Pages

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച


പാമ്പും കോണിയും.      കവിത

ഒന്നാംനമ്പറില്‍ കയറിയിരിക്കാന്‍ തന്നെ വിധി എന്നെ മൂന്നാല് ഏറെറിഞ്ഞു

മൂന്നാംനമ്പറില്‍ പതിനാലിലേക്കെത്തിക്കുന്ന ഒരു ചെറുകോണി

സന്തോഷത്തിന്‍റെ കിരീടവുമായി പതിനാലില്‍ ഇരിപ്പായി

വാസം ശാശ്വതമായിരുന്നില്ല,ഒട്ടും

പത്തൊമ്പതില്‍ നിന്ന് പാമ്പ് കടിച്ച്‌ നീലിച്ച് നാലിലേക്കെത്തി

പോകാനുള്ള സര്‍പ്പവഴികള്‍ പിന്നെയും മുന്നില്‍,നീലിച്ച് കറുത്ത്

പിന്നെയുമുണ്ടായി ദംശനങ്ങള്‍................

ഇപ്പോള്‍,99-ല്‍നിന്ന് പാമ്പുകടിയേറ്റ് ഒന്നില്‍ തന്നെ കിടപ്പാണ്

തളര്‍ന്ന്,കമഴ്ന്നു വീഴാനാവാത്ത കൂറയെപ്പോലെ

എല്ലാം ആദ്യം മുതല്‍ തുടങ്ങണം,മോഹിപ്പിച്ച കൊണികള്‍ എത്ര വ്യര്‍ഥമായിരുന്നു

സൗഭാഗ്യത്തിന്‍റെ നീളന്‍ കൊണികള്‍,ചെറുസന്തോഷത്തിന്‍റെ  കുഞ്ഞുകൊണികള്‍

വസന്തം അതിലേ മാത്രം കടന്നുപോയി

പച്ചയുടെ മാന്ത്രികക്കൈകള്‍ അവിടെ മാത്രം പൂക്കളമിട്ടു

സര്‍പ്പങ്ങള്‍ ഉണക്കപ്പുല്ല്പോലെ ചുരുണ്ടുകിടന്നു

ചവിട്ടുന്നത് പോലും അറിയില്ല

കടി കൊള്ളുമ്പോഴാവും, ഹോ!ഈ ദുഃഖഫണം മുമ്പും കണ്ടതാണല്ലോയെന്ന് ഓര്‍മിക്കുക

മേലാകെ നീലിച്ച പാടുകള്‍, കൂര്‍ത്ത പല്ലിന്‍റെ അടയാളങ്ങള്‍ ...

നൂറാംപടി കടന്നു കിട്ടാന്‍ ഇനിയും കടമ്പകളേറെ

മുതുക് വളഞ്ഞ്,പഞ്ഞിത്തലയുമായി

സ്ഫുടമല്ലാവാക്കുകളെ മോണകളില്‍ ചതച്ച്

കാണുന്നെടത്തെല്ലാം വെറ്റിലപോലെ തുപ്പി ...

ഈ പടിയും കടന്നു കിട്ടണം –

ഇനി എത്ര ഏറു എറിഞ്ഞാലാണാവോ വിധി ആ ഒന്നിനെ എത്തിപ്പിടിക്കുക

ശാന്തയായി,നീണ്ടു നിവര്‍ന്നു വെളുപ്പ്‌ പുതച്ചു കിടക്കാനാവുക?

കരുവിന്‍റെ ആശകള്‍കെപ്പോഴും പരിമിതികളുണ്ട്

ആറുവരെ നമ്പരെഴുതിയ ആ കറുത്ത കട്ട വിചാരിക്കാതെ

കരു ഒരടി മുന്നോട്ടു നീങ്ങുകയില്ല ............................

 

2013, ഫെബ്രുവരി 17, ഞായറാഴ്‌ച


ശര്‍ക്കരക്കുടം.....................................കഥ

തലേന്നത്തെ സ്വലാത്തിനു ശേഷം ദീര്‍ഘസുഷുപ്തി കഴിഞ്ഞിട്ടും ഉസ്താദിനും അനുജരന്മാര്‍ക്കും ക്ഷീണം തീര്‍ന്നില്ല.പ്രഭാതം കട്ടില്‍പ്പുറത്തു കയറിയിരുന്നിട്ടും ആകെയൊരു പൊകയാണ് കണ്ണിന്‍റെ മുമ്പില്‍.-“കളക്ഷന്‍ എങ്ങനെ ഉണ്ടാരുന്നു കബീറെ”                                    “തകര്‍പ്പനാരുന്നു,കഴിഞ്ഞ കൊല്ലത്തിന്‍റെ ഇരട്ടിയാ.ദുആ ഒന്നൂടെ നീട്ടിപ്പരത്തീര്ന്നെങ്കി ഇതിലും കൂടെയ്നി.പണ്ടത്തെ നമ്മടെ വയള് ഒന്നു പൊറത്ത്ക്ക്ട്ത്താ പെണ്ണുങ്ങള് കണ്ണീര് മൂടി കാത്ല്‍ത്തതും കവ്ത്ത്ത്തതും ഒക്കെ ഊരിത്തരും.എന്താ സ്വര്‍ണത്തിന്‍റെ ഒരു വെല. ഇപ്രാവശ്യം പൊന്നിന്‍റെ കളക്ഷന്‍ കൊറവാ..”                                                                   “ഉം,അയ്ന്ന് കൊറച്ച് നമ്മളെ യത്തീംഖാനക്ക് കൊടുക്കണം.എല്ലാം ഞമ്മള് മുക്കീന്ന് വെര്‍തെ നാട്ടാരെക്കൊണ്ട് പറീക്കണ്ട”                                                                       “അതൊക്കെ ശര്യന്നെ.പക്ഷേങ്കി വെല്ലാതൊന്നും കൊടുക്കണ്ട.നമ്മക്കെതിരെ കൊറെ യുക്തി വാദികളും പുത്തന്‍വാദ്യാളും ഏറങ്ങീട്ട്ണ്ട്.അടുത്ത കൊല്ലം ഇത്ര ആളൊന്നും ഉണ്ടായോളണം ന്നില്ല.”                                                                             “അതും ശര്യന്നെ.പിന്നെ കബീറെ,ഇന്നലെ സ്വലാത്ത് ചൊല്ലുമ്പള് ഇന്‍റെ മനസ്സ്ല് ഒര് ഐഡിയ അങ്ങനെ പാഞ്ഞ് നടക്കെയ്നി.ആദ്യം കൊറെ എതിര്‍പ്പൊക്കെ ണ്ടാവും.റെയ്ല്‍മെ കേറിക്കിട്ട്യാ കൊല്ലം കൊല്ലം വരുമാനം എത്രയാ..”                                             “അതെന്ത് ഐഡിയ? വേം പറീ”                                                              “വേറൊന്നല്ല,ഈ ഹിന്ദുക്കള്ടെ ഒരെഴ്ത്ത്നീര്ത്ത്ണ പരിപാടില്ലേ.നമ്മളെ ഖവ്മ്നും അങ്ങനൊന്ന് ഉണ്ടെങ്കി നന്നാകൂലേ?”                                                                           “കലക്കി ഉസ്താദേ,പക്ഷേങ്കി പുത്തന്‍വാദ്യാള് വാള്ട്ക്ക്ണത് ആലോയ്ക്കുമ്പോ ഇന്ക്ക് പള്ളെ കത്ത്ണ്”                                                                                        “അതൊക്കെ ശര്യാവും.പണ്ട് ഇല്ലാത്ത എന്തൊക്കെ ഇപ്പം നടക്ക്ണ്.സ്വലാത്ത്‌ മുമ്പ്‌ ഇണ്ടേയ്ന്യോ?മരിച്ചാ മൈക്ക്‌ കെട്ടി വിളിച്ച് പറയണ പതിവ് പണ്ട് ഇണ്ടായ്ന്യോ?                                                           “പക്ഷേങ്കി അയ്‌ന് പ്രത്യേകം ദെവസും മാണ്ടേ? ഓല്‍ക്കയ്ന് വേറൊരു ദെവസം തന്നെ ഇല്ലേ?” “അതന്നെ കബീറെ നമ്മളെ ആലോചന.നബിദിനത്തില്‍ തന്നെ ആക്ക്യാലോ.കമ്പ്യുട്ടറില് ആദ്യാക്ഷരം എഴ്തണെങ്കി അതും ആയ്ക്കോട്ടെ.” “അതൊക്കെ ആയ്ക്കോട്ടെ.എതിര്‍പ്പുകള് ആലോയ്ച്ച്ട്ടാ.പൈസ ബാങ്കില് ഇടല്ലേ?”                                          “ഉം,അയ്ന്ന്‍ മെല്ലെ മുക്കാന്‍ നിക്കണ്ട.മാനേജര് ഇന്‍റെ സ്വന്തം ആളാ.ഇജ്‌ തിരിച്ച് വരുമ്പളക്ക് കണക്ക് ഇന്‍റെ മൊബെയിലിലെത്തും.” “ഈ ഉസ്താദിന് ഇത്ര കാലായ്ട്ടും ഇന്നെ തിരിഞ്ഞിട്ടില്ലേ?”                                                    “നബിദിനപരിപാടീല് നമ്മള് പെങ്കുട്ട്യാളെ കൂട്ടലില്ല്യാലോ.ഓലെ സ്റ്റേജിമ്മ കേറ്റ്ണത്ന് നമ്മള് പണ്ടേ എതിരല്ലേ.എഴ്ത്ത്‌നും ഓല് മാണ്ടാന്നു വെക്കാ ല്ലേ?”  “അത് മതി ഉസ്താദേ,പെണ്ണ്ങ്ങള് എത്ര പഠിച്ചാലും പേറും അട്ക്കളീം തന്നെ ബാക്കി.”  “ഇന്നാ ഞമ്മക്ക് അതങ്ങട്ട് ഒറപ്പിക്കാ.മൈക്ക് കെട്ടി പറയാന്‍ള്ളത് താജുദ്ദീനെ ഏല്‍പ്പിക്ക്”  “ശര്യാ,ഓനാവുമ്പം നല്ല കടുകട്ടി വാക്ക്വാള് തീവണ്ടി പോണ ചേലിക്കങ്ങനെ വരും.ഞമ്മക്ക് ഇന്നന്നെ വല്യഉസ്താദിനെ പോയി കാണാം.ഓല് പറഞ്ഞാ അതില് വല്ല മാറ്റോംണ്ടോ? പിന്നേയ്,അപ്പരിപാടിക്ക് ഉമ്മാര് വേണ്ടാട്ടോ,ഉപ്പാര് മതി,ഞമ്മളെ നല്ല ഇമേജിന് അതാ നല്ലത്.”-

പണം വരുന്ന വിചിത്രവഴികളെക്കുറിച്ചാണ് ഉസ്താദ്‌ ആലോചിച്ചത്‌.ഒരു മംഗലം കൂടി കയ്ക്കണം.പോറ്റാന്‍ കായിക്ക് കുറവവൊന്നുല്ലാലോ.മീശേം താടീം വന്ന മക്കള് എതിര്‍ക്കേ ര്ക്കും.വേറെ പൊര വെച്ചാലും വേണ്ടില്ല,ഒരു കല്യാണം കൂടി കയ്ക്കണം.ദുനിയാവിന്‍റെ സുഖം എല്ലാകാലത്തും കിട്ടണംന്നില്ലാലോ.അയാള്‍ കണ്ണടച്ചു.മായാത്തൊരു പുഞ്ചിരി ആ വെളുത്ത മുഖത്തെ ദീപ്തമാക്കി.വെളുപ്പിനടിയില്‍ പക്ഷെ കറുപ്പ്, വെളിച്ചെണ്ണയിലെ മട്ട് പോലെ ഊറിക്കിടന്നു...........................                                                                                  

2013, ഫെബ്രുവരി 9, ശനിയാഴ്‌ച


കണ്ണുകള്‍ .......................................കഥ

സ്വര്‍ഗത്തില്‍ നിന്ന് അവളിപ്പോഴും നോക്കുന്നുണ്ടാവും,തന്‍റെ കണ്ണുകള്‍ ഭൂമിയുടെ പച്ചപ്പ് ഇപ്പോഴും കണ്ടു കണ്ടു നടക്കുന്നത്...ഒരു വെറും ആത്മഹത്യയാണ് അവളെ ഭൂമിയില്‍ നിന്നു തൂവല്‍ പോലെ കൊണ്ടുപോയത്‌.അന്ത്യാഭിലാഷം എഴുതി വച്ചത് കൊണ്ടാവും കണ്ണുകള്‍ ഭൂമിയില്‍ ബാക്കിയായത്.അന്ധതയുടെ ആഴങ്ങളില്‍ നിന്നു ചിറകടിച്ചുയര്‍ന്ന് ഒരിക്കലേലും വര്‍ണവിസ്മയം കാണാന്‍ കൊതിക്കുന്ന ഒരു നിര്‍ധനക്കാണ് കണ്ണുകള്‍ ദാനം ചെയ്യാന്‍ അവളെഴുതിയതെങ്കിലും ഒരാഴ്ച മുമ്പ് ബാന്‍ഗ്ലൂരില്‍ നിന്നു മടങ്ങവെ ആക്സിഡന്ടില്‍ പെട്ട് കണ്ണുകള്‍ പറന്നു പോയ ഒരു കോടീശ്വരിക്കായിരുന്നു അവ കിട്ടാന്‍ യോഗം.അവര്‍ കുതിച്ചെത്തി അവ റാഞ്ചിയെടുക്കുകയായിരുന്നു.പുതിയൊരു ശരീരത്തില്‍ പറ്റിച്ചേര്‍ന്നപ്പോഴാണ് ഭൂമിയിലിനിയും കാഴ്ചകളൊരു പാട് ബാക്കിയുണ്ടല്ലോ എന്നവള്‍ വിസ്മയിച്ചത്.എല്ലാം മടുത്ത്‌ എല്ലാം വെറുത്ത് എല്ലാം തീര്‍ന്നെന്നു നിനച്ചാണ് ആ ഗുളികകള്‍ അവളെ ചുംബിച്ചത്.                                                                           പുതപ്പിനടിയില്‍ കിടന്നു പാതിരാ വരെ കോടീശ്വരി മൊബൈലില്‍ കിന്നരിക്കുമ്പോള്‍ കണ്ണുകള്‍ മാത്രം വരാന്‍ പോകുന്ന കെട്ട കാഴ്ചയെ ഓര്‍ത്തു നെടുവീര്‍പ്പുതിര്‍ത്തു. .അയാളോടൊപ്പം ആഴ്ചകളോളം  അവള്‍ ഊട്ടി,കൊടൈക്കനാല്‍ എല്ലാം കറങ്ങി. പിന്നെ റ്റാറ്റാ എന്ന് നിസ്സംഗം പിരിയുന്നത് കണ്ടപ്പോഴാണ് കണ്ണുകള്‍ അന്തം വിട്ടത്.പിറ്റേന്നു തന്നെ മൊബൈല്‍ സജീവമാവുകയും മറ്റൊരാളുടെ ശബ്ദം പുതപ്പിനടിയില്‍ മുരളുകയും ചെയ്തപ്പോള്‍ കണ്ണുകള്‍ എന്തിനെന്നില്ലാതെ കരഞ്ഞു.”മമ്മീ ,പുതിയ കണ്ണിനെന്തോ പ്രശ്നം ഉണ്ട്.നാശം.എപ്പോഴും വെള്ളം വരുന്നു,പീറസെന്റിമെന്റ്കാരെപ്പോലെ..”                                                   “അതെയോ ,ഇന്ന് തന്നെ ഡോക്ടറെ കാണിക്കാം മോളെ.”                                                                           ഡോക്ടര്‍ ടോര്‍ച്ചടിച്ചപ്പോഴും കണ്ണില്‍ നീരുരുണ്ടു.”ഓ സാരല്ല ,ഒരാഴ്ച കൊണ്ടു ശരിയാവും.”ഡോക്ടര്‍ അവളെ നോക്കി പുഞ്ചിരിച്ചു.അമ്മ അഞ്ഞൂറിന്‍റെ നോട്ട് നീട്ടിയപ്പോള്‍ ചിരി ഒന്നുകൂടി വിടര്‍ന്നു.                                                                                                            പ്രണയം തിരഞ്ഞു തിരഞ്ഞു നടന്നവയായിരുന്നു ആ കണ്ണുകള്‍.ഒരിടത്തും അതില്ലെന്ന റിഞ്ഞു വിലപിച്ചിരുന്നു അവ.ഇപ്പോളാകട്ടെ പ്രേമത്തിന്‍റെ മോര്‍ച്ചറിയാണതിനു കൂട്ടായെത്തിയത്.മൂന്നാലാളുകള്‍,പല പല ഡേറ്റിങ്ങുകള്‍,അതെല്ലാം കഴിഞ്ഞാണ് കൊടീശ്വരിയുടെ കല്യാണമുറപ്പിച്ചത്.ഒന്നാം നാള്‍ തന്നെ അയാളെത്ര പാവമാണെന്ന് കണ്ണുകള്‍ സങ്കടപ്പെട്ടു.അവള്‍ക്കാകട്ടെ അയാള്‍ വെറുമൊരു റബ്ബര്‍പന്ത് ,കളിപ്പമ്പരം. അഞ്ചു മാസങ്ങള്‍ക്കു ശേഷം –മുരളുന്ന ശബ്ദം നിര്‍ദേശങ്ങള്‍ കൊടുത്തു കൊണ്ടിരുന്നു. പാവത്താനെ പീസ്‌ പീസാക്കി ബേഗില്‍ കുത്തി നിറച്ച് അവര്‍ രണ്ടു പേരും ഉല്ലാസ ത്തോടെ പുറത്തിറങ്ങി.കണ്ണുകള്‍ അവളെ പകച്ചു നോക്കി;ഒരു പെണ്ണിന് ഇത്രയും ക്രൂരത സാധിക്കുമോ..    “സ്വത്തിന്‍റെ ഡോക്യുമെന്റ്സ് ,എ ടി എം ഒക്കെ നിന്‍റെ കയ്യിലില്ലേ രേശ്മാ?”-       “പിന്നില്ലേ ,അങ്ങനെ ആ സൊല്ല തീര്‍ന്നു.”അവള്‍ അവനെ പ്രേമത്തോടെ നോക്കി. പെട്ടെന്നവന്‍ അവളെ വട്ടം പിടിച്ചു ബെഡിലേക്ക് മലര്‍ത്തി.കെട്ടതോന്നും കാണാതിരിക്കാന്‍ കണ്ണുകള്‍ കണ്പോളകളെ ഇറുകെ പുണര്‍ന്നു.പത്തു പതിനഞ്ചു മിനിട്ടുകള്‍ കഴിഞ്ഞു കടയുന്ന കണ്ണുകള്‍ വെളിച്ചത്തെ തൊട്ടപ്പോള്‍-നഗ്നമായ പെണ്ണുടലില്‍ ചോരക്കണ്ണുള്ള മുറിവുകള്‍..ശ്വാസം മുട്ടി മരിച്ചവള്‍ എന്തോ പറയാനായി നാവു തുറിച്ചിരിക്കുന്നു.ഷെല്‍ഫുകള്‍ ,പെട്ടികള്‍ എല്ലാം തുറന്നു കിടക്കുന്നു..പെട്ടെന്ന് അവന്‍ തിരച്ചില്‍ നിര്‍ത്തി അവളെ ആര്‍ത്തിയോടെ നോക്കി.പല വട്ടം രുചിച്ച് ഇപ്പോള്‍ തണുത്തു കഴിഞ്ഞ ആഹാരത്തെ അവന്‍ ഒന്നു കൂടി രസിച്ചു ഭുജിച്ചു.അപ്പോഴാണ്‌ അടയാത്ത ആ തുറുകണ്ണുകളെ അവന്‍ ശ്രദ്ധിച്ചതുതന്നെ.ഒരു വാതിലെന്നോണം അയാളത് വലിച്ചടച്ചു,                                  

അങ്ങനെയാണ് സ്വര്‍ഗത്തിലുള്ളവള്‍ക്ക് എന്നെന്നേക്കുമായി ഭൂമിയുടെ പച്ചപ്പ് നഷ്ടമായത്!  

2013, ഫെബ്രുവരി 2, ശനിയാഴ്‌ച


വളരെ പഴയൊരു കാരണം ........................................കഥ

തലങ്ങും വിലങ്ങും വെട്ടിയതേ ഓര്‍മയുള്ളൂ ,ചോര മുഖത്തേക്ക് ചൂട് തളിച്ചു.കണ്ണ് വിടര്‍ത്തി വീണ്ടും വീണ്ടും നോക്കി.വീണു കിടക്കുന്നത് മറ്റാരുമല്ല ,കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തന്‍റെ കൂടെത്തന്നെയുള്ള .......എന്നിട്ടും എന്നും അന്യനായിരുന്ന ...മക്കള്‍ ദൂരേന്നു പകപ്പോടെ തുറിച്ചു നോക്കുന്നത്..പിന്നെ ചരിഞ്ഞു വീഴുന്ന തന്നെ താങ്ങി പ്പിടിക്കുന്നത്..എല്ലാം കഴിഞ്ഞ ജന്മത്തില്‍ താന്‍ തന്നെ വരച്ച ചില ചിത്രങ്ങളായി രുന്നോ?അതോ  ഈ ജന്മത്തിലെ കുറെ സ്വപ്നങ്ങളോ?ആവാന്‍ വഴിയില്ല ,ജയിലിന്‍റെ ഇരുട്ട് അങ്ങനെയെങ്കില്‍, ജീവിതത്തിന്‍റെ പകലുകളെ വിഴുങ്ങുമായിരുന്നില്ലല്ലോ.ഒരു കുട്ടിയുടെ കൌതുകത്തോടെ ചുറ്റും നോക്കുന്ന തന്നെ ഒരു വനിതാപോലീസ്‌ വലിച്ചി ഴച്ചു.പിന്നൊരു തള്ളായിരുന്നു,”നടക്കെടീ”-മക്കള്‍ അലമുറയിടുന്നത് വിദൂരത്തു നിന്നാ ണെന്നു തോന്നി.സത്യവും മിഥ്യയും നൂഡില്‍സ് പോലെ കൂടിക്കുഴഞ്ഞു ..ക്ലാസെടുക്കു മ്പോള്‍ കുട്ടികളോട് പറയാറുണ്ടായിരുന്നു,”കുറെ കവിതകള്‍ കാണാതെ പഠിക്കുന്നത് എപ്പോഴും നല്ലതാ.വയ്യാതാവണ കാലത്ത് പാടി നടക്കാലോ”-കുട്ടികള്‍ക്ക് ആ വയ്യായ്ക എന്തെന്നു തിരിഞ്ഞോ എന്തോ?ഒരു വിളറിയ ചിരിയായിരുന്നു അവരുടെ മറുപടി. .ജീവിതത്തിന്‍റെ വഴുക്കുന്ന പാറക്കല്ലുകള്‍ അവര്‍ കണ്ടിരിക്കാന്‍ ഇടയില്ല.പൊട്ടി വീഴാറായ തൂക്കുപാലത്തിലൂടെയുള്ള നടത്തം വശം വന്നു കാണില്ല..കഴുത്തിലെ ഗോയിറ്റര്‍ മുഴ ഓരോ ദീര്‍ഘനിശ്വാസത്തിനൊപ്പവും തുള്ളി.കുത്തിപ്പറിക്കുന്ന വേദന ചങ്കിലൂടെ ഊന്നുവടിയുമായ്‌ ഞാന്നു ഞാന്നു നടന്നു.

“ഓപ്പറേഷന്‍ വേണം”-വയസ്സായ അമ്മയെ നോക്കി ഡോക്ടര്‍ നിസ്സംശയം പറഞ്ഞു “ആണുങ്ങളാരുമില്ലേ  വീട്ടില്‍?ഇത് കൂടുതല്‍ ക്രിട്ടിക്കലാവാ .പേടിക്കേണ്ട, വച്ചോ ണ്ടിരുന്നാലാ കുഴപ്പം”-

“ആണുങ്ങള്‍ തന്നെ വേണോ ഡോക്ടര്‍?ഞാനും അമ്മയും പോരേ?”-തന്‍റെ കണ്ണിലെ ഉരുകിത്തിളക്കുന്ന കോപാഗ്നിയിലേക്ക് ഡോക്ടര്‍ തുറിച്ചു നോക്കി.പിന്നെ പതുക്കെ പറഞ്ഞു,”കുഴപ്പം ഒന്നൂല്ല ,വല്ല ബ്ലഡ്‌നീഡും വന്നാലാണ്.സാരല്ല.”

നല്ല പാതി എത്തിയപ്പോള്‍ പാതിര കഴിഞ്ഞിരുന്നു.എന്നത്തേയും പോലെ കുഴഞ്ഞു തളരുന്ന വാക്കുകള്‍.നിലം പറ്റാത്ത ചുവടുകള്‍.ഛെ!ഇത്രേം കോമണ്‍സെന്സില്ലാതായല്ലോ തന്‍റെ പ്രണയത്തിന്.വീട്ടുകാരെയൊക്കെ വെറുപ്പിച്ചു താന്‍ കൂടെ കൂട്ടിയൊരു പുരുഷന്‍! അറപ്പോടെ അവള്‍ കാറിത്തുപ്പി.കഴുത്തിലെ മുഴ വീണ്ടും സൂചിക്കുത്തുമായ്‌ തുള്ളി. പല വുരു ആവര്‍ത്തിച്ച ഓപറേഷന്‍ കാര്യം തലയ്ക്കു വെളിവു വന്നിട്ട് എപ്പോഴാണിയാളോട് പറയുക?പറഞ്ഞിട്ടു തന്നെ എന്താണു ഫലം?എന്നത്തേയും പോലെ പറയും-“നീ നിന്‍റെ അമ്മേം കൂട്ടിപ്പോ.എനിക്ക് ജോലിയൊഴിഞ്ഞിട്ടു നേരമില്ലെന്നറിയില്ലേ?”-                    “ആര്‍ക്കു വേണ്ടിയാ നിങ്ങടെയീ അധ്വാനം?ഒരു ചില്ലിക്കാശു ഈ വീട്ടിലേക്കു കിട്ടുന്നില്ല. കുടിച്ചു മിച്ചമുള്ളത് ഏതവള്‍ക്കാ നിങ്ങള് കൊണ്ടു കൊടുക്കണത്?”-അയാള്‍ കൈ കൊണ്ടാണ് മറുപടി പറഞ്ഞത്.ചുട്ടു നീറുന്ന കവിള്‍ അമര്‍ത്തിപ്പിടിച്ചു.വായില്‍ ചോര ചമര്‍ക്കുന്നു.-“കൊടുക്കുമെടീ,എനിക്കിഷ്ട്ള്ളോര്‍ക്ക് കൊടുക്കും.നീയാരാ അതു ചോദിക്കാന്‍?നിനക്ക് സൗകര്യം ഉണ്ടെങ്കി നിന്നാ മതി എന്‍റെ വീട്ടില്‍,അല്ലെങ്കി ഇറങ്ങിക്കോ ഇന്നു തന്നെ.പക്ഷെ മക്കളെ കൊണ്ടോവാന്നു കരുതണ്ട.നീ പോയി കേസു കൊടുക്ക്‌.”-അതാണയാളുടെ തുറുപ്പുചീട്ട്.മക്കള്‍-താന്‍ ചിറകിന്‍ ചൂടേകി താന്‍ ചിക്കി പ്പെറുക്കി  അന്നം കൊടുത്ത തന്‍റെ മക്കള്‍.അയാള്‍ക്കവരില്‍ എന്താണ വകാശം? തലക്കു ള്ളില്‍ ആ ചോദ്യം തന്നെ പ്രകമ്പനം കൊള്ളുന്നു.ഓപറേഷന്‍ കഴിയട്ടെ,കേസെങ്കി കേസ്. ഈ വീട്ടിലിനി നില്‍ക്കുന്നത് സ്വയം തീ കൊളുത്തി ഓടുമ്പോലെയാണ്.ഗതി കെട്ട ഓട്ടം .സ്നേഹക്കാലത്ത് അയാളില്‍ പ്രസരിച്ചിരുന്ന ചൈതന്യം എത്രയായിരുന്നു.മടുപ്പിന്‍റെ മൂര്‍ഖന്‍ എല്ലാവരുടെ ജീവിതത്തെയും ഇങ്ങനെ ഇറുക്കി ശ്വാസം മുട്ടിക്കു ന്നുണ്ടാവാം. പുറമേ കാണുന്ന ചിരികള്‍ എല്ലാം വെറും കെട്ടുകാഴ്ചകളാവാം.മുഖംമൂടികള്‍ ഊരു മ്പോഴാണ്,പൊയ്മുഖങ്ങള്‍ ഉതിരുമ്പോഴാണ് അളിഞ്ഞു പോയ ജീവിതമുഖം വികൃത മായി മഞ്ഞപ്പല്ലു കാണിച്ചു ഇളിച്ചു കാട്ടുന്നത്.വെളിച്ചം കപടമാകുമോ? പെട്ടെന്നതു ഇരുട്ടായി പരിണമിക്കുമോ?എത്ര മനോഹരമായി കവിത ചൊല്ലിയിരുന്നു അയാള്‍ .കോളേജില്‍ എത്ര ആരാധകരായിരുന്നു.എന്നിട്ടും കാണാന്‍ വലിയ ചേലില്ലാത്ത, എഴുത്തിന്‍റെ ചെറുവെളിച്ചം മാത്രം കൂട്ടിനുണ്ടായിരുന്ന തന്‍റെ വിളക്കുമാടത്തിലേക്ക് മിന്നാമിനുങ്ങായി അയാള്‍...എന്തിനായിരുന്നു ദൈവമേ നിന്‍റെയീ നാടകങ്ങള്‍? എന്നിട്ട്. .തന്‍റെ കൂര്‍ത്ത വാക്കുകള്‍ തന്നെയുപേക്ഷിച്ചു എവിടേക്കാണ് പോയത്?കല്യാണത്തോടെ ഒരാളുടെ സര്‍ഗശേഷി വറ്റുമായിരിക്കാം.വാക്കുകളുടെ മൂര്‍ച്ചയുള്ള കത്തി തുരുമ്പെടുത്ത് പൊടിയുമായിരിക്കാം.

മുമ്പും ഓപറേഷന് വേണ്ടി പിഎഫില്‍ നിന്നു ലോണെടുത്തിരുന്നു.നല്ല വാക്കുകള്‍ പറഞ്ഞു അയാളാ പണം വാങ്ങിക്കൊണ്ടു പോയി.എന്തോ പുതിയ ഏര്‍പ്പാട്‌ തുടങ്ങു ന്നുണ്ടത്രെ.നിരന്തരം വീണുകൊണ്ടിരിക്കുന്ന കൂര്‍ത്ത പാറക്കല്ലുകള്‍ക്കിടയിലേക്ക് ഇട യ്ക്കു ഉതിരുന്ന വൈരക്കല്ലുകള്‍ പോലുള്ള അയാളുടെ മയപ്പെടുത്തിയ വാക്കുകള്‍ ..വീണു പോകും ആരായാലും..ആ തിളക്കം കണ്ണില്‍ നിറച്ചു നോക്കി നോക്കിയിരിക്കും ഇനിയേതായാലും ആ അബദ്ധം പറ്റരുത്,നന്ദിനിറ്റീച്ചര്‍ തരാമെന്നേറ്റിട്ടുണ്ട് കുറച്ചു പണം.ഇനി പി എഫ് കിട്ടുമ്പോള്‍ അതും മറ്റു ചില കടങ്ങളും വീട്ടാനുണ്ട്.ഒരു പക്ഷെ ഓപ്പറേഷന്‍ ജീവിതത്തിലേക്കുള്ള കവാടം എന്നേക്കുമായി അടച്ചു കളഞ്ഞാലോ.. പിന്നെന്താണുണ്ടായത്?കയര്‍ സീലിംഗിലെ കൊളുത്തിലേക്ക് കുരുങ്ങാന്‍ പാകത്തില്‍ എറിയുമ്പോള്‍ അവര്‍ ആലോചിച്ചു.ആരൊക്കെയോ..ബന്ധുക്കള്‍,സഹപ്രവര്‍ത്തകര്‍..അവരെല്ലാം തന്നെ സ്നേഹിച്ചിരുന്നു.തീര്‍ത്തും തനിച്ചായിരുന്നില്ല.മാനസിക വിഭ്രാന്തി ഇടയ്ക്കിടെ ഉണ്ടാവാറുണ്ടെന്ന  ഡോക്ടറുടെ സാക്ഷ്യപ്പെടുത്തല്‍ കോടതിയില്‍ നിന്നു വായിച്ചു കേട്ടപ്പോള്‍ നടുങ്ങിപ്പോയി.ശരിക്കും ഭ്രാന്ത് തന്നെയാവണം,ഒന്നിനെയും കൊന്നു ശീലിക്കരുതെന്ന്,തോക്ക് കളിപ്പാട്ടമായി സ്വീകരിക്കരുതെന്ന് കുട്ടികളെ ഉപദേശിച്ചിരുന്ന തനിക്ക് ഉന്മാദം പിടിപെട്ടതാവണം.രാത്രി-ഹോസ്പിറ്റലില്‍ പോകാന്‍ സാധനങ്ങള്‍ എടുത്തു വെക്കുകയായിരുന്നു,മക്കളെ എന്തു ചെയ്യും?നന്ദിനിറ്റീച്ചര്‍ അവിടെ നിര്‍ത്തിക്കോളാന്‍ പറയുന്നുണ്ട്.വികൃതികളാണ്.ആളുകളെ വെറുപ്പിക്കും. രണ്ടാ ഴ്ച്ചത്തേക്ക് വല്ല ഹോസ്റ്റലിലും നിര്‍ത്താം.ഭക്ഷണം കഴിക്കാതെ പതിവു ഇരുത്തം ഇരുന്നേക്കും.വേറെ മാര്‍ഗമില്ല,അമ്മയില്ലാതെയും അവര്‍ ജീവിച്ചു പഠിക്കണമല്ലോ.

ഷെല്‍ഫില്‍ പണം വച്ച ബാഗ് നോക്കുമ്പോഴാണ്-ദൈവമേ!അല്ലെങ്കിലേ ആ മനുഷ്യന്‍ ഉണ്ടാക്കി വെച്ച കടങ്ങള്‍ എത്രയാണ്..വരട്ടെ,ഇന്നൊരു യുദ്ധം ഉറപ്പ്,ഇനി താഴ്ന്നു കൊടുക്കുന്ന പ്രശ്നമില്ല..വന്നപ്പോള്‍-അദ്ഭുതം!കുടിച്ചിട്ടില്ല,ആകെയെന്തൊക്കെയോ ജയിച്ചെടുത്ത മട്ട്..നേരെ കിടപ്പുമുറിയിലെക്കാണ്.”നില്‍ക്ക്,ബാഗിലെ കാശെന്തു ചെയ്തു?”-ഓരോ വാക്കും കുപ്പിച്ചില്ലുകളായി കഴുത്തിലെ മുഴയെ ഇറുക്കി.”ഓ ,അതോ,ഞാന്‍ പറയാന്‍ വിട്ടു,അല്ലെങ്കിത്തന്നെ പറയണതെന്തിനാ? നീയെന്‍റെ ഭാര്യയ ല്ലേ?ഭരിക്കപ്പെടുന്നവള്‍ ഭാര്യ!നിന്‍റെപണത്തിന്‍റെ കൈകാര്യം അപ്പൊ ആര്‍ക്കാ?എനിക്കു തന്നെ.പിന്നെ മറ്റൊരു കാര്യം,നാളെ മുതല്‍ ഇവിടെ മറ്റൊരുത്തി കൂടെയുണ്ടാവും .അവളും എന്‍റെ ഭാര്യ തന്നെ.നിനക്കതിനൊക്കെ സൗകര്യം ഉണ്ടെങ്കി ഇവിടെ നിന്നാ മതി.”

തന്‍റെ കണ്ണില്‍ നിന്നു പടര്‍ന്ന അഗ്നിയില്‍ അയാള്‍ ദഹിച്ചോ?അവര്‍ വീണ്ടും വീണ്ടും നോക്കി.ഇല്ല ,സംതൃപ്തനായി,പരിമളം പരത്തി നടക്കുകയാണ് റൂമിലേക്ക്‌..നാളെ അയാളുടെ മണിയറയാകാന്‍ പോകുന്ന റൂം.താനും മക്കളും ഇനി മുതല്‍ ഈ സിറ്റിംഗ് റൂമില്‍,അല്ലെങ്കില്‍ അടുക്കളയില്‍.ഒന്നുകില്‍ ചവിട്ടേല്ക്കുന്നയിടം,അല്ലെങ്കില്‍ വെന്തു പുകയുന്ന..അതുമല്ലെങ്കില്‍ സിറ്റ്ഔട്ടില്‍,മഞ്ഞു പൊഴിക്കുന്ന ആകാശത്തേക്ക് കണ്ണ് നട്ട്..ഉഷ്ണം പെയ്യുന്ന രാത്രികളിലേക്ക് നെടുവീര്‍പ്പയച്ച്...മടാള്‍ അടുക്കളയില്‍ നിന്നും നടന്നു വന്നെന്നു തോന്നുന്നു,തന്‍റെ കയ്യില്‍ കയറി കാലങ്ങളായി കാത്തു വെച്ച മൂര്‍ച്ച അയാളുടെ അളിഞ്ഞ കഴുത്തില്‍ പരിശോധിച്ചെന്നു തോന്നുന്നു..ഛെ!എത്ര സാധാര ണമായൊരു കാര്യത്തിനായിരുന്നു ആ സാഹസങ്ങളെല്ലാം..എത്ര നല്ല വഴികള്‍ വേറെയു ണ്ടായിരുന്നു. അങ്ങനെയെങ്കില്‍  ജോലി ഉപേക്ഷിക്കേണ്ടിയിരുന്നില്ല .അഗതിമന്ദി രത്തിന്‍റെ ചടച്ച ഇരുട്ടിലേക്ക് ചടഞ്ഞു കൂടേണ്ടിയിരുന്നില്ല.മക്കളൊന്നും തന്നെ ഒരിക്കലും കാണാതെ ദൂരെ സ്കൂളുകളില്‍ പോകേണ്ടി വരുമായിരുന്നില്ലകയറിനു കുരുക്കിടുമ്പോള്‍ അവര്‍ ഓര്‍ത്തു;കയര്‍ മുറുകുമ്പോള്‍ ഈ നശിച്ച മുഴ പൊട്ടിച്ചിതറും.ശബ്ദത്തെ എന്നേ മുഴ വിഴുങ്ങിയതിനാല്‍ തന്‍റെ അലമുറ കേട്ട് ആരും ഉണരാന്‍ പോകുന്നില്ല.കുറെ കാലം അന്തേവാസികള്‍ക്ക് പറഞ്ഞിരിക്കാന്‍ ഒരു കഥയായി.അയാളുടെ വീട്ടിലിപ്പോആരാവും ഉണ്ടാവുക?ചോരച്ചഓര്‍മ്മകള്‍ പ്രേതങ്ങളായി കണ്ണും തുറിച്ച് നടക്കുന്നുണ്ടാവും..

സ്റ്റൂളില്‍ കയറി നിന്ന് അവര്‍ കണ്ണടച്ചു.കോടതി വിധി വായിക്കുന്നു.കണ്ണ് കെട്ടിക്കഴി ഞ്ഞു.രണ്ടു കൈകള്‍ കഴുത്തിലേക്ക് നീണ്ടു വരുന്നു.കാല്‍ച്ചുവട്ടില്‍ നിന്ന് സ്റ്റൂള്‍ നിരങ്ങി നീങ്ങുന്ന ശബ്ദം അവരെ ശക്തിയായി അടിച്ചു.കാലങ്ങളായി പെറുക്കി വച്ച അസംതൃപ്തി യുടെ, മടുപ്പിന്‍റെ ചുടുകല്ലുകള്‍ അവരുടെ കഴുത്തിലേക്ക് തുരുതുരെ വീണു. മുഴ വാ പിളര്‍ന്ന് യുഗങ്ങളായി തൊണ്ടയില്‍ കെട്ടിക്കിടപ്പായിരുന്ന ദുഃഖത്തിന്‍റെ കറുത്ത തരിക്കല്ലുകളെ പുറത്തേക്ക് തുപ്പിത്തുടങ്ങി ............................