Pages

2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

പൂര്‍ണ വിരാമം(കവിത)



കറുത്ത തേരില്‍ മരുവിലൂടെ എത്രയായീ യാത്ര
തീക്കാറ്റും തീച്ചൂടുമേറ്റ്, ഇടയ്ക്കിടെ മാത്രം കാണുന്ന
കള്ളിമുള്‍ച്ചെടികളില്‍ എല്ലാ പ്രതീക്ഷയും അര്‍പ്പിച്ച്..
മുറിയുമെന്നു ഉറപ്പുണ്ടായിട്ടും എത്ര വട്ടമാണ്
ആ കൂര്‍ത്ത പച്ചപ്പിനെ ആശ്ലേഷിച്ചത്, ചോര പൊടിഞ്ഞത്
ഇപ്പോള്‍ സായാഹ്നത്തിന്റെ മഞ്ഞപ്പുതപ്പ് മണലില്‍
വിടര്‍ന്നു വിരിഞ്ഞു കിടക്കുമ്പോള്‍
അര്‍ക്കന്‍ സ്വര്‍ണമണലിലേക്ക് കൂപ്പു കുത്തുമ്പോള്‍
ഊരിത്തെറിച്ചു പോയ ചക്രങ്ങളെ ഓര്‍ത്ത് വിലപിക്കുന്നു..
വായുവേക്കാള്‍ വേഗതയുള്ളവയെന്നു കരുതിയ എന്റെ കുതിരകള്‍
ഇതാ ഊര്‍ദ്ധ്വശ്വാസം വലിക്കുന്നു, എന്നിട്ടും
പ്രഭാതങ്ങളെയാണ് ഓര്‍ക്കുന്നത്, ബാല്യകാലത്തെ
ആ ഇളംപച്ചയെയാണ് വീണ്ടും കയ്യെത്തിച്ചു തൊടാനായുന്നത്
റിവൈന്റിഗ് സാധ്യമല്ല, ജീവിതം റീടേക്കുകളില്ലാത്തത്..
നിയതി ഓരോരുത്തര്‍ക്കും ഒരു നിശ്ചിതയാത്രയും  നിര്‍ണിത വാഹനവും 
ഏകും, ആര്‍ക്കാണ് തിരുത്താനാവുക?ആര്‍ക്കാണ് തിരഞ്ഞെടുക്കാനാവുക?
ഭാഗ്യത്തിന്റെ കരസ്പര്‍ശം മാത്രം എല്ലാറ്റിനെയും മാറ്റിമറിക്കും
മരുവിലും പുഴകളും കൈത്തോടുകളും പുഞ്ചിരിക്കും
പൂന്തോട്ടത്തില്‍ പോലും തീക്കാറ്റ് എല്ലാറ്റിനെയും കരിച്ചുകളയും
അര്‍ഹിച്ചിരുന്നില്ലേ ഇതിലേറെ പച്ചപ്പ്?പ്രണയത്തിന്റെ തേന്‍മധുരം
കയ്പില്‍ കറുത്ത ജീവിതം മണ്ണില്‍ നിന്നു വിട്ടു പോകുമ്പോഴും
പിന്തിരിഞ്ഞു നെടുവീര്‍പ്പുതിര്‍ക്കും ആയിരുന്നെങ്കില്‍ ഈ യാത്ര
ഇതിലേറെ ഓജസ്സാര്‍ന്നത്, മധുരസ്മരണകളാല്‍ പൂത്തത്
പ്രണയപുഷ്പങ്ങളാല്‍ സുഗന്ധമാര്‍ന്നത്..
ആഗ്രഹങ്ങളുടെ ഈ ചെമന്ന പുസ്തകം അടച്ചു വെക്കാം
വെറും നിസ്സാരമായ  മരണമെന്ന പൂര്‍ണവിരാമത്താല്‍
ഈ ജീവിതവാക്യത്തെ എന്നെന്നേക്കുമായി അവസാനിപ്പിക്കാം..  

2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

ദ ടൈം(കവിത)






കാലം നിസ്സംഗമായ ഒരു ഘടികാരമാണ്
ദുഖങ്ങളിലേക്കും സന്തോഷങ്ങളിലേക്കും നോക്കി
അതു നിര്‍മമം ടിക് ടിക് ശബ്ദിക്കും
കണ്ണീരിന്റെ നനവോ ചിരിയുടെ നിറമോ
അതിനെ സ്പര്‍ശിക്കുകയില്ല ..
അത് അരൂപിയായ ഒരു ചക്രം
ഓരോ ഉരുളലിലും ഓരോരുത്തര്‍ക്കും
നിര്‍ണിതമായ അവസരങ്ങള്‍ മാത്രമേകി
ജയിച്ചോ തോറ്റോ യാതൊന്നും അതു ഗൌനിക്കുകയില്ല
നിശ്ചിതകാലമെത്തുമ്പോള്‍ ഓരോരുത്തരെയും
വെളുപ്പിക്കുന്നതിലാണ് അതിനു ഉത്സാഹം..
വണ്ടി തട്ടി വേണോ കിടപ്പിലാക്കണോ അറ്റാക്ക് വേണോ
തുരുതുരാ സംശയം ചോദിച്ചുകൊണ്ട്
കാലന്‍ കാലത്തെ അനുഗമിക്കും............

2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

ഒന്ന് പ്ലസ് ഒന്ന്‍ സമം പൂജ്യം (കഥ )



'നമ്മുടെ കൊച്ചെത്തിയോ'
ദീനക്കിടക്കയില്‍ നിന്ന് വിശാലം വിലപിച്ചുകൊണ്ടിരുന്നു.കേട്ടു മറന്ന ഏതോ സിനിമാ ഡയലോഗ് പോലെയാണ് അയാള്‍ക്കത് തോന്നിയത്.അനുഭവങ്ങളെയെല്ലാം ഒട്ടിച്ചു ചേര്‍ത്ത് ഒരു കഥ പടക്കണമെന്ന് കുറെയായി അയാള്‍ മോഹിക്കുന്നു.ഒട്ടിച്ചൊട്ടിച്ചവസാനം കിട്ടുന്നത് എത്ര വികൃതരൂപമായാലും ശരി, പേന പേപ്പറിലേക്ക് ഛര്‍ദിച്ചു കഴിയുന്നതോടെ എല്ലാം ഒന്നു കലങ്ങിത്തെളിഞ്ഞ പോലെ, എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ട പോലൊരു സുഖം അയാള്‍ പണ്ടു മുതലേ അനുഭവിച്ചിരുന്നു. എന്നിട്ടും ഒരെഴുത്തുകാരനാകുന്നതിനു പകരം ഒരു ക്ലാര്‍ക്കിന്റെ പൊടി പിടിച്ച ഫയലുകളാണ് ഭാഗധേയം അയാള്‍ക്കായി മാറ്റിവച്ചത്. സ്വന്തം അനുഭവങ്ങളായാലും ഒരന്യനെപ്പോലെ മാറി നിന്നു നോക്കാനായാല്‍ സാധാരണ തോന്നുന്നത്ര ദുഃഖം ഏതു വിപത്തിനും ഉണ്ടാവില്ല.അതയാള്‍ സ്വയം കണ്ടു പിടിച്ച ഒരു തിയറിയാണ്.ജീവിതം ഒരു കടലാണ്.ഡയറിയുടെ ഞരമ്പുകള്‍ പോലുള്ള ചുവന്ന വരയില്‍ അയാള്‍ എഴുതിക്ലേശങ്ങളറിയുന്നവനാണ് അതിന്റെ ആഴമറിയുന്നത്.അഗാധതയിലെ മുത്തും പവിഴവും ദര്‍ശിക്കുന്നത്. സുഖാലസ്യം മാത്രം വിധിക്കപ്പെടുന്നവര്‍ ആഴിയുടെ ഉപരിതലം മാത്രം സ്പര്‍ശിക്കുന്ന കപ്പലുകളെപ്പോലെ ജീവിതയാത്ര പൂര്‍ത്തിയാക്കുന്നു.
'നിങ്ങളൊന്നു ഫോണ്‍ ചെയ്തു നോക്ക്.'
വിശാലം വീണ്ടും വിതുമ്പി. ഒരാഴ്ച മുമ്പ് നടന്നതെല്ലാം അവളുടെ ബ്രെയിന്‍ ഡിലീറ്റ് ചെയ്‌തെന്നു തോന്നുന്നു. മകളെക്കുറിച്ചോര്‍ക്കുമ്പോള്‍ കുറെ പണക്കണക്കുകളും അയാളുടെ ഗുമസ്തമനസ്സിലേക്ക് കയറി വരും.മുപ്പതിനായിരത്തിന്റെ ലാപ്, ലക്ഷങ്ങളുടെ എന്ജിനീയറിംഗ് സീറ്റ്..കുന്നു കൂടുന്ന ബാങ്ക് വായ്പകളെക്കുറിച്ച് തര്‍ക്കിക്കുമ്പോഴൊക്കെ വിശാലം അവളെ ചേര്‍ത്തു പിടിച്ചു പ്രഖ്യാപിക്കും:'ഇങ്ങനൊരു പിശുക്കന്‍. നോക്കിക്കോ, ഈ കൊല്ലം കൂടി കഴിഞ്ഞാ എന്റെ മോള്‍ക്ക് ക്യാമ്പസ് സെലക്ഷനില്‍ തന്നെ ജോലിയാവും. പിന്നെ ലക്ഷങ്ങളാ ശമ്പളം. നിങ്ങളുടെ ഈ പീറക്കടം പിന്നെ അവള് തന്നെ വീട്ടിക്കോളും..'
കല്യാണമുറപ്പിച്ചപ്പോള്‍ മോള്‍ക്കെന്നു പറഞ്ഞെടുത്തു വെച്ച ആഭരണങ്ങള്‍ വിശാലം തന്നെ ഏല്പിച്ചു. താന്‍ പോലും ശരിക്കവ കണ്ടിട്ടില്ല. ഒരാവശ്യത്തിനും അവളതൊന്നും വിട്ടു തന്നിട്ടുമില്ല. എന്തു പറഞ്ഞിട്ടെന്ത്. കല്യാണം നടത്തേണ്ടി വന്നില്ല. അതിനു വേണ്ടി വായ്പയെടുത്ത പണവും സ്വര്‍ണവുമെല്ലാം ഒരു മോഷ്ടാവിനെപ്പോലെ അടിച്ചു മാറ്റി കാമുകനൊപ്പം മകള്‍ ചാടിയെന്നറിഞ്ഞത് കല്യാണദിവസം മാത്രം. വന്നവരോടൊക്കെ എന്തു പറയണമെന്നറിയാതെ തളര്‍ന്നിരുന്നു. ചുണ്ടില്‍ വക്രിച്ച പരിഹാസവുമായി വന്നവര്‍ പതുക്കെ സ്ഥലം വിട്ടു.ഓവുചാലിലൂടെ ഒലിച്ചു പോയ ലക്ഷക്കണക്കിനു രൂപ..
സ്‌റ്റേഷനില്‍ വച്ചു നിന്റെ അമ്മേം അച്ഛനേം കാണണ്ടേ കൊച്ചേയെന്ന പോലീസുകാരന്റെ ചോദ്യത്തിന് വേണ്ട എന്ന അറുത്തു മുറിച്ച ഉത്തരം കേട്ടു. ഇത്ര കാലം വളര്‍ത്തിയത് എന്തിനായിരുന്നു? അവള്‍ തങ്ങളുടെ ആരും തന്നെ ആയിരുന്നില്ലേ?
'ഒളിച്ചോടാനാണെങ്കി എന്തിനാ കല്യാണത്തലേന്നു വരെ കാത്തത്?'പോലീസ് വീണ്ടും  അവളോട് ചോദിച്ചു.
'എന്നാലല്ലേ പണവും സ്വര്‍ണവും കിട്ടൂ'
നെഞ്ചിലേക്ക് ആരോ ഒരു ഇരുമ്പുമുട്ടിയിട്ട് അടിച്ച പോലെ..എവിടെയൊക്കെയോ തെറ്റിയിരിക്കുന്നു. ഇത്ര കാലവും കൂട്ടിയ കണക്കുകളെല്ലാം പിഴച്ചിരിക്കുന്നു. പൊടി പിടിച്ച ചുവന്ന ഫയലുകളെല്ലാം തെറ്റിന്‍കൂട്ടങ്ങളാവുമോ..ഒന്നു കാണാന്‍ പോലും നില്‍ക്കാതെ ഹൈഹീല്‍ ഷൂവില്‍ ടപ്പ് ടപ്പ് ശബ്ദമുണ്ടാക്കി മകള്‍ ദൂരെ കാത്തിരിക്കുന്ന കാര്‍ ലക്ഷ്യമാക്കി ധൃതി വെച്ചു. അവളുടെ പ്രിയന്‍ അതിനുള്ളില്‍ കാത്തിരിപ്പുണ്ട്. വിശാലത്തെ എങ്ങനെയൊക്കെയോ ആണ് സ്‌റ്റേഷനില്‍ നിന്നു വീട്ടിലെത്തിച്ചത്.സ്വന്തം മോളെക്കുറിച്ചുള്ള അവളുടെ എല്ലാ ഗര്‍വും അവസാനിച്ചെന്നു തോന്നുന്നു.
ഇത്ര നാളും എന്തിനു വേണ്ടി അധ്വാനിച്ചുവോ അതെല്ലാം വെറും കുമിളകളായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് അയാള്‍ തന്റെ എഴുത്തുമുറിയിലേക്ക് തിരിച്ചെത്തിയത്.വിശാലം അനുദിനം മനോരോഗത്തിന്റെ  അഗാധതയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ അതേ ഗര്‍ത്തത്തില്‍ നിന്നു കര കയറാനാണ് അയാള്‍ തന്റെ പുസ്തകശേഖരത്തെ സ്പര്‍ശിച്ചത്.ഡയറിയില്‍ അയാള്‍ വലിയ അക്ഷരത്തില്‍ കുറിച്ചുഒന്ന് പ്ലസ് ഒന്ന്! സമം രണ്ട് എന്നത് എപ്പോഴും ആവണമെന്നില്ല. ഒന്ന് പ്ലസ് ഒന്ന് സമം പൂജ്യവും ആകാം............

2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

കവിതയ്ക്കൊരു നിര്‍വചനം (കവിത )



ദുഃഖവും സന്തോഷവും രണ്ടു സാമ്രാജ്യങ്ങളാണ്
ഒന്ന് മറ്റൊന്നിനെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു
വ്യസനമാകട്ടെ ഹര്‍ഷത്തിന്റെ ആക്രമണത്തെ
മോഹത്തോടെയാണ് പ്രതീക്ഷിക്കുന്നത്
പലപ്പോഴും ചെറുകാറ്റുകളായാണ്
ആമോദം സങ്കടവീഥിയിലൂടെ വീശുക
പുഞ്ചിരികളാണ് പൂക്കളായി വിതറുക
വ്യഥയാകട്ടെ കൊടുങ്കാറ്റായാണ് ആഞ്ഞടിക്കുക
നിമിഷം കൊണ്ടാണ് ആഹ്ലാദത്തിന്റെ കൂറ്റന്‍ എടുപ്പുകളെ കടപുഴക്കുക
ആനന്ദവും വ്യസനവും നിരന്തര ദാമ്പത്യത്തിലാണ്
ഒരാള്‍ മറ്റൊരാളെ ഭരിച്ചുകൊണ്ടേയിരിക്കുന്നു
ഭര്‍ത്താവായ ദുഃഖം പലപ്പോഴും അതിജയിക്കുമെങ്കിലും
നയചതുരതയുടെ വശീകരണ മന്ത്രങ്ങളോടെ
ഭാര്യയായ ആമോദം ഭര്‍ത്താവിനെ പരാജയപ്പെടുത്തിക്കൊണ്ടേയിരിക്കും
ശരീരങ്ങളില്‍ ആഹ്ലാദം നൃത്തമായി വിടരും
ശോകം രോഗമായും കവിതയായും............       

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ജഡം തയ്യാറാണ് (കഥ )



നീയെന്നെ ആത്മാവാക്കി മുകളിലേക്ക് പറത്തിയപ്പോള്‍ സാകൂതം ഞാന്‍ നോക്കി, നിശ്ചലമായ എന്റെ ദേഹത്തെ ഇനി നീയെന്തു ചെയ്യുമെന്ന്.ഐസ് ക്രീമില്‍ കലര്‍ത്തിത്തന്ന വിഷം അപ്പോഴും എന്റെ ചുണ്ടില്‍ നുരച്ചു കിടന്നു.എന്റെ പാവം പിടിച്ച പ്രേമം അപ്പോഴും നിന്റെ ചുറ്റും ഓടി നടന്ന് അലറിക്കരയുന്നുണ്ടായിരുന്നു. നീയെന്നേ എന്റെ പ്രണയത്തെ വേസ്റ്റ് ബാസ്‌കറ്റിലേക്ക് വലിച്ചെറിഞ്ഞിരുന്നു, എന്നിട്ടും എത്ര അളിഞ്ഞ മാലിന്യങ്ങള്‍ക്കിടയില്‍ നിന്നാണ് അതു വീണ്ടും നൂണ്ടു പുറത്തു കടന്നത്, നിന്നെയൊന്നു കാണാന്‍, ഇഷ്ടത്തോടെ ഒന്നു നോക്കാന്‍..
പല പ്രാവശ്യം നീ പറഞ്ഞ ആഭരണക്കാര്യം പ്രേമം അപ്പോഴാണ് ഓര്‍മിച്ചത്. ചെറുപ്പം മുതല്‍ ഉമ്മ ഉമ്മൂമ്മ ഉപ്പൂപ്പ ഉപ്പ തുടങ്ങി പലരായി തന്ന മഞ്ഞത്തിളക്കം ഒരു കീസിലിട്ടുഇതു കിട്ടുമ്പോഴെങ്കിലും നീ പ്രസാദിച്ചെങ്കിലോ..മരണനിമിഷം വരെ നിന്റെ മയക്കു സംസാരത്തില്‍ ആണ്ടു മുങ്ങിക്കിടന്നിരുന്ന ഞാന്‍ അറിഞ്ഞില്ലമഞ്ഞത്തിളക്കത്തെ ഏതൊക്കെയോ പോക്കറ്റുകളിലേക്ക് തിരുകുമ്പോഴുള്ള നിന്റെ ധൃതി, കുടിലത..
ഓ! നീയെന്തിനാണ് വീണ്ടുമെന്നെ വിവസ്ത്രയാക്കുന്നത്? ജീവനുള്ളപ്പോഴേ നീയെന്നെ പല തവണ മാനം കെടുത്തിയതല്ലേ? ഇനിയിപ്പോ എന്തു ചെയ്യാന്‍ പോകുന്നു? ഓ! എന്റെ പടച്ചോനേ! തണുത്തു മരവിച്ച മയ്യത്തും നിന്റെ ആസക്തിയെ കത്തിക്കുമെന്നോ?രണ്ടു തവണ മൃതദേഹത്തെ പ്രാപിച്ച്, മുഖത്തേക്ക് വെള്ളത്തുണി വലിച്ചിട്ട്, കാറിത്തുപ്പി..ഇനി നീയെന്താ ചെയ്യാന്‍ പോകുന്നത്?
ഓ! നീ മൊബൈല്‍  എടുക്കുകയാണ്. എന്റെ ബന്ധുക്കളെ വിളിക്കാനാവും.
എന്ത്! എന്താ നീ പറഞ്ഞത്?
'ലാല്‍ ജീ, ഡെഡ് ബോഡി ഈസ് റെഡി..പറഞ്ഞ പണം കിട്ടുമല്ലോ അല്ലെ?'

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

അവള്‍ (കവിത)




 അവളുടെ ആത്മാവിന്റെ തിളക്കമായിരുന്നു
 തേച്ചു കഴുകി മിനുങ്ങിയ പാത്രങ്ങള്‍ക്ക്
ഒരേ പോലെ മുറിച്ച മീന്‍കഷ്ണങ്ങളും പച്ചക്കറികളും
അവളിലെ കലാകാരിയെ ആവിഷ്‌കരിച്ചു
ഒരേ കനത്തിലുള്ള, പൂര്‍ണചന്ദ്രന്മാരായ പത്തിരികള്‍
ഒരിക്കലും അവളുടെ മനസ്സിലെ ഇരുളിനെ ദൂരീകരിച്ചില്ല
എരിഞ്ഞു പുകയുന്ന കറികള്‍ അവള്‍ക്കുള്ളിലെ മുറിവുകള്‍ക്ക് സമാനമായി
നിശ്ശബ്ദമായി ചൂല്‍ വെടിപ്പാക്കേണ്ടുന്നവരുടെ ദുഃഖങ്ങള്‍ അവളുമായി പങ്കിട്ടു
അവളും, തേഞ്ഞു തീരുന്ന മൂലയില്‍ ചാരി വെക്കപ്പെട്ട
പ്രതികരണശേഷിയില്ലാത്ത ചൂല്‍
അണയാത്ത അടുപ്പായിട്ടും ചിലപ്പോള്‍ പുകഞ്ഞ്, കനലൊളിപ്പിച്ച്..
ആരാകേണ്ടവളായിരുന്നു അക്ഷരപ്രസാദം ലഭിച്ചവള്‍
അഗ്‌നിയായി വാക്കിനെ ഉള്ളില്‍ ജ്വലിപ്പിച്ചവള്‍,
സാവധാനം കരിക്കട്ടയാവുന്നത് ഇങ്ങനെയാണ്
വെന്തു വെന്ത്, നീറി നീറി, പുകഞ്ഞു പുകഞ്ഞ് ചാരമായി ...........



2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

ഒരു കൊടും ഭീകരന്‍ പിറക്കും വിധം (കവിത )



ഇരുളിന്റെ ഇരുമ്പു കട്ടകളാലാണ് ഓരോ കാരാഗൃഹവും പണിയപ്പെടുന്നത്
ജനലുകളായി സങ്കല്പ്പിക്കപ്പെടുന്ന ചെറുദ്വാരങ്ങളിലൂടെ
വെളിച്ചം മടിച്ചു മടിച്ച് എത്തി നോക്കുന്നു
ജയിലിനു ചുറ്റുമുള്ള ഉരുക്കുഭിത്തികള്‍ ഒരു ചെമ്മീന് ഏറിയാല്‍
എത്ര വരെ ചാടാമെന്നു അനുനിമിഷം  ഓര്‍മിപ്പിക്കുന്നു
എത്ര വര്‍ഷങ്ങള്‍! വിചാരണത്തടവില്‍ മരിച്ചു പോയ യൌവനം
നിരപരാധിത്വത്തിന്റെ പ്രകാശം അരുമയായ് ദേഹത്തെ തൊട്ടപ്പോഴേക്കും
കനത്ത ഇരുള്‍ചങ്ങല വലിച്ചു കൊണ്ടു പോയി മറ്റൊരു ഏകാന്ത സെല്ലിലേക്ക്
ജയിലുകള്‍ ഒരേ പ്രസവത്തിലുണ്ടായ സയാമീസുകള്‍
ഒരേ ഭിത്തികള്‍ ഒരേ ചായം, ഒരേ ക്രൌര്യം..
കണ്ണുകളെ വെളിച്ചം എന്നേ കൈവെടിഞ്ഞു
പോലീസ്മര്‍ദനത്തില്‍ തകര്‍ന്ന കാലുകള്‍
ഏതു നേരവും പഴുത്ത് ചലം തിങ്ങി..
വ്യസനക്കയ്പ് മാത്രമായിട്ടും അത്ഭുതം! രക്തത്തില്‍ കുമിയുന്നത് പഞ്ചസാര
മധുരസീറയില്‍ അലിഞ്ഞു നശിക്കുന്ന അവയവങ്ങള്‍
എന്നിട്ടും നിസ്സഹായതയുടെ ഈ മാംസപിണ്ഡം കൊടുംഭീകരനാണത്രെ
ഭരിക്കുന്നവര്‍ക്ക് ഒരു നിമിഷം മതി നിങ്ങള്‍ക്ക് ഒരു ഇഞ്ചിയുടെ വിധിയേകാന്‍
ക്രൂരതയുടെ കരിങ്കല്ലിനടിയില്‍ ഇര എത്ര ചതഞ്ഞാലും 
അവര്‍ക്ക്തൃ പ്തിയാവുകയില്ല
ഇഞ്ചിയുടെ എരിയുന്ന പ്രതിരോധം പോലും
ക്രമേണ സ്വയംപരിഹാസത്തിന്റെ ചവര്‍പ്പായി മാറും
അതുകൊണ്ട് സഹോദരാ, വാതില്‍ ബന്ധിച്ചിട്ടും കാര്യമില്ല
ഒരു  നിയമപാലകന്‍ ഏതു സമയത്തും വീട്ടിലേക്ക് കയറി വരാം
പിന്നെജയില്‍വാതിലുകള്‍ ഭീകരമായി തുറക്കപ്പെടുമ്പോള്‍ മാത്രമാവും
നിങ്ങളറിയുക, നിങ്ങള്‍ ഒരു മനുഷ്യനേ അല്ലെന്ന്
കൊടുംഭീകരനെന്ന ഒരു പുതിയ ഇനം ജീവിയാണെന്ന്!       

2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

അമ്മായി(കഥ )



മേശമേല്‍ ഒരു മുട്ടന്‍ വടി കൊണ്ട് മൂന്നാലു തവണ അടിച്ച് അവര്‍ ഒച്ചയിട്ടു; എല്ലാരും വര്‍ത്താനം നിര്‍ത്തിക്കോളി, ഇല്ലേല്‍ ഇപ്പം കിട്ടും ഇന്റെ കയ്യിന്ന്.ആ, ഹാജര്‍ പറഞ്ഞോളീ..ഒന്ന്. അബ്ദുല്‍ ഖാദര്‍, രണ്ട്, അയ്മദ്..അനിയത്തി പൊട്ടി വന്ന ചിരി ഒതുക്കി എന്റെ കാതില്‍ മന്ത്രിച്ചു'താത്താക്ക് വരാന്‍ പോണ വിധിയാ, നല്ലോണം കണ്ട് പഠിച്ചോ.'അതു പറഞ്ഞ് അവള്‍ നാണയക്കിലുക്കമുള്ള ഒരു ചിരി പൊട്ടിച്ചു.അവളെ കൊല്ലാനുള്ള ദേഷ്യമുണ്ടായി.സന്ദര്‍ഭത്തിനു യോജിക്കാതെയാണ് അവളുടെ ചിരി പൊട്ടി വീഴുക.മയ്യിത്ത് കുടീന്ന് എറക്കുമ്പളും അവള് ചിരിക്കും.അവള്‍ക്ക് ജീവിതം ആകെ തമാശയാണ്.അതു കൊണ്ടാവും ഈ നാല്പത്തിനാലാം വയസ്സിലും അവള്‍ നിത്യവസന്തത്തിലായിരിക്കുന്നത്.അമ്മായി ഒന്നാം ക്ലാസ്സിലെ പാത്തുമ്മ ടീച്ചറായി ഇപ്പോഴും ഹാജര്‍ വിളിയില്‍ തന്നെ.പെട്ടെന്ന്എണീറ്റ് മൂലയില്‍ തൊട്ടില്‍ പോലെ തൂക്കിയിട്ട ഷാള്‍ അവര്‍ ഒരു താരാട്ടോടെ ആട്ടാന്‍ തുടങ്ങി.വാവോ വാവാവോ ..
ഭൂതകാലം അമ്മായിയെ പിടിച്ചു വെച്ചിരിക്കയാണ്, എങ്ങും ചലിക്കാന്‍ അനുവദിക്കാതെ.കാച്ചിത്തുണിയും ഉമ്മക്കുപ്പായവും തട്ടവുമൊക്കെയിട്ട് അമ്മായി കൈകുഞ്ഞുമായാണ് സ്‌കൂളില്‍ പോയിരുന്നതെന്ന് കേട്ടിട്ടുണ്ട്.ക്ലാസ്സില്‍ തന്നെ തൊട്ടില്‍ കെട്ടി , പഠിപ്പിക്കലിനിടയില്‍ ശിശു പരിപാലനവും.അന്ന് അഞ്ചാം ക്ലാസ്സുകാര്‍ക്കും ജോലി കിട്ടിയിരുന്നല്ലോ. പൊടുന്നനെ അമ്മായി  ചുമരിനഭിമുഖമായി  ഇരുന്ന് നിലത്തു മൂത്രമൊഴിച്ചു. പിന്നെ എഴുന്നേറ്റ് തലയിലെ തട്ടമെടുത്ത് ഒരു ചെറിയ കുട്ടിയെപ്പോലെ അത് തുടച്ചു കളിക്കാന്‍ തുടങ്ങി.
'നബീസോ ഒന്നിങ്ങട്ടു വാടീ' ,അനിയത്തി ഉറക്കെ വിളിച്ചു.എപ്പോഴും കടന്നല്‍ കുത്തിയ പോലെ നടക്കുന്ന അമ്മായിയുടെ ഒരേയൊരു മകള്‍ ഒട്ടും പുഞ്ചി രിയില്ലാതെ അകത്തേക്ക് നോക്കിപിന്നെ ഒരലര്‍ച്ചയായിരുന്നു;'ഈ മുസീബത്തിനോട് എത്ര പറഞ്ഞിട്ടും കാര്യല്ല.അപ്പീലും മൂത്രത്തിലും കുള്‍ച്ചാലെ  തൃപ്തിള്ളൂ.ഇന്റെ ഒരു വിധി.ഒരു പണിക്കാരത്തിനെ ഇള്ള ജന്മം പാകത്തിന് കിട്ടൂല.'
അവള്‍ അമ്മായിയുടെ അടുത്തു നിന്നും തട്ടം ബലം പിടിച്ചു വാങ്ങി അവരെ ഉന്തിത്തള്ളി കട്ടിലിലേക്ക് ഇരുത്തി.മൂത്രത്തിന്റെ വൃത്തി കെട്ട മണം എല്ലാവരെയും പരിഹാസത്തോടെ കോക്രി കാണിച്ചു.ശൈശവത്തിലേക്കുള്ള ആ തിരിച്ചു പോക്കിന്റെ  കാഴ്ച വേദനാജനകമായിരുന്നു.നബീസു കുഞ്ഞായിരുന്നപ്പോള്‍ എത്ര തവണ ഇങ്ങനെ മൂത്രത്തില്‍ കളിച്ചിരിക്കും. എത്ര തവണ പാവം അമ്മായി ക്ഷമയോടെ അവളെ കഴുകിയിരിക്കും.
'ഒന്നു കഴ്കിക്കൊട്ത്താളാ നബീസോ'അനിയത്തി പറഞ്ഞു.
അവള്‍ ക്രോധത്താല്‍ മുഖം വിരൂപമാക്കിക്കൊണ്ട് അലറി;ഹാവൂ എന്തൊരു സ്‌നേഹം!ഇങ്ങളെ വല്ലിപ്പാന്റെ നേര്‍പെങ്ങളല്ലേ?എടക്ക് ഇങ്ങക്കും ഒന്ന്! കഴ്കിക്കൊട്ക്കാ..'അവള്‍ കൊടുങ്കാറ്റ് പോലെ പുറത്തേക്ക് കുതിച്ചു.അമ്മായി താനിതൊന്നും കാര്യമാക്കുന്നില്ലെന്ന മട്ടില്‍ ഞങ്ങളെ മാടി വിളിച്ചു.കട്ടിലിനടിയില്‍ നിന്ന് ഒരു മരപ്പെട്ടി നിരക്കി നീക്കി തുറന്നു.അതില്‍ നിന്ന് ഒരു ആളുക്ക് പുറത്തെടുത്ത് കുലുക്കിക്കുലുക്കി പൊട്ടിച്ചിരിച്ചു.
'എന്താ അതില്‍?'ഞാന്‍ കൌതുകത്തോടെ അന്വേഷിച്ചു.അവര്‍ അതു തുറന്ന് നിലത്തു ചമ്രം പടിഞ്ഞിരുന്നു.'ആരോഗ്യം സമ്മതിക്കണം'അനിയത്തി പതുക്കെ പറഞ്ഞു'നമ്മക്ക് പോലും അങ്ങനെ ഇരിക്കാന്‍ കാല്‍ സമ്മതിക്കില്ല.'
അമ്മായി ആളുക്കിലുള്ളത് നിലത്തേക്ക് ചൊരിഞ്ഞു.വര്‍ണപ്പൊട്ടുകളായി നൂറായിരം വളപ്പൊട്ടുകള്‍ കിലുങ്ങിക്കിലുങ്ങി തുള്ളിച്ചിരിച്ചു.അവയെ അരുമയോടെ തൊട്ടു തലോടി അമ്മായി പുഞ്ചിരിച്ചുകൊണ്ടിരുന്നു.അവ കയ്യിലിട്ടു കുലുക്കി അവര്‍ ഞങ്ങളെ വിളിച്ചു;'വാ വളപ്പൊട്ട് കളിക്കാം.'
കാലം അതിന്റെ തിരശ്ശീലയെ പിന്നിലേക്ക് ചുരുട്ടി.അവിടെ വെള്ളത്തുണിയും ഉമ്മക്കുപ്പായവും കൈകളില്‍ നിറയെ വളകളുമിട്ട ഒരു ഉമ്മക്കുട്ടി വളപ്പൊട്ട് കിലുക്കി പൊട്ടിച്ചിരിക്കുന്ന ദൃശ്യം എന്റെ മുന്നിലേക്ക് മഴവില്‍ കഷ്ണങ്ങളായി ഉതിര്‍ന്നു.നഷ്ടനിമിഷങ്ങളുടെ തിളങ്ങുന്ന പൊന്‍പൊടികള്‍ ദുഃഖസ്മൃതികളായി എന്റെ ഉള്ളിലും വേദനിച്ചു മുഴച്ചു കൊണ്ടിരുന്നു .............

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ആത്മരോഷം (കഥ)



മയ്യത്ത്കട്ടില്‍ തോളില്‍ വച്ചവരുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെയായിരുന്നു അയാളുടെ സ്ഥാനം.മക്കളില്ലാത്ത ആമിനുമ്മാനെ ബന്ധുക്കളാണല്ലോ തോളിലേറ്റി   പള്ളിപ്പറമ്പിലേക്ക് കൊണ്ടു പോകേണ്ടത്.ഒരു പിടി മണ്ണ് ഓരോരുത്തരായി മുഖത്തേക്കിട്ട് മടങ്ങിപ്പോരേണ്ടത്.പറഞ്ഞു വരുമ്പോള്‍ അയാളുടെ മൂന്നാം  ഭാര്യയുടെ അമ്മായിയാണ് ആമിനുമ്മ.ഭാര്യമാര്‍ അയാള്‍ക്ക് മൂന്നാലെണ്ണമുണ്ട്.ഓരോ സാമ്പത്തികപ്രതിസന്ധിയുംഅയാള്‍ നീന്തിക്കടന്നത് വിവാഹങ്ങളിലൂടെയാണ്.രണ്ടു ലക്ഷവും മുപ്പതു പവനുംഅതില്‍ കുറച്ച് എവിടെ നിന്നും സ്ത്രീധനം വാങ്ങിയിട്ടില്ല.എല്ലാം കൂടെ ബാങ്കിലിട്ടിരുന്നെങ്കില്‍ ശിഷ്ടായുസ്സിനു ആ പണം മതിയായേനെ.പറഞ്ഞിട്ടെന്ത്?കര്‍ക്കിടകമഴയില്‍ മണ്ണ്! ഒലിച്ചുപോകും പോലെയാണ് അയാളുടെ കയ്യീന്ന് പണം ചോര്‍ന്നു പോകുക .എല്ലാ ആര്‍ഭാടങ്ങളും ഉള്ളതാണല്ലോ; കുടിയായാലും മയക്കു മരുന്നായാലും.
ചിറ്റ് നിറഞ്ഞ ചോരയില്‍ കുളിച്ച ഇരുനിറത്തിലുള്ള അമ്മായിയുടെ ചെവി അയാളുടെ ഉള്ളില്‍ മിന്നിമാഞ്ഞു.മറ്റേ ചെവി കൂടി അറുക്കാനൊരുങ്ങുമ്പോഴാണ് എന്തോ ശബ്ദം കേട്ടത്.ഇരുട്ടില്‍ തപ്പിത്തടഞ്ഞ് കിട്ടിയതുമായി ഓടി രക്ഷപ്പെടുകയായിരുന്നു.മാലയുടെയും വളയുടെയും .കൂടെ ചോരച്ച ആ ചിറ്റുകളും..മാംസത്തില്‍ നിന്നു സ്വര്‍ണം വേര്‍തിരിക്കാന്‍ കുറച്ച് കഷ്ടപ്പെട്ടു.എന്നിട്ടും വിചാരിച്ച സംഖ്യ ഒത്തില്ല.മൂന്നാം ഭാര്യക്ക് ഫോണ്‍ ചെയ്തപ്പോഴൊക്കെ സൂത്രത്തില്‍ ചോദിച്ചുകൊണ്ടിരുന്നുഎപ്പഴാ മരിച്ചതു കണ്ടത്?അവിടെ വേറെ ആരും ഉണ്ടായിരുന്നില്ലേ?അവള്‍ കരഞ്ഞു കൊണ്ടിരുന്നു.വല്ലാതെ പേടിച്ചിരിക്കുന്നു പാവം
'ഇങ്ങള് വെക്കം വെരീ.സ്വര്‍ണം കിട്ടാനാണേലോ ആ നശിച്ചോന്‍ ഇതു ചെയ്തത്.ഇബനൊന്നും ഇമ്മേം ബാപ്പേം ഇല്ലേ?'
'എന്നിട്ട് പോലീസ് വല്ലോരേം പിടിച്ചോ?'അയാള്‍ ബേജാറായി.
'ഇല്ല ,നാടൊട്ടുക്ക് പോലീസ് വണ്ടി പരക്കം പായാ..' 
സംശയം അയാളിലേക്ക് നീളുന്നില്ലെന്ന് നൂറു തവണ ഉറപ്പു വരുത്തിയാണ് അയാള്‍  ഒളിയിടത്തില്‍ നിന്ന് പുറത്തിറങ്ങിയത്.ചോരച്ച ചിറ്റുകളാണ് മനസ്സിലെപ്പോഴും ..ആദ്യത്തെ മോഷണശ്രമം തന്നെ ഇങ്ങനെ കൊലപാതകത്തില്‍ കലാശിക്കുമെന്ന് ഓര്‍ത്തതല്ല.വാതിലു പോലും നേരെ അടക്കാറില്ല അമ്മായി.ഒരാഴ്ചത്തെ നിരീക്ഷണം കൊണ്ടാണ് എല്ലാം മനസ്സിലാക്കിയെടുത്തത്.രാത്രി എട്ടു മണി കഴിഞ്ഞിരുന്നു തൊഴുത്തിലെ പണിയൊക്കെ കഴിഞ്ഞ് മൂപ്പത്തി അകത്തു കയറിയപ്പോള്‍.പിന്നാലെ ചെല്ലുമ്പോള്‍ മെയിന്‍ സ്വിച്ച് ഓഫാക്കാന്‍ മറന്നില്ല.അമ്മായി പിരാകിക്കൊണ്ടിരുന്നു;'ഈ ബലാലീങ്ങക്ക് കായി എണ്ണി മാങ്ങാനെ അറിയൂ,മന്‌സന് കത്തിച്ചണ നേരത്തല്ലേ വെള്ച്ചം മാണ്ട്യത്..'
ടോര്‍ച്ച് ലൈറ്റില്‍ മൂപ്പത്തി ചോറ് തിന്നുമ്പോഴാണ് കയ്യില്‍ കിട്ടിയ നിസ്‌കാരക്കുപ്പായം കൊണ്ട് മുഖം പൊത്തിപ്പിടിച്ചത്.ബോധം കെട്ടാല്‍ സംഗതി എളുപ്പാവൂലോ.പക്ഷെ കിളവിയായിട്ടും എന്താ കരുത്ത്?നിസ്‌കാരക്കുപ്പായം വലിച്ചു പറിച്ച് അലറി വിളിക്കാന്‍ തുടങ്ങി.പിന്നെ ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ല.അഞ്ചു നിമിഷം കൊണ്ടു ബോധമറ്റു.ചിറ്റുള്ള മറ്റേ കാതും കൂടി ആറുത്തെടുക്കാന്‍ പറ്റാത്തതായിരുന്നു വല്യ സങ്കടം.
രണ്ടാഴ്ച കഴിഞ്ഞ് പേപ്പറിന്റെ മുന്‍പേജില്‍ തന്നെ വൃദ്ധയെ ശ്വാസം മുട്ടിച്ചു കൊന്ന ആള്‍ പിടിയില്‍ എന്ന വാര്‍ത്ത കണ്ട് അയാള്‍ ഞെട്ടിപ്പോയി.ഏതോ ഒരു തമിഴനാണ്.ആള്‍ മുമ്പും പല മോഷണക്കേസിലെയും പ്രതിയാണ്.ആശ്വാസത്തിന്റെ ഒരു കുളിര്‍കാറ്റ് അയാളെ പൊതിഞ്ഞു.നാട്ടുകാര്‍ പ്രതിയെ കൈകാര്യം ചെയ്തു എന്ന അവസാന വരിയില്‍ കണ്ണുടക്കിയപ്പോള്‍ അയാള്‍ക്കും കൈ തരിച്ചു.തമിഴന്റെ മൂക്കുപാലം തല്ലിത്തകര്‍ക്കാനുള്ള ദേഷ്യത്തോടെ. ഈ നാട്ടില്‍ വയസ്സാവര്‍ക്കും പെണ്ണുങ്ങള്‍ക്കും കള്ളന്മാരെ പേടിക്കാതെ ജീവിക്കാന്‍ പറ്റില്ലേ എന്നൊരു ധര്‍മരോഷത്തോടെ അയാളും പ്രതിയെ കാണാന്‍ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി വച്ചു പിടിച്ചു.... 

2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

പൊറുതികേടുകള്‍.(കവിത)



കശുവണ്ടിപ്പരിപ്പ് പാക്കറ്റുകളായാണ് അച്ഛന്‍ വാങ്ങിത്തന്നിരുന്നത്
ആരോഗ്യവാനാകണം, പെന്‍സില്‍പോലുള്ള നിന്റെ ഈ ശരീരം വെച്ച്
ഈ ജീവിതത്തോട് നീയെങ്ങനെ പൊരുതി ജയിക്കാനാണ്?
മൂക്കിന്‍തുമ്പത്തെ കണ്ണടക്കിടയിലൂടെ അച്ഛന്‍ കാര്‍ക്കശ്യത്തോടെ നോക്കി
തീറ്റിച്ചു തീറ്റിച്ച് അമ്മ വശം കെട്ടു
തീരെ തിന്നാത്ത ഈ ചെക്കന്‍ എന്താണ് ആവാന്‍ പോകുന്നത്?
അയല്‍വീടുകളിലെ ലഗോന്‍കോഴികളെപ്പോലുള്ള
കുട്ടികളെ നോക്കി അമ്മ വ്യസനിച്ചു
എത്രയോ തിന്നു കഴിഞ്ഞിരുന്നു മസാലയിട്ടു വറുത്ത വെളുത്ത പരിപ്പുകള്‍
പതിനാറാംവയസ്സിലാണ് കഴിച്ചതെല്ലാം അനേകം കുട്ടികളുടെ
ജീവന്‍വിടാത്ത വികൃതശരീരങ്ങളാണെന്നു മനസ്സിലായത്
കശുവണ്ടിപോലുള്ള തലകള്‍,വളഞ്ഞുപിരിഞ്ഞുനേര്‍ത്തുപോയകൈകാലുകള്‍
എല്ലിന്‍കുഴിയില്‍ നിന്നെത്തി നോക്കുന്ന തിളക്കമറ്റ കണ്ണുകള്‍
ഒരിക്കലും ഒരാഹാരത്തെയും ദഹിപ്പിക്കാത്ത ജീര്‍ണിച്ച കുടലുകള്‍
ചുറ്റും ദുഷ്ടത മാത്രം കണ്ടു തളര്‍ന്ന ഹൃദയങ്ങള്‍
തിന്നുപോയതെല്ലാം അളിഞ്ഞ അവയവങ്ങളായി വയറില്‍കൊളുത്തിപ്പിടിച്ചു
മാറാത്ത വയറുവേദന...നിലക്കാത്ത ഓക്കാനം
അനവധി ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലുകളില്‍ സുഖവാസമെടുത്തിട്ടും
രോഗം തുടരുക തന്നെയാണ്,കുറ്റബോധമാണ് സ്വസ്ഥത തകര്‍ക്കുന്നത്
ഹെലികോപ്റ്ററുകള്‍ വര്‍ഷിച്ച വിഷമഴയില്‍ കരഞ്ഞു നിലവിളിച്ച്
കശുമാവുകള്‍ പ്രാണന്‍ പറിച്ചു വിരിയിച്ച ഫലങ്ങള്‍
അതിനും താഴെ വിഷമഴയില്‍ പൊതിര്‍ന്നു വിരൂപരായവര്‍
വിചിത്രരൂപികളായി ഭൂമിയെ തുറിച്ചു നോക്കുന്നവര്‍
വയറുവേദന എങ്ങനെ ശമിക്കാനാണ്?ഓക്കാനം എങ്ങനെ നിലക്കാനാണ്.........
   


2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

മൊബൈല്‍ ടു മൊബൈല്‍(കഥ)

'
ഹലോ മിനിക്കുട്ടീ,എന്തൊക്കെ വിശേഷങ്ങള്‍?'
'ഓ,എത്ര കാലമാണാവോ ഈ പുന്നാരം.ദുഷ്ടനാ,എപ്പഴാ ഇട്ടോടിപ്പോവാന്ന്പ റയാന്‍ പറ്റില്ല.'
'നിന്നെയോ,നിന്നെ ഞാനെങ്ങനെ ഒഴിവാക്കാന്‍?മരിക്കോളം നമ്മള്‍ പിരിയാന്‍ പോണില്ല.ഈ ഫോണ്‍ വിളിയും മെസ്സേജും പിന്നെ എപ്പഴേലും അവസരം കിട്ടുമ്പോ ഒന്നു കാണലും..അത്രയൊക്കെയല്ലേ പറ്റൂ കുട്ടീ,നമ്മള്‍ രണ്ടാളും കുടുമ്പോം കുട്ട്യോളും ഒക്കെ ഉള്ളോരല്ലേ?പിന്നെ മറ്റുള്ളവരുടെ െ്രെപവസിയിലേക്ക് ചൂഴ്ന്നു നോക്കുന്ന കേരളം പോലൊരു നാടും..'
'ഉം ഒക്കെപ്പറയും,പിണങ്ങ്യാ പിന്നെ എന്തൊരു ദുഷ്ടനാ..വിളിച്ചാ ഫോണ്‍ ജന്മത്ത് എടുക്കില്ല.എനിക്കാണേലോ എന്റെ ഭര്‍ത്താവ് പിണങ്ങിയാലൂടെ ഇത്ര സങ്കടംല്ല .'
'ചിലപ്പോ ഞാനങ്ങനെയാ,ആരോടും മിണ്ടാന്‍ തോന്നില്ല.അല്ലാതെ നിന്നോടെന്തു ദേഷ്യം?പിന്നേയ്,ആ ചൊറ പിന്നേം വിളിച്ചിരുന്നു.എന്തൊരു കഷ്ടപ്പാട്,അട്ടയെ പ്പോലെയാ,എത്ര തട്ടിക്കളഞ്ഞാലും അള്ളിപ്പിടിച്ചിരിക്കും.ഫോണ്‍ വിളിക്കണ്ട ,മെസ്സേജ് അയക്കണ്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.വിളി തന്നെ വിളി..ഞാന്‍ ഫോണെടുക്കില്ല.കുറെ കഴിയുമ്പോ മടുത്ത് ഓഫാക്കും.വല്ലാത്തൊരു പാടു തന്നെയാണേയ്'
'ആര്?ആ നസീമയോ?വല്യ കൂട്ടാരുന്നല്ലോ,ഇപ്പോ എന്തു പറ്റി?'
'ഏയ്,നിന്നോടുള്ള കൂട്ടൊന്നും വേറാരോടും ഇല്ലെടോ.അല്ലെങ്കിത്തന്നെ സ്‌നേഹിക്കപ്പെടാന്‍ മാത്രം എന്താ അവളിലുള്ളത്?ഭംഗി സ്മാര്‍ട്‌നെസ്സ് ഒന്നുല്ല.എന്നെ മൂപ്പത്തിക്ക് വല്യ ആരാധനയാ ..'
'ഉം,ഇക്കണ്ട പെണ്ണുങ്ങളൊക്കെ ആരാധിച്ച് എവിടെത്തുമാവോ എന്റെ ശ്രീകൃഷ്ണന്‍.ആട്ടെ,എന്റെ എഴുത്തിനെപ്പറ്റി എന്താ  അഭിപ്രായം?'
'അതു ഞാനെന്നും നിന്നോട് പറയണതല്ലേ?നീ നല്ല കഴിവുള്ളവളാണെന്ന്.എഴുതിത്തെളിയണമെന്ന്.നീയതൊന്നും ശ്രദ്ധിക്കില്ല.ഭര്‍ത്താവും കുടുമ്പോം അതേള്ളൂ നിനക്ക് ചിന്ത.കുതറാനാവണം കുട്ടീ,നമ്മളെ കെട്ടിപ്പൂട്ടിയ ചങ്ങലകളെ അല്പമെങ്കിലും കുതറിത്തെറിപ്പിക്കാനാകണം.'
'ഒക്കെ പറയും,കുതറി രക്ഷപ്പെട്ട് ഞാനാ കഴുത്തില്‍ തൂങ്ങും.അപ്പൊ കാണാം കോലം,ദൂരേക്ക് ഒരേറായിരിക്കും.'
'അതല്ലേ ഞാന്‍ പറഞ്ഞത്,കുടുംബം ഒക്കെ വേണം ,പക്ഷെ നമ്മളെ അതിനായ് ദഹിപ്പിച്ചു കളയരുത്.അപ്പൊ മോളേ സമയം ഒരുപാടായി.സന്തോഷായിരിക്ക് കേട്ടോ.'
ഫോണ്‍ ചൂട് പിടിച്ചിരിക്കുന്നു.അപ്പോഴാണ് ഒരു മെസ്സേജ്,ആ ചൊറ തന്നെയാവും.വായിക്കാതെ ഡിലീറ്റു ചെയ്യാറാണ് പതിവ്.
'ടുമോറോ വില്‍ ബി അഡ്മിറ്റഡ്  ഇന്‍ ദ ഹോസ്പിറ്റല്‍. നോട്ട് അറ്റോള്‍ വെല്‍.ദേര്‍ വില്‍ ബി ആന്‍ ഓപ്പറേഷന്‍.ഐ ഡോണ്ട് നോ വെതര്‍ ഇറ്റ് വില്‍ ബി എ ഡോര്‍ ടു ഡെത്ത് ഓര്‍ ലൈഫ്.ഫോര്‍ഗിവ് മി ഇഫ് ഐ ഹാംഡ് യു ഇന്‍ എനി വേ.മൈ ലാസ്റ്റ് വിഷ് ദോ യു റിജെക്റ്റ് ഈസ് ടു ടോക് ടു യു വണ്‍സ് മോര്‍,പ്ലീസ്..എന്നേലും എന്നെക്കുറിച്ചൊരു ഓര്‍മക്കുറിപ്പെഴുതണം.നക്ഷത്രത്തെ സ്‌നേഹിച്ച പടുവിഡ്ഢിയെപ്പറ്റി..'
ഒരു കരട് അയാളുടെ മനസ്സില്‍ ഇളകി.പുന്നാരവാക്കുകള്‍ കുറെ പറഞ്ഞിട്ടുണ്ട് തന്റെ കാര്യം നേടാന്‍.അതിനു കിട്ടില്ലെന്നു കണ്ടപ്പോഴാണ് ച്യൂയിന്ഗം പോലെ വലിച്ചെറിഞ്ഞത്.അല്ലാതെ ആരെങ്കിലും ഒരാളെ സ്ഥിരമായി സ്‌നേഹിച്ചുകൊണ്ടിരിക്കുമോ?എന്തൊരു മടുപ്പാണത്!ഋതുക്കള്‍ മാറുമ്പോലെയാണ് തന്റെ പെണ്‌സൌഹൃദങ്ങള്‍.ഓരോ ഋതുവിലും വ്യത്യസ്തമായ ഇമ്പമുള്ള ശബ്ദങ്ങള്‍.ജീവിതം അതിന്റെ അവസാന തുള്ളി വരെയും ആസ്വദിച്ചാണ് കുടിക്കേണ്ടത്.അതിനിടെ ഇത്തരം ചൊറകള്‍ ആവശ്യമില്ലാത്ത ടെന്‍ഷനാണ് തരുന്നത്.ഒരു അലൌകിക സ്‌നേഹം!
അങ്ങനെയൊക്കെ ചിന്തിച്ചിട്ടും ആ സ്ത്രീയെക്കുറിച്ച ചിന്തകള്‍ അയാളിലേക്ക് ചേരട്ടയെപ്പോലെ ഇഴഞ്ഞു ചുരുണ്ടു.'എല്ലാ നദികളെയും ശക്തമായി ചലിപ്പിക്കുന്ന മറ്റൊരു നദി അടിയിലുണ്ട് കുട്ടീ.'ഒരിക്കല്‍ അവളോട് ഫോണില്‍ പറഞ്ഞു.'നീ നല്ല കാലിബറുള്ള എഴുത്തുകാരിയാണ്.പക്ഷെ നീയത് മൈന്‍ഡ് ചെയ്യുന്നില്ല.ഒരിക്കലും രംഗത്ത് വരാന്‍ ശ്രമിക്കുന്നില്ല.'
'ഓ,എന്തു രംഗത്ത് വരാന്‍.വയസ്സായി മരിക്കാറായി.ഓരോരുത്തര്‍ക്കും ജീവിതം ഓരോ പാത്രം വച്ചിട്ടുണ്ട്.അതിലുള്ളതേ കിട്ടൂ.ചിലരുടെ പാത്രം നേരത്തെയങ്ങു ഉടഞ്ഞു തീരേം ചെയ്യും.എനിക്കൊന്നും വേണ്ട.ഈ വടവൃക്ഷത്തിന്റെ തണല്‍,എപ്പോഴും കത്തുന്ന സൂര്യനില്‍ നിന്നു ഈ വിളര്‍ത്തചെടിയെ രക്ഷിച്ചാല്‍ മതി.അതു മാത്രേ എനിക്കെപ്പോഴും വേണ്ടൂ.'
'അതൊക്കെ എപ്പഴുണ്ട്,മരിക്കണ വരെ നമ്മളിനി പിരിയണില്ല.പോരേ?'
'എവിടെ,മുമ്പ് പിണങ്ങിയത് ഞാന്‍ മറന്നിട്ടില്ല.എന്തൊരു വാശിക്കാരനാ.തെറ്റിക്കഴിഞ്ഞാ പിന്നെ പടച്ചോന്‍ ഇറങ്ങി വന്നു വിളിച്ചിട്ടും കാര്യമില്ല.'
'ഇനി അതൊന്നുമുണ്ടാവില്ല.പോരേ,പക്ഷെ ചിലതൊക്കെ എനിക്കിഷ്ടാ,നീയതോരിക്കലും തരില്ലാലോ.പിന്നെന്തു ചെയ്യും?സ്‌നേഹം ശരീരങ്ങള്‍ തമ്മില്‍ കൂടിയാണ് കുട്ടീ.'
'എല്ലാം തന്നെന്നു വിചാരിക്ക്.അതല്ലേ പറ്റൂ.ഈ വിളി തന്നെ പുറത്തറിഞ്ഞാ എന്റെ പടച്ചോനേ ഓര്‍ക്കാന്‍ വയ്യ.ഇഞ്ചി ചതയ്ക്കും പോലെ ചതച്ചു ചതച്ച് ഉപ്പിലിടും.'
'കുതറാനാവണം കുട്ടീ,എഴുത്തുകാരന്‍ എപ്പോഴും ചങ്ങലകളെ അറുത്തു തെറിപ്പിക്കണം.'
'ഒക്കെ പറയും,കുതറിത്തെറിച്ച് ഉള്ള ഇടം കൂടി നഷ്ടപ്പെട്ട് നിലവിളിക്കുമ്പോ ആരും ഉണ്ടാവില്ല,ഈ പറയണ ആളും..അനേകം ഗോപികമാര്‍ ചുറ്റി നടപ്പല്ലേ ഈ ശ്രീകൃഷ്ണനെ.'
ങാ,ചോദിക്കട്ടെ, എന്താ നിനക്ക് എന്നോടിത്ര ആരാധന?പറ'
'ആ എഴുത്തു തന്നെ.പ്രസംഗിക്കുമ്പോ ചാട്ടുളി പോലല്ലേ വാക്കുകള്‍.വാക്കുകളുടെ രാജാവാ.ആരാ ഇഷ്ടപ്പെടാതിരിക്കാ?'
'ഉം ,പ്രസംഗം കേട്ടു എത്ര പെണ്ണുങ്ങളാണെന്നോ  വിളിക്കണത്എന്നാ ശരീട്ടോ ,സന്തോഷായിരിക്ക്.ഓക്കെ.'
അവള്‍ സങ്കടങ്ങളെ ഒരു കടലെന്നോണം തന്നിലേക്ക് ഒഴുക്കിയിട്ടുണ്ട്.ആ ദുര്‍ബലചിത്തം തിരിച്ചറിയാഞ്ഞല്ല. ഇപ്പോള്‍ ദൂരേക്ക് തെറിപ്പിച്ചില്ലെങ്കില്‍ അതു തനിക്കു ആവശ്യമില്ലാത്ത ക്ലേശങ്ങള്‍ തരും.ജീവിതം ആനന്ദിക്കാനുള്ളതാണ്,അവസാനതുള്ളി വരെയും..പിന്നെയും ടിംഗ് ടിംഗ്‌ഫോണില്‍ മറ്റൊരു മെസ്സേജ്.ഡിലീറ്റു ചെയ്യാനൊരുങ്ങുമ്പോള്‍ അറിയാതെ വരികള്‍ കണ്ണില്‍ തടഞ്ഞു.
'കാലു പിടിച്ചാലും വിളിക്കില്ല അല്ലേ?എന്റെ കോള്‍ സ്വീകരിക്കയുമില്ല.അലിവെന്നു കരുതിയിരുന്ന വാക്കുകളൊക്കെയും ഇപ്പോഴെന്നെ പൊള്ളിക്കുന്നു.ഒരെഴുത്തുകാരന് ഇത്രേം ക്രൂരത സാധിക്കുമോ?എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി.മാപ്പ് ,വല്ല അപരാധവും ചെയ്തു പോയെങ്കില്‍..'
അഗാധമായൊരു ഗര്‍ത്തത്തില്‍ പെട്ടപോലൊരു തോന്നല്‍ പെട്ടെന്നയാള്‍ക്കുണ്ടായി.അതിനെ അതിജയിക്കാന്‍ അയാള്‍ മറ്റൊരു പെണ്‌സുഹൃത്തിനെ വിളിച്ചു കുശലം പറഞ്ഞു.സരസസംഭാഷണം അയാളുടെ ഹൃദയത്തിലേക്ക് പളുങ്കുമണികളെ വാരിയെറിഞ്ഞു.
രാത്രികാര്യമായിരുന്ന്! എഴുതുകയായിരുന്നു.അപ്പോഴാണ് പിന്നെയും വിളി.കണ്ടു കണ്ട് പരിചയിച്ച നമ്പര്‍.കലിയോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.കിടക്കാന്‍ നേരം ഫോണെടുത്തപ്പോള്‍ നാശം അതാ മറ്റൊരു മെസ്സേജ്
'ഈ ശല്യത്തെയോര്‍ത്ത് ഫോണ്‍ ഓഫാക്കണ്ട.നിര്‍ത്തി.ഒടിഞ്ഞു പോയ ഈര്‍ക്കിള്‍ നേരാക്കാനുള്ള എല്ലാ ശ്രമവും.എന്തോ നാളത്തോടെ കഥ തീരുമെന്നൊരു തോന്നല്‍.അതുകൊണ്ട് മാത്രാ വിളിച്ചത്,സോറി..'
നിലവിളിക്കുന്ന വാക്കുകളൊന്നും തന്റെ മനസ്സിനെ അല്പം പോലും ചാലിപ്പിക്കുന്നില്ലല്ലോയെന്ന് അയാള്‍ ഗൂഡം അഭിമാനിച്ചു.പൂവിതള്‍ പോലൊരു ഹൃദയം കൊണ്ട് എഴുത്തുകാരന് പ്രത്യേക മെച്ചമൊന്നുമില്ല.ഏതു വെയിലിലും വാടാതെ നില്‍ക്കാനാകണം.ഏതു കണ്ണീരിനെയും ചവിട്ടിത്തെറിപ്പിക്കാനാകണം.ഒരു ചേമ്പില പോലെ സ്‌നേഹത്തുള്ളികളെ സ്വീകരിക്കാനാകണം.പ്രേമത്തിന്റെ ഓരോ മഴയ്ക്ക് ശേഷവും ഒരു തരി നനയാതെ.ചിത്തം ഒരു തരി പോലും കുതിരാതെ..
മൂന്നു ദിവസം കഴിഞ്ഞ് പേപ്പര്‍ വായിക്കെ, ഉള്‍പ്പേജിലെ അപ്രധാനമായൊരു വാര്‍ത്ത അയാളെ ഞെട്ടിച്ചു കളഞ്ഞു'പ്രസവത്തെ തുടര്‍ന്ന്! അധ്യാപിക മരിച്ചു.സിസേറിയനിലെ  കുഴപ്പമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.'അവിശ്വാസത്തോടെ അയാളാ ചിത്രം വീണ്ടും വീണ്ടും നോക്കി.വിളറിയ ഒരു ചിത്രം'കുഞ്ഞ് സുഖമായിരിക്കുന്നു'അവസാനവരി അയാളുടെ കണ്ണുകളില്‍ ഒരു മിന്നായം പോലെ പിടഞ്ഞു. അവള്‍ പറയാറുണ്ടായിരുന്നു:'ദുനിയാവിന്റെ കഷ്ടപ്പാടിലേക്ക് എന്തിനാ പിന്നേം പിന്നേം കുഞ്ഞുങ്ങള്‍?പരലോകത്താണേല്‍ അവിടേം ശിക്ഷ.സ്വര്‍ഗം കിട്ടുമെന്ന് നന്മ ചെയ്താലും എന്താ ഒരൊറപ്പ്?പിന്നെ പെണ്ണായാ ഭര്‍ത്താവില്ലേല്‍ ,കുഞ്ഞില്ലേല്‍ ആളുകളുടെ കണ്ണുകള്‍ കൂര്‍ക്കും.അതിശയച്ചോദ്യങ്ങള്‍ കനയ്ക്കും.സമൂഹത്തില്‍ സ്വീകാര്യയാവണെങ്കി ആ ഭാരങ്ങളൊക്കെയും വേണം.എനിക്കാണേലോ ആത്മാവില്‍ തൊട്ട് ഒരാളെ സ്‌നേഹിച്ചില്ലെങ്കി നിലനില്പില്ല.ദൈവത്തിന്റെ കണ്ണില്‍ ഈ സ്‌നേഹൊക്കെ ഹറാമാണ് താനും.ഭര്‍ത്താവിനാണേല്‍ എഴുത്തെന്നു കേള്‍ക്കുന്നതേ കലിയാണ്.ഒരു സമാനഹൃദയനോട് മാത്രേ ഹൃദയത്തില്‍ തൊട്ട സ്‌നേഹം ഉണ്ടാവൂ അല്ലേ?'
'ചെറുപ്പത്തിലേ മുല്ലമാരുടെ ക്ലാസ് കേട്ടിട്ടാ നിനക്കീ ആവശ്യമില്ലാത്ത കുറ്റബോധങ്ങള്‍.ചത്തു കുത്തിപ്പോകുമെടോ എല്ലാരും ,അല്ലാതെന്ത്?അതിനിടെ കൈവെള്ളയില്‍ ശേഖരിക്കാനാകുന്ന തിളക്കങ്ങളൊക്കെ ഒരുക്കൂട്ടാ. എല്ലാ ആനന്ദങ്ങളും.എന്താ?'
'ഇങ്ങക്ക് പറ്റും.ബെല്ലും ബ്രെയ്‌ക്കൊന്നും ഇല്ലാലോ.നമ്മക്കങ്ങനെയല്ലല്ലോ  മതിലുകള്‍ക്കുള്ളില്‍ പിന്നേം മതിലുകള്‍.ആത്മാവോളം തുളച്ചിറങ്ങുന്ന മതിലുകള്‍.'
ഒരു പതിഞ്ഞ ചിരി മുഴങ്ങുന്നുണ്ടോ?അയാള്‍ ചെവി കൂര്‍പ്പിച്ചു.
'പറയാറുണ്ടായിരുന്നില്ലേ ഞാന്‍?നിഴലായി ഞാനെപ്പോഴും ഒപ്പമുണ്ടാകുമെന്ന്!.എന്റെയത്ര വിശുദ്ധിയില്‍ ഒരാളും നിങ്ങളെ സ്‌നേഹിച്ചിട്ടില്ല.പിന്നെന്തിനാ എന്നെ മാത്രം പറിച്ചെയുന്നത്?നോക്കിക്കോളൂ, ഇനിയേതു പെണ്ണിനോടു കിന്നാരം പറയുമ്പോഴും ഞാന്‍ അരികെയുണ്ടാവും.എന്നോട് പറഞ്ഞതു തന്നെയാണോ അവരോടും പറയുന്നതെന്നു കേള്‍ക്കാലോ.എന്റെ പ്രണയം അതൊരിക്കലും നിങ്ങളെ ദ്വേഷിച്ചില്ല.ഹാ!ആത്മാവ് സ്വതന്ത്രമായി, ഇനിയതിനു എന്നും കൂട്ടുണ്ടല്ലോ ഈ സാമീപ്യം.'
കഴുത്തില്‍ പതിയുന്ന ഹിമത്തണുപ്പില്‍ അയാള്‍  അറിയാതെ  നിലവിളിച്ചു.അകത്തു നിന്നും ഓടിയെത്തിയ ഭാര്യ നുരയും പതയും ഒലിപ്പിച്ച് കസേരയില്‍ ചാഞ്ഞിരിക്കുന്ന ഭര്‍ത്താവിനെ കണ്ട് അലമുറയിട്ടു.
മൂന്നാലു ദിവസങ്ങള്‍ക്കു ശേഷം ആ വിവശത അവസാനിച്ചപ്പോള്‍ അയാള്‍ ഒരു കഥ എഴുതാനിരുന്നു.പെരുത്ത നക്ഷത്രത്തെ സ്‌നേഹിച്ച പുല്‍ക്കൊടിയെപ്പറ്റി.പുല്‍ക്കൊടിയുടെ അനന്തമായ സ്‌നേഹം, നക്ഷത്രത്തിന്റെ അപാരമായ കാരുണ്യം.ആ അലിവിന്‍ ജ്വാലയില്‍ പുല്‍ക്കൊടി ക്രമേണ ജ്വലിക്കുന്നത്, ഒരു കുഞ്ഞു താരമായി മാറുന്നത്..വാക്കുകളുടെ മാസ്മരികതയില്‍ അയാള്‍ തന്നെ അതിശയിച്ചു.ഈ കഥ ഒരു മാസ്റ്റര്‍ പീസായിരിക്കും.വായിക്കുന്ന ആരും പെരുത്ത നക്ഷത്രത്തെ ആദരിക്കാതിരിക്കില്ല .പെട്ടെന്ന് പിന്നില്‍ നിന്ന് അടക്കിപ്പിടിച്ച ചിരി
'അങ്ങനേലും നീയെന്നെക്കുറിച്ചൊന്നെഴുതിയല്ലോ.ആ വാക്കുകളൊന്നുംപക്ഷെ സത്യമേയല്ലല്ലോ.നീയെന്റെ മാത്രം കടലായിരുന്നു.എത്രയെത്ര കൈവഴികള്‍ നിന്നിലലിഞ്ഞാലും എന്നോളം മറ്റാരും നിന്നെ അറിയില്ല.ഈ കണ്ണീരുപ്പും ഓരോ തിരയുടെ ഉള്‍ക്ഷോഭവും  ഓരോ സുനാമിയുടെ വിസ്‌ഫോടനവും എന്നോളം മറ്റാരും അറിയില്ല.അനേകമനേകം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന് സൂര്യന്‍ ഭൂമിയെ അറിയുന്നില്ലേ?അതു പോലെ..'
തണുത്ത സ്പര്‍ശം പിന്‍കഴുത്തില്‍ പതിയും മുമ്പെ അയാള്‍ തന്റെ ലോഹയുടുപ്പണിഞ്ഞു.വിസ്മൃതിയുടെ ചാട്ടയാല്‍ അവളുടെ ഓര്‍മകളെ അടിച്ചോടിച്ചു.മറ്റൊരു ഇമ്പമുള്ള സ്വരത്തിനായി മൊബൈല്‍ ചെവിയില്‍ ചേര്‍ത്തു വെച്ചു!  

2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

നോക്കുകുത്തികള്‍(കവിത)




ഞങ്ങളുടെ നാട്ടില്‍ മിക്ക പുരുഷന്മാര്‍ക്കും പേയിളകിയിരിക്കുന്നു
മദം തീരുവോളം അടിച്ചും ഇടിച്ചും
അവന്‍ സ്ത്രീശരീരത്തെ പഞ്ഞിപ്പരുവമാക്കും
താന്‍ ഉരുവം കൊണ്ട ഗര്‍ഭപാത്രം ഇവളിലും മിടിക്കുന്നല്ലോയെന്ന്
പകയോടെ ഓര്‍ത്തുകൊണ്ട് അവന്‍ അതിനുള്ളിലേക്ക്
ഇരുമ്പുകമ്പി കുത്തിക്കേറ്റും.
ചീറ്റിത്തെറിക്കുന്ന ചോര കണ്ട് ഹാഹായെന്നു അട്ടഹസിക്കും
എന്നാലും പേനായ്ക്കളാണ് ധീരരായി വാഴ്ത്തപ്പെടുക
കടിയേറ്റ ജീവച്ഛവങ്ങളായ ഇരകള്‍
മാനമെന്ന തൂക്കുകയറില്‍ നാവു തുറിച്ച്
മലം വിസര്‍ജിച്ച് തൂങ്ങിയാടും .........
ജനം മാനം പോയവളെന്നു കപടസഹതാപത്തോടെ കൂക്കിയാര്‍ക്കും
പേനായയെ ആരും ചങ്ങലക്കിടുകയില്ല
സമൂഹത്തിന്റെ പരിഹാസവിഷം പേമരുന്നു പോലെ
 അവളില്‍ കുത്തി വെക്കപ്പെടും
പിന്നീട് അവളുടെ ശിരസ്സൊരിക്കലും നിവരുകയില്ല
നാവ് ഒന്നും ഉരിയാടുകയില്ല
ബൊമ്മയെപ്പോലെ അവള്‍ സമൂഹത്തിന്റെ തെരുവില്‍
നോക്കുകുത്തിയായി പ്രതിഷ്ഠിക്കപ്പെടും
ആര്‍ക്കും കല്ലെറിയാം ,തീ കൊളുത്താം..
അപ്പോഴും മാനാപമാനങ്ങള്‍ തിരിച്ചറിയാത്ത ദീനം പിടിച്ച ആത്മാവ്
ചവറുദേഹത്തിനുള്ളില്‍ നിന്നും പുറത്തേക്ക് തല നീട്ടാന്‍ യത്‌നിക്കും
സ്ത്രീയായിരിക്കുക എന്നത് ചിലര്‍ക്ക് ഒരു നോക്കുകുത്തിയാവുക എന്നതിനേക്കാള്‍  അപഹാസ്യമായ വിധിയാണ് .......................


2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

ആറു മാസമാണെങ്കിലും(കവിത)


ആറു മാസമാണു പ്രായമെങ്കിലും ഞാനൊരു പെണ്‍ശാപം
വേസ്റ്റുകള്‍ക്കിടയില്‍ കിടന്ന് ഉറക്കെ കരയുമ്പോഴും ഭയമുണ്ട്
നിലവിളി കേട്ടെത്തുന്നത് ഒരു കാടനാകാം ,
എന്റെ ഇതളുകളൊന്നാകെ കശക്കി ചവിട്ടിയരച്ചേക്കാം
ഗര്‍ഭപാത്രത്തില്‍, തൂവല്‍കിടക്കയിലായിരിക്കെ
സന്തോഷത്തിന്റെ ഒരു കൈ എന്നെയും വരവേല്‍ക്കുമെന്നു കരുതി
കാരണങ്ങള്‍ എന്തായിരുന്നോ എന്തോപെണ്ണായതോ അവിഹിതമായതോ
എന്തായാലും ഇരുണ്ട യാമത്തില്‍ ഏതോ വെറുക്കുന്ന കരങ്ങള്‍
ദുര്‍ഗന്ധക്കൂട്ടില്‍ എന്നെ കിടത്തുമ്പോള്‍ ഭയത്താല്‍ ഞാന്‍ കൂമ്പി
ശബ്ദിച്ചാല്‍ ആ പരുത്ത കൈകള്‍ എന്റെ കഴുത്ത് ഞെരിച്ചാലോ?
സൂര്യന്‍ കീറത്തുണികളിലേക്ക് ചൂടെറിഞ്ഞപ്പോള്‍ മാത്രമാണ് കരഞ്ഞത്
പെണ്ണല്ലേ,മണ്ണോളം ക്ഷമിക്കേണ്ടതല്ലേ.................................
 ഞാന്‍ ഭ്രൂണമായിരിക്കെത്തന്നെ, അമ്മ കരയുന്നത്  കേട്ടിരുന്നു
ആരോ അവരെ മര്‍ദിച്ചിരുന്നു വാക്കുകളാല്‍ കുത്തിക്കീറിയിരുന്നു
വയറ്റില്‍ തലോടി അവര്‍ പിറുപിറുത്തു മരിച്ചേക്ക് കുഞ്ഞേ
ഇവിടെ ആരും നിന്നെ പുഞ്ചിരിയോടെ കാത്തിരിക്കുന്നില്ല...
അളിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ മറ്റൊരു ചവറായി ഞാന്‍..
സൂത്രത്തിലൊരു കൈ എന്നെ തൊടുന്നുണ്ട്
ആ സ്പര്‍ശം പോലും എത്ര ആര്‍ത്തി പിടിച്ചത്..
ഇരുട്ടിന്റെ പുതപ്പാണ് അയാള്‍ ആശിക്കുന്നത്
ആരുമെത്താത്ത ഒരു മറവാണ് അയാള്‍ തിരയുന്നത്....
നിഷ്ഫലം, ഞാന്‍ അലറിക്കരയുന്നുണ്ട് നികൃഷ്ടമായി അയാളെന്റെ ഉള്ളിലൂടെ ചോരച്ചിത്രങ്ങള്‍ കുത്തി വരക്കുന്നുണ്ട്
ആറു മാസം പോലും ഒരു പെണ്ണായുസ്സില്‍
 എത്ര പൊള്ളുന്ന കനല്‍നടത്തമാണ്!