Pages

2013, ഫെബ്രുവരി 9, ശനിയാഴ്‌ച


കണ്ണുകള്‍ .......................................കഥ

സ്വര്‍ഗത്തില്‍ നിന്ന് അവളിപ്പോഴും നോക്കുന്നുണ്ടാവും,തന്‍റെ കണ്ണുകള്‍ ഭൂമിയുടെ പച്ചപ്പ് ഇപ്പോഴും കണ്ടു കണ്ടു നടക്കുന്നത്...ഒരു വെറും ആത്മഹത്യയാണ് അവളെ ഭൂമിയില്‍ നിന്നു തൂവല്‍ പോലെ കൊണ്ടുപോയത്‌.അന്ത്യാഭിലാഷം എഴുതി വച്ചത് കൊണ്ടാവും കണ്ണുകള്‍ ഭൂമിയില്‍ ബാക്കിയായത്.അന്ധതയുടെ ആഴങ്ങളില്‍ നിന്നു ചിറകടിച്ചുയര്‍ന്ന് ഒരിക്കലേലും വര്‍ണവിസ്മയം കാണാന്‍ കൊതിക്കുന്ന ഒരു നിര്‍ധനക്കാണ് കണ്ണുകള്‍ ദാനം ചെയ്യാന്‍ അവളെഴുതിയതെങ്കിലും ഒരാഴ്ച മുമ്പ് ബാന്‍ഗ്ലൂരില്‍ നിന്നു മടങ്ങവെ ആക്സിഡന്ടില്‍ പെട്ട് കണ്ണുകള്‍ പറന്നു പോയ ഒരു കോടീശ്വരിക്കായിരുന്നു അവ കിട്ടാന്‍ യോഗം.അവര്‍ കുതിച്ചെത്തി അവ റാഞ്ചിയെടുക്കുകയായിരുന്നു.പുതിയൊരു ശരീരത്തില്‍ പറ്റിച്ചേര്‍ന്നപ്പോഴാണ് ഭൂമിയിലിനിയും കാഴ്ചകളൊരു പാട് ബാക്കിയുണ്ടല്ലോ എന്നവള്‍ വിസ്മയിച്ചത്.എല്ലാം മടുത്ത്‌ എല്ലാം വെറുത്ത് എല്ലാം തീര്‍ന്നെന്നു നിനച്ചാണ് ആ ഗുളികകള്‍ അവളെ ചുംബിച്ചത്.                                                                           പുതപ്പിനടിയില്‍ കിടന്നു പാതിരാ വരെ കോടീശ്വരി മൊബൈലില്‍ കിന്നരിക്കുമ്പോള്‍ കണ്ണുകള്‍ മാത്രം വരാന്‍ പോകുന്ന കെട്ട കാഴ്ചയെ ഓര്‍ത്തു നെടുവീര്‍പ്പുതിര്‍ത്തു. .അയാളോടൊപ്പം ആഴ്ചകളോളം  അവള്‍ ഊട്ടി,കൊടൈക്കനാല്‍ എല്ലാം കറങ്ങി. പിന്നെ റ്റാറ്റാ എന്ന് നിസ്സംഗം പിരിയുന്നത് കണ്ടപ്പോഴാണ് കണ്ണുകള്‍ അന്തം വിട്ടത്.പിറ്റേന്നു തന്നെ മൊബൈല്‍ സജീവമാവുകയും മറ്റൊരാളുടെ ശബ്ദം പുതപ്പിനടിയില്‍ മുരളുകയും ചെയ്തപ്പോള്‍ കണ്ണുകള്‍ എന്തിനെന്നില്ലാതെ കരഞ്ഞു.”മമ്മീ ,പുതിയ കണ്ണിനെന്തോ പ്രശ്നം ഉണ്ട്.നാശം.എപ്പോഴും വെള്ളം വരുന്നു,പീറസെന്റിമെന്റ്കാരെപ്പോലെ..”                                                   “അതെയോ ,ഇന്ന് തന്നെ ഡോക്ടറെ കാണിക്കാം മോളെ.”                                                                           ഡോക്ടര്‍ ടോര്‍ച്ചടിച്ചപ്പോഴും കണ്ണില്‍ നീരുരുണ്ടു.”ഓ സാരല്ല ,ഒരാഴ്ച കൊണ്ടു ശരിയാവും.”ഡോക്ടര്‍ അവളെ നോക്കി പുഞ്ചിരിച്ചു.അമ്മ അഞ്ഞൂറിന്‍റെ നോട്ട് നീട്ടിയപ്പോള്‍ ചിരി ഒന്നുകൂടി വിടര്‍ന്നു.                                                                                                            പ്രണയം തിരഞ്ഞു തിരഞ്ഞു നടന്നവയായിരുന്നു ആ കണ്ണുകള്‍.ഒരിടത്തും അതില്ലെന്ന റിഞ്ഞു വിലപിച്ചിരുന്നു അവ.ഇപ്പോളാകട്ടെ പ്രേമത്തിന്‍റെ മോര്‍ച്ചറിയാണതിനു കൂട്ടായെത്തിയത്.മൂന്നാലാളുകള്‍,പല പല ഡേറ്റിങ്ങുകള്‍,അതെല്ലാം കഴിഞ്ഞാണ് കൊടീശ്വരിയുടെ കല്യാണമുറപ്പിച്ചത്.ഒന്നാം നാള്‍ തന്നെ അയാളെത്ര പാവമാണെന്ന് കണ്ണുകള്‍ സങ്കടപ്പെട്ടു.അവള്‍ക്കാകട്ടെ അയാള്‍ വെറുമൊരു റബ്ബര്‍പന്ത് ,കളിപ്പമ്പരം. അഞ്ചു മാസങ്ങള്‍ക്കു ശേഷം –മുരളുന്ന ശബ്ദം നിര്‍ദേശങ്ങള്‍ കൊടുത്തു കൊണ്ടിരുന്നു. പാവത്താനെ പീസ്‌ പീസാക്കി ബേഗില്‍ കുത്തി നിറച്ച് അവര്‍ രണ്ടു പേരും ഉല്ലാസ ത്തോടെ പുറത്തിറങ്ങി.കണ്ണുകള്‍ അവളെ പകച്ചു നോക്കി;ഒരു പെണ്ണിന് ഇത്രയും ക്രൂരത സാധിക്കുമോ..    “സ്വത്തിന്‍റെ ഡോക്യുമെന്റ്സ് ,എ ടി എം ഒക്കെ നിന്‍റെ കയ്യിലില്ലേ രേശ്മാ?”-       “പിന്നില്ലേ ,അങ്ങനെ ആ സൊല്ല തീര്‍ന്നു.”അവള്‍ അവനെ പ്രേമത്തോടെ നോക്കി. പെട്ടെന്നവന്‍ അവളെ വട്ടം പിടിച്ചു ബെഡിലേക്ക് മലര്‍ത്തി.കെട്ടതോന്നും കാണാതിരിക്കാന്‍ കണ്ണുകള്‍ കണ്പോളകളെ ഇറുകെ പുണര്‍ന്നു.പത്തു പതിനഞ്ചു മിനിട്ടുകള്‍ കഴിഞ്ഞു കടയുന്ന കണ്ണുകള്‍ വെളിച്ചത്തെ തൊട്ടപ്പോള്‍-നഗ്നമായ പെണ്ണുടലില്‍ ചോരക്കണ്ണുള്ള മുറിവുകള്‍..ശ്വാസം മുട്ടി മരിച്ചവള്‍ എന്തോ പറയാനായി നാവു തുറിച്ചിരിക്കുന്നു.ഷെല്‍ഫുകള്‍ ,പെട്ടികള്‍ എല്ലാം തുറന്നു കിടക്കുന്നു..പെട്ടെന്ന് അവന്‍ തിരച്ചില്‍ നിര്‍ത്തി അവളെ ആര്‍ത്തിയോടെ നോക്കി.പല വട്ടം രുചിച്ച് ഇപ്പോള്‍ തണുത്തു കഴിഞ്ഞ ആഹാരത്തെ അവന്‍ ഒന്നു കൂടി രസിച്ചു ഭുജിച്ചു.അപ്പോഴാണ്‌ അടയാത്ത ആ തുറുകണ്ണുകളെ അവന്‍ ശ്രദ്ധിച്ചതുതന്നെ.ഒരു വാതിലെന്നോണം അയാളത് വലിച്ചടച്ചു,                                  

അങ്ങനെയാണ് സ്വര്‍ഗത്തിലുള്ളവള്‍ക്ക് എന്നെന്നേക്കുമായി ഭൂമിയുടെ പച്ചപ്പ് നഷ്ടമായത്!  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ