Pages

2018, ഒക്‌ടോബർ 14, ഞായറാഴ്‌ച

മരിച്ച വീടുകള്‍ [കഥ ]




 “ഗെയ്റ്റ് മുതല്‍ നമ്മള്‍ ക്യാമറ നിരീക്ഷണത്തിലാണ് .”
നാത്തൂന്‍ മന്ത്രിച്ചു .ഗെയ്റ്റില്‍ കുറെ തവണ തട്ടിയതിനു ശേഷമാണ് ഉള്ളില്‍ നിന്ന്, അകാലത്തിലേ വാര്‍ധക്യത്തിലേക്ക്  കാലൂന്നിയ സൈനത്താത്ത ഇറങ്ങി വന്നത് .അവര്‍ ചിരിച്ചപ്പോള്‍ മുമ്പെന്നോ പക്ഷാഘാതത്തില്‍ കോടിപ്പോയ ചുണ്ടുകള്‍ വൈമനസ്യത്തോടെ കെറുവിച്ചു .ഒരു കോടി രൂപയുടെ വീട് ,ഇന്റര്‍ലോക്ക് ചെയ്ത മുറ്റം ,അലങ്കാരക്കുളം , മേലേക്ക് മാത്രം നോക്കുന്ന മൂന്നാലു തെങ്ങുകള്‍ ..

ബെഡ്റൂമില്‍ കിടക്കയാണ് മൂത്തമ്മ .സംസാരിച്ചുകൊണ്ടിരിക്കെ സൈനാത്താക്ക് ഫോണ്‍ വന്നു , “അബ്ദുവാ ,ഇങ്ങള് വന്നത് ഷാര്‍ജേന്ന് കണ്ട് വിളിക്കാ .”

മൂത്തമ്മ  കരഞ്ഞുകൊണ്ടിരുന്നു .”ആസ്പത്രീന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ട് ആരും കൊണ്ടരാന്‍ ഇണ്ടാര്‍ന്നില.എന്താ ഇങ്ങള് പോകാത്തത്ന്ന്  നഴ്സ് മൂന്നാലട്ടം ചോയ്ച്ചു .പുത്യേ രോഗികള്‍ വന്നാല് നെലത്ത് കെടക്കേണ്ടി വരൂന്നും പറഞ്ഞു .കാല് മടങ്ങാത്ത ഞാനെങ്ങനാ നെലത്ത് കെടക്കാ .ഇങ്ങളെ മൂത്താപ്പള്ളപ്പം സ്ഥലം വിറ്റ് കിട്ടിയ കൊറച്ച് പൈസണ്ടായ്നി ഇന്‍റെ കയ്യില് .അതൊക്കെ ആസ്പത്രീല് ചെലവായി .ഇന്‍ജക്ഷന് തന്നെ ആറായിരം ഉര്‍പ്യ ഒക്കെയാ . ഇരുപത്തഞ്ചു കൊല്ലായീലേ ഞാന്‍ ഉമ്മാനെ നോക്ക്ണ്.ഇഞ്ഞ് ഇജ് നോക്ക്ന്നാ ചെറ്യോന്‍  മൂത്തോനോട് പറഞ്ഞത് .അല്ലെങ്കില്‍ എന്താ ഓല്ത്ര നോക്ക്ണത് . വെച്ച്ണ്ടാക്ക്ണേല് ബാക്കിണ്ടെങ്കില് രണ്ടു മുര്‍ക്ക് വെള്ളം .അയ്നാ കണക്ക് .ആങ്കുട്ട്യാക്കും പെങ്കുട്ട്യാക്കും ഇന്നെ മാണ്ട .ഇന്നെ പെരേന്ന്‍ ഒയ്ക്കാനാ ഓല്ന്നെ ആസ്പത്രീല്ക്ക് പറഞ്ഞേച്ചത്.”

ഈ കണ്ണീര്‍ കരിച്ചു കളയില്ലേ പലതും?മനസ്സില്‍ വിഷാദവും ആകുലതയും പെരുത്തു വ്യസനങ്ങള്‍ ,ദുരന്തങ്ങള്‍ ,രോഗങ്ങള്‍  ഈ ശൈലങ്ങളൊന്നും കയറാതെ ഈ ഭൂമിയില്‍ ജീവിതം സാധ്യമാല്ലെന്നോ?ഇതിന്‍റെയൊക്കെ അര്‍ഥം എന്താവും പടച്ചോനെ ..വേദനകളുടെ പെരുംതിരകളില്‍ ശ്വാസം മുട്ടി, ഇട്യ്ക്കെത്തി നോക്കുന്ന സന്തോഷങ്ങളുടെ കുളിര്‍കാറ്റില്‍ ഒന്നു തണുത്ത് ,പിന്നെയും ദുഃഖങ്ങളുടെ കയങ്ങള്‍ ചാടി ,ഒടുക്കം മരണത്തിന്‍റെ കറുത്ത ഗുഹയിലേക്ക് നടന്നു പോകുന്ന  ഈ നാടകത്തിന്‍റെ പൊരുളെന്താവും?മണ്ണിട്ട്‌ മൂടിയ ചോദ്യങ്ങളെയെല്ലാം മനസ്സ് വീണ്ടും മാന്തി പുറത്തിട്ടുകൊണ്ടിരുന്നു .
“നടക്കാന്‍ കഴിയോ ?കാലിലൊക്കെ നല്ല നീരാണല്ലോ.ഇത്താത്ത മൂത്തമ്മയോടു ചോദിച്ചു .

“ഈ വാക്കര്‍ പിടിച്ചാ കൊറച്ചേലും നടക്കണത് .ബാത്ത് റൂമില് പോയി വരുമ്പോള്‍ക്ക് ജീവന്‍ പോകും .ഞാനാണേല് നല്ല തടിയല്ലേ .മെലിഞ്ഞ ഓക്ക് ഇന്നെ താങ്ങാനൊന്നും കെല്‍പ്പില്ല .ഇന്‍ജക്ഷന്‍ വച്ച് തരാമ്പോലും ആരൂല്ല .പൈസമ്മലാ കെടന്നൊറങ്ങണത് ഇന്‍റെ ആങ്കുട്ട്യാള്.തീരെ വയ്യാതായപ്പം ഹോം നഴ്സിനെ വച്ചീനി .ആയിനുള്ള പൈസ ഓല് പങ്കിട്ടെടുത്ത്.ഇനി മാണ്ടാന്നും പറഞ്ഞ് നഴ്സിനെ വിടേം ചെയ്ത് .കണ്ണ്‍ നേരെ കാണാത്ത ഞാനും ഓളും ആണ് ഇപ്പം ഇന്‍ജക്ഷന്‍ എട്ക്ക്ണത് .അയ്മ്മല് തീരാണേല് തീരട്ടെ .”
ചുവന്നു തുടുത്ത നീരിനാല്‍ വണ്ണം വച്ച കാലുകള്‍ ദാര്‍ശനികരെപ്പോലെ  നിസ്സംഗം നോക്കുന്നു . മലമൂത്രങ്ങളുടെ വാട എങ്ങും ചുറ്റിത്തിരിയുന്നു .
“രാത്രി പേട്യാവും.ആലമുല്‍ ഗൈബിന്‍റെ വല്‍പ്പള്ള പെരേല് വയ്യാത്ത രണ്ട് പെണ്ണ് ങ്ങള് മാത്രം .മര്ച്ചാലും ആരും അറീല .മണം റോഡിലെത്തണം.മതിലും കടന്ന്.”

അവര്‍ തേങ്ങിക്കരഞ്ഞു .ഉമ്മ അവരെ തലോടി .”പ്രാര്‍ഥിക്ക് മക്കക്ക് നല്ലത് തോന്നാന്‍ .എപ്പളും തസ്ബീഹും തഹ് ലീലും ചൊല്ലണം .സൂറത്ത് നാസും ഫലക്കും ഓതണം.”വിതുമ്പലിനിടെ അവര്‍ മൂളിക്കൊണ്ടിരുന്നു .
“വരിന്‍ പോകാം –“നാത്തൂന്‍ തിരക്ക് കൂട്ടി .ക്യാമറ ഇവിടെയും കാണും .യാത്ര പറയുമ്പോള്‍ ഇത്തിരി പണം മൂത്തമ്മാക്ക് കൊടുക്കണം എന്ന് ആഗ്രഹിച്ചു .പിന്നെ അത് മതിയാവും ഒരു കുടുംബകലഹത്തിന് .സമ്പന്നരായ മക്കളെ അപമാനിക്കലാവും .

ഗെയ്റ്റ് കറകറ ശബ്ദത്തോടെ അടയ്ക്കുമ്പോള്‍ ഓര്‍ത്തു –ഓരോ വീടും ഓരോ സമുദ്രമാണ് ,ആഴങ്ങളില്‍ ഒളിപ്പിച്ചതത്രയും കണ്ടെത്തുക പ്രയാസം .അതിനുള്ളില്‍ ആഞ്ഞടിക്കുന്ന തിരകള്‍ എണ്ണുക അസാധ്യം .വീടുകള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ !ഓരോ വീടും സ്വന്തം കഥകള്‍ വിളിച്ചു പറയാന്‍ തുടങ്ങിയാല്‍ എത്ര മാന്യന്മാരുടെ മുഖം മൂടികളാവും അഴിഞ്ഞു വീഴുന്നത് .മരിച്ച വീടുകളാണെങ്ങും.ജീവനുള്ള ശവങ്ങളെ അടക്കം ചെയ്ത മരിച്ച ബംഗ്ലാവുകള്‍ ,മരിച്ചിട്ടും പൊട്ടിക്കരയുന്ന മണിമാളികകള്‍ ...  

ആലമുല്‍ ഗൈബ്-പ്രപഞ്ചം
തസ്ബീ ഹ് ,തഹ് ലീല് –ദൈവസ്തുതികള്‍
നാസ് ,ഫലക് –ഖുറാന്‍ സൂക്തങ്ങള്‍