ഫെയിസ് ബുക്കില്‍ പൂമ്പാറ്റയെ
തിരയാന്‍ തുടങ്ങിയിട്ട് മാസം ഒന്നായി . “പൂമ്പാറ്റ “ അത് താനവള്‍ക്ക് ഇട്ട
പേരായിരുന്നു..മുടിപ്പിന്ന്‍ കൊണ്ട് തലയിലുറപ്പിച്ച അവളുടെ തട്ടം പൂമ്പാറ്റച്ചിറകുകളായി എപ്പോഴും
പാറിക്കൊണ്ടിരിക്കും..കുസൃതിയൊളിപ്പിച്ച ചിരി , ഒരിക്കലും വിശ്രമിക്കാത്ത നാവ്
..അവളെ പേടിപ്പിക്കലായിരുന്നു ഏറ്റവും വലിയ രസം ..അമ്പലപ്പറമ്പ് മുറിച്ചു
കടക്കാനുണ്ടായിരുന്നു വഴിയില്‍ ..തറ കെട്ടിയുയര്‍ത്തിയ തള്ളയാലില്‍ പാര്‍ക്കുന്ന
പൂതത്തെക്കുറിച്ച് ഞാനെപ്പോഴും പറഞ്ഞോണ്ടിരിക്കും ..”കുട്ടികളെ വല്യ ഇഷ്ടാ
പൂതത്തിന് ..ഒറ്റയ്ക്ക് പോയാ ഉറപ്പായും പിടിക്കും ..”
“എന്തിനാ പൂതം പിടിക്കണത്?- അവള്‍
ആകുലതയോടെ ചോദിക്കും .
“അതോ? കുട്ടികളെ
തട്ടിക്കൊണ്ടോണ ഒരു പൂതത്തെപ്പറ്റി
പഠിച്ചില്ലേ നമ്മള്..ആ പൂതം പിന്നെ കുട്ടി പോയ സങ്കടത്തില്‍ ഒരു പാടു കാലം അലഞ്ഞു
..പിന്നെ ഈ ആലില്‍ സ്ഥിരമായി ..ഇതിലെ പോണ കുട്ടികളെ പിടിച്ച് പൂതക്കുട്ടിയാക്കി
ദാ ആ പൊത്തുകളില്‍ ഒളിപ്പിക്കും ..”
അവള്‍ ഭീതിയോടെ അരയാലിന് എത്ര
പൊത്തുകളുണ്ടെന്നു നോക്കി .ശരിയാണ് , ഒന്നും രണ്ടുമല്ല , കുറെയെണ്ണമുണ്ട് ..
“നൂറെ , ഇയ് ന്‍റെ ഒപ്പം വാ
..”-എന്‍റെ കയ്യില്‍ മുറുകെപ്പിടിച്ചുകൊണ്ട് അവള്‍ ഓടാന്‍ തുടങ്ങും ..ഒറ്റവീര്‍പ്പിന്
അപ്പുറത്തെ മണ്‍റോഡിലെത്തി അവള്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കും –പൂതം തുറിച്ച
കണ്ണുകളോടെ നോക്കുന്നുണ്ടോ?
വഴിയിലെ മറ്റൊരു വൈതരണി കൈത്തോടിനു
കുറുകെയുള്ള ഒറ്റത്തടിപ്പാലമാണ് . എപ്പോഴും
നുരച്ചു പതഞ്ഞൊഴുകുന്ന വെള്ളം കൈത്തോടില്‍ കലങ്ങി മറിയും .വീണാല്‍
ഒലിച്ചെവിടെയെത്തുമെന്ന് ആര്‍ക്കും പറയാനാവില്ല .എന്നിട്ടും അവള്‍ വളരെ
എളുപ്പത്തില്‍ പാലം ഓടിക്കടക്കും .ഞാനോ കാല്‍ വിറച്ച് മുഖം വിളറി കരച്ചില്‍ വന്ന്
എങ്ങനെയൊക്കെയോ ..എന്‍റെ വെപ്രാളം കണ്ട് അപ്പുറത്തിരുന്ന് അവള്‍ കൈ
കൊട്ടിച്ചിരിക്കും ..അവളെ തോട്ടിലേക്ക് വലിച്ചിടാനുള്ള ദേഷ്യം ഉണ്ടാകും അപ്പോള്‍ ..
ഒരു ദിവസം ആല്‍ത്തറയില്‍
പിച്ചക്കാരനെപ്പോലൊരാള്‍ ഇരിക്കുന്നത് ഞാന്‍ ദൂരേന്നേ കണ്ടു .ഞാനവളുടെ ചെവിയില്‍
മന്ത്രിച്ചു –“ഓടിയനാ ..”-
“ഒടിയനോ?”- അവള്‍ വട്ടക്കണ്ണ്‍ ഒന്നൂടെ വലുതാക്കി ..
“ഉം , കേട്ടിട്ടില്ലേ ?ഒടിയന്
ഇഷ്ടള്ള രൂപം കിട്ടും .നായ , പൂച്ച , കാള ..എന്തും ആവാന്‍ പറ്റും ..ഇരുട്ടത്തൂടെ
നമ്മള് പോയാ നമ്മളെ എല്ലൊക്കെ ഒടിക്കും”
അവളുടെ നടത്തം പതുക്കെയായി .എന്‍റെ
കയ്യിലെ അവളുടെ പിടുത്തം ഒന്നൂടെ മുറുകി .
”അപ്പോ ഓല് ജിന്നാളാവുംല്ലേ
?ജിന്നിനാണല്ലോ അയ്നൊക്കെ എള്‍പ്പം..”അവള്‍
സ്വയം ബോധിപ്പിക്കാനെന്നോണം പറഞ്ഞുകൊണ്ടിരുന്നു ..
ഉപ്പിലിട്ട നെല്ലിക്ക , ശര്‍ക്കര
,ചക്ക വറുത്തത് അങ്ങനെ വീട്ടുകാര്‍ കാണാതെ കൊണ്ടു വരുന്ന പലതരം തീറ്റസാധനങ്ങളും
കൊറിച്ചുകൊണ്ടാണ് ഞങ്ങളുടെ സര്‍ക്കീട്ട് .പൊന്നമ്മറ്റീച്ചറുടെ അടുത്ത് കണക്ക്
ട്യൂഷനുണ്ട് രണ്ടാള്‍ക്കും .കണക്ക് ചെയ്യാന്‍ തന്ന് ടീച്ചര്‍ അടുക്കളയിലേക്ക്
പോവും .ഞങ്ങള്‍ സംസാരം തുടരുകയും ..ആല്‍ത്തറയ്ക്കടുത്ത് ഒരു ചുവന്ന നായയെ കണ്ടു ഒരു ദിവസം .അവള്‍ വേഗം എന്‍റെ
പിന്നിലൊളിച്ചുകൊണ്ട് രഹസ്യം പറഞ്ഞു –“കല്ലെറിയണ്ട, ചിലപ്പോ ഓടിയനായിരിക്കും ..”എനിക്കും
തീര്‍ച്ചയുണ്ടായിരുന്നില്ല, എങ്ങനെ ഉറപ്പിക്കാന്‍ ഓടിയനാണോ നായയാണോ എന്ന്..
അന്ന് – മീനട്ടീച്ചര്‍ തന്ന
ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതായിരുന്നു എല്ലാരും .ക്ലാസ്സിന്‍റെ
നിശ്ശബ്ദതയിലേക്ക് “ടീച്ചര്‍ “ എന്നൊരു
വിളി ഉരുണ്ടു വീണു .എല്ലാവരും പകച്ച് തലയുയര്‍ത്തി.പൂമ്പാറ്റ എഴുന്നേറ്റ് നില്‍ക്കയാണ്
,
“ഉം ?”-ടീച്ചര്‍ ചോദ്യഭാവത്തില്‍
അവളെ നോക്കി .
“ടീച്ചര്‍ ,ഈ നൂറു നന്നായി ചിത്രം
വരയ്ക്കും .ഇതു കണ്ടോ അവന്‍റെ നോട്ടുബുക്ക് ..”
ഞാനാകെ അമ്പരന്നു .എപ്പോഴാണ് ആ
പുസ്തകം അവളുടെ അടുത്തേക്ക് ഓടിപ്പോയത് . ”നൂറു ഇവിടെ വാ “ –ടീച്ചര്‍
ഉറക്കെ വിളിച്ചു
ഒരല്പം പേടിയോടെ ഞാന്‍ മേശയുടെ അടുത്തെത്തി .ടീച്ചര്‍
കാരുണ്യത്തോടെ എന്നെ നോക്കി ,പിന്നെ പേഴ്സില്‍ നിന്ന് ഒരു ഒറ്റരൂപാനോട്ടെടുത്ത്
എന്‍റെ കയ്യില്‍ വച്ചുകൊണ്ട് പറഞ്ഞു –“നൂറു നീ നന്നായി വരയ്ക്കുന്നുണ്ടല്ലോ ,
ഇതെന്‍റെ അവാര്‍ഡാണ് കേട്ടോ ..”
മഴ കൊള്ളാതെ പുസ്തകങ്ങളെ നെഞ്ചിന്‍ചൂടിലേക്ക്
ചേര്‍ത്തു പിടിച്ച് നടക്കുമ്പോള്‍ ഞാനവളെ കൃജ്ഞതയോടെ നോക്കി .അവള്‍ ഒരു കല്‍ക്കണ്ടച്ചിരി ചിരിച്ചു .അവളുടെ പഴയ
കുടയില്‍ നിന്ന് മഴത്തുള്ളികള്‍ എന്‍റെ കുപ്പായത്തിലേക്ക് ഓടിയൊളിച്ചുകൊണ്ടിരുന്നു.
ഉപ്പ ഗള്‍ഫായതോണ്ട് ക്ലാസ്സിലെ മറ്റുള്ളവരേക്കാളും പത്രാസുള്ള പല സാധനങ്ങളും
എനിക്ക് സ്വന്തമായുണ്ട് –സ്വര്‍ണക്കളറുള്ള ഹീറോ പേന , മടക്കിക്കുട , കീറാത്ത
കുപ്പായങ്ങള്‍ ,പുതിയ പുസ്തകങ്ങള്‍ ..ഉപ്പാനോട് പൂമ്പാറ്റയ്ക്ക് ഒരു മടക്കിക്കുട
കൊണ്ടു വരാന്‍ പറയണം ,ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ..
“നൂറെ ,ഇയ്ന്നെ മറക്കോ
വെല്താവുമ്പം ?”- ഒരിക്കല്‍ അവള്‍ ചോദിച്ചു .
“അതെങ്ങനെ ,മറക്കാന്‍ വിചാരിച്ചാലും
എവടെ പൂമ്പാറ്റേനെ കാണുമ്പഴും നിന്നെ ഓര്‍മ വര്വല്ലോ .പിന്നെന്തു ചെയ്യും .”- അവള്‍
അത് കേട്ട് സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു .
ഏഴാം ക്ലാസ് റിസല്‍ട്ടറിഞ്ഞു
മടങ്ങായിരുന്നു ഞങ്ങള്‍ .എന്‍റെ മുഖത്ത് തെളിച്ചം കാണാഞ്ഞ് അവള്‍ ചോദിച്ചു –“എന്താ
അനക്കൊരു സങ്കടം ?കഴിഞ്ഞ കൊല്ലം കണ്ട തൂങ്ങിമരണത്തിന്‍റെ പേടി ഞ്ഞൂം മാറീട്ടില്ലേ?”
രണ്ടു മാസത്തോളം പേടിപ്പനി
പിടിച്ചു കിടപ്പിലായ എന്നെ കളിയാക്കുകയാണ് അവള്‍ .അന്ന് –മരണമെന്ന അത്ഭുതം ഒരു
ഊഞ്ഞാലിലെന്നോണം എന്‍റെ മുന്നില്‍ ആടിക്കളിച്ചു. വാര്‍ത്ത കേട്ട് പോത്തന്‍ മാവിന്‍റെ
ചുവട്ടില്‍ ആദ്യമെത്തിയത് ഞാന്‍ തന്നെയായിരുന്നു .ഞങ്ങളുടെ വത്സലട്ടീച്ചറുടെ
മകനാണ് .എന്തിനാവും അയാള്‍ അങ്ങനെ ചെയ്തത്? വല്ലാത്തൊരു ഉത്‌കണ്‍ഠ എന്നെ ചുറ്റി
വരിഞ്ഞു .വീട്ടിലെത്തിയപ്പോഴേക്കും കടുത്ത ജ്വരം എന്നെ അടിച്ചു താഴെയിട്ടു .പിച്ചും പേയും
പറഞ്ഞുകൊണ്ട് ഞാന്‍ തലയിട്ടുരുട്ടി .വല്ലിമ്മ നിലവിളിച്ചു –“കണ്ണേറു പറ്റീതാ , ഇന്‍റെ
കുട്ടിനെ കാക്ക് റബ്ബേ ..”-അവര്‍ ഉപ്പും മുളകും അടുപ്പിലേക്കിട്ട് ഉറക്കെ ദിക്ര്‍
ചൊല്ലിക്കൊണ്ടിരുന്നു..
“അതൊന്ന്വല്ല , പോവാ ,ഉപ്പ ഇന്നെ
ടൌണിലെ സ്കൂളിലാക്കാ ..”പട്ടണത്തില്‍ പോയി പഠിക്കുന്ന ഗമ ഉള്ളിലുണ്ടെങ്കിലും
അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ എന്‍റെ കണ്ണ്‍ നിറഞ്ഞു .അവള്‍ ദുഃഖത്തോടെ എന്നെ
മിഴിച്ചു നോക്കി .പിന്നെ പുസ്തകക്കവറില്‍ നിന്ന് മുഴുത്തൊരു നെല്ലിക്ക എന്‍റെ നേരെ നീട്ടി
–“ന്നാ , തിന്നോ ..ന്നാലും ഇയ് പോയാ ഒരു രസൂണ്ടാവൂലാ ..ആല്‍ത്തറേടെ അടുത്തൂടെ
പോവാന്‍ നിക്ക് പേട്യാ . ഇയ് പോയാ ഞാന്‍ പഠിത്തം നിര്‍ത്തും ..”
കുസൃതി ഒളിഞ്ഞിരിക്കാറുള്ള അവളുടെ
കണ്ണുകള്‍ നിറഞ്ഞു തുളുമ്പി .നേര്‍ത്ത ചുണ്ടുകളെ അവള്‍ കടിച്ചു പോട്ടിക്കുമെന്നു
തോന്നി .പുറത്തേക്ക് ചാടാന്‍ നിന്ന തേങ്ങലിനെ ഉള്ളിലേക്ക് വിഴുങ്ങി അവള്‍ വേഗം
നടന്നു .എന്‍റെ വിളി കേള്‍ക്കാതെ ,തിരിഞ്ഞു നോക്കാതെ അവള്‍ ഓടിപ്പോയി , പിന്നാലെ
ചിറകുകളായി ആ റോസ് തട്ടവും ..
ഇപ്പോള്‍ അവള്‍ കല്യാണം കഴിഞ്ഞു
ഗള്‍ഫിലാണെന്ന് ഉമ്മ ഒരിക്കല്‍ പറഞ്ഞു ..
ഒരു പാടു കാലം പ്രവാസിയായിട്ടും
വിട്ടൊഴിയാത്ത സാമ്പത്തികബാധ്യതകള്‍ എന്നെ ചവിട്ടിയരയ്ക്കുമ്പോഴൊക്കെ ബാല്യത്തിന്‍റെ
മിനുസമാര്‍ന്ന കുന്നിന്‍ചരുവിലൂടെ ഞാന്‍ ഉരസിയിറങ്ങും ..അവിടെ വിടര്‍ന്നു വിരിഞ്ഞു
നില്‍ക്കുന്ന പൂക്കളെയും ശലഭങ്ങളെയും കണ്ട് അതിശയിക്കും ..വലുതാവാതിരുന്നെങ്കില്‍!
പലിശക്കാരുടെ ചീത്തവിളിയില്‍ മനസ്സ് മരവിച്ച് ഇരിക്കവെ ഞാന്‍ വിചാരിച്ചു –പൂമ്പാറ്റ
! അവളിപ്പോ സുഖായി ജീവിക്കാവും .എന്നെ ഓര്‍ക്കുന്നുപോലുമുണ്ടാവില്ല . വ്യസനങ്ങളാണ്
സ്മരണകളുടെ എല്ലാ പൊട്ടും പൊടിയും
കുടഞ്ഞിടുന്നത്..എവിടെയെങ്കിലും തണുപ്പാര്‍ന്ന ഒരോര്‍മ ഒളിച്ചിരിപ്പുണ്ടോ എന്നാണ്
എപ്പോഴും പരതുന്നത് ..അതുകൊണ്ടാണ് ആ റോസ് തട്ടം പിന്നേം കുസൃതിയോടെ ചോദിക്കുന്നത് –“മറന്നോ
ഇയ്ന്നെ ?”
പൂമ്പാറ്റേ ,നീയെവിടെയാണ്? ഇത്ര
വേഗം എങ്ങോട്ടാണ് പറന്നു പോയത്?എങ്ങോട്ടാണ്?