Pages

2014, ജൂലൈ 25, വെള്ളിയാഴ്‌ച

എന്റെ അസ്ഥിപഞ്ജരമേ...........(കവിത)



എന്റെ കരളേ, എന്റെ ഖല്‍ബേ എന്നെല്ലാം നീ വിളിച്ചപ്പോള്‍, അന്ന്
എന്റെ വൃക്കേ, എന്റെ കുടലേ, എന്റെ മൂത്രാശയമേ, എന്റെ തലച്ചോറേ
എന്നൊക്കെയും നീയെന്നെ വിളിക്കുമെന്ന് ഞാന്‍ കരുതി...
ആന്തരാവയങ്ങള്‍ എല്ലാം ഒരുപോലെയാണല്ലോ
ബാഹ്യാവയവങ്ങളെപ്പോലെ ഒന്നു മറ്റൊന്നിനേക്കാള്‍ മേന്മയുള്ളതല്ലല്ലോ
എന്തോ? നീയങ്ങനെ വിളിച്ചില്ല ...
കരളേ, കരളിന്റെ കരളേ, അങ്ങനെയായിരുന്നു നിന്റെ
അധികസന്ദേശങ്ങളും തുടങ്ങിയത്...
ഹോ! അതു വായിച്ചപ്പോഴൊക്കെ നിന്റെ സ്‌നേഹക്ഷേത്രത്തില്‍
നിരന്തരം പൂജിക്കപ്പെടുന്നല്ലോ എന്ന ഉള്‍പ്പുളകമായിരുന്നു..
പിന്നെ കാലം പടങ്ങളോരോന്നായ് പൊഴിച്ചു,
മടുപ്പ് മൂത്തു പഴുത്തു...
ഒരു സന്ദേശവും നിന്നില്‍ നിന്നെത്താതായി
എന്നെങ്കിലും കണ്ടാലും മുഖം തിരിച്ചേക്കും
കാരണം മടുപ്പിന്റെ ദംശനത്താല്‍ നിനക്കു ഞാന്‍ നീലിച്ചുപോയി,
വിഷപദാര്‍ത്ഥംപോലെയായി, വെറും ദുശ്ശകുനമായി...
ഇപ്പോള്‍ എന്റെ അസ്ഥിപഞ്ജരമേ എന്നു വിളിച്ചു ലാളിക്കാന്‍
ആരെങ്കിലും എന്നെ സ്‌നേഹിച്ചെങ്കിലെന്നാണ് ആശ
കുഴിമാടത്തിലും അതിന്റെ അലയൊലി
അവസാനിക്കല്ലേയെന്നാണ് പ്രാര്‍ത്ഥന........................


2014, ജൂലൈ 11, വെള്ളിയാഴ്‌ച

കാഴ്ചയ്ക്കപ്പുറം(കഥ)


'എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു, കണ്ണടകള്‍ വേണം ,കണ്ണടകള്‍ വേണം '



 വാര്‍ത്തകള്‍ക്കിടെ, പെട്ടെന്നാണ് ടീവിയുടെ ചില്ലുപായയിലേക്ക് ഒരു പെണ്‍കുട്ടി ഒരു പക്ഷിയെപ്പോലെ പറന്നിറങ്ങിയത്. വശങ്ങളില്‍ പിടിപ്പിച്ച ചിറകുകള്‍ താഴ്ത്തി നഗ്‌നമായ വയറിനെ പൊലിപ്പിച്ചുകൊണ്ട് ഒരു സര്‍പ്പത്തെപ്പോലെ അവള്‍ ആടിയുലഞ്ഞു. പിന്നെ മനോഹരമായി, ആകാശത്തിനഭിമുഖമായി ഒരു വില്ലുപോലെ വളഞ്ഞു. ചറുപിറേന്ന് ഒരു ചെറുമഴയായി ചോക്കലേറ്റുകള്‍ അവളുടെ ദേഹത്തേക്കുതിര്‍ന്നു.........................
ഓരോ പരസ്യം കഴിയുമ്പോഴും ഒരു സിനിമ കണ്ട പ്രതീതിയാണ് രാധയ്ക്ക്..പിന്നെയും രണ്ടു പരസ്യങ്ങള്‍ കഴിഞ്ഞാണ് വാര്‍ത്തയില്‍ എല്ലിന്കൂടായ ഒരുത്തനെ പോലീസ് തല്ലിച്ചതക്കുന്നത് കണ്ടത്..വായുവിലൂടെ മലക്കം മറിഞ്ഞ് ഒരു കണ്ണട, വെളുത്ത കാറിന്റെ ടയറുകള്‍ക്കടിയില്‍ ഭസ്മമായി..

'എന്റെ ശ്രീനി...........' ഒരു വിതുമ്പലോടെ അവള്‍ ചാടിയെഴുന്നേറ്റു. പത്തു വര്‍ഷങ്ങളുടെ ഓര്‍മകളൊന്നാകെ പൊടിഞ്ഞ കണ്ണടചില്ലുകളായി അവരുടെ ഉള്ളിലേക്ക് താഴ്ന്നിറങ്ങി ചോര തെറിപ്പിച്ചു..കുരുടനെപ്പോലെ തപ്പിത്തടഞ്ഞ് അവന്‍ നിലവിളിച്ചു.  'എന്റെ കണ്ണട..എനിക്കൊന്നും  കാണുന്നില്ലല്ലോ...'

'എടീ, നിന്റെയാ ചെറുക്കന്‍ അടുത്തു തന്നെ കാലിയാകുന്ന ലക്ഷണംണ്ട്..കൈക്കൂലി വാങ്ങിയ ആരെയോ അവനും കൂട്ടുകാരും നന്നായി പെരുമാറിയത്രെ..ഇവനാരാ? ഹരിശ്ചന്ദ്രനോ? നാടു നന്നാക്കാനിറങ്ങിയിരിക്കുന്നു..എല്ലിന്‍കൊട്ടയെ ആദ്യം മനസ്സിലായില്ലാട്ടോ. പിന്നെയാ കണ്ണട കണ്ടപ്പോഴാണ്...' വെളുക്കനെ ചിരിച്ചു കൊണ്ട് തോമസ് പറഞ്ഞുകൊണ്ടിരുന്നു. വെറുപ്പോടെ മുഖം തിരിച്ച് അവര്‍ ക്യാരറ്റ് അരിയുന്നത് തുടര്‍ന്നു..

മുമ്പ്, വളരെ മുമ്പ്, കണ്ണടയിലൂടെ കൂര്‍പ്പിച്ചു നോക്കി ദേഷ്യത്താല്‍ മുഖം തുടുത്ത് ശ്രീനി ഒച്ചയിട്ടു..
'ആരാണയാള്‍? എന്തിനാ എപ്പഴും ഇവിടെ വരുന്നത്? ഇഷ്ടമല്ല എനിക്കയാളെ, എല്ലാരും കളിയാക്കുന്നു, നിന്റമ്മേ അയാള് കെട്ടിയോടാ? ഇതും പറഞ്ഞ് സ്‌കൂളില്‍ എത്ര പേരോടാ അടി കൂടിയത്, നോക്കിക്കോ, ഒരൂസം അയാളെ ഞാന്‍ കൊല്ലും'.

ഞെട്ടിപ്പോയി, എത്ര ലളിതമായി പറയുന്നു, കൊല്ലുമെന്ന്..തോമസും, തനിക്ക് അവനോളം പ്രിയപ്പെട്ടതാണെന്ന് അവനറിയില്ലല്ലോ...അതിന്റെ പേരില്‍ മാത്രം അകന്നു പോയ അവന്റെ അച്ഛന്‍......സങ്കടത്തോടെ അവനെ കരവലയത്തിലാക്കി ഒരുമ്മ കൊടുക്കാന്‍ നോക്കി. ഈര്‍ഷ്യയോടെ കൈകള്‍ തട്ടി മാറ്റി അവന്‍ അമ്പലക്കുളത്തിനു നേരെ നടന്നു..
അവര്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഈ മുറ്റം, ഈ മണല്‍ എല്ലാം ആ കാലടികളെ ഓര്‍ക്കുന്നുണ്ടാകും..എവിടെയാണ് താമസമെന്ന് ആര്‍ക്കറിയാം? തോമസിനത്രയും സന്തോഷം..'പോയി തുലയട്ടെ..ആ ചെക്കന്റെ പുളിച്ച നോട്ടം കൊണ്ട് വല്ല സ്വൈര്യവുമുണ്ടായിരുന്നോ?'

അന്ന് –സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ അവന്‍ ഉത്സവത്തിമര്‍പ്പിലായിരുന്നു..ഓടി വന്നു കെട്ടിപ്പിടിച്ച് അവന്‍ പോക്കറ്റില്‍ നിന്നും ഭംഗിയുള്ളൊരു കണ്ണട പുറത്തെടുത്തു. വീണു പൊട്ടാതിരിക്കാന്‍ പിറകില്‍ നിന്നു തൂങ്ങുന്ന കറുത്ത ലേസ്, കണ്ണട മാല പോലെ കഴുത്തില്‍ തൂക്കി അവന്‍ പുഞ്ചിരിച്ചു 'ആല്‍ത്തറേലെ സന്യാസി തന്നതാ..ആരും കാണാത്തതൊക്കെ ഇതോണ്ട് കാണൂത്രെ..'നിലത്തേക്ക് കൂന്നിരുന്ന്  അവന്‍ ആര്‍ത്തു വിളിച്ചു, നോക്കമ്മേ, എന്തു വലിയ പുഴുക്കള്‍, ഉറുമ്പുകള്‍..........'

കൊഴിയുന്ന ദിനങ്ങല്‍ക്കൊപ്പം അവന്റെ പ്രസന്നതയും കുറഞ്ഞുകൊണ്ടിരുന്നു..പഠിക്കാനൊന്നും യാതൊരു താല്പര്യവുമില്ല..ഏതു നേരവും ആ കണ്ണടയുമായാണ് നടപ്പ്..ഒരിക്കലത് പിടിച്ചു പറിക്കാന്‍ നോക്കിയതാണ്..പക്ഷെ പിന്നെയൊരിക്കലും അത് കാണാന്‍ കൂടി കിട്ടിയില്ല..ഉറക്കില്‍ ഇടയ്ക്കിടെ അവന്‍ നിലവിളിക്കുന്നത് കേള്‍ക്കാം'അയ്യോ, കൊല്ലല്ലേ, നോക്കമ്മേ, ചോര, എല്ലായിടത്തും ചോര..........'

വല്ലാത്ത ആധിയായി, അവനു പറയാനുള്ളത് ശ്രദ്ധിക്കാത്തതുകൊണ്ടാണോ ഇങ്ങനെയൊക്കെ? നശിച്ചയാ കണ്ണട ഒന്നു കയ്യില്‍ കിട്ടിയെങ്കില്‍............എന്തെല്ലാം വ്യസനിപ്പിക്കുന്ന വാര്‍ത്തകളാണ് നിത്യേന..അവനാണെങ്കില്‍ ചെറിയൊരു കാര്യം മതി കരയാന്‍..മുതിര്‍ന്നൊരു ചെറുക്കനെ എത്ര വരിഞ്ഞു കെട്ടാനാകും?ഒരിക്കലവന്‍ പറഞ്ഞതു കേട്ട് താനതിശയിച്ചു പോയി'അമ്മേ, ഇന്നലെ ഞാന്‍ കണ്ട സ്വപ്നം കേള്‍ക്കണോ? ഒരു വൃത്തി കെട്ട ചേരിയില്‍ കോലം കെട്ട കുറെ പെണ്‍കുട്ടികള്‍ ഭയന്നു നിലവിളിക്കുന്നു..പാവാടകള്‍ അവര്‍ മുറുക്കെപ്പിടിച്ചിരുന്നു, ആരോ അതഴിക്കാന്‍ വരുമെന്ന് പേടിച്ച പോലെ....'

ദേഷ്യത്തോടെ താന്‍ നെറ്റി ചുളിച്ചു. 'എന്താ നിന്റെ വിചാരം? തെണ്ടി നടക്കണ നേരം കൊണ്ട് വല്ല പുസ്തകോം എടുത്ത് പഠിച്ചൂടെ നിനക്ക്?'

തന്റെ ശകാരങ്ങളെ വകവെക്കാതെ പുതിയ കാഴ്ചകള്‍ക്കായി മിഴികള്‍ തേച്ചു മിനുക്കി അവന്‍ പുറത്തിറങ്ങി..

'ദാ ,നിനക്കൊരു ഫോണ്‍ ,ചാനലീന്നാ, നിന്റെ മോനിപ്പോ വല്യ പ്രശസ്തനല്ലേ?'തോമസ് അവജ്ഞയോടെ ഫോണ്‍ നീട്ടി..

'ഹലോ '
'ഹലോ മാഡം, ഇപ്പോള്‍ ഞങ്ങളുടെ ന്യൂസ് കണ്ടല്ലോ അല്ലേ?'
'എന്താ വേണ്ടത്?' ഒരല്പം ശബ്ദമുയര്‍ത്തി അവര്‍.. 
'മറ്റൊന്നുമല്ല മാഡം, ഞങ്ങളൊരു പ്രോഗ്രാമൊരുക്കുന്നു, നിങ്ങളുടെ മകന്റെ ചെറുപ്പകാലം, ഒരു റിബലാവുന്നതിനു മുമ്പുള്ള സംഭവങ്ങള്‍..ഒക്കെ ചേര്‍ത്ത്..പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും, മാഡത്തിനും..'
'സോറി , എനിക്ക് തീരെ സുഖമില്ല. '
'സാരമില്ല മാഡം, ഞങ്ങള്‍ അടുത്താഴ്ച വരാം. പ്രതിഫലമൊക്കെ ഡീസന്റായിരിക്കും..'

അരിശത്തോടെ ഫോണ്‍ കട്ടു ചെയ്യുമ്പോള്‍ ഒരിക്കലവനെ കണ്ടത് ഓര്‍ത്തു. ആല്‍ത്തറയില്‍ അവന്‍ പ്രസംഗിക്കുകയാണ്..ദൂരെയായിട്ടും അവന്റെ വാക്കുകളുടെ ഉഷ്ണം തന്നിലേക്ക് ചുടുകാറ്റായി പറന്നെത്തി..പ്രവാചകന്റേതുപോലെ തിളങ്ങുന്ന കണ്ണുകള്‍..മെലിഞ്ഞുണങ്ങിയ ദേഹം..താടിയും മുടിയും നീണ്ട് ഏതോ പുരാതനയുഗത്തിലേക്ക് യാത്ര പോണ പോലുള്ള കോലം..കണ്ണട തിളക്കത്തോടെ കഴുത്തില്‍ തൂങ്ങുന്നു...
കണ്ണില്‍ ഇരുള്‍ നിറഞ്ഞപ്പോഴെങ്കിലും അവനീ മടിയിലേക്ക് തിരിച്ചെത്തുമോ? അന്ധനായ ഒരുത്തന് ഇനിയെങ്ങനെ വിപ്ലവം നടത്താനാവും? ഇതു കൊണ്ടൊക്കെ എന്താണ് പ്രയോജനം? അവന്‍ തന്റെ പഴയ, കൊച്ചടി വെക്കുന്ന ശ്രീനി ആയെങ്കില്‍.........
പിന്നെയും, ടീവിയുടെ ചില്ലുകണ്ണുകള്‍ ചിരിച്ചു..ബോംബിങ്ങില്‍ തകര്‍ന്ന വീടുകള്‍ക്കിടയില്‍, ചിതറിത്തെറിച്ച മാംസത്തുണ്ടുകള്‍ക്ക് മീതെ ചുവന്ന പരസ്യവാചകം തെളിഞ്ഞു   'ഈ ലൈവ് സീനുകള്‍ നിങ്ങള്‍ക്കായി സ്‌പോണ്‌സര്‍ ചെയ്യുന്നത്.............'   

2014, ജൂലൈ 4, വെള്ളിയാഴ്‌ച

അരഞ്ഞരഞ്ഞ്(കഥ)

രോഗമായി കിടന്നപ്പോഴാണ് സ്വന്തമായ സമയം വിഷാദച്ചിരിയുമായി അവരുടെ മുന്നില്‍ ഒതുങ്ങിയിരുന്നത്. കഴിഞ്ഞു പോയ ഓട്ടമത്സരങ്ങളിലെല്ലാം ആശിച്ചിരുന്നു, സ്വന്തമായ ഇത്തിരി സമയത്തിന്..എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കണമെന്ന്..ഇന്നിപ്പോ എഴുതാന്‍ വിറയ്ക്കുംകൈകള്‍ വഴങ്ങില്ല, തിരശ്ശീലകള്‍ വീണ കണ്ണുകള്‍ അനുവദിക്കില്ല..ചവച്ചു ചതച്ച് ചവറു പരുവമായപ്പോഴാണ് സ്വന്തമായ സമയം നീണ്ടു പരന്നു കിടക്കുന്നത്..

എന്തിനായിരുന്നു ആ ഓട്ടപ്രദക്ഷിണങ്ങളെല്ലാം? നീണ്ടിരുണ്ട നാട പോലെ നീങ്ങിപ്പോയ വര്‍ഷങ്ങള്‍..അതിനിടയില്‍ മൂന്നാലു കുഞ്ഞുങ്ങള്‍..ഭര്‍തൃശുശ്രൂഷ..തളര്‍ന്നു പോയ മകളുടെ പരിചരണം..അങ്ങനെയങ്ങനെ കൂലിയില്ലാജോലികളുടെ ചതുപ്പില്‍ മുങ്ങിക്കിടപ്പായിരുന്നു ആത്മാവും ശരീരവും..രാത്രി, പതിനൊന്നു മണിയെ ശ്വാസം മുട്ടി വലിഞ്ഞു തൊടുമ്പോള്‍ തന്നെ ഒരു ശത്രുവെന്നോണം ബന്ധനത്തിലാക്കുന്ന അടുക്കളയുടെ ചങ്ങലകളറുത്ത് അഗ്‌നിയുടെ പൊള്ളുംസ്പര്‍ശങ്ങളില്‍ നിന്നും വിടുതല്‍ നേടി മറ്റൊരു കനല്‍പ്രഭാതത്തിലേക്ക് കണ്ണടയ്ക്കും. പുകയുന്ന അടുപ്പുകള്‍, ആളിക്കത്തുന്ന തീ, ഉണങ്ങിയ വിറകുകള്‍ പഴങ്ങള്‍, പച്ചക്കറികള്‍ അങ്ങനെ ഒട്ടനവധി വിഷയങ്ങള്‍ മനസ്സിലൂടെ ഇടറി നീങ്ങും..വെന്തു തീരുന്ന സ്വന്തം ജീവിതം.. ആരും വരില്ല കൂട്ടിരിക്കാന്‍..കാത്തു കാത്തിരിക്കുന്ന മരണസത്രം ..മറ്റാരും വരില്ല കൂടെ, അതില്‍  പ്രവേശിക്കാന്‍.. ഒറ്റയ്ക്ക്, ഒരുപാട് ഒറ്റയ്ക്ക് പൂര്‍ത്തിയാക്കണം യാത്രയത്രയും..ഓരോന്ന് ചിന്തിച്ച് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാവും ഭര്‍ത്താവിന്റെ ഈര്‍ഷ്യ

'ഇങ്ങനത്തെ മണ്ണു പോലുള്ള പെണ്ണുങ്ങളായാ ആണുങ്ങള്‍ വഴി തെറ്റാതിരിക്കോ? നിനക്കാകെ ഉറങ്ങണം..പെണ്ണായാ ആണിനെ കെട്ടിയിടാന്‍ കഴിയണം സ്വന്തം ശരീരം കൊണ്ട്..'

'ശരിയാണ് ,'ക്ഷീണിച്ച കണ്‍പോളകള്‍ പണിപ്പെട്ട് തുറന്ന് അവള്‍ മനസ്സിലുരുവിടും..ഇനീപ്പോ തുള വീണ ഈ സത്രവും തന്നെ കൈ വിട്ടാല്‍ പേമാരിയില്‍ എന്തു ചെയ്യുമാവോ? കൊടിയ വേനലില്‍ മേലാകെ പൊള്ളിത്തിണര്‍ക്കുമാവോ? യാതൊരു താല്‍പര്യവുമില്ലാതെ അയാള്‍ക്ക് വേണ്ടിയൊരു ഭക്ഷണപാത്രമാകുമ്പോള്‍ അവള്‍ പിന്നെയും ചിന്തിക്കുംഒരിക്കലും ഉത്തരം കിട്ടാത്ത ജീവിതമെന്ന പദപ്രശ്‌നത്തെപ്പറ്റി..

ഭാഗ്യം! മകള്‍ മരണപ്പെട്ടു..അവര്‍ സങ്കടക്കണ്ണുകള്‍ വലിച്ചടച്ചു..ദിനം തോറും അന്യരായിക്കൊണ്ടിരിക്കുന്ന ഈ മനുഷ്യര്‍ക്ക് വേണ്ടിയാണല്ലോ സ്വന്തം ആരോഗ്യം, സ്വപ്‌നങ്ങള്‍ എല്ലാം ഒരു ഉപ്പേരിക്കെന്നോണം കഷ്ണിച്ചത്..വ്യസനത്തിന്റെ തീമരത്തിനു ചുവട്ടിലിരിക്കാനാണ് ഈ കണ്ട വഴിയെല്ലാം അലഞ്ഞത്..

സ്വന്തമായ കുറച്ചു സമയം ഉണ്ടായിരുന്നെങ്കില്‍ എന്തിനെക്കുറിച്ചായിരുന്നു താനന്ന് എഴുതുക? വ്യര്‍ഥമായ ഒരു യാത്രയെക്കുറിച്ചോ? നഷ്ടമായ ബാല്യത്തെക്കുറിച്ചോ? സ്വപ്നപ്പൂക്കള്‍ വിരിഞ്ഞിരുന്ന യൌവനത്തെക്കുറിച്ചോ? കിടപ്പില്‍ നിന്നെണീക്കാതെ ഇരുപതു വയസ്സു വരെ തന്റെ തോളിലൊരു പെരുങ്കല്ലായി തൂങ്ങിക്കിടന്ന മകളെക്കുറിച്ചോ? പരിഗണനയോടെ രണ്ടു വാക്കുച്ചരിക്കാന്‍ സമയവും സൌകര്യവുമില്ലാത്ത ആണ്‍മക്കളെക്കുറിച്ചോ? 'നിങ്ങടെ അമ്മേ നോക്കാന്‍ ആരെയെങ്കിലും ഏര്‍പ്പാടാക്കിക്കോ' എന്ന് ആക്രോശിക്കുന്ന മരുമക്കളെക്കുറിച്ചോ? ആവര്‍ത്തനവിരസതയുടെ ചവര്‍പ്പ് പതഞ്ഞൊഴുകുന്ന വിഷയങ്ങള്‍..കണ്ടെത്തണം..പുതുമ നിറഞ്ഞ മറ്റൊരു വിഷയം..

'ഏറ്റം കഠിനമായതും ഇതിനു ഈസി..ജീവിതം ആഘോഷമാക്കൂ..'മുമ്പൊരിക്കല്‍ കണ്ട മിക്‌സിപ്പരസ്യം പൊടുന്നനെ അവരുടെ മനസ്സിലേക്ക് ഊര്‍ന്നു വീണു..ഒരു സുന്ദരി കടുകടുത്ത എന്തൊക്കെയോ ജാറിലിടുന്നതും ഓണ്‍ ചെയ്യുമ്പോള്‍ ഒരു സംഗീതധ്വനിയോടെ മിക്‌സി വളരെ വേഗം അതെല്ലാം അരച്ച് തീര്‍ക്കുന്നതും..തന്റെ ലൊക്കട മിക്‌സി കൊടുത്ത് അതൊന്നു സ്വന്തമാക്കണം..ഒരു ഫാക്ടറിയുടെ ബഹളമാണ് തന്റെ മിക്‌സിക്ക്..ആരവത്തോടെയല്ലാതെ അതൊന്നും അരച്ചു എളുപ്പമാക്കില്ല..മഹാമല തലയില്‍ വീണാലും ചിരിക്കാനാവുക, കഠിനയാത്രകളിലെല്ലാം മൂളിപ്പാട്ട് പാടാനാവുക, മിക്‌സിയില്‍ നിന്ന് അങ്ങനെ പലതും പഠിക്കാനുണ്ട്. എക്‌സ്‌ചേന്ജ് ഓഫറുണ്ടായിട്ടും പഴയത് മാറ്റാനോ പുതിയ സംഗീതം സ്വന്തമാക്കാനോ ഭര്‍ത്താവിന്റെ സമ്മതമുണ്ടായില്ല..

'എന്റെ അമ്മ അമ്മീലാ അരച്ചിരുന്നത്..എന്തായിരുന്നു ആ കറികളുടെ ഒരു സ്വാദ്..നീ ഉദ്യോഗത്തിനൊന്നും പോണില്ലാലോ..എന്താപ്പോ ഇവിടെ ഇത്ര വല്യ പണി?'

'ഹേയ്, ഒരു പണിയുമില്ല..'വെറുപ്പോടെ വാക്കുകളെ അയാളിലേക്ക് ചുരുട്ടിയെറിഞ്ഞ് മകളുടെ അടുത്തെത്തി..ഓ! ദുര്‍ഗന്ധം കൊണ്ട് ആരും അടുക്കില്ല..അപ്പിയിലും മൂത്രത്തിലും അവള്‍ വാടിയ താമരപ്പൂ പോലെ കിടക്കുന്നു..ഒരു നേരമെങ്കിലും ഇവളെ പരിചരിച്ചിരുന്നെങ്കില്‍ അയാളാ വിഷംചീറ്റുംവാക്കുകളാല്‍ ഇങ്ങനെ കൊത്തുമായിരുന്നോ? ജോലിക്കുള്ള യോഗ്യതയുണ്ടായിട്ടും ഈയൊരു മകള്‍ക്ക് വേണ്ടിയാണ് എല്ലാം ഉപേക്ഷിച്ചത്..തന്റെ ത്യാഗങ്ങള്‍ വെണ്ണീരും കരിക്കട്ടയുമായി കുപ്പയിലെറിയാനുള്ളതോ? ഗള്‍ഫില്‍ നിന്ന്  ആങ്ങളയെത്തിയപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് ആ മിക്‌സി വാങ്ങിത്തരാനാണ്..തന്റെ ദുര്യോഗങ്ങളിലേക്ക് സഹതാപത്തിന്റെ ഒരു നൂല്‍തുണ്ട് നീട്ടി അവന്‍ ചിരിച്ചു. 'അന്ന് നിന്റെയീ കല്യാണം നടത്തേണ്ടിയിരുന്നില്ല..എന്താ ചെയ്യാ? വിധിയെ ആര്‍ക്കാ തടുക്കാമ്പറ്റാ?'

ഏഴായിരം രൂപ കൊടുത്ത് ആ അമൂല്യനിധി സ്വന്തമാക്കിയപ്പോള്‍  എന്തെന്നില്ലാത്ത ആഹ്ലാദമുണ്ടായി..കുരുമുളകും മഞ്ഞളുമൊക്കെ പൊടിച്ചെടുക്കുമ്പോള്‍ തന്റെ ഉള്ളില്‍ എരിഞ്ഞു പുകയുന്ന അനേകം അസ്വസ്ഥതകളെയും  ജാറിലേക്ക് കുടഞ്ഞിട്ടു. ടാല്‍ക്കംപൌഡര്‍ പോലെ മിനുസപ്പെട്ട് അവ കുസൃതിയോടെ  ചിരിച്ചു.

അങ്ങനെ പത്തു കൊല്ലത്തോളം  സന്തതസഹചാരിയായിരുന്ന മിക്‌സിയാണ് മകളുടെ മരണത്തെത്തുടര്‍ന്ന് തകര്‍ന്നു തരിപ്പണമായത്.താനെത്ര സൂക്ഷ്മതയോടെ കൊണ്ടു നടന്നതായിരുന്നു..പൊട്ടിക്കിടക്കുന്ന,മഞ്ഞള്‍ പുരണ്ടു വൃത്തികേടായ അതിന്റെ അവയവങ്ങള്‍..തന്റെ ജീവിതവും ഒരു ചില്ലുപാത്രമായിരുന്നു, ചില്ലുതരികളായി അതാരോ കുത്തിയുടച്ചിരിക്കുന്നു..

പിന്നീടധികദിവസം  അമ്മിയില്‍ അരക്കേണ്ടി വന്നില്ല..ജോലിക്കു പോകുന്ന മരുമക്കള്‍ എന്നേ വേറെ ചേക്കേറിയിരുന്നു. ഒരു ചമ്മന്തിക്ക് അല്പം തേങ്ങ അരച്ചെടുക്കുമ്പോഴാണ് തല ചുറ്റാന്‍ തുടങ്ങിയത്.അതു വരെ നേരെ കണ്ട കാഴ്ചകളെല്ലാം കറങ്ങിക്കറങ്ങി കൈ കൊട്ടിച്ചിരിച്ചു. പിന്നെ ആരോ തന്നെ നിലത്തേക്ക് മറിച്ചിട്ടു..
പുറത്തെങ്ങോ പോയി മടങ്ങിയ ഭര്‍ത്താവ് ഒരു ചായക്ക് ആവശ്യം വന്നപ്പോഴാണ് ഭാര്യയെ തിരഞ്ഞത്..വര്‍ക്ക്ഏരിയയില്‍ ചത്ത പോലെ കിടക്കുന്ന ആ പേക്കോലത്തെ അയാള്‍ എങ്ങനെയൊക്കെയോ കട്ടിലിലെത്തിച്ചു.

രോഗപ്പുതപ്പ് അങ്ങനെ  ആസകലം പൊതിഞ്ഞു..വസന്തം ഒരോര്‍മത്തെറ്റു പോലെ  പുളച്ചു നീന്തി..ഏതാണ് സത്യം? വിത്തിന്റെ മുള പൊട്ടലോ മരത്തിന്റെ പൂക്കാലമോ? പൂ കൊഴിയലോ? നരച്ച മുടിച്ചുരുള്‍ ചെറുകാറ്റില്‍ കണ്ണിനെയും  മൂക്കിനെയും ചൊറിഞ്ഞു..അരിച്ചു നടക്കുന്ന പേനുകള്‍ തലയിലെ ചോര കുടിച്ച് ചുണ്ടു തുടച്ചു..ശരീരം മറ്റേതൊക്കെയോ ജീവികളുടെ ആഹാരമാകാന്‍ തുടങ്ങുന്നു....

ഈ കഠിനകാലത്തെ ഏതു മിക്‌സിക്കാണ് അരച്ചു സംഗീതമാക്കാനാവുക?  ചരിഞ്ഞു കിടക്കാന്‍ ആഗ്രഹം തോന്നി ..ദേഹത്തിന്റെ ഭാഗമേയല്ലാത്തത് പോലെ ഇടതു വശം ഒരു മരക്കഷ്ണമായി..ഇനിയെന്തു ചെയ്യും? കണ്ണീര്‍ ബാക്കിയില്ലാത്ത കണ്ണുകള്‍ ചുട്ടു പൊള്ളി..കുമിയുന്ന ഇരുള്‍മേഘങ്ങള്‍ ഒരു വന്‍പേമാരിയെ ഗര്‍ഭം ധരിച്ച് വേദനയോടെ ഇഴഞ്ഞു നീങ്ങി......................