Pages

2013, ഏപ്രിൽ 17, ബുധനാഴ്‌ച


വീടുകള്‍ ..           കഥ

അന്ന്                                  

വീടോരോന്നിനുമുണ്ട് ഹൃദയത്തില്‍ നിന്ന് കവിഞ്ഞു ചാടുന്ന അനേകം കഥകള്‍ പറയാന്‍.എത്ര ഒതുക്കിയാലും പുറത്തേക്ക് തെറിക്കുന്ന വിങ്ങലുകള്‍..ഇപ്പോള്‍ തന്നെ നോക്കൂ,പി.എ.ഗഫൂറെന്ന പ്രവാസിയുടെ സ്വപ്നഗേഹമാണ് ഞാന്‍.ഒരു വര്‍ഷമെടുത്ത് എന്‍റെ മോടിയാക്കള്‍ കഴിഞ്ഞപ്പോഴേക്കും തിരിച്ചു പോവണ്ടാന്നു കരുതി നാട്ടിലെത്തിയ മൂപ്പര്‍ക്ക് ആ വറച്ചട്ടിയിലേക്ക് തന്നെ ചാടേണ്ടി വന്നു.ഗഫൂര്‍ക്കാനെയും കാത്തു ഞാനിരിപ്പ് തുടങ്ങിയിട്ട് വര്‍ഷമെത്രയായി..ശീതീകരിച്ച എന്‍റെ മുറികളൊന്നാകെ ആ കഷണ്ടിത്തലയെ തണുപ്പിക്കാമെന്നു വച്ചാലും ഇങ്ങെത്തണ്ടേ പാവം!ഒരു വീടിനെ തിരിച്ചറിയാനുള്ള ഏറ്റവും നല്ല വഴി ആ വീടിന്‍റെ ഡൈനിംഗ് ടേബ്ളിലേക്ക് ശ്രദ്ധിക്കയാണ്.എന്‍റെ തൊട്ടുള്ള ബംഗ്ലാവുകളിലെല്ലാം മൌനം തന്നെയാണ് എപ്പോഴും.ടി വിയാണ് എല്ലായിടത്തും നിശബ്ദതയെ പുറമേക്കെങ്കിലും പൊടിച്ചു കളയുന്നത്.എന്‍റെ ചില്ല് പതിച്ച ഓവല്‍ ഷെയ്പുള്ള മേശക്കാകട്ടെ സന്തോഷിക്കാന്‍ ഭാഗ്യമില്ല.റസിയാബി മൂപ്പര്‍ പോയ ഉടനെയൊക്കെ സങ്കടത്തിന്‍റെ ചേലയിലായിരുന്നു.മൌനത്തിന്‍റെ ഭക്ഷണം കഴിച്ച്..കുട്ടിയോട് എപ്പോഴും ക്ഷോഭിച്ച്..എന്നാല്‍ ഇപ്പോഴാകട്ടെ അവന്‍ സ്കൂളില്‍ പോയാ തുടങ്ങും ഫോണും ചെവിയില്‍ ചേര്‍ത്ത് ഒരിരിപ്പ്.കിലുങ്ങിച്ചിരി പിന്നെപ്പിന്നെ പൊട്ടിച്ചിരിയാവും.അപ്പുറത്തെ മുഴക്കമുള്ള ശബ്ദം കിന്നാരത്താല്‍ ആര്‍ദ്രമാകും.ഗഫൂര്‍ക്കയെ കാത്തിരിക്കുന്ന എന്‍റെ മാസ്റ്റര്‍ബെഡ്‌റൂമില്‍ തന്നെയാണ് മിനിഞ്ഞാന്ന് പകല്‍ മുഴുവന്‍ അവര്‍ ചിലവഴിച്ചത്.മോന്‍ വരാറായപ്പോള്‍ വൈമനസ്യത്തോടെയാണ് അയാള്‍ ഒളിച്ചും പതുങ്ങിയും സ്ഥലം വിട്ടത്.അടുത്ത ബംഗ്ലാവുകള്‍ രഹസ്യക്കണ്ണുകള്‍ തുറന്ന് എല്ലാ ചിത്രങ്ങളും ഒറ്റക്ലിക്കില്‍ അകത്താക്കുന്നത് ഞാന്‍ പേടിയോടെ കണ്ടു.കേട്ടു പഴകിയ ഈ കഥ തന്നെയാവുമോ നിശ്ശബ്ദത ഉറങ്ങുന്ന ഓരോ വീടിനും പറയാനുണ്ടാവുക?

തൊട്ടടുത്ത വീട്ടിലേക്ക്‌ എന്‍റെ കണ്ണുകള്‍ പാളി വീഴുന്നത് എന്‍റെ സ്വന്തം കാഴ്ചകള്‍ മടുത്ത് മടുത്താകണം.പുറമേക്കുള്ള അലങ്കാരങ്ങളൊന്നും വീടുകളുടെ ഹൃദയങ്ങള്‍ക്കില്ലെന്നു എത്ര പേര്‍ക്കറിയാം?അതില്‍ തരാതരം മുറിവുകളാണ്.ചോര കിനിയുന്ന ഉണങ്ങാത്ത അളിഞ്ഞ വ്രണങ്ങള്‍.തലയിണ ഇട്ടമര്‍ത്തി ഒരുവന്‍ അയല്‍ക്കാരിയുടെ ശ്വാസക്കിളികളെ കൈക്കുമ്പിളിലിട്ടു ഞെരിച്ചപ്പോള്‍ മാത്രം ഒരു ഞരക്കം കേട്ടു.പിന്നെയെല്ലാം ടി വിയുടെ ഹൈവോളിയമുണ്ടായിട്ടും അവിടമാകെ വ്യാപിച്ച ഭയാനകമായ മൌനത്തിന്‍റെ മുള്‍ക്കാടില്‍ വച്ചായിരുന്നു.കഴുത്തില്‍ ഷാള്‍ മുറുക്കി മാര്‍ബിള്‍ തറയിലൂടെ അയാളവളെ വലിച്ചിഴച്ചു.അനുസരണയുള്ള ഒരു കാളക്കുട്ടിയെപ്പോലെ ആ ജഡം പിന്നാലെ ഇഴഞ്ഞു.ഏതായാലും സീലിങ്ങില്‍ അത് തൂക്കിയിട്ടപ്പോഴേക്കും അയാള്‍ വിയര്‍ത്തു തളര്‍ന്നിരുന്നു.ആ സംഭവത്തോടെ രണ്ടാഴ്ചയോളം ബഹളം എന്തെന്ന് ഞാനറിഞ്ഞു.പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ എല്ലാവരും വശം കെട്ടു.പോലീസിനറിയില്ലല്ലോ വീടായ ഞാന്‍ മാത്രമാണ് എല്ലാം കണ്ടതെന്ന്.പത്രങ്ങളുടെ ഉള്‍പേജില്‍ ഒരു പെട്ടിക്കോളം വാര്‍ത്തയായി ആ ശവം ഒതുങ്ങി.പണമോ സ്വര്‍ണമോ  നഷ്ട്പ്പെട്ടിട്ടില്ലെന്നു പത്രം ആശ്ചര്യപ്പെട്ടു.അജ്ഞാതനായ കൊലയാളിയെ പോലീസ്‌ അന്വേഷിക്കുന്നുണ്ടത്രെ.

ഇന്ന്

വീടുകള്‍ക്കെന്തെല്ലാം പറയാനുണ്ടാവുമെന്നു നിങ്ങള്‍ക്കൂഹിക്കപോലും സാധ്യമല്ല.ഒരേ വീട്ടിലെ വ്യക്തികള്‍ തമ്മില്‍ത്തന്നെ  ഒരു ഭൂഖണ്ഡത്തേക്കാളും ദൂരമുണ്ടായിരിക്കും മുഖം വീര്‍പ്പിക്കുന്ന കിടങ്ങുകള്‍ സദാ വായും പൊളിച്ച് തുറുകണ്ണ്‍ നീട്ടും.വീട് ഒരു വിങ്ങലാണ്;ഒന്നുകില്‍ വെറുപ്പിനാല്‍,അല്ലെങ്കില്‍ സ്നേഹത്താല്‍..വീട് വിടാനുള്ളതാണെന്നാണല്ലോ.ഗഫൂര്‍ക്കാനെ വെള്ള പുതച്ചു വീട്ടുപടിക്കലിറക്കിയപ്പോള്‍ സാക്ഷിയായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.റസിയാബി വീട് വിട്ടുപോയി കൃത്യം ഒരാഴ്ച കഴിഞ്ഞായിരുന്നു അത്.റസിയാബിയോടുള്ള എല്ലാ ഇഷ്ട്ക്കേടും വീട്ടുകാര്‍ മുറുമുറുത്തുകൊണ്ടിരുന്നു.പിന്നെ എന്‍റെ അകങ്ങളെ ശൂന്യമാക്കി പുറത്തെ ഓടാമ്പിലയില്‍ വലിയ ആമത്താഴ്‌ തൂക്കി എല്ലാവരും യാത്രയായി.വീടിനുള്ളില്‍ തന്നെ അനവധി വീടുകളായതിന്‍റെ വേവ് എന്‍റെ ഉള്ളില്‍ നിറഞ്ഞു.

പിന്നീട്   

ഗഫൂര്‍ക്കാക്ക് ഹാര്‍ട്ട് അറ്റാക്കായിരുന്നത്രെ.ഇപ്പോള്‍ മാസങ്ങളനവധി കഴിഞ്ഞ് പുതിയ പുതിയ വാര്‍ത്തകള്‍ കേള്‍ക്കാന്‍ അദ്ദേഹം ഇല്ലാതായതും ഭാഗ്യം.റസിയാബിയുടെ ലോഹ്യക്കാരന്‍ അവളെ പലര്‍ക്കും പങ്കു വച്ചു.പോലീസ്‌ റെയ്ഡില്‍ പിടിക്കപ്പെട്ടപ്പോഴാണ് സചിത്ര ഫീച്ചറുകള്‍ പേപ്പറുകളില്‍ നിറയാന്‍ തുടങ്ങിയത്.ഞാനേതായാലും അടുത്ത് വില്‍ക്കപ്പെടും.ഇനിയെന്നെ വാങ്ങുന്നതാരാണാവോ.എന്‍റെ മുറികളിലൂടെ ഉല്ലാസപ്പൂക്കള്‍ ഇനിയെങ്കിലും പറന്നു നടക്കുമോ ആവോ.കല്ലിച്ചു പോയ മനസ്സിനെ ആ കുടുംബം പൊട്ടിച്ചിരികളാല്‍ ഉണര്‍ത്തുമോ?ആര്‍ക്കറിയാം!ഏകാന്തവാസിയായ കലാകാരനാണാവോ ഇനിയിപ്പോ എന്നെ പരിണയിക്കുന്നത്.എല്ലാവരും സ്വന്തം ഹൃദയത്തിലേക്ക്‌ ചുഴിഞ്ഞു നോക്കുമ്പോള്‍ ഏകാരാണല്ലോ.എല്ലാ ബഹളങ്ങളും മായക്കാഴ്ചയാണെന്നും തനിച്ചാണെന്നതാണ് സത്യമെന്നും ഒരിക്കലെങ്കിലും ചിന്തിക്കാത്ത ആരുണ്ടാവും?

അടുത്ത വീടിന്‍റെ ജനല്‍ക്കണ്ണുകള്‍ തുറക്കുന്നു.അതിലൂടെ നോക്കുമ്പോഴാണ് ഞാനെന്‍റെ ഉള്ളില്‍ വിങ്ങി നിറയുന്ന ശൂന്യത തിരിച്ചറിയുന്നത്.പരസ്പരം ധ്രുവങ്ങളോളം ദൂരമുണ്ടായിട്ടും ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ ജീവിക്കുന്നത് മനുഷ്യരുടെ മാത്രം പ്രത്യേകതയാവും.അതാ ഒരു കാര്‍ വരുന്നു,പുതിയ ഉടമസ്ഥനാവും.അടുത്ത എപ്പിസോഡ് അടുത്തു തന്നെ പറയാം കേട്ടോ,ജെ സി ബി ഇടിച്ചിട്ടിട്ടില്ലെങ്കില്‍..

ഗുഡ്‌ ബൈ

എന്ന് –വീട് . 

 

2013, ഏപ്രിൽ 10, ബുധനാഴ്‌ച


കണക്കെടുപ്പ് ..................................കവിത

അന്‍പത്തൊന്നു വര്‍ഷങ്ങള്‍ പകലും രാത്രിയും കണ്ടത്

ഇതാ ഇങ്ങനെ തലയും ഉടലും വേര്‍പെട്ടു കിടക്കാനായിരുന്നു

ഇരുപത്തെട്ടു വെട്ടിനാല്‍ മുഖം ചിതറിയും

കൈകാലുകള്‍ വിഭജിക്കപ്പെട്ടും

 കാണുന്നവരില്‍ ഭീതിയുണര്‍ത്തിയും

പണ്ട് ഇരുപത്തെട്ടു കെട്ടിന് അമ്മ പൊന്‍നൂലണിഞ്ഞ

അരുമയായ കഴുത്താണ് ദേഹത്തോട് പിണങ്ങി

ദൂരേക്ക്‌,തലയെയും കൊണ്ട് ഉരുണ്ടു പോയത്

പോഷകാഹാരങ്ങള്‍ കഴിച്ചും വ്യായാമം ചെയ്തും

ഒരു തുള്ളി പൊലു൦ നഷ്ടപ്പെടുത്താതെ ഉണ്ടാക്കിയെടുത്ത ചോരയാണ്

അനാഥമായി, മണ്ണാകെ ചുവപ്പിച്ച് കറ പിടിപ്പിച്ചു പരക്കുന്നത്

“അവന്‍ മരണത്തിലും ചുവപ്പ് കൈവിട്ടില്ല

അവനാണ് സഖാവ് രക്തസാക്ഷി”

ആരൊക്കെയോ പിറുപിറുക്കുന്നു.

നാല്‍പ്പതു വയസ്സില്‍  മൂക്കിന്‍തുമ്പത്തെത്തിയ കണ്ണട അമ്പരക്കുന്നു

കാലുകള്‍ ഞെളുങ്ങി ,തെറിച്ചു വീണിടത്തു നിന്നും നോക്കുന്നു.

മുപ്പതു വയസ്സുമുതല്‍ സന്തതസഹചാരിയായ മൊബൈല്‍

വീഴ്ചയുടെ ആഘാതത്തില്‍ അനക്കമറ്റു.

അനേകരുടെ, ഖദറുടുപ്പിലേക്കുള്ള വളര്‍ച്ചയിലേക്ക്

കൊണിയായി ചാരി വെക്കപ്പെട്ടപ്പോള്‍

ഓര്‍ത്തുവോ ഇങ്ങനെയൊരു വിയോഗം

കൊന്നവരെത്ര കൊല്ലപ്പെട്ടവരെത്ര

എല്ലാം എത്ര നിസ്സാരമെന്നു തിരിച്ചറിയാന്‍

കാലമെത്രയാണ് നടത്തിക്കുന്നത്

പക ദേഷ്യം ഒന്നും ആത്മാവിനെ സ്പര്‍ശിക്കുന്നില്ല

നിതാന്തമായ പുഞ്ചിരിയാണതിനു കൂട്ട്

നിര്‍മമതയുടെ വെള്ളപ്പാടയുള്ള കണ്ണുകള്‍ ഒന്നും കാണുന്നില്ല

എങ്ങും പതഞ്ഞൊഴുകുന്ന പാല്‍ക്കടലല്ലാതെ

ദ്വേഷിക്കാന്‍ നിറങ്ങള്‍ പട വെട്ടുന്നുമില്ല

പച്ച ചുവപ്പ് കാവി............

ഇനിയും യാത്ര അവസാനിക്കുന്നില്ല

കണക്കെടുപ്പാണ് പുതിയ ജോലി

വിഡ്ഢിവേഷം കെട്ടി ഇനിയെത്ര പേര്‍

ചോര ചിന്തുന്നു അട്ടഹസിക്കുന്നു

എത്ര വിധവകള്‍ കുഞ്ഞുങ്ങള്‍

കണ്ണീരുപ്പില്‍ കുതിര്‍ന്നളിയുന്നു

അര്‍ത്ഥരഹിതമാണെല്ലാം

വ്യര്‍ത്ഥതയുടെ കൂറ്റന്‍ഭാണ്ഡങ്ങളാണ് ഓരോ ചുമലിലും ..............  

2013, ഏപ്രിൽ 4, വ്യാഴാഴ്‌ച


അടിസ്ഥാന ആവശ്യങ്ങള്‍...........................................................................കഥ

പ്രാണവായുപോലെത്തന്നെ മനുഷ്യന്‍റെ അടിസ്ഥാനആവശ്യങ്ങളാണ് ആഹാരം വസ്ത്രം പാര്‍പ്പിടം എന്നിവ.എല്‍ പി ക്ലാസ്സിലെന്നോ ടീച്ചര്‍ പഠിപ്പിച്ച ആ വാചകം വെലാണ്ടിയുടെ മനസ്സില്‍ എന്നുമുണ്ട് പ്രാണവായു ആര്‍ക്കും മടിയിലിട്ടു കെട്ടാന്‍ കഴിയാത്തതിനാല്‍ അതു മാത്രം കിട്ടുന്നുണ്ട്‌,നിര്‍ലോഭം.ബാക്കി മൂന്നും ദൈവഹിതം പോലെയെന്നു പറയാം.മൂന്നാലു വര്‍ഷം മുമ്പു വരെ അയാളാരുടെ മുമ്പിലും കൈ നീട്ടിയിരുന്നില്ല.ചുമടെടുത്തും വിറകു കീറിയും മറ്റനവധി ജോലികള്‍ ചെയ്തും അയാളുടെ ജീവിതവണ്ടിയും കല്ലിലും മുള്ളിലും അപസ്വരങ്ങളുണ്ടാക്കി സഞ്ചരിച്ചു കൊണ്ടിരുന്നു.പിന്നെയാണ് ദൈവത്തിന്‍റെ തമാശ ക്കളികള്‍ അയാളോട് ഇളിച്ചു കാട്ടാന്‍ തുടങ്ങിയത്.ബാല്യത്തെ ഒരിക്കലുമയാള്‍ ഒരു പൂവെന്നോണം ഓര്‍മിച്ചിരുന്നില്ല.അമ്മയുടെ കൂടെ അമ്മി വേണോ അമ്മി എന്ന് കൊരല്‍ പൊട്ടുമാറ് അലറി വിളിച്ച് പൊരിവെയിലത്ത് നടക്കും.അമ്മയെന്നാല്‍ അമ്മിയാണോ?സംശയം തോന്നും.-“പത്തു രൂപ മതിയെങ്കില്‍ വച്ചിട്ടു പോ”,കടക്കാരന്‍ മഞ്ഞക്കറ പിടിച്ച പല്ല് പുറത്തു കാട്ടി അമ്മയെ തുറിച്ചു നോക്കും.കണ്ണുകളാല്‍ അവരുടെ ശരീരമാകെ ഒരു തയ്യല്‍ക്കാരനെപ്പോലെ അളവെടുക്കും.എവിടെയും പാഴായിക്കിടക്കുന്ന കറുത്ത കല്ലുകള്‍ അവരുടെ കല്ലുളിയോട് ചിലും ചിലും എന്ന് പതം പറഞ്ഞ് അമ്മിയും ആട്ടുകല്ലുമായ് മാറുമ്പോള്‍ അവന്‍ അമ്മയോട് ചോദിക്കായ്കയല്ല;-“ആരാ അമ്മേ ഇപ്പൊ അമ്മി വാങ്ങണ്?മിക്സീം ഗ്രയിന്‍റെറും ഇല്ലേ അധിക വീട്ടിലും?”-അമ്മ വെറ്റിലച്ചുവപ്പ് ഒലിപ്പിച്ചു കൊണ്ട് ഒരു ചിരി ചിരിക്കും.എന്താ അതിന്‍റെ അര്‍ഥം?-“തെണ്ടിയും ഇരന്നും കിട്ടുന്ന പത്തു രൂപയേക്കാള്‍ ഭേദമല്ലേ ചെക്കാ ഈ പത്തു രൂപ.”-കടകളിലെല്ലാം അമ്മിയും ഉരലും ആട്ടുകല്ലും നിന്നേടത്തു നിന്നനങ്ങതെ കളിയാക്കി ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ കടക്കാരന്‍ ചീറി;-“അണ്ണാച്ചി പ്പെണ്ണേ,ഇതൊക്കെ എടുത്തു കൊണ്ടു പോവാന്‍ നിനക്കു വേണേല്‍ പണം തരാം.കുളിച്ചു വെടിപ്പായി വാ,നിനക്കു കാശ് നല്ലോണം കിട്ടണ നല്ലൊരു പണി ഞാന്‍ പറഞ്ഞു തരാം.”-അതും പറഞ്ഞ് അയാളുടെ മഞ്ഞ പ്പല്ലുകള്‍ അട്ടഹസിച്ചു.ചട്ടുളിക്കണ്ണുകള്‍ അമ്മയുടെ മുഷിഞ്ഞു പിഞ്ഞിയ ചേലക്കടിയിലേക്ക് ഊളിയിട്ടു.അതില്‍ പിന്നെയാണ് അമ്മ ചൂല്‍ വേണോ ചൂല്‍ എന്നു വിളിച്ചാര്‍ക്കാന്‍ തന്നെ പഠിപ്പിച്ചത്.അമ്മയെന്നാല്‍ ചൂലാണോ?അവനു അപ്പോഴും സംശയമായി.

ആ കാലമെല്ലാം ഓര്‍ക്കുമ്പോള്‍ വേലാണ്ടിക്ക്  വല്ലാത്ത നിസ്സംഗതയാണ് തോന്നുക.ടി വി പരസ്യത്തിലൊക്കെ കാണാറുണ്ട്‌,ബസ്‌സ്റ്റാന്‍ഡില്‍ വെച്ച്-“ജീവിതം അടിപൊളിയാക്കൂ,ആഘോഷിക്കൂ.വേണ്ടേ ജീവിതത്തിനു ഒരു എരിവും പുളിയും?”വെളുത്തു പ്രകാശിക്കുന്ന പല്ലുകള്‍ കാണിച്ച് പരസ്യത്തിലെ ചോക്ലേറ്റ് പെണ്ണ് ഉറക്കെ ചിരിക്കും.എന്താണിത്ര ആഘോഷിക്കാനുള്ളത്?മുറിഞ്ഞു പോയ കാലിലേക്ക് പകപ്പോടെ നോക്കി അയാള്‍ അതിശയിക്കും.ജീവിതമുഖത്ത് ചിരിയാണോ കരച്ചിലാണോ കൂടുതല്‍?നാലു കൊല്ലം മുമ്പ്‌ ഒരു കിലോ പഞ്ചസാര വാങ്ങുന്ന ലാഘവത്തോടെ നാലഞ്ചു ആളുകള്‍ അയാളുടെ ഭാര്യയെ പിടിച്ചു കൊണ്ടു പോയി.പെണ്ണെന്നാല്‍ ഒരു പലഹാരമാണോ?അയാള്‍ക്കപ്പോഴും സംശയമായി.ഒറ്റക്കാലന്‍റെ പ്രതിരോധം പൂതലിച്ച മരം പോലെ ഒടിഞ്ഞു വീണു.പ്രത്യേകിച്ചും അതിലൊരു മുഷ്കന്‍ ഒറ്റക്കാലിനൊരു തട്ടു വെച്ചു തന്നപ്പോള്‍.

കുഞ്ഞ് കുറെ നാള്‍ തള്ളയെ കാണാതെ അലറി വിളിച്ചു.ബസ്‌സ്റ്റാന്റിന്റെ അളിഞ്ഞ നിലത്ത് അതിലേറെ വൃത്തി കെട്ടൊരു വസ്തു പോലെ മയങ്ങിക്കിടന്നു.-“അടിസ്ഥാന ആവശ്യങ്ങളാണ്...”ടീച്ചറുടെ വാക്കുകള്‍ വീണ്ടും ഉള്ളില്‍ ചിലമ്പും.വീടും കുടിയും ഇല്ലാത്തവന് ഒരു ഭാണ്ഡവും ഇല്ലാത്തതാ നല്ലത്-ഭാര്യ ,കുഞ്ഞ്..കുഞ്ഞുങ്ങള്‍ ചേമ്പിന്‍ വിത്തു പോലെയാണ്.തള്ളയോടൊട്ടി നില്‍ക്കും ഏതു നേരവും.വലുതായാല്‍ നീയേതാ എന്ന മട്ടില്‍ തള്ളയെ തിരിഞ്ഞു നോക്കും.ഇത്തിരി അരിയും പച്ചക്കറിയും..അയാളുടെ ആവശ്യങ്ങള്‍ എന്നും അതില്‍ ഒതുങ്ങി .പോഷകാഹാരമെന്നതൊക്കെ ഉടുക്കാനില്ലാത്തവന്‍ തലപ്പാവ് അണിയുംപോലുള്ള ആര്‍ഭാടമാണയാള്‍ക്ക് .ആഹാരം മനുഷ്യനെ നിലനിര്‍ത്തുന്നതാണോ എന്നതിലും അയാള്‍ക്കിപ്പോള്‍ ശങ്കയുണ്ട്.കുടലിലെല്ലാം ഓട്ട വീണെന്നോ മറ്റോ ആണ് ഡോക്ടര്‍ പറഞ്ഞത്.-“പച്ചക്കറികളിലെ ജനിതക പരീക്ഷണങ്ങള്‍..അതിനു ഇങ്ങനെ കുറെ പ്രശ്നങ്ങളുണ്ട്.”ഡോക്ടര്‍ ജ്ഞാനിയെപ്പോലെ ചിരിച്ചു.”മുമ്പാണെങ്കില്‍ ആഹാരം മനുഷ്യനെ വളര്‍ത്താനായിരുന്നു,ഇന്നാകട്ടെ അതൊരു പരീക്ഷയാണ്.എല്ലാ രാസ പരീക്ഷണങ്ങളെയും അതിജീവിക്കുന്ന വനേ ജീവിക്കാന്‍ അര്‍ഹതയുള്ളൂ.”അയാളുടെ പരിഷ്കാരം നിറഞ്ഞ അച്ചടിവടിവുകള്‍ ചോറിലെ കല്ലു പോലെ കിലുങ്ങി.

തെരുവിലൂടെ ഇടക്കോരോ ശുഷ്കജാഥകള്‍ നീങ്ങുന്നതു കാണാം;”ജനിതകമാറ്റം വരുത്തിയ പച്ചക്കറികള്‍ നിരോധിക്കുക...”ദുര്‍ബലകണ്ഠങ്ങളില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ രോദനങ്ങളായി പുറത്തു ചാടും.കൊളുത്തി വലിക്കുന്ന വയറുവേദനയില്‍ ചെമ്മീനെപ്പോലെ ചുരുണ്ടു കിടക്കുമ്പോള്‍ മകന്‍ കൊള്ളക്കാരനെപ്പോലെ അടുത്തെത്തും.മങ്ങിയ മുണ്ടില്‍ തിളക്കമറ്റു കിടക്കുന്ന നാണയങ്ങളെടുത്ത് അവന്‍ ഓടുമ്പോഴും അയാളില്‍ നിറയുന്നത് നിര്‍വികാരത തന്നെ.ശരിക്കും മനുഷ്യന്‍റെ പ്രാഥമികആവശ്യങ്ങള്‍ എന്തെല്ലാമാണ്?ആര്‍ക്കും കെട്ടിപ്പൊതിയാന്‍ കഴിയാത്ത ജീവവായുവിലും വിഷം ചുരുള്‍ ചുരുളായി നിറയുന്നു.നെടുംനീളത്തില്‍ നീണ്ടു വലിഞ്ഞൊരു ചുമ അയാളുടെ ഉള്ളില്‍ നിന്ന് കുറെ ചോരയെ പരിഹാസത്തോടെ പുറന്തള്ളി.ഒഴുകാതെ കട്ട കെട്ടിയ ആ ചുവപ്പില്‍ നോക്കി അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു.കാണാമോ അതില്‍ ഉള്ളിലേക്ക് ഉള്ളിലേക്ക് തുരക്കുന്നവരെ?കാതലെല്ലാം കവര്‍ന്നു പോകുന്നവരെ?പടുമരങ്ങള്‍ വിറകിനു പോലും കൊള്ളാതെ പുകഞ്ഞു കൊണ്ടിരിക്കും.ദുഷ്ടതയുടെ കാതലിനാണ് ലോകത്ത് ആയുസ്സ്‌.ക്രൂരത അടുക്കടുക്കായി ഇഴുകി മുറുകി വളരുമ്പോഴാണ് അതിനു ഉറപ്പ് വര്‍ധിക്കുക.ചോരയെ മുഴുത്ത ഈച്ചകള്‍ പൊതിയുന്നത് കണ്ട് അയാള്‍ വെറുപ്പോടെ കണ്ണടച്ചു.ശവംതീനി ഉറുമ്പുകളുടെ നിലക്കാത്ത ജാഥ അടഞ്ഞ കണ്ണുകള്‍ക്കു മുമ്പില്‍ ഒരു റിബ്ബണ്‍ പോലെ നീണ്ടു കിടന്നു........................................    

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച


ചിറകൊടിഞ്ഞവര്‍....................................................................കഥ

എല്ലാ പൂക്കളും വെള്ളവും വളവുമുള്ള ഉദ്യാനങ്ങളില്‍ പിറന്നു കൊള്ളണമെന്നില്ല .ചിലത് പാറക്കരികില്‍ കറുത്ത ദുഃഖത്തിനു കൂട്ടായി കുഞ്ഞിതളുകള്‍ പതുക്കെ ഇളക്കി കാറ്റില്‍ ഊയലാടും.അവര്‍ക്കുമില്ലേ ഈ ഭൂമിയില്‍ അവകാശങ്ങള്‍?തപിക്കുന്ന കൃഷ്ണശിലയുടെ ചുടുനിശ്വാസം മാത്രമോ അവരുടെ ഓഹരി?മഞ്ഞില്‍ കിടുകിടുത്ത് ഉള്ളിലേക്കമര്‍ത്തുന്ന വ്യസനത്തിന്‍റെ കടുത്ത ശൈത്യം മാത്രമോ അവരുടെ വിധി?

സ്റ്റാഫ്‌മീറ്റിങ്ങാണ്.അനുശ്രീ തന്നെ വിഷയം.ഇതിപ്പോ മൂന്നാം തവണയാണ് അവള്‍ ആണ്‍കുട്ടികളെ കടിച്ചും മാന്തിയും ഉപദ്രവിക്കുന്നത്.ഒരു കൊല്ലം കഴിഞ്ഞിട്ടും ഒന്നും മറന്നില്ലല്ലോ അവള്‍.

“കുട്ടീടെ പാരന്റിനെ നമ്മളിപ്പോ പല തവണ വിളിപ്പിച്ചു.”-ഹെഡ്‌ മിസ്ട്രെസ്സ് പറയാന്‍ തുടങ്ങി.”നമ്മളവരുടെ കാര്യം എപ്പോഴും അനുഭാവത്തോടെ തന്നെയാണ് കാണുന്നത്.പക്ഷെ കണ്ണിനു താഴെ പരിക്കേറ്റ കുട്ടിയുടെ കാര്യത്തില്‍ പാരന്റ്സെല്ലാം നമുക്കെതിരാണ്.നിര്‍ബന്ധമായും അനുശ്രീയെ നമ്മള്‍ ടി സി കൊടുത്തു വിടേണ്ടി വരും.”

ഞെട്ടിപ്പോയി.നന്നായി പഠിച്ചിരുന്ന നിലാവിനൊത്തൊരു പെണ്‍കുട്ടി..ഇതെല്ലാം സംഭവിച്ചത് ഞങ്ങളുടെ കുറ്റം കൊണ്ടാണെന്ന് കുറെയായി മനസ്സ്‌ ശകാരിക്കുന്നു.വെറുതെയെങ്കിലും കുട്ടികളെ ഓര്‍മിപ്പിക്കാമായിരുന്നു;കെട്ട കാലത്തെക്കുറിച്ച്.ഒന്നും തിരിയുന്ന പ്രായമല്ല,എന്നാലും..

“പക്ഷെ ടീച്ചര്‍-“ഞാനിടക്കു കയറി.”എനിക്കറിയാം സൌമ്യ എന്താ പറയാന്‍ പോണതെന്ന്.ടീച്ചരെന്‍റെ വാക്കുകള്‍ക്കു മീതെ വലിയൊരു കല്ല്‌ വച്ചു.”ഈ വന്നതൊന്നും നമ്മുടെ കുറ്റല്ലാലോ.ഈ ലോകം മുഴുവന്‍ നന്നാക്കാന്‍ നമ്മള്‍ കുറെ അധ്യാപകരെക്കൊണ്ടു സാധിക്കുമോ?അതുകൊണ്ട് നാളെ എക്സിക്യൂട്ടീവ്  കൂടും.വേണ്ട തീരുമാനങ്ങള്‍ എടുക്കും.”

പ്രതിമകളെപ്പോലെയിരിക്കുന്ന സഹപ്രവര്‍ത്തകരെ ഞാനൊട്ടു വിസ്മയത്തോടെ നോക്കി.ഇവരൊന്നും മിണ്ടാത്തതെന്ത്‌?എല്ലാ സങ്കടങ്ങളും എന്‍റെ മനസ്സിലേക്ക് മാത്രം തിരയടിച്ചു  കയറുന്നതെന്തിന്? ഹൈസ്കൂളിലായിരുന്നു മുമ്പ്‌.എല്‍ പി സ്കൂള്‍ മനസ്സിനെ ഇറച്ചി പൊരിക്കുമ്പോലെ ഉണക്കി വരട്ടിക്കളയും.ബാലസാഹിത്യം മാത്രമുള്ള ലൈബ്രറി.വാക്കുകളുടെ കിന്നരിയും തലപ്പാവുമെല്ലാം മനസ്സില്‍ നിന്ന് കൊഴിഞ്ഞു പോകും.ക്ലാസ്സില്‍ കയറിയപ്പോള്‍ തന്നെ അനുശ്രീയെ ശ്രദ്ധിച്ചു.ഡെസ്കില്‍ തല വെച്ചു കിടക്കുന്നു.കുട്ടികള്‍ കലപില തുടങ്ങി.”ടീച്ചര്‍,ഇന്ന് അനുശ്രീ ആരോടും മിണ്ടുന്നില്ല.”

“നിങ്ങളെന്തിനാ എപ്പോഴും അവളെ നോക്കിയിരിക്കുന്നത്?അവളോട്‌ നല്ലത് പറഞ്ഞു കളിക്കാനൊക്കെ കൊണ്ടു പൊയ്ക്കൂടെ?”-ഞാനറിയാതെ ഒച്ച പൊങ്ങി.സ്മിത എഴുന്നേറ്റു.”ഞങ്ങള്‍ കുറെ വിളിച്ചു ടീച്ചര്‍.ദേഷ്യം പിടിച്ച് അവളൊരു നോട്ടം.പേടിച്ചു പോയി.മിഞ്ഞാന്നത്തെപ്പോലെ കടിയും മാന്തും കിട്ടിയാലോ.”

“അനൂ ,അനൂ”-ഞാനവളെ തട്ടി വിളിച്ചു.കണ്ണില്‍ അഗ്നിയുമായി അവള്‍ തലയുയര്‍ത്തി.ഭയം എന്നെയും വരിഞ്ഞു കെട്ടി.എത്ര സൈലന്റായ ഒരു കുട്ടിയായിരുന്നു.സര്‍വം സഹയായവള്‍ ഗതി കെട്ടാല്‍ ഇങ്ങനെയാവണം ;എപ്പോഴും തീ തുപ്പി..”എന്താ നീ മിണ്ടാതെ ഇരിക്കുന്നത്?കുട്ടികളോടൊപ്പം കളിച്ചാലെന്താ?”ഏറ്റവും സൌമ്യമായി എന്‍റെ വാക്കുകള്‍ മുറിഞ്ഞു വീണു.അവളെന്നെ തുറിച്ചു നോക്കി.”എല്ലാടത്തുമുണ്ട് അവര്.ഇന്‍റെ പാവാട പൊക്കാന്‍ നോക്കി.അയാളുടെ വിരലുകള്‍ കടിച്ചു മുറിച്ചതോണ്ടാ ചാടാന്‍ പറ്റീത്.അവരെന്നെ അല്ലെങ്കില്‍ കൊന്നേനെ.”-അവള്‍ വെറുപ്പോടെ ചീറ്റി .മൂന്നാലു കൌണ്‍സിലിംഗ് കഴിഞ്ഞിട്ടും ഈ കുട്ടിയെ പേടി ശ്വാസം മുട്ടിക്കുകയാണ്.മുഖമാകെ കരുവാളിച്ചു.ക്ലാസ്സില്‍ ഏറ്റവും വലിപ്പമുള്ള കുട്ടി.പളപളാന്നുള്ള ചെടിയുടെ വളര്‍ച്ച.”ഇത്രേം വല്യ കുട്ടിയെ എന്തിനാ ഹാഫ്‌ സ്കര്‍ട്ട് ഇടീക്കണ്.”-ഒരു ദിവസം എല്‍സറ്റീച്ചര്‍ ചോദിച്ചു.ശരിയാ.ഉള്ളില്‍ പതയുന്ന അരിശത്തോടെ ഞാന്‍ തല കുലുക്കി.സ്ത്രീ മുട്ടയില്‍ നിന്ന് പുറത്തു വരുമ്പോഴേ ചുറ്റുമുള്ള പരുന്തുകളെയും കാക്കകളെയും തിരിച്ചറിയണം.അല്ലെങ്കില്‍...

പി ടി എ മീറ്റിങ്ങിലും മറുത്തൊരു അഭിപ്രായമുണ്ടായില്ല.”പക്ഷെ നമ്മുടെ സ്കൂളിന്‍റെ സല്‍പ്പേര്..നാളെ വല്ല ചാനലും ഇത് ഫ്ലാഷ് ന്യൂസ്‌ ആക്കിയാലോ?”-ഞാന്‍ ചോദിച്ചു.”ശരിയാ”,ഹെഡ്‌ മിസ്ട്രസ് ഒരല്പം ഭീതിയോടെ പിറുപിറുത്തു.”ഇനി എന്തു ചെയ്യും?ഇപ്പൊത്തന്നെ പല പാരന്റ്സും വളരെ റൂഡായാ സംസാരിച്ചത്.കുട്ടീടെ ഫാദറിനെ വിളിച്ച് കുറച്ചു കാലം കൂടി വീട്ടില്‍ നിര്‍ത്തി ചികിത്സിക്കാന്‍ പറയാം.അതിനു വേണ്ടുന്ന വല്ല സഹായവും പി ടി എ ഫണ്ടില്‍ നിന്നെടുക്കാം.ഇതൊക്കെയല്ലേ നമ്മളെക്കൊണ്ടു പറ്റൂ.”

അന്ന് –ഹോസ്പിറ്റലീന്നു കൊണ്ടു വന്നെന്നറിഞ്ഞു ചെന്നതായിരുന്നു.കയറു കൊണ്ടു കട്ടിലില്‍ ബന്ധിച്ചിരിക്കുന്നു അവളെ.”ഇനിയും മാറിയില്ലേ?”-ഉല്‍ക്കണ്ഠയോടെ ഞാനവളുടെ അമ്മയെ നോക്കി.”നല്ല സമാധാനായിരുന്നു ടീച്ചറേ.വീടിനു മുന്നിലെ ഈ റോഡ്‌ കണ്ടപ്പം തൊടങ്ങി പിന്നേം എളക്കം.ഏട്ടന്‍ വണ്ടി വിളിക്കാന്‍ പോയതാ.ഞ്ഞൂം കൊണ്ടോവന്നെ.ഒരു സൂക്കെടും ണ്ടാരുന്നില്ലല്ലോ ഇന്‍റെ കുട്ടിക്ക്.”ചോരയിറ്റുന്ന വാക്കുകളാല്‍ അവരുടെ മുഖം നനഞ്ഞു.ശരി തന്നെ.ഒരു കേടും ഉണ്ടായിരുന്നില്ല.നിലാവിനെ ഇരുള്‍ വിഴുങ്ങുന്നത് മുന്നറിയിപ്പ് തന്നിട്ടാണോ?

അവളുടെ അച്ഛന്‍ വല്ലാതെ വൃദ്ധനായിക്കഴിഞ്ഞെന്നു തോന്നി.ഒരൊറ്റ കൊല്ലം കൊണ്ട് അയാളിലേക്ക് വാര്‍ധക്യം ഇരച്ചു കയറിയോ?ഈശ്വരാ!ക്ലാസ്‌ടീച്ചറായതോണ്ട് കാര്യങ്ങള്‍ പറയേണ്ട ഗതികേടും തനിക്കു തന്നെ.പറഞ്ഞു തുടങ്ങിയപ്പോഴേക്കും അയാളിലേക്ക് മ്ലാനത ഉരുണ്ടിറങ്ങി.”ടീച്ചര്‍,സ്കൂളില്‍ ശല്യാന്ന്‍ അറിയാഞ്ഞല്ല.ഞാനൊരു കൂലിപ്പണിക്കാരനല്ലേ ?ചികിത്സിച്ചു ചികിത്സിച്ചു ഞാന്‍ മുടിഞ്ഞു.ഇതിനൊക്കെ കാരണക്കാരായ ചെകുത്താ ന്‍മാരെയൊക്കെ വെറുതെ വിടേം ചെയ്തു.പീഡനമൊന്നും നടന്നിട്ടില്ലത്രേ.ഇതിലും വലിയ പീഡനം ഇനി എന്താ വേണ്ടത്‌?വാക്കുകളുടെ ഭയാനകമായ ശൈത്യത്താല്‍ അയാള്‍ അടിമുടി വിറച്ചു.

സിബ്ബ്‌ വിട്ടു തുടങ്ങിയ ബേഗ് അലക്ഷ്യമായി തോളിലേക്കെറിഞ്ഞ് അവള്‍ വേഗം പിതാവിനെ അനുഗമിച്ചു.ടീച്ചര്‍ എന്ന് വിളിച്ച് അവളൊന്നു തിരിഞ്ഞു നോക്കിയതു പോലുമില്ല.ദൂരേന്ന് ഒരു ഓട്ടോ വാലില്‍ പുകയുമായി കിതച്ചെത്തി.പൊടുന്നനെ അവള്‍ അച്ഛനെ കെട്ടിപിടിച്ചു.ഭീതി നിറഞ്ഞ കണ്ണുകള്‍ റോഡിലേക്ക് പേര്‍ത്തും പേര്‍ത്തും പാളി വീണു.”അനുശ്രീ”-ഉറക്കെ വിളിച്ചുകൊണ്ട് ഞാന്‍ പിറകെ ഓടിയെത്തി.വായില്‍ നിന്ന് പതയൊലിപ്പിച്ച് അവളെന്നെ ഉറക്കാത്ത ദൃഷ്ടിയോടെ അളന്നു മുറിച്ചു.കയ്ക്കുന്ന ചിരി മുഖത്തണിഞ്ഞ് ഞാനവളെ ചേര്‍ത്തു പിടിച്ചു.”പേടിക്കേണ്ട ,ഇനിയാരും നിന്നെ കട്ടോണ്ട് പോവില്ല.ഞങ്ങളൊക്കെ ഇവിടില്ലേ?”-അവള്‍ അവിശ്വാസത്തോടെ എന്നെ നോക്കി.”കൊല്ലും നമ്മളെ അവര് കൊല്ലും.”അവളുടെ പിടുത്തം മുറുകി.”ഇല്ല മോളെ,”-എന്നെത്തന്നെ വിശ്വാസമില്ലാതെ ഞാന്‍ വെറുതെ വാക്കുകളെ ചവച്ചു തുപ്പി.”ഇനിയാരും മോളെ കൊണ്ടോവില്ല.മോള്‍ ഒറ്റയ്ക്ക് വരേം വേണ്ട.ഡോക്ടറെ കണ്ട് കുറച്ചൂസം കഴിഞ്ഞ് ക്ലാസ്സില്‍ വന്നാ മതി ട്ടോ.”-അവള്‍ പതിയെ അടര്‍ന്നു മാറി നിസ്സഹായതയുടെ വിരലുകളെ തൊട്ടു.”പോകാം അച്ഛാ”-അവര്‍ നടന്നകന്നു.കഴിഞ്ഞ വര്‍ഷം അവള്‍ ഒരു ദിവസം ക്ലാസ്സില്‍ ഏറെ വൈകിയാണെത്തിയത്‌.എവിടെയായിരുന്നു എന്നു ചോദിച്ചതും വിതുമ്പിക്കരഞ്ഞു കൊണ്ട് ഓടി സീറ്റില്‍ പോയിരുന്നു.ആരെന്തു ചോദിച്ചിട്ടും ഉത്തരമില്ല.പിന്നെയാണ് ഫിറ്റ്‌സ് വന്ന് കുഴഞ്ഞു വീണത്‌.കാരണങ്ങളുടെ ഏച്ചുകെട്ടുകള്‍ പൂര്‍ത്തി  യായപ്പോഴേക്കും..കൈകാലുകളില്‍ വിണ്ടു പൊളിഞ്ഞ മുറിവുകള്‍..വിജനമായ റോഡില്‍ ആരും ഒന്നും കണ്ടില്ലല്ലോ എന്ന ആശ്വാസത്തിലും എല്ലാം  സ്വപ്നമായിരുന്നോ എന്ന വിവശതയിലുമാവണം അവള്‍ സ്കൂളിലേക്ക് ഓടിക്കയറിയത്.ഒരു കാവല്‍ മാലാഖയാവാം അവളെ ഓട്ടോയുടെ ചക്രങ്ങള്‍ക്കടിയില്‍ പെടാതെ രക്ഷിച്ചത്.

ഇരുള്‍ പെയ്യുന്നു.നാട്ടില്‍ പോയതായിരുന്നു.അനുവിന്‍റെ അവസ്ഥ എന്താവോ?ഹോസ്റ്റ്ലിലേക്ക് നടന്നെ ത്തുമ്പോഴേക്കും ഇരുള്‍ മൂടിപ്പൊതിയും.കുലുങ്ങിപ്പായുന്ന ഓട്ടോകളെ ഞാനൊട്ടു ഭയത്തോടെ നോക്കി.പരുന്തുകള്‍ പൊട്ടുകളായി ആകാശത്തു വട്ടമിടുന്നുണ്ടോ?ഒറ്റയ്ക്ക് ചിക്കിച്ചിനക്കുന്ന തള്ളക്കൊഴിയെ പ്പോലും ചിലപ്പോളവ റാഞ്ചിയേക്കും.തമസ്സിന്‍റെ കൈകാലുകള്‍ക്ക് ദിനംപ്രതിയല്ലേ നഖങ്ങള്‍ പെരുകുന്നത്.കൂര്‍ത്തു മൂര്‍ത്ത നഖങ്ങള്‍................................... .