{ജീവിതത്തില്‍ നമ്മള്‍ പലതരം അമ്മമാരെ കാണുന്നു. വീക്ഷണത്തിലും അഭിരുചിയിലും സ്വഭാവത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവര്‍..}
ഉമ്മയ്ക്ക് എഴുപത് വയസ്സായി. എന്നിട്ടും പ്രായത്തെ കൂസാതെ കടന്നുപോകുന്ന കാലത്തെ നോക്കി കുസൃതിച്ചിരി പൊഴിച്ചുകൊണ്ട് ഉമ്മ എപ്പോഴും പ്രണയത്തെക്കുറിച്ച് സംസാരിച്ചു. കുറച്ചു എഴുതുന്ന സൂക്കേട് പണ്ടേ ഉണ്ട്. എന്നു വച്ച് ഇതൊക്കെ എത്ര സഹിക്കും? ഒരു ശ്രോതാവിനെ കിട്ടിയാല്‍ മതി ഉമ്മ പ്രണയത്തെക്കുറിച്ച് വാചാലയാവാന്‍. കേള്‍ക്കുന്നവര്‍ക്ക് അത്തരം വല്ല അനുഭവങ്ങളും ഉണ്ടെങ്കില്‍ അതെല്ലാം വിദഗ്ധമായി തോണ്ടി പുറത്തിടും. ഒരിക്കലും പ്രണയിക്കപ്പെടാത്ത തന്റെ ദുര്യോഗത്തെക്കുറിച്ചോര്‍ത്ത് കണ്ണീരോഴുക്കും..ഉപ്പ വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു പോയെങ്കിലും ഉമ്മയുടെ ഓരോ പരാതിയും ഉപ്പയെ കുത്തി നോവിക്കുന്നതായാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഈ ഉമ്മാക്ക് മരിക്കാറായി എന്ന വല്ല ബോധവുമുണ്ടോ? വരാന്‍ പോകുന്ന ഖബര്‍ ശിക്ഷകള്‍..ഇപ്പോഴും നാണമില്ലാതെ പ്രേമത്തെക്കുറിച്ച് പുലമ്പിക്കൊണ്ടിരിക്കുന്നു..മതഗ്രന്ഥങ്ങള്‍ അരികിലേക്ക് നീക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു 'ഉമ്മ ഇനി മുതല്‍ ഇതൊക്കെ വായിച്ചാല്‍ മതി.നാളെ പടച്ചോന്റെ മുന്നില്‍ നിക്കാന്ള്ളതല്ലേ ഉമ്മാ?'
ഉമ്മ വെള്ളിപ്പുതപ്പിട്ട മുടിയിഴകളെ പിന്നിലേക്ക് വകഞ്ഞുമാറ്റി എന്നെ ഉറ്റു നോക്കി .ഞാന്‍ ഉരുകിത്തീരുകയാണെന്ന് എനിക്കു തോന്നി ..പിന്നെ ചങ്ങമ്പുഴയുടെ കവിതകളും മാധവിക്കുട്ടിയുടെ കഥകളും വായിക്കാനെടുത്തു..മരണം പരലോകം ഇതൊക്കെ ഓര്‍ത്ത് എന്റെ ചങ്കിടിച്ചു.ദൈവശിക്ഷ തീക്കട്ടകളായി ഉമ്മാന്‍റെ മേല്‍ വീഴില്ലേ? എന്താണ് ഉമ്മാന്‍റെ ഭാവം? കണ്ണില്‍കണ്ട നശിച്ച പുസ്തകങ്ങളൊക്കെ വായിച്ചുകൊണ്ട് മരിച്ചു പോകാനോ? കലിമ ചൊല്ലാതെ , ഈമാന്‍ കിട്ടാതെ ഉമ്മ മരിച്ചുപോകോ റബ്ബേ? പണ്ട് ഉമ്മാന്‍റെ കവിതകളില്‍ ഒരാളുടെ അവ്യക്തരൂപം എപ്പഴും ആവര്‍ത്തിച്ചു വരാറുണ്ടായിരുന്നു. വട്ടത്താടിയുള്ള ചിരിക്കുന്ന കണ്ണുകളുള്ള ഒരാള്‍..'അതാരാ ഉമ്മാ' ഇടയ്ക്കിടെ അന്ന് ചോദിച്ചിരുന്നു.
'ഓ ,അതൊരു സങ്കല്പമനുഷ്യന്‍, ഇതു വരെയും കണ്ടെത്തിയിട്ടില്ലാത്ത ഒരാള്‍ ..'
'തെറ്റല്ലേ ഉമ്മാ ,വിവാഹിതയായ ഒരു പെണ്ണ് മറ്റൊരാളെ മനസ്സില്‍ കൊണ്ടുനടക്കുന്നത്?' പകച്ച കണ്ണുകളോടെ ഉമ്മ അന്നു ചോദിച്ചു ,'എന്താണ് തെറ്റ്? എന്താണ് ശരി?' വെറുതെയല്ല ഉപ്പ അങ്ങനെയൊക്കെയായത്..ഇത്തരം പെണ്ണുങ്ങളെ കൈകാര്യം ചെയ്യുക എളുപ്പമല്ല .പഠിക്കുന്ന കാലത്ത് താനും കുറച്ചൊക്കെ വായിച്ചിരുന്നു, മൂപ്പര്‍ക്ക് അതൊന്നും ഇഷ്ടല്ലാത്തതോണ്ട് കല്യാണത്തോടെ നിര്‍ത്തി. ഇപ്പോ പുസ്തകം കണ്ടാല്‍ ഉറക്കം വരും ..
ആങ്ങളയ്ക്ക് ജോലിയായതില്‍ പിന്നെയാണ് വീട്ടിലേക്ക് പച്ചത്തണല്‍ ചാഞ്ഞു തുടങ്ങിയത്.'ഉപ്പാനെ ഹജ്ജ് ചെയ്യിക്കാന്‍ ഏതായാലും പറ്റിയില്ല .ഉമ്മാനെ കൊണ്ടുപോണം.' ഗള്‍ഫില്‍ നിന്ന് ആങ്ങള വിളിച്ചു പറഞ്ഞു..കാര്യം ഞാനവതരിപ്പിച്ചപ്പഴേ ഉമ്മ അനാദികാലം മുതലുള്ള ഒരു പുഞ്ചിരി മുഖത്തൊട്ടിച്ച് പതുക്കെ ചോദിച്ചു , 'നാലും അഞ്ചും ലക്ഷം കൊടുത്ത് ഞാനെന്തിനാ പടച്ചോനെ കാണാന്‍ അങ്ങോട്ട് പോണ്? ഓന്‍ ന്റെ ഖല്‍ബില്‍ തന്നെണ്ടല്ലോ..ആ പൈസോണ്ട് യത്തീംമക്കള്‍ക്ക് തിന്നാനും ഉടുക്കാനും വാങ്ങിക്കൊടുക്കാന്‍ പറ ഓനോട്.'ഉമ്മ ഏതോ പ്രണയഗാനം ഈണത്തില്‍ മൂളാന്‍ തുടങ്ങി ..
'നൊസ്സാ അന്റെ തള്ളയ്ക്ക്, 'ജാബിറിക്ക പുച്ഛത്തോടെ ചിരിച്ചു. 'എന്താ ഖാലിദിന് ഉമ്മാനെ ഗള്‍ഫിലേക്ക് കൊണ്ടു പോയാല്‍? കൊറെ കാലായല്ലോ ഇവിടെ അടിഞ്ഞിട്ട്..നാട്ടിലാകെ പാട്ടായിട്ടുണ്ട് തള്ളേന്റെ രോഗം..അടക്കോം ഒതുക്കോം ഇല്ല കുഴീല്‍ക്ക് കാല് നീട്ടീട്ടും..'
അവസാനവരി പറഞ്ഞപ്പോള്‍ അയാളുടെ ചുണ്ടില്‍ നിന്ന് അശ്ലീലമായ ഒരാംഗ്യം പുറത്തേക്ക് തെറിച്ചു.അയാളെന്താണ് ഉമ്മാനെപ്പറ്റി കരുതിയിട്ടുണ്ടാവുക? കാമാപ്പിരാന്ത് തീരാത്ത ഒരുത്തിയെന്നോ? നിഷ്‌കളങ്കമായ സ്‌നേഹത്തെക്കുറിച്ചല്ലേ ഉമ്മ പറഞ്ഞോണ്ടിരിക്കുന്നത്? എന്തെന്നില്ലാത്ത പിരിമുറുക്കം തോന്നി എനിക്ക്. ഉമ്മാനെ ഒറ്റയ്‌ക്കൊരു റൂമിലാക്കിയാലോ? ഒരു സൈക്കോളജിസ്റ്റിനെ കാണിച്ചാലോ? എഴുപതാം വയസ്സില്‍ ഒരു സ്ത്രീ പ്രണയത്തെക്കുറിച്ച് പറയുന്നത് അത്ര വലിയ കാര്യമാണോ? ഓ അല്ലെങ്കില്‍ എന്താണ് പ്രണയം? പാടിപ്പുകഴ്ത്താന്‍ മാത്രം ആണ്‍പെണ്‍ബന്ധങ്ങളില്‍ എന്തെങ്കിലും ഉണ്ടോ? ആകെ തല പെരുക്കുന്നു .വെറും പ്രീഡിഗ്രിക്കാരിയായ താന്‍ ഈ നഗരത്തില്‍ ഇനി എവിടെ ഒരു സൈക്കോളജിസ്റ്റിനെ തേടിപ്പിടിക്കാനാണ്?അതറിഞ്ഞാല്‍ തന്നെ ജാബിറിക്ക ദേഷ്യം പിടിക്കില്ലേ? മുമ്പ് മൂപ്പര്‍ കലി കേറി മുഖത്ത് ആഞ്ഞടിച്ചതിന്‍റെ ഓര്‍മ വേദനയായി കവിളില്‍ ഇപ്പഴും കല്ലിച്ചു കിടക്കുന്നു..
ഉമ്മയും ഉപ്പയും ഒരു ചേര്‍ച്ചയുമുണ്ടായിരുന്നില്ല. പാറ പോലെ കഠിനനായിരുന്നു ഉപ്പ. പറഞ്ഞത് അപ്പപ്പോള്‍ നടന്നില്ലെങ്കില്‍ അടിയും ഇടിയും തൊഴിയും..നിവൃത്തി കെടുമ്പോള്‍ നാവുവാള് കൊണ്ടാണ് ഉമ്മ പകരം വീട്ടുക. ബാല്യത്തിന്‍റെ മുറ്റത്തെപ്പോഴും വഴക്കുകളുടെ പേടിപ്പിക്കുന്ന മുഴക്കമുണ്ട്..തീര്‍ത്താല്‍ തീരാത്ത പണികള്‍ക്കിടയിലും ഉമ്മ ഓരോന്ന് കുത്തിക്കുറിക്കുന്നത് കാണാം..ഒരിക്കലും ആരും അറിയാതിരുന്ന എഴുത്തുകാരി..മൂന്നാലു പുസ്തകങ്ങള്‍ ഇറക്കാന്‍ മാത്രം കടലാസ്‌കെട്ടുകള്‍ ഉമ്മയുടെ പെട്ടിയില്‍ വിശ്രമിക്കുന്നു..കയ്യില്‍ പൈസ കിട്ടുമ്പോഴൊക്കെ കവിതാബുക്കുകള്‍ വാങ്ങിപ്പിക്കുന്നു..തിമിരം മൂടാത്ത കണ്ണുകളാല്‍ ഇപ്പഴും വായിക്കുന്നു, ശോകസ്വരത്തില്‍ പ്രേമഗീതങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുന്നു..
അപ്പുറത്തെ ആയിശാത്തയുടെ കണ്ണോപ്പറേഷനെപ്പറ്റി പറഞ്ഞപ്പോള്‍ ഉമ്മ നെടുവീര്‍പ്പോടെ പിറുപിറുത്തു 'ആത്മാവിനെ തിമിരം മൂടുമ്പളാ അത് കണ്ണിലേക്കും വരാ, ന്‍റെ റൂഹിനു ഞാന്‍ മരിക്കോളം തിമിരം വരുത്തല്ലേ പടച്ചോനെ, ഇന്ക്ക് ബോധത്തോടെ മരിക്കണം, ന്‍റെ ചുറ്റുപാടും നല്ലോണം കണ്ട്..'
മക്കള്‍ വളര്‍ന്നു തുടങ്ങി. ഉമ്മാന്‍റെ ജല്പനങ്ങള്‍ അവരെ വഴികെടിലേക്കേ വിടൂ..പ്രണയത്തിന്‍റെ മുമ്പില്‍ ജാതിയോ മതമോ വര്‍ണമോ ഒന്നുമില്ലെന്നാണ് ഉമ്മാന്‍റെ ആപ്തവാക്യം..അത് മക്കളോട് ഇടയ്ക്കിടെ ഉരുവിട്ടുകൊണ്ടിരിക്കും. എത്ര ചൂടായിട്ടും കാര്യമില്ല. മക്കള്‍ വഴി തെറ്റാന്‍ നെറ്റും മൊബൈലും മാത്രല്ല ഇങ്ങനെ ചില വല്യുമ്മമാരും കാരണാവൂന്ന് ആര്‍ക്കാ മനസ്സിലാവാ?
'ഒരിക്കല്‍ പോലും ന്‍റെ ആത്മാവിന് പരിശുദ്ധപ്രണയത്തിന്‍റെ സംസം തന്നില്ലല്ലോ പടച്ചോനേ..'മുകളിലേക്ക് നോക്കി ഉമ്മ പതം പറയും..'പരലോക ചിന്തകള്‍' എന്ന പേടിപ്പിക്കുന്ന പുസ്തകം ഞാന്‍ ഉമ്മാന്‍റെ കയ്യില്‍ പിടിപ്പിച്ചു..അത് വായിച്ചെങ്കിലും ഉമ്മാക്ക് ഖബര്‍ശിക്ഷയെപ്പറ്റിയും ഖിയാമത്ത്‌നാളിനെപ്പറ്റിയും അന്ത്യവിചാരണയെപ്പറ്റിയും ഒരു ബോധമുണ്ടാകട്ടെ..ഉമ്മയ്ക്ക് ഒന്നും അറിയാഞ്ഞല്ല ..നശിച്ച പ്രണയകവിതകളില്‍ ഉമ്മ മുങ്ങിപ്പോയിരിക്കുന്നു..ഈമാന്‍ കിട്ടാതെ മരിച്ചാല്‍ നിത്യനരകത്തില്‍ വെന്തു കിടക്കേണ്ടി വരില്ലേ?
'ഇനി ഉമ്മ ഇതു വായിച്ചാ മതി ..'എന്‍റെ മുഖത്ത് കനത്തു കിടന്ന വാശിയിലേക്ക് സാകൂതം നോക്കിക്കൊണ്ട് ഉമ്മ പതുക്കെ പറഞ്ഞു 'ജാബിര്‍ ഇന്നലെ വയസ്സായോരുടെ വീടിനെപ്പറ്റി പറഞ്ഞില്ലേ? ന്നെ അവടെ കൊണ്ടാക്കിക്കോ..അവടെ നമ്മളെ ഇഷ്ടത്തിനു വായിക്കേം എഴുതേം ടി വി കാണേം ഒക്കെ ചെയ്യാന്ന് അപ്പര്‍ത്തെ മാഗി പറഞ്ഞു . ഓള്‍ടെ അമ്മായിയമ്മ അവിടെയാ..ഓള്‍ക്ക് മാത്രാ ഇന്നോട് ഇഷ്ടം , ന്‍റെ കവിതകള്‍ എത്ര കേട്ടാലും ഓക്ക് മതിയാവൂല ..പൈസല്ലെങ്കി ദാ ന്‍റെ മാലീം വളേം..'
ഉമ്മയോട് പിണങ്ങി മുറ്റത്തേക്ക് ഇറങ്ങി നില്‍ക്കുന്ന എന്‍റെ ബാല്യരൂപം മനസ്സിലേക്ക് വേദനയോടെ കുതിച്ചെത്തി..'ഉമ്മാ ,ന്നോട് ക്ഷമിക്കുമ്മാ, ' ഞാനാ ചുളിയാന്‍ തുടങ്ങിയ കൈകളെ സ്പര്‍ശിച്ചു..കുറുമ്പോടെ കൈ വലിച്ചെടുത്ത് ഉമ്മ പിന്നെയും പറഞ്ഞു 'ന്നെ അവടെ കൊണ്ടാക്കിക്കോ ,ഓര്‍മ എത്ത്യ കാലം മുതല്‍ ഞാന്‍ ന്‍റെ ഇഷ്ടത്തിനു ജീവിച്ചിട്ടില്ല , ചെര്‍പ്പത്തില് വാപ്പാന്റേം ആങ്ങളാര്‌ടേം മതിലാര്ന്ന്. കല്യാണം കഴിഞ്ഞപ്പോ ഒരു സിംഹത്തിന്റെ നഖങ്ങള്‍ക്ക് ചുവട്ടിലായി ചോര വാര്‍ന്ന് ന്‍റെ ജീവിതം.. വയസ്സായപ്പം മക്കളെ ചങ്ങലയാ ന്നെ കെട്ടാന്‍ വരണ്. ഈ അവസാനകാലം നാലീസെങ്കി നാലീസം നിക്ക് ഞാനായിട്ട് ജീവിക്കണം..'
ഉമ്മയെ നോക്കി നില്‍ക്കവേ നിസ്സഹായത എന്റെ ഉള്ളില്‍ അലച്ചാര്‍ത്തു..ജീവിക്കുന്നുണ്ടോ ഞാനും ഞാനായിട്ട്? ഒരു വാള്‍ചോദ്യം എവിടുന്നോ പാഞ്ഞു കയറി എന്നെ കീറിമുറിച്ചു..പേപ്പറുകളെല്ലാം പെട്ടിയിലേക്ക് അടുക്കി വെക്കുന്ന ഉമ്മയെ ഞാന്‍ സ്തബ്ധയായി നോക്കി നിന്നു................................................