Pages

2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

മാന്ത്രികന്‍ (കവിത)

ദുഃഖത്തിന്റെ ഭീമന്‍ തേരുകള്‍ ഉള്ളിലെപ്പോഴും ഉരുണ്ടു

അതിന്റെ പല്‍ച്ചക്രങ്ങള്‍ ഹൃദയത്തിന്റെ ഓരോ അണുവിലും മുറിവേല്‍പ്പിച്ചു

വസന്തം എന്നേ കടന്നു പോയെങ്കിലും,

ഗ്രീഷ്മത്തിന്റെവരണ്ടകാറ്റ്ചൂളമിട്ടെങ്കിലും

ശിഖകളെല്ലാം ഇലപ്പച്ച നഷ്ടപ്പെട്ട് ചുള്ളികള്‍ നീട്ടി വിരൂപമായെങ്കിലും

ഒരിളംകാറ്റിനെ എപ്പോഴും പ്രതീക്ഷിച്ചു

തഴുകിക്കടന്നുപോകുന്ന മന്ദമാരുതന്‍...

കാതില്‍ കിന്നാരം ചൊല്ലി, ചുണ്ടില്‍ അരുമയായ് മുത്തി

പക്ഷെ, കൊടുങ്കാറ്റുകള്‍ മാത്രം തരുവിനു കൂട്ട്

എന്നിട്ടും അടിപതറാതെ പിടിച്ചുനിന്നു ഒരായിരം തവണ..

ഇപ്പോള്‍ തോന്നുന്നു എന്തായിരുന്നു കാര്യം

ഈ അനാഥനില്‍പ്പിന് അനന്തമായ കാത്തിരിപ്പിന്

ശൂന്യതയുടെ പെരുംകൊട്ടയായ് അടികീറിക്കിടക്കുന്നു മനസ്സ്

മടങ്ങണ്ടേ?മടുപ്പിന്റെ ഈ മഹാശൈലത്തില്‍ നിന്നിറങ്ങണ്ടേ?

എന്തിനായിരുന്നു ഈ അസംബന്ധയാത്ര? ഇത്രേം സന്നാഹം?

വെറുതെയായ മോഹങ്ങളുടെ ശവക്കച്ചയുമായി

കാത്തിരിപ്പാണ് ഒരേയൊരു അതിഥിയെ

എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നുപോലും പറയാത്ത ആ മഹാവിരുതനെ

  

2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

മുത്ത്‌ (കവിത )



എന്റെ ആഹ്ലാദത്തിന്റെ ചെപ്പുകള്‍ നിന്റെ കയ്യിലായിരുന്നു

എത്ര കാലമായ് ഞാനത് തിരയുന്നു ..

ഇപ്പോള്‍, എപ്പഴേലും നിന്റെ സ്വരം ചിലമ്പുമണികളായി

ഉള്ളിലേക്കുതിരുമ്പോള്‍ എതരയാണാഹ്ലാദം

ഒന്നും ഒരിക്കലും സ്വന്തമല്ലാത്തവള്‍ക്ക് ഈ ചപലതകള്‍ മാത്രം തുണ

എന്തേ ഈ ആത്മാവിനെ പുല്‍കാന്‍ നിന്റേതുപോലൊരു പ്രകാശം

ഈ ചെപ്പിലേക്ക് വന്നില്ല?

വേദനാജനകമായ മുത്തിന്റെ രൂപപ്പെടലില്‍ പങ്കാളിയായില്ല?

പാവം മുത്ത്! മണല്‍ത്തരികളുടെ അസ്വാരസ്യത്തിലും

അന്യജീവികളുടെ കടന്നുകയറ്റത്തിലും

നഷ്ടപ്പെട്ട സ്വപ്‌നങ്ങളൊന്നാകെ ഉരുട്ടിയുരുട്ടി രൂപം പ്രാപിച്ചത്...

എന്നിട്ടും ഒറിജിനലല്ലെന്ന്! ഹോ! തീയെരിക്കും വേദനകള്‍ മാത്രം സത്യം

ആര്‍ക്കും വേണ്ടയീ കീറിപ്പറിഞ്ഞ കുപ്പായം..

.ചുരുട്ടിയെറിഞ്ഞു  വീണ്ടും കുപ്പക്കുഴിയിലേക്ക്

അവിടെക്കിടന്നും തിളങ്ങുന്നു ഉള്ളിലെ മുത്ത്...

ആത്മാവേ, ഈ പഞ്ജരവും ഉടയും, ഈ ലോകവും മായും..

വീണ്ടും നിന്റെ യാത്രകള്‍ എവിടേക്ക്?എന്തിന്? ആര്‍ക്കറിയാം?   

2013, ഓഗസ്റ്റ് 18, ഞായറാഴ്‌ച

ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌

ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ ................കഥ


പാലക്കാട്‌:വഴിയോരത്ത് പഴയ സാധനങ്ങള്‍ വില്‍ക്കുന്ന അബൂക്കയാണ് ഇപ്പോള്‍ തെരുവിന്‍റെ രാജാവ്‌.തെരുവുകച്ചവടം ഇദ്ദേഹത്തിനു നല്‍കിയത് നഗരത്തിന്‍റെ ഹൃദയഭാഗത്ത് രണ്ടു ഷോറൂമുകള്‍ വീടിന്‍റെ ഇന്റീരിയര്‍ ഭംഗിക്ക് ആന്റിക്പീസുകള്‍ തേടുന്നവര്‍ ഈ രണ്ടു മാളുകളിലും തിക്കിത്തിരക്കുന്നു .ഓട്ടുകിണ്ടി മുതല്‍ ആട്ടുകളല്‍ വരെ വിപണിയില്‍ അമൂല്യ വസ്തുക്കളാണ് .വിവിധരാജ്യങ്ങളില്‍ പല കാലത്തായി ഉണ്ടായിരുന്ന പലതരംഅലങ്കാരങ്ങളും പുതപ്പുകളും പരവതാനികളും നിങ്ങള്‍ക്കിവിടെ കാണാം.ഗ്രാമഫോണ്‍, ആമാട പ്പെട്ടി,വെറ്റിലച്ചെല്ലം,വിളക്കുകള്‍,ഘടികാരം,ടോര്‍ച്ച്,ഉരുളി,ചീനഭരണി,ഇങ്ങനെ എന്തും അബൂക്ക വിലകൊടുത്തു വാങ്ങുന്നു.പഴയ തരം കട്ടില്‍ ,മേശ മുഖപ്പ്,കൈവരി ,വാക്കിംഗ്സ്റ്റിക്ക് എന്നിവക്കെല്ലാം നല്ല ഡിമാണ്ടാണ്.പഴയ വീടുകള്‍ വാതിലുകള്‍ക്കും ജനലുകള്‍ക്കും മാത്രമായി പൊളിച്ചു വാങ്ങുന്നുണ്ട് അബൂക്ക.

വാര്‍ത്ത വായിച്ചു അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു.പഴയ പിച്ചളക്കോളാമ്പി സല്‍മ ഫ്ലവര്‍വേസാക്കിക്കഴിഞ്ഞു.വെറ്റിലച്ചെല്ലം,കിണ്ടി ,കിണ്ണങ്ങള്‍ തുടങ്ങിയവ വീട് നന്നാക്കിയപ്പോള്‍ അവള്‍ എന്തു ചെയ്താവോ.ഉമ്മാക്ക് തറവാട്ടില്‍ നിന്നു കിട്ടിയ കുടുംബസ്വത്താണ്.എല്ലാം ഒന്നു ഒരുക്കൂട്ടാന്‍ പറയണം.നല്ല വില കിട്ടുമെങ്കില്‍ എന്തിനു ഇവിടെ പൊടി പിടിക്കാനിടണം.

“ഹാവൂ ,ഇന്‍റെ റബ്ബേ!ഇന്ക്കിനി സഹിക്കാന്‍ വയ്യാലോ ഈ വേദന.ഈ അദാബ്ന്ന് ഒന്ന്ന്നെ കര കേറ്റ് റബ്ബേ!”

ശല്യം!പതംപറച്ചിലും പയ്യാരോം പിന്നേം തൊടങ്ങി.ഉമ്മറത്തേക്ക് ഒച്ച കേട്ടിട്ടാണ് സല്‍മ ഉമ്മയെ അടുക്കളയുടെ അടുത്ത റൂമിലേക്ക്‌ മാറ്റിയത്.അസുഖം പിടിച്ചാ പിന്നെ പുറത്തറിയാന്‍ പറ്റാത്ത മാനക്കേടാണ് എല്ലാരും.മഹാമാരികളാണേല്‍ പിന്നെ പറയേം വേണ്ട.ആദ്യമൊക്കെ പൊറുതികേട്‌ തന്നായിരുന്നു,ഉമ്മാനെ അവള് പ്രാകുന്നത് കേക്കുമ്പോ.ആയ കാലത്ത് ഉമ്മേം കൊറെ പോര് കുത്തിയതാണല്ലോയെന്നു പിന്നെ സമാധാനിക്കും.

അബൂക്കാന്റെ കടയില്‍ എല്ലാ പഴേ സാധനങ്ങളും എടുക്കുണുണ്ടോ എന്തോ!ഗുഡ്സ് വണ്ടിയില്‍ കിണ്ണത്തിന്റെയും കിണ്ടിയുടെയും നുരുമ്പിയ ഒച്ചകള്‍ക്കിടയില്‍ ഉമ്മ ചുരുണ്ടുകിടക്കുന്ന ചിത്രം മനസ്സിലേക്ക് ഊര്‍ന്നു വീണപ്പോള്‍ അയാള്‍ തന്നെ ഞെട്ടിപ്പോയി.പിന്നെ നെടുവീര്‍പ്പോടെ പിറുപിറുത്തു:”അങ്ങനെച്ചാനന്നെയ്നി.പഴേതാവുമ്പോ മന്ഷനും വല്ല വെലിം കിട്ടീര്‍ന്നെങ്കി ...............................



2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ദയാവധം

ദയാവധം....................കഥ


ലോകത്തിലെ ഏറ്റവും വലിയ നന്മയായിരുന്നു അത്.എന്നിട്ടും കയ്യാമമാണവരെ സ്വീകരിച്ചത്.പരിഹാസനോട്ടങ്ങളാണ് പകരം കിട്ടിയത്.ഈ ആള്‍ക്കൂട്ടമൊന്നും മൂന്നാലു കൊല്ലമായി അവരുടെ കൂടെ ഉണ്ടായിരുന്നില്ല.വലിയൊരു വീട്ടില്‍ ഒരു തടവുകാരിയെപ്പോലെ ജീവിക്കുന്ന ശുശ്രൂഷക.മുകളില്‍ അവരും ചലനമറ്റ മകളും മാത്രം.ഉറക്കമില്ലാത്ത രാത്രികളില്‍ ഏകാന്തതയുടെ ഭീമന്‍കൈകള്‍ പുറത്തെ നിലാത്തുള്ളികള്‍ വലിച്ചുകുടിച്ച്ചുമരില്‍ നിഴല്‍ചിത്രങ്ങള്‍ വരക്കും.ഓരോ രൂപവും വരാന്‍ പോകുന്ന ഇനിയും കഠിനമായ കാലങ്ങളിലേക്ക് മാത്രം ചൂണ്ടലിടും.കുടുങ്ങുന്നതെല്ലാം ദുഃഖത്തിന്‍റെ കൂറ്റന്‍സ്രാവുകള്‍...താങ്ങാനൊട്ടുമേ ശേഷിയില്ലാത്ത ചൂണ്ടല്‍ക്കയറുകള്‍..

അവര്‍ കൈകള്‍ മണത്തു നോക്കി.ഡെറ്റോളും സോപ്പുമൊന്നും പറ്റിപ്പിടിച്ച ദുര്‍ഗന്ധത്തെ മായ്ച്ചുകളയില്ല.മൂന്നാലു കൊല്ലങ്ങള്‍..മലവും മൂത്രവും കോരി..അപ്പിത്തുണികള്‍ തിരുമ്മി..എന്നിട്ടും മരുമകള്‍ പ്രാകിക്കൊണ്ടിരുന്നു-“മുറ്റം വരേണ്ട് നാറ്റം.ഒരാള് ഇങ്ങട്ട് വരോ ഇങ്ങനായാ..”അമ്മായിയമ്മ മരുമകളെയല്ല തിരിച്ചാണ് ഭരണം..ഈ റൂം ഞാന്‍ തന്നെ വൃത്തിയാക്കണം.പ്ലെയ്റ്റും ഗ്ലാസ്സും ഒക്കെ പ്രത്യേകമാണ്.കൈക്കുഞ്ഞിനെ പരിചരിക്കുമ്പോള്‍ ഒരു പ്രതീക്ഷയുണ്ട്-അതിന്‍റെ വിടരല്‍,മനോഹരപുഷ്പമാകല്‍..അതാണ്‌ ഒരമ്മയെ അറപ്പും വെറുപ്പും ഇല്ലാത്തവളാക്കുന്നത്.ഇത് പക്ഷേ-ഇനിയൊരു ചലനം അസാധ്യം..ചൈതന്യം നിറഞ്ഞ ലോകത്തിന്‍റെ സുന്ദരമുഖത്തേക്കാണ് ആ തുറിച്ചുനോട്ടം.പല്ലേതുനേരവും വെളിക്കു കാട്ടി,തല മൊട്ടയടിച്ച് ആകെ വികൃതരൂപമായി..ചലനമില്ലായ്മ ആദ്യം മണത്തറിയുക പേനുകളാണ്.മുടിയേക്കാള്‍ പെരുകുന്ന പേനുകള്‍..അതാണ്‌ മൊട്ടയടിച്ചത്.കാണുന്നവരൊന്നും ആ തുറിച്ചുനോട്ടം ഒന്നുകൂടി നേരിടില്ല.കൈകള്‍ വിറങ്ങലിച്ച് വിറകുകൊള്ളികളായി മടങ്ങിത്തിരിഞ്ഞു കിടക്കുന്നു.എന്നിട്ടും ശരീരത്തിന്‍റെ ഏതോ ഒരു കേന്ദ്രത്തില്‍ നിന്ന് ഇടയ്ക്കിടെ ഒരു ദീനവിലാപം..തുടങ്ങിയാല്‍ അതിനു അവസാനമില്ലേയെന്നു തോന്നും.

ചെറിയൊരു മന്ദത..അതേ ഉണ്ടായിരുന്നുള്ളൂ.വെറുതെ ചിരിച്ചോണ്ടിരിക്കും.ചീത്ത കേട്ടാലും തല്ലിയാലും ആളെ കളിയാക്കുന്ന അതേ ചിരി തന്നെ.അരിശം മൂത്ത് നല്ലോണം വേദനിപ്പിച്ചാലും ചിരി തന്നെയാവും.എന്നാലും കണ്ണുകള്‍ കരയുന്നുണ്ടാവും.അതു കാണുമ്പോള്‍ മനസ്സൊരു ശ്മശാനമാകും.ഈ കുട്ടിയെന്തു പിഴച്ചു?എനിക്ക് പടച്ചോന്‍ തന്ന ശാപത്തിന് ഈ ആത്മാവെന്തു പിഴച്ചു?ഒരു വൃക്ഷമാണ് മാതാവ്.ശിഖരം പിരിഞ്ഞു പിരിഞ്ഞു പോകുമ്പോഴും അതിന്‍റെ മനസ്സു മാത്രം മാറുകയില്ല.കൊമ്പുകളാകട്ടെ ചിലത് വെളിച്ചത്തിലേക്ക് അത്യുത്സാഹത്തോടെ നീണ്ടു പോകും.അതിനു വേണ്ടി മാത്രം അടുത്തുള്ളതിനെ ഞെരിച്ചൊടിക്കും.അമ്മമനസ്സാകട്ടെ അപ്പോഴും എല്ലാവര്‍ക്കും വെള്ളവും ആഹാരവും എത്തിക്കാന്‍ യത്നിച്ചുകൊണ്ടിരിക്കും..

അവനതു പറഞ്ഞപ്പോള്‍ ഈ കിടക്കുന്ന ആള്‍ അവന്‍റെ ആരും തന്നെയല്ലേ എന്നു തോന്നിപ്പോയി.

“ഇങ്ങക്ക് ഇതല്ലാതെ വേറെ പണിണ്ടോ?വെര്ണോലോടൊക്കെ ഈ നെലോളീം പാരായംപറച്ചിലും അല്ലാതെ..വാപ്പ നയിച്ച്‌ തന്നതൊന്നും അല്ലാലോ,ഞാന്‍ നയിച്ചുണ്ടാക്കിയ പൊര.ന്നട്ടും മോന്‍ ഇബടെ നിര്‍ത്ത്ണണ്ടല്ലോന്നല്ല ഓന്‍ നോക്കൂല,കൃപല്ലാന്ന്‍ പറഞ്ഞു നടക്കാനാ ഇങ്ങക്ക് നാവ്.”

കട്ടിമീശക്കു താഴെ വെളിപ്പെട്ട അവന്‍റെ വെണ്മയുള്ള പല്ലുകള്‍ അവരെ ഗതകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.അന്നെല്ലാം കുഞ്ഞിപ്പല്ലുകള്‍ തന്‍റെ വിരലെത്ര കടിച്ചു മുറിച്ചതാണ്..ചോറ് വായില്‍ വെക്കുമ്പോഴേക്കും കടി കിട്ടിയിരിക്കും.പടച്ചോന്‍ തന്ന മുന്നറിയിപ്പാവണം-മക്കള്‍ മൂലം വരാന്‍ പോകുന്ന മുറിവുകള്‍..പാലിയേറ്റീവുകാര്‍ വന്ന് വിറകുകൊള്ളികളായ കാലുകളെ ബലമായി അകത്തി മൂത്രറ്റ്യൂബ് മാറ്റുമ്പോളെല്ലാം മനുഷ്യന്‍ എത്രയെളുപ്പമാണ് പരിഹാസ്യമായ ഒരു കളിക്കോപ്പായിത്തീരുന്നതെന്ന് ഓര്‍ക്കും.കണ്ണുകള്‍ പുകഞ്ഞ് തൊണ്ടയില്‍ നിന്ന് വലിയൊരു കല്ല്‌ പുറത്തു ചാടാന്‍ വെമ്പും..ട്യുബ് മാറ്റിയതും ദിനങ്ങളോളം വയര്‍ കെട്ടി വെച്ച മൂത്രവും പഴുപ്പും യുറിന്‍ബാഗിലേക്ക് തുള്ളികളായി.മലം മുറിയെ ദുര്‍ഗന്ധപൂരിതമാക്കി.നഴ്സും വളണ്ടിയറും മുഖം ചുളിച്ചു.ആകാവുന്നത്ര വേഗത്തില്‍ എല്ലാം വൃത്തിയാക്കി.ദുരിത മഴയിലെ നിര്‍ത്തം അവസാനിക്കാഞ്ഞാവാം കാലുകള്‍ നീര്കെട്ടി വാഴത്തടി പോലാകുന്നത്..കടച്ചിലും പെരുപ്പും ഒരിക്കലും മാറാത്തത്..ഒച്ചിനെപ്പോലെയാണ് വര്‍ഷങ്ങള്‍ ഇഴയുന്നത്‌.ഒന്നു പുറത്തിറങ്ങാന്‍ അനുവദിക്കാത്ത ജയില്‍മുറി.എല്ലാം അവഗണിച്ച് ഒന്നു പുറത്തു ചാടാമെന്നു വെച്ചാലും വിലാപധ്വനിയുടെ ചങ്ങല പിന്നില്‍ കിലുങ്ങും.വീണ്ടുമാ മുറിയില്‍ ഒരു കാളയെപ്പോലെ മരക്കുറ്റിയില്‍ ബന്ധിതമാകും.കൈകാലുകള്‍ക്ക്ഒരു വിറയലായിരുന്നു ആദ്യം-“ബുദ്ധില്ലാത്തോളല്ലേ?പൈസകൊറെകളഞ്ഞിട്ടെന്താ?”മൂപ്പരങ്ങനെയാണ് പറഞ്ഞത്.എന്നിട്ടും മക്കളില്‍ നിന്ന് ഇടയ്ക്കു കിട്ടുന്ന ഔദാര്യത്തില്‍ നിന്ന് മരുന്നും കഷായവുമൊക്കെ വാങ്ങിക്കൊടുക്കും.ആണ്‍മക്കള്‍ രണ്ടും പണക്കാരാണ്.സ്വന്തം മണിമാളികകളുടെ മാര്‍ബിളും ഫര്‍ണീച്ചറുമൊക്കെയാണ് ആ വിയര്‍പ്പുതുള്ളികളെ സ്നേഹപൂര്‍വ്വം പുണര്‍ന്നത്‌..സ്ഥിരമായ രണ്ടു പഴഞ്ചരക്കുകള്‍ വീടിന്‍റെ മൂലയില്‍ ആര്‍ക്കും വേണ്ടാതെ..

കുറെയായി ഒരു തോന്നല്‍-മരണം ഇവിടെ എവിടെയോ പതുങ്ങിയിരിപ്പുണ്ട്.ഉറങ്ങാനായി ലൈറ്റണക്കുമ്പോഴാണ് ആ വിചാരം ശക്തിപ്പെടുക.ഇരുള്‍ക്കൈകള്‍ തന്‍റെ കഴുത്തിറുക്കാനായി നീണ്ടു വരുന്നു.ഒന്നുരണ്ടു തവണ നിലവിളിച്ചതുമാണ്.ആര് കേള്‍ക്കാന്‍?എല്ലാവരും താഴെ സസുഖം ഉറങ്ങുകയാണ്.ഒരിക്കല്‍ കിനാവും കണ്ടു-കറുകറുത്ത മേല്‍ക്കുപ്പായമണിഞ്ഞ ചെകുത്താന്‍ ശ്വാസം മുട്ടിക്കുന്നത്‌..അവളെ തിരിഞ്ഞു നോക്കി അട്ടഹസിക്കുന്നത്..

ആ ആധി ജിന്നുപോലെയാണ് ആവേശിച്ചത്.അങ്ങനെ സംഭവിച്ചാല്‍ എന്തു ചെയ്യും?മക്കള്‍ ചലനമില്ലാത്തവളെ എവിടെ തള്ളും?എലിയോ പൂച്ചയോ അല്ലല്ലോ വഴിയിലേക്കെറിയാന്‍..പാലിയേറ്റീവ് ഡോക്ടര്‍ വന്നപ്പോള്‍ ആവലാതിപ്പെട്ടു-

“തീരെ ഒറങ്ങ്ണില്ല ഡോട്ടറെ,ആ നെലോളി തന്നെ ഏതു നേരോം..കുട്ട്യാള്‍ക്ക് പഠിക്കാന്‍ പറ്റ്ണില്ലാന്ന്‍ പറഞ്ഞാ ഓള് മോറ് വീക്ക്ണ്.”

കിട്ടിയ മരുന്നുകള്‍ വേറെത്തന്നെ സൂക്ഷിച്ചു.രണ്ടൂസം കൂടെ കഴിയട്ടെ.രണ്ടൂസം കൂടെ ഈ ക്ഷയിക്കുന്ന ശരീരം നിനക്കായി കൂട്ടിരിക്കാം.ചെയ്യാന്‍ പോകുന്നത് പാപമാണെങ്കില്‍ പടച്ചോന്‍ പൊറുക്കട്ടെ..ഇമ വെട്ടാതെയുള്ള അവളുടെ നോട്ടം ആത്മാവിലേക്ക് തുളച്ചിറങ്ങി-“സ്ത്രീയേ,നീയാര്?”-ആ നോട്ടം ചോദിച്ചു.”ഈ കൂട് തകര്‍ത്തു തരിക.എത്ര ജന്മങ്ങളായി ഈ പക്ഷി നിലവിളിക്കുന്നു..”പാതിരാക്ക്‌ പതുക്കെ എഴുന്നേറ്റു വാതില്‍ കുറ്റിയിട്ടു.ആരും മുകളിലേക്ക് വരാറില്ല-പേരക്കുട്ടികള്‍ പോലും..എന്നിട്ടും അരുതാത്തത് ചെയ്യുമ്പോഴുള്ള വിറയല്‍ ദേഹമാകെ വ്യാപിച്ചു.ബലം പിടിക്കേണ്ടി വന്നു വായൊന്നു തുറന്നു കിട്ടാന്‍.ഒരാത്മാവിനു ഭൂമി വിട്ടു പോകാന്‍ ഇത്ര പ്രയാസമോ?മകളേ രക്ഷയുടെ ഈ പാനീയം സന്തോഷത്തോടെ കുടിക്കുക..

നിശ്ചലമായ തണുത്ത ശരീരം കണ്ട് വീട്ടുകാരില്‍ ആശ്വാസത്തിന്‍റെ നിലാവ് പരന്നു.എന്നിട്ടും മാങ്ങയില്‍ നിന്ന് പുഴു പുറത്തേക്ക് തല നീട്ടുമ്പോലെ ഈ വാര്‍ത്ത എങ്ങനെ ഇഴഞ്ഞിറങ്ങി?എത്രയെത്ര ഹീനഹത്യകള്‍ ആരുമറിയാതെ മണ്ണിലലിയുന്നു.ഏറ്റം ദയാമയമായ ഈ പ്രവൃത്തി മാത്രം എങ്ങനെ ഇത്ര പെട്ടെന്ന്..

“എന്നാലും ഭയങ്കരി!പെറ്റ വയറിന് എങ്ങനെ ഇങ്ങനെ ചെയാമ്പറ്റും?ഹൌ!”-കുശുകുശുപ്പുകള്‍ പാമ്പുകളായി പിറകെ ഇഴഞ്ഞു.പോലീസ്ജീപ്പിലേക്കു കയറുമ്പോള്‍ മകള്‍ നിഴലായി വന്ന് തൊട്ടുവിളിച്ചു.പതുക്കെ ഉമ്മ വെച്ചു.വൃത്തിയുള്ള മുഖം,തിളങ്ങുന്ന കണ്ണുകള്‍..മരണം എന്‍റെ കുട്ടിയെ സുന്ദരിയാക്കി..”സാരല്ല ഉമ്മാ,ഓല് പറഞ്ഞോട്ടെ.ഒരു പരീക്ഷേന്ന്‍ കയിച്ചിലായപ്പോ വേറൊന്ന്.ഈ വീടും ജയിലും ഒക്കെ കണക്ക് തന്നെ ഉമ്മാ.ഇന്നെപ്പോലെ ഇന്‍റെ ഉമ്മ കിടപ്പിലാവല്ലേന്നു ഞാന്‍ പ്രാര്‍ഥിക്ക്ണുണ്ട്.”-കണ്ണുകള്‍ നിറഞ്ഞു.പണ്ട് കോലം തികഞ്ഞ മറ്റു മക്കള്‍ക്കിടയില്‍ ഒരു പിച്ചക്കാരിയായിരുന്നു അവള്‍.ആരാണവളെ സ്നേഹിച്ചിരുന്നത്.

ദുനിയാവിന്‍റെ നീതി പടച്ചോന്‍റെ നീതി രണ്ടും വേറെയാ.ഉള്ളം മന്ത്രിച്ചു.ഒരു ജയിലില്‍ നിന്ന് മറ്റൊന്നിലേക്ക്..എന്താണ് വ്യത്യാസം?ഒന്നു സ്വന്തക്കാരായ അന്യര്‍ എന്നതു മാത്രം..മുഖം കരിങ്കല്ലാക്കി തുറിച്ചു നോക്കുന്ന മകനെയും മരുമകളെയും നിര്‍വികാരയായി നോക്കി.പിന്നാക്കം പാഞ്ഞു പോകുന്ന കാഴ്ചകളിലേക്കു നോക്കി എല്ലാം മറക്കാന്‍ ശ്രമിച്ചു.ശരീരം തന്നെ ആത്മാവിന്‍റെ കാരാഗൃഹം..പിന്നെയാണോ മനുഷ്യര്‍ തീര്‍ക്കുന്ന വെറും തടവറകള്‍..

ആത്മീയമായ ചൈതന്യത്താല്‍ അവരുടെ കണ്ണുകള്‍ പ്രകാശിച്ചു..