Pages

2017, സെപ്റ്റംബർ 30, ശനിയാഴ്‌ച

. അകലുന്ന മനസ്സുകള്‍ [കഥ]




ഓണത്തിന്, സദ്യക്ക് കണ്ണന്‍റെ വീട്ടില്‍ ഞാന്‍ ഇല്ലാതിരിക്കില്ല. കണ്ണന്‍ അമ്മയോട് പ്രത്യേകം പറയും , “അമ്മെ , റഹീം വരുന്നുണ്ട് കേട്ടോ, അവിയല്‍ അവന് വല്യ ഇഷ്ടാ..”പെരുന്നാളിന് എന്‍റെ വീട്ടിലെ ഒരു കസേര കണ്ണനുള്ളതാണ്. റാം എന്ന അവന്‍റെ പേര് സ്കൂള്‍ രജിസ്റ്ററില്‍ മാത്രേ കാണൂ ,ഗ്രാമക്കാര്‍ക്കെല്ലാം അവന്‍റെ ഓമനപ്പേരേ അറിയൂ , കണ്ണന്‍..”നിന്‍റെ ഉമ്മ എന്തുണ്ടാക്കിയാലും ഭയങ്കര ടേസ്റ്റ് ആണല്ലോ ,സ്കൂളില്‍ പോകുന്ന തിരക്കില്‍ എന്‍റെ അമ്മയ്ക്ക് സ്നേഹം കുഴച്ചു കറി വെക്കാന്‍ സമയം കിട്ടുന്നുണ്ടാവില്ല..”കോളേജില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം അവന്‍ പറഞ്ഞു. അവനപ്പോഴെക്ക് അവന്‍റെ അച്ഛനെയും എനിക്ക് എന്‍റെ ഉപ്പയെയും നഷ്ടപ്പെട്ടിരുന്നു. വിദൂരത്തിരുന്നു ആരോ ചമയ്ക്കുന്ന നാടകത്തിലെ വേഷക്കാര്‍ മാത്രമാണല്ലോ നമ്മള്‍.
അനേകം കുഞ്ഞുങ്ങളെ നേര്‍വഴിക്ക് നടത്തിയ സാത്വികനായ ഒരു അധ്യാപകനായിരുന്നു അവന്‍റെ അച്ഛന്‍. അന്‍പത്തെട്ടാം വയസ്സില്‍ ഒരു പൂ കൊഴിയുംപോലെ ഉറക്കത്തില്‍ മരിച്ചു പോയി. അവന്‍റെ അമ്മയുടെ അലമുറ ഇന്നും മറന്നിട്ടില്ല. “മോനെ, നമുക്കിനി ആരുണ്ട്?” എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട് അവര്‍ പൊട്ടിക്കരഞ്ഞു.

പുതുതായെടുത്ത വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഉപ്പ വിട പറഞ്ഞപ്പോള്‍ മൌനത്തിന്‍റെ കല്ലിച്ച ഗുഹയിലേക്ക് നടന്നു പോയ ഉമ്മയെ തിരിച്ചു കൊണ്ടു വന്നത് അവന്‍റെ അമ്മയായിരുന്നു. പതിനേഴു വര്‍ഷങ്ങള്‍ പ്രവാസിയായിരുന്ന ഉപ്പയുടെ വലിയൊരു മോഹമായിരുന്നു വീട്. ആ സ്വപ്നം തന്നെ ഉപ്പയെ തള്ളി താഴെയിട്ട് ചതച്ചരച്ചു..അച്ഛന്മാരില്ലാത്ത രണ്ടു കുട്ടികള്‍. നേര്‍വഴിക്ക് നടത്താന്‍ തൂണുകളായി അവര്‍ വീടുകളില്‍ വേണം. കറുപ്പും ചുവപ്പും ചരടുകള്‍ കണ്ണന്‍റെ കൈകളില്‍ ചുറ്റിപ്പിണഞ്ഞപ്പോഴും നീണ്ട രകതവര്‍ണമുള്ള കുറി അവന്‍റെ നെറ്റിയില്‍ തീക്ഷണമായി ജ്വലിച്ചപ്പോഴുംതാനേറെ തര്‍ക്കിച്ചിരുന്നു അവനോട്..ഇടത്തോട്ടു ചാഞ്ഞവരായിരുന്നു മുമ്പ് രണ്ടാളും. പിന്നെ എപ്പോഴാണവനെ തീവ്രാശയക്കാര്‍  ബ്രെയിന്‍ വാഷ് ചെയ്തു കൊണ്ടു പോയതെന്ന് ആര്‍ക്കറിയാം.

എനിക്കും കേള്‍ക്കേണ്ടി വന്നു ഏറെ പഴികള്‍, “ആ കാഫിറിനെ മാത്രേ അനക്ക് ലോഗ്യാക്കാന്‍ കിട്ടിയൊള്ളൂ?നാട്ടില്‍ നടക്കണതൊന്നും ഇജ് അറിണില്ലേ? എറച്ചി തിന്ന കുറ്റത്തിനാ സംഘം ചേര്‍ന്ന് ഓല് ഞമ്മളെ കൂട്ടരെ കഴുത്തറക്കണ്. നമ്മള് ഒറ്റക്കെട്ടായി നിക്കണ്ട നേരത്താ ഓന് കണ്ട കാഫിറുകളുടെ തോളില്‍ കയ്യിട്ട് നടക്കണത്..”ഓരോ മതവും വെറും ചിഹ്നമാണെന്നും അതിനടിയിലെ മനുഷ്യനാണ് സത്യമെന്നും ആര്‍ക്കും മനസ്സിലാവുന്നില്ല..മതങ്ങള്‍ ചോരയെ മോഹിച്ചു തുടങ്ങിയിരുന്നു..
കയ്പ്പും മധുരവും ചേരുംപോലെ ചവര്‍പ്പ് മാത്രമാണ് ഇപ്പോള്‍ ഓര്‍മയില്‍..അവന്‍റെ തിളങ്ങുന്ന കത്തി എന്‍റെ നെഞ്ച് കീറി എന്താവും പരിശോധിചിട്ടുണ്ടാവുക?ഇരട്ടകളായി നടന്നവരായിരുന്നു ഞങ്ങള്‍. രണ്ടു വീട്ടില്‍ ജനിച്ചിട്ടും സഹോദരങ്ങളായവര്‍..

കേസില്‍ നിന്നൊക്കെ അവന്‍ രക്ഷപ്പെട്ടു.എന്നിട്ടും ഞാനവന്‍റെ പിറകെത്തന്നെ, നിഴലായി  നടപ്പാണ് ,നിരന്തരം ചോദിച്ചുകൊണ്ട്-“കണ്ണാ , നമ്മള്‍ വല്യ കൂട്ടായിരുന്നില്ലേ?പിന്നെന്തേ നീയെന്നെ കൊന്നു കളഞ്ഞത്?പക്ഷെ എന്‍റെ ചോദ്യം അവന്‍റെ ചുറ്റും അദൃശ്യമായിരിക്കുന്ന ഇരുമ്പു മറയില്‍ തട്ടി ചിതറിപ്പോവുകയാണ്..അത് ഭേദിച്ച് മാത്രമേ എനിക്കവന്‍റെ ഹൃദയത്തില്‍ കയറാനാവൂ..പക്ഷെ അത് ഒട്ടും എളുപ്പമല്ല, ഇപ്പോള്‍ തന്നെ അവന്‍ ഫോണ്‍ ചെയ്യുന്നത് കേട്ടില്ലേ? –“ആരൊക്കെയെന്നു പറയൂ സാര്‍, നമ്മുടെ മാത്രം രാഷ്ട്രം സ്ഥാപിതമാകുന്നതിനു മുന്നില്‍ വരുന്ന ഏതു തടസ്സത്തെയും അരിഞ്ഞു കളയണം..വടവൃക്ഷങ്ങളുടെ തണലില്‍ ഒരു തയ്യും വളര്‍ന്നു മുറ്റുകയില്ല...”
നിഴലായി അവന്‍റെ കൂടെത്തന്നെയാണ്‌ ഞാന്‍. പണ്ട് പുളിമാങ്ങ കടിച്ചീമ്പിയിരുന്ന ആ കാലത്തിലേക്ക് ഒരിക്കല്‍ കൂടി തിരിച്ചു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ഞങ്ങള്‍ വെറും മനുഷ്യക്കുട്ടികള്‍ മാത്രമായിരുന്ന ആ സുന്ദരനിമിഷങ്ങളിലേക്ക് .................
ശരീഫ മണ്ണിശ്ശേരി ...................