'നമ്മുടെ കൊച്ചെത്തിയോ'
ദീനക്കിടക്കയില്‍ നിന്ന് വിശാലം വിലപിച്ചുകൊണ്ടിരുന്നു.കേട്ടു മറന്ന ഏതോ സിനിമാ ഡയലോഗ് പോലെയാണ് അയാള്‍ക്കത് തോന്നിയത്.അനുഭവങ്ങളെയെല്ലാം ഒട്ടിച്ചു ചേര്‍ത്ത് ഒരു കഥ പടക്കണമെന്ന് കുറെയായി അയാള്‍ മോഹിക്കുന്നു.ഒട്ടിച്ചൊട്ടിച്ചവസാനം കിട്ടുന്നത് എത്ര വികൃതരൂപമായാലും ശരി, പേന പേപ്പറിലേക്ക് ഛര്‍ദിച്ചു കഴിയുന്നതോടെ എല്ലാം ഒന്നു കലങ്ങിത്തെളിഞ്ഞ പോലെ, എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ട പോലൊരു സുഖം അയാള്‍ പണ്ടു മുതലേ അനുഭവിച്ചിരുന്നു. എന്നിട്ടും ഒരെഴുത്തുകാരനാകുന്നതിനു പകരം ഒരു ക്ലാര്‍ക്കിന്റെ പൊടി പിടിച്ച ഫയലുകളാണ് ഭാഗധേയം അയാള്‍ക്കായി മാറ്റിവച്ചത്. സ്വന്തം അനുഭവങ്ങളായാലും ഒരന്യനെപ്പോലെ മാറി നിന്നു നോക്കാനായാല്‍ സാധാരണ തോന്നുന്നത്ര ദുഃഖം ഏതു വിപത്തിനും ഉണ്ടാവില്ല.അതയാള്‍ സ്വയം കണ്ടു പിടിച്ച ഒരു തിയറിയാണ്.ജീവിതം ഒരു കടലാണ്.ഡയറിയുടെ ഞരമ്പുകള്‍ പോലുള്ള ചുവന്ന വരയില്‍ അയാള്‍ എഴുതിക്ലേശങ്ങളറിയുന്നവനാണ് അതിന്റെ ആഴമറിയുന്നത്.അഗാധതയിലെ മുത്തും പവിഴവും ദര്‍ശിക്കുന്നത്. സുഖാലസ്യം മാത്രം വിധിക്കപ്പെടുന്നവര്‍ ആഴിയുടെ ഉപരിതലം മാത്രം സ്പര്‍ശിക്കുന്ന കപ്പലുകളെപ്പോലെ ജീവിതയാത്ര പൂര്‍ത്തിയാക്കുന്നു.
'നിങ്ങളൊന്നു ഫോണ്‍ ചെയ്തു നോക്ക്.'
വിശാലം വീണ്ടും വിതുമ്പി. ഒരാഴ്ച മുമ്പ് നടന്നതെല്ലാം അവളുടെ ബ്രെയിന്‍ ഡിലീറ്റ് ചെയ്‌തെന്നു തോന്നുന്നു. മകളെക്കുറിച്ചോര്‍ക്കുമ്പോള്‍ കുറെ പണക്കണക്കുകളും അയാളുടെ ഗുമസ്തമനസ്സിലേക്ക് കയറി വരും.മുപ്പതിനായിരത്തിന്റെ ലാപ്, ലക്ഷങ്ങളുടെ എന്ജിനീയറിംഗ് സീറ്റ്..കുന്നു കൂടുന്ന ബാങ്ക് വായ്പകളെക്കുറിച്ച് തര്‍ക്കിക്കുമ്പോഴൊക്കെ വിശാലം അവളെ ചേര്‍ത്തു പിടിച്ചു പ്രഖ്യാപിക്കും:'ഇങ്ങനൊരു പിശുക്കന്‍. നോക്കിക്കോ, ഈ കൊല്ലം കൂടി കഴിഞ്ഞാ എന്റെ മോള്‍ക്ക് ക്യാമ്പസ് സെലക്ഷനില്‍ തന്നെ ജോലിയാവും. പിന്നെ ലക്ഷങ്ങളാ ശമ്പളം. നിങ്ങളുടെ ഈ പീറക്കടം പിന്നെ അവള് തന്നെ വീട്ടിക്കോളും..'
കല്യാണമുറപ്പിച്ചപ്പോള്‍ മോള്‍ക്കെന്നു പറഞ്ഞെടുത്തു വെച്ച ആഭരണങ്ങള്‍ വിശാലം തന്നെ ഏല്പിച്ചു. താന്‍ പോലും ശരിക്കവ കണ്ടിട്ടില്ല. ഒരാവശ്യത്തിനും അവളതൊന്നും വിട്ടു തന്നിട്ടുമില്ല. എന്തു പറഞ്ഞിട്ടെന്ത്. കല്യാണം നടത്തേണ്ടി വന്നില്ല. അതിനു വേണ്ടി വായ്പയെടുത്ത പണവും സ്വര്‍ണവുമെല്ലാം ഒരു മോഷ്ടാവിനെപ്പോലെ അടിച്ചു മാറ്റി കാമുകനൊപ്പം മകള്‍ ചാടിയെന്നറിഞ്ഞത് കല്യാണദിവസം മാത്രം. വന്നവരോടൊക്കെ എന്തു പറയണമെന്നറിയാതെ തളര്‍ന്നിരുന്നു. ചുണ്ടില്‍ വക്രിച്ച പരിഹാസവുമായി വന്നവര്‍ പതുക്കെ സ്ഥലം വിട്ടു.ഓവുചാലിലൂടെ ഒലിച്ചു പോയ ലക്ഷക്കണക്കിനു രൂപ..
സ്‌റ്റേഷനില്‍ വച്ചു നിന്റെ അമ്മേം അച്ഛനേം കാണണ്ടേ കൊച്ചേയെന്ന പോലീസുകാരന്റെ ചോദ്യത്തിന് വേണ്ട എന്ന അറുത്തു മുറിച്ച ഉത്തരം കേട്ടു. ഇത്ര കാലം വളര്‍ത്തിയത് എന്തിനായിരുന്നു? അവള്‍ തങ്ങളുടെ ആരും തന്നെ ആയിരുന്നില്ലേ?
'ഒളിച്ചോടാനാണെങ്കി എന്തിനാ കല്യാണത്തലേന്നു വരെ കാത്തത്?'പോലീസ് വീണ്ടും അവളോട് ചോദിച്ചു.
'എന്നാലല്ലേ പണവും സ്വര്‍ണവും കിട്ടൂ'
നെഞ്ചിലേക്ക് ആരോ ഒരു ഇരുമ്പുമുട്ടിയിട്ട് അടിച്ച പോലെ..എവിടെയൊക്കെയോ തെറ്റിയിരിക്കുന്നു. ഇത്ര കാലവും കൂട്ടിയ കണക്കുകളെല്ലാം പിഴച്ചിരിക്കുന്നു. പൊടി പിടിച്ച ചുവന്ന ഫയലുകളെല്ലാം തെറ്റിന്‍കൂട്ടങ്ങളാവുമോ..ഒന്നു കാണാന്‍ പോലും നില്‍ക്കാതെ ഹൈഹീല്‍ ഷൂവില്‍ ടപ്പ് ടപ്പ് ശബ്ദമുണ്ടാക്കി മകള്‍ ദൂരെ കാത്തിരിക്കുന്ന കാര്‍ ലക്ഷ്യമാക്കി ധൃതി വെച്ചു. അവളുടെ പ്രിയന്‍ അതിനുള്ളില്‍ കാത്തിരിപ്പുണ്ട്. വിശാലത്തെ എങ്ങനെയൊക്കെയോ ആണ് സ്‌റ്റേഷനില്‍ നിന്നു വീട്ടിലെത്തിച്ചത്.സ്വന്തം മോളെക്കുറിച്ചുള്ള അവളുടെ എല്ലാ ഗര്‍വും അവസാനിച്ചെന്നു തോന്നുന്നു.
ഇത്ര നാളും എന്തിനു വേണ്ടി അധ്വാനിച്ചുവോ അതെല്ലാം വെറും കുമിളകളായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് അയാള്‍ തന്റെ എഴുത്തുമുറിയിലേക്ക് തിരിച്ചെത്തിയത്.വിശാലം അനുദിനം മനോരോഗത്തിന്റെ അഗാധതയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ അതേ ഗര്‍ത്തത്തില്‍ നിന്നു കര കയറാനാണ് അയാള്‍ തന്റെ പുസ്തകശേഖരത്തെ സ്പര്‍ശിച്ചത്.ഡയറിയില്‍ അയാള്‍ വലിയ അക്ഷരത്തില്‍ കുറിച്ചുഒന്ന് പ്ലസ് ഒന്ന്! സമം രണ്ട് എന്നത് എപ്പോഴും ആവണമെന്നില്ല. ഒന്ന് പ്ലസ് ഒന്ന് സമം പൂജ്യവും ആകാം............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ