Pages

2018, ജൂലൈ 22, ഞായറാഴ്‌ച

അവസാനമെത്തുന്നത് [കഥ ]




 മാനം മുട്ടുന്ന ഭവനങ്ങളേ തിളങ്ങുന്ന നിങ്ങളുടെ
     രോദനങ്ങളാരു കേള്‍പ്പൂ .....

യിടെയായി ലോകത്തോട് കഠിനമായ സ്നേഹം തോന്നുന്നു. മഞ്ഞിന്‍കിരീടം ചൂടിയ പുല്‍നാമ്പുകള്‍, വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂക്കള്‍, എന്തോ അടക്കം പറയുന്ന പ്രഭാതങ്ങള്‍, നിഗൂഡ ഭാഷയില്‍ സംസാരിക്കുന്ന കിളികള്‍.. എങ്ങും നിറയുന്ന ജീവചൈതന്യം , പാല്‍നിലാവ്, മൃദുലമായ പൂവിതളുകള്‍, വര്‍ണാഭമായ ശലഭങ്ങള്‍..ആശ്ചര്യവും കൌതുകവും ഹൃദയത്തെ ത്രസിപ്പിക്കുന്നു..ഇത്രയും പച്ചപ്പ് നിറവിസ്മയം, നൃത്തച്ചുവടുകള്‍ ..എവിടെയായിരുന്നു ഇതെല്ലാം..ഇരുട്ട് പൊതിഞ്ഞ ഈ അറയില്‍ പോലും നിശ്ശബ്ദത സംഗീതം പൊഴിക്കുന്നു. സമയസൂചികള്‍ അനുനിമിഷം കാലത്തെ അളന്നെടുക്കുന്നു.

മൂന്നാളെ കൊന്നവന്‍റെ ഏകാന്തതടവറ വിരസമായ കണ്ണുകളാല്‍ ചുറ്റും നോക്കുകയാണ്, ഇനി ആരാണ് ഇതുവഴി വരുന്നത്?എത്രയെത്ര പേരാണ് ഈ ഇരുട്ടില്‍ , ഈ മടുപ്പില്‍.. പുറത്ത് നിന്നും വെളിച്ചപ്പൊട്ടുകള്‍ എത്തി നോക്കുന്നു. ഓര്‍മകള്‍ റിവൈന്‍റ് ചെയ്ത് പൂക്കളിലും ഇലകളിലും സൂം ചെയ്ത് നില്‍ക്കുന്നു , മുത്തശ്ശി മോനെ എന്നു വിളിച്ചുകൊണ്ട് കുലുങ്ങിച്ചിരിക്കുന്നു.. നടത്തം പഠിച്ചുകൊണ്ടിരിക്കുന്ന കൊച്ചുപയ്യന്‍ ഇടയ്ക്കിടെ ഉരുണ്ടുവീണ്..

പോലീസച്ഛന്‍ ചിരിക്കുന്നത് അപൂര്‍വമാണ്. സൈന്യത്തിലെ സര്‍ജന്‍ ലീവിന് വന്നാല്‍ അത്യാവശ്യത്തിനല്ലാതെ മാളികമുകളില്‍ നിന്ന് താഴെയിറങ്ങില്ല. ദിവസത്തില്‍ മൂന്നാലു തവണ വേലക്കാരികള്‍ ഭക്ഷണവുമായി മുകളിലേക്ക് കയറും.
അനിയത്തിയുടെ പിറവി കൊണ്ടുപോയത് അമ്മയുടെ ചലനത്തെയാണ്. “ബെഡ്റിഡണ്‍ നോ മോര്‍ ട്രീറ്റ്മെന്റ്” അച്ഛന്‍റെ  മുഴക്കമുള്ള വാക്കുകള്‍ ഓര്‍മയില്‍ ഒരു ചുഴിയായി വട്ടം ചുറ്റുന്നു.

അലീനയ്ക്ക് പണം എറിഞ്ഞിട്ടാണെങ്കിലും എം ബി ബി എസിന് അഡ്മിഷന്‍ ശരിയായ അന്നാണ് അച്ഛന്‍റെ മുഖത്ത് ഒരു പുഞ്ചിരി നിലാവായി പരന്നത്. ഉടനെത്തന്നെ സിംഹമുരള്‍ച്ച ആ ഭാര്‍ഗവീനിലയത്തെ കിടിലം കൊള്ളിച്ചു. “സാത്താന്‍ സന്തതി ഒന്നുണ്ടല്ലോ ഇവിടെ , എവിടെ പഠിക്കാന്‍ വിട്ടിട്ടെന്താ, എത്ര പണം ചിലവാക്കിയിട്ടെന്താ , ബൂമാറാന്‍ഗ് പോലെ തിരിച്ചെത്തിക്കോളും ഒന്നിനും കൊള്ളാത്ത ശവം.”
കേട്ടു തഴമ്പിച്ച ചില്ലുചീളുകള്‍ മനസ്സിന്‍റെ കല്‍ഭിത്തിയില്‍ തട്ടി പൊട്ടിച്ചിതറുകയാണ് പതിവ്. അവയത്രയും കൂമ്പാരമായി പതുങ്ങിക്കിടന്നു ,അവസരം പാര്‍ത്ത്..

കൂട്ടും കുറവായിരുന്നു  ,വീട്ടില്‍ ആര് വരുന്നതും അച്ഛനു ഇഷ്ടമുണ്ടായിരുന്നില്ല. വിജനവും വിശാലവുമായ റബ്ബര്‍കാട്ടിനുള്ളിലെ വലിയ ബംഗ്ലാവ് ..അവിടെ മനുഷ്യപ്പറ്റില്ലാത്ത മൂന്നാലു ജീവികള്‍..ഭയക്കാന്‍ മാത്രമറിയുന്ന വേലക്കാരികള്‍..
പതിനേഴു വയസ്സ് മതിക്കുന്ന ഒരു ആദിവാസിപ്പെണ്ണിനെ അച്ഛന് ആരോ സംഘടിപ്പിച്ചുകൊടുത്തിരുന്നു വീട്പണിക്ക്. ഇറച്ചിക്കറിയുമായി മുകളിലേക്ക് പോകുമ്പോള്‍ സങ്കടത്തിന്‍റെ വലിയ തിരകള്‍ ആ പെണ്ണിന്‍റെ കണ്ണില്‍ തലതല്ലുന്നത് കാണാം. അമ്മ മോനെ മോനെ എന്നു വിലപിക്കും. അടുക്കളയില്‍ മറ്റു വേലക്കാരികള്‍ അടക്കം പറയും. അവരെല്ലാം അച്ഛന്‍റെ കിടപ്പറവേദിയില്‍ നിന്ന് വിരമിച്ചവരായിരുന്നു. മനസ്സില്‍ ഒരു വന്‍പട യുദ്ധം ചെയ്യുകയും മരിച്ചു വീഴുകയും പതിവായി . എങ്ങനെ ശുദ്ധീകരിക്കും ഈ വീടിനെ, വന്യതയും ഇരുളും കൂടിക്കുഴഞ്ഞ അതിന്‍റെ ചുമരുകള്‍, മുകളിലെ ഡൈനിംഗ് ടേബിളില്‍ എപ്പോഴും ചിതറിക്കിടക്കുന്ന എല്ലിന്‍തുണ്ടുകള്‍, തൂവിപ്പോയ മദ്യചഷകങ്ങള്‍ ..

ഉള്ളിലൊരു ചൂള എന്നും എരിഞ്ഞു , വക വരുത്തണം, സ്വസ്ഥത ഇല്ലാത്ത ജന്മം തന്നവരെയൊക്കെ തുണ്ടം തുണ്ടമാക്കണം.
“മാതാപിതാക്കളെ , വാത്സല്യനിധിയായ മുത്തശ്ശിയെ, യാതൊരു കുറ്റബോധവുമില്ലാതെ കൊന്നുകളഞ്ഞ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ല.”-കോടതി കുറ്റപത്രം വായിക്കുന്നു.
എന്നാല്‍  കൊഴിഞ്ഞു പോയ വര്‍ഷങ്ങള്‍ അന്ധമായ വെറുപ്പിനെ അറ്റമില്ലാത്ത പ്രേമഭാവമാക്കുകയാണ് ചെയ്തത് .. മര്‍ദിക്കുന്ന പോലീസിനോടോ കയര്‍ക്കുന്ന വാര്‍ഡനോടോ ഒന്നും ഒരു പകയും തോന്നുന്നില്ല. മനസ്സ് ശാന്തമായ കടലായി അനന്തമായ ചക്രവാളത്തെ തൊട്ടുതലോടി വിശ്രമിക്കുന്നു. പകയുടെ തിരകള്‍ ഒടുങ്ങിയിരിക്കുന്നു.

മരണമാലാഖ ഒരാളെ നാല്‍പ്പതു ദിവസം മുമ്പ് സന്ദര്‍ശിച്ചു തുടങ്ങുമത്രെ. അതോടെ മരിക്കേണ്ടവന്‍ ഇടതടവില്ലാതെ മൃത്യുവെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. അയാളുടെ ചില ചെയ്തികള്‍ അടുത്തെത്തിയ ഒടുക്കത്തെ സൂചിപ്പിക്കും.
മുത്തശ്ശിയെയും അമ്മയെയും ഹൃദയത്തിലെ മാലാഖയായിരുന്നു കൊന്നത് , ആ ദുരിതാത്മാവുകള്‍ വാനിലേക്ക് പറന്നുയര്‍ന്നപ്പോള്‍ ഒരു നീലവെളിച്ചം പൂത്തിരിയായി റൂമിലാകെ പ്രഭ വിതറി.
അച്ഛനെ കഷ്ണം കഷ്ണമാക്കിയപ്പോള്‍ അലീന കൂടി വീട്ടില്‍ ഇല്ലാത്തതില്‍ ഖേദം തോന്നി. അവളും മരിക്കേണ്ടവളാണ്.
രാത്രിയുടെ തണുത്ത ഇരുട്ടിലൂടെ അവന്‍റെ കരിഞ്ഞ ചിറകുകളുടെ നേര്‍ത്ത സ്പന്ദനം എന്നെ  ചിന്തകളില്‍ നിന്നുണര്‍ത്തി. ഒന്നു നന്നായുറങ്ങിയിട്ട് കാലമെത്രയായി. നിരന്തരം കൊത്തി നുറുക്കുന്ന വിചാരങ്ങള്‍. .മാനസികപീഡയാല്‍ ഇടയ്ക്കിടെ ഉന്മാദിയെപ്പോലെ അലറിവിളിക്കും , വാര്‍ഡന്‍ കലി തുള്ളി തൊഴിച്ചെറിയുമ്പോള്‍ ആശിക്കും , മരിച്ചു പോയെങ്കില്‍! ഈ ക്ലേശങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടാനായെങ്കില്‍ ..

തീപൊള്ളലേറ്റപോലെ കറുത്തു പോയിരുന്നു മരണത്തിന്‍റെ മുഖം. അത് പിറുപിറുത്തു- “മനുഷ്യദുഃഖങ്ങളുടെ തീയാലാണ് ഞാന്‍ വെന്തു പോയത്. അവരുടെ ശാപങ്ങളാലാണ് ഇങ്ങനെ കറുത്ത് കരിക്കട്ടയായത്. നിന്നെപ്പോലെ അപൂര്‍വ്വം ചിലരേ എന്നെ കൊതിക്കാറുള്ളൂ . അല്ലാത്തിടങ്ങളില്‍ എന്‍റെ വരവ് ശാപങ്ങളാലും കണ്ണീരാലും സ്വീകരിക്കപ്പെടുന്നു. എന്നെ സ്നേഹിക്കുന്നവന്‍റെ ജീവന്‍ എടുക്കുമ്പോള്‍ എന്‍റെ ചിറകില്‍ വീണ്ടും നീലവെളിച്ചം തെളിയും. മനുഷ്യര്‍ക്കറിയില്ലല്ലോ ഞാനവനെ നിത്യദുഃഖത്തില്‍ നിന്ന് മോചിപ്പിക്കുന്നവനാണെന്ന്‍..”

അവന്‍ എന്‍റെ മൂര്‍ധാവില്‍ നിന്ന് എന്തോ വലിച്ചെടുത്തു. അവന്‍റെ ചിറകില്‍ ഇരുന്നുകൊണ്ട് ഞാന്‍ തിരിഞ്ഞു നോക്കി – ഗ ആകൃതിയില്‍ ചുരുണ്ടു ക്കിടക്കുന്നു എന്‍റെ ശരീരം. ശിശുവായിരുന്ന കാലം അത് അമ്മയുടെ ലാളന അനുഭവിച്ചിരിക്കാം. പക്ഷെ ഓര്‍മയില്‍ അപഹാസങ്ങളും ശകാരങ്ങളും മാത്രമേ ഉള്ളൂ. ഒന്നു ചേര്‍ത്തു പിടിക്കാന്‍ , നീയൊട്ടും കുറഞ്ഞവനല്ല എന്നു പറയാന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല..
“തിരിഞ്ഞു നോക്കരുത്”- മരണം ശാസിച്ചു. പാമ്പ്‌ ഉറയൂരുന്നത് കണ്ടിട്ടില്ലേ? നഷ്ടപ്പെട്ടു പോയ അതിന്‍റെ തോടിനെക്കുറിച്ച് അത് വെവലാതിപ്പെടുന്നുണ്ടോ? പിന്നെന്നെങ്കിലും കാണുമ്പോള്‍ ദ്രവിച്ചു തുടങ്ങിയ ആ പഴയ തൊലിയെ അത് തിരിച്ചറിയുമോ?”

മരണത്തിന്‍റെ തിളങ്ങുന്ന ചിറകില്‍ ഒരു നീലപ്പുള്ളിയായി പറ്റിപ്പിടിച്ചു കിടക്കവേ  അത് മറ്റൊരു ദിശയിലേക്ക് ചിറക് താഴ്ത്തി , മൂന്നു നിലകളുള്ള മറ്റൊരു ബംഗ്ലാവിലേക്ക്...