Pages

2015, ജൂൺ 17, ബുധനാഴ്‌ച

ആത്മരോഷം(കഥ)


 മയ്യത്ത് കട്ടില്‍ തോളില്‍ വച്ചവരുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെയായിരുന്നു അയാളുടെ സ്ഥാനം .മക്കളില്ലാത്ത ആമിനുമ്മാനെ ബന്ധുക്കള്‍ തന്നെയാണല്ലോ പള്ളിപ്പറമ്പിലേക്ക് എത്തിക്കേണ്ടത് .ഒരു പിടി മണ്ണ് മുഖത്തിട്ട് പോരേണ്ടത്.പറഞ്ഞു വരുമ്പോള്‍ അയാളുടെ ഭാര്യയുടെ അമ്മായിയാണ് ആമിനുമ്മ .ഭാര്യമാര്‍ അയാള്‍ക്ക് മൂന്നാലെണ്ണമുണ്ട്.ഓരോ സാമ്പത്തികപ്രതിസന്ധിയും അയാള്‍ നീന്തിക്കടന്നത് വിവാഹങ്ങളിലൂടെയാണ് .രണ്ടു ലക്ഷവും മുപ്പത് പവനും കുറച്ച് എവിടുന്നും വാങ്ങാറില്ല ..എല്ലാം കൂടി ബാങ്കിലിട്ടാല്‍ ശിഷ്ടായുസ്സിന് ആ കാശ് മതിയായേനെ .പറഞ്ഞിട്ടെന്ത് , കര്‍ക്കിടക മഴയില്‍ മണ്ണ്  ഒലിച്ചുപോകുംപോലെയാണ് അയാടെ കയ്യീന്ന്  പണം ചോര്‍ന്നു പോകുക .എല്ലാ ആര്‍ഭാടങ്ങളും ആവശ്യത്തിനുണ്ടല്ലോ, കുടിയായാലും മയക്കായാലും ..
ചിറ്റ് നിറഞ്ഞ, ഇരുനിറത്തിലുള്ള , ചോരയില്‍ കുളിച്ച ,അമ്മായിയുടെ ചെവി അയാളുടെ ഉള്ളില്‍ ഇടയ്ക്കിടെ മിന്നി മാഞ്ഞു ..മറ്റേ ചെവി കൂടി അറുക്കാന്‍ തുടങ്ങുമ്പോഴാണ് എന്തോ ശബ്ദം കേട്ടത് ..ഇരുട്ടില്‍ തപ്പിത്തടഞ്ഞ് ഓടി രക്ഷപ്പെട്ടത് ..മാലയുടെയും നാല് വളയുടെയും കൂടെ ചോന്നു പോയ ആ ചിറ്റുകളും..മാംസത്തില്‍ നിന്ന് വേര്‍പെടുത്താന്‍ കുറെ കഷ്ടപ്പെട്ടു..എന്നിട്ടും വിചാരിച്ച സംഖ്യ ഒത്തില്ല .കുറച്ച് കടം ഉണ്ടായിരുന്നു ..സ്വര്‍ണം വിറ്റ് കിട്ടിയത് വെറും അമ്പതിനായിരം ..
മൂന്നാം ഭാര്യക്ക് ഫോണ്‍ ചെയ്തപ്പോഴെല്ലാം സൂത്രത്തില്‍ ചോദിച്ചു കൊണ്ടിരുന്നു ,എപ്പഴാ മരിച്ചു കിടക്കണത് കണ്ടത് ..അവിടെ വേറെയാരും ഉണ്ടായിരുന്നില്ലേ ..'അവള്‍ കരഞ്ഞു ,വല്ലാതെ പേടിച്ചു പോയിരിക്കുന്നു പാവം ..

'ഇങ്ങള്‍ വെക്കം വെരീ..സ്വര്‍ണം കിട്ടാനാണേലോ ആ നശിച്ചോന്‍ അമ്മായിയെ കൊന്നത് ..'

'എന്നിട്ട് ?പോലീസ് വല്ലോരേം പിടിച്ചോ?'

'ഇല്ല .പോലീസ് വണ്ടി ഇബടാകെ പരക്കം പായാ ..'

സംശയക്കണ്ണുകള്‍ അയാളുടെ നേരെയില്ലെന്ന് നൂറു തവണ ബോധ്യമായതില്‍ പിന്നെയാണ് ഒളിയിടത്തില്‍ നിന്ന് പുറത്തിറങ്ങിയത് ,മയ്യിത്ത് സംസ്‌കാരത്തില്‍ സജീവമായത് ..ചെറിയൊരു കുറ്റബോധം ഇല്ലാതില്ല ..ചോരച്ച ചിറ്റുകള്‍ ഏതു നേരവും മനസ്സില്‍ പതിയെ ഇളകുന്നു ..ആദ്യത്തെ മോഷണശ്രമം തന്നെ ഇങ്ങനെ കൊലപാതകത്തില്‍ കലാശിക്കുമെന്ന് കരുതിയതല്ല ..വാതില്‍ പോലും നേരെ അടക്കാറില്ല അമ്മായി .ഒരാഴ്ചത്തെ നിരീക്ഷണം കൊണ്ടാണ് എല്ലാം മനസ്സിലാക്കിയത് ..രാത്രി എട്ടു മണിക്കാണ് തൊഴുത്തിലെ പണി തീര്‍ത്ത് മൂപ്പത്തി അകത്ത് കയറിയത് .പിന്നാലെ കയറുമ്പോള്‍ മെയിന്‍ സ്വിച്ച് ഓഫാക്കാന്‍ മറന്നില്ല .അമ്മായി പിരാകിക്കൊണ്ടിരുന്നു ;

'ഈ ബലാലീങ്ങക്ക് കായി എണ്ണി മാങ്ങാനേ അറ്യൂ.മന്‍സന്‍ കത്തിക്കണ നേരല്ലേ വെള്‍ച്ചം മാണ്ട്യത്..'

അവര്‍ ടോര്‍ച്ച് ലൈറ്റില്‍ ചോറ് തിന്നുമ്പോഴാണ് കയ്യില്‍ കിട്ടിയ നിസ്‌കാരക്കുപ്പായം കൊണ്ട് മുഖം പൊത്തിപ്പിടിച്ചത്.ബോധം  കെട്ടാല്‍ കാര്യം എളുപ്പമാകൂലോ .പക്ഷെ ,കിളവിയായിട്ടും എന്താ കരുത്ത് ..പശുവുമായല്ലേ കൂട്ട് .നിസ്‌കാരക്കുപ്പായം മുഖത്ത്ന്ന് വലിച്ചു മാറ്റി അവര്‍ അലറി വിളിച്ചു .പിന്നെ ആലോചിക്കാനൊന്നുമില്ല ,തന്റെ ബലിഷ്ഠമായ കൈകള്‍ അവരുടെ ചങ്ക് ഞെരിച്ചു .അഞ്ചു നിമിഷം കൊണ്ട് ബോധമറ്റ് നിലത്തു വീണു..പിന്നെ എല്ലാം എളുപ്പമായിരുന്നു ..ചിറ്റ് ഉള്ള മറ്റേ കാതും അറുത്തെടുക്കാന്‍ പറ്റാത്തതായിരുന്നു വല്യ സങ്കടം ..ബാക്കി കടം വീട്ടാന്‍ ഇനി മറ്റൊരു കല്യാണം നോക്കേണ്ടി വരും ..ഇപ്പണിക്ക് റിസ്‌ക് കൂടുതലാ ..

രണ്ടാഴ്ച കഴിഞ്ഞ് പേപ്പറിന്റെ മുന്‍പേജില്‍ തന്നെ വൃദ്ധയെ ശ്വാസം മുട്ടിച്ചു കൊന്ന ആള്‍ പിടിയില്‍ എന്ന വാര്‍ത്ത കണ്ട് അയാളുടെ കണ്ണ്! തള്ളിപ്പോയി ..ഏതോ ഒരു തമിഴനാണ് ,ആള്‍ മുമ്പും പല മോഷണങ്ങളും നടത്തിയിട്ടുണ്ട് ..

ഹാവൂ ..ആശ്വാസത്തിന്റെ ഒരു കുളിരല അയാളെ തൊട്ടു .നാട്ടുകാര്‍ പ്രതിയെ കൈകാര്യം ചെയ്തു എന്ന അവസാന വാക്യത്തില്‍ കണ്ണു മുട്ടി നില്‍ക്കെ അയാള്‍ക്കും കൈ തരിച്ചു ..'അയാളെ കയ്യില്‍ കിട്ടിയാല്‍ മൂക്കുപാലം അടിച്ചു തകര്‍ക്കണം ..ഈ നാട്ടിലെന്താ പെണ്ണുങ്ങള്‍ക്കും വയസ്സായോര്‍ക്കും കള്ളന്മാരെ പേടിക്കാതെ ജീവിക്കാന്‍ കഴിയില്ലേ ..  'ഉറക്കെ ആക്രോശിച്ചു കൊണ്ട് അയാള്‍ മുന്നിലെ മേശയില്‍ ആഞ്ഞടിച്ചു .........................

2015, ജൂൺ 6, ശനിയാഴ്‌ച

തിരശ്ശീലയ്ക്കപ്പുറം(കഥ)


'പിഞ്ചു ഹൃദയം ദേവാലയം ...'മധുരശബ്ദത്തില്‍ അവര്‍ പാടിക്കൊണ്ടിരുന്നു ..കലങ്ങിയ
 കണ്ണുകളില്‍ നഷ്ടബോധം പുകഞ്ഞു ..എണ്ണമിനുപ്പുള്ള കണ്‍തടങ്ങള്‍ കുഴിഞ്ഞിരിക്കുന്നു ..

'ചേച്ചിക്ക് കുട്ടികളുണ്ടോ ..?'

വട്ടത്തിലിരിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ ഒരു ചോദ്യബോംബെറിഞ്ഞു ..

'ഇല്ല ,ഈ ഭൂമിയിലെ എല്ലാ ബന്ധങ്ങളും സ്വാര്‍ഥമാണ്..മാതാപിതാക്കള്‍ മക്കളെ പോറ്റുന്നത് അവര്‍ വാര്‍ധക്യത്തില്‍ തണലാകുമെന്ന പ്രതീക്ഷയിലാണ് ..ഒരു മുഴം നീട്ടിയെറിയല്‍..ഭാര്യാഭര്‍തൃബന്ധം നിലനില്‍ക്കുന്നത് തന്നെ പരസ്പരം ലഭിക്കുന്ന ആനന്ദത്തിന്റെ തോതനുസരിച്ചാണ് ..വയസ്സായവരെ പലരും ഉപേക്ഷിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല –ലാഭകരമായി ഒന്നും ആ ചുളിഞ്ഞ ദേഹങ്ങളില്‍ നിന്ന് കിട്ടാനില്ല ..'

എത്ര ശരി , എനിക്കവരോട് വല്ലാത്ത ആദരവ് തോന്നി ..എല്ലാ ആഴ്ചയും അവര്‍ സ്വാമിയുടെ പ്രഭാഷണം കേള്‍ക്കാന്‍ പോകാറുണ്ട് ..                   

'ആശ്രമത്തിന്  അവര്‍ സ്വത്തൊക്കെ  എഴുതിക്കൊടുത്തു ..അതാ ഭര്‍ത്താവ് അവരോട് പിണങ്ങാന്‍ കാരണം ..'   അവരുടെ നാട്ടുകാരിയായ പെണ്‍കുട്ടി പറഞ്ഞു ..

'വീട്ടില്‍ നിന്ന് ഇറക്കി വിട്ടോ? അതാണോ ഈ ഹോസ്റ്റലില്‍ വന്നു നില്‍ക്കുന്നത് ?'

'ഇറക്കി വിട്ടതൊന്നുമല്ല, രണ്ടാളും അധികദിവസവും വഴക്കായിരിക്കും ..അവസാനം മൂപ്പത്തി തന്നെയാ ഇറങ്ങിപ്പോയത് ..'

'എങ്കില്‍ പിന്നെ ആശ്രമത്തില്‍ പോയി താമസിച്ചു കൂടെ ?'

'അതു തന്നെയാ പ്ലാന്‍ ,ഗൃഹസ്ഥാശ്രമത്തില്‍ നിന്ന് പൂര്‍ണമായും മോചിതമായിട്ടില്ലത്രെ ..ഇന്നലേം  മൂപ്പത്തി എന്നോട് ചോദിച്ചു അവരുടെ ഭര്‍ത്താവ് വേറെ കല്യാണമാലോചിക്കുന്നുണ്ടോ എന്നും മറ്റും ..'

കഷ്ടം ,അവര്‍ ഇപ്പോഴും അയാളെ സ്‌നേഹിക്കുന്നുണ്ടാവണം..എനിക്കു വല്ലാത്ത സങ്കടം തോന്നി ..പരീക്ഷയാണ് ,പന്ത്രണ്ടു മണിക്കാണ് കിടന്നത് ..ഒരു കല്യാണത്തിന്റെ തുരുമ്പെടുത്ത കൊളുത്ത് ഊരിയെറിഞ്ഞാണ് ഞാനും പഠിക്കാനെത്തിയിരിക്കുന്നത്..ഇവിടെയാരും അറിഞ്ഞിട്ടില്ലെന്ന് മാത്രം ..അയാളും വേറൊരു പെണ്ണ് കെട്ടിയെന്ന് കേള്‍ക്കുന്നു ..

ഒരു ഭീകരസ്വപ്നം കണ്ട് അലറിവിളിച്ചാണ് ഉണര്‍ന്നത് ..അത്ഭുതം തന്നെ ,ഇത്രയൊക്കെ ഒച്ചയെടുത്തിട്ടും ആരും ഉണര്‍ന്നിട്ടില്ല ..കിടക്കുമ്പോള്‍ അവര്‍ ദീപത്തെ സ്പീഡില്‍ പ്രദക്ഷിണം വെക്കുകയായിരുന്നു ..നോക്കിയിരിക്കെ എനിക്ക് തല ചുറ്റാന്‍ തുടങ്ങി ..ആ സാരിത്തുമ്പിന് ഇപ്പോള്‍ തീ പിടിക്കും ..എന്നും രാവിലെ അര മണിക്കൂറോളം വെറും കണ്ണാല്‍ സൂര്യനെ നോക്കി കണ്ണീരൊലിപ്പിക്കുന്നത് കാണാം ..അവര്‍ ആരെയാണ് ശിക്ഷിക്കുന്നത്?

സ്വപ്നത്തില്‍ അവര്‍ തന്നെയായിരുന്നു ..മുഖം തീജ്വാലയായ് തിളങ്ങുന്നുണ്ടായിരുന്നു ..ഉണ്ടക്കണ്ണ് ഉരുട്ടി അവരെന്റെ കഴുത്തില്‍ പിടി മുറുക്കിയിരുന്നു..

ഉണര്‍ന്നിട്ടും ഭയത്താല്‍ ഞാന്‍ കിതച്ചു ..റൂം മേറ്റ് വിവരം വാര്‍ഡനോട് പറയുമെന്ന് കരുതിയതല്ല ..വാര്‍ഡന്‍ അവരോട് കയര്‍ക്കുന്നത് കെട്ടു –കുട്ടികളെ പേടിപ്പിക്കാനാണോ നിങ്ങള്‍ നേരം കെട്ട നേരത്തൊക്കെ പൂജകള്‍ ചെയ്യുന്നത് ..ഇങ്ങനെ തുടങ്ങിയാല്‍ വേറെ ഹോസ്റ്റല്‍ നോക്കേണ്ടി വരും ..

രാത്രി –ആ സൈഡ്‌റൂമിലേക്ക് പാളി നോക്കി –റൂമെന്നും പറഞ്ഞൂട ,അരഭിത്തിയേയുള്ളൂ ...ഫീസ് മര്യാദക്ക് കൊടുത്താലും സൌകര്യമൊക്കെ ഒരു കണക്കാണ്..ഒരു ഹാളിനുള്ളിലാണ് ഞങ്ങള്‍ അഞ്ചു പേര്‍ ..മുടിഞ്ഞു പോയ ഒരു കുടുംബത്തിന്റെ വീടാണ് ഹോസ്റ്റലാക്കിയിരിക്കുന്നത് ..അടുക്കളയുടെ റാക്ക് നിറയെ മദ്യക്കുപ്പികള്‍ ..കുടുംബനാഥന്‍ കുടിച്ചു കുടിച്ചു മരിച്ചെന്നും കേള്‍ക്കുന്നു..ഓരോ വീടിനും എത്ര കഥകളാണ് പറയാനുണ്ടാവുക ..

പ്രദക്ഷിണത്തിന് ഒന്നൂടെ വേഗം കൂടിയിരിക്കുന്നു ..മുഖത്ത് എല്ലാ വികാരങ്ങളെയും വിഴുങ്ങി രൌദ്രഭാവം കല്ലിച്ചു കിടക്കുന്നു ..കത്തുന്ന കണ്ണുകളിലെ തീനാളം ഈ കെട്ടിടത്തെയും ചാമ്പലാക്കിയേക്കും..ആരെയും കുറ്റപ്പെടുത്താനില്ല ,,സന്തോഷം ,സ്‌നേഹം ,ഇതൊക്കെ എല്ലാവരും ആഗ്രഹിക്കുന്നു ..അതെല്ലാം ഒരു കാര്യവുമില്ലാതെ നിഷേധിക്കുന്ന ദൈവത്തോടല്ലാതെ ആരോടാണ് നമ്മള്‍ കയര്‍ക്കുക ..

കല്ലിച്ച ആ ഹൃദയവും ചിരികളുടെ കിലുക്കം ആശിക്കുന്നുണ്ടാവില്ലേ ..മുകളില്‍ നിന്ന് എപ്പോഴും പരിഹാസശരങ്ങള്‍ എയ്യുന്ന  ആ മഹാശക്തിയെ ഗോഷ്ടി കാണിച്ചു കൊണ്ട് ....................