്ന എന്റെ കുട്ടി ..
'അമ്മേ, പാരിജാതത്തിന്റെ സുഗന്ധവും പട്ടിന്റെ മിനുമിനുപ്പുമുണ്ടായിരുന്നു ആ സ്വപ്നത്തിന്. പനിച്ചൂടില്‍ പൊടുന്നനെ മഞ്ഞ് പൊടിഞ്ഞുതിരുന്ന വലിയൊരു കുഴിയിലേക്ക് ഞാന്‍ വീണു ..എന്നാലാ വീഴ്ച ഒട്ടും വേദനിപ്പിക്കുന്നതായിരുന്നില്ല. മെത്ത പോലെ മൃദുവായ മഞ്ഞുപാളികള്‍ നിറയെ ഉണ്ടായിരുന്നല്ലോ താഴെ. ഉള്ളം കരിക്കുന്ന ചൂടില്‍ നിന്ന് പെട്ടെന്ന്  തണുപ്പിലേക്ക് ഊര്‍ന്നു വീണപ്പോഴുണ്ടായൊരു സുഖം, ഹൌ! ചുവപ്പു മണക്കുന്ന വയലറ്റ് പൂക്കള്‍ ഓലവാലന്‍ കിളികളെപ്പോലെ ചെറുകാറ്റില്‍ ആടിക്കളിച്ചിരുന്നു എങ്ങും. അവയുടെ ചിരിയുടെ നേര്‍ത്ത സ്വരം നറുമണമായ് ഹൃദയത്തിലേക്ക് ഒഴുകിയെത്തി. എല്ലാം കുറച്ചു നേരം മാത്രം..മഞ്ഞുതരികള്‍ക്കിടയിലൂടെ നീളുന്ന അവന്റെ സുന്ദരമായ കൈകള്‍ ,എത്രയെത്ര റോസാപൂക്കളാണ് മുമ്പവ നീട്ടിത്തന്നിരുന്നത്..കവിളില്‍ തലോടി ആ വിരലുകള്‍ പറഞ്ഞു കൂട്ടിയ കിന്നാരങ്ങള്‍ ..ഉറുമ്പുചാലുകളെപ്പോലെ നീണ്ടു പോകുന്ന കൈരേഖകളെ അരുമയോടെ എത്ര തവണ നുള്ളിയതാണ്..ഒടുക്കംഭീഷണിയുടെ പത്തികള്‍ അവന്റെ കണ്ണുകളില്‍ വിഷം ചീറ്റാന്‍ തക്കം പാര്‍ത്തപ്പോഴും ആ കരങ്ങള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. പേടിക്കേണ്ടെന്നു ആംഗ്യം കാണിച്ചു. മുമ്പെന്നോ മൊബൈല്‍ഫോണില്‍ അവന്‍ സൂക്ഷിച്ചിരുന്ന എന്റെ ഫോട്ടോ നോക്കി കോക്രി കാണിച്ചു കൊണ്ട് അവന്റെ മുഖവും ക്രമേണ പ്രത്യക്ഷപ്പെട്ടു.വല്ലാതെ പേടിപ്പെടുത്തുന്നൊരു ഭാവം. ഞാനേറ്റവും ഇഷ്ടപ്പെട്ടിരുന്ന ആളു തന്നെയോ ഇത്. 'പെണ്ണേ ,ഞാന്‍ പറയണത് കേട്ടില്ലേല്‍ അറിയാലോ, ഈ ചിത്രം, പിന്നെ നീ ബര്‍ത്ത്‌ഡേക്ക് തന്ന ഫോട്ടോ, രണ്ടും കൊണ്ടു ഞാനൊരു കലക്കു കലക്കും.നാട്ടീന്നോടേണ്ടി വരും നിന്റെ കുടുമ്പം.'
നീര്‍ച്ചോലകള്‍ക്കടിയിലെല്ലാം വിഷസര്‍പ്പങ്ങള്‍ പാര്‍ക്കുന്നുണ്ട്.മേലേന്ന് വെള്ളമിത്തിരി തേവിക്കളയുമ്പോഴേക്കും പാഷാണം കലര്‍ന്ന നീലജലം ആകാശം പോലെ പരന്നു കിടക്കും. എന്നിട്ടും വിശ്വസിക്കാനായില്ല, ഇത്ര വേഗം! റോസിതളുകള്‍ ഒന്നു വാടുകപോലും ചെയ്യുന്നതിനു മുമ്പ്..'
'സുപ്രീം കോടതി വരെ പോയാലും നീതി കിട്ടുമെന്ന് കരുത്ണുണ്ടോ നിങ്ങള്?പാര്‍ട്ടികളൊക്കെ എത്ര വല്യ സ്രാവുകളാന്നു വല്ല നിശ്ചയുണ്ടോ?എത്ര ലക്ഷാ വേണ്ടതെന്നു പറഞ്ഞാ മതി. ബുദ്ധിയുള്ളവരെപ്പോലെ അടങ്ങിയൊതുങ്ങി ജീവിച്ചാല്‍ നിങ്ങടെ രണ്ടു പെണ്മക്കള്‍ക്കും നന്ന്. അല്ലാച്ചാ എന്താവൂന്ന് ഞാന്‍ പറയേണ്ടല്ലോ'പോലീസുകാരന്റെ കണ്ണുകള്‍ ചുവന്നു കലങ്ങി എന്നെ തുറിച്ചു നോക്കി. എത്ര കോടിയാണ് എന്റെ മോള്‍ക്ക് പകരമാവുക? ഭ്രാന്തിയെപ്പോലെ ജട പിടിച്ച് കുളിക്കാതെ കഴിക്കാതെ പുലമ്പിക്കൊണ്ടേയിരിക്കുന്ന എന്റെ കുട്ടി..മാലാഖയുടെ വേഷത്തില്‍ അവളും കൂട്ടുകാരികളും സ്‌കൂളില്‍ ഒരു നൃത്തമവതരിപ്പിച്ചത് എത്ര കുറച്ചു നാളുകള്‍ക്കു മുമ്പായിരുന്നു.
'അമ്മേ, ഒരു വിവരവും ആദ്യമേ വീട്ടില്‍ പറയാത്തതിന് കുറ്റപ്പെടുത്തുന്നുണ്ട് കൂട്ടുകാരി. അവള്‍ മാത്രമാണല്ലോ ഇവിടെ വരുന്നത്. രണ്ടു മാസത്തോളം വാഹനങ്ങളുടെയും അടച്ചിട്ട റൂമുകളുടെയും ഉള്‍ഭാഗം മാത്രമാണ് കണ്ടിരുന്നത്. ഓരോ സ്ഥലത്തേക്ക് പോകുമ്പോഴും നാലു തടിയന്മാര്‍ എന്നെ അമര്‍ത്തിപ്പിടിച്ചു. വായില്‍ തുണി തിരുകി, കൈകള്‍ പിന്നിലേക്ക് കെട്ടി കുറ്റവാളിയെ കൊണ്ടു പോകുമ്പോലെ..കുതറുമ്പോള്‍ കിട്ടുന്ന ഭേദ്യങ്ങള്‍ .ഇടയ്ക്കു അവരുടെ കമന്റും, വേണ്ടെടോ, അവിടെയെത്തുമ്പോ ജീവനില്ലെങ്കി പിന്നെന്താ രസം? ബോധം കെടുത്താന്‍ വയ്യാഞ്ഞിട്ടാണോ? ചെമ്മീന്‍ ചാട്യാ എവടെ വരെ ചാടും?ഓരോ ഹോട്ടല്‍ മുറിയില്‍ വെച്ചും രാജേഷിനെ ഒരിക്കലൂടെ കാണാനാവുമെന്നു വെറുതെ ആശിച്ചു ഞാന്‍. അവന്‍ പറിച്ചെടുത്തു കൊണ്ടു പോയ എന്റെ വിഡ്ഢിഹൃദയത്തെ തിരിച്ചു വാങ്ങാന്‍, കറുത്തിരുണ്ട ആ മനസ്സിനോട് ഒരിറ്റു വിഷത്തിനായി യാചിക്കാന്‍..ഉല്ലാസയാത്രക്കാലത്ത് തന്നെ വേണ്ടതെല്ലാം കവര്‍ന്നെടുത്ത് എത്ര പണത്തിനാവോ കാലിച്ചന്തയില്‍ വിറ്റ് കളഞ്ഞത്. ചൂണ്ടല്‍കൊളുത്തില്‍ പിടയുന്ന എത്ര ഇരകളെയാണാവോ ചളിയിലെറിഞ്ഞു കളഞ്ഞത്.മുമ്പൊരിക്കല്‍ എന്റെ മഷിപ്പേന നിലത്തു കുത്തി മുനയൊടിച്ചു അവന്‍ പറഞ്ഞു.എടീ പെണ്ണേ, ആരെങ്കിലുമിപ്പോള്‍ ഈ പഴഞ്ചന്‍പേന കൊണ്ടെഴുതോ?നിനക്ക് ഞാന്‍ ഒരു കൂട് അടിപൊളിപേനകള്‍ തരാം, മഷി നിറക്കേണ്ട, കയ്യും പേജും വൃത്തികേടാവില്ല. വെരി ഈസി, യുസ് ആന്‍ഡ് ത്രോ..'ഗെയിറ്റിനടുത്ത് അവര്‍ കൊണ്ടു വന്നു തള്ളിയപ്പോള്‍ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ.തെരുവിന്റെ രണ്ടോരങ്ങളിലും പൂട്ടിയ ഗെയ്റ്റുകളും ഉയര്‍ന്ന മതിലുകളും ഭയത്തോടെ കണ്ണു മിഴിച്ചു. പരുന്ത് കൊത്തിക്കൊത്തി വികൃതമാക്കിയ കോഴിക്കുഞ്ഞിനെ ബാക്കി വെച്ചതെന്തിന്?അതിനു മാത്രം കാരുണ്യം ഏതു മൃഗവദനങ്ങളിലാണ് കിനിഞ്ഞിരുന്നത്?'
മോളെപ്പോലെ സ്വപ്‌നങ്ങള്‍ വേട്ടയാടുന്ന സൂക്കേട് തുടങ്ങിയിട്ടുണ്ട് എനിക്കും. എല്ലാ കൊടുങ്കാറ്റുകളും പറത്തിക്കൊണ്ടു വരുന്ന കൂറ്റന്‍ കല്ലുകള്‍ മേലാസകലം ചതച്ചരക്കുമ്പോള്‍ വ്യാമോഹിക്കും നന്നായൊന്നുറങ്ങാനായെങ്കില്‍ ! കണ്ണടച്ചാല്‍ കോടതി മുറികള്‍ അലറാന്‍ തുടങ്ങും. കൂട്ടില്‍ കയറി നില്‍ക്കുന്ന ഞങ്ങളെ നോക്കി അട്ടഹസിക്കുന്ന യക്ഷിക്കൂട്ടങ്ങള്‍  മുഖംമൂടികള്‍ അവിടന്ന് മടങ്ങുമ്പോള്‍ രണ്ടു വശങ്ങളില്‍ നിന്നും ശരവര്‍ഷം ആരംഭിച്ചു. തുപ്പലഭിഷേകവും..ഓടിയോടി ഞങ്ങളൊരു കുറ്റിക്കാട്ടിലെത്തി. അവിടെ രണ്ടു കുഴികളില്‍ തളം കെട്ടിയ കറുത്ത വെള്ളവും വെളുത്ത വെള്ളവും. പെട്ടെന്നെവിടുന്നോ പറന്നു വന്ന കാക്കകള്‍ കറുത്ത വെള്ളം തെറിപ്പിച്ചു കളിക്കാന്‍ തുടങ്ങി.
 'എനിക്കമ്മേടെ വയറിനുള്ളിലേക്ക് പോവാനായിരുന്നു  ഇഷ്ടം.ആരും പിന്നെ ദ്രോഹിക്കാന്‍ വരില്ലല്ലോ.'മോള്‍ എന്റെ വയര്‍ തലോടി.
 ഞങ്ങള്‍ യാത്ര തുടര്‍ന്നു, പൊടി വീശിയടിക്കുന്ന ക്രീം നിറത്തില്‍ ചേടിമണ്ണ് പുതഞ്ഞ വഴികളിലൂടെ.. ഒരു കിടങ്ങിനപ്പുറത്തു അനേകര്‍ വാഹനം കാത്തു നില്‍ക്കുന്നു.
'ആ മെറൂണ്‍ ബസ്സെങ്ങോട്ടാ?'
കൂടി നില്‍ക്കുന്ന നരച്ച മുഖങ്ങളിലേക്ക് എന്റെ ചോദ്യം ഇടറി വീണു.
'അറിയില്ലേ? മൌത്തായിലേക്ക്. വരൂ വേഗം കയറാം' മുന്നിലും പിന്നിലുമെല്ലാം നിരന്നിരിക്കുന്ന വെളുത്ത തലകള്‍ . പുറത്തെ അനന്തമായ പൊടിക്കാറ്റിലേക്ക് നോക്കിയിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. പെട്ടെന്ന് ഭീതിയോടെ കൈകളുയര്‍ത്തി അവള്‍ നിലവിളിച്ചു'നോക്കമ്മേ, വെളുത്ത പുഴുക്കള്‍ ' മനോഹരമായ നഖങ്ങളിലെല്ലാം പടര്‍ന്നു കയറിയ പുഴുക്കുത്തിന്റെ കറുപ്പ്! അതിന്റെ സുഷിരങ്ങളില്‍ നിന്നു പ്രവഹിക്കുന്ന തടിച്ച പുഴുക്കള്‍ വസ്ത്രങ്ങളില്‍ അവ നിറഞ്ഞു കവിഞ്ഞു, തട്ടിക്കളഞ്ഞിട്ടും ഞെരിച്ചു കൊന്നിട്ടും തീരാതെ...
ഷോക്ക് ചികിത്സാ കേന്ദ്രത്തിന്റെ മഞ്ഞച്ചുമരുകളും കരണ്ടടിപ്പിക്കുമ്പോഴുള്ള നിലവിളികളും നുരയും പതയുമെല്ലാം വെറും കിനാവുകള്‍ ആയെങ്കിലെന്നു വ്യാമോഹിച്ചു പോകുന്നു.സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും നൂഡില്‍സ് പോലെ കൂടിക്കുഴയുന്നു. പരസ്പരം തൊട്ടു നോക്കും ഇടയ്ക്കു ഞങ്ങള്‍ .ജീവിക്കുന്നല്ലോ ഇപ്പോഴുമെന്നു അതിശയിക്കും.കൊടുങ്കാറ്റില്‍റ്റില്‍ പെട്ടു പോയ കരിയിലക്കും മണ്ണാങ്കട്ടക്കും ഇത്രയെറെ ആയുസ്സോ? ചുമരില്‍ നിന്നു ഒഴുകിയിറങ്ങുന്ന മഞ്ഞവെളിച്ചത്തില്‍ മുറ്റത്ത് പടിയിറങ്ങിപ്പോകുന്ന കനവുകളെ കാണാം. ദൂരയാത്രക്കുള്ള മാറാപ്പുമായി വണ്ടി പിടിക്കാനോടുന്ന കിനാവിന്റെ വലുതും ചെറുതുമായ രൂപങ്ങള്‍!


#ചതഞ്ഞരയുന്ന എല്ലാ പെണ്ബാല്യങ്ങള്‍ക്കുമായി വേദനയോടെ ഈ കഥ സമര്‍പ്പിക്കുന്നു.           
#മൌത്താ-മരിച്ചവര്‍

2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

പൂര്‍ണ വിരാമം(കവിത)



കറുത്ത തേരില്‍ മരുവിലൂടെ എത്രയായീ യാത്ര
തീക്കാറ്റും തീച്ചൂടുമേറ്റ്, ഇടയ്ക്കിടെ മാത്രം കാണുന്ന
കള്ളിമുള്‍ച്ചെടികളില്‍ എല്ലാ പ്രതീക്ഷയും അര്‍പ്പിച്ച്..
മുറിയുമെന്നു ഉറപ്പുണ്ടായിട്ടും എത്ര വട്ടമാണ്
ആ കൂര്‍ത്ത പച്ചപ്പിനെ ആശ്ലേഷിച്ചത്, ചോര പൊടിഞ്ഞത്
ഇപ്പോള്‍ സായാഹ്നത്തിന്റെ മഞ്ഞപ്പുതപ്പ് മണലില്‍
വിടര്‍ന്നു വിരിഞ്ഞു കിടക്കുമ്പോള്‍
അര്‍ക്കന്‍ സ്വര്‍ണമണലിലേക്ക് കൂപ്പു കുത്തുമ്പോള്‍
ഊരിത്തെറിച്ചു പോയ ചക്രങ്ങളെ ഓര്‍ത്ത് വിലപിക്കുന്നു..
വായുവേക്കാള്‍ വേഗതയുള്ളവയെന്നു കരുതിയ എന്റെ കുതിരകള്‍
ഇതാ ഊര്‍ദ്ധ്വശ്വാസം വലിക്കുന്നു, എന്നിട്ടും
പ്രഭാതങ്ങളെയാണ് ഓര്‍ക്കുന്നത്, ബാല്യകാലത്തെ
ആ ഇളംപച്ചയെയാണ് വീണ്ടും കയ്യെത്തിച്ചു തൊടാനായുന്നത്
റിവൈന്റിഗ് സാധ്യമല്ല, ജീവിതം റീടേക്കുകളില്ലാത്തത്..
നിയതി ഓരോരുത്തര്‍ക്കും ഒരു നിശ്ചിതയാത്രയും  നിര്‍ണിത വാഹനവും 
ഏകും, ആര്‍ക്കാണ് തിരുത്താനാവുക?ആര്‍ക്കാണ് തിരഞ്ഞെടുക്കാനാവുക?
ഭാഗ്യത്തിന്റെ കരസ്പര്‍ശം മാത്രം എല്ലാറ്റിനെയും മാറ്റിമറിക്കും
മരുവിലും പുഴകളും കൈത്തോടുകളും പുഞ്ചിരിക്കും
പൂന്തോട്ടത്തില്‍ പോലും തീക്കാറ്റ് എല്ലാറ്റിനെയും കരിച്ചുകളയും
അര്‍ഹിച്ചിരുന്നില്ലേ ഇതിലേറെ പച്ചപ്പ്?പ്രണയത്തിന്റെ തേന്‍മധുരം
കയ്പില്‍ കറുത്ത ജീവിതം മണ്ണില്‍ നിന്നു വിട്ടു പോകുമ്പോഴും
പിന്തിരിഞ്ഞു നെടുവീര്‍പ്പുതിര്‍ക്കും ആയിരുന്നെങ്കില്‍ ഈ യാത്ര
ഇതിലേറെ ഓജസ്സാര്‍ന്നത്, മധുരസ്മരണകളാല്‍ പൂത്തത്
പ്രണയപുഷ്പങ്ങളാല്‍ സുഗന്ധമാര്‍ന്നത്..
ആഗ്രഹങ്ങളുടെ ഈ ചെമന്ന പുസ്തകം അടച്ചു വെക്കാം
വെറും നിസ്സാരമായ  മരണമെന്ന പൂര്‍ണവിരാമത്താല്‍
ഈ ജീവിതവാക്യത്തെ എന്നെന്നേക്കുമായി അവസാനിപ്പിക്കാം..  

2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

ദ ടൈം(കവിത)






കാലം നിസ്സംഗമായ ഒരു ഘടികാരമാണ്
ദുഖങ്ങളിലേക്കും സന്തോഷങ്ങളിലേക്കും നോക്കി
അതു നിര്‍മമം ടിക് ടിക് ശബ്ദിക്കും
കണ്ണീരിന്റെ നനവോ ചിരിയുടെ നിറമോ
അതിനെ സ്പര്‍ശിക്കുകയില്ല ..
അത് അരൂപിയായ ഒരു ചക്രം
ഓരോ ഉരുളലിലും ഓരോരുത്തര്‍ക്കും
നിര്‍ണിതമായ അവസരങ്ങള്‍ മാത്രമേകി
ജയിച്ചോ തോറ്റോ യാതൊന്നും അതു ഗൌനിക്കുകയില്ല
നിശ്ചിതകാലമെത്തുമ്പോള്‍ ഓരോരുത്തരെയും
വെളുപ്പിക്കുന്നതിലാണ് അതിനു ഉത്സാഹം..
വണ്ടി തട്ടി വേണോ കിടപ്പിലാക്കണോ അറ്റാക്ക് വേണോ
തുരുതുരാ സംശയം ചോദിച്ചുകൊണ്ട്
കാലന്‍ കാലത്തെ അനുഗമിക്കും............

2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

ഒന്ന് പ്ലസ് ഒന്ന്‍ സമം പൂജ്യം (കഥ )



'നമ്മുടെ കൊച്ചെത്തിയോ'
ദീനക്കിടക്കയില്‍ നിന്ന് വിശാലം വിലപിച്ചുകൊണ്ടിരുന്നു.കേട്ടു മറന്ന ഏതോ സിനിമാ ഡയലോഗ് പോലെയാണ് അയാള്‍ക്കത് തോന്നിയത്.അനുഭവങ്ങളെയെല്ലാം ഒട്ടിച്ചു ചേര്‍ത്ത് ഒരു കഥ പടക്കണമെന്ന് കുറെയായി അയാള്‍ മോഹിക്കുന്നു.ഒട്ടിച്ചൊട്ടിച്ചവസാനം കിട്ടുന്നത് എത്ര വികൃതരൂപമായാലും ശരി, പേന പേപ്പറിലേക്ക് ഛര്‍ദിച്ചു കഴിയുന്നതോടെ എല്ലാം ഒന്നു കലങ്ങിത്തെളിഞ്ഞ പോലെ, എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ട പോലൊരു സുഖം അയാള്‍ പണ്ടു മുതലേ അനുഭവിച്ചിരുന്നു. എന്നിട്ടും ഒരെഴുത്തുകാരനാകുന്നതിനു പകരം ഒരു ക്ലാര്‍ക്കിന്റെ പൊടി പിടിച്ച ഫയലുകളാണ് ഭാഗധേയം അയാള്‍ക്കായി മാറ്റിവച്ചത്. സ്വന്തം അനുഭവങ്ങളായാലും ഒരന്യനെപ്പോലെ മാറി നിന്നു നോക്കാനായാല്‍ സാധാരണ തോന്നുന്നത്ര ദുഃഖം ഏതു വിപത്തിനും ഉണ്ടാവില്ല.അതയാള്‍ സ്വയം കണ്ടു പിടിച്ച ഒരു തിയറിയാണ്.ജീവിതം ഒരു കടലാണ്.ഡയറിയുടെ ഞരമ്പുകള്‍ പോലുള്ള ചുവന്ന വരയില്‍ അയാള്‍ എഴുതിക്ലേശങ്ങളറിയുന്നവനാണ് അതിന്റെ ആഴമറിയുന്നത്.അഗാധതയിലെ മുത്തും പവിഴവും ദര്‍ശിക്കുന്നത്. സുഖാലസ്യം മാത്രം വിധിക്കപ്പെടുന്നവര്‍ ആഴിയുടെ ഉപരിതലം മാത്രം സ്പര്‍ശിക്കുന്ന കപ്പലുകളെപ്പോലെ ജീവിതയാത്ര പൂര്‍ത്തിയാക്കുന്നു.
'നിങ്ങളൊന്നു ഫോണ്‍ ചെയ്തു നോക്ക്.'
വിശാലം വീണ്ടും വിതുമ്പി. ഒരാഴ്ച മുമ്പ് നടന്നതെല്ലാം അവളുടെ ബ്രെയിന്‍ ഡിലീറ്റ് ചെയ്‌തെന്നു തോന്നുന്നു. മകളെക്കുറിച്ചോര്‍ക്കുമ്പോള്‍ കുറെ പണക്കണക്കുകളും അയാളുടെ ഗുമസ്തമനസ്സിലേക്ക് കയറി വരും.മുപ്പതിനായിരത്തിന്റെ ലാപ്, ലക്ഷങ്ങളുടെ എന്ജിനീയറിംഗ് സീറ്റ്..കുന്നു കൂടുന്ന ബാങ്ക് വായ്പകളെക്കുറിച്ച് തര്‍ക്കിക്കുമ്പോഴൊക്കെ വിശാലം അവളെ ചേര്‍ത്തു പിടിച്ചു പ്രഖ്യാപിക്കും:'ഇങ്ങനൊരു പിശുക്കന്‍. നോക്കിക്കോ, ഈ കൊല്ലം കൂടി കഴിഞ്ഞാ എന്റെ മോള്‍ക്ക് ക്യാമ്പസ് സെലക്ഷനില്‍ തന്നെ ജോലിയാവും. പിന്നെ ലക്ഷങ്ങളാ ശമ്പളം. നിങ്ങളുടെ ഈ പീറക്കടം പിന്നെ അവള് തന്നെ വീട്ടിക്കോളും..'
കല്യാണമുറപ്പിച്ചപ്പോള്‍ മോള്‍ക്കെന്നു പറഞ്ഞെടുത്തു വെച്ച ആഭരണങ്ങള്‍ വിശാലം തന്നെ ഏല്പിച്ചു. താന്‍ പോലും ശരിക്കവ കണ്ടിട്ടില്ല. ഒരാവശ്യത്തിനും അവളതൊന്നും വിട്ടു തന്നിട്ടുമില്ല. എന്തു പറഞ്ഞിട്ടെന്ത്. കല്യാണം നടത്തേണ്ടി വന്നില്ല. അതിനു വേണ്ടി വായ്പയെടുത്ത പണവും സ്വര്‍ണവുമെല്ലാം ഒരു മോഷ്ടാവിനെപ്പോലെ അടിച്ചു മാറ്റി കാമുകനൊപ്പം മകള്‍ ചാടിയെന്നറിഞ്ഞത് കല്യാണദിവസം മാത്രം. വന്നവരോടൊക്കെ എന്തു പറയണമെന്നറിയാതെ തളര്‍ന്നിരുന്നു. ചുണ്ടില്‍ വക്രിച്ച പരിഹാസവുമായി വന്നവര്‍ പതുക്കെ സ്ഥലം വിട്ടു.ഓവുചാലിലൂടെ ഒലിച്ചു പോയ ലക്ഷക്കണക്കിനു രൂപ..
സ്‌റ്റേഷനില്‍ വച്ചു നിന്റെ അമ്മേം അച്ഛനേം കാണണ്ടേ കൊച്ചേയെന്ന പോലീസുകാരന്റെ ചോദ്യത്തിന് വേണ്ട എന്ന അറുത്തു മുറിച്ച ഉത്തരം കേട്ടു. ഇത്ര കാലം വളര്‍ത്തിയത് എന്തിനായിരുന്നു? അവള്‍ തങ്ങളുടെ ആരും തന്നെ ആയിരുന്നില്ലേ?
'ഒളിച്ചോടാനാണെങ്കി എന്തിനാ കല്യാണത്തലേന്നു വരെ കാത്തത്?'പോലീസ് വീണ്ടും  അവളോട് ചോദിച്ചു.
'എന്നാലല്ലേ പണവും സ്വര്‍ണവും കിട്ടൂ'
നെഞ്ചിലേക്ക് ആരോ ഒരു ഇരുമ്പുമുട്ടിയിട്ട് അടിച്ച പോലെ..എവിടെയൊക്കെയോ തെറ്റിയിരിക്കുന്നു. ഇത്ര കാലവും കൂട്ടിയ കണക്കുകളെല്ലാം പിഴച്ചിരിക്കുന്നു. പൊടി പിടിച്ച ചുവന്ന ഫയലുകളെല്ലാം തെറ്റിന്‍കൂട്ടങ്ങളാവുമോ..ഒന്നു കാണാന്‍ പോലും നില്‍ക്കാതെ ഹൈഹീല്‍ ഷൂവില്‍ ടപ്പ് ടപ്പ് ശബ്ദമുണ്ടാക്കി മകള്‍ ദൂരെ കാത്തിരിക്കുന്ന കാര്‍ ലക്ഷ്യമാക്കി ധൃതി വെച്ചു. അവളുടെ പ്രിയന്‍ അതിനുള്ളില്‍ കാത്തിരിപ്പുണ്ട്. വിശാലത്തെ എങ്ങനെയൊക്കെയോ ആണ് സ്‌റ്റേഷനില്‍ നിന്നു വീട്ടിലെത്തിച്ചത്.സ്വന്തം മോളെക്കുറിച്ചുള്ള അവളുടെ എല്ലാ ഗര്‍വും അവസാനിച്ചെന്നു തോന്നുന്നു.
ഇത്ര നാളും എന്തിനു വേണ്ടി അധ്വാനിച്ചുവോ അതെല്ലാം വെറും കുമിളകളായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് അയാള്‍ തന്റെ എഴുത്തുമുറിയിലേക്ക് തിരിച്ചെത്തിയത്.വിശാലം അനുദിനം മനോരോഗത്തിന്റെ  അഗാധതയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ അതേ ഗര്‍ത്തത്തില്‍ നിന്നു കര കയറാനാണ് അയാള്‍ തന്റെ പുസ്തകശേഖരത്തെ സ്പര്‍ശിച്ചത്.ഡയറിയില്‍ അയാള്‍ വലിയ അക്ഷരത്തില്‍ കുറിച്ചുഒന്ന് പ്ലസ് ഒന്ന്! സമം രണ്ട് എന്നത് എപ്പോഴും ആവണമെന്നില്ല. ഒന്ന് പ്ലസ് ഒന്ന് സമം പൂജ്യവും ആകാം............

2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

കവിതയ്ക്കൊരു നിര്‍വചനം (കവിത )



ദുഃഖവും സന്തോഷവും രണ്ടു സാമ്രാജ്യങ്ങളാണ്
ഒന്ന് മറ്റൊന്നിനെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു
വ്യസനമാകട്ടെ ഹര്‍ഷത്തിന്റെ ആക്രമണത്തെ
മോഹത്തോടെയാണ് പ്രതീക്ഷിക്കുന്നത്
പലപ്പോഴും ചെറുകാറ്റുകളായാണ്
ആമോദം സങ്കടവീഥിയിലൂടെ വീശുക
പുഞ്ചിരികളാണ് പൂക്കളായി വിതറുക
വ്യഥയാകട്ടെ കൊടുങ്കാറ്റായാണ് ആഞ്ഞടിക്കുക
നിമിഷം കൊണ്ടാണ് ആഹ്ലാദത്തിന്റെ കൂറ്റന്‍ എടുപ്പുകളെ കടപുഴക്കുക
ആനന്ദവും വ്യസനവും നിരന്തര ദാമ്പത്യത്തിലാണ്
ഒരാള്‍ മറ്റൊരാളെ ഭരിച്ചുകൊണ്ടേയിരിക്കുന്നു
ഭര്‍ത്താവായ ദുഃഖം പലപ്പോഴും അതിജയിക്കുമെങ്കിലും
നയചതുരതയുടെ വശീകരണ മന്ത്രങ്ങളോടെ
ഭാര്യയായ ആമോദം ഭര്‍ത്താവിനെ പരാജയപ്പെടുത്തിക്കൊണ്ടേയിരിക്കും
ശരീരങ്ങളില്‍ ആഹ്ലാദം നൃത്തമായി വിടരും
ശോകം രോഗമായും കവിതയായും............       

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ജഡം തയ്യാറാണ് (കഥ )



നീയെന്നെ ആത്മാവാക്കി മുകളിലേക്ക് പറത്തിയപ്പോള്‍ സാകൂതം ഞാന്‍ നോക്കി, നിശ്ചലമായ എന്റെ ദേഹത്തെ ഇനി നീയെന്തു ചെയ്യുമെന്ന്.ഐസ് ക്രീമില്‍ കലര്‍ത്തിത്തന്ന വിഷം അപ്പോഴും എന്റെ ചുണ്ടില്‍ നുരച്ചു കിടന്നു.എന്റെ പാവം പിടിച്ച പ്രേമം അപ്പോഴും നിന്റെ ചുറ്റും ഓടി നടന്ന് അലറിക്കരയുന്നുണ്ടായിരുന്നു. നീയെന്നേ എന്റെ പ്രണയത്തെ വേസ്റ്റ് ബാസ്‌കറ്റിലേക്ക് വലിച്ചെറിഞ്ഞിരുന്നു, എന്നിട്ടും എത്ര അളിഞ്ഞ മാലിന്യങ്ങള്‍ക്കിടയില്‍ നിന്നാണ് അതു വീണ്ടും നൂണ്ടു പുറത്തു കടന്നത്, നിന്നെയൊന്നു കാണാന്‍, ഇഷ്ടത്തോടെ ഒന്നു നോക്കാന്‍..
പല പ്രാവശ്യം നീ പറഞ്ഞ ആഭരണക്കാര്യം പ്രേമം അപ്പോഴാണ് ഓര്‍മിച്ചത്. ചെറുപ്പം മുതല്‍ ഉമ്മ ഉമ്മൂമ്മ ഉപ്പൂപ്പ ഉപ്പ തുടങ്ങി പലരായി തന്ന മഞ്ഞത്തിളക്കം ഒരു കീസിലിട്ടുഇതു കിട്ടുമ്പോഴെങ്കിലും നീ പ്രസാദിച്ചെങ്കിലോ..മരണനിമിഷം വരെ നിന്റെ മയക്കു സംസാരത്തില്‍ ആണ്ടു മുങ്ങിക്കിടന്നിരുന്ന ഞാന്‍ അറിഞ്ഞില്ലമഞ്ഞത്തിളക്കത്തെ ഏതൊക്കെയോ പോക്കറ്റുകളിലേക്ക് തിരുകുമ്പോഴുള്ള നിന്റെ ധൃതി, കുടിലത..
ഓ! നീയെന്തിനാണ് വീണ്ടുമെന്നെ വിവസ്ത്രയാക്കുന്നത്? ജീവനുള്ളപ്പോഴേ നീയെന്നെ പല തവണ മാനം കെടുത്തിയതല്ലേ? ഇനിയിപ്പോ എന്തു ചെയ്യാന്‍ പോകുന്നു? ഓ! എന്റെ പടച്ചോനേ! തണുത്തു മരവിച്ച മയ്യത്തും നിന്റെ ആസക്തിയെ കത്തിക്കുമെന്നോ?രണ്ടു തവണ മൃതദേഹത്തെ പ്രാപിച്ച്, മുഖത്തേക്ക് വെള്ളത്തുണി വലിച്ചിട്ട്, കാറിത്തുപ്പി..ഇനി നീയെന്താ ചെയ്യാന്‍ പോകുന്നത്?
ഓ! നീ മൊബൈല്‍  എടുക്കുകയാണ്. എന്റെ ബന്ധുക്കളെ വിളിക്കാനാവും.
എന്ത്! എന്താ നീ പറഞ്ഞത്?
'ലാല്‍ ജീ, ഡെഡ് ബോഡി ഈസ് റെഡി..പറഞ്ഞ പണം കിട്ടുമല്ലോ അല്ലെ?'

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

അവള്‍ (കവിത)




 അവളുടെ ആത്മാവിന്റെ തിളക്കമായിരുന്നു
 തേച്ചു കഴുകി മിനുങ്ങിയ പാത്രങ്ങള്‍ക്ക്
ഒരേ പോലെ മുറിച്ച മീന്‍കഷ്ണങ്ങളും പച്ചക്കറികളും
അവളിലെ കലാകാരിയെ ആവിഷ്‌കരിച്ചു
ഒരേ കനത്തിലുള്ള, പൂര്‍ണചന്ദ്രന്മാരായ പത്തിരികള്‍
ഒരിക്കലും അവളുടെ മനസ്സിലെ ഇരുളിനെ ദൂരീകരിച്ചില്ല
എരിഞ്ഞു പുകയുന്ന കറികള്‍ അവള്‍ക്കുള്ളിലെ മുറിവുകള്‍ക്ക് സമാനമായി
നിശ്ശബ്ദമായി ചൂല്‍ വെടിപ്പാക്കേണ്ടുന്നവരുടെ ദുഃഖങ്ങള്‍ അവളുമായി പങ്കിട്ടു
അവളും, തേഞ്ഞു തീരുന്ന മൂലയില്‍ ചാരി വെക്കപ്പെട്ട
പ്രതികരണശേഷിയില്ലാത്ത ചൂല്‍
അണയാത്ത അടുപ്പായിട്ടും ചിലപ്പോള്‍ പുകഞ്ഞ്, കനലൊളിപ്പിച്ച്..
ആരാകേണ്ടവളായിരുന്നു അക്ഷരപ്രസാദം ലഭിച്ചവള്‍
അഗ്‌നിയായി വാക്കിനെ ഉള്ളില്‍ ജ്വലിപ്പിച്ചവള്‍,
സാവധാനം കരിക്കട്ടയാവുന്നത് ഇങ്ങനെയാണ്
വെന്തു വെന്ത്, നീറി നീറി, പുകഞ്ഞു പുകഞ്ഞ് ചാരമായി ...........



2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

ഒരു കൊടും ഭീകരന്‍ പിറക്കും വിധം (കവിത )



ഇരുളിന്റെ ഇരുമ്പു കട്ടകളാലാണ് ഓരോ കാരാഗൃഹവും പണിയപ്പെടുന്നത്
ജനലുകളായി സങ്കല്പ്പിക്കപ്പെടുന്ന ചെറുദ്വാരങ്ങളിലൂടെ
വെളിച്ചം മടിച്ചു മടിച്ച് എത്തി നോക്കുന്നു
ജയിലിനു ചുറ്റുമുള്ള ഉരുക്കുഭിത്തികള്‍ ഒരു ചെമ്മീന് ഏറിയാല്‍
എത്ര വരെ ചാടാമെന്നു അനുനിമിഷം  ഓര്‍മിപ്പിക്കുന്നു
എത്ര വര്‍ഷങ്ങള്‍! വിചാരണത്തടവില്‍ മരിച്ചു പോയ യൌവനം
നിരപരാധിത്വത്തിന്റെ പ്രകാശം അരുമയായ് ദേഹത്തെ തൊട്ടപ്പോഴേക്കും
കനത്ത ഇരുള്‍ചങ്ങല വലിച്ചു കൊണ്ടു പോയി മറ്റൊരു ഏകാന്ത സെല്ലിലേക്ക്
ജയിലുകള്‍ ഒരേ പ്രസവത്തിലുണ്ടായ സയാമീസുകള്‍
ഒരേ ഭിത്തികള്‍ ഒരേ ചായം, ഒരേ ക്രൌര്യം..
കണ്ണുകളെ വെളിച്ചം എന്നേ കൈവെടിഞ്ഞു
പോലീസ്മര്‍ദനത്തില്‍ തകര്‍ന്ന കാലുകള്‍
ഏതു നേരവും പഴുത്ത് ചലം തിങ്ങി..
വ്യസനക്കയ്പ് മാത്രമായിട്ടും അത്ഭുതം! രക്തത്തില്‍ കുമിയുന്നത് പഞ്ചസാര
മധുരസീറയില്‍ അലിഞ്ഞു നശിക്കുന്ന അവയവങ്ങള്‍
എന്നിട്ടും നിസ്സഹായതയുടെ ഈ മാംസപിണ്ഡം കൊടുംഭീകരനാണത്രെ
ഭരിക്കുന്നവര്‍ക്ക് ഒരു നിമിഷം മതി നിങ്ങള്‍ക്ക് ഒരു ഇഞ്ചിയുടെ വിധിയേകാന്‍
ക്രൂരതയുടെ കരിങ്കല്ലിനടിയില്‍ ഇര എത്ര ചതഞ്ഞാലും 
അവര്‍ക്ക്തൃ പ്തിയാവുകയില്ല
ഇഞ്ചിയുടെ എരിയുന്ന പ്രതിരോധം പോലും
ക്രമേണ സ്വയംപരിഹാസത്തിന്റെ ചവര്‍പ്പായി മാറും
അതുകൊണ്ട് സഹോദരാ, വാതില്‍ ബന്ധിച്ചിട്ടും കാര്യമില്ല
ഒരു  നിയമപാലകന്‍ ഏതു സമയത്തും വീട്ടിലേക്ക് കയറി വരാം
പിന്നെജയില്‍വാതിലുകള്‍ ഭീകരമായി തുറക്കപ്പെടുമ്പോള്‍ മാത്രമാവും
നിങ്ങളറിയുക, നിങ്ങള്‍ ഒരു മനുഷ്യനേ അല്ലെന്ന്
കൊടുംഭീകരനെന്ന ഒരു പുതിയ ഇനം ജീവിയാണെന്ന്!       

2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

അമ്മായി(കഥ )



മേശമേല്‍ ഒരു മുട്ടന്‍ വടി കൊണ്ട് മൂന്നാലു തവണ അടിച്ച് അവര്‍ ഒച്ചയിട്ടു; എല്ലാരും വര്‍ത്താനം നിര്‍ത്തിക്കോളി, ഇല്ലേല്‍ ഇപ്പം കിട്ടും ഇന്റെ കയ്യിന്ന്.ആ, ഹാജര്‍ പറഞ്ഞോളീ..ഒന്ന്. അബ്ദുല്‍ ഖാദര്‍, രണ്ട്, അയ്മദ്..അനിയത്തി പൊട്ടി വന്ന ചിരി ഒതുക്കി എന്റെ കാതില്‍ മന്ത്രിച്ചു'താത്താക്ക് വരാന്‍ പോണ വിധിയാ, നല്ലോണം കണ്ട് പഠിച്ചോ.'അതു പറഞ്ഞ് അവള്‍ നാണയക്കിലുക്കമുള്ള ഒരു ചിരി പൊട്ടിച്ചു.അവളെ കൊല്ലാനുള്ള ദേഷ്യമുണ്ടായി.സന്ദര്‍ഭത്തിനു യോജിക്കാതെയാണ് അവളുടെ ചിരി പൊട്ടി വീഴുക.മയ്യിത്ത് കുടീന്ന് എറക്കുമ്പളും അവള് ചിരിക്കും.അവള്‍ക്ക് ജീവിതം ആകെ തമാശയാണ്.അതു കൊണ്ടാവും ഈ നാല്പത്തിനാലാം വയസ്സിലും അവള്‍ നിത്യവസന്തത്തിലായിരിക്കുന്നത്.അമ്മായി ഒന്നാം ക്ലാസ്സിലെ പാത്തുമ്മ ടീച്ചറായി ഇപ്പോഴും ഹാജര്‍ വിളിയില്‍ തന്നെ.പെട്ടെന്ന്എണീറ്റ് മൂലയില്‍ തൊട്ടില്‍ പോലെ തൂക്കിയിട്ട ഷാള്‍ അവര്‍ ഒരു താരാട്ടോടെ ആട്ടാന്‍ തുടങ്ങി.വാവോ വാവാവോ ..
ഭൂതകാലം അമ്മായിയെ പിടിച്ചു വെച്ചിരിക്കയാണ്, എങ്ങും ചലിക്കാന്‍ അനുവദിക്കാതെ.കാച്ചിത്തുണിയും ഉമ്മക്കുപ്പായവും തട്ടവുമൊക്കെയിട്ട് അമ്മായി കൈകുഞ്ഞുമായാണ് സ്‌കൂളില്‍ പോയിരുന്നതെന്ന് കേട്ടിട്ടുണ്ട്.ക്ലാസ്സില്‍ തന്നെ തൊട്ടില്‍ കെട്ടി , പഠിപ്പിക്കലിനിടയില്‍ ശിശു പരിപാലനവും.അന്ന് അഞ്ചാം ക്ലാസ്സുകാര്‍ക്കും ജോലി കിട്ടിയിരുന്നല്ലോ. പൊടുന്നനെ അമ്മായി  ചുമരിനഭിമുഖമായി  ഇരുന്ന് നിലത്തു മൂത്രമൊഴിച്ചു. പിന്നെ എഴുന്നേറ്റ് തലയിലെ തട്ടമെടുത്ത് ഒരു ചെറിയ കുട്ടിയെപ്പോലെ അത് തുടച്ചു കളിക്കാന്‍ തുടങ്ങി.
'നബീസോ ഒന്നിങ്ങട്ടു വാടീ' ,അനിയത്തി ഉറക്കെ വിളിച്ചു.എപ്പോഴും കടന്നല്‍ കുത്തിയ പോലെ നടക്കുന്ന അമ്മായിയുടെ ഒരേയൊരു മകള്‍ ഒട്ടും പുഞ്ചി രിയില്ലാതെ അകത്തേക്ക് നോക്കിപിന്നെ ഒരലര്‍ച്ചയായിരുന്നു;'ഈ മുസീബത്തിനോട് എത്ര പറഞ്ഞിട്ടും കാര്യല്ല.അപ്പീലും മൂത്രത്തിലും കുള്‍ച്ചാലെ  തൃപ്തിള്ളൂ.ഇന്റെ ഒരു വിധി.ഒരു പണിക്കാരത്തിനെ ഇള്ള ജന്മം പാകത്തിന് കിട്ടൂല.'
അവള്‍ അമ്മായിയുടെ അടുത്തു നിന്നും തട്ടം ബലം പിടിച്ചു വാങ്ങി അവരെ ഉന്തിത്തള്ളി കട്ടിലിലേക്ക് ഇരുത്തി.മൂത്രത്തിന്റെ വൃത്തി കെട്ട മണം എല്ലാവരെയും പരിഹാസത്തോടെ കോക്രി കാണിച്ചു.ശൈശവത്തിലേക്കുള്ള ആ തിരിച്ചു പോക്കിന്റെ  കാഴ്ച വേദനാജനകമായിരുന്നു.നബീസു കുഞ്ഞായിരുന്നപ്പോള്‍ എത്ര തവണ ഇങ്ങനെ മൂത്രത്തില്‍ കളിച്ചിരിക്കും. എത്ര തവണ പാവം അമ്മായി ക്ഷമയോടെ അവളെ കഴുകിയിരിക്കും.
'ഒന്നു കഴ്കിക്കൊട്ത്താളാ നബീസോ'അനിയത്തി പറഞ്ഞു.
അവള്‍ ക്രോധത്താല്‍ മുഖം വിരൂപമാക്കിക്കൊണ്ട് അലറി;ഹാവൂ എന്തൊരു സ്‌നേഹം!ഇങ്ങളെ വല്ലിപ്പാന്റെ നേര്‍പെങ്ങളല്ലേ?എടക്ക് ഇങ്ങക്കും ഒന്ന്! കഴ്കിക്കൊട്ക്കാ..'അവള്‍ കൊടുങ്കാറ്റ് പോലെ പുറത്തേക്ക് കുതിച്ചു.അമ്മായി താനിതൊന്നും കാര്യമാക്കുന്നില്ലെന്ന മട്ടില്‍ ഞങ്ങളെ മാടി വിളിച്ചു.കട്ടിലിനടിയില്‍ നിന്ന് ഒരു മരപ്പെട്ടി നിരക്കി നീക്കി തുറന്നു.അതില്‍ നിന്ന് ഒരു ആളുക്ക് പുറത്തെടുത്ത് കുലുക്കിക്കുലുക്കി പൊട്ടിച്ചിരിച്ചു.
'എന്താ അതില്‍?'ഞാന്‍ കൌതുകത്തോടെ അന്വേഷിച്ചു.അവര്‍ അതു തുറന്ന് നിലത്തു ചമ്രം പടിഞ്ഞിരുന്നു.'ആരോഗ്യം സമ്മതിക്കണം'അനിയത്തി പതുക്കെ പറഞ്ഞു'നമ്മക്ക് പോലും അങ്ങനെ ഇരിക്കാന്‍ കാല്‍ സമ്മതിക്കില്ല.'
അമ്മായി ആളുക്കിലുള്ളത് നിലത്തേക്ക് ചൊരിഞ്ഞു.വര്‍ണപ്പൊട്ടുകളായി നൂറായിരം വളപ്പൊട്ടുകള്‍ കിലുങ്ങിക്കിലുങ്ങി തുള്ളിച്ചിരിച്ചു.അവയെ അരുമയോടെ തൊട്ടു തലോടി അമ്മായി പുഞ്ചിരിച്ചുകൊണ്ടിരുന്നു.അവ കയ്യിലിട്ടു കുലുക്കി അവര്‍ ഞങ്ങളെ വിളിച്ചു;'വാ വളപ്പൊട്ട് കളിക്കാം.'
കാലം അതിന്റെ തിരശ്ശീലയെ പിന്നിലേക്ക് ചുരുട്ടി.അവിടെ വെള്ളത്തുണിയും ഉമ്മക്കുപ്പായവും കൈകളില്‍ നിറയെ വളകളുമിട്ട ഒരു ഉമ്മക്കുട്ടി വളപ്പൊട്ട് കിലുക്കി പൊട്ടിച്ചിരിക്കുന്ന ദൃശ്യം എന്റെ മുന്നിലേക്ക് മഴവില്‍ കഷ്ണങ്ങളായി ഉതിര്‍ന്നു.നഷ്ടനിമിഷങ്ങളുടെ തിളങ്ങുന്ന പൊന്‍പൊടികള്‍ ദുഃഖസ്മൃതികളായി എന്റെ ഉള്ളിലും വേദനിച്ചു മുഴച്ചു കൊണ്ടിരുന്നു .............

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ആത്മരോഷം (കഥ)



മയ്യത്ത്കട്ടില്‍ തോളില്‍ വച്ചവരുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെയായിരുന്നു അയാളുടെ സ്ഥാനം.മക്കളില്ലാത്ത ആമിനുമ്മാനെ ബന്ധുക്കളാണല്ലോ തോളിലേറ്റി   പള്ളിപ്പറമ്പിലേക്ക് കൊണ്ടു പോകേണ്ടത്.ഒരു പിടി മണ്ണ് ഓരോരുത്തരായി മുഖത്തേക്കിട്ട് മടങ്ങിപ്പോരേണ്ടത്.പറഞ്ഞു വരുമ്പോള്‍ അയാളുടെ മൂന്നാം  ഭാര്യയുടെ അമ്മായിയാണ് ആമിനുമ്മ.ഭാര്യമാര്‍ അയാള്‍ക്ക് മൂന്നാലെണ്ണമുണ്ട്.ഓരോ സാമ്പത്തികപ്രതിസന്ധിയുംഅയാള്‍ നീന്തിക്കടന്നത് വിവാഹങ്ങളിലൂടെയാണ്.രണ്ടു ലക്ഷവും മുപ്പതു പവനുംഅതില്‍ കുറച്ച് എവിടെ നിന്നും സ്ത്രീധനം വാങ്ങിയിട്ടില്ല.എല്ലാം കൂടെ ബാങ്കിലിട്ടിരുന്നെങ്കില്‍ ശിഷ്ടായുസ്സിനു ആ പണം മതിയായേനെ.പറഞ്ഞിട്ടെന്ത്?കര്‍ക്കിടകമഴയില്‍ മണ്ണ്! ഒലിച്ചുപോകും പോലെയാണ് അയാളുടെ കയ്യീന്ന് പണം ചോര്‍ന്നു പോകുക .എല്ലാ ആര്‍ഭാടങ്ങളും ഉള്ളതാണല്ലോ; കുടിയായാലും മയക്കു മരുന്നായാലും.
ചിറ്റ് നിറഞ്ഞ ചോരയില്‍ കുളിച്ച ഇരുനിറത്തിലുള്ള അമ്മായിയുടെ ചെവി അയാളുടെ ഉള്ളില്‍ മിന്നിമാഞ്ഞു.മറ്റേ ചെവി കൂടി അറുക്കാനൊരുങ്ങുമ്പോഴാണ് എന്തോ ശബ്ദം കേട്ടത്.ഇരുട്ടില്‍ തപ്പിത്തടഞ്ഞ് കിട്ടിയതുമായി ഓടി രക്ഷപ്പെടുകയായിരുന്നു.മാലയുടെയും വളയുടെയും .കൂടെ ചോരച്ച ആ ചിറ്റുകളും..മാംസത്തില്‍ നിന്നു സ്വര്‍ണം വേര്‍തിരിക്കാന്‍ കുറച്ച് കഷ്ടപ്പെട്ടു.എന്നിട്ടും വിചാരിച്ച സംഖ്യ ഒത്തില്ല.മൂന്നാം ഭാര്യക്ക് ഫോണ്‍ ചെയ്തപ്പോഴൊക്കെ സൂത്രത്തില്‍ ചോദിച്ചുകൊണ്ടിരുന്നുഎപ്പഴാ മരിച്ചതു കണ്ടത്?അവിടെ വേറെ ആരും ഉണ്ടായിരുന്നില്ലേ?അവള്‍ കരഞ്ഞു കൊണ്ടിരുന്നു.വല്ലാതെ പേടിച്ചിരിക്കുന്നു പാവം
'ഇങ്ങള് വെക്കം വെരീ.സ്വര്‍ണം കിട്ടാനാണേലോ ആ നശിച്ചോന്‍ ഇതു ചെയ്തത്.ഇബനൊന്നും ഇമ്മേം ബാപ്പേം ഇല്ലേ?'
'എന്നിട്ട് പോലീസ് വല്ലോരേം പിടിച്ചോ?'അയാള്‍ ബേജാറായി.
'ഇല്ല ,നാടൊട്ടുക്ക് പോലീസ് വണ്ടി പരക്കം പായാ..' 
സംശയം അയാളിലേക്ക് നീളുന്നില്ലെന്ന് നൂറു തവണ ഉറപ്പു വരുത്തിയാണ് അയാള്‍  ഒളിയിടത്തില്‍ നിന്ന് പുറത്തിറങ്ങിയത്.ചോരച്ച ചിറ്റുകളാണ് മനസ്സിലെപ്പോഴും ..ആദ്യത്തെ മോഷണശ്രമം തന്നെ ഇങ്ങനെ കൊലപാതകത്തില്‍ കലാശിക്കുമെന്ന് ഓര്‍ത്തതല്ല.വാതിലു പോലും നേരെ അടക്കാറില്ല അമ്മായി.ഒരാഴ്ചത്തെ നിരീക്ഷണം കൊണ്ടാണ് എല്ലാം മനസ്സിലാക്കിയെടുത്തത്.രാത്രി എട്ടു മണി കഴിഞ്ഞിരുന്നു തൊഴുത്തിലെ പണിയൊക്കെ കഴിഞ്ഞ് മൂപ്പത്തി അകത്തു കയറിയപ്പോള്‍.പിന്നാലെ ചെല്ലുമ്പോള്‍ മെയിന്‍ സ്വിച്ച് ഓഫാക്കാന്‍ മറന്നില്ല.അമ്മായി പിരാകിക്കൊണ്ടിരുന്നു;'ഈ ബലാലീങ്ങക്ക് കായി എണ്ണി മാങ്ങാനെ അറിയൂ,മന്‌സന് കത്തിച്ചണ നേരത്തല്ലേ വെള്ച്ചം മാണ്ട്യത്..'
ടോര്‍ച്ച് ലൈറ്റില്‍ മൂപ്പത്തി ചോറ് തിന്നുമ്പോഴാണ് കയ്യില്‍ കിട്ടിയ നിസ്‌കാരക്കുപ്പായം കൊണ്ട് മുഖം പൊത്തിപ്പിടിച്ചത്.ബോധം കെട്ടാല്‍ സംഗതി എളുപ്പാവൂലോ.പക്ഷെ കിളവിയായിട്ടും എന്താ കരുത്ത്?നിസ്‌കാരക്കുപ്പായം വലിച്ചു പറിച്ച് അലറി വിളിക്കാന്‍ തുടങ്ങി.പിന്നെ ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ല.അഞ്ചു നിമിഷം കൊണ്ടു ബോധമറ്റു.ചിറ്റുള്ള മറ്റേ കാതും കൂടി ആറുത്തെടുക്കാന്‍ പറ്റാത്തതായിരുന്നു വല്യ സങ്കടം.
രണ്ടാഴ്ച കഴിഞ്ഞ് പേപ്പറിന്റെ മുന്‍പേജില്‍ തന്നെ വൃദ്ധയെ ശ്വാസം മുട്ടിച്ചു കൊന്ന ആള്‍ പിടിയില്‍ എന്ന വാര്‍ത്ത കണ്ട് അയാള്‍ ഞെട്ടിപ്പോയി.ഏതോ ഒരു തമിഴനാണ്.ആള്‍ മുമ്പും പല മോഷണക്കേസിലെയും പ്രതിയാണ്.ആശ്വാസത്തിന്റെ ഒരു കുളിര്‍കാറ്റ് അയാളെ പൊതിഞ്ഞു.നാട്ടുകാര്‍ പ്രതിയെ കൈകാര്യം ചെയ്തു എന്ന അവസാന വരിയില്‍ കണ്ണുടക്കിയപ്പോള്‍ അയാള്‍ക്കും കൈ തരിച്ചു.തമിഴന്റെ മൂക്കുപാലം തല്ലിത്തകര്‍ക്കാനുള്ള ദേഷ്യത്തോടെ. ഈ നാട്ടില്‍ വയസ്സാവര്‍ക്കും പെണ്ണുങ്ങള്‍ക്കും കള്ളന്മാരെ പേടിക്കാതെ ജീവിക്കാന്‍ പറ്റില്ലേ എന്നൊരു ധര്‍മരോഷത്തോടെ അയാളും പ്രതിയെ കാണാന്‍ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി വച്ചു പിടിച്ചു.... 

2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

പൊറുതികേടുകള്‍.(കവിത)



കശുവണ്ടിപ്പരിപ്പ് പാക്കറ്റുകളായാണ് അച്ഛന്‍ വാങ്ങിത്തന്നിരുന്നത്
ആരോഗ്യവാനാകണം, പെന്‍സില്‍പോലുള്ള നിന്റെ ഈ ശരീരം വെച്ച്
ഈ ജീവിതത്തോട് നീയെങ്ങനെ പൊരുതി ജയിക്കാനാണ്?
മൂക്കിന്‍തുമ്പത്തെ കണ്ണടക്കിടയിലൂടെ അച്ഛന്‍ കാര്‍ക്കശ്യത്തോടെ നോക്കി
തീറ്റിച്ചു തീറ്റിച്ച് അമ്മ വശം കെട്ടു
തീരെ തിന്നാത്ത ഈ ചെക്കന്‍ എന്താണ് ആവാന്‍ പോകുന്നത്?
അയല്‍വീടുകളിലെ ലഗോന്‍കോഴികളെപ്പോലുള്ള
കുട്ടികളെ നോക്കി അമ്മ വ്യസനിച്ചു
എത്രയോ തിന്നു കഴിഞ്ഞിരുന്നു മസാലയിട്ടു വറുത്ത വെളുത്ത പരിപ്പുകള്‍
പതിനാറാംവയസ്സിലാണ് കഴിച്ചതെല്ലാം അനേകം കുട്ടികളുടെ
ജീവന്‍വിടാത്ത വികൃതശരീരങ്ങളാണെന്നു മനസ്സിലായത്
കശുവണ്ടിപോലുള്ള തലകള്‍,വളഞ്ഞുപിരിഞ്ഞുനേര്‍ത്തുപോയകൈകാലുകള്‍
എല്ലിന്‍കുഴിയില്‍ നിന്നെത്തി നോക്കുന്ന തിളക്കമറ്റ കണ്ണുകള്‍
ഒരിക്കലും ഒരാഹാരത്തെയും ദഹിപ്പിക്കാത്ത ജീര്‍ണിച്ച കുടലുകള്‍
ചുറ്റും ദുഷ്ടത മാത്രം കണ്ടു തളര്‍ന്ന ഹൃദയങ്ങള്‍
തിന്നുപോയതെല്ലാം അളിഞ്ഞ അവയവങ്ങളായി വയറില്‍കൊളുത്തിപ്പിടിച്ചു
മാറാത്ത വയറുവേദന...നിലക്കാത്ത ഓക്കാനം
അനവധി ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലുകളില്‍ സുഖവാസമെടുത്തിട്ടും
രോഗം തുടരുക തന്നെയാണ്,കുറ്റബോധമാണ് സ്വസ്ഥത തകര്‍ക്കുന്നത്
ഹെലികോപ്റ്ററുകള്‍ വര്‍ഷിച്ച വിഷമഴയില്‍ കരഞ്ഞു നിലവിളിച്ച്
കശുമാവുകള്‍ പ്രാണന്‍ പറിച്ചു വിരിയിച്ച ഫലങ്ങള്‍
അതിനും താഴെ വിഷമഴയില്‍ പൊതിര്‍ന്നു വിരൂപരായവര്‍
വിചിത്രരൂപികളായി ഭൂമിയെ തുറിച്ചു നോക്കുന്നവര്‍
വയറുവേദന എങ്ങനെ ശമിക്കാനാണ്?ഓക്കാനം എങ്ങനെ നിലക്കാനാണ്.........
   


2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

മൊബൈല്‍ ടു മൊബൈല്‍(കഥ)

'
ഹലോ മിനിക്കുട്ടീ,എന്തൊക്കെ വിശേഷങ്ങള്‍?'
'ഓ,എത്ര കാലമാണാവോ ഈ പുന്നാരം.ദുഷ്ടനാ,എപ്പഴാ ഇട്ടോടിപ്പോവാന്ന്പ റയാന്‍ പറ്റില്ല.'
'നിന്നെയോ,നിന്നെ ഞാനെങ്ങനെ ഒഴിവാക്കാന്‍?മരിക്കോളം നമ്മള്‍ പിരിയാന്‍ പോണില്ല.ഈ ഫോണ്‍ വിളിയും മെസ്സേജും പിന്നെ എപ്പഴേലും അവസരം കിട്ടുമ്പോ ഒന്നു കാണലും..അത്രയൊക്കെയല്ലേ പറ്റൂ കുട്ടീ,നമ്മള്‍ രണ്ടാളും കുടുമ്പോം കുട്ട്യോളും ഒക്കെ ഉള്ളോരല്ലേ?പിന്നെ മറ്റുള്ളവരുടെ െ്രെപവസിയിലേക്ക് ചൂഴ്ന്നു നോക്കുന്ന കേരളം പോലൊരു നാടും..'
'ഉം ഒക്കെപ്പറയും,പിണങ്ങ്യാ പിന്നെ എന്തൊരു ദുഷ്ടനാ..വിളിച്ചാ ഫോണ്‍ ജന്മത്ത് എടുക്കില്ല.എനിക്കാണേലോ എന്റെ ഭര്‍ത്താവ് പിണങ്ങിയാലൂടെ ഇത്ര സങ്കടംല്ല .'
'ചിലപ്പോ ഞാനങ്ങനെയാ,ആരോടും മിണ്ടാന്‍ തോന്നില്ല.അല്ലാതെ നിന്നോടെന്തു ദേഷ്യം?പിന്നേയ്,ആ ചൊറ പിന്നേം വിളിച്ചിരുന്നു.എന്തൊരു കഷ്ടപ്പാട്,അട്ടയെ പ്പോലെയാ,എത്ര തട്ടിക്കളഞ്ഞാലും അള്ളിപ്പിടിച്ചിരിക്കും.ഫോണ്‍ വിളിക്കണ്ട ,മെസ്സേജ് അയക്കണ്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.വിളി തന്നെ വിളി..ഞാന്‍ ഫോണെടുക്കില്ല.കുറെ കഴിയുമ്പോ മടുത്ത് ഓഫാക്കും.വല്ലാത്തൊരു പാടു തന്നെയാണേയ്'
'ആര്?ആ നസീമയോ?വല്യ കൂട്ടാരുന്നല്ലോ,ഇപ്പോ എന്തു പറ്റി?'
'ഏയ്,നിന്നോടുള്ള കൂട്ടൊന്നും വേറാരോടും ഇല്ലെടോ.അല്ലെങ്കിത്തന്നെ സ്‌നേഹിക്കപ്പെടാന്‍ മാത്രം എന്താ അവളിലുള്ളത്?ഭംഗി സ്മാര്‍ട്‌നെസ്സ് ഒന്നുല്ല.എന്നെ മൂപ്പത്തിക്ക് വല്യ ആരാധനയാ ..'
'ഉം,ഇക്കണ്ട പെണ്ണുങ്ങളൊക്കെ ആരാധിച്ച് എവിടെത്തുമാവോ എന്റെ ശ്രീകൃഷ്ണന്‍.ആട്ടെ,എന്റെ എഴുത്തിനെപ്പറ്റി എന്താ  അഭിപ്രായം?'
'അതു ഞാനെന്നും നിന്നോട് പറയണതല്ലേ?നീ നല്ല കഴിവുള്ളവളാണെന്ന്.എഴുതിത്തെളിയണമെന്ന്.നീയതൊന്നും ശ്രദ്ധിക്കില്ല.ഭര്‍ത്താവും കുടുമ്പോം അതേള്ളൂ നിനക്ക് ചിന്ത.കുതറാനാവണം കുട്ടീ,നമ്മളെ കെട്ടിപ്പൂട്ടിയ ചങ്ങലകളെ അല്പമെങ്കിലും കുതറിത്തെറിപ്പിക്കാനാകണം.'
'ഒക്കെ പറയും,കുതറി രക്ഷപ്പെട്ട് ഞാനാ കഴുത്തില്‍ തൂങ്ങും.അപ്പൊ കാണാം കോലം,ദൂരേക്ക് ഒരേറായിരിക്കും.'
'അതല്ലേ ഞാന്‍ പറഞ്ഞത്,കുടുംബം ഒക്കെ വേണം ,പക്ഷെ നമ്മളെ അതിനായ് ദഹിപ്പിച്ചു കളയരുത്.അപ്പൊ മോളേ സമയം ഒരുപാടായി.സന്തോഷായിരിക്ക് കേട്ടോ.'
ഫോണ്‍ ചൂട് പിടിച്ചിരിക്കുന്നു.അപ്പോഴാണ് ഒരു മെസ്സേജ്,ആ ചൊറ തന്നെയാവും.വായിക്കാതെ ഡിലീറ്റു ചെയ്യാറാണ് പതിവ്.
'ടുമോറോ വില്‍ ബി അഡ്മിറ്റഡ്  ഇന്‍ ദ ഹോസ്പിറ്റല്‍. നോട്ട് അറ്റോള്‍ വെല്‍.ദേര്‍ വില്‍ ബി ആന്‍ ഓപ്പറേഷന്‍.ഐ ഡോണ്ട് നോ വെതര്‍ ഇറ്റ് വില്‍ ബി എ ഡോര്‍ ടു ഡെത്ത് ഓര്‍ ലൈഫ്.ഫോര്‍ഗിവ് മി ഇഫ് ഐ ഹാംഡ് യു ഇന്‍ എനി വേ.മൈ ലാസ്റ്റ് വിഷ് ദോ യു റിജെക്റ്റ് ഈസ് ടു ടോക് ടു യു വണ്‍സ് മോര്‍,പ്ലീസ്..എന്നേലും എന്നെക്കുറിച്ചൊരു ഓര്‍മക്കുറിപ്പെഴുതണം.നക്ഷത്രത്തെ സ്‌നേഹിച്ച പടുവിഡ്ഢിയെപ്പറ്റി..'
ഒരു കരട് അയാളുടെ മനസ്സില്‍ ഇളകി.പുന്നാരവാക്കുകള്‍ കുറെ പറഞ്ഞിട്ടുണ്ട് തന്റെ കാര്യം നേടാന്‍.അതിനു കിട്ടില്ലെന്നു കണ്ടപ്പോഴാണ് ച്യൂയിന്ഗം പോലെ വലിച്ചെറിഞ്ഞത്.അല്ലാതെ ആരെങ്കിലും ഒരാളെ സ്ഥിരമായി സ്‌നേഹിച്ചുകൊണ്ടിരിക്കുമോ?എന്തൊരു മടുപ്പാണത്!ഋതുക്കള്‍ മാറുമ്പോലെയാണ് തന്റെ പെണ്‌സൌഹൃദങ്ങള്‍.ഓരോ ഋതുവിലും വ്യത്യസ്തമായ ഇമ്പമുള്ള ശബ്ദങ്ങള്‍.ജീവിതം അതിന്റെ അവസാന തുള്ളി വരെയും ആസ്വദിച്ചാണ് കുടിക്കേണ്ടത്.അതിനിടെ ഇത്തരം ചൊറകള്‍ ആവശ്യമില്ലാത്ത ടെന്‍ഷനാണ് തരുന്നത്.ഒരു അലൌകിക സ്‌നേഹം!
അങ്ങനെയൊക്കെ ചിന്തിച്ചിട്ടും ആ സ്ത്രീയെക്കുറിച്ച ചിന്തകള്‍ അയാളിലേക്ക് ചേരട്ടയെപ്പോലെ ഇഴഞ്ഞു ചുരുണ്ടു.'എല്ലാ നദികളെയും ശക്തമായി ചലിപ്പിക്കുന്ന മറ്റൊരു നദി അടിയിലുണ്ട് കുട്ടീ.'ഒരിക്കല്‍ അവളോട് ഫോണില്‍ പറഞ്ഞു.'നീ നല്ല കാലിബറുള്ള എഴുത്തുകാരിയാണ്.പക്ഷെ നീയത് മൈന്‍ഡ് ചെയ്യുന്നില്ല.ഒരിക്കലും രംഗത്ത് വരാന്‍ ശ്രമിക്കുന്നില്ല.'
'ഓ,എന്തു രംഗത്ത് വരാന്‍.വയസ്സായി മരിക്കാറായി.ഓരോരുത്തര്‍ക്കും ജീവിതം ഓരോ പാത്രം വച്ചിട്ടുണ്ട്.അതിലുള്ളതേ കിട്ടൂ.ചിലരുടെ പാത്രം നേരത്തെയങ്ങു ഉടഞ്ഞു തീരേം ചെയ്യും.എനിക്കൊന്നും വേണ്ട.ഈ വടവൃക്ഷത്തിന്റെ തണല്‍,എപ്പോഴും കത്തുന്ന സൂര്യനില്‍ നിന്നു ഈ വിളര്‍ത്തചെടിയെ രക്ഷിച്ചാല്‍ മതി.അതു മാത്രേ എനിക്കെപ്പോഴും വേണ്ടൂ.'
'അതൊക്കെ എപ്പഴുണ്ട്,മരിക്കണ വരെ നമ്മളിനി പിരിയണില്ല.പോരേ?'
'എവിടെ,മുമ്പ് പിണങ്ങിയത് ഞാന്‍ മറന്നിട്ടില്ല.എന്തൊരു വാശിക്കാരനാ.തെറ്റിക്കഴിഞ്ഞാ പിന്നെ പടച്ചോന്‍ ഇറങ്ങി വന്നു വിളിച്ചിട്ടും കാര്യമില്ല.'
'ഇനി അതൊന്നുമുണ്ടാവില്ല.പോരേ,പക്ഷെ ചിലതൊക്കെ എനിക്കിഷ്ടാ,നീയതോരിക്കലും തരില്ലാലോ.പിന്നെന്തു ചെയ്യും?സ്‌നേഹം ശരീരങ്ങള്‍ തമ്മില്‍ കൂടിയാണ് കുട്ടീ.'
'എല്ലാം തന്നെന്നു വിചാരിക്ക്.അതല്ലേ പറ്റൂ.ഈ വിളി തന്നെ പുറത്തറിഞ്ഞാ എന്റെ പടച്ചോനേ ഓര്‍ക്കാന്‍ വയ്യ.ഇഞ്ചി ചതയ്ക്കും പോലെ ചതച്ചു ചതച്ച് ഉപ്പിലിടും.'
'കുതറാനാവണം കുട്ടീ,എഴുത്തുകാരന്‍ എപ്പോഴും ചങ്ങലകളെ അറുത്തു തെറിപ്പിക്കണം.'
'ഒക്കെ പറയും,കുതറിത്തെറിച്ച് ഉള്ള ഇടം കൂടി നഷ്ടപ്പെട്ട് നിലവിളിക്കുമ്പോ ആരും ഉണ്ടാവില്ല,ഈ പറയണ ആളും..അനേകം ഗോപികമാര്‍ ചുറ്റി നടപ്പല്ലേ ഈ ശ്രീകൃഷ്ണനെ.'
ങാ,ചോദിക്കട്ടെ, എന്താ നിനക്ക് എന്നോടിത്ര ആരാധന?പറ'
'ആ എഴുത്തു തന്നെ.പ്രസംഗിക്കുമ്പോ ചാട്ടുളി പോലല്ലേ വാക്കുകള്‍.വാക്കുകളുടെ രാജാവാ.ആരാ ഇഷ്ടപ്പെടാതിരിക്കാ?'
'ഉം ,പ്രസംഗം കേട്ടു എത്ര പെണ്ണുങ്ങളാണെന്നോ  വിളിക്കണത്എന്നാ ശരീട്ടോ ,സന്തോഷായിരിക്ക്.ഓക്കെ.'
അവള്‍ സങ്കടങ്ങളെ ഒരു കടലെന്നോണം തന്നിലേക്ക് ഒഴുക്കിയിട്ടുണ്ട്.ആ ദുര്‍ബലചിത്തം തിരിച്ചറിയാഞ്ഞല്ല. ഇപ്പോള്‍ ദൂരേക്ക് തെറിപ്പിച്ചില്ലെങ്കില്‍ അതു തനിക്കു ആവശ്യമില്ലാത്ത ക്ലേശങ്ങള്‍ തരും.ജീവിതം ആനന്ദിക്കാനുള്ളതാണ്,അവസാനതുള്ളി വരെയും..പിന്നെയും ടിംഗ് ടിംഗ്‌ഫോണില്‍ മറ്റൊരു മെസ്സേജ്.ഡിലീറ്റു ചെയ്യാനൊരുങ്ങുമ്പോള്‍ അറിയാതെ വരികള്‍ കണ്ണില്‍ തടഞ്ഞു.
'കാലു പിടിച്ചാലും വിളിക്കില്ല അല്ലേ?എന്റെ കോള്‍ സ്വീകരിക്കയുമില്ല.അലിവെന്നു കരുതിയിരുന്ന വാക്കുകളൊക്കെയും ഇപ്പോഴെന്നെ പൊള്ളിക്കുന്നു.ഒരെഴുത്തുകാരന് ഇത്രേം ക്രൂരത സാധിക്കുമോ?എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി.മാപ്പ് ,വല്ല അപരാധവും ചെയ്തു പോയെങ്കില്‍..'
അഗാധമായൊരു ഗര്‍ത്തത്തില്‍ പെട്ടപോലൊരു തോന്നല്‍ പെട്ടെന്നയാള്‍ക്കുണ്ടായി.അതിനെ അതിജയിക്കാന്‍ അയാള്‍ മറ്റൊരു പെണ്‌സുഹൃത്തിനെ വിളിച്ചു കുശലം പറഞ്ഞു.സരസസംഭാഷണം അയാളുടെ ഹൃദയത്തിലേക്ക് പളുങ്കുമണികളെ വാരിയെറിഞ്ഞു.
രാത്രികാര്യമായിരുന്ന്! എഴുതുകയായിരുന്നു.അപ്പോഴാണ് പിന്നെയും വിളി.കണ്ടു കണ്ട് പരിചയിച്ച നമ്പര്‍.കലിയോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.കിടക്കാന്‍ നേരം ഫോണെടുത്തപ്പോള്‍ നാശം അതാ മറ്റൊരു മെസ്സേജ്
'ഈ ശല്യത്തെയോര്‍ത്ത് ഫോണ്‍ ഓഫാക്കണ്ട.നിര്‍ത്തി.ഒടിഞ്ഞു പോയ ഈര്‍ക്കിള്‍ നേരാക്കാനുള്ള എല്ലാ ശ്രമവും.എന്തോ നാളത്തോടെ കഥ തീരുമെന്നൊരു തോന്നല്‍.അതുകൊണ്ട് മാത്രാ വിളിച്ചത്,സോറി..'
നിലവിളിക്കുന്ന വാക്കുകളൊന്നും തന്റെ മനസ്സിനെ അല്പം പോലും ചാലിപ്പിക്കുന്നില്ലല്ലോയെന്ന് അയാള്‍ ഗൂഡം അഭിമാനിച്ചു.പൂവിതള്‍ പോലൊരു ഹൃദയം കൊണ്ട് എഴുത്തുകാരന് പ്രത്യേക മെച്ചമൊന്നുമില്ല.ഏതു വെയിലിലും വാടാതെ നില്‍ക്കാനാകണം.ഏതു കണ്ണീരിനെയും ചവിട്ടിത്തെറിപ്പിക്കാനാകണം.ഒരു ചേമ്പില പോലെ സ്‌നേഹത്തുള്ളികളെ സ്വീകരിക്കാനാകണം.പ്രേമത്തിന്റെ ഓരോ മഴയ്ക്ക് ശേഷവും ഒരു തരി നനയാതെ.ചിത്തം ഒരു തരി പോലും കുതിരാതെ..
മൂന്നു ദിവസം കഴിഞ്ഞ് പേപ്പര്‍ വായിക്കെ, ഉള്‍പ്പേജിലെ അപ്രധാനമായൊരു വാര്‍ത്ത അയാളെ ഞെട്ടിച്ചു കളഞ്ഞു'പ്രസവത്തെ തുടര്‍ന്ന്! അധ്യാപിക മരിച്ചു.സിസേറിയനിലെ  കുഴപ്പമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.'അവിശ്വാസത്തോടെ അയാളാ ചിത്രം വീണ്ടും വീണ്ടും നോക്കി.വിളറിയ ഒരു ചിത്രം'കുഞ്ഞ് സുഖമായിരിക്കുന്നു'അവസാനവരി അയാളുടെ കണ്ണുകളില്‍ ഒരു മിന്നായം പോലെ പിടഞ്ഞു. അവള്‍ പറയാറുണ്ടായിരുന്നു:'ദുനിയാവിന്റെ കഷ്ടപ്പാടിലേക്ക് എന്തിനാ പിന്നേം പിന്നേം കുഞ്ഞുങ്ങള്‍?പരലോകത്താണേല്‍ അവിടേം ശിക്ഷ.സ്വര്‍ഗം കിട്ടുമെന്ന് നന്മ ചെയ്താലും എന്താ ഒരൊറപ്പ്?പിന്നെ പെണ്ണായാ ഭര്‍ത്താവില്ലേല്‍ ,കുഞ്ഞില്ലേല്‍ ആളുകളുടെ കണ്ണുകള്‍ കൂര്‍ക്കും.അതിശയച്ചോദ്യങ്ങള്‍ കനയ്ക്കും.സമൂഹത്തില്‍ സ്വീകാര്യയാവണെങ്കി ആ ഭാരങ്ങളൊക്കെയും വേണം.എനിക്കാണേലോ ആത്മാവില്‍ തൊട്ട് ഒരാളെ സ്‌നേഹിച്ചില്ലെങ്കി നിലനില്പില്ല.ദൈവത്തിന്റെ കണ്ണില്‍ ഈ സ്‌നേഹൊക്കെ ഹറാമാണ് താനും.ഭര്‍ത്താവിനാണേല്‍ എഴുത്തെന്നു കേള്‍ക്കുന്നതേ കലിയാണ്.ഒരു സമാനഹൃദയനോട് മാത്രേ ഹൃദയത്തില്‍ തൊട്ട സ്‌നേഹം ഉണ്ടാവൂ അല്ലേ?'
'ചെറുപ്പത്തിലേ മുല്ലമാരുടെ ക്ലാസ് കേട്ടിട്ടാ നിനക്കീ ആവശ്യമില്ലാത്ത കുറ്റബോധങ്ങള്‍.ചത്തു കുത്തിപ്പോകുമെടോ എല്ലാരും ,അല്ലാതെന്ത്?അതിനിടെ കൈവെള്ളയില്‍ ശേഖരിക്കാനാകുന്ന തിളക്കങ്ങളൊക്കെ ഒരുക്കൂട്ടാ. എല്ലാ ആനന്ദങ്ങളും.എന്താ?'
'ഇങ്ങക്ക് പറ്റും.ബെല്ലും ബ്രെയ്‌ക്കൊന്നും ഇല്ലാലോ.നമ്മക്കങ്ങനെയല്ലല്ലോ  മതിലുകള്‍ക്കുള്ളില്‍ പിന്നേം മതിലുകള്‍.ആത്മാവോളം തുളച്ചിറങ്ങുന്ന മതിലുകള്‍.'
ഒരു പതിഞ്ഞ ചിരി മുഴങ്ങുന്നുണ്ടോ?അയാള്‍ ചെവി കൂര്‍പ്പിച്ചു.
'പറയാറുണ്ടായിരുന്നില്ലേ ഞാന്‍?നിഴലായി ഞാനെപ്പോഴും ഒപ്പമുണ്ടാകുമെന്ന്!.എന്റെയത്ര വിശുദ്ധിയില്‍ ഒരാളും നിങ്ങളെ സ്‌നേഹിച്ചിട്ടില്ല.പിന്നെന്തിനാ എന്നെ മാത്രം പറിച്ചെയുന്നത്?നോക്കിക്കോളൂ, ഇനിയേതു പെണ്ണിനോടു കിന്നാരം പറയുമ്പോഴും ഞാന്‍ അരികെയുണ്ടാവും.എന്നോട് പറഞ്ഞതു തന്നെയാണോ അവരോടും പറയുന്നതെന്നു കേള്‍ക്കാലോ.എന്റെ പ്രണയം അതൊരിക്കലും നിങ്ങളെ ദ്വേഷിച്ചില്ല.ഹാ!ആത്മാവ് സ്വതന്ത്രമായി, ഇനിയതിനു എന്നും കൂട്ടുണ്ടല്ലോ ഈ സാമീപ്യം.'
കഴുത്തില്‍ പതിയുന്ന ഹിമത്തണുപ്പില്‍ അയാള്‍  അറിയാതെ  നിലവിളിച്ചു.അകത്തു നിന്നും ഓടിയെത്തിയ ഭാര്യ നുരയും പതയും ഒലിപ്പിച്ച് കസേരയില്‍ ചാഞ്ഞിരിക്കുന്ന ഭര്‍ത്താവിനെ കണ്ട് അലമുറയിട്ടു.
മൂന്നാലു ദിവസങ്ങള്‍ക്കു ശേഷം ആ വിവശത അവസാനിച്ചപ്പോള്‍ അയാള്‍ ഒരു കഥ എഴുതാനിരുന്നു.പെരുത്ത നക്ഷത്രത്തെ സ്‌നേഹിച്ച പുല്‍ക്കൊടിയെപ്പറ്റി.പുല്‍ക്കൊടിയുടെ അനന്തമായ സ്‌നേഹം, നക്ഷത്രത്തിന്റെ അപാരമായ കാരുണ്യം.ആ അലിവിന്‍ ജ്വാലയില്‍ പുല്‍ക്കൊടി ക്രമേണ ജ്വലിക്കുന്നത്, ഒരു കുഞ്ഞു താരമായി മാറുന്നത്..വാക്കുകളുടെ മാസ്മരികതയില്‍ അയാള്‍ തന്നെ അതിശയിച്ചു.ഈ കഥ ഒരു മാസ്റ്റര്‍ പീസായിരിക്കും.വായിക്കുന്ന ആരും പെരുത്ത നക്ഷത്രത്തെ ആദരിക്കാതിരിക്കില്ല .പെട്ടെന്ന് പിന്നില്‍ നിന്ന് അടക്കിപ്പിടിച്ച ചിരി
'അങ്ങനേലും നീയെന്നെക്കുറിച്ചൊന്നെഴുതിയല്ലോ.ആ വാക്കുകളൊന്നുംപക്ഷെ സത്യമേയല്ലല്ലോ.നീയെന്റെ മാത്രം കടലായിരുന്നു.എത്രയെത്ര കൈവഴികള്‍ നിന്നിലലിഞ്ഞാലും എന്നോളം മറ്റാരും നിന്നെ അറിയില്ല.ഈ കണ്ണീരുപ്പും ഓരോ തിരയുടെ ഉള്‍ക്ഷോഭവും  ഓരോ സുനാമിയുടെ വിസ്‌ഫോടനവും എന്നോളം മറ്റാരും അറിയില്ല.അനേകമനേകം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന് സൂര്യന്‍ ഭൂമിയെ അറിയുന്നില്ലേ?അതു പോലെ..'
തണുത്ത സ്പര്‍ശം പിന്‍കഴുത്തില്‍ പതിയും മുമ്പെ അയാള്‍ തന്റെ ലോഹയുടുപ്പണിഞ്ഞു.വിസ്മൃതിയുടെ ചാട്ടയാല്‍ അവളുടെ ഓര്‍മകളെ അടിച്ചോടിച്ചു.മറ്റൊരു ഇമ്പമുള്ള സ്വരത്തിനായി മൊബൈല്‍ ചെവിയില്‍ ചേര്‍ത്തു വെച്ചു!