കുഞ്ഞുങ്ങളുടെ ഷോറൂമില്‍ നിന്ന് ഒന്നിനെ സെലക്റ്റ് ചെയ്യാന്‍ വന്നതാണ് ആ ഐറ്റി ദമ്പതികള്‍..ഇപ്പോള്‍ ജനിച്ചത് മുതല്‍ അഞ്ചു വയസ്സ് വരെയുമുള്ള ഏതിനവുമുണ്ട്..കെയര്‍ ടേക്കര്‍മാര്‍ അതാതു റൂമുകളില്‍ അവരെ പരിപാലിക്കുന്നു..പ്രായവും നിറവുമനുസരിച്ചാണ് കുട്ടികളുടെ വിലനിലവാരം..ഒരു വയസ്സ് വരെയുള്ള വെളുത്ത് തിളങ്ങുന്ന കണ്ണുകളുള്ള കുഞ്ഞുങ്ങള്‍ക്ക് റേറ്റ് കൂടും..എഴുപതിനായിരമാണ് സ്റ്റാര്‍ട്ടിംഗ് റേറ്റ്..കറുത്ത കുഞ്ഞുങ്ങള്‍ക്ക് താരതമ്യേന വില കുറവാണ്..നീലക്കണ്ണുള്ള, സ്വര്‍ണത്തലമുടിയുള്ള കുഞ്ഞുങ്ങള്‍ക്ക് മൂന്നു ലക്ഷം വരെ വില സഞ്ചരിച്ചു..
കുട്ടികളെ ഉല്പാദിപ്പിക്കുന്ന ഫാക്റ്ററികള്‍ക്കുമില്ല പഞ്ഞം..ബ്രോയിലര്‍കുഞ്ഞുങ്ങളെപ്പോലെ നിശ്ചിത കാലാവസ്ഥയിലും വെളിച്ചത്തിലും വിരിയിച്ചെടുക്കുന്നവ വല്ലാതെ കരഞ്ഞ് ആളുകളെ ശല്യപ്പെടുത്തില്ല എന്നൊരു ഗുണവുമുണ്ടായിരുന്നു..എന്ന് വെച്ച് ബുദ്ധിയില്‍ ഈ കുഞ്ഞുങ്ങള്‍ ഒട്ടും പിന്നിലായിരുന്നില്ല..നാല് വയസ്സാവുമ്പോഴേക്കും ഐ ക്യൂ ടെസ്റ്റ് റിസള്‍ട്ട് ലഭിക്കും..വമ്പിച്ച ഫീസുള്ള സ്‌കൂളുകളില്‍ ചേരാന്‍ അതും നിര്‍ബന്ധം..
അത്തരം കുഞ്ഞുങ്ങള്‍ വയസ്സാവുമ്പോ ഉപകരിക്കുമോയെന്നാണ് ഇപ്പഴും ബാക്കിയായ ചില മുത്തശ്ശിമാരുടെ ചോദ്യം..പൂച്ചയും കോഴിയും തിരിച്ചെന്തേലും കിട്ടിയിട്ടാണോ കുഞ്ഞുങ്ങളെ നോക്കുന്നത്, അല്ലെങ്കിലും നല്ല ഹൈ ടെക് വൃദ്ധസദനങ്ങള്‍ നാട്ടിലുള്ളപ്പോള്‍ എന്തിനാണ് ഓള്‍ഡ് ഏജിനെ ഇത്ര പേടി? ഇങ്ങനെയൊക്കെ ചോദിച്ചാണ് പുതുതലമുറ അവരുടെ വായടപ്പിക്കുക..
ഐ ടി ദമ്പതികള്‍ക്ക് മുടക്കാന്‍ അധികം പണമൊന്നുമുണ്ടായിരുന്നില്ല..അതുകൊണ്ടുതന്നെ ഒരു കരുമാടിക്കുട്ടനെയാണ് അവര്‍ സെലക്റ്റ് ചെയ്തത്..മതേഴ്‌സ് മില്‍ക്ക് ബാങ്കില്‍ അവര്‍ ഇരുനൂറു മില്ലി പാലിന് ഓര്‍ഡര്‍ ചെയ്തു..വീട്ടില്‍ ഒരു ഹോം നാഴ്‌സുള്ളത് കൊണ്ട് കുഞ്ഞ് അവര്‍ക്ക് വല്യ ശല്യമാവില്ല..ലൈഫിന്റെ മടുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ രേഷ്മയാണ് ഒരു കുഞ്ഞിനെ വാങ്ങാമെന്ന് പ്രൊപോസ് ചെയ്തത്..അബുവിന് ഒട്ടുമില്ല താല്പര്യം..വാട്ട്‌സ് ആപ്പും സ്‌കൈപ്പും ഫെയ്‌സ് ബുക്കുമായി അവന് നിന്നു തിരിയാന്‍ സമയമില്ല..രേഷ്മക്ക് അതെല്ലാം മടുത്തിരിക്കുന്നു. അതിനിടെ ഒരാളെ പ്രേമിച്ചും നോക്കി. എല്ലാം വിരസതയായപ്പോഴാണ് ഒരു കുഞ്ഞിനെ വാങ്ങാന്‍ തീരുമാനിച്ചത്..അഞ്ചു വയസ്സ് വരെ ഏതു സമയത്തും റീസെയില്‍ വാല്യുവുമുണ്ട്..കുട്ടിക്ക് മാറാവ്യാധികളൊന്നും പിടിപെടരുതെന്നു മാത്രം..ആറു വയസ്സ് മുതല്‍ പതിനെട്ടു വരെയുള്ള കുട്ടികളെയും വേണമെങ്കില്‍ വാങ്ങാവുന്നതെയുള്ളൂ. അവര്‍ അത്ര വിലപിടിച്ചതല്ല..ഉടമസ്ഥരില്‍ നിന്ന് ശാരീരികവും മാനസികവുമായ വല്ല പീഡനമോ അവയവാപഹരണം പോലുള്ള വല്ല തട്ടിപ്പോ നേരിടേണ്ടി വന്നാല്‍ ശിക്ഷ അതികഠിനമായിരിക്കുമെന്നതിനാല്‍ ബാല്യങ്ങള്‍ നിര്‍ഭയരായിരുന്നു..വാര്‍ദ്ധക്യവും വൃദ്ധസദനങ്ങളില്‍ ഏറ്റവും നന്നായി പരിചരിക്കപ്പെട്ടു..രോഗികള്‍ക്കും ആശുപത്രികള്‍ പല നിലവാരത്തില്‍ ലഭ്യമാണ്..
ചില അപൂര്‍വജീവികളെ മാത്രമാണ് മടുപ്പും ഏകാന്തതയും അലട്ടിയത്..മറ്റെല്ലാവരും ആനന്ദങ്ങളില്‍ ആറാടി തീര്‍ക്കുകയാണ് സമയത്തെ..വായിക്കുന്ന ദുശ്ശീലങ്ങളൊന്നും ആര്‍ക്കും ഇല്ലാത്തതിനാല്‍ സാഹിത്യപുസ്തകങ്ങളൊന്നും കാണാന്‍ പോലും കിട്ടില്ല..എന്തു കൊണ്ടാണ് ചിലര്‍ കലയുടെ ഭ്രാന്തുമായി ജനിക്കുന്നത് എന്നാണ് ശാസ്ത്രം അഗാധമായി ചിന്തിച്ചുകൊണ്ടിരിക്കുന്നത്..അവരുടെ ഉയര്‍ന്ന ഐ ക്യൂ കൂടി ഉല്പാദനമേഖലകളിലേക്ക് തിരിച്ചു വിട്ടാല്‍ രാജ്യം പിന്നെയും പുരോഗതി പ്രാപിക്കില്ലേ എന്നാണവരുടെ ചോദ്യം ..
വീട്ടിലെത്തിയ മുതല്‍ കറുത്ത കുഞ്ഞ് കരയാന്‍ തുടങ്ങി..ഷോപ്പിംഗ് മാളില്‍ അവരെന്തോ പില്‍ കൊടുത്ത് കുട്ടികളെ ശാന്തരാക്കുകയാവും –രേഷ്മ വിചാരിച്ചു..ഡേനൈറ്റ് ഷിഫ്റ്റുകള്‍ മാറിമാറിയുള്ള ജോലിയായതുകൊണ്ട് ഉറക്കം അവള്‍ക്ക് പ്രെഷ്യസ് ആണ്..പക്ഷെ വാതില്‍ കുറ്റിയിട്ടാലും കറുമ്പന്റെ അലറല്‍ കരിങ്കല്‍ ചീളുകളായി ഉറക്കിനെ പൊറുതി കെടുത്തും ..ചാടിയെഴുന്നേറ്റ് അവള്‍ ഹോം നഴ്‌സിനെ ശകാരിക്കും..അവരും ഒട്ടും വിട്ടു കൊടുക്കില്ല..ആരും ആരുടേയും അടിമയൊന്നുമല്ലല്ലോ..നിശ്ചിത തുകക്ക് ഓരോരുത്തരും അവരവരുടെ അധ്വാനം സമയം ഒക്കെ വില്‍ക്കുന്നു..രണ്ട് ആഴ്ച ഇങ്ങനെ വഴക്കുകളുടെ കിടിലന്‍ എപ്പിസോഡുകളായി കടന്നു പോയി..അതോടെയാണ് അവള്‍ കുഞ്ഞിനെ റീ സെയില്‍ ചെയ്യാന്‍ തീരുമാനിച്ചത്..സെയിം ഷോ റൂമാവുകയാണ് എളുപ്പം..നഴ്‌സും അതിനോട് വേഗം യോജിച്ചു.'പൈസയുണ്ടാവുമ്പോ വേറൊന്നിനെ വാങ്ങാം കൊച്ചേ ..ഇതേതോ പിശാചിന്റെതാ..'
അബു റൂമില്‍ അടച്ചിരിപ്പാണ്..വല്ല വീഡിയോ കോളുമാകും..രണ്ടു പേരും പരസ്പരം പേര്‍സണല്‍ കാര്യങ്ങളില്‍ ഇടപെടാത്തത് കൊണ്ട് അവര്‍ക്കിടയില്‍ വഴക്കില്ല..ഷോ റൂമില്‍ അവരെത്തിയപ്പോള്‍ കുഞ്ഞുങ്ങള്‍ ഏതാണ്ട് തീര്‍ന്നു കഴിഞ്ഞിരുന്നു.
'എത്ര പണം തിരിച്ചു കിട്ടും?'
'കറുത്തതില്‍ ഏറ്റവും നല്ല ഇനത്തിനെയാണ് മാഡം നിങ്ങള്‍ക്കു നല്‍കിയത്..പതിനായിരം എങ്ങനെയും കുറയും ..പണം നിങ്ങളുടെ അക്കൌണ്ടിലെത്തിക്കോളും..'
രേഷ്മക്ക് ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു..റിഫ്രെഷ് ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു..ഓക്‌സിജന്‍ പാര്‍ലറില്‍ കയറി പതിനഞ്ചു മിനുറ്റ് റീചാര്‍ജ് ചെയ്തിട്ടും എന്തോ ഒരു നഷ്ടബോധത്താല്‍ കണ്ണുകള്‍ കടഞ്ഞു..നാശം , ഇനി അവിടേം കയറണം ..രോഷത്തോടെ അവള്‍ മനസ്സിലോര്‍ത്തു ..
ടിയര്‍ ഡ്രോപ്പ്‌സ് എന്ന വമ്പല്‍ കടയുടെ മുമ്പില്‍ അവളുടെ കാര്‍ നിന്നു..അവളുടെ കണ്ണുകളിലേക്ക് യന്ത്രക്കൈകള്‍ അഞ്ചു തുള്ളി കണ്ണീര്‍ ഇറ്റിച്ചു..കണ്ണുകള്‍ ആശ്വാസത്തോടെ ഒരു മിനിറ്റ് കരഞ്ഞു ..തൊണ്ടയില്‍ നിന്ന് ഒരു കനമൊഴിഞ്ഞ പോലെ ..വാട്ടര്‍ പാര്‍ലറില്‍ നിന്ന് ഒരാഴ്ചത്തേക്കുള്ള ശുദ്ധജലവുമായി കാറില്‍ കയറവേ അവള്‍ കുണ്ഠിതപ്പെട്ടു –മടുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഇനിയെന്താണ് മാര്‍ഗം?പണ്ടെന്നോ താന്‍ ചിത്രം വരച്ചിരുന്നതായി അവള്‍ക്ക് തോന്നി ..പല മാളുകളിലും അവള്‍ ബ്രഷും പെയിന്റും തേടി നടന്നു ..എല്ലായിടത്തും ഒരേ മറുപടിയാണ് കേട്ടത് –പ്രയോജനമില്ലാത്ത എല്ലാ ജോലികളും സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു മാഡം ..ടൈം ഈസ് വെരി പ്രെഷ്യസ്...
മടുപ്പിന്റെ പാമ്പിന്‍ വായില്‍ ഇരുന്നു കൊണ്ട് െ്രെഡവ് ചെയ്യവേ പെട്ടെന്നവള്‍ക്ക് അവളുടെ ബെഡ്‌റൂം ഓര്‍മ വന്നു..താനിത്ര നാളും ഒരു ശവകുടീരത്തിലാണ് താമസിച്ചിരുന്നത്..താന്‍ ഒരു പ്രേതമാണ് ..
അവള്‍ തിരിഞ്ഞു നോക്കി ..ഹോം നഴ്‌സ് സുഖമായി ഉറങ്ങുന്നു ..ദംഷ്ട്രകള്‍ ഇറങ്ങിയ ചുണ്ടുകള്‍ ..അവള്‍ സ്വന്തം മുഖവും കണ്ണാടിയില്‍ അതേപോലെ കണ്ടു ..ഹാ ഹാ ഹാ ..അലറിച്ചിരിച്ചുകൊണ്ട് ജീവിതമെന്ന അസംബന്ധത്തെ കഠിനമായി പരിഹസിക്കാന്‍ അവള്‍ വൃഥാ ശ്രമിച്ചു ...