ഏറ്റവും വലിയ രാജ്യമേതെന്നു ചോദിച്ചാല്‍ ഉത്തരം ഫെയ്സ് ബുക്ക് ആണെന്നതിന് അവള്‍ക്ക് ഒട്ടുമില്ല സംശയം .ചാറ്റ് ബോക്സില്‍ നിന്നിറങ്ങിയപ്പോള്‍ സമയം പത്തു മണി .ഭര്‍ത്താവിനും കുട്ടികള്‍ക്കും ഭക്ഷണം വിളമ്പണം .അതിനും വല്ല യന്ത്രങ്ങളും കണ്ടു പിടിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ .എല്ലാവരും അവരവരുടെ ടാബിലും ലാപ്പിലും മുങ്ങിക്കിടപ്പാണ്.സമയം പോയത് അറിഞ്ഞത് തന്നെയില്ല .ആറു മണിക്ക് തുടങ്ങിയതാണ് ചാറ്റിംഗ് .വിനൂനോട് സംസാരിക്കാന്‍ ഈ ഭൂമിയിലെ സമയമൊന്നും പോര .അതേ സമയം ഭര്‍ത്താവായ ശ്രീകാന്തിനോട് എന്തെങ്കിലും പറയാന്‍ ആലോചിച്ചുണ്ടാക്കണം .വല്ലാത്ത അത്ഭുതം തന്നെ .മകനും മകളും അവരുടെ റൂമുകളില്‍ അടച്ചിരിപ്പാണ് .എന്തു ചെയ്യുന്നു എന്തോ .വൈ ഫൈ ഉള്ളതുകൊണ്ട് എല്ലാവരും അവരവരുടെ ഭൂഖണ്ഡങ്ങളില്‍ എകാധിപതികളായി വാഴുന്നു .എന്താണ് മക്കളുടെ ശുണ്ഠി! എന്തേലും ചോദിച്ചാല്‍ അടുത്തത് അള്‍സ്യേഷന്‍റെ കുരയാണ്.ഒട്ടും വിട്ടു കൊടുക്കില്ല അവള്‍ .പിന്നെ തല നിവര്‍ത്തേണ്ടി വരില്ല .റൂമില്‍ വല്ല വേണ്ടാതീനവും കാണുകയാവും .എന്തോ ആവട്ടെ .ഉപദേശിക്കാന്‍ ചെന്നാല്‍ മമ്മി ആര്‍ക്കാ ഇത്ര വിളിച്ചു കൂട്ടുന്നത് എന്നെങ്ങാനും ചോദിച്ചേക്കും .
ടി വി യിലേക്ക് നോക്കിയിരുന്ന് ഓരോന്നിന്‍റെ തീറ്റ കഴിയുമ്പോഴേക്കും മണിക്കൂര്‍ ഒന്ന് കഴിയും .അപ്പോഴേക്കും വാട്ട്സ് ആപ്പിള്‍ മെസ്സേജുകള്‍ കിലുങ്ങുന്നുണ്ടാവും
വിനുവിനെ പരിചയപ്പെട്ടത് ആലോചിച്ചാല്‍ നല്ല തമാശയാണ് .കണ്ടക്ടര്‍ പൈസ ചോദിച്ചപ്പോഴാണ് പേഴ്സ് മറന്ന കാര്യം അറിയുന്നത് .സീറ്റിന്‍റെ ഒരു കഷ്ണം ഒഴിഞ്ഞു കണ്ടപ്പോള്‍ ബാഗില്‍ വീണ്ടും തിരയാന്‍ തുടങ്ങി .തൊട്ടടുത്തിരിക്കുന്ന പയ്യന്‍ പതുക്കെ ചോദിച്ചു -"മാഡം എന്താ തിരയുന്നത്?" അവനെ ആകെയൊന്നു ചുഴിഞ്ഞു നോക്കി .പിന്നെ ജാള്യത്തോടെ പറഞ്ഞു -"പേഴ്സ് മറന്നു .""ഓ അതാണോ ,പൈസ ഞാന്‍ കൊടുത്തോളാം ."
അങ്ങനെ തുടങ്ങിയ പരിചയമാണ് .ഭാര്യ അവനെ തനിച്ചാക്കി പിരിഞ്ഞു പോയിട്ട് വര്‍ഷം രണ്ടായി .അതു പറഞ്ഞപ്പോള്‍ അവന്‍റെ ചുണ്ടുകള്‍ സ്വയം നിന്ദയാല്‍ കൂര്‍ത്തു .അവനോടു സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് തനിക്കും ഷെയര്‍ ചെയ്യാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ടെന്നു മനസ്സിലായത് .ഓഫീസില്‍ ഫയലുകളല്ലാതെ മറ്റൊന്നും കാണാന്‍ സമയമില്ല .
"താന്‍ ഹാപ്പിയാണോ?"-കണ്ണടക്ക് മുകളിലൂടെ ചുഴിഞ്ഞു നോക്കി അവന്‍ ചോദിച്ചു .ഒരു നിമിഷം !ജീവിതമാകെ ഒന്നു റിവൈന്‍ഡ് ചെയ്തു .ഹാപ്പിയാണോ താന്‍?
"അറിയില്ല വിനു ,"-ചിരിയെ നിര്‍ബന്ധിച്ചു ചുണ്ടിലേക്ക് വരുത്തി .
"തന്‍റെ ചിരി കണ്ടാലറിയാമല്ലോ അല്ലെന്ന്."-ഒരു സൈക്കോളജിസ്റ്റിനെപ്പോലെ അവന്‍ പറഞ്ഞു ."ഹാവ് യു ബീന്‍ എവെര്‍ ലവ്ഡ് ?"-അവന്‍ അടുത്ത അസ്ത്രം എയ്തു .ഉണ്ടോ?സംശയത്തോടെ താന്‍ മനസ്സിന്‍റെ ഇടനാഴിയിലൂടെ അലഞ്ഞു .എന്നും വഴക്കിട്ടിരുന്ന അച്ഛനും അമ്മയും തന്നെ സ്നേഹിച്ചിരുന്നോ?ബോര്‍ഡിങ്ങിന്‍റെ ബെല്ലുകള്‍ തന്നെ സ്നേഹിച്ചിരുന്നോ?ശ്രീ തന്നെ സ്നേഹിക്കുന്നുണ്ടോ? മക്കള്‍ തന്നെ അറിയുന്നുണ്ടോ?കരിങ്കല്ലുപോലുള്ള അവന്‍റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ അവളാകെ വിളറി വെളുത്തു .
"ഇല്ലെടോ ,തന്‍റെ കടലാസു പോലെ വിളറിയ മുഖം പറയുന്നു നോ എന്ന്.ഈ ഭൂമിയിലെ അബ്സേര്‍ഡ് നിയമങ്ങള്‍ മാറണം ആദ്യം . ഒരാളോട് നമുക്കിഷ്ടം തോന്നിയാല്‍ മതിവരുവോളം അയാളെ സ്നേഹിക്കാനുള്ള സ്വാതന്ത്ര്യം വേണം .എന്നാലേ ഈ നാട് നന്നാവൂ ."
"അത്ര സ്വാതന്ത്ര്യം കൊടുത്തിട്ടാ നിന്‍റെ ഭാര്യ നിന്നെ ഇട്ടേച്ചു പോയത് ."
"അതൊന്നുമല്ലെടോ, രണ്ടു വര്‍ഷം ഒരുമിച്ചു ജീവിച്ചപ്പോ മനസ്സിലായി ഞങ്ങളെ യോജിപ്പിക്കുന്നതായി ഒന്നുമില്ലെന്ന് .രണ്ടാളും പിരിയുകയും ചെയ്തു ."
"ഉം ,നിങ്ങള്‍ ആണുങ്ങള്‍ക്ക് അതൊക്കെ പറ്റും .പെണ്ണുങ്ങള്‍ക്ക് എളുപ്പമാണോ ഇതു വല്ലതും?"
"ഈസി ആകണം .സോള്‍മേറ്റായി ഓരോരുത്തര്‍ക്കും ഒരാളുണ്ട് .അയാളെ /അവളെ കണ്ടെത്താനുള്ള ഒരു യാത്ര മാത്രമാണ് ജീവിതം .യു ആര്‍ മൈ സോള്‍മേറ്റ്.."
ചെയ്യുന്ന ഓരോ ജോലിയുടെയും വ്യര്‍ത്ഥത അപ്പോള്‍ മുതലാണ് അവളെ പൊള്ളിച്ചു തുടങ്ങിയത് .ഒരേ മട്ടിലുള്ള ആവര്‍ത്തിക്കുന്ന ദിനചര്യകള്‍ ,പാചകവിധികള്‍ ,യാത്രയോരുക്കങ്ങള്‍ ..എന്തിനു വേണ്ടിയാണീ ഓട്ടങ്ങള്‍?സ്നേഹമില്ലാത്ത ജീവിതം എന്തിനു കൊള്ളാം ..
പ്രണയത്തിന്‍റെ നനുത്ത വര്‍ണപ്പകിട്ടാര്‍ന്ന തൂവല്‍ ചുറ്റും ചിതറാന്‍ തുടങ്ങിയപ്പോഴാണ് ജീവിതത്തിന്‍റെ പ്രകാശം അവള്‍ക്കു ചുറ്റും ജ്വലിക്കാന്‍ തുടങ്ങിയത് .ചുറ്റും അലയടിക്കുന്ന സംഗീതം .സന്തോഷത്താല്‍ മനസ്സ് കുതിച്ചു ചാടുന്നു .ആത്മാവ് ഭാരമില്ലാതെ ഉല്ലസിച്ചു പറക്കുന്നു .ഇത്ര മനോഹരമാണോ ഭൂമി?
........................
ഹോട്ടല്‍ മുറിയിലെ അവരുടെ കൂടിക്കാഴ്ചയ്ക്കു ശേഷം തന്നെ അവന്‍റെ മൃദുവായ വിളികള്‍ ,പ്രണയം പുരട്ടിയ വാക്കുകള്‍ മധുരം നിറച്ച മെസേജുകള്‍ എല്ലാം കുറഞ്ഞു തുടങ്ങിയിരുന്നു .വിളിച്ചാല്‍ ഒന്നുകില്‍ സ്വിച്ച്ഡ് ഓഫ് ,അല്ലെങ്കില്‍ ഔട്ട് ഓഫ് കവറേജ് ഏരിയ .വല്ലാത്തൊരു നഷ്ടബോധത്തോടെ പഴയ യാന്ത്രികജീവിതത്തിലേക്ക് അവള്‍ വിരസതയോടെ തിരിച്ചെത്തി .യാതൊരു താല്‍പര്യവുമില്ലാതെ അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുമ്പോഴാണ് ഫോണ്‍ ഒരു റിംഗ് ടോണിലേക്ക് ഞെട്ടിയുണര്‍ന്നത് .ഒരു നിമിഷം !ഒരു നിമിഷം കൊണ്ട് അവള്‍ പഴയ പ്രണയിനിയായി .പക്ഷെ അവന്‍റെ സ്വരം കര്‍ക്കശമായിരുന്നു, ഭീഷണിയുടെ മുനകള്‍ എങ്ങും തെറിച്ചു വീണു .
"പണം വേണമെടീ എനിക്ക് .നിന്‍റെ ചന്തം കണ്ടാണ് ഞാന്‍ പിന്നാലെ കൂടിയതെന്ന് കരുതിയോ ?ഇതൊക്കെ ഞങ്ങള്‍ ആണുങ്ങടെ ഒരു നമ്പരല്ലേ ,നിന്നെപ്പോലുള്ള കള്ളികള്‍ അവസരം കിട്ടാന്‍ നില്‍ക്കയല്ലേ വേലി ചാടാന്‍ ..ഹ ഹ ഹ ..വിശദമായി പറയണ്ടല്ലോ ,ഫോട്ടോസ് ,വീഡിയോസ് ,അതീന്ന് എന്നെ വെട്ടി മാറ്റാന്‍ സെക്കന്‍റുകള്‍ മതി ..പിന്നെ നിന്‍റെ തനിനിറം ,ഹ ഹ ഹ ..രണ്ടു ലക്ഷം ,എങ്ങനേലും ഒപ്പിച്ചോ .ഒരാഴ്ച സമയം തന്നേക്കാം .."
ഇതിനു മുമ്പും അവന്‍ പണം കടം വാങ്ങിയിട്ടുണ്ട് .തന്‍റെ രണ്ടു വള പണയം വച്ചിട്ടുണ്ട് .അന്നൊന്നും കണ്ണിലെ പ്രണയപ്പാട ഒന്നും നേരെ കാണാന്‍ അനുവദിച്ചില്ല .ഇപ്പോള്‍ സത്യമിതാ ഇളിച്ചു കാട്ടി കോമരനൃത്തം ചവിട്ടുന്നു .
"ഭ !വൃത്തികെട്ടവനേ." ഒരു പെണ്പുലിയായി അവള്‍ മുരണ്ടു . " നീയെന്താ കരുതിയത് ?ഞാന്‍ നിന്നെ കണ്ണടച്ചു വിശ്വസിച്ചൂന്നോ ?എന്‍റെ സങ്കടങ്ങളില്‍ ഒരു തുണ .എല്ലാവരെയും പോലെ അങ്ങനെ ഞാനാശിച്ചെങ്കില്‍ അതിനു നീയെന്നെ കുരിശിലേറ്റിക്കളയുമോ?ഒളിക്യാമറ നിന്നെക്കാള്‍ മുമ്പേ ഞാന്‍ കരുതിയിരുന്നു .നിന്‍റെ ബാത്ത്റൂം എപ്പിസോഡ് മുതല്‍ എല്ലാം എന്‍റെ കയ്യിലുണ്ട് .വേണ്ടാത്ത വല്ലതും നിനക്ക് തോന്നിയാ നാളെ യു ട്യൂബ് തുറന്നാല്‍ മതി ,നിന്‍റെ തനിനിറം കാണാന്‍ .."
ഫോണില്‍ അവന്‍റെ ശ്വാസഗതി കൂടുന്നത് അവള്‍ അറിഞ്ഞു .പട പാടാ മിടിക്കുന്നു അവന്‍റെ കുരുത്തം കേട്ട ഹൃദയം ..
"ഞാനൊരു തമാശ പോട്ടിച്ചതല്ലേ മോളെ ,പ്ലീസ് നീ ചൂടാവല്ലേ ,എന്‍റെ പോന്നു മോളല്ലേ .പണം വേണ്ടാട്ടോ .വെറുതെ പറഞ്ഞതല്ലേ ഞാന്‍ .."
"നിര്‍ത്തെടാ ,ഇനി മേലാല്‍ ഈ നമ്പറില്‍ വിളിച്ചേക്കരുത്.ആ വീഡിയോകള്‍ നല്ല ബുദ്ധിയുണ്ടെങ്കില്‍ നശിപ്പിച്ചോ .ഇല്ലെങ്കില്‍ നല്ല നാളുകള്‍ നീ കാണുകയില്ല .."
ഫോണ്‍ ഡിസ്കണക്റ്റ് ആയി .അരിശത്തോടെ അവളാ സാധനം ദൂരേക്ക് വലിച്ചെറിഞ്ഞു .ഇനി ഓരോ പ്രഭാതവും ഒരു ചീത്തവാര്‍ത്തക്കുള്ളതാണ് .അശ്ലീല കമന്‍റുകള്‍ കേട്ട് ചെവി മരവിക്കാനുള്ളത്..കണ്ടാമൃഗത്തിന്‍റെ തോലുപോലും മതിയാവില്ല സമൂഹത്തില്‍ ജീവിക്കാന്‍ ..നശിച്ച സദാചാരം ,കപടനാട്യങ്ങള്‍ ..ആരാണ് യഥാര്‍ഥത്തില്‍ സന്തുഷ്ടരായിരിക്കുന്നത്?ഓരോ കുടുംബവും ഒരു സ്ഫോടകവസ്തു മാത്രം .എല്ലാ സമ്മര്‍ദങ്ങളെയും ഉള്ളിലൊതുക്കി ഒരു തീത്തുമ്പിനായി കാത്തിരിക്കുന്ന വലിയൊരു ബോംബ് ..എന്താണ് സന്തോഷം?പ്രേമം ശരിക്കും ഉണ്ടോ?എന്തിനായിരുന്നു ഇത്രയും കാലം ജീവിച്ചത്?ഇതീ നിമിഷം അവസാനിപ്പിക്കുന്നതുകൊണ്ട് എന്താണു കുഴപ്പം?ഗതിയില്ലാത്ത ചോദ്യങ്ങള്‍ അവളുടെയുള്ളിലെ സങ്കടക്കടലില്‍ തലയടിച്ചു വീണുകൊണ്ടിരുന്നു ,ആത്മനിന്ദ പുളിരസമായി തൊണ്ടയില്‍ നിറഞ്ഞു ."ഗ്വാ "-വലിയ ശബ്ദത്തോടെ നിര്‍ത്താതെ ഛര്‍ദിച്ചു അവള്‍ ..പിന്നെ ആ മഞ്ഞദ്രാവകത്തില്‍ കുഴഞ്ഞു വീണു .........................