ഈ കടല്‍ത്തീരവും കാറ്റാടിമരങ്ങളും
കറുത്ത മണലും സൂര്യന്‍ ചിരിക്കുകയും കരയുകയും ചെയ്യുന്ന ചക്രവാളവും സ്വന്തമാണെന്നായിരുന്നു
എന്‍റെ ധാരണ. തിരകളുടെ ഇടതടവില്ലാത്ത ഗര്‍ജനം കേട്ടുവളര്‍ന്നിട്ടും ഇടിയും
മിന്നലും ഉറക്കം കെടുത്തുന്നു .എത്ര തവണയാണ് പാറകളില്‍ തലയടിച്ചു വീഴുന്നത്, കൂര്‍ത്ത
കല്ലുകള്‍ കാലുകളില്‍ ചോര പൊടിയിക്കുന്നത്.എന്നിട്ടും വീടുകള്‍ ഉണ്ടാക്കുക
തന്നെയാണ് ഞാന്‍.ഒരിക്കലും തകര്‍ന്നു വീഴാത്തൊരു വീടിനുള്ള ആശ നേര്‍ത്തുനേര്‍ത്ത്
എക്സിമോകളുടെ മഞ്ഞുവീടു പോലെ ഒന്നിനായി. കനത്ത വെയില്‍ ആ ആഗ്രഹാത്തെയും ഉരുക്കിക്കളഞ്ഞു
.മണല്‍ കൊണ്ടൊരു കൊട്ടാരമാണിപ്പോള്‍ മനസ്സില്‍. പക്ഷെ എത്ര ദൂരെ പണിതിട്ടും തിരയതിനെ
നക്കിക്കൊണ്ടു പോകുന്നു. പണ്ട് മണ്ണപ്പം ചുടാനും ഇതേ മണലാണ്
കൂട്ടിനുണ്ടായിരുന്നത് .എത്ര തവണയാണ് കടല്‍കാക്കകള്‍ അവ കൊത്തിയത്.ഏറുമാടം പോലൊരു
വീടിനും ശ്രമിച്ചു –കടലില്‍ നിന്നെത്രയോ ദൂരെ .ഓരോ തിരയും എത്രയെളുപ്പമാണ് ഓരോ
പ്രവര്‍ത്തിയെയും, ഭൂതകാലത്തെത്തന്നെയും മായ്ച്ചുകൊണ്ടിരിക്കുന്നത്. എന്‍റെ പാഴ്ശ്രമങ്ങള്‍
അമ്മ കാണുന്നുണ്ടാവണം. ജനനത്തില്‍ പൊക്കിള്‍ചരട് കുടുങ്ങി ഒരു പാടുണ്ടായിരുന്നു
എന്‍റെ കഴുത്തില്‍ .അമ്മയെ കാണാന്‍ തോന്നുമ്പോഴെല്ലാം ആ വടുവില്‍ ഒന്നു തൊട്ടാല്‍
മതി ,എഴാകാശത്തപ്പുറത്തു നിന്ന് അവര്‍ ശുഭ്രവസ്ത്രത്തില്‍ പുഞ്ചിരിക്കാന്‍.
എന്നും ഒരേ സ്വപ്നം
കാണുന്നതിന്‍റെ അര്‍ത്ഥമെന്താണ്?കിനാവില്‍ നിറയെ വീടുകളാണ് ,പഴയ ഗുഹാമുഖങ്ങള്‍
മുതല്‍ ഇന്നത്തെ കൊട്ടാരവീടുകള്‍ വരെ..പെട്ടെന്നാണ് തണുത്ത കാറ്റ് വീശുന്നത്
,ധൂളിധൂളിയായി വീടുകള്‍ പറന്നു പോകുന്നത്.ചിലപ്പോള്‍ ഒരു വന്‍കുലുക്കമാവും ഭൂമിയെ
അട്ടിമറിക്കുക. ആളുകളുടെ കരച്ചില്‍ ഒരിക്കലും ഒടുങ്ങാതെ ..തണുത്ത കാറ്റിലും
മഴയിലും കുളുര്‍ന്ന് പല്ലുകള്‍ കൂട്ടിയിടിച്ച് ഉണരുമ്പോഴാവും എല്ലാം സ്വപ്നമാണെന്ന്
മനസ്സിലാവുക .അത്ഭുതപ്പെടുക..അമ്മ പറയാറുണ്ടായിരുന്നു ,”മോനെ , ആ മുടിയൊന്നു
വെട്ടിക്കള ,ആ തുണിയൊന്നു തിരുമ്മി വെളുപ്പിക്ക്..ചില്ലറകള്‍ ഒരുക്കൂട്ടി ഒരു
മുണ്ട് കൂടി വാങ്ങിച്ചോ മോനെ ..അങ്ങനെ ഓരോന്ന് അമ്മ പറഞ്ഞോണ്ടിരിക്കും. ഭിക്ഷക്കാരന്
ഒരു മുണ്ട് തന്നെ അധികമല്ലേ? മുകളില്‍
ആകാശവും താഴെ ഭൂമിയുമായ പ്രകൃതിപുത്രന്‍. അല്ലെങ്കില്‍ ആരാണ് ഭിക്ഷക്കാരല്ലാത്തത്? ചിലര്‍ക്ക്
പിച്ചപ്പാത്രത്തില്‍ പൊട്ടിയ നാണയങ്ങളും പഴകിയ ഭക്ഷണവും കിട്ടുമ്പോള്‍ മറ്റു ചിലര്‍ക്ക്
എല്ലാം മോടിയില്‍ കിട്ടുന്നു ,ഭിക്ഷാപാത്രവും വസ്ത്രവും അങ്ങനെ എല്ലാം..അമ്മയ്ക്കറിയില്ലല്ലോ
ഒരാള്‍ക്കും തന്‍റെ ദുഖങ്ങളെ തിരുമ്മി
വെളുപ്പിക്കാനാവില്ലെന്ന് ,ആയുസ്സിന്‍റെ പകുതിയോളം ഒരു മണല്‍ വീടിന് ശ്രമിച്ചിട്ട്
പരാജയപ്പെട്ടതിന്‍റെ വേദന എന്തെന്ന് ..മഞ്ഞ് ചുമരുകള്‍ പോലെയല്ല മണല്‍ ചുമരുകള്‍
,നമ്മെ പൊള്ളിച്ചുകൊണ്ടിരിക്കും ,തോന്നുമ്പോള്‍ താഴേക്ക് ഉതിര്‍ന്നു വീണ് നമ്മുടെ
മോഹങ്ങളിലേക്ക് മണല്‍ വാരിയെറിയും..
ഈയിടെയായി
ഇവിടെയാകെ വര്‍ണങ്ങളാണ്. നിറപ്രളയത്തില്‍ തുള്ളുന്ന കുഞ്ഞുങ്ങള്‍ ,പ്രേമം നിറഞ്ഞ
സ്വകാര്യങ്ങള്‍..ഇപ്പോള്‍ ഞാനിരിക്കുന്നേടം പോലും സ്വന്തമല്ലെന്ന്
തോന്നിപ്പോകുന്നു .വീടുപണി ഉപേക്ഷിച്ച് , ഞങ്ങള്‍ക്ക് നീളത്തില്‍ രണ്ടു മണല്‍ക്കുഴികളാണ്
അവസാനമുണ്ടാക്കിയത്. തിരകളില്‍ നിന്ന് വളരെയകലെയുള്ള കുഴികളില്‍ കിടന്ന് ഞങ്ങള്‍
വളരെ നേരം സംസാരിക്കും. എന്നും പരലോകത്തേക്ക് കണ്ണടയ്ക്കും . ആദ്യം നികന്ന കുഴി
അമ്മയുടേതായിരുന്നു.
ഒരു ആശയും
മനസ്സിലില്ലാതിരുന്നിട്ടും കാറ്റാടിമരങ്ങള്‍ക്ക് താഴെ പാറിക്കളിക്കുന്ന പച്ചയും
ചുവപ്പും വസ്ത്രാഞ്ചാലങ്ങള്‍ എന്നിലെന്തോക്കെയോ ഭ്രമങ്ങള്‍ നിറയ്ക്കുന്നുണ്ട്. ഈ
കുട്ടികള്‍ക്കിടയിലൂടെ ഒഴുകി നീങ്ങുന്ന
ഒരു വര്‍ണബലൂണ്‍ ആകാനാണിപ്പോള്‍ ആഗ്രഹം. ഒരു ബലൂണിന്‍റെ ജീവിതം എത്ര
നശ്വരമാണ്. മണലിന്‍റെ നരച്ച നിറം കണ്ണിലുടയ്ക്കുമ്പോള്‍ വീണ്ടുമോര്‍ക്കുന്നു , എന്‍റെ
വീടുകളൊന്നും പൂര്‍ത്തിയായില്ലല്ലോ. ഇനിയൊരു ദിവസം കൈകാലുകള്‍ അനയ്ക്കാനാവാത്ത
വിധം മണല്‍ എന്നെ മൂടിക്കഴിയുമ്പോള്‍ ഞാനെന്താവും ഓര്‍ക്കുക? പുതിയൊരു വീട് പൂര്‍ത്തിയാക്കുന്നതോ
,ഒരു നക്ഷത്രവീട് പണിയുന്നതിനെക്കുറിച്ചോ , നീര്‍കുമിള പോലെ അല്‍പഭംഗി മാത്രമേകി
പൊലിഞ്ഞു തീരുന്ന ജീവിതമെന്ന ചീട്ടുകൊട്ടാരത്തെക്കുറിച്ചോ, ആര്‍ക്കറിയാം..ഏതായാലും
അതുവരെ ഈ വര്‍ണനൂലുകള്‍, കണ്ണുകളിലിങ്ങനെ തിളങ്ങി നില്‍ക്കട്ടെ , വെറുതെ ,വെറുതെ
...................