ബെല്ലടിച്ചിട്ടും യാതൊരു പ്രതികരണവുമില്ലാഞ്ഞ് ഹാന്‍ഡ്
ബാര്‍ വെറുതെ തിരിച്ചു നോക്കി , ഡോര്‍ ലോക്ക് ചെയ്യാതെ അമ്മയിതെവിടെ
പോയതാണ്?കള്ളന്മാര്‍ പെരുകിയ കാലത്ത് അമ്മയ്ക്ക് തീരെ ഭയമില്ലാതായോ? അമ്മയോട്
സംസാരിച്ചിട്ട് ഏതാണ്ടൊരു വര്‍ഷമായിക്കാണും. അമ്മയ്ക്കങ്ങോട്ടും വിളിക്കാലോ, പെന്‍ഷന്‍
കാശൊക്കെ കയ്യിലുള്ളതല്ലേ.. തീ പിടിച്ച സ്ത്രീയാണ് അമ്മ. ഒരിക്കലും ആരുടെ
മുമ്പിലും തല കുനിക്കില്ല. വല്ലാതെ അടുത്താല്‍ പൊള്ളിത്തിണര്‍ക്കേണ്ടി വരും.
അതറിയാവുന്നത്കൊണ്ട് സ്നേഹയെ ഒരു ദിവസം പോലും താനില്ലാതെ നാട്ടില്‍ നിര്‍ത്തിയിട്ടില്ല.
അതില്‍ അമ്മയ്ക്ക് നീരസം കാണും. വീട്ടില്‍ ആള് വേണമെന്നു കരുതിയാണല്ലോ തന്നെ
കല്യാണത്തിനു നിര്‍ബന്ധിച്ചിരുന്നത് .
പട്ടാളത്തിലായിരുന്ന അച്ഛന്‍ നാട്ടില്‍ വരുന്നത്
ഒട്ടും സുഖമുള്ള ഓര്‍മയല്ല. ലഹരിയുടെ തീ പിടിച്ച നിമിഷങ്ങളില്‍ നിസ്സാരകാര്യങ്ങള്‍ക്കാണ്
പൊതിരെ തല്ല് വീഴുക. പിടിച്ചു മാറ്റാന്‍ അമ്മയ്ക്ക് ധൈര്യം വരില്ല. അച്ഛന്‍ തിരിച്ചു
പോയാലും അമ്മയുടെ കലി അടങ്ങില്ല. സ്വയം ശപിച്ചും എപ്പോഴും ദേഷ്യപ്പെട്ടും അടുപ്പിലെ
തീക്കനലായി അവര്‍ ജ്വലിച്ചു..
ഓര്‍ക്കാറുണ്ടായിരുന്നു – സ്നേഹത്തോടെ അമ്മേ
എന്നൊന്ന് വിളിച്ചാല്‍ ,ഒന്ന്‍ കെട്ടിപ്പിടിച്ചാല്‍ അമ്മയെന്ന കനല്‍
തണുക്കുമായിരുന്നില്ലേയെന്ന്‍ ..അകല്‍ച്ചയുടെ ഒരു കന്മതില്‍ എന്നും തങ്ങള്‍ക്കിടയില്‍
ഉണ്ടായിരുന്നു..എത്ര ശ്രമിച്ചാലും ഒരു ദ്വാരം പോലും തീര്‍ക്കാനാവാത്ത വന്മതില്‍ ..
ഒരു വര്‍ഷം മുമ്പ് നാട്ടില്‍ വന്നപ്പോഴാണ് അറിഞ്ഞത്,
അമ്മ വീടും പറമ്പുമൊക്കെ വിറ്റ് ഫ്ലാറ്റ് വാങ്ങിയെന്ന് .ഫ്ലാറ്റാവുമ്പോ കള്ളന്മാരെ
പേടിക്കേണ്ടല്ലോ, അതാണ് അമ്മയുടെ ന്യായം ..തന്നോടൊരു വാക്ക് ചോദിക്കാത്തതിന് അന്ന്
നന്നായൊന്നുരസി .തീ പാറുന്ന വാക്കുകള്‍ പൊട്ടിപ്പൊരിഞ്ഞു..അപ്പോഴാണ് അമ്മ പറഞ്ഞത്
– “എനിക്ക് പെന്‍ഷനുണ്ട്, നിങ്ങളെ ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ എനിക്കറിയാം..”
“വെറുതെയല്ല അച്ഛന്‍ കുടിയനായിപ്പോയത്. അമ്പത്
വയസ്സ് വരെ സഹിച്ചില്ലേ നിങ്ങളെ ആ മനുഷ്യന്‍ ..”
കത്തുന്ന കണ്ണുകളോടെ അമ്മ ജ്വലിച്ചു , പിന്നെ
ഒരാട്ടിന് തന്നെ ഫ്ലാറ്റിനു പുറത്തെത്തിച്ചു..
“ഇറങ്ങിപ്പോടാ, എത്ര കഷ്ടപ്പെട്ടും യുദ്ധം
ചെയ്തുമാണ് ആ മനുഷ്യന്‍റെ എടേല് നിന്നെ ഞാന്‍ വളര്‍ത്തിയതെന്ന് വല്ല ഓര്‍മയും
ഉണ്ടോ നിനക്ക് നാണം കെട്ടവനെ...നീ നിന്‍റെ കെട്ടിയോളെ കെട്ടിപ്പിടിച്ച് ജീവിക്ക്
,മേലാല്‍ ഈ പടി കേറിയേക്കരുത് ..”
അങ്ങനെ പോന്നതാണ്, ഇപ്പോള്‍ ഒരു ബിസിനസ്
മീറ്റിങ്ങിനു നാട്ടില്‍ വന്നപ്പോള്‍ വെറുതെ ഒരു തോന്നലുണ്ടായി, അമ്മയെ ഒന്നു
കണ്ടേക്കാം..
വാതില്‍ തുറന്നപ്പോള്‍ കെട്ടിക്കിടന്ന ദുര്‍ഗന്ധം
എല്ലായിടത്തെക്കും ഒഴുകി. എന്തൊരു നാറ്റം ..മൂക്ക് പൊതിഞ്ഞു പിടിച്ചിട്ടും ഛര്‍ദിയുടെ
പുളിവെള്ളം വായില്‍ നുരഞ്ഞു. ഈ നാറ്റം സഹിച്ച് ഒരു നിമിഷം ഇവിടെ നില്‍ക്കാനാവില്ല.
ഒരു പോലീസ് നായയെപ്പോലെ ദുര്‍ഗന്ധപാരാവാരത്തിലൂടെ മണത്ത് മണത്ത് നടന്നു.
അടുക്കളയില്‍ തിണ്ണയിലേക്ക് കാല്‍ നീട്ടി വച്ച് ഇരിക്കുന്നത് ആരാണ്?ബോധം
മറയുകയാണോ? തല പെരുക്കുന്നു ..
അമ്മ എന്നും നല്ല വായനക്കാരിയായിരുന്നു. നിലത്ത് –
വായിച്ച പുസ്തകമാവണം, പേജുകള്‍ മടങ്ങി കമഴ്ന്നു കിടക്കുന്നു. പൊടുന്നനെ അനാഥമായി
വീണു പോയ പോലെ ..കാല്‍ നീട്ടിയിരിക്കുന്ന ഈ എല്ലിന്കൂടിന് തന്‍റെ അമ്മയുടെ എന്ത്
രൂപമാണുള്ളത്? മാംസം ഭുജിച്ച് പുഴുക്കള്‍ പോലും യാത്രയായിരിക്കുന്നു. അമ്മയോട്
എന്ത് പറഞ്ഞാണ് സംസാരം തുടങ്ങുക എന്നോര്‍ത്താണ് വന്നത്. ഇപ്പോള്‍ ആ അസ്ഥികൂടം തന്നെ
നോക്കി കൊഞ്ഞനം കുത്തുന്നു. അത് അനങ്ങുന്നുണ്ടോ? തന്‍റെ കഴുത്ത് ഞെരിക്കാന്‍
വരുന്നുണ്ടോ? പോക്കിളിനടിയില്‍ ഒരു വേദന കൊളുത്തിപ്പിടിച്ചു..വിറയ്ക്കുന്ന വിരലുകള്‍
എങ്ങനെയോ പോലീസ് സ്റ്റേഷനിലേക്ക് ഡയല്‍ ചെയ്തു..
...........................................................................
................................................................
അവിടമാകെ ചുറ്റി നടപ്പായിരുന്ന അമ്മയുടെ ആത്മാവ്
സമീപഭാവിയില്‍ ഫ്ലാറ്റിന്‍റെ വില്‍പ്പന കഴിഞ്ഞ് അയാള്‍ എയര്‍പോര്ട്ടിലേക്ക് തിരിക്കുന്നതും
വെളുത്ത കാര്‍ ഡിവൈഡറിനെ തെറിപ്പിച്ച് മടങ്ങി ചുളുങ്ങുന്നതും ക്ഷണനേരം കൊണ്ട്
അസ്ഥികൂടങ്ങളില്ലാത്ത ലോകത്തേക്ക് അയാള്‍ പറന്നുയരുന്നതും ലൈവായി കണ്ട് നിര്‍ത്താതെ
പൊട്ടിച്ചിരിച്ചു ......................
മാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ വരുന്ന വാർത്തകളുടെ കഥാരൂപം.
മറുപടിഇല്ലാതാക്കൂഎന്തുകൊണ്ടോ ആസ്വദിക്കാൻ കഴിഞ്ഞില്ല.ക്ഷമിയ്ക്കണം..അൽപം കൂടി പരത്തിയെഴുതാമായിരുന്നു.
നല്ല എഴുത്ത് ..ചില ഭാഗങ്ങൾ വിശദമായി എഴുതി കഥയ്ക്ക് ഭംഗി വരുത്താമായിരുന്നു ...ആശംസകൾ
മറുപടിഇല്ലാതാക്കൂ