നോമ്പ്കാലത്ത്
വീടിന് ഉച്ച വരെ ഉറക്കമാണ്..ഒച്ചയില്ല ,ആളനക്കമില്ല ..കുപ്പക്കുഴികളിലൊന്നും ഇറച്ചിപ്പൊട്ടോ മീന്‍മുള്ളോ ഇല്ല .ഒത്താല്‍ ഒരു
അണ്ണാന്‍കുഞ്ഞ് , അല്ലേല്‍ ഒരു കിളി , ചിലപ്പോ അതുമില്ല ..വിശപ്പ് ചുര
മാന്തുമ്പോ, വെറുതെ കറുകപ്പുല്ലിന്‍റെ
ഇളംനാമ്പ് കടിച്ചു ചവയ്ക്കും .കാണുന്നവര്‍ പഴമൊഴി ഒന്നു മാറ്റിപ്പറയും –ഗതി
കെട്ടാല്‍ പൂച്ച പുല്ലും തിന്നും . ഒരു
കറുമ്പി ആയതോണ്ടാവും പെട്ടെന്ന് കാണുമ്പോള്‍ ആളുകള്‍ക്കൊരു ഞെട്ടലാണ്.
ചുറ്റുവട്ടത്തുള്ള നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമൊക്കെ ഒരു നിശ്ചിത
കോമ്പൌണ്ടുണ്ട്..അതിരു ഭേദിച്ചാല്‍ കാണാം ഞങ്ങളുടെ തല്‍സ്വരൂപം – വാല്‍ വിടര്‍ത്തി
നഖങ്ങള്‍ നീട്ടി മീശ വിറപ്പിച്ച് ഞങ്ങള്‍
കടിപിടി കൂടും . എന്നാലും മനുഷ്യരുടെയത്ര ചോരപ്രിയരല്ല ഞങ്ങള്‍ .അവര്‍ രക്തം ചിന്താന്‍ പുതിയ പുതിയ ആയുധങ്ങള്‍ കണ്ടു
പിടിച്ചുകൊണ്ടേയിരിക്കയാണെന്ന് ദിവസവും ടി വി കാണുന്ന എന്‍റെ കൂട്ടുകാരന്‍
പറയാറുണ്ട്. യുദ്ധങ്ങളുടെ ലൈവ് സീനുകള്‍ കണ്ടു കണ്ട് അവന് ഉറക്കത്തിലൊരു
ഞെട്ടിച്ചാടലാണ് ..
ഇന്നലെ
കുശാലായിരുന്നു . കോഴിയിറച്ചി എമ്പാടും കടിച്ചു പറിച്ചു .ഇപ്പോള്‍
കുറുക്കന്മാരുമുണ്ട് രാത്രി വേസ്റ്റ്
കുഴിക്കരികില്‍ .
മൈന എങ്ങാണാവോ
പോയത് .അവളാണ് ബീവിത്താന്‍റെ പണിക്കാരത്തി .ദൂരേന്ന് എവിടുന്നോ അഞ്ചാറു മാസം
മുമ്പ് കൊണ്ടു വന്നതാണ് .ഇപ്പോ ഒരു തമിഴത്തിക്കുട്ടിയെയാ കാണുന്നത് .നല്ല
മൊഞ്ചുള്ളോരെ മാത്രം ഇവര് പണിക്ക് നിര്‍ത്തണത്
എന്താണാവോ? കോയക്കയും മോനും നൊമ്പോന്നും എടുക്കില്ല .രാത്രി ഇരുട്ടിയാലേ രണ്ടാള്‍ടേം
വണ്ടി വീട്ടിലെത്തൂ . കൂടെ എന്നും ഏതൊക്കെയോ പെണ്ണുങ്ങളും കാണും .നോമ്പ്
കാലത്തേലും കുടിക്കല്ലേ മക്കളേയെന്നു ബീവിത്ത നെലോളിക്കണത് കേള്‍ക്കാം .”തള്ളേ , മുണ്ടാണ്ട് ഇരുന്നോ ,
ഇവിടെ നടക്കണത് വല്ലതും പോറത്തെറങ്ങ്യാല് തുണ്ടം തുണ്ടമാക്കി കുപ്പക്കുഴീല്‍ക്കിടും
, ഇനി പറഞ്ഞിലാ കേട്ടീലാന്ന് മാണ്ട ..”കള്ളില്‍ കുഴമറിഞ്ഞ കോയക്കാന്‍റെ ആക്രോശം
അടുക്കളയിലിരുന്നാ തന്നെ കേള്‍ക്കാം . കോയക്കാന്‍റെ പെണ്ണും മകളും
തെറ്റിപ്പോയിട്ട് ഒരു കൊല്ലാവാറായി . മൈന എപ്പോഴും വാടിയ പൂവായി ചിരി മറന്നു
നടന്നു .വലിയ കണ്ണില്‍ എപ്പഴും സങ്കടങ്ങളാണ് , പാവം .ഒരിക്കല്‍ വേസ്റ്റ് തട്ടുമ്പോ
അവളും കുഴിയിലേക്ക് വീണു . കുറെ നേരത്തിന് ആരും വന്നത് തന്നെയില്ല .പിന്നെ ബീവിത്ത
ശപിച്ചോണ്ട് പ്രാഞ്ചി പ്രാഞ്ചി വന്നു .ഒരു വിധം പുറത്തെത്തിയപ്പോ അവളാകെ നാറി
കറുത്ത് പോയിരുന്നു .
എന്താണാവോ
ഇന്ന് കുറുക്കന്മാരുടെ ഒരു പെരുമ്പട ..രണ്ടു ദിവസായി ഒരു ചീഞ്ഞ മണം ഇവിടാകെ ..റബ്ബര്‍ കാട്ടില്‍ എന്താണാവോ ഉള്ളത്
.
ആളുകള്‍
എന്തൊക്കെയാണെന്നോ പറയുന്നത് .വെട്ടി
മുറിച്ചെന്നോ, ചീഞ്ഞിട്ടുണ്ടെന്നോ, ഇത്രേം ചെര്‍യൊരു വാല്യക്കാരത്തീനെ ഇങ്ങനെ
ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നെന്നോ ,ഓനും ഉമ്മേം പെങ്ങളും ഇല്ലെന്നോ ആ കുട്ടീടെ തന്തേം തള്ളീം ഇതെങ്ങനെ സഹിക്കൂന്നോ
അങ്ങനെ എന്തൊക്കെയോ ..പോലീസുകാര് ഇടയ്ക്ക് വരുന്നുണ്ടേലും ആരെയും കൊണ്ടു
പോയിട്ടൊന്നുമില്ല .പൈസ കൊറെ പൊടിച്ചിട്ടുണ്ടത്രെ ..ബീവിത്ത മാത്രം നെഞ്ച് പൊട്ടി കരയണണ്ട്
–“ഇശ്ശെയ്ത്താന്‍റെ തള്ള ആവ്ണേയ്ന് പകരം
ഇന്നങ്ങട്ട് കൊണ്ടെയ്ക്കാളാ പടച്ചോനെ ..അന്‍റെ മോളെ പ്രായള്ള ആ കുട്ടീനെ ..അന്‍റെ
മനസ്സ് കരിങ്കല്ലാണോ പിശാചേ .”.കോയക്ക
ബീവിത്താനെ ഒരു റൂമില്‍ പൂട്ടിയിരിക്കാണ്. പോലീസുകാരനോട് പറയണത് കേട്ടു-
“അത്തള്ളയ്ക്ക് പ്രാന്താ .തൊറന്നാ ഇങ്ങളേം മാന്തിപ്പൊളിക്കും.”
ആളുകള്‍
ചുളിഞ്ഞ കണ്ണുകളോടെ ചുണ്ട് കൂര്‍പ്പിച്ച് മതിലിനപ്പുറം കുശുകുശുക്കുന്നുണ്ട് .
പാവം മൈന! അവളെയാണാവോ തുണ്ടം തുണ്ടമാക്കിയത്.. പൂച്ചക്കെന്താ ണല്ലെങ്കില്‍ ഈ മനുഷ്യരുടെ പൊന്നുരുക്കുന്നേടത്ത് കാര്യം?