Pages

2012, ഏപ്രിൽ 7, ശനിയാഴ്‌ച

ലേബര്‍ റൂം



നിലവിളികള്‍ക്കിടയില്‍ വേദന പ്രതീക്ഷിച്ച്
കിടക്കവേ നിന്ദയുടെ ആയിരമായിരം മുള്ളുകള്‍ തറച്ച മറ്റൊരു പ്രസവക്കട്ടില്‍ ഓര്‍മയിലേക്ക്
ചരിഞ്ഞുവീണു,ഞെളുങ്ങിയും ചതഞ്ഞും സ്മരണകള്‍ നെടുവീര്‍പ്പുതിര്‍ത്തു.ഒരേ സംഗതി
തന്നെ സാഹചര്യത്തിന്‍റെ മാറ്റത്താല്‍ മാത്രം ഭീകരമാകും.അല്ലെങ്കില്‍ സന്തോഷനിര്‍ഭരമാകും.അയല്‍ക്കാര്‍
വന്നപ്പോഴെല്ലാം ഭയന്നു;കൊളുത്തികൊടുക്കുമോ പഴങ്കഥകള്‍?ഇപ്പോള്‍ കിട്ടിയ ഈ
കച്ചിത്തുരുമ്പിനേയും ഇടിച്ചു പൊടിച്ച് ദൂരെ കളയുമോ?ഉമ്മയുടെ കല്ലിച്ച മുഖത്തിന്
അന്നത്തേതില്‍ നിന്ന് എത്ര അയവുവന്നിരിക്കുന്നു.അമ്മായിയമ്മയേക്കാള്‍ പോരടിക്കുന്ന
സ്വന്തം ഉമ്മ.സ്വന്തം!എന്താണ് സ്വന്തം?ഈ വഴിയായ വഴിയെല്ലാം സ്വന്തമായവര്‍
ആരായിരുന്നു?”കാലകത്തിവെക്ക്’-നഴ്സ് മുരണ്ടു.ഭൂമിയിലെ ഏറ്റവും നിസ്സഹായമായ
കിടപ്പ്-എത്ര നേരമായിതു നീളുന്നു.ഇന്‍ജക്ഷനെടുത്തിട്ടും വേദന അവിടവിടെ കൊളുത്തി
വലിക്കമാത്രമാണ് .സ്ക്രീനിനപ്പുറം അലറിക്കരയുന്ന പെണ്‍കുട്ടികള്‍.ലേബര്‍റൂം ചിരി
നിറയുന്ന കാലം വരുമോ.അമ്മയും കുഞ്ഞും കരയുന്നു.കുഞ്ഞിനെ കാണുമ്പോള്‍ മാത്രം
അതുവരെയുള്ള വേദനകളത്രയും ധൂളിയായ്‌ മാഞ്ഞുപോകുന്നു.എത്ര കൊല്ലങ്ങളാണു അതിനു ശേഷം
ട്രെയിനുപോലെ പാഞ്ഞുപോയത്‌.പത്താം വയസ്സില്‍
തുടങ്ങിയ ഭാരിച്ച ജോലികള്‍.കാസര്‍ക്കോട്ടൊരു വീട്ടിലായിരുന്നു.അമ്മിയിലേക്കെത്താഞ്ഞിട്ടു
പലകയില്‍ കയറിനിന്നാണ് അരച്ചിരുന്നത്.മൂന്ന് കുഞ്ഞുകുട്ടികളെ നോക്കലാണ്
പ്രധാനപണി.പത്തു കുട്ടികളാണ് ആ ഉമ്മയ്ക്ക്.മുഖം കറുപ്പിക്കാതെത്തന്നെ അന്നം
തരുമായിരുന്നു.അലക്കിയും അടിച്ചുതുടച്ചും അഞ്ചാംക്ലാസ്സുകാരി മുതിര്‍ന്നൊരു
വീട്ടമ്മയായി.പതിനഞ്ചാം വയസ്സില്‍ അവിടന്ന് പിരിഞ്ഞുപോരുമ്പോള്‍ കൂട്ടാന്‍ വന്ന
ഉമ്മാന്‍റെ പക്കല്‍ അവര്‍ ആറുപവന്‍ ഏല്‍പ്പിച്ചു.”ഇത് ഓള് ഇത്രകാലം ഇവിടെ
നയിച്ചെയ്‌ന്‍റെ കൂല്യാ.ഇന്‍ക്ക് ഓളെ ബിടാന്‍ ഇഷ്ടംണ്ടായിട്ടല്ല.ബാല്യക്കാര്
ചെക്കന്മാരാ ഇന്‍റെ.പടച്ചോന്‍ ഹറാമാക്കിയതിനൊന്നും ഞമ്മള് വയി വച്ചു
കൊടുക്കണ്ടല്ലോ.”
പക്ഷെ...വിധി അതായിരുന്നു.ഹറാമിന്‍റെ ആ
പൊള്ളുംവഴി.പിന്നൊരു കൊല്ലത്തോളം പുറംപണിക്കു പോകുന്ന ഉമ്മയുടെ കൂടെ..കാട്
വെട്ടാനും മലയില്‍ കൃഷിപ്പണിക്കും..ചുടുവെയില്‍ സ്വതവെ കറുത്ത തന്നെ ഒന്നൂടെ
കറുപ്പിച്ചു.എന്നിട്ടും വെളുത്ത് ചൊങ്കനായ അയാളെന്തിനാണ് പുഞ്ചിരിയുടെ കൊടിലിനാല്‍
തന്നെ നിരന്തരം കൊളുത്തിവലിച്ചത്”.ആ...” അറിയാതെ നിലവിളിച്ചുപോയി.അടിവയറാകെ
ഭൂകമ്പം നടക്കുന്നു.വേദന...കടുകടുത്ത തീരാവേദന..അന്നും അതിത്ര ഭീകരമായിരുന്നോ?ഓര്‍മയില്ല..ആ
കുഞ്ഞിന്‍റെ മുഖം..ഓ!ഒന്നും ഓര്‍മയില്ല..”സൂണ്‍ ടു തിയേറ്റര്‍”വെപ്രാളത്തോടെ
ഡോക്ടര്‍ ധൃതിപ്പെടുന്നത് മറയുന്ന ബോധത്തിനിടെ കേട്ടു.ഇപ്പോള്‍!ഒരുപാട് യുഗങ്ങള്‍
കഴിഞ്ഞ് ഒരു കുഞ്ഞിതാ തന്‍റെ അരികെ..അന്നത്തെപ്പോലെത്തന്നെ വെളുത്ത്‌
ചെമന്ന്..മുഖം ഇത് തന്നെയായിരുന്നോ?അവന്‍
വീണ്ടും തന്‍റെ വയറ്റിലേക്ക്തന്നെ തിരിച്ചെത്തിയോ?അവനെ വേണ്ടാതെ വലിച്ചെറിഞ്ഞ അവന്‍റെ
ഉമ്മയുടെ പള്ളയിലേക്ക്.ജീവിച്ചിരിപ്പുണ്ടോ?ആര്‍ക്കാണറിയുക?ആരോടാണ്
ചോദിക്കുക?ഒന്നുപോയി കാണാനുള്ള ത്രാണിയെങ്കിലും ഈ വെറുംപെണ്ണിന് എന്നുണ്ടാകും?സമൂഹത്തിന്‍റെ
പുറംചിരിക്കു പിന്നില്‍ ഒളിപ്പിച്ച കറുത്ത യക്ഷിപ്പല്ലുകള്‍ കാണണമെങ്കില്‍
തന്നെപ്പോലെ ചേറുജന്മം കിട്ടണം.ചളിയില്‍ പൂന്തിപ്പോയ കരിങ്കല്ലാകണം.
അയല്‍വാസി ഉമ്മയോട് ആര്‍ത്തിയോടെ
ആരാഞ്ഞു;”അറിഞ്ഞിട്ടില്ലല്ലോ അവനൊന്നും?”എപ്പഴും കനല്‍ ചൊരിയാറുള്ള ഉമ്മ ഏറ്റം
നിസ്സഹായയായി കണ്ണ് നിറച്ചു.”പടച്ചോനെക്കര്തി മിണ്ടല്ലേ.ഓന്‍ ഇള്ളപ്പളൊക്കെ ബേജാറ്
അതെന്നെയ്നി.ആരേലും കൊളത്തോന്ന്.ഇന്‍റെ റബ്ബേ ഇജ്‌ തന്നെ തൊണ.”ചോദിച്ചയാള്‍ ഒരു
നാടകം കാണുന്ന രസത്തോടെ ഇരുന്നു.മറ്റുള്ളവരുടെ നിസ്സഹായതയിലെക്ക് പുളിച്ചു തൂവുന്ന
ആ വെടക്ക്ചിരിയുമായി..കറ എപ്പഴും സ്ത്രീക്ക്‌ മാത്രമാണ്.ഉത്തരവാദിയായ പുരുഷനെ
നോക്കി ആരും പിന്നീട് മന്ത്രിക്കുന്നില്ല;”ഇതാണവന്‍,അപ്പെങ്കുട്ടീനെ പെഴപ്പിച്ചവന്‍.”ഒരു
വഴിത്തിരിവിലും അയാളെ പിടിച്ചു നിര്‍ത്തി ആരും ചോദിച്ചില്ല;ആ കുഞ്ഞിനെ നീയെന്തു
ചെയ്തു?” കല്യാണവീരന്മാര്‍ക്കും വേണ്ട കുഞ്ഞിന്‍റെ അവകാശം.നിസ്സഹായതയുടെ അത്തരം
തുരുത്തുകളില്‍ മാത്രമാണ് കുഞ്ഞ് സ്ത്രീയുടെ മാത്രം ബാധ്യതയും വേദനയുമാകുന്നത്.
കുട്ടി നിര്‍ത്താതെ കരഞ്ഞു.പാലൂട്ടുമ്പോള്‍.
ഒരിക്കല്‍പോലും അതിനു വിധിയില്ലാതിരുന്ന മകന്‍,ഓര്‍മയുടെ കരിങ്കല്‍പടിയില്‍ വീണ്ടും
കാല്‍ നീട്ടിയിരുന്നു.എത്രയാവും ഇപ്പോള്‍ പ്രായം?കട്ടിമീശയും ചുരുണ്ട മുടിയും
ഉണ്ടായിരിക്കും.ഉപ്പാനെപ്പോലെ ചൂണ്ടല്‍ക്കണ്ണുകള്‍ തന്നെയാവുമോ അവനും?ഒരു
ചതിയനായിട്ടുണ്ടാവോ?മധുരവാക്കുകളാല്‍ മയക്കുന്ന ഒരു വെറും വഞ്ചകന്‍.ഓര്‍മകളുടെ
അലക്കില്‍ നിന്ന് തെന്നിത്തെറിച്ചപ്പോള്‍, അരികെ കെട്ടിയവന്‍.ഇതിനി എത്ര
കാലമാവോ?വിസത്തട്ടിപ്പില്‍ മുങ്ങി മറഞ്ഞ ആദ്യപുതിയാപ്പിള അപ്പോള്‍ സ്മരണയെ
തൊട്ടു.മൂന്നു പുരുഷന്മാര്‍!ജീവിതത്തെ ചവിട്ടിമെതിച്ചു കടന്നു പോയ രണ്ടു പേര്‍.എന്നെങ്കിലും
ഈ കൈ വിടുവിച്ചു അകന്നു പോയേക്കാവുന്ന മറ്റൊരാള്‍.അനേകം അനിശ്ചിതത്വങ്ങളുടെ
ഏച്ചുകെട്ടാണീ ജീവിതം.”ആങ്കുട്ട്യായതോണ്ട് ഓക്കൊരു തൊണായി.”ഉമ്മ പെയ്യല്‍ നിര്‍ത്തിയിട്ടില്ല.എന്തിനാണീ
മുടിഞ്ഞ സഹതാപം?ആണ്‍കുട്ടി തന്നെയായിരുന്നില്ലേ ആദ്യവും.അന്ന് സമൂഹത്തെ ഭയന്ന്
വലിച്ചെറിയാതിരുന്നെങ്കില്‍,അനാഥാലയത്തിന്‍റെ ചായമടര്‍ന്ന ചുമരുകള്‍ അവനെ എതിരേല്‍ക്കില്ലായിരുന്നു.വീട്ടിലായിട്ടെന്ത്?ഇക്കാലമത്രയും
സഹിച്ച പരിഹാസക്കല്ലേറി ല്‍ നിന്ന് അവനും രക്ഷ കിട്ടില്ല/ഒരിക്കലും അവന് തന്നെ
സ്നേഹിക്കാനുമാവില്ല.പോങ്ങുതടിയുടെ വിധി ഭയാനകം തന്നെ.കാറ്റിലും ചുഴിയിലും പെട്ട്
അത് ആര്‍ത്തലച്ച് ഒഴുകും.തകര്‍ക്കാനായി മുഷ്ടിചുരുട്ടുന്ന പാറക്കെട്ടുകളെ സദാ
കണ്ണില്‍ കാണും.
കുഞ്ഞ് ഉറക്കത്തില്‍ പതുക്കെ
ചിരിച്ചു.മാലാഖമാര്‍ അവനോട് സംസാരിക്കുന്നുണ്ടാവും.വെളുത്ത പൂക്കള്‍ അവന്‍റെ നേരെ
വീശുന്നുണ്ടാവും.കുട്ടികളെല്ലാം മാലാഖമാരാണ്.വലുതാകുമ്പോള്‍ ചിലര്‍ ആര്‍ക്കും
വേണ്ടാത്തവരാകുന്നു.അവള്‍ താരാട്ടിന്‍റെ പൊട്ടും പൊടിയും ചുണ്ടിലേക്ക് ചേര്‍ത്തു.തൊട്ടില്‍ക്കയര്‍
തൊട്ടപ്പോള്‍ പരിഭവത്തോടെ ആദ്യകുരുന്ന് ചുണ്ട് കൂര്‍പ്പിച്ച് തന്നെ നോക്കുന്നതായി
അവള്‍ക്കു തോന്നി.അവള്‍ക്കു നെഞ്ച് കഠിനമായി വേദനിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ