Pages

2020, ജൂൺ 29, തിങ്കളാഴ്‌ച

ക്ലീന്‍ കണ്ട്രി [കഥ]



കറുത്തു മെല്ലിച്ച ആ സ്ത്രീ ചവറുകൂനക്കരികെ ആര്‍ത്തിപിടിച്ച കണ്ണുകളോടെ കുറെ നേരമായി തിന്നാന്‍ വല്ലതും ഉണ്ടോയെന്നു തിരയുന്നു. തൊട്ടപ്പുറത്ത് മൂന്നാലു ചാവാലിനായ്ക്കള്‍ വലിയ കീസ്കെട്ടുകളെ മൂര്‍ച്ചയുള്ള പല്ലുകളാല്‍ കടിച്ചുപറിക്കയാണ്. അതില്‍ തീറ്റയവശിഷ്ടങ്ങള്‍ മാത്രമല്ല , ഓരോ വീടും ഉപേക്ഷിക്കുന്ന പാമ്പേഴ്സ് മുതലുള്ള എല്ലാ വേസ്റ്റുകളും ഉണ്ട്. വിശപ്പിന്‍റെ കത്തല്‍ അത്ര മേല്‍ ചെമന്നു നിന്നതിനാല്‍ അവ കെട്ട മണങ്ങളൊന്നും അറിഞ്ഞില്ല. ചീഞ്ഞതാണെങ്കിലും തിന്നാന്‍ കൊള്ളുന്നതെല്ലാം അകത്താക്കിക്കൊണ്ടിരുന്നു.
ആ സ്ത്രീയും അത് തന്നെയാണ് തിരയുന്നത്, ഇത്തിരി ഭക്ഷണം. ജഡ പിടിച്ച മുടി ഇടയ്ക്കിടെ  മുഖത്തേക്ക് വീണ് അവരെ ശല്യം ചെയ്യുന്നുണ്ട്. അപ്പോഴെല്ലാം പുളിച്ച തെറി അവര്‍ തുപ്പുന്നുമുണ്ട്. കരുവാളിച്ച മുഖത്ത് അടുത്തൊന്നും വെള്ളം കണ്ടതിന്‍റെ യാതൊരു ലക്ഷണവും ഇല്ല. അഴുക്ക് പിടിച്ച് കറുത്ത പല്ലുകള്‍ , ചേറു പിടിച്ച പാദങ്ങള്‍..പാദരക്ഷകളെ ഒരിക്കല്‍ പോലും ആ കാലുകള്‍ കണ്ടിട്ടില്ല. മുഷിഞ്ഞ സാരിയുടെ മുന്താണി കൊണ്ട് അവള്‍  വയര്‍ പുതച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ആ വേസ്റ്റ് കൂന മറ്റൊരു ചോരക്കുഞ്ഞിനെ സ്വീകരിക്കും. ചുമലിലൂടെ തൊട്ടില്‍ പോലെ തൂക്കിയ  തുണിയില്‍ ഒരു പൊടിക്കുഞ്ഞ് ഉറങ്ങുന്നുണ്ട് .
തിരഞ്ഞു തിരഞ്ഞു ഒടുക്കം കടിച്ചീമ്പിയ എല്ലുകളുള്ള  ഒരു ബിരിയാണിപ്പൊതി അവള്‍ക്ക് കിട്ടുന്നുണ്ട്. ചവക്കാന്‍ പോലും ക്ഷമയില്ലാതെ വാരി വിഴുങ്ങിയത് കൊണ്ട് ഇടയ്ക്കിടെ ചുമയ്ക്കുന്നുമുണ്ട്. പൂര്‍ണമായ ഒരു പട്ടിണിദിനം കഴിഞ്ഞുപോയത് കൊണ്ട് അവള്‍ക്കാ പൊതി  കിട്ടിയത് തന്നെ വലിയ ആശ്വാസമായി തോന്നി. പൈപ്പില്‍ നിന്ന് വെള്ളം കുടിച്ച് കുഞ്ഞ് ഉറങ്ങുകയല്ലേ എന്നുറപ്പ് വരുത്തി അവള്‍ ഒരു മരച്ചുവട്ടില്‍ ഇരുന്നു . ഉഷ്ണത്തിന്‍റെ ആധിക്യം ഇലകളെ തല്ലിക്കൊഴിച്ചിട്ടുണ്ട്. മഴയും മഞ്ഞും വെയിലുമൊന്നും അവള്‍ക്ക് പ്രശ്നമല്ല . തീയില്‍ കുരുത്തത് വെയിലത്ത് എങ്ങനെ വാടാനാണ്?

അപ്പോഴാണ്‌ ഒരു കാര്‍ അവള്‍ക്ക് മുന്നില്‍ സഡന്‍ ബ്രേക്കിട്ടതും അധികാരത്തിന്‍റെ വളര്‍ത്തുനായകളായ രണ്ടു ഉദ്യോഗസ്തര്‍ ചാടിയിറങ്ങിയതും. രൂക്ഷമായ ചോദ്യങ്ങളാല്‍ അവര്‍ അവളെ പ്രഹരിക്കാന്‍ ആരംഭിച്ചു.
“നീ ഏതു നാട്ടുകാരിയാണ്? നിന്‍റെ പേരെന്താണ്?
എനാണ് ഇവിടെ എത്തിയത്? നിന്‍റെ ഭാണ്ഡത്തില്‍ എന്താണ്?
നിന്‍റെ തിരിച്ചറിയല്‍ രേഖകള്‍ എവിടെ?
നീ ഇവിടത്തുകാരിയാണ് എന്നതിന് എന്താണ് തെളിവ്?”
ഒന്നിനും ഉത്തരം പറയാതെ ആ സ്ത്രീ അവരെ പകപ്പോടെ തുറിച്ചു നോക്കി. അവളിന്നു വരെ അത്തരം ചോദ്യങ്ങള്‍ നേരിട്ടിട്ടില്ല. താന്‍ ജനിച്ചു എന്നതിന് ഈ നില്‍ക്കുന്ന താനല്ലാതെ മറ്റെന്താണ്‌ തെളിവ്?

അവളുടെ നോട്ടം അവഗണിച്ചുകൊണ്ട് അതിലൊരാള്‍ മേലധികാരിക്ക് ഡയല്‍ ചെയ്തു –“സാര്‍ , ഇവിടെ കവലയില്‍ സംശയകരമായ നിലയില്‍ മറ്റൊരു നാടോടിസ്ത്രീയെക്കൂടി കിട്ടിയിട്ടുണ്ട്. അവളെ ഊരില്ലാത്തവരുടെ തടവറയിലേക്ക് കൊണ്ടു പോവുകയല്ലേ സാര്‍?”
മറുതലക്കല്‍ നിന്ന് കിട്ടിയ സമ്മതഉത്തരവ്പ്രകാരം  അവളെ അവര്‍ അപ്പോള്‍ അവിടെ പാഞ്ഞെത്തിയ ഒറ്റവാതില്‍ മാത്രമുള്ള നീണ്ട കൂറ്റന്‍ വണ്ടിയിലേക്ക് തല്ലിക്കയറ്റി. വാതില്‍ തുറന്ന മാത്രയില്‍ അതിനുള്ളില്‍ നിന്ന് അനേകരുടെ പ്രാക്കും കരച്ചിലും പുറത്തേക്ക് ചാടി .

“നാടോടികളും അന്യമതക്കാരുമില്ലാത്ത, ഒരേ പൂക്കള്‍ മാത്രം വിരിയുന്ന പൂന്തോട്ടമായിത്തീരണം നമ്മുടെ നാട്. എല്ലാ അഴുക്കുകളും നീങ്ങിക്കഴിയുമ്പോള്‍ അതെത്രമേല്‍ സുന്ദരമായിരിക്കും അല്ലേ?”
 ഒന്നാമന്‍ പ്രത്യാശയോടെ മറ്റേയാളെ നോക്കി.

“അതെയതെ”- രണ്ടാമന്‍ ഒരു സംസ്കൃതശ്ലോകം ഉരുവിട്ടുകൊണ്ട് തലയാട്ടി.അപ്പോള്‍ വഴിയിലെ കടലാസുകള്‍ ചവച്ചുകൊണ്ട് ഒരു അങ്ങാടിപ്പശു അങ്ങോട്ട്‌ വന്നു. രണ്ടു പെരും മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് അതിനെ നമസ്കരിച്ചു. പശു അവരെ നോക്കുക പോലും ചെയ്യാതെ നടന്നുപോയി.
“കഷ്ടം! ഗോക്കളുടെ  അവസ്ഥ കണ്ടില്ലേ? പിന്നെങ്ങനെ നമ്മുടെ നാടിന് ഐശ്വര്യം ഉണ്ടാകും? ഒരു കിലോയോളം കീസ് വയറില്‍ പെട്ട് ഇന്നാളൊരു പശു മരിച്ച വാര്‍ത്ത വായിച്ചില്ലേ? വളര്‍ത്തുന്നവരെയാണ് അടിച്ചു കൊല്ലേണ്ടത്.”- ഒന്നാമന്‍ രോഷത്തോടെ ആക്രോശിച്ചു.

“അതെയതെ , യാഗങ്ങളും ഹോമങ്ങളും വര്‍ണവ്യവസ്ഥയും എല്ലാമുള്ള ആ കാലം തിരിച്ചു വന്നാലേ ഗോക്കള്‍ക്ക് രക്ഷ കിട്ടൂ . പുരാണങ്ങള്‍ എന്തു മാത്രം ശാസ്ത്രീയമാണെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് ബോധ്യമാകാന്‍ തുടങ്ങിയിട്ടുണ്ട്. അധ്വാനിക്കേണ്ട മ്ലേച്ഛവര്‍ഗമൊക്കെ വലിയ സുഖിയന്മാരായിപ്പോയി . നമ്മള്‍ മേല്‍ജാതിക്കാര്‍ക്ക് വല്ല പരിഗണനയും കിട്ടുന്നുണ്ടോ? അവര്‍ക്ക് പൂജ്യം മാര്‍ക്കാണേലും സംവരണം, ജോലി.. കലികാലം! കലികാലം..” രണ്ടാമന്‍ ക്ഷോഭത്തോടെ പറഞ്ഞവസാനിപ്പിച്ചു.

വഴിയിലെ കൂറ്റന്‍ ക്ലോക്കിലേക്ക് അവര്‍ ആവേശത്തോടെ നോക്കി .ആ ഭീമന്‍ സൂചികള്‍ പിറകോട്ട് ടിക്ക് ടിക്ക് ചലിക്കുന്നു. ചേരിയിലെ കുടിലുകള്‍ക്ക് മുമ്പില്‍ അവരുടെ കാര്‍ നിന്നു. പിന്നാലെയെത്തിയ ഒറ്റവാതിലുള്ള കൂറ്റന്‍ വണ്ടിയിലേക്ക് ചുമച്ചു ചുമച്ച് ഓരോരുത്തരായി കയറിത്തുടങ്ങി.
“ക്ലീന്‍ അവര്‍ കണ്‍ട്രി ഫ്രം ഓള്‍ വേസ്റ്റ്സ്. ഈ പദ്ധതി വിജയിക്കും. നമ്മുടെ നാട് ശുദ്ധമാവും . സുന്ദരമാവും ..”ഒരു നഴ്സറി ഗാനം പോലെ ആ വരികള്‍ മൂളിക്കൊണ്ട് അവര്‍ കാറില്‍ ഇരുന്നു . അപ്പോള്‍ ദൂരേന്ന് താടിയും തലപ്പാവുമുള്ള ഒരു വൃദ്ധന്‍ നിരാശയുടെ പടുകുഴിയില്‍ നിന്നെന്നോണം വരുന്നത് അവര്‍ കണ്ടു . ആ വഴിപ്പോക്കന്‍റെ നേര്‍ക്ക് അവരുടെ കാര്‍  ആഹ്ലാദത്തോടെ കുതിച്ചു .
“ഞാനും നീയും വെറും സഞ്ചാരികള്‍ മാത്രം . എന്നില്‍ അധികാരം ചെലുത്താന്‍ നീയാര്? നിനക്ക് വിധേയപ്പെടാന്‍ ഞാനാര്? നമ്മള്‍ വെറും കുമിളകള്‍ .ദുനിയാവ് സ്വന്തമെന്നു കരുതുന്ന വിഡ്ഢികള്‍..” തന്‍റെ നേരെ കുതിക്കുന്ന ദുരന്തം അറിയാതെ ആ വൃദ്ധന്‍ ഒരു കവിത  മൂളിക്കൊണ്ട് പതുക്കെ നടന്നു .