Pages

2014, മാർച്ച് 30, ഞായറാഴ്‌ച

വിഷമഴ(കഥ)


മുകളില്‍ ചക്രമുള്ള യന്ത്രപ്പക്ഷിയെ കാണാന്‍ ഞങ്ങള്‍ കുടിലുകളില്‍ നിന്നും ഓടിയിറങ്ങി. ഞങ്ങള്‍, എട്ടോ ഒമ്പതോ വര്‍ഷങ്ങള്‍ മാത്രം ഭൂമിയില്‍ പഴക്കമുള്ളവര്‍, സാകൂതം മുകളിലേക്ക് നോക്കി. യന്ത്രപ്പക്ഷി കറുത്ത ജലം തുപ്പാന്‍ തുടങ്ങി. കണ്ണു നീറുന്നു, മേലാകെ ചൊറിയുന്നു. അതൊന്നും ഗൌനിക്കാതെ ഞങ്ങള്‍  ഓടി.  കശുമാവിന്‍തോട്ടങ്ങളിലേക്ക് നീറുംമരുന്ന് മഴയായി പെയ്യുന്നു..കാറ്റ് രാസഗന്ധത്താല്‍ ശ്വാസം മുട്ടിപ്പിടഞ്ഞു.ഞങ്ങളുടെ കളിസ്ഥലമായ പാറപ്പുറത്ത് കയറി നിന്നാല്‍ എന്തെല്ലാം കാഴ്ചകളാണെന്നോ.. വര്‍ണവിസ്മയങ്ങളായ ശലഭങ്ങള്‍..മൂളിപ്പറക്കുന്ന ആനത്തുമ്പികള്‍..ചിലച്ച് ചിലച്ച് നേരം കൊല്ലുന്ന ചിതല്‍ കാടകള്‍..മല തുരന്നു ചിരിച്ചൊഴുകുന്ന അരുവികള്‍..ശാന്തമായി ഉറങ്ങുന്ന നീലക്കുളങ്ങള്‍..
......................................................................  ......................................................

വര്‍ഷങ്ങളെത്ര പെയ്‌തൊഴിഞ്ഞു..ഓടിച്ചാടി നടന്നിരുന്ന കുട്ടിക്കാലം സത്യമായിരുന്നോ എന്തോ..ദേശം മുഴുവന്‍ ശരവേഗത്തില്‍ പോകുന്ന ലോകത്തിനൊപ്പം ഓടാനാകാതെ വൈകല്യങ്ങളുടെ രാവണന്‍ കോട്ടയില്‍ കുടുങ്ങിക്കിടപ്പാണ്..രോഗങ്ങളുടെ പണ്ടോറപ്പെട്ടി ആരോ തുറന്നു വെച്ചിരിക്കുന്നു. വെളിച്ചത്തെ ഭയന്ന് ഏതു നേരവും ഇരുട്ടില്‍ തപ്പിത്തടയുന്നവര്‍..ചിത്തരോഗത്താല്‍ ഒരു സ്ഥലത്തും നില്‍ക്കാനാകാതെ ഓടിക്കൊണ്ടിരിക്കുന്നവര്‍..ആരെയെങ്കിലുമൊക്കെ ഉപദ്രവിച്ചു ആനന്ദിക്കുന്നവര്‍..ഒരിക്കലും വായടക്കാന്‍ കഴിയാതെ ലോകത്തിന്റെ നാട്യങ്ങളിലേക്ക് കണ്ണു തുറിച്ചവര്‍...ചലനമെന്തെന്നറിയാതെ കട്ടിലുകളില്‍ തടങ്കലിലായവര്‍..കൈകാലുകള്‍ മടങ്ങിത്തിരിഞ്ഞു വികൃതരൂപമായവര്‍..അവയവങ്ങള്‍ പലതുമില്ലാതെ മാംസപിണ്ഡങ്ങളായിപ്പോയവര്‍..
ഇതെല്ലാം ഞങ്ങളുടെ വിധികളാണെന്ന് എങ്ങനെ വിശ്വസിക്കും? ഭൂമിയില്‍ ജനിച്ചു പോയതിന്റെ ശിക്ഷയാണെന്ന് എങ്ങനെ ആശ്വസിക്കും? ചില ജന്മങ്ങള്‍ക്ക് ഭൂമി തന്നെയാണ് നരകം. വെന്തു വെന്താണ് അവരുടെ ആയുസ്സ് എരിഞ്ഞു തീരുക..ദുഃഖത്തിന്റെ കയ്ക്കുംകഞ്ഞിയാണ് അവര്‍ക്ക് ഏതു നേരവും ഭക്ഷണമാവുക..
......................................................... ....................................................................................

ഇത്രേം ആര്‍ത്തിയുള്ള  ഈ മനുഷ്യജീവിയെ സൃഷ്ടിച്ചുപോയതില്‍ ദൈവം എത്രമാത്രം പശ്ചാത്തപിക്കുന്നുണ്ടാകും..അവന്റെ അത്യാഗ്രഹത്തിന് നരകജീവിതം വിധിക്കപ്പെട്ടവരാണ് ഇരകളാവുക. ഇരകളെന്നും ഉപകരണങ്ങളാണല്ലോ..എന്റെ ദേഹം തന്നെ നോക്കൂ, ഉണങ്ങി വിണ്ട പാടം പോലെ..എത്ര മഴയാണ് ഈ വിള്ളലുകള്‍ നികത്തുക?
പാറപ്പുറത്തിരുന്നാല്‍ ഇപ്പോള്‍ പണ്ടത്തെ കാഴ്ചകളല്ല. വിഷമുള്ള കലക്കുവെള്ളവുമായി നീരുറവകള്‍ കരഞ്ഞൊഴുകുന്നത് കണ്ടില്ലേ? കുളങ്ങളില്‍ മീനുകള്‍ ചത്തു പൊങ്ങുന്നു. ശലഭച്ചിറകുകള്‍ നിലത്ത് ഉറുമ്പരിച്ച് ദ്രവിക്കുന്നു. പക്ഷികള്‍ ഭയന്ന്  സ്ഥലം വിട്ടെന്നു തോന്നുന്നു. ചോരച്ച നാക്കുകള്‍ നീട്ടി  ദുരിതപ്പെട്ടു തീര്‍ന്നവരുടെ ആത്മാക്കള്‍ ദൂരേന്നു പാഞ്ഞടുക്കുന്നുണ്ടോ? വേഗതയുടെ ലോകത്ത് ഞങ്ങളെന്തിനു ബാക്കിയാകണം? ബാല്യത്തിന്റെ, കൌമാരത്തിന്റെ, യൌവനത്തിന്റെ വര്‍ണയുടുപ്പുകള്‍ എന്തിനാണു നിങ്ങള്‍ ഞങ്ങളില്‍ നിന്നും തട്ടിപ്പറിച്ചത്?
...................................................... ........................................................

പട്ടങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. വിണ്ട തോലിയിലൂടെ ചലമൊലിക്കുന്നത് കൊണ്ട് എന്തോരം ഈച്ചകളാണ്..മുറിവുകളില്‍ തുരക്കാന്‍ തന്നെ എല്ലാവര്‍ക്കും താല്പര്യം. അപ്പോഴാണ് ഒരു അദ്ഭുതവാര്‍ത്ത റേഡിയോയില്‍ നിന്ന്. വിഷമഴ നിരോധിക്കുകയാണത്രെ. രോഗമഴയുടെ എത്ര വര്‍ഷങ്ങള്‍..ദൈന്യത്തിന്റെ എത്രയെത്ര രാപ്പകലുകള്‍..വരും തലമുറക്കെങ്കിലും ഇനി മനുഷ്യജന്മത്തിന്റെ സുകൃതത്തിലേക്ക് തിരിച്ചു പോകാമല്ലോ. ആ ചിന്ത പോലും എത്ര ആഹ്ലാദകരമാണ്.
............................................. ......................................................

നോക്കൂ, ഒരു വര്‍ഷംകൊണ്ടുണ്ടായ മാറ്റങ്ങള്‍. എന്റെ രണ്ടു കൂട്ടുകാരും മണ്ണിനടിയിലായി. എല്ലാറ്റിനും സാക്ഷിയായി ഞാനിപ്പോഴും ഈച്ചകളെയും ആട്ടി.. ഭൂമിയുടെ പച്ചപ്പ് തിരിച്ചു വരുന്നത് കാണുക തന്നെ വേണം. എന്തു മാത്രം പൂമ്പാറ്റകള്‍..എന്തെല്ലാം നിറത്തിലുള്ള പക്ഷികള്‍, വണ്ടുകള്‍, തേനീച്ചകള്‍..ഭൂമി പ്രതികാരം ചെയ്യുകയാണ് നശിപ്പിക്കാന്‍ മാത്രമായി ജന്മം കൊണ്ട ദുഷ്ടജീവിയോട്..കുറെയേറെ നിറങ്ങളില്‍ പട്ടങ്ങള്‍ ഉണ്ടാക്കണം. എല്ലാവരെയും കൂട്ടി ഞങ്ങളുടെ ചെറിയ ചെറിയ ആശകള്‍ നിറഞ്ഞ പട്ടങ്ങളെ ആകാശത്തേക്ക് പറത്തണം.
വിഷമഴ മറ്റൊരു പേരില്‍ ഇനിയും തിരിച്ചെത്തുമോ എന്തോ..അങ്ങനെ ഉണ്ടാവാതിരിക്കട്ടെ. പൂക്കളേ, നിറങ്ങളേ നന്ദി. മൃത്യുവിനെ ഓര്‍ത്തുകൊണ്ടിരിക്കാന്‍ മാത്രമായി ജനിച്ച ഞങ്ങള്‍ക്കൊക്കെ മറ്റെന്തു സന്തോഷം, ഈ സുന്ദരഭൂമിയെ നോക്കിയിരിക്കയല്ലാതെ..അതിന്റെ പച്ചപ്പ് ഇനിയെങ്കിലും ഒരു രാക്ഷസക്കയ്യിലും ഞെരിഞ്ഞമരാതിരിക്കട്ടെ.................    

2014, മാർച്ച് 26, ബുധനാഴ്‌ച

ജലയുദ്ധം(കഥ)

അമ്ലമഴയാല്‍ ശുഷ്‌കിച്ചു പോയ പാഴ്‌നിലത്ത് ആര്‍ക്കും വേണ്ടാതെ വളര്‍ന്നു നിന്ന കുറെ കള്ളിച്ചെടികളായിരുന്നു ആ ഭൂമിക്ക് വിളര്‍ത്ത ഒരു പച്ചപ്പെങ്കിലും നല്‍കിയത്.അതില്‍ വിരിഞ്ഞ അരണ്ട വയലറ്റുപൂക്കളെ തേടിയാണ് പൂമ്പാറ്റ എത്തിയത്. അമ്മ പറയാറുണ്ടായിരുന്നു, അവന്‍ ഓര്‍ത്തു പൂക്കളുടെ പട്ടിതളുകളെപ്പറ്റി, എത്ര ഉരച്ചു കളഞ്ഞാലും ദേഹത്ത് നിന്ന്  വിട്ടു പോകാത്ത സുഗന്ധത്തെപ്പറ്റി..അവന്‍ പക്ഷെ കണ്ടതത്രയും പരുപരുത്ത ഇതളുകളാണ്. നിര്‍ഗന്ധികളായ അവയില്‍ തേനെന്നു പറയാന്‍ ഒന്നുമില്ല. കയ്പും ചവര്‍പ്പുമുള്ള ഒരു നീരു മാത്രം. എന്നിട്ടും ചുറ്റും ചുട്ടു പഴുത്ത ഇരുമ്പ് പോലെ പൊള്ളുമ്പോള്‍ ഇങ്ങനെ വല്ല പൂവിതളിലും തല ചായ്ച്ചു കിടക്കും. ചെറിയൊരു തണുപ്പ് എവിടുന്നോ അരിച്ചെത്തുന്നു എന്നു സങ്കല്‍പിക്കും.

 അവന്‍ ദീര്‍ഘമായി നിശ്വസിച്ചു. തേനെന്നു കരുതി, മഞ്ഞുതുള്ളിയെന്നു കരുതി ഏതെങ്കിലും വയലറ്റുപൂക്കളെ ഉമ്മ വെക്കുമ്പോഴാവും ചിറകുകള്‍ കരിയുന്നത്, വായ് ചുട്ടു പൊള്ളുന്നത്. ഹിമത്തണുപ്പും ജലത്തണുപ്പും അമ്മ പറഞ്ഞ കഥകളിലെ തേന്‍തുള്ളികള്‍ മാത്രമാണവന്. പുതുതലമുറ അതൊന്നും അറിഞ്ഞിട്ടു തന്നെയില്ല.പൊടിമണ്ണ് വരണ്ട കാറ്റിലൂടെ വട്ടം ചുറ്റുന്നു. ഉണങ്ങി മൊരിഞ്ഞ നീളന്‍ കുഴികള്‍ ഒരു കാലത്ത് നിറയെ ജലമുള്ള പാത്രങ്ങളായിരുന്നത്രെ. വെള്ളം ഒഴുകുന്നതിന്റെ ശബ്ദം, അതിന്റെ ഹൃദയത്തോളം ചെല്ലുന്ന തണുപ്പ്, അവയ്ക്കടുത്ത് എപ്പോഴും കുശലം പറഞ്ഞിരുന്ന തണുത്ത കാറ്റ്..ഒക്കെ അമ്മ ഒരു നൂറു തവണയെങ്കിലും പറഞ്ഞു കാണും.

മുള്‍ച്ചെടിയുടെ തണലില്‍ വെറുതെ ഇരിക്കുമ്പോഴാണ് ഒരു കലഹശബ്ദം അവന്റെ ചെവി തുളച്ചെത്തിയത്. ഒരുത്തന്റെ കയ്യിലെ വെള്ളക്കുപ്പിക്കു വേണ്ടിയാണെന്നു തോന്നുന്നു ഒരു പാടാളുകള്‍ വടിയും കത്തിയുമായി..ജീവന്‍ കയ്യില്‍ പിടിച്ചാണ് ഓടുന്നതെങ്കിലും അയാള്‍ കുപ്പി വല്ലാതെ മുറുകെ പിടിച്ചിട്ടുണ്ട്.ചുക്കിച്ചുളിഞ്ഞ തൊലി, കുഴിഞ്ഞ കണ്ണുകള്‍..അകാലവാര്‍ധക്യത്തിന്റെ ദേശം കൂടിയാണിത്. സൂര്യന്‍ ഒരു ചാണ്‍ മാത്രം അകലെയാണെന്നു തോന്നും. കുന്തമുനകളായി പൊള്ളും രശ്മികള്‍..ഒരാളുമില്ല ദേഹത്ത് ചെമന്ന വ്രണങ്ങളില്ലാതെ.

മനുഷ്യര്‍ പണ്ട് വെള്ളത്തില്‍ തിമിര്‍ത്ത് ഉല്ലസിച്ചിരുന്നത്രെ. ജലകേളികള്‍ക്കുള്ള പാര്‍ക്കുകള്‍, ജലം ചിരിച്ചു കുണുങ്ങുന്ന പുഴകള്‍, നിശ്ചലധ്യാനത്തില്‍ കണ്‍ ചിമ്മിയ കുളങ്ങള്‍, തിരകള്‍ ചാടി മറിയുന്ന സമുദ്രങ്ങള്‍...ഇന്നാകട്ടെ ഒരു പാത്രം വെള്ളത്തിന്റെ വില മറ്റൊന്നിനുമില്ല. വെള്ളം, ദാഹം തീരും വരെ വെള്ളം, എല്ലാവരുടെയും ഏറ്റവും വലിയ ആശയാണത്.

'കൊല്ലെടാ, കൊല്ല്' പിന്നാലെ വന്നവര്‍ പേടിച്ചോടുന്നവനെ കത്തിയാല്‍ എറിഞ്ഞു വീഴ്ത്തുന്നത് കണ്ട് അവന്‍ ഭയത്തോടെ കണ്ണടച്ചു.

'വെള്ളം, വെള്ളം, അതെന്റെതാ..'

മുറിയുന്ന വാക്കുകള്‍ നിലക്കുകയും പൊടിമണ്ണിനെ അവന്റെ ചുണ്ടുകള്‍ ചുംബിക്കുകയും ചെയ്തിട്ടും കലഹം നിലച്ചില്ല. ഇപ്പോള്‍ കുപ്പി തട്ടിപ്പറിച്ചവന്റെ പിന്നാലെയാണ് എല്ലാവരും..അങ്ങനെ എണ്ണം ഒന്നായി ചുരുങ്ങുവോളം യുദ്ധം തുടരും. പിന്നെ മറ്റൊരാള്‍ ചാടി വീണിട്ടില്ലെങ്കില്‍ ശേഷിക്കുന്നയാള്‍ക്ക് ദാഹം തീരെ തൊണ്ട നനക്കാം..

ഒന്നു മയങ്ങിയപ്പോള്‍ ശലഭം ഒരു സ്വപ്നത്തിലേക്ക് ഊഞ്ഞാലാടി. നിറയെ പച്ചപ്പുതപ്പണിഞ്ഞ മരങ്ങള്‍..ചാടിച്ചാടി നടക്കുന്ന മൈനകള്‍..പലതരം മധുര ശബ്ദങ്ങളാല്‍ വര്‍ണങ്ങള്‍ വിതറുന്ന കിളികള്‍..മൂളിപ്പാട്ടു പാടുന്ന കണ്ണാടി ജലം നിറഞ്ഞ അരുവികള്‍.. ഊഞ്ഞാലിന്റെ അടുത്ത ആയത്തില്‍ മറ്റൊരു കാഴ്ചയായിരുന്നു. തൈകള്‍ നിറയെ നട്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശമായിരുന്നു അത്. പുല്‍ത്തകിടികള്‍ക്കിടയില്‍ തലയാട്ടിച്ചിരിക്കുന്ന പല നിറത്തിലുള്ള പൂക്കള്‍..ആവേശത്തോടെ  അമ്മ പറഞ്ഞ പട്ടിതളും തേന്‍മധുരവും തേടി അവന്‍ ശീഘ്രം പറന്നു.

എന്നാല്‍ അടുത്തെത്തും മുമ്പ് നാലു വശത്തു നിന്നും തുറുകണ്ണുകളുമായി തോക്കിന്‍ കുഴലുകള്‍..അവന്‍ പിന്നാക്കം പറന്ന് ദൂരെ നിന്നു നോക്കി. അതൊരു വലിയ ജലാശയമായിരുന്നു. നാലു പട്ടാളക്കാര്‍ അതിനു കാവല്‍ നില്‍ക്കുന്നു. നിരക്കനെ സ്ഥാപിച്ച പൈപ്പുകള്‍ക്ക് മുമ്പിലെല്ലാം റോഡ് പോലെ നീണ്ടു പോകുന്ന പാത്രങ്ങള്‍..ഓരോ പാത്രവും പൈപ്പിനടുത്തെത്തണമെങ്കില്‍ അടുത്തുള്ള കൌണ്ടറില്‍ പണമടക്കണം. വെള്ളം കൊണ്ടു പോകണമെങ്കില്‍ രശീതി കാണിക്കണം. എങ്കിലെന്ത്? ആളുകളുടെ കണ്‍കളില്‍ പ്രതീക്ഷ തിളങ്ങുന്നു. ദേഹം കുറച്ചൂടെ വസന്തത്തെ ചേര്‍ത്തു പിടിക്കുന്നു.

ഒരിറ്റു ജലം എനിക്കും കിട്ടിയെങ്കില്‍..ആ പൂക്കളെ ഒന്നു തൊടാനായെങ്കില്‍..സങ്കടത്തോടെ ഒരു തുള്ളി അവന്റെ കണ്ണ്  പ്രയാസപ്പെട്ടുതിര്‍ത്തു. അതിന്റെ കടച്ചിലില്‍ ഇരിക്കെ മേഘങ്ങള്‍ കൂട്ടിയിടിക്കുന്ന ശബ്ദം ആ തരിശുനിലത്തെ പ്രകമ്പനം കൊള്ളിച്ചു. കൊള്ളിയാന്‍ വിണ്ട നിലത്ത് വീണ്ടും വിള്ളലുകള്‍ തീര്‍ത്തു. ഹാ, അമ്മ പറയാറുള്ള മഴയുടെ വരവാകാം.
അവന്‍ ആശ്വാസത്തോടെ കണ്‍കളുയര്‍ത്തി. ആദ്യത്തെ വലിയ അമ്ലത്തുള്ളി അവന്റെ കണ്ണുകളെയും ചിറകുകളെയും കരിച്ചു താഴോട്ടിറങ്ങി. പൊള്ളുന്ന ആ ആശ്ലേഷത്തെ പുഷ്പം വ്യസനത്തോടെ സ്വീകരിച്ചു. ഒരു വസന്തം തങ്ങള്‍ക്കൊരിക്കലും വിധിക്കപ്പെടുന്നില്ലല്ലോ എന്ന തേങ്ങലോടെ പൂവിന്റെ പരുപരുത്ത ഇതളുകള്‍ ഒരു മാത്രയില്‍ പൊടിഞ്ഞു....

പിന്നെ ചാരം, ചാരം മാത്രം ബാക്കിയായി .................         

2014, മാർച്ച് 23, ഞായറാഴ്‌ച

ഒരു നര്‍ത്തകിയുടെ ജീവിതം(കഥ)

നര്‍ത്തകി ഓരോ അരങ്ങിലും ആടിത്തീര്‍ത്ത വേഷങ്ങളെക്കുറിച്ച് ഇടയ്ക്കിടെ ചിന്തിക്കും. കൊയ്ത്തുകാരിയായി, തെരുവുപെണ്ണായി, പൂക്കാരിയായി...വേഷങ്ങളുടെ ആ നരച്ച പ്രളയങ്ങളുമായി തനിക്കൊരു തരി ബന്ധമില്ലല്ലോ എന്നു ആശ്ച്ചര്യപെടുകയും ചെയ്യും. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു പാടത്ത്, ചളിയില്‍ ഇറങ്ങിയിട്ടില്ല. ഒരു മുക്കുവക്കുടില്‍ കണ്ടിട്ടു തന്നെയില്ല. അവരുടെ വേദനകള്‍ തൊട്ടറിഞ്ഞിട്ടില്ല. ഫ്‌ലാറ്റില്‍ ഫോം ബെഡില്‍ കിടന്നുറങ്ങുന്ന തനിക്ക് എന്താണതിന്റെ ആവശ്യം? എന്നാലും ആടിത്തീര്‍ത്ത കഥാപാത്രങ്ങളെല്ലാം വമ്പന്‍ വിജയങ്ങളായിരുന്നു...
അവള്‍ ഓര്‍ത്തു: ഉല്ലാസപ്പാര്‍ക്കുകളിലെ കെട്ടിനിര്‍ത്തിയ ജലം പോലെയാണ് തന്റെ ജീവിതം. പലരും അതിലിറങ്ങി ഉല്ലസിക്കുന്നു. ആര്‍പ്പുവിളികളും പൊട്ടിച്ചിരികളും മാത്രം തന്റെ ചുറ്റും മുഴങ്ങുന്നു. തനിക്കീ ദരിദ്രജീവിതങ്ങള്‍ ആടാനെന്താണവകാശം? ഒരു നേരം പോലും അവരുടെ കണ്ണീരിന്റെ ഉപ്പ് നുണയാത്ത തനിക്ക് അവരുടെ ജീവിതദുഃഖത്തെ പൊലിപ്പിച്ചു കാട്ടി കാശു വാങ്ങാന്‍ ശരിക്കും അര്‍ഹതയുണ്ടോ?

വ്യസനത്തിന്റെ കൊടുങ്കാട്ടിലേക്ക് ഒരു കാര്യവുമില്ലാതെ അങ്ങനെയാണവള്‍ തന്റെ ജീവിതത്തെ വലിച്ചെറിഞ്ഞത്. നൃത്തം ഉപേക്ഷിക്കയാണെന്നറിഞ്ഞ് അവളുടെ അമ്മ പൊട്ടിത്തെറിച്ചു. അച്ഛന്‍ പോലുമില്ലാത്ത അവളെ എത്ര കഷ്ടപ്പെട്ടാണ് പോറ്റിയതെന്നു പ്രലപിച്ചു. സമയാസമയങ്ങളില്‍ ലഭിച്ചിരുന്ന മുന്തിയ ഭക്ഷണം, പരിചരണം എല്ലാം ഇട്ടെറിഞ്ഞു അവള്‍ തെരുവിന്റെ ചൂടിലേക്കും ചെളിയിലേക്കും സിദ്ധാര്‍ത്ഥനെപ്പോലെ ഇറങ്ങി. താന്‍ ആടിത്തീര്‍ത്ത ഒരു ജീവിതമെങ്കിലും നേരില്‍ കാണണം. ഒരാളുടെ വ്യസനമെങ്കിലും തീര്‍ത്തു കൊടുക്കണം..

അനന്തരം:  

അവള്‍ ഒരു പിച്ചക്കാരിയെ കണ്ടു. താന്‍ അണിഞ്ഞിരുന്ന പോലെ കീറിപ്പാറിയ വേഷം. മുഖത്ത് അനേകനാളത്തെ അഴുക്കുണ്ട്. വരണ്ട തൊലിയില്‍ വിണ്ടു കിടക്കുന്ന ചുളിവുകള്‍, കണ്ണുകളില്‍ നിന്നു തെന്നി വീഴുന്ന മരവിപ്പിക്കുന്ന നിസ്സംഗത, അതൊന്നും ഒരു മേക്ക് അപ്പ് മാനും ഉണ്ടാക്കിത്തരാനാവില്ല. 'അമ്മേ' അവള്‍ അവരെ തോണ്ടി വിളിച്ചു.ശൂന്യമായ കണ്ണുകളോടെ നാലഞ്ചു തെറികളോടെ അവര്‍ അവളെ എതിരേറ്റു. മുഖത്ത് ഒരു മയക്കം മുടങ്ങിയതിന്റെ ഈര്‍ഷ്യ..ഭക്ഷണം വിരുന്നെത്തുന്ന ദേഹത്തിന് ഒട്ടും കാന്തിയില്ല. പിച്ച തെണ്ടാന്‍ പോയിരുന്ന മക്കളുമായി അവര്‍ തെരുവിന്റെ മൂലയിലേക്ക് നടന്നു. വക്കു പൊട്ടിയ ബിസ്‌ക്കറ്റുകള്‍, ചീഞ്ഞു തുടങ്ങിയ പഴങ്ങള്‍, എച്ചിലിലകളില്‍ നിന്നു കിട്ടിയ പല തരം ഭക്ഷണങ്ങള്‍...എല്ലാം അവര്‍ ഒരു കീറപ്ലേറ്റിലേക്കിട്ടു. പിന്നെ ആര്‍ത്തിയോടെ മൂവരും തീറ്റ തുടങ്ങി...

അവള്‍ക്ക് അറപ്പ് തോന്നി. ഒരാളുടെയും ബാക്കി അവള്‍ കഴിക്കാറില്ല. താന്‍ ആടിയതൊന്നുമല്ല ഇവരുടെ ജീവിതം. ഇയ്യാംപാറ്റകളെപ്പോലുള്ള ഈ ജീവിതങ്ങളെ താനൊരാള്‍ വിചാരിച്ചാല്‍ നേരെയാക്കാനാവില്ല. തിളയ്ക്കുന്ന നിരത്തിലൂടെ പരവേശത്താല്‍ ശ്വാസം മുട്ടി അവള്‍ നടന്നു. ഒരു സ്ത്രീ ഒറ്റയ്ക്ക് നേരം കെട്ട നേരത്തു അലയരുതെന്നു ചില ആണ്‍കൂട്ടങ്ങള്‍ അവളെ പഠിപ്പിക്കുകയും ചെയ്തു. ത്യാഗത്തിന്റെ വഴി കല്ലും മുള്ളും മാത്രമല്ല കനലും നിറഞ്ഞതാണ് അവള്‍ വിചാരിച്ചു.

ഫ്‌ലാറ്റില്‍ തിരിച്ചെത്തിയപ്പോള്‍ അകത്തു പതിഞ്ഞ സംസാരം, ചിരി.. ആരാണ് ഈ അന്തിനേരത്തു വീട്ടില്‍?അവള്‍ വാതിലില്‍ മുട്ടി..........

'ഹാവൂ, അതെല്ലാം സ്വപ്നമായിരുന്നു' അവള്‍ ആശ്വാസത്തോടെ പട്ടുമെത്തയില്‍ ചാരിയിരുന്നു. വിശ്വാസം വരാതെ അവള്‍ വീണ്ടും കണ്ണു തിരുമ്മി. എന്നാലും ഇത്രേം നീണ്ടൊരു സ്വപ്‌നോ? അതു വരെ അനുഭവിച്ച വേവും ചൂടും അവളെ വീണ്ടും പൊള്ളിച്ചു..

കടം കൊണ്ട് മുടിഞ്ഞ ഒരു കര്‍ഷകകുടുംബത്തിന്റെ ദുരിതമാണ് തന്റെ പുതിയ ഡാന്‍സിന്റെ തീം. അയാള്‍ എല്ലാവര്‍ക്കും രാത്രി വിഷം കലര്‍ത്തിയ ഐസ് ക്രീം കൊടുത്ത ശേഷം ബാക്കി സ്വയം കഴിക്കുന്നു. 'എന്റെ ദൈവമേ' ജീവിതത്തിലാദ്യമായി അവള്‍ പ്രാര്‍ഥിച്ചു. 'അങ്ങനൊരു വിധിയൊന്നും തരല്ലേ. ആ ജീവിതങ്ങളുടെ ചൂളത്തീ ഈ കാലുകളെ പഴുപ്പിക്കും. ചുവടുകളും മുദ്രകളുമില്ലാതെ പരുക്കന്‍ പാറകളിലൂടെ വലിഞ്ഞിഴയുന്ന ദീനജന്മങ്ങള്‍...

അവള്‍ പാലും മുട്ടയും കഴിച്ചു. പരിചാരിക അവളെ അണിയിച്ചൊരുക്കി. അവള്‍ മനസ്സില്‍ കുറിച്ചു: ഈ ഡാന്‍സൊരു സംഭവമാക്കണം. ആളുകളുടെ കണ്ണു നിറയണം. കളക്ഷന്‍ റെക്കോഡ് തകര്‍ക്കണം.

അവള്‍ പരിചാരികയെ നോക്കി ശാന്തയായി പുഞ്ചിരിച്ചു.................        

2014, മാർച്ച് 18, ചൊവ്വാഴ്ച

പ്ലാസ്റ്റിക്ക് ഹൃദയങ്ങള്‍(കഥ)


അന്നുമില്ല വിവേകിന് പ്രസാദം. കടന്നല്‍ കുത്തിയ പോലെ മുഖം, ചീറ്റിത്തെറിക്കുന്ന ദേഷ്യം..ഭക്ഷണം പോലും കഴിക്കാതെ കമ്പ്യുട്ടറിനു മുമ്പില്‍ തപസ്സു തുടങ്ങിയിട്ട് നേരം കുറെയായി. വാതില്‍പഴുതിലൂടെ പാളി നോക്കി. അല്‍പവസ്ത്രത്തിലൊരു സുന്ദരി സ്‌ക്രീനില്‍ അവനെ തൊടാന്‍ പാകത്തില്‍..ഓ  മടുത്തിരിക്കും. യാതൊരു കരാറുമില്ലാതെ തുടങ്ങിയ ബന്ധത്തിന്റെ ആകെയൊരു കണ്ടീഷന്‍ അതായിരുന്നു മടുത്താല്‍ പരസ്പരം വെറുക്കും മുമ്പേ പിരിയണം. ചാറ്റിങ്ങിനിടെ മറ്റൊരു തരുണി അവന്റെ ഹൃദയത്തെ ചെപ്പിലാക്കിയിരിക്കണം. അവള്‍ സങ്കടത്തെ ചവച്ചിറക്കി. അതിലൊന്നും കാര്യമില്ല, അവള്‍ മനസ്സിനെ ശാസിച്ചു. എന്നിട്ടും ഒരു മുള്‍ക്കൂമ്പാരം ഉള്ളില്‍ വലിഞ്ഞു, ആകെ കുത്തി മുറിഞ്ഞു....

പേപ്പറില്‍ ആയിടെ,  പലരുടെയും തല വലുതാകുകയും നെഞ്ച് ഉപ്പുമാങ്ങ പോലെ ചുങ്ങിപ്പോകുകയും ചെയ്യുന്നതിനെക്കുറിച്ച് ഒരു വാര്‍ത്തയുണ്ടായിരുന്നു. മനുഷ്യന്‍ വികാരരഹിതനാകുന്നതിന്റെ ലക്ഷണമാണത്രെ അത്..വിവേകിന്റെ തലയും റബ്ബര്‍പന്ത് പോലെ വീര്‍ക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ പലതരം ഹൃദയങ്ങള്‍ക്കിടയില്‍ കനം കുറഞ്ഞ വര്‍ണശബളമായ പ്ലാസ്റ്റിക്കിനു തന്നെയാണ് ഡിമാന്‍ഡ്. അനാവശ്യമായി വികാരങ്ങളുടെ വിദ്യുത് തരംഗങ്ങളെ പുറന്തള്ളുകയോ ഉള്ളില്‍ കടത്തുകയോ ചെയ്യാത്ത പ്ലാസ്റ്റിക്..ദുരിത ദൃശ്യങ്ങളുടെ നീരൊലിപ്പില്‍ ഏതു നേരവും കുതിര്‍ന്നു വീര്‍ക്കുന്ന ഈ നശിച്ച സ്‌പോഞ്ചുഹൃദയം പണം കൊടുത്തു വാങ്ങേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ തനിക്ക്? എപ്പോഴും നെഞ്ചില്‍ പരവേശം..ഒരു അഗ്‌നിപര്‍വതം ഏതു നേരവും ഉള്ളില്‍ പുകഞ്ഞു കൊണ്ടിരിക്കുന്നു..പ്രണയത്തിന്റെ ചെഞ്ചായം തിരഞ്ഞായിരുന്നു യാത്രകളൊക്കെയും..പ്രണയ കാവ്യങ്ങളെല്ലാം പഴകി പിഞ്ഞിപ്പോയി..സ്‌നേഹം സന്തോഷം ഒക്കെയും തനിക്കൊരിക്കലും എത്തിപ്പെടാന്‍ കഴിയാത്ത നീണ്ട ക്യൂകളാണ്..എന്നും വാലറ്റത്ത് നില്‍ക്കുന്നവള്‍..വ്യഥയുടെ കുറ്റിപ്പെന്‍സില്‍ ഹൃദയമാകെ കോറി വരയ്ക്കുന്നു..

ചെമന്ന അക്ഷരത്തില്‍ അവള്‍ ഡയറിയില്‍ കുത്തിക്കുറിച്ചു

'സ്‌നേഹിക്കാന്‍ കൊള്ളാവുന്ന ഒരു മാലാഖ ഈ ഭൂമിയില്‍ ഇല്ലാതെ പോയല്ലോ..തിരക്കിന്റെ മാംസത്തില്‍ പൊതിഞ്ഞ വെറും വര്‍ണബലൂണുകളാണെല്ലാവരും..ച്യൂയിംഗം പോലെ മധുരമൂറ്റി തുപ്പിക്കളയാനുള്ളതാണ് ഓരോ ബന്ധവും..'

കീ ബോഡിലൂടെ ചലിക്കുന്ന അവന്റെ മെലിഞ്ഞ വിരലുകളെ തഴുകി അവള്‍ പിറുപിറുത്തു

'എന്റെ കലാകാരാ..പണ്ടത്തെപ്പോലെ നീ വരക്കേം എഴുതേം ചെയ്യാത്തതെന്ത്? യന്ത്രങ്ങളുടെ തൂക്കുകയറില്‍ ആ വരദാനത്തെ നീ കൊന്നു കളഞ്ഞുവോ?'

അവന്‍ അവജ്ഞയോടെ ചുണ്ട് കോട്ടി

'പണം കിട്ടുന്ന ഏര്‍പ്പാടിനല്ലാതെ ബുദ്ധി വേസ്റ്റാക്കാന്‍ ഞാനൊരു മണ്ടനല്ല. ഭ്രാന്തനുമല്ല..'

'നമ്മുടെ ആ ബസവപ്പനെ ഇവിടെ പണിക്കു നിര്‍ത്താം വിവേക്..പാവം വയറ്റത്തടിച്ചു പാടുന്നത് കേള്‍ക്കുമ്പോ ..എനിക്കീ ടീവീലെ യുദ്ധക്കാഴ്ചകള്‍ ആളുകളുടെ സങ്കടങ്ങള്‍ ഒന്നും സഹിക്കാന്‍ പറ്റണില്ല. ഉള്ളിലൊരു കൊളുത്തിപ്പിടിത്താ..ഒരു ഹാര്‍ട്ട് പേഷ്യന്റ് ആവാണോ ഞാന്‍? ആ ചെറ്റപ്പുരയില്‍ നിന്ന്! നിന്റമ്മയെ ഇങ്ങോട്ട കൊണ്ടു വരാന്ന് ഞാനെത്ര പറഞ്ഞു ..ശാപം കിട്ടും വിവേക്..ഒരു ഐ ടി പ്രൊഫഷണലിന്റെ അമ്മ.. കഷ്ടം ..'

അവന്‍ നെറ്റി ചുളിച്ചു –

'നീയൊരു സൈക്യാട്രിസ്റ്റിനെ കാണേണ്ടി വരും..ഐ ഡോണ്ട് ലവ് എനി വണ്‍. ലവിംഗ് ദാറ്റ് ഈസ് ആന്‍ ഇഡിയറ്റ്‌സ് ജോബ്..'

അവള്‍ വേദനയോടെ അവന്റെ നെഞ്ചിലെ കല്ലിപ്പിലേക്ക് നോക്കി

'എനിക്ക് പക്ഷെ പറ്റണില്ല സ്‌നേഹിക്കാതിരിക്കാന്‍, ദുഃഖം കാണുമ്പോള്‍ സങ്കടപ്പെടാതിരിക്കാന്‍..ഞാനീ ജനറേഷന് ചേര്‍ന്നവളല്ല അല്ലേ?'

അവളവനെ അമര്‍ത്തിച്ചുംബിച്ചു.അവന്‍ ചീറി

'നാശം ആ കണക്കൊക്കെ തെറ്റിച്ചു.' വെറുപ്പോടെ അവന്‍ അവളെ തള്ളി മാറ്റി.

തറയിലേക്ക് തലയടിച്ചു വീഴേ അവളോര്‍ത്തു .പ്രണയത്തിന്റെ സ്‌പോഞ്ചുഹൃദയം നുറുക്കി നുറുക്കി കുപ്പയിലെറിയണം. ഒരു വയലറ്റ് പ്ലാസ്റ്റിക് ഹൃദയം നാളെത്തന്നെ വാങ്ങണം. സ്‌നേഹം പാക്കറ്റുകളില്‍ ആവശ്യമുണ്ട് എന്നൊരു പരസ്യവും കൊടുക്കണം. നെറ്റിയില്‍ നിന്ന്! ചോര ഒരു ചുവന്ന ശീല പോലെ വഴുതിയിറങ്ങി. പെട്ടെന്ന്! അവന്‍ ചാടിയെഴുന്നേറ്റു. ആ രക്തമത്രയും ഈമ്പിക്കുടിച്ചു.  എന്നിട്ട് സന്തോഷത്തോടെ പറഞ്ഞു

'നീ വായിച്ചില്ലേ പുതിയ ആര്‍ട്ടിക്കിള്‍?ഏറ്റവും ന്യൂട്രീഷസായ ഡ്രിങ്ക് ബ്ലഡ് ആണത്രെ. നമ്മുടെതാണേലും വേസ്റ്റാക്കരുത്. യുദ്ധഭൂമിയിലൊക്കെ എത്രയാണത് വെറുതെ മണ്ണിലേക്ക് ഊര്‍ന്നു പോകുന്നത്. കുറച്ചു കാലം കഴിയുമ്പോ കുഴല്‍കിണറുകള്‍ ആഴങ്ങളില്‍ ഒളിപ്പിച്ചത് തണുപ്പ് പുതച്ചുറങ്ങുന്ന ചോരയെയായിരിക്കും..നല്ല വിറ്റ് അല്ലേ?'

അവന്റെ വാചാലത കണ്ട് അവള്‍ ഒരു പനിക്കാരിയെപ്പോലെ കുളിര്‍ന്നു വിറച്ചു. പ്രണയത്തിന്റെ ചുവന്ന രക്താണുക്കള്‍ കുനുകുനാ പുളയ്ക്കുന്ന തന്റെ ചോര..അതവന്റെ കല്‍ഹൃദയത്തെ ഒരു ചുണ്ടെലിയെപ്പോലെ തുരന്നേക്കും..പ്രേമത്തിന്റെ ചെറുചൂടുള്ള ഉറവകള്‍ ചിരിച്ചു പുറത്തു ചാടിയേക്കും. ഒരു നിമിഷത്തേക്ക് അങ്ങനെ താനവനെ തോല്‍പ്പിച്ചേക്കും..

'വെറുക്കും മുമ്പ് നമുക്ക് പിരിയണം വിവേക്..'

സങ്കടത്തിന്റെ തൊള്ളീച്ചകളെ ആട്ടിപ്പായിച്ചുകൊണ്ട് അവള്‍ ഓഫീസിലേക്ക് പോകാനായി ബാഗെടുത്തു.നഗരത്തിന്റെ വരണ്ട പൊടിയും വെയിലും മുള്ളുകളായി അവളെ ആലിംഗനം ചെയ്തു ...............................    

2014, മാർച്ച് 12, ബുധനാഴ്‌ച

അഭയാര്‍ഥികള്‍(കഥ ) re-post


ചില്ലുകാഴ്ച്ചയുടെ പളപളപ്പിലാണ് അയാള്‍ ദിനങ്ങളെ കെട്ടിയിട്ടത്. പ്രായം ശരീരത്തിനേകുന്ന വേദനകള്‍ മറക്കാന്‍ അതാണു എളുപ്പവഴി.അവശനായി കട്ടിലില്‍ കിടക്കാന്‍ സമയവുമില്ല.  ഒരു ഫെയിമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്നു സ്വയം പിരിഞ്ഞു പോരുമ്പോള്‍ സ്വസ്ഥവിശ്രമമാണ് ആഗ്രഹിച്ചത്. അധികൃതര്‍ക്ക് അയാളെ പിരിച്ചയക്കുന്നതിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. അത്രയ്ക്ക് ഫെയിം നേടിയിരുന്നു സ്‌കൂള്‍. അയാളുടെ മകനും പ്ലസ് ടു വരെ അവിടെത്തന്നെയാണ് പഠിച്ചത്. ഇപ്പോള്‍ അവന്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഐ ടി പ്രൊഫെഷണല്‍..

ഭാര്യ മരിച്ചതോടെയാണ് അയാള്‍ രാജി വെച്ചത്. അതോടെ തന്റെ വലതുഭാഗം ശൂന്യമായത്‌പോലെ അയാള്‍ക്കു തോന്നാന്‍ തുടങ്ങി.എപ്പോഴും തരിപ്പും കടച്ചിലും..ഒരു ഭാഗം തളര്‍ന്നു പോകുമോ ദൈവമേ..അയാള്‍ എപ്പോഴും വേവലാതിപ്പെട്ടു..

'അച്ഛന് വെറുതെയിരുന്നിട്ടാ ഈ കുഴപ്പങ്ങളൊക്കെ..ഇവിടെത്തന്നെ എന്തെല്ലാം പണിയുണ്ട്?'മകനും മരുമകളും ഒരുമിച്ചു പറഞ്ഞതു കേട്ടപ്പോള്‍ തമാശയാണെന്നാണ് തോന്നിയത്.പിന്നെപ്പിന്നെ വാക്കുകള്‍ പരിഹാസത്തിലേക്കും പുച്ഛത്തിലേക്കും വഴുതിയിറങ്ങി.കൂലിയില്ലാത്ത അനവധി ജോലികള്‍ ക്രമേണയാണ് പിരടിയിലേക്ക് വീണത്.മുറ്റമടിക്കുക, തറ തുടക്കുക..ആയുസ്സില്‍ ചെയ്തിട്ടില്ലാത്ത എന്തെല്ലാം ജോലികള്‍..പണിക്കാരികളെ മരുമകള്‍ കരുതിക്കൂട്ടി പറഞ്ഞയച്ചതാവും..

ചില്ലുകാഴ്ച അയാള്‍ക്ക് പലതരം ഭക്ഷണങ്ങളാണ് നല്‍കിയത് . മധുരിക്കുന്നത്, ചവര്‍പ്പുള്ളത്.അതുമല്ലെങ്കില്‍ നാവത്രയും പൊള്ളിക്കുന്നത്..ഏതു സമയവും ചിരിച്ചു സംസാരിക്കുന്ന, ഇഷ്ടപ്പെട്ട പാട്ടുകളെല്ലാം വച്ചു തരുന്ന ആങ്കറിന് അയാള്‍ സമയം കിട്ടുമ്പോഴെല്ലാം വിളിച്ചു നോക്കും.മൊബേല്‍ ഇല്ലാഞ്ഞല്ല, അതു റീചാര്‍ജു ചെയ്യാനും വേണം കവല വരെ നടക്കുക. കുറച്ചു നടക്കുമ്പോഴേക്കും കാലുകള്‍ നീര് വന്നു കല്ലിക്കും.വീട്ടുപണികള്‍ ചെയ്യുന്നതിന്റെ ദുരിതം തന്നെയുണ്ട് എമ്പാടും.അതാ ബെല്ലടിക്കുന്നു..ചിരിച്ചു ചിരിച്ച് അവതാരകന്‍ ചോദിച്ചു –

'ശ്രീധരന്‍നായര്‍ എന്നാണല്ലേ പേര്? എന്താ ചേട്ടന് ജോലി?'

'ഇപ്പോ ഒന്നൂല്ല കുഞ്ഞേ, മുമ്പ് ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍  ആയിരുന്നു.'

'ആണോ? അപ്പോ നമ്മളെപ്പോലെ അടിപൊളികളെയൊന്നും സഹിക്കില്ലായിരിക്കും.'

'ഏയ് ,അങ്ങനൊന്നൂല്ല, ഒരു പാട്ടു വേണാര്‍ന്നു'

'ആണോ?ഏതു പാട്ടാ വേണ്ടത്?പഴയ വല്ല വിഷാദഗാനവുമാകും.ഓള്‍ഡ് ജനറേഷന് ദുഃഖത്തോട് വല്ലാത്തൊരു ഇഷ്ടണ്ട്.ആട്ടെ, പാട്ടേതെന്നു പറയൂ.'

'പഴയ പാട്ടു തന്നെ.  എന്റെ ജന്മം നീയെടുത്തു..........'

'ഹോ, വല്ല ലൈനിനും ഡെഡിക്കേറ്റ് ചെയ്യാനാണോ?'

'ഏയ്, ഈ പ്രായത്തില്‍ എന്തു ലൈന്‍? എന്റെ ഭാര്യക്ക് തന്നെയാ ഡെഡിക്കേറ്റ് ചെയ്യുന്നത്..'

'ആണോ? വയസ്സായിട്ടും ഭാര്യയോട് ഇത്ര സ്‌നേഹമോ? ആട്ടെ, അവരെന്തു ചെയ്യുന്നു? സുന്ദരിയാണോ?'

'ആയിരുന്നു. മരിച്ചു പോയി.ആറു കൊല്ലമായി. '

'ആഹാ, ആറു കൊല്ലം കഴിഞ്ഞിട്ടും ചേട്ടന്‍ അവരെ ഇത്ര സീരിയസായി ഓര്‍ത്തിരിക്കുന്നോ? വണ്ടര്‍ഫുള്‍.എന്തിനാ ചേട്ടാ ഈ കള്ളത്തരം?ഇതു ചേട്ടന്റെ ഏതോ പ്രണയിനിക്ക് ഡെഡിക്കേറ്റ് ചെയ്യാനല്ലേ?സത്യം പറ...'

വായിലേക്ക് ഇരച്ചു വന്ന ചവര്‍പ്പ് തുപ്പിക്കളയാനായി അയാള്‍ റിസീവര്‍ തിരികെ വച്ചു.ആങ്കര്‍ തുടര്‍ന്നു

'അയ്യോ, ആ ചേട്ടന്‍ പിണങ്ങിയെന്നു തോന്നുന്നു.ഇതാ ഓള്‍ഡ് ജനറേഷന്റെ  കുഴപ്പം. ഭയങ്കര സീരിയസായിരിക്കും. ഏതായാലും ശ്രീധരന്‍ ചേട്ടന്‍ മധുരമായി സ്‌നേഹിക്കുന്ന സുന്ദരിക്കു വേണ്ടി ആ പാട്ടു വെക്കാം.ആന്‍ ഓള്‍ഡ് സാഡ് സോന്‍ഗ്.ആ സുന്ദരി ഈ പാട്ടു കേട്ട് നാളെയോ മറ്റന്നാളോ വിളിക്കുമെന്ന് പ്രതീക്ഷിക്കാം.'

അയാള്‍ അപ്രത്യക്ഷനാവുകയും പാട്ടിന്റെ സീനിലേക്ക് ചില്ലുപ്രതലം ഉണരുകയും ചെയ്തു.ന്യൂസ് ചാനലുകളില്‍ രാഷ്ട്രീയക്കാരെ ചോദ്യം ചെയ്തു വെള്ളം കുടിപ്പിക്കയാണ്.പ്രസിദ്ധ സാഹിത്യകാരി സ്വര്‍ണലത നിര്യാതയായി എന്നൊരു ഫ്‌ലാഷ് ന്യൂസ് പെട്ടെന്ന് ചില്ലുപായയുടെ അരികിലൂടെ യാത്ര ചെയ്യാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം ചാനലുകള്‍ മരണാഘോഷത്തിലേക്ക് ക്യാമറയും മൈക്കും ഘടിപ്പിച്ചു. കരയുന്ന ഓരോ ബന്ധുവിനെയും തട്ടി വിളിച്ച് അവര്‍ ചോദിച്ചുകൊണ്ടിരുന്നു.

'ഈ മരണം നിങ്ങള്‍ക്കെങ്ങനെയാണു ഫീല്‍ ചെയ്യുന്നത്? വിഷം കഴിച്ചതാണെന്നു കേള്‍ക്കുന്നത് ശരിയാണോ? അവര്‍ കുറേക്കാലം കേരളം വിട്ടുനില്‍ക്കാന്‍ എന്താണ് കാരണം?'

ചോദ്യസൂചികള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കുന്ന ബന്ധുക്കളെ ക്യാമറ ഒപ്പിയെടുത്തു.കരച്ചിലിന്റെ അഭംഗികളാല്‍ സ്‌ക്രീന്‍ നിറഞ്ഞു.ചിരി പോലെ മനോഹരമല്ല കരച്ചില്‍, പ്രത്യേകിച്ചും വയസ്സായാല്‍. അയാള്‍ വിചാരപ്പെട്ടു..

മുറ്റത്തു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു. അയാള്‍ ധൃതിയില്‍ ടീ വി ഓഫ് ചെയ്തു. അയാളെ ഗൌനിക്കാതെ മകന്‍ മുകളിലേക്ക് കയറിപ്പോയി.ഇനിയിപ്പോ ചോറ് വിളമ്പാന്‍ പറയും.ക്ലബ്ബില്‍ നിന്നും മടങ്ങിയെത്തിയിട്ടില്ല അവന്റെ കെട്ടിലമ്മ ഇപ്പോഴും. ടീ വി കാണലല്ലാതെ അച്ഛന് വേറെ പണിയില്ലല്ലോ എന്നൊരു വിമര്‍ശനവും എന്നത്തെയും പോലെ അവന്‍ തൊടുത്തു വിടാന്‍ സാധ്യതയുണ്ട്.

തന്റെതായ സാധനങ്ങളെല്ലാം അയാള്‍ ഒരു ബാഗില്‍ കുത്തി നിറച്ചു. ഒറ്റപ്പൈസ ബാലന്‍സില്ലാത്ത മോബേലും കയ്യിലെടുത്തു. ബാലന്‍സ് ഷീറ്റില്‍ എപ്പോഴും നിറയുന്നത് വട്ടപ്പൂജ്യങ്ങളാണ്. വ്യര്‍ത്ഥത അയാള്‍ക്കു മുകളില്‍ നരച്ച മേഘങ്ങളായി പടര്‍ന്നു കിടന്നു.കൊല്ലങ്ങളോളം മറ്റുള്ളവരെ അനുസരിപ്പിച്ചവന് കിട്ടേണ്ട ശിക്ഷ തന്നെ. കുതറാന്‍ കഴിയണം ഒരിക്കലെങ്കിലും..അയാള്‍ പതുക്കെ വാതില്‍ തുറന്നു. റോഡിലെത്തിയപ്പോള്‍ ,പെന്‍ഷന്‍ പണം പേഴ്‌സില്‍ ഇല്ലേയെന്നു നോക്കി.

-ശരണാലയം- അയാള്‍ പറഞ്ഞ വിചിത്ര നാമം കേട്ട് ഓട്ടോക്കാരന്‍ അന്തം വിട്ടു. 'എവിടെ അത്'" മുഖം ചുളിച്ച് അയാള്‍ ചോദിച്ചു.

'നേരെ വിട്ടോളൂ, 'ഒട്ടും ശങ്കയില്ലാതെ ശ്രീധരന്‍നായര്‍ പറഞ്ഞു.'എവിടേലും ഒരു തണലില്‍ ഒരു ശരണാലയം ഉണ്ടാവാതിരിക്കില്ല'

പത്രത്തിന്റെ ചരമപേജില്‍ വന്നേക്കാവുന്ന ഒരറിയിപ്പ്(ഫോട്ടോ സഹിതം) അയാള്‍ മനസ്സിന്റെ മുഷിഞ്ഞ പേജില്‍ കാണാന്‍ തുടങ്ങി:
                                                        
                                                                 കാണ്മാനില്ല

ശ്രീധരന്‍നായര്‍, 70 വയസ്സ്. വെളുത്ത നിറം 167രാ ഉയരം. നെറ്റിയില്‍ ഒരു മറുകുണ്ട്. പഴയൊരു ലുങ്കിയും ഷര്‍ട്ടും വേഷം. കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കാനപേക്ഷ.



2014, മാർച്ച് 8, ശനിയാഴ്‌ച

ചിഹ്നങ്ങള്‍(കഥ) re-post


ദൈവപുരത്ത്  കാലങ്ങളായി ഒരു വിചിത്രസംഭവം നടക്കുന്നു: കുഞ്ഞുങ്ങളെല്ലാം പച്ചകുത്തിയ പോലെ തോള്‍ക്കയ്യില്‍ ഏതെങ്കിലും അടയാളത്തോടെയാണ് ജനിക്കുക, ശൂലം, ചന്ദ്രക്കല, കുരിശ് അങ്ങനെയങ്ങനെ..മതങ്ങള്‍ മനുഷ്യരില്‍ കെട്ടിയേല്‍പ്പിക്കപ്പെടുന്നതാണെന്നും ജനിക്കുമ്പോള്‍ ആരും ഒരു മതത്തിലും പെടുന്നില്ലെന്നും തത്വചിന്തകര്‍ വിചാരപ്പെടുമെങ്കിലും ഈ നാട്ടില്‍ അതൊന്നുമല്ല അവസ്ഥ. ഓരോ ഗര്‍ഭിണിയും ഏതു ചിഹ്നത്തിലാണ് കുഞ്ഞുണ്ടാവുക എന്ന് ആശങ്കപ്പെട്ടു. അതിനു കാരണമുണ്ട്. കുട്ടിയെ അതാതു ചിഹ്നക്കാര്‍ക്ക് കൈമാറേണ്ടതുണ്ട്.അങ്ങനെ ചെയ്യാത്ത ഒന്നുരണ്ടു സമുദായക്കാര്‍ അതിന്റെ വില ചോരയായാണ് നല്‍കിയത്.കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുന്ന അമ്മമാര്‍ മാത്രം വാവിട്ടു കരഞ്ഞു. പകരം കിട്ടിയ കുട്ടികള്‍ സ്വന്തം മുദ്രയിലായിട്ടും അവരവയെ രഹസ്യമായി വെറുത്തു.

ഓരോ മതവിഭാഗവും ദൈവം സ്വന്തം ഇരുമ്പുപെട്ടിക്കുള്ളില്‍ ഭദ്രമാണെന്ന് അഹങ്കരിച്ചു. പ്രപഞ്ചത്തോളം വിശാലനായ യഥാര്‍ത്ഥദൈവമാകട്ടെ പുഞ്ചിരിയാല്‍ പ്രകാശം പൊഴിച്ചു കറയറ്റ വിശ്വാസിയാണ് ഓരോരുത്തരും. മതില്‍ ഭേദിച്ച് മറ്റൊരാള്‍ കടന്നു കയറുന്നതിനെതിരെ ആയുധങ്ങളെപ്പോഴും തിളങ്ങി. തെരുവുകള്‍ ഇടയ്ക്കിടെ ചെമന്നു.അടയാളം നോക്കി തങ്ങള്‍ക്ക് നഷ്ടപ്പെട്ടവരെ തിട്ടപ്പെടുത്താമെന്നതിനാല്‍ പ്രതികാരനടപടികളില്‍ ആരും പിന്നിലായിരുന്നില്ല. ചോര മണക്കുന്ന വീഥികള്‍, നെടുവീര്‍പ്പുകളുതിരുന്ന അകത്തളങ്ങള്‍, ശാന്തി എന്തെന്നറിയാത്ത മനസ്സുകള്‍...

ഒരട്ഭുതസംഭവത്തോടെ അശാന്തിയുടെ മൂര്‍ദ്ധന്യം അവര്‍ക്കനുഭവിക്കേണ്ടി വന്നു. ചിഹ്നമില്ലാതെ ഒരു കുഞ്ഞ് ജനിച്ചതായിരുന്നു അത്.അതിനെ കഷ്ണം കഷ്ണമാക്കി നായകള്‍ക്ക് എറിഞ്ഞു കൊടുക്കാനായിരുന്നു നേതാക്കളുടെ തീരുമാനം. പക്ഷെ അവരുടെ വാള്‍ക്കണ്ണുകള്‍ കണ്ടെത്തുംമുമ്പ് അതിന്റെ അമ്മ ഇടറിയും മുടന്തിയും ഒരു കാട്ടിലെത്തിച്ചേര്‍ന്നു. കാനനത്തിന്റെ ശാന്തതയും പച്ചപ്പും അവരെ അമ്പരപ്പിച്ചു. ജലക്ഷാമം എന്നുമുള്ള മരുഭൂസമാനമായ നാടായിരുന്നു അവരുടേത്.മൃഗങ്ങള്‍ വളരെ ഇണക്കത്തില്‍ കഴിയുന്നതായിരുന്നു മറ്റൊരു വിസ്മയം. ഇരകളും വേട്ടക്കാരും തോളോടുതോളുരുമ്മി തണലുകളില്‍ ചാടി മറിഞ്ഞ്..

ചിഹ്നങ്ങളില്ലാത്തവന്‍ വളര്‍ന്നുകൊണ്ടിരുന്നു. രാസവിഷങ്ങളില്ലാത്ത കാറ്റും ഭക്ഷണവും കൊണ്ടാവാം അവന്റെ കണ്ണുകള്‍ക്ക് അസാമാന്യതീക്ഷ്ണത..അക്ഷരങ്ങള്‍ അമ്മ തന്നെ മകന് പകര്‍ന്നു കൊടുത്തു.സ്‌കൂളില്‍ പറഞ്ഞയക്കാന്‍ യാതൊരു മാര്‍ഗവുമില്ല. സമുദായങ്ങളില്‍ വിഭജിതമാണ് വിദ്യാലയങ്ങള്‍. മുദ്രകളില്ലാത്തവന് എവിടെയും കിട്ടില്ല പ്രവേശം. അവള്‍ ഇടയ്ക്കിടെ നാട്ടിലെത്തി. ആരും കയറാതെ പൊടി പിടിച്ചു കിടക്കുന്ന ലൈബ്രറികളില്‍ നിന്നും അനുജനെക്കൊണ്ട് പുസ്തകങ്ങളെടുപ്പിച്ചു. ചിഹ്നമില്ലാത്തവന്‍ മൂര്‍ച്ചയുള്ള കണ്ണുകളാല്‍ എല്ലാം അളന്നു, ധ്യാനത്താല്‍ സ്വയം നിറച്ചു..

യുവാവായപ്പോള്‍ പക്ഷേ അവനെങ്ങോ പുറപ്പെട്ടു പോയി. മകനെ തിരഞ്ഞു നാട്ടിലെത്തിയ അമ്മയെ എതിരേറ്റത് ചീത്തവാര്‍ത്തകളാണ്. ചിഹ്നങ്ങളില്ലാത്ത ഒരുത്തന്‍ മതങ്ങളെ പരിഹസിക്കുന്നു. എല്ലാം തകരണമെന്നു ആക്രോശിക്കുന്നു.അനിയന്‍ വിറയലോടെ അവളോട് മന്ത്രിച്ചു:'അവന്റെ അന്ത്യമടുക്കാറായി. എവിടെ ഒളിപ്പിച്ചാലും നേതാക്കള്‍ അവനെ കണ്ടെത്തും. കൊല്ലുകയും ചെയ്യും..'

അവള്‍ കടയുന്ന കണ്ണുകളോടെ അവനെ തിരഞ്ഞിറങ്ങി. കുന്നുകളുടെ ഇടിച്ചു നിരത്തിയ വ്രണങ്ങളിലൂടെ പുഴകളുടെ ഉണങ്ങി വരണ്ട മേനിയിലൂടെ അവള്‍ ഇടറി നീങ്ങി. ഒടുക്കംദൂരെ പാറകളെല്ലാം പൊടിഞ്ഞു തീര്‍ന്നുണ്ടായ വലിയ കുഴിക്കരികെ അവനും അനുയായികളും..അവന്റെ ശബ്ദം ചെമ്പുകുടത്തില്‍ നിന്നു വരുമ്പോലെ മുഴങ്ങി -:'മനുഷ്യര്‍ക്കിടയില്‍ പണിയപ്പെട്ട ഓരോ ഇടച്ചുമരും തകര്‍ന്നേ പറ്റൂ..ഉരുക്കുപെട്ടിക്കുള്ളില്‍ നിന്നും സ്വതന്ത്രമാകട്ടെ ഓരോ ദൈവവും..മനസ്സുകള്‍ ആകാശവിസ്തൃതി നേടട്ടെ..'

അവര്‍ തലയാട്ടി.- 'ആദ്യം ' അവന്‍ തുടര്‍ന്നു ..

'നിങ്ങളുടെ  തോള്‍ക്കയ്യിലെ ചിഹ്നങ്ങള്‍ വെടിയുക. '

'എങ്ങനെ'?അവര്‍ കൂട്ടത്തോടെ ചോദിച്ചു. അവന്‍ കൂര്‍ത്ത മുള്ളുകള്‍ അവര്‍ക്കു നേരെ നീട്ടി.

'വിഷമേല്‍ക്കില്ല, പഴുക്കുകയുമില്ല..മുറിവുണ്ടാക്കി ആ അടയാളത്തെ ചുരണ്ടിയെടുക്കുക.'
അവര്‍ എത്ര ശ്രമിച്ചിട്ടും അടയാളങ്ങള്‍ ഒന്നു മങ്ങിയതുപോലുമില്ല. പരാജിതരായി അവര്‍ അവനെ തുറിച്ചു നോക്കി. അവന്‍ തുടര്‍ന്നു.

'ഇത്രയേറെ വൈവിധ്യങ്ങള്‍ തീര്‍ത്തവന് ഏകഭാവത്തിലുള്ള ഒരു പ്രത്യേകമതത്തിന്റെ ആരാധനകള്‍ മാത്രം സ്വീകാര്യമാകുന്നതെങ്ങനെ?ഇത്രയധികം പാതകള്‍ സൃഷ്ടിച്ചവന്‍ ഒരു പാതയുടെ അറ്റത്തു മാത്രം സ്വര്‍ഗം പണിഞ്ഞുവെക്കുന്നതെങ്ങനെ? ജീവിതമെന്നാല്‍ ഒരു വഴികണ്ടെത്തല്‍ മത്സരമാണോ? നമ്മള്‍ നന്മ ഭക്ഷിക്കുക, നന്മയാല്‍ ഉടുക്കുക, നന്മയില്‍ ചരിക്കുക, മറ്റൊന്നും ആവശ്യമില്ല..'

അവന്റെ കൂര്‍ത്ത വാക്കുകള്‍ അവരുടെ ഉള്ളിലെവിടെയോ പോറലുകള്‍ വീഴ്ത്തി. തോളിലെ ചുരണ്ടിയ ഭാഗം വേദനിച്ചു തടിച്ചു. അപ്പോഴാണു ദൂരെയാ  ദൃശ്യം ആയുധങ്ങളുമായി മതിലുകളുടെ ഉടയവര്‍ പതുങ്ങി വരുന്നു..ഒരൊറ്റക്കുതിപ്പിന് അവനും അനുചരരും ഓടി. പൊന്തകളും മുള്‍ച്ചെടികളും വകഞ്ഞ് ഭീതിയുടെ ഉഴവുനിലങ്ങളിലൂടെ അവര്‍ ക്ലേശിച്ചു മുന്നേറി. എവിടുന്നോ സന്ധ്യയുടെ മൂടുന്ന ഇരുട്ടിലേക്ക് ഒരു കോഴിയുടെ സങ്കടക്കൂവല്‍ ഉടഞ്ഞു വീണു. അവന്‍ ആശങ്കയോടെ അവരെ നോക്കി, പിന്നെ ഉയരമുള്ള ഒരു മുള്‍മരത്തില്‍ വലിഞ്ഞു കയറി..

ഒരുത്തനെ അവര്‍ പിടിച്ചു കഴിഞ്ഞിരുന്നു. അവന്റെ തോള്‍ചിഹ്നമാണവനെ രക്ഷിച്ചത്. അവര്‍ മുരണ്ടു:'ആ ഭ്രാന്തനെ കാണിച്ചു തന്നാല്‍ നിങ്ങള്‍ ശിങ്കിടികള്‍ക്കെങ്കിലും രക്ഷപ്പെടാം.'
'ഞങ്ങള്‍ക്കവനെ അറിയില്ല.' പരാജയഭീതിയോടെ അനുയായികള്‍ പുലമ്പിക്കൊണ്ടിരുന്നു.അവര്‍ ഒരു പെട്ടി തുറന്നു. കെട്ടുകെട്ടായി നോട്ടുകള്‍..അവര്‍ കണ്‍തിളക്കത്തോടെ തമ്മില്‍ തമ്മില്‍ നോക്കി.

'മുപ്പതു ലക്ഷമാ മുപ്പതു ലക്ഷം..ഇതുമായി വേണമെങ്കില്‍ സുഖമായി ജീവിക്ക്, ആ ഭ്രാന്തനെ ഇങ്ങു വിട്ടു തന്നേക്ക്..'

അവരറിയാതെ അവരുടെ ചൂണ്ടുവിരലുകള്‍ മുള്‍മരത്തിലെക്ക് നീണ്ടു. ഒരു കുരങ്ങനെയെന്നോണം അവരവനെ കുരുക്കിട്ട് വലിച്ചു താഴെയിട്ടു.മുദ്രയില്ലാത്തവനെ ആരു ശിക്ഷിക്കും? തര്‍ക്കം ആരംഭിച്ചു. അവസാനം പ്രായത്തില്‍ മുതിര്‍ന്ന ആള്‍ തീര്‍പ്പ് കല്‍പ്പിച്ചു.

 'മൂന്നായി മുറിക്കാം, ഓരോ കഷ്ണവും ഓരോ വിഭാഗത്തിന്റെ ആചാരപ്രകാരം ശിക്ഷിക്കാം.'
നിമിഷങ്ങള്‍ക്കകം അവന്‍ ഈര്‍ന്നു മുറിക്കപ്പെട്ടു.തലയും നെഞ്ചും കൂടിയ ഭാഗം കുരിശിലേറ്റപ്പെട്ടു. അരഭാഗം ശൂലം തറക്കപ്പെട്ടു. കാലുകള്‍ വാളാല്‍ മുറിക്കപ്പെട്ടു..അവന്റെ മുടിഞ്ഞ ചിന്തകള്‍, മുള്‍ക്കാടുകളിലൂടെയുള്ള യാത്രകള്‍..സത്യത്തിനായുള്ള തീരാദാഹം എല്ലാം ഞൊടിയിടയില്‍ അവസാനിച്ചു കിട്ടിയതില്‍ അവര്‍ ദൈവത്തെ സ്തുതിച്ചു.

അകലെ എവിടെയോ നിന്ന് ഒരു മാതാവിന്റെ തേങ്ങല്‍ മാത്രം ഈര്‍ന്നിട്ടും മുറിയാതെ അവിടമാകെ പ്രകമ്പനം കൊണ്ടു.

ഉയര്‍ത്തെഴുന്നേല്‍ക്കാനായി അവന്‍ ലോകം വെടിഞ്ഞു...  

2014, മാർച്ച് 4, ചൊവ്വാഴ്ച

ആത്മാവിനു ബോധിപ്പിക്കാനുള്ളത് എന്തെന്നാല്‍......(കഥ) repost




ഓഫീസില്‍ നിന്നു വന്നതും വിയര്‍പ്പു നാറുന്ന വസ്ത്രങ്ങളൊന്നാകെ കട്ടിലിലേക്കെറിഞ്ഞ് ഒരു ലുങ്കി വാരിച്ചുറ്റി പതിവു പോലെ അയാള്‍ ടീവിക്കു മുമ്പില്‍ ചടഞ്ഞിരുന്നു.

'ഒരു ചായയെടുക്ക്'

അടുക്കളയിലേക്കു നോക്കി അയാള്‍ വിളിച്ചു പറഞ്ഞു.ടീവിയുടെ നീലക്കണ്ണുകള്‍ ചിമ്മിത്തുറന്നു.ചിരിക്കുന്ന ഒരു പുരുഷമുഖം പ്രത്യക്ഷമായി.

'നമസ്‌കാരം, ഇന്നത്തെ ഹൃദയത്തോട് ഹൃദയം പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.ഇവിടെ സന്നിഹിതരായവര്‍ നിങ്ങള്‍ക്കേവര്‍ക്കും പരിചിതരായ പൊതുപ്രവര്‍ത്തകരും എഴുത്തുകാരും മറ്റുമാണ്.കൂടാതെ ദിവ്യാസംഭവത്തിനു ദൃക്‌സാക്ഷിയായ ആളും ഇവിടെ എത്തിയിട്ടുണ്ട്.ഈ സംഭവത്തോട് ഈ പ്രമുഖര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നു നോക്കാം.ആദ്യം ദൃക്‌സാക്ഷിയെ വിസ്തരിക്കാം..

'സാര്‍, താങ്കളുടെ പേര്. ജോലി?'

'ഞാന്‍ ദേവസ്യ. തിരുവനന്തപുരത്ത് ഒരു ഫുഡ്കമ്പനിയില്‍ മാനേജരാണ്.'

'താങ്ക്യു സാര്‍.മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ.നിസ്സംഗത പാലിച്ച ദൃക്‌സാക്ഷിയെയാണ് കൊല്ലേണ്ടതെന്നും മറ്റും..'

'കണ്ടു, ആ സംഭവത്തില്‍ ഞാനും ദുഃഖിതനാണ്.ചെയിന്‍ വലിക്കാനൊരുങ്ങിയപ്പോള്‍ കൂടെയുള്ള ആളാണ് പറഞ്ഞത് ആവശ്യമില്ലാത്ത സൊല്ലക്ക് പോവണ്ടാന്ന്!..'
'ഒരു വിദ്യാസമ്പന്നനെന്ന നിലയില്‍ ഈ നിസ്സംഗത പാടുണ്ടോ?ഒരു പെണ്‍കുട്ടി പുറത്തേക്ക് വീഴുന്നത് കണ്ടിട്ടും..നിലവിളി കേട്ടിട്ടും...ദേവസ്യയുടെ മറുപടിക്കു മുമ്പായി ഒരു ഷോട്ട് ബ്രെയിക്ക്...'
....................................................... ........................................................ ..........................................

'എന്താ സൌമ്യെ പറയണ്? മൂന്നു മാസോ? ഇനി അബോര്‍ഷനൊക്കെ എത്ര റിസ്‌ക്കാ? ഇന്നത്തെക്കാലത്ത് പെണ്‍കുട്ടികള്‍ ഇത്ര അറിവില്ലാത്തവരാകുമോ?'(ഒരു ലേഡി ഡോക്ടര്‍ സംസാരിക്കുന്നു) 
മറ്റൊരു ഭാഗത്ത് ഷട്ടില്‍ കളിക്കുന്ന കൌമാരം. ച്യൂയിംഗം ചവച്ചും ചോക്ലേറ്റ് നുണഞ്ഞും പൊട്ടിച്ചിരിച്ചും മറ്റു ചിലര്‍. വീണ്ടും ഡോക്ടറുടെ മുഖം ക്ലോസപ്പില്‍
'ഇനി ആധികള്‍ വേണ്ട..ഐ പില്‍സ് ഉള്ളിടത്തോളം കാലം നിങ്ങള്‍ പറവകളെപ്പോലെ സ്വതന്ത്രരാകൂ.ആഴ്ചയില്‍ ഒരു ഗുളിക മാത്രം..ഇനി നിങ്ങള്‍ക്കില്ല അനാവശ്യമായ ഒരു ഭീതിയും ..'

(പൊടിയില്‍ കളിക്കുന്ന അനേകം കുട്ടികള്‍, വ്യാകുലതയോടെ അമ്മ) 'എത്രയെത്ര രോഗാണുക്കളാണ് നമ്മെ സ്പര്‍ശിക്കുന്ന ഓരോ കയ്യും നമ്മിലേക്ക് പകര്‍ത്തുന്നത്.ഇവന്റെ കാര്യം പിന്നെ പറയേം വേണ്ട. ഒരു ശ്രദ്ധയുമില്ല.(കുട്ടിയെ അണച്ചു പിടിച്ച് ചിരിച്ചുകൊണ്ട്) എന്നാലും എനിക്കു പേടിയില്ല. എല്ലാ അണുക്കളെയും നശിപ്പിക്കുന്ന ഹാന്‍ഡ് ഫ്രഷ് സോപ്പ് എന്റെ കൂടെ ഉള്ളിടത്തോളം കാലം..'
..................................................................... ................................................... ..............................

'ഓക്കേ സാര്‍, തുടര്‍ന്നു പറയൂ..'

'അപ്പോഴത്തെ ഒരവസ്ഥ നിങ്ങള്‍ മനസ്സിലാക്കണം.മുമ്പ് സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു നാടോടിയെ ഒരു യാത്രയില്‍ ഞാന്‍ കാണുകയുണ്ടായി.അമ്മ ഉറക്കെ കരയുന്നു.എന്നാല്‍ കുറെ കഴിഞ്ഞപ്പോള്‍ അവര്‍ ചിരിയും കളിയുമായി ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു.അതിലൊക്കെ പോയി ഇടപെട്ടാല്‍ എന്താ അവസ്ഥ?തല്ലു കൊള്ളാനും സാധ്യതയുണ്ട്.ഈ കേസിലും ആ നാടോടി ഈ കുട്ടീടെ ആരെങ്കിലുമാണോ എന്നെങ്ങനെ അറിയാമ്പറ്റും?'

'ഓക്കേ, ഇനി പൊതുപ്രവര്‍ത്തക ദേവികാജോണിന്റെ അഭിപ്രായം ആരായാം..മാഡം, മാഡം ഈ സംഭവത്തോട് എങ്ങനെ പ്രതികരിക്കുന്നു?'

'സ്ത്രീകള്‍ വളരെ അരക്ഷിതമായ ഒരു കാലത്തെയാണ് നേരിടുന്നത്. മാനഹാനി വരുത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം..'

'മലയാളികള്‍ ഏതു കാര്യത്തിനോടും നിസ്സംഗത പുലര്‍ത്തുന്നവരാണ് എന്നതിനോട് മാഡം എങ്ങനെ പ്രതികരിക്കുന്നു?'

'യാതൊരു സംശയവുമില്ല.ഒരാള്‍ പരിക്കേറ്റു വീണു കിടക്കുന്നതു കണ്ടാലും അതില്‍ ഇടപെടാതെ കടന്നു കളയും..അതിനു പിന്നാലെ വരുന്ന നൂലാമാലകളെപ്പറ്റിയാണ് അപ്പോള്‍ മലയാളി ചിന്തിക്കുക. മലയാളി ഈസ് ദ മോസ്റ്റ് സെല്‍ഫിഷ്..നോ ഡൌട്ട്..'

'ഇനി പ്രമുഖ എഴുത്തുകാരന്‍ മെര്‍ലിന്‍ ജോബുമായി സംസാരിക്കുംമുമ്പ് മറ്റൊരു ഷോട്ട് ബ്രെയിക്ക്..'
................................................................... ............................................... ........................................

'സ്റ്റാര്‍സിംഗറില്‍ ഇനി വേര്‍പാടിന്റെ കണ്ണീര്‍മഴ..(സ്‌ക്രീനില്‍ കണ്ണു തുടക്കുന്ന മുഖങ്ങള്‍.ഒരാള്‍ വിതുമ്പിക്കൊണ്ട്- 'ഒരു കുടുംബം തന്നായിരുന്നു ഞങ്ങളിവിടെ.സന്തോഷം നിറഞ്ഞ ആ ദിനങ്ങളെ മറക്കാനാവില്ല ഒരിക്കലും..')
'സ്റ്റാര്‍ സിംഗറില്‍ ഇനി എലിമിനേഷന്‍ റൌണ്ട്. ഒന്നാം സമ്മാനക്കാരനെ കാത്തിരിക്കുന്നത് ഒന്നരക്കോടിയുടെ മനോഹരമായ ഫ്‌ളാറ്റ്.അല്ലെങ്കില്‍ അനഘാ ജ്വല്ലറി സമ്മാനിക്കുന്ന തത്തുല്യമായ മനം കവരുന്ന സ്വര്‍ണാഭരണങ്ങള്‍..'

'നിങ്ങളുടെ കുട്ടികള്‍ പെട്ടെന്നു വളര്‍ന്നു വലുതാവണ്ടേ? ഇനി മുതല്‍ അധികപോഷണമുള്ള വിവ എയിറ്റി അവര്‍ക്ക് നല്‍കൂ. ഇനി പലഹാരങ്ങളൊന്നും ഉയരത്തില്‍ സൂക്ഷിച്ചിട്ടു കാര്യമില്ല.കാരണം വിവ നിങ്ങളുടെ കുഞ്ഞിന്റെ ഉയരം വര്‍ധിപ്പിക്കുന്നു.'(ഉയരമുള്ള ഷെല്‍ഫില്‍ നിന്നും ചിപ്‌സ് എടുത്തോടുന്ന കുട്ടി.പരിഭവത്തോടെ പിന്നാലെ അമ്മ...)
................................................... ......................................... ........................................

'ഓക്കേ, ഇനി ബഹുമാന്യനായ മെര്‍ലിന്‍ ജോബ് നിങ്ങളോട് സംസാരിക്കും..സാര്‍ താങ്കള്‍ ഈ വിഷയത്തെ എങ്ങനെ നോക്കിക്കാണുന്നു?'

'വല്ലാതെ ക്രിമിനല്‍ ആയ ഒരാള്‍ക്കേ ശവമായിത്തുടങ്ങിയ ഒരു ശരീരത്തോട് ഇത്രയും ക്രൂരത സാധിക്കൂ.അവളുടെ ദേഹത്തെ അത്യനവധി മുറിവുകള്‍. ആ കുട്ടി അനുഭവിച്ച കൊടിയ വേദന, ഹോ..ക്രുവല്‍..മാന്‍ ഈസ് വേഴ്‌സ് ദാന്‍ ആനിമല്‍..ഷുവര്‍..'

'സാറിന്റെ ആത്മരോഷം ഞങ്ങള്‍ക്ക് മനസ്സിലാവുന്നു.നമുക്ക് ദൃക്‌സാക്ഷിയിലേക്ക് തന്നെ തിരിച്ചു വരാം.മിസ്റ്റര്‍ ദേവസ്യ, ആ സമയത്തെ നിങ്ങളുടെ ഒരു മനോനില എന്തായിരുന്നു? നിലവിളി കേള്‍ക്കലും പെട്ടെന്നൊരു പെണ്‍കുട്ടി പുറത്തേക്ക് വീഴലും..ഇറ്റ് വാസ് എ ക്രൂഷ്യല്‍ ടൈം..അല്ലേ?'

'റിയലി, അത് വല്ലാത്തൊരവസ്ഥയായിരുന്നു.ഞാനൊരു നിമിഷം എന്റെ മകളെ ഓര്‍മിച്ചു. ഇതൊക്കെ ഇടയ്ക്കിടെ ട്രെയിനില്‍ നടക്കുന്ന കലാപരിപാടികളാണെന്നും ചെവി കൊടുക്കേണ്ടെന്നും സഹയാത്രികന്‍ പറഞ്ഞു. ശരിയാണെന്ന് എനിക്കും തോന്നി..'

'ഓക്കേ, ഇന്നത്തെ പരിപാടിയുടെ സമയം കഴിഞ്ഞു. അടുത്താഴ്ച ഇതേ സമയം മറ്റൊരു വിഷയം വളരെ പുതുമയുള്ള ഒന്ന്, നമ്മുടെ ടേബിളിലേക്ക് വന്നു വീഴുമെന്ന്  പ്രതീക്ഷിക്കാം.ഓക്കേ....ബൈ..'.(ചിരിക്കുന്ന പുരുഷമുഖം അപ്രത്യക്ഷമാകുന്നു)

ഒരു ആത്മാവ് കഥ പറയുന്നു:-

(ഈ ഭാഗം   സ്‌ക്രീനില്‍ പലരും കാണുന്നില്ല. തടസ്സം എന്നു കാണിക്കുന്ന ചില അടയാളങ്ങളെയാണ് ഇപ്പോള്‍ ചില്ലുപ്രതലം മുഖത്തു വരഞ്ഞിരിക്കുന്നത്. എന്നിട്ടും അദ്ഭുതം! ഹൃദയമുള്ള ചിലര്‍ ഇങ്ങനെയൊരു കഥപറച്ചിലും കാണുകയുണ്ടായി.ആത്മാവിന്റെ പരമ്പരാഗതമായ തൂവെള്ളവസ്ത്രത്തിനു പകരം ഇക്കഥയില്‍ അതു മിക്കവാറും നഗ്‌നവും വ്രണങ്ങള്‍ പഴുത്തളിഞ്ഞതും മുഖം കരുവാളിച്ചു കല്ലിച്ചതുമാണെന്ന വ്യത്യാസവുമുണ്ട്.)

'ഇത്ര നേരം ഇവിടെ കാത്തു നിന്നത് ആ മൈക്കൊന്ന്  എന്റെ കയ്യില്‍ തരുമെന്ന്  കരുതിയാണ്. എന്നെ മാത്രം എന്തോ ആരും കണ്ടില്ല..പോസ്റ്റുമാര്‍ട്ടം ടേബിളില്‍ ഞാന്‍ ചതഞ്ഞ വൈക്കോല്‍കൂന പോലെ കിടന്നു.എന്റെ ദേഹത്തെ മുറിവുകള്‍ എത്രയെന്ന്  അവര്‍ എണ്ണിത്തിട്ടപ്പെടുത്തി. മരണകാരണം സ്ഥിരീകരിച്ചു. മാനഹാനി വന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തി. ചതഞ്ഞരഞ്ഞ മനസ്സിന്റെ മുറിവുകള്‍ അവര്‍ക്ക് എണ്ണാനായില്ലെന്നു തോന്നുന്നു. അച്ഛനോളം പ്രായമുള്ളൊരു മനുഷ്യന്‍..ഒരു കണ്ണിന്റെ സ്ഥാനത്ത് ചുവന്നൊരു ഇറച്ചിക്കഷ്ണം മാത്രം. പണ്ടൊരിക്കല്‍ വായിച്ചൊരു ന്യൂസ് അപ്പോള്‍ യാതൊരു കാര്യവുമില്ലാതെ എന്റെ ഓര്‍മയുടെ ഇറയത്തേക്ക് വീണു.

ആക്രമിക്കാന്‍ വന്ന ഒരാളോട് എതിരിട്ട് ട്രെയിനില്‍ നിന്നു പുറത്തേക്കു തെറിച്ച് കാലാകാലം വീല്‍ചെയറില്‍ കഴിഞ്ഞു വരുന്ന ഒരു ടീച്ചറുടെ കഥ..

ഒരു സ്ത്രീയായിപ്പോയതിന്റെ നോവത്രയും അന്നേരം ഞാനറിഞ്ഞു. ദാരിദ്ര്യത്തിന്റെ കല്ലുവഴികള്‍ താണ്ടിയപ്പോഴും കുടുംബത്തിനു വേണ്ടി ചെറുപ്പത്തിലേ അദ്ധ്വാനിക്കേണ്ടി വന്നപ്പോഴും ഞാനിത്ര വ്യസനിച്ചിരുന്നില്ല. മരണത്തിലേക്ക് ഇഴഞ്ഞു കയറുന്ന നിന്ദയുടെ അഴുക്കു പിടിച്ച കയര്‍ അവസാനനിമിഷം വരെയും എന്റെ കഴുത്തില്‍ മുറുകിക്കൊണ്ടിരുന്നു. മരിക്കുക എത്രയോ പേര്‍ക്കു മുമ്പില്‍ വിവസ്ത്രയായാണ്. ദൈവമേ! മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ശവങ്ങളുടെ അവസാനിക്കാത്ത അപമാനബോധം എന്നെയും ചുറ്റിവരിഞ്ഞു..

ആദ്യം ആ കമ്പാര്‍ട്ട്‌മെന്റ് നിറയെ ബഹളമായിരുന്നു. തമിഴിലും മലയാളത്തിലും സംസാരപ്പെരുമഴ..പിന്നെപ്പിന്നെ എപ്പോഴാണാ മുറി ഒഴിയാന്‍ തുടങ്ങിയത്? ഫോണിലെ തീ പിടിച്ച വാക്കുകളില്‍ കരിഞ്ഞു കിടക്കുകയായിരുന്നു മനസ്സ്. അവന്‍ തീരുമാനം മാറ്റിയിരിക്കുന്നു. അമ്മയെ കാണാന്‍ അവന്‍ എത്തില്ലെന്ന്..

'ബന്ധം സ്ഥാപിക്കാന്‍ നിനക്കീ ചേമ്പിന്‍കൂട്ടമേ കിട്ടിയുള്ളൂ?'

അവന്റെ മമ്മി ചോദിച്ചത്രെ. എത്രയോ തവണ ക്ഷണിച്ചതാണവന്‍.

'അടിച്ചു പൊളിക്കാടോ.ഈ സിറ്റീല്‍ നിന്നെപ്പോലൊരു കണ്ട്രിയെ കാണാന്‍ കിട്ടില്ല.'

'ഒരു താലിച്ചരട് എന്റെ കഴുത്തിലിട്. പിന്നെ എവിടെ വേണേലും കൊണ്ടു പോവാലോ.'

തലമുറകളായി പറഞ്ഞു പഴകിയ ആ വാചകം ഞാനും ആവര്‍ത്തിച്ചു.

'ശ്ശെ, എന്തൊരു ബോറ്. എടോ,  അതൊക്കെ ഒരു ചടങ്ങു മാത്രല്ലേ? സമയാവുമ്പോ നമുക്കതൊക്കെ നടത്താം. ഇപ്പം നല്ല കുട്ട്യായി ഞാന്‍ പറയണത് കേള്‍ക്ക്.'

ദൈവാധീനം! ആ തേന്‍ വാക്കുകളിലൊന്നും തടഞ്ഞു വീഴുകയുണ്ടായില്ല.സങ്കടം ഇരുള്‍ക്കടലായി എന്റെ തലച്ചോറിനെ പ്രഹരിച്ചു. കടുത്ത തലവേദനയാല്‍ തല കുമ്പിട്ടിരുന്ന ഏതോ നിമിഷത്തിലാണ് അയാള്‍..അതൊരു ഉരുക്കുദേഹമായിരുന്നു. അയാളെന്നെ പിടിച്ചമര്‍ത്തിയപ്പോള്‍ത്തന്നെ എന്റെ എല്ലുകള്‍ നുറുങ്ങുന്ന സ്വരം ഞാന്‍ കേട്ടു.
എന്നിട്ടും കുതറിയോടി എങ്ങനെയോ..പ്രാണന്‍ അശരണമായ നിലവിളികളോടെ മറ്റൊരു ദേശത്തെത്തി. മറ്റൊരു കമ്പാര്‍ട്ട്‌മെന്റ്..അവിടെ ചിലര്‍ ഉറങ്ങുന്നു..ചിലര്‍ ഫോണിന്റെ ഇയര്‍ പീസുകള്‍ ചെവിയില്‍ തിരുകി തലയാട്ടുന്നു..മറ്റു ചിലര്‍ ഫോണ്‍സ്‌ക്രീനില്‍ കണ്ണ്  കുരുങ്ങി തലയും കുമ്പിട്ട്.. നിലവിളി ആ ഇരുമ്പുമുറിയെ കീറി മുറിച്ചിട്ടും ഒരാളും തിരിഞ്ഞു നോക്കിയില്ല. വാതില്‍ക്കമ്പിയില്‍ മുറുകെ പിടിച്ച് ഒന്നു ബാലന്‍സ് ചെയ്യുമ്പോഴേക്കും ശക്തമായ ഒരു തള്ളലില്‍ ഞാന്‍ പുറത്തേക്കു പറന്നു.എവിടെയോ തലയിടിച്ചതിന്റെ കൊടിയ വേദനയില്‍ ആരോ എന്നെ അച്ചാറിന് അരിഞ്ഞുകൊണ്ടിരുന്നു. പിന്നെ ബോധശൂന്യതയുടെ വെളുത്ത പിഞ്ഞാണത്തട്ടിലേക്ക് ഞാന്‍ ഊര്‍ന്നു വീണു.

അത് വല്ലാത്തൊരു യാത്രയായിരുന്നു. വെളുത്ത ആ പ്രതലത്തിലൂടെ ഞാനെന്റെ ബാല്യത്തിലേക്ക് ഇറങ്ങിയോടി. നിറങ്ങളായ നിറങ്ങളെല്ലാം കൂട്ടിയിണക്കിയ മഴവില്‍ക്കാന്തിയുള്ള കുപ്പിവളകള്‍..എഴാകാശവും കാണാവുന്ന തിളങ്ങുന്ന മുത്തുമാലകള്‍..ഓടിക്കളിച്ചിരുന്ന നാട്ടുവഴികള്‍.. തെളിഞ്ഞു തെളിഞ്ഞൊഴുകുന്ന കൈത്തോടുകള്‍..ശൈശവത്തിന്റെ ശോഭ..അത് നമ്മുടെ ഓര്‍മകള്‍ ചാലിച്ചുണ്ടാക്കുന്നത് മാത്രമോ? ആര്‍ക്കറിയാം..

പിന്നീടെപ്പോഴോ അതികഠിനമായ വേദനയുടെ ചില്ലുചീളുകളാണ് അപമാനത്തിന്റെ ആ തിരിച്ചറിവൊന്നാകെ ഒരു കയ്പ്പുകഷായമായി എന്റെ തൊണ്ടയിലേക്ക് കുത്തിയിറക്കിയത്. പിന്നെ ശ്വാസം മുട്ടിച്ചു മുട്ടിച്ച് എന്നെ ദാരുണമായി കൊന്നു കളഞ്ഞത്..

അതു കൊണ്ടു തന്നെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇങ്ങനൊരു തിരുത്ത് വേണമെന്നു തോന്നുന്നു:-

ദിവ്യ മരിച്ചത് തലക്കേറ്റ ശക്തമായ ക്ഷതത്താല്‍ മാത്രമായിരുന്നില്ല.അതികഠിനമായ അപമാനബോധാത്താലുള്ള ഹൃദയാഘാതം മൂലം രക്തക്കുഴലുകള്‍ പൊട്ടിച്ചിതറിയതുകൊണ്ടു കൂടിയായിരുന്നു. മൂക്കിലൂടെ രക്തം ഒഴുകി കാണപ്പെട്ടത് ഇതു കൊണ്ടു കൂടിയാവാം

അലറിക്കരയുന്ന അമ്മയും അനിയനും ഒരു പെണ്ണുകാണല്‍ ചടങ്ങിനെക്കുറിച്ച് പിന്നേം പിന്നേം പറയുന്നുണ്ടല്ലേ? അതു വക വെക്കേണ്ടതില്ല.എതമ്മമാര്‍ക്കും അങ്ങനെ കുറെ സ്വപ്‌നങ്ങള്‍ കാണും.ഈ ലോകത്തെത്തുമ്പോഴാണ് അതെല്ലാം എന്തു വലിയ വിഡ്ഢിത്തങ്ങളാണെന്ന് മനസ്സിലാവുക..

മറ്റൊരു കൊമേഴ്‌സ്യല്‍ ബ്രെയിക്കിനായി നിങ്ങള്‍ ദാഹിക്കുന്നുണ്ടാവും.എന്തൊരു അറുബോറന്‍ കഥ അല്ലേ? അശുഭവാര്‍ത്തകളും ഞെട്ടിക്കുന്ന ചിത്രങ്ങളും കൊണ്ട് മാധ്യമങ്ങള്‍ നിങ്ങളുടെ സ്വസ്ഥത തകര്‍ക്കയാണെന്ന്  അല്ലെങ്കിലേ നിങ്ങള്‍ കയര്‍ക്കുന്നതാണല്ലോ..സ്‌കൂളിലെപ്പോലെ കളികള്‍ നിറഞ്ഞ ഇടവേളകള്‍ തന്നെ നല്ലത് അല്ലേ?നിങ്ങള്‍ പരസ്യം ചവച്ചോണ്ടിരിക്കൂ, ഞാനൊന്നു ഇരുന്നോട്ടെ..ഈ മുറിവുകള്‍ ഒരിക്കലും ഉണങ്ങില്ലെന്നു തോന്നുന്നു..'
.................................................... ......................................... ....................................................  

'ഇതാ അവതരിപ്പിക്കുന്നു,പുത്തന്‍ ടെക്‌നോളജി. ഈ കണ്ണട ധരിക്കൂ. ആവശ്യമുള്ളതു മാത്രം കാണൂ..ഇനി അനാവശ്യകാഴ്ചകള്‍ നിങ്ങളുടെ സമയവും സ്വസ്ഥതയും തകര്‍ക്കുകയില്ല. ഈ കണ്ണടയിലൂടെ നിങ്ങള്‍ക്ക് കാഴ്ചകളെ തിരഞ്ഞെടുത്തു കാണാം.ഇനി മുതല്‍ ആഹ്ലാദിപ്പിക്കുന്ന കാഴ്ചകള്‍ മാത്രം കാണൂ..ജീവിതം ആനന്ദനിര്‍ഭരമാക്കൂ. ഇതിനകം ഇരുപതിനായിരത്തിലധികം ബുക്കിംഗുകള്‍..താഴെ കാണുന്ന നമ്പറിലേക്ക് എത്രയും വേഗം വിളിക്കൂ..പരിമിതമായ സ്‌റ്റോക്ക് മാത്രം.വേഗമാകട്ടെ, നിങ്ങളുടെ ഫോണുകള്‍ക്കിനി വിശ്രമമില്ല...'

വാല്‍ക്കഷ്ണം:-

തടസ്സം സിഗ്‌നല്‍ കണ്ടതു മുതല്‍ അയാള്‍ ചാനല്‍ മാറ്റാന്‍ തുടങ്ങിയതാണ്.ദേവീമാഹാത്മ്യം സീരിയലില്‍ നിന്ന്  ഒരു യൂറോപിയന്‍ ചാനലിലേക്ക് അയാള്‍ ചിറകു വിരിച്ചു.

'ചോറുണ്ണുന്നില്ലേ?'

അയാളുടെ ഭാര്യ ഈണത്തില്‍ വിളിച്ചു.വിഭവസമൃദ്ധമായ മേശയിലേക്ക് പാളി നോക്കി അയാള്‍ പുഞ്ചിരിച്ചു.

'ആ ന്യൂസ് കണ്ട് സമയം പോയതറിഞ്ഞില്ല.മോളുറങ്ങിയോ?പേപ്പറുകള്‍ക്ക് ഇനി ഒരാഴ്ച ചാകര തന്നെ.മറ്റൊരു പീഡനകേസ്..'

'അങ്ങനെ പറയല്ലേ വേണ്വേട്ടാ. നമ്മുടേതും ഒരു പെണ്‍കുട്ടിയാ..'

'ആയാലെന്താ? ലേഡീസ് കമ്പാര്‍ട്ട്മന്റില്‍ വേറെയും പെണ്ണുങ്ങളില്ലായിരുന്നോ? ഇവള്‍ മാത്രം ഒരു സ്‌റ്റേഷനില്‍ ഒറ്റക്കായോ? ഇതൊക്കെ എനം വേറെയാ..മക്കളെ നേരെ ചൊവ്വേ വളര്‍ത്തണം. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ ഇരിക്കും..'

ഏമ്പക്കം വിട്ട് ടീവിക്കു മുമ്പില്‍ വീണ്ടുമിരിക്കവേ ഭാര്യ ഉറങ്ങിയോ എന്നയാള്‍ ഏറുകണ്ണിട്ടു നോക്കി.പിന്നെ പതുക്കെ വാതില്‍ കുറ്റിയിട്ട് റിമോട്ടില്‍ വിരലമര്‍ത്തി. ഒരു നീലത്തിരശ്ശീല ഇമ്പത്തോടെ അയാളെ നോക്കിച്ചിരിച്ചു. അതില്‍ വിരിയുന്ന മാംസപ്പൂക്കളെ നോക്കി അയാള്‍ ഒരു മിട്ടായി വായിലിട്ടപോലെ നൊട്ടി നുണഞ്ഞു കൊണ്ടിരുന്നു.................................