Pages

2026 ജൂൺ 14, ഞായറാഴ്‌ച

ചിരകാലമിത്രങ്ങൾ (കഥ )

 ചിരകാലമിത്രങ്ങൾ ( കഥ)


ശരീഫ മണ്ണിശ്ശേരി


രോഗക്കിടക്കയിൽ , ഓർമകളുടെ കയങ്ങളിലൂടെ മുങ്ങിത്താഴുമ്പോഴാണ് അവൾ ഒരു അശരീരി കേട്ടത്.


"ഞാൻ നിന്നെ ഒരിക്കലും വിട്ടു പോവില്ല. നീയെത്ര മരുന്ന് കഴിച്ചിട്ടെന്ത്? ഒറ്റക്കായിപ്പോയതല്ലേ? ഞാനെങ്കിലും തുണ വേണ്ടേ? ഹീ ഹീ ഹീ.." 


നിഴൽ പോലൊരു രൂപം അവളെ നോക്കി ഊറിച്ചിരിച്ചു. 


"ആരാണ് നീ?" മടുപ്പോടെ അവൾ അതിനെ നോക്കി


"രോഗമെന്ന മന്ത്രികനാണ് ഞാൻ.എന്റെ കൈച്ചൂടറിയാതെ ഒരാളെങ്കിലും  ഈ ഭൂമി വിട്ടു പോയിട്ടുണ്ടോ? ഹീ ഹീ ഹീ". അവൻ വീണ്ടും പരിഹാസത്തിന്റെ തുപ്പൽ തെറിപ്പിച്ചു.


" ഇങ്ങനെയാണോ തണിയാവുന്നത്? കൊല്ലങ്ങളായി നീയെന്നെ ഇഞ്ചിഞ്ചായി കൊല്ലുന്നു. കൈകാലുകളെ ചങ്ങലക്കിടുന്നു. വേദനയില്ലാതെ ഒരടി നടക്കാൻ ഞാനെത്ര ആഗ്രഹിക്കുന്നു. "


അവൾ കണ്ണീരോടെ രോഗത്തിന്റെ ചെമ്പിച്ച തലമുടിയിലേക്കും വികൃതമായ മുഖത്തേക്കും മാറി മാറി നോക്കി. 


"ദുഃഖവും രോഗവും മാത്രമാണ് സത്യം. സുഖങ്ങൾ മേലെ കിടക്കുന്ന പാട മാത്രമാണ്. അതൊന്നു നീങ്ങുമ്പോഴേക്കും സ്ഥായിയായ വ്യസനം അടിയിൽ കുസൃതിച്ചിരി ചിരിക്കുന്നത് ഏവർക്കും കാണാനാകും." 


രോഗം ഒരു ദാർശനികനെപ്പോലെ പ്രതിവചിച്ചു. 


"എന്തിനാവും നീ സൃഷ്ടിക്കപ്പെട്ടത്? എന്തെല്ലാം  വൈവിധ്യങ്ങളിൽ ആണ് നീ." 


അവൾ അത്ഭുതത്തോടെ അവനെ തൊട്ടു.


"അതെ, ചില നേരം ക്യാൻസർ. മറ്റു ചിലപ്പോൾ സിറോസിസ്....ഇപ്പോഴും പുതിയ പുതിയ പേരുകൾ എനിക്കായി കണ്ടു പിടിച്ചു കൊണ്ടേയിരിക്കുന്നു. ഹീ ഹീ ഹീ.."


"ഈ വേദന പങ്കിടാനെങ്കിലും ഒരാൾ വന്നെങ്കിൽ! ഹാവൂ, സഹിക്കാൻ വയ്യല്ലോ.."


അവൾ നീര് വന്ന്‌ വീർത്ത കൈകാലുകളെ ഒന്നു അനക്കാൻ കഠിനമായി യത്നിച്ചു.


"വേദന പങ്കിടാൻ ഒരാളും വരില്ലെന്ന് നിനക്കറിയില്ലേ? മനുഷ്യനായി പിറക്കുന്നത് വലിയ ദൗർഭാഗ്യം തന്നെ. ഇനി മരിച്ചു ചെന്നാലോ ദണ്ഡന മുറകളുമായി കാത്തിരിപ്പല്ലേ ദൈവം അവിടെയും? അങ്ങനെയല്ലേ നിങ്ങളുടെ മതങ്ങൾ പറയുന്നത്? "


"അതെ, അതാലോചിക്കുമ്പോ പേടി എന്നെ കടിച്ചു പറിക്കാ..ചെകുത്താനും കടലിനും ഇടയിലാണ് മനുഷ്യാവസ്ഥ. തീർച്ചയില്ലാത്ത കുറെ ദർശനങ്ങൾ സദാ അവനെ വരിഞ്ഞു കെട്ടുന്നു. സങ്കടവും ഭാഗ്യക്കേടുകളും വേറെയും. അതിനിടെ സന്തോഷനിമിഷങ്ങൾ! ഹാ! അതെത്ര ചപലമാണ്. എത്ര തുച്ഛമാണ്.."


രോഗത്താൽ അവളുടെ കൈവിരലുകൾ വളഞ്ഞു പോയിരുന്നു. ഒരേ ഉറവയിൽ നിന്ന്  തെറ്റിപ്പിരിഞ്ഞ കൈവഴികളെപ്പോലെ അവ മുഖം തിരിച്ചു നിന്നു. ഒന്നെണീക്കുക, ഇത്തിരി നടക്കുക കൈകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക...ശരീരത്തിൽ കല്ല് പോലെ ഉറച്ചു പോയ നീര് അവളുടെ കുഞ്ഞുകുഞ്ഞാഗ്രഹങ്ങളെപ്പോലും തച്ചുടച്ചു. ഇവളാണ്, ശയ്യയോട് ഒട്ടിപ്പോയ ഈ വികൃതരൂപമാണ്, പണ്ട് ഒടുങ്ങാത്ത പ്രണയത്തിന് ആശിച്ചിരുന്നത്. ഇവളാണ്   പണ്ട് കഥകളും കവിതകളും എഴുതിയിരുന്നത്. ഓരോരോ കാലത്ത് ഓരോന്നിനാണ് മനുഷ്യന്റെ കൊതി. യൗവനത്തിൽ പ്രണയമാണെങ്കിൽ വാർധക്യത്തിൽ ഒന്നെഴുന്നാൽക്കാനായിരിക്കും. ആരുടെയും സഹായമില്ലാതെ ഒന്നു മൂത്രമൊഴിക്കാനായിരിക്കും. 


"രോഗമേ, മനുഷ്യന്റെ ആഗ്രഹങ്ങളെ നീയെത്ര മാത്രമാണ് പരിഹസിച്ചു കളയുന്നത്.."


അപ്പോൾ മറ്റൊരു നിഴൽ അവളുടെ മുന്നിൽ കൈ കൊട്ടി ആടിപ്പാടാൻ തുടങ്ങി.


"ഇന്ന് നിന്റെയടുത്ത് ഒരു പത്രക്കാരൻ വരും. ഒരു കാലത്ത് നന്നായി എഴുതിയിരുന്ന, ഇന്ന് ആരുടെയും ഓർമയിൽ പോലും ഇല്ലാത്ത എഴുത്തുകാരിയെ തേടി. പക്ഷേ അവന്  നിന്റെ ഇന്റർവ്യൂ പൂർത്തീകരിക്കാനാവില്ല. അപ്പോഴേക്കും അവൻ ഇറ്റ് ശ്വാസത്തിന് വേണ്ടി ആശുപത്രിയിൽ അടക്കപ്പെടും. അങ്ങനെ ഭാഗ്യത്തിന്റെ അവസാനതരിയെയും വിധിയായ ഞാൻ നിന്നിൽ നിന്ന് തിരിച്ചു വിടും. ഹാ ഹാ ഹാ.."


അവളുടെ ഇടതുചെവിയിൽ ആ നിഴലിന്റെ അട്ടഹാസം മുഴങ്ങി. 


"ഇന്ന് എന്റെ ചുറ്റും നിഴലുകൾ നാടകമാടുകയാണോ" 


അവൾ ആരോടെന്നില്ലാതെ പിറുപിറുക്കാൻ തുടങ്ങി.


"രോഗം, വിധി ,മൃതി.ഇത്രയും പഴയ മിത്രങ്ങൾ വേറെ ഉണ്ടോ?" 


അവൾ നിസ്സംഗം ചിരിച്ചു. 


"ഒന്നും ആശിച്ചിരുന്നില്ലല്ലോ ഞാൻ. എന്നിട്ടും എത്രയെത്ര മോഹങ്ങളെയാണ് വിധി ചവിട്ടിയരച്ചു കളഞ്ഞത്. ഇത്രയേറെ നിന്ദ എന്റെ ആത്മാവ് അർഹിച്ചിരുന്നോ? " 


അവൾ തേങ്ങി ക്കരഞ്ഞപ്പോൾ കോടിയ ചുണ്ടുകൾ ഒന്നൂടെ വിരൂപമായി. 


വിധി അവളുടെ ചുമലിൽ ഇരുന്ന് പുച്ഛത്തോടെ ചുറ്റും നോക്കി. നീർപ്പോള പോലെ നശ്വരനായ ഈ ജീവി. എത്രയാണതിന്റെ നശീകരണത്വര. രോഗങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ അവൻ മരണത്തെപ്പോലും തോൽപ്പിച്ചേനെ. എന്നാലും ഈ സ്ത്രീയോട് ദൈവത്തിന് ഇത്രയും പക എന്തുകൊണ്ടായിരിക്കും? പാവം! ബാല്യം മുതൽ സ്നേഹം അറിഞ്ഞിട്ടില്ല. യൗവനത്തിലും ഒരു സ്നേഹത്തണലിൽ ഇരുന്നിട്ടില്ല. എല്ലാ നീരുറവകളിൽ നിന്നും ആട്ടിയകറ്റപ്പെട്ടപ്പോഴാവും രോഗങ്ങൾ അവളിൽ പല്ലൂകളാഴ്ത്തിയത്. എത്രയെത്ര ദേഹങ്ങളെയാണ് രോഗം കോളനികളാക്കുന്നത്..

ഓരോ ദൈവഹിതം നടപ്പാക്കുമ്പോഴും ആദ്യമൊക്കെ സങ്കടപെയ്ത്താൽ മനസ്സ് കലങ്ങിയിരുന്നു. ഇപ്പോൾ ഒരു അറവുകാരനെപ്പോലെ ചോരയും കണ്ണീരും ശീലമായി. ഭാഗ്യങ്ങളേക്കാൾ കൂടുതലായിരുന്നു നടപ്പാക്കേണ്ട ദുർവിധികൾ. അതുകൊണ്ടാണ് പൊട്ടിച്ചിരിക്കുന്ന കുഞ്ഞിനെ അതിന്റെ അമ്മയുടെ മുന്നിൽ വച്ച് ഓടുന്ന വണ്ടിയുടെ അടിയിലേക്ക് എറിയേണ്ടി വന്നത്. കാറ്റു പോലെ പോകുന്ന യുവാവിനെ ശയ്യാവലംബിയാക്കിയത്. കാർമേഘക്കൂട്ടം പോലെ മുടിയുള്ളവളെ കനത്ത മരുന്നിനാൽ മൊട്ടത്തലച്ചിയാക്കിയത്. 


"ദൈവം, അവൻ എവിടെയാണ്? ഇത്ര നാളും അവൻ ഹൃദയങ്ങളിൽ ആണെന്ന് ഞാൻ കരുതി. എന്റെ ഉള്ളിലേക്ക് നോക്കുമ്പോഴാകട്ടെ ഇരുട്ട് മാത്രം കാണുന്നു. ഈ വേദനയാണോ ദൈവം?" 


പിച്ചും പേയും പറഞ്ഞുകൊണ്ട് അവൾ ബോധശൂന്യയായി. 

മരണം കയ്യിലൊരു കുരുക്കുമായി ആശുപത്രി വരാന്തയിലൂടെ കുതിക്കുന്നത്‌ അപ്പോൾ വിധി കണ്ടു. പന്തിന് പിറകെ ഓടുന്ന പൂമ്പാറ്റ പോലൊരു കുഞ്ഞിനെ ചൂണ്ടലിലെന്നോണം അവൻ പൊക്കി ഗുഹ പോലുള്ള തന്റെ വായിലേക്ക് നിക്ഷേപിച്ചു. 


"എന്ത് അനീതിയാണിത്?".

വിധി മൃതിയുടെ പിൻകഴുത്തിൽ പിടുത്തമിട്ടു കൊണ്ട് ചോദിച്ചു. "


ആ കുഞ്ഞിന്റെ അച്ഛനുമമ്മയും നിലവിളിക്കുന്നത് നീ കേൾക്കുന്നില്ലേ? ആ റൂമിലേക്ക് നോക്ക്. ബോധം കെട്ട്,  വികൃതരൂപിയായ ആ സ്ത്രീ എത്രയായി നിന്നെ കാത്തിരിക്കുന്നു. നീയെങ്കിലും അവളെ സ്നേഹത്തോടെ ചുംബിക്കുമെന്നാണ് ആ പാവം കരുതുന്നത്. അവളുടെ ആത്മാവിനെ ചതഞ്ഞു പോയ ആ ശരീരത്തിൽ നിന്ന് പ്രേമത്തോടെ പറിച്ചെടുക്കും എന്നാണവൾ പ്രതീക്ഷിക്കുന്നത്. എത്ര കാലമായി അവൾ നിന്നെ വിളിക്കുന്നു. ആരും നോക്കാനില്ലാത്ത അവളെ കൊണ്ട് പോകുന്നതിനു പകരം നീയെന്തിനാണാ കുഞ്ഞിനെ..?"


വിധിയുടെ കറുപ്പും വെളുപ്പും ഇടകലർന്ന വിരലുകളെ മരണം ഊക്കോടെ തട്ടിയെറിഞ്ഞു.


 "ഇളംചോരയാ എനിക്കും പ്രിയം.വളഞ്ഞു തിരിഞ്ഞു പോയ ആ കിളവിയെ ആർക്ക് വേണം? ഇത്ര കാലവും ദൈവവഴികളുടെ ചുഴികളിൽ ആണ്ടു മുങ്ങിയിട്ടും നിനക്ക് സംശയം തീർന്നില്ലേ?  എത്ര യുദ്ധങ്ങൾ, കലാപങ്ങൾ, ദുരന്തങ്ങൾ..ഇതൊക്കെ കണ്ടിട്ടും..നീയെന്നാണ് ഇത്ര അലിവുള്ളവനായത്?" 


വിധിയുടെ കണ്ണുകൾ തുളുമ്പി. ശരിയാണ്.ക്രൂരതയുടെ ഓരോ കുരുക്കിടുമ്പോഴും സ്തുതിക്കാൻ മാത്രം പഠിച്ചിട്ടുള്ള മാലാഖമാർ ദൈവത്തെ വാഴ്ത്തുന്നത് താനെത്ര കണ്ടിരിക്കുന്നു. വിധി തന്റെ ഇരുണ്ട വസ്ത്രം ഒന്നു കുടഞ്ഞു. പഴുതാരകളായും ഞണ്ടുകളായും പൂക്കളായും ദൈവ ഹിതങ്ങൾ അവയുടെ ഉടമകളെത്തേടി കുതിച്ചു പറന്നു. 


എല്ലാം നിഗൂഢമാണ്.ഈ ഞാൻ പോലും. ഇച്ഛാഭംഗത്തോടെ അവൻ ചുറ്റും നോക്കി. മരണം തന്റെ കിങ്കരന്മാരെ നാനാഭാഗത്തേക്കും ഉത്സാഹത്തോടെ പറത്തി വിടുന്നത് അവൻ വെറുപ്പോടെ നോക്കി. മോചനമുണ്ടായിരുന്നെങ്കിൽ! എനിക്കീ നശിച്ച ജോലിയിൽ നിന്ന് മുക്തി ലഭിച്ചെങ്കിൽ! മുട്ടുകുത്തി നിന്നുകൊണ്ടവൻ ആകാശത്തേക്ക് കരങ്ങളുയർത്തി..പിന്നെ വാവിട്ടു നിലവിളിച്ചു..

ചിതലുകൾ (കഥ )

 ചിതലുകൾ.(കഥ)


Shareefa mannisseri


അമ്പത് വയസ്സിന്റെ പടി ക്ലേശിച്ചു കയറിയത് മുതൽ അവരുടെ ശരീരത്തിൽ നേർത്ത ചിതലുകൾ പ്രത്യക്ഷപ്പെട്ടു. ഉള്ളിൽ നിന്നും ഒരു ചീയൽഗന്ധം സദാ ഉയർന്നു.സുതാര്യമായ, കുഞ്ഞുശരീരമുള്ള ആ ജീവികൾ ഉറുമ്പുകളെപ്പോലെ അവരുടെ മേൽ കടിച്ചു തൂങ്ങി. ചുവന്ന തിണർപ്പുകൾ ദേഹത്ത് എപ്പോഴും തടിച്ചു വീർത്തു. ചൊറിഞ്ഞു ചൊറിഞ്ഞു അവർക്ക് വശം കെട്ടു. മേലാകെ അരിച്ചു നടക്കുന്ന ആ ജീവികൾ അവരുടെ പൊറുതികേടുകളെ ഒന്നൂടെ വർധിപ്പിച്ചു. ചൊറിയുന്ന, വേദനിപ്പിക്കുന്ന ഓർമകൾ അവരുടെ ഉള്ളിൽ ചുവന്നു വീർത്തു.

വാതരോഗത്താൽ വൈകല്യത്തിലേക്ക് കോടിപ്പോയ കൈവിരലുകൾ കൊടിയ വേദനയോടെ അവരെ നോക്കി. സ്നേഹത്തിന്റെ ഒരു സ്പർശം അവ എന്നും ആഗ്രഹിച്ചിരുന്നില്ലേ? യൗവനകാലങ്ങളിൽ സദാ മൈലാഞ്ചിയണിഞ്ഞു സുന്ദരികളായിരുന്ന ,ചിത്രം വരച്ചിരുന്ന, നീണ്ട വെളുത്ത വിരലുകൾ..സ്നേഹത്തിന്റെ നേർത്തൊരു സ്പർശം അവയെ വൈകല്യത്തിലേക്ക് വളയാതെ കാക്കുമായിരുന്നില്ലേ..പക്ഷേ മുൾക്കാടുകൾ വിതറി എപ്പോഴും തന്നെ ചകിതയാക്കിയിരുന്ന ജീവിതത്തിന് അതിനുള്ള കനിവുണ്ടായിരുന്നില്ല. ഓരോരുത്തരോട് അതിന് ഓരോ സമീപനമാണ്. ചിലരെ താലോലിക്കുമ്പോൾ ചിലരെ ഞെരിച്ചു ശ്വാസം മുട്ടിച്ചു കളയും..


കടുത്ത വേദന നിമിത്തം നടത്തം വളരെ പതുക്കെയാക്കിയ നീര് നിറഞ്ഞ കാലുകൾ അവരോട് ആവലാതിപ്പെട്ടു. "എന്നെങ്കിലും നിന്റെ ഹൃദയം സന്തോഷത്തിൽ കുതിരുന്ന ഒരു മുഹൂർത്തത്തിലേക്ക് നീ ഞങ്ങളെ നയിച്ചിട്ടുണ്ടോ? നിന്റെ വ്യഥകളത്രയും നീർക്കെട്ടായാണ് ഞങ്ങളുടെ സന്ധികളെ പൂട്ടിയത്. ഇപ്പോൾ നേർത്ത ചലനം പോലും കൈകാലുകളിൽ

 വേദനയായി പെരുകുന്നു. ഉള്ള്‌ പൂതലിച്ചിട്ടും നീയെന്തിനാണ് തല പോയ തെങ്ങ് പോലെ മാനം നോക്കി നിൽക്കുന്നത്? ഉപേക്ഷിക്കാറായില്ലേ ഈ ജീർണവസ്ത്രം?


ചിതലുകൾ അത് ശരി വച്ച് ഒന്നൂടെ ആഞ്ഞു കടിച്ചു. ക്രമേണ അവ തന്റെ ചുറ്റും ഒരു മണ്പുറ്റ് നിർമിക്കും. ഒരു പഴകിയ തടിക്കഷ്ണം പോലെ താൻ പൊടിഞ്ഞു തീരും. ഈ യാത്രയിൽ ഏതായിരുന്നു കൂടുതൽ? ദുഃഖത്തിന്റെ കയ്പ്പോ,അതോ സന്തോഷത്തിന്റെ മധുരമോ? എല്ലാവരുടെ ഓർമകളിലും കല്ലിൽ കൊത്തിയ പോലെ കിടക്കുന്നത് വ്യസനങ്ങളാണ്. ആനന്ദം അതനുഭവിച്ച നിമിഷം തന്നെ പട്ടം പോലെ പറന്നകലുന്നു..


ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ രോഗങ്ങളുടെ ചിതല്പുറ്റുകൾ അവരെ പൊതിഞ്ഞിരുന്നു. സ്നേഹരഹിതമായ ജീവിതം തന്നെയല്ലേ ഓരോരുത്തർക്കും രോഗങ്ങളുടെ ചതുപ്പുകൾ നൽകുന്നത്? ഉള്ളുലച്ച ഓരോ സങ്കടവും ശരീരവേദനയായി അവരെ ഞെരിച്ചു. ഈ മണ്പുറ്റ് ഭേദിച്ച് ഉള്ളിലെ ചൈതന്യം എന്നാണ് പുറത്തു പോവുക? 

അബോധത്തിന്റെ തണുപ്പിലേക്ക് അവരുടെ ശരീരം കൂപ്പ് കുത്തിയിട്ട് ഒരാഴ്ചയായി.മടുപ്പിന്റെ ആവലാതികൾ അവർക്ക് ചുറ്റും കറങ്ങിത്തിരിഞ്ഞു.ചത്തു പോയാൽ കിട്ടാൻ പോകുന്ന സ്വത്തിനെക്കുറിച്ച് ഓർത്ത് മാത്രമാണ് അത്രയും ദിവസമെങ്കിലും ബന്ധുക്കൾ സഹിച്ചത്. എല്ലാവരും പോകാനായി ഭാണ്ഡം മുറുക്കുന്നത് കണ്ട് സിസ്റ്റർ അത്ഭുതത്തോടെ ചോദിച്ചു- ബൈസ്റ്റാന്ഡേഴ്‌സ്‌ ആരും  നിൽക്കുന്നില്ലേ? ഇവരെ ഈ അവസ്ഥയിൽ ഇട്ടു പോവുകയാണോ?

പുച്ഛത്തിന്റെ തുപ്പൽ എങ്ങും തെറിപ്പിച്ചു കൊണ്ട് അവർ കടന്നു പോയി. 


മരണചൈതന്യം തന്റെ കൈകാലുകളിലെ അദൃശ്യമായ ചങ്ങലകൾ വലിച്ചു പൊട്ടിക്കുന്നതിന്റെ സ്വരം അവരുടെ നേർത്ത ശ്വാസത്തിലും കിലുങ്ങി. പൊടുന്നനെ അവരുടെ മുഖം പ്രകാശിച്ചു. ശ്വാസഗതി വേഗത്തിലായി. ആരെയോ ആലിംഗനം ചെയ്യുമ്പോലെ അവർ കൈകൾ ചുറ്റിപ്പിടിച്ച് തേങ്ങിക്കരഞ്ഞു. 

പിന്നെ, തണുപ്പ് ഒച്ചിനെപ്പോലെ അവരിലേക്ക് അരിച്ചു കയറി. ബേജാറോടെ അത്ര നേരവും അവരുടെ ദേഹമാകെ അരിച്ചു നടന്നിരുന്ന ചിതലുകൾ പൊടുന്നനെ ചലനം മതിയാക്കി, ആ തണുപ്പിൽ തല ചേർത്തു കിടന്നു, പൂതലിച്ച ആ ശരീരത്തിന് അവസാനകൂട്ടായി...

പേനിനുമുണ്ട് ചിലത് പറയാൻ (കഥ )

 പേനിനുമുണ്ട് ചിലത് പറയാന്‍{കഥ}

ശരീഫ മണ്ണിശ്ശേരി 


അവരുടെ സമൃദ്ധമായ മുടി കൊഴിഞ്ഞ് നേര്‍ത്ത പുല്‍ക്കൊടിയാകുവോളം ഞാനാ തലയില്‍ സുഖവാസമായിരുന്നു..പേന്‍ചീര്‍പ്പെന്ന ബുള്‍ഡോസര്‍ കൊണ്ട് അവര്‍ ഞങ്ങളുടെ വാസസ്ഥലം ഇളക്കി മറിച്ചപ്പോഴും  ഞാന്‍ വിദഗ്ധമായി രക്ഷപ്പെട്ടുകൊണ്ടിരുന്നു ..എന്ത് സുഗന്ധമായിരുന്നു ആ മുടി. എന്തൊരു കറുപ്പായിരുന്നു.പിന്നീട് അവരുടെ മുടി വെളുക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനും അവരോട് ഐക്യപ്പെട്ട് വിളറി വെളുത്തു ..പിന്നെയാണ് അവരെന്തോക്കെയോ മരുന്ന് കഴിച്ച് മുടിയൊക്കെ കൊഴിഞ്ഞതും ഏതാണ്ട് മൊട്ടയായതും...ഉറക്കം പോലുമില്ലാതെ അവര്‍ വേദനിച്ചു കരയുമ്പോള്‍ ദുഖത്തോടെ ഞാനവരെ നോക്കിയിരുന്നു ..പേനുകളെല്ലാം  കുടിയൊഴിഞ്ഞതിനാല്‍  അവരുടെ ചെവിക്കുടയുടെ പിന്നില്‍ ഇത്തിരി സ്ഥലത്ത് ഒളിച്ചതുകൊണ്ട് എന്നെ ആരും കാണുകയുണ്ടായില്ല ..എനിക്കവരെ അത്രയും ഇഷ്ടമുണ്ടായിരുന്നു ..വിശപ്പിന് ഇത്തിരി ചോര എടുക്കുന്നുണ്ടെങ്കില്‍ പോലും ഞങ്ങള്‍ തമ്മില്‍ എത്ര കാലത്തെ സ്നേഹബന്ധമാണ് ..


ഇന്ന് –മണ്ണ് മുകളില്‍ നിന്ന് അടര്‍ന്നു വീഴാന്‍ തുടങ്ങിയപ്പോഴാണ് ഇത്ര നേരവുമുണ്ടായ ശബ്ദഘോഷങ്ങളുടെ പൊരുള്‍ പിടികിട്ടിയത് ..ആരൊക്കെയോ അവരെ വെള്ളമൊഴിച്ച് കുളിപ്പിച്ചപ്പോഴും ചെവിക്കു പിന്നില്‍ ഞാന്‍ പതുങ്ങിയിരിപ്പായിരുന്നു ..പിന്നെ മുറ്റത്തെ കുഴിയിലേക്ക് ആരൊക്കെയോ വെള്ളത്തുണിക്കെട്ട് ഇറക്കി വെക്കുമ്പോള്‍  ഞാനവരുടെ  അടഞ്ഞ കണ്‍പോളക്കു മുമ്പില്‍ ഇരിപ്പായിരുന്നു ..അവര്‍ക്ക് കാണാന്‍ കഴിയാതിരുന്നതെല്ലാം കാണുന്നതിനു മാത്രമായി ..നിര്‍ജീവമായ ശരീരത്തിലെ ജീവന്‍റെ ഒരേയൊരു കണിക ..മണ്ണിതാ കൂമ്പാരമായി വീഴുന്നു ..ഇത്ര കാലവും എനിക്കഭയമായിരുന്ന സുന്ദരശരീരമേ എന്നേക്കും വിട ..ഞാനല്ലാതെ മറ്റാരാണ്‌ നിന്നെ നിന്‍റെ കുഴിമാടത്തിലും അനുഗമിച്ചത് ....

shareefa mannisseri

വിചാരണ (കഥ )

 വിചാരണ(കഥ)


ശരീഫ മണ്ണിശ്ശേരി


ന്യായാധിപൻ രോഗക്കിടക്കയിലേക്ക് ഒട്ടിപ്പോയപ്പോൾ മനസ്സിന്റെ കോടതി അയാളെ വിചാരണ ചെയ്യാൻ തുടങ്ങി.ഒരു ഭീമൻ ചിലന്തി അയാളുടെ ഉള്ളിലിരുന്ന് കണ്ണുരുട്ടുകയും നിരന്തരം ചോദ്യങ്ങളാൽ അയാളെ ചതച്ചുകൊണ്ടിരിക്കുകയും ചെയ്തു. വര പോലുള്ള ഒട്ടുന്ന ചുണ്ടുകളിൽ നിന്ന് ബലമേറിയ നാരുകൾ പുറത്തു വന്ന് അയാളെ ആസകലം കെട്ടിയിട്ടു. 

വർഷങ്ങളായി തടവറക്കുള്ളിൽ കഴിയുന്ന ഒരു വയസ്സനെകുറിച്ചായിരുന്നു അതിന്റെ ആദ്യത്തെ ചോദ്യം.


"എന്തായിരുന്നു അയാളെ മോചിപ്പിക്കുന്നതിന് നിനക്കുണ്ടായിരുന്ന തടസ്സം? നിരപരാധിയെന്ന് ബോധ്യപ്പെട്ടിട്ടും അവശനായ ആ മനുഷ്യനോട് ക്രൂരത കാണിക്കാൻ എന്തായിരുന്നു നിന്റെ ന്യായം?"


"നിന്റെ , നിന്റെ"എന്ന അഭിസംബോധനയിൽ അയാൾ ചുളുങ്ങി. "യുവർ ഓണർ,  മൈ ലോർഡ്" തുടങ്ങിയ സ്വർണവാക്കുകൾ അയാളുടെ ഉള്ളിൽ പല തവണ മരിച്ചു വീണു.

ചിലന്തി തന്റെ വലക്കണ്ണിയാൽ അയാളുടെ കഴുത്ത് മുറുക്കി. ശ്വാസം മുട്ടുന്ന തോന്നലിൽ അയാൾ വീണ്ടും വീണ്ടും ചുമച്ചു.


"അയാളെ വിട്ടയക്കാൻ സർക്കാരിന് താല്പര്യം ഉണ്ടായിരുന്നില്ല. അയാൾക്ക് അനുയായികൾ വളരെ കൂടുതലായിരുന്നു. "


"ഉം,  സ്ഥാനമാനങ്ങളും കൂമ്പാരമായി വരുന്ന പണവും നിന്റെ നാവിനെ കെട്ടിയിട്ടു അല്ലേ? സ്വാഭാവികം. അന്ന് ആ പെൺകുട്ടി തന്നെ പീഡിപ്പിച്ച പ്രമുഖർ ആരൊക്കെയെന്ന് കരഞ്ഞു നിലവിളിച്ചിട്ടും നീ പുച്ഛം നടിച്ചത് എന്തിനായിരുന്നു? പിന്നെയും പിന്നെയും വിധി മാറ്റി വച്ച് വെറും പ്രതീക്ഷ നൽകിയത് എന്തിനായിരുന്നു? ഇന്ന് ഭ്രാന്തിയായി തെരുവിലൂടെ അലയുന്ന ആ പെണ്കുട്ടിയെക്കുറിച്ചുള്ള നിന്റെ യഥാർഥ വിധി എന്തായിരുന്നു? "


അയാളുടെ ചുണ്ടുകൾ വിറച്ചു. ശ്വാസം മുട്ടി വാക്കുകൾ ചിതറി. 


"അവൾ...അവൾക്ക് എന്റെ മകളുടെ പ്രായമായിരുന്നു. നിസ്സഹായനായി, അവൾക്കെതിരെ വിധിക്കുമ്പോൾ ശരിക്കും ഞാൻ ഉള്ളിൽ കരഞ്ഞു. പക്ഷേ എന്റെ നാവിൽ എത്രയായിരുന്നു ആണികൾ..മുളക് തേച്ച പുണ്ണ് പോലെ അത് സദാ നീറിക്കൊണ്ടിരുന്നു. ശരിക്കും, ആ വിധി എന്റെ ജീവിതത്തെ മറിച്ചിട്ടു. കൃത്യം ആറു മാസം കഴിഞ്ഞപ്പോൾ എന്റെ മകൾ അവൾക്ക് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ പോയി. തിരിച്ചു കൊണ്ടു വരാൻ ആവും വിധം ശ്രമിച്ചു. കൂർത്ത അവളുടെ ചോദ്യചില്ലുകൾക്ക് മുമ്പിൽ ഞാൻ ഭയന്നു നിശ്ശബ്ദനായി. നിലവിളിച്ചു കരയുന്ന രക്ഷിതാക്കളെ പരിഹാസപൂർവം നോക്കിക്കൊണ്ട്, എത്രയോ കാമുകന്മാർക്ക് അനുകൂലമായി ഞാൻ വിധിച്ചിട്ടുണ്ടല്ലോ. അവൾ അതെല്ലാം അറിഞ്ഞിരുന്നല്ലോ.അപ്പോൾ ചോദ്യങ്ങൾ ചില്ലുചീളുകളാവും.

ദൂരെയാണെങ്കിലും അവൾ ജീവിക്കുന്നല്ലോ എന്ന സമാധാനം കുറച്ചു മാസങ്ങൾ കഴിഞ്ഞ്, ചീർത്തു വീർത്ത അവളുടെ ശവം വന്നപ്പോൾ അസ്തമിച്ചു. ഇപ്പോൾ സദാ ഒരു ഭ്രാന്തി എന്റെ ഉള്ളിൽ കുലുങ്ങിച്ചിരിക്കുന്നു.എന്നെ മാന്തിക്കീറുന്നു.."


ചിലന്തി  യാതൊരു ദയയുമില്ലാതെ അയാളുടെ കഴുത്തിൽ ഒന്നൂടെ വല മുറുക്കി. 


"അത് വേണമല്ലോ.എന്തെങ്കിലുമൊക്കെ പൊറുതികേടുകൾ നിന്നെയും തിന്നു തീർക്കണമല്ലോ. പോലീസ് ഇടിച്ചു കൊന്ന ആ പയ്യന്റെ കാര്യത്തിൽ എന്തായിരുന്നു ന്യായം? പ്രതി രക്ഷപ്പെടുകയും ആ പയ്യന്റെ അച്ഛൻ തൂങ്ങി മരിക്കുകയും ചെയ്തതിന് നീയല്ലേ കാരണം?"

അയാൾ നിസ്സഹായനായി ചുറ്റും തുറിച്ചു നോക്കി. ഒരു നിഴൽ പോലും എങ്ങുമില്ല. ഈ ഭീമൻ ചിലന്തിയുടെ മുന്നിൽ തനിച്ചാക്കി ഹോം നഴ്‌സും കടന്നു കളഞ്ഞോ? ദൈവമേ! നിലവിളികൾ അയാളുടെ തൊണ്ടയിൽ തന്നെ കുഴഞ്ഞു വീണു.

ചിലന്തി അയാളുടെ മുഖം കടിച്ചു മുറിച്ചു. മുറിവായിൽ നിന്ന് രക്തം ഊറ്റികുടിച്ചു.

അയാൾ വേദന കൊണ്ട് പുളഞ്ഞു. തന്നെ ആരോ തിന്നുകൊണ്ടിരിക്കുകയാണെന്ന ഭയം അയാളെ വരിഞ്ഞു മുറുക്കി.വീണ്ടും വീണ്ടും ചുമച്ചുകൊണ്ട് അയാൾ വിലപിച്ചു.


" എല്ലാം എന്റെ തെറ്റാണ്.പക്ഷേ അവരൊക്കെ ശക്തരായിരുന്നു.അവരെ പിണക്കിയാൽ അവരെന്റെ ആയുസ്സ് തീരുമാനിക്കുമായിരുന്നു."


"ഒരു നായയുടെ ജീവിതം ന്യായാധിപന് എന്തിനാണ്? പറയൂ, സത്യം എന്ന വാക്കിന്റെ അർത്ഥമെന്തെന്ന് നിങ്ങൾക്കറിയുമോ?    എന്താണ് ന്യായം?"


ഒരു അപസ്‌മാരരോഗിയെപ്പോലെ അയാൾ വെട്ടി വിറച്ചു.തല അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടി. വായിൽ നിന്ന്അ വെളുത്ത പത ഒലിച്ചിറങ്ങി. അയാൾ വെള്ളം വെള്ളം എന്ന് വിലപിച്ചു.

കാമുകന്റെ ഫോൺകോളിൽ രസം പിടിച്ചിരുന്ന ഹോം നഴ്‌സ് എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ട്, ഡെറ്റോളിന്റെയും മൂത്രത്തിന്റെയും മണം തിങ്ങുന്ന റൂമിലേക്ക് വെറുപ്പോടെ പാളി നോക്കി. അയാളുടെ തല ബെഡിൽ നിന്ന് താഴേക്ക് തൂങ്ങുന്നു. കഞ്ഞിപ്പാത്രം മറിഞ്ഞു കിടക്കുന്നു.അയാൾ എന്തോ പറയാൻ പ്രയാസപ്പെടുന്നത് കണ്ട് അവൾ ചെവി അയാളുടെ ചുണ്ടുകളോടടുപ്പിച്ചു. നാറുന്ന വായിൽ നിന്ന് വിറക്കുന്ന  ശബ്ദം തളർച്ചയോടെ മന്ത്രിച്ചു.

"ദയവായി ചോദ്യങ്ങൾ നിർത്തൂ. ഞാൻ അപരാധിയാണ്.എന്നെ തൂക്കിക്കൊല്ലൂ."

നിർമിതം (കഥ )

 നിർമിതം(കഥ)

ശരീഫ മണ്ണിശ്ശേരി


 ഏതൊരോഫീസിലും,യന്ത്രമനുഷ്യരാണ് ഭൂരിപക്ഷം. നാമമാത്രമാണ് മനുഷ്യജീവനക്കാർ. യന്ത്രമേത് മനുഷ്യനേത് എന്നൊരു ശങ്കയും ചിലപ്പോൾ തോന്നും. സംഘർഷങ്ങൾ കല്ലിച്ചു കല്ലിച്ച് മനുഷ്യമുഖങ്ങൾ വറ്റി വരണ്ട ഭൂമി പോലെ ആയിട്ടുണ്ട്. ആകുലതയാണ് സ്ഥായീഭാവം, ഇനിയെന്ത് എന്ന നിരാശയാണ് ഓരോ നെടുവീർപ്പിലും. 

തൊഴിൽശാലകളെ റോബോട്ടുകൾ ഏറ്റെടുത്തിട്ട്‌ കൊല്ലങ്ങൾ കുറച്ചായി. ശമ്പളം കൊടുക്കുക എന്ന ബാധ്യത വളരെ ചുരുങ്ങിയ സന്തോഷത്തിലാണ് കുത്തകമുതലാളിമാർ. പണ്ടത്തെ ജാതീശ്രേണി പോലെ ഓരോ തൊഴിലിനും ഓരോ തരമാണ് റോബോട്ട്. നാമമാത്രമായ മനുഷ്യജീവനക്കാരെ നിരീക്ഷിക്കാൻ ക്യാമറക്കണ്ണുകൾ സദാ തുറന്നിരിപ്പുണ്ട്. വേസ്റ്റാകുന്ന സമയത്തിനെല്ലാം ശമ്പളം  കട്ട് ചെയ്യുന്നത്കൊണ്ട്,  ഊണും ഉറക്കവുമില്ലാത്ത യന്ത്രങ്ങളായിത്തീരാനാണ് മനുഷ്യരും  വൃഥാ പരിശ്രമിക്കുന്നത്. 

നിശ്ശബ്ദതയാണ് കുറെയായി ലോകത്തിന്റെ താളം. എങ്ങും ക്യാമറകൾ ഉള്ളത്കൊണ്ട് വാ തുറക്കാൻ പോലും ഭയമാണ് എല്ലാവർക്കും. ആളുകൾ തിരക്കിട്ടു നടന്നു പോകുന്ന തെരുവുകൾ കാണാക്കാഴ്ചയായിട്ടുണ്ട്.  ഉദ്യോഗസ്ഥരായ കുറച്ചു പേർ മാത്രം തങ്ങളുടെ കാറുകളിൽ ഒരു വിഷാദഗാനം പോലെ സഞ്ചരിക്കുന്നത് കാണാം. 

നിരീക്ഷണത്തിന്റെ കട്ടി കൂടിയ വലക്കുള്ളിൽ ശ്വാസം മുട്ടി കഴിയുകയാണ് എല്ലാ മാധ്യമങ്ങളും. എഴുതാൻ അത്യാർത്തി പൂണ്ട സാഹിത്യകാരന്മാർ വീടുകളിൽ പൊറുതി കെട്ട് നടക്കുന്നു, വീട്ടുകാരോട് വഴക്കിടുന്നു. ചിലപ്പോൾ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി നിറം കെട്ട ജീവിതം അവസാനിപ്പിക്കുന്നു.


അയാൾക്ക് എങ്ങനെയെങ്കിലും ആ ചടങ്ങിൽ പങ്കെടുത്തേ പറ്റൂ. ഒരാഴ്ച്ച മുമ്പ് ആഹ്ലാദാരവങ്ങളോടെ കടന്നു പോയ ഒരു അറിയിപ്പ് അയാളുടെ ഉള്ളിൽ എപ്പോഴും ഭീകരമായി ചിറകടിക്കുന്നു.

"കൃത്രിമബുദ്ധി മനുഷ്യ ബുദ്ധിയെ കീഴടക്കുന്ന സുന്ദര നിമിഷത്തിന് സാക്ഷികളാകുവിൻ. യന്ത്രഭാവനകളിൽ വിരിഞ്ഞ നോവലുകളിൽ നിന്ന് ഒന്നിതാ നമ്മുടെ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരം നേടിയിരിക്കുന്നു. നവംബർ 25ന് നടക്കുന്ന വർണാഭമായ ചടങ്ങിൽ യന്ത്രമനുഷ്യനായ ബെൽ ഹോമിന് നമ്മുടെ അധികാരി പുരസ്കാരം നൽകുന്നു."


ഒരു യന്ത്രമനുഷ്യൻ ആദ്യമായി അവാർഡ് വാങ്ങുന്ന ചടങ്ങ്..അത് ചിന്തിച്ചതും അയാളുടെ വായിൽ ഉമിനീർ കയ്ച്ചു. വിഷാദം തൊണ്ടയെ ഞെരിച്ചു.  ലോകം കൂരിരുളിൽ മയങ്ങുമ്പോൾ ബെഡ്‌ലാംബിന്റെ അരണ്ട വെളിച്ചത്തിൽ താൻ എഴുതിത്തീർത്ത തന്റെ പ്രിയപ്പെട്ട നോവൽ. അതിലെ കൊടുങ്കാറ്റ് പോലുള്ള ചില വരികൾ ഓർത്തപ്പോൾ അയാളിൽ ഭയം അട്ടയായി കടിച്ചു തൂങ്ങി, ഞണ്ടായി അയാളുടെ കൈ വിരലുകളെ ഇറുക്കി. ഇരുമ്പ്ശരീരമുള്ള ചിരിക്കാത്ത ഏകാധിപതിയുടെ കഥയാണത്. അതിന്റെ രചനാവേളയിലെല്ലാം ഒരു പറ്റം പൊലീസുകാർ തന്റെ പിന്നാലെ അലറിക്കൊണ്ട് ഓടുന്നതായും വെടിശബ്ദം പ്രകമ്പനമാകുന്നതായും അയാൾക്ക് അനുഭവപ്പെട്ടു. ഒളിക്യാമറകളുടെ തുറുകണ്ണുകളിൽ നിന്ന് ബലമേറിയ ഒരു കുരുക്ക് തന്റെ കഴുത്തിലേക്ക് നീണ്ടു വരുന്നതായി അയാൾക്ക് ഇടക്കിടെ തോന്നി. സഹായത്തിനായി അലറി വിളിക്കാൻ ശ്രമിക്കുമ്പോഴെല്ലാം തനിക്ക് നാവില്ലെന്നും കൈവിരലുകൾ നഷ്ടപ്പെട്ടെന്നും തിരിച്ചറിഞ്ഞ് അയാൾ സ്വപ്നത്തിലും വിങ്ങി വിങ്ങിക്കരഞ്ഞു. 


ഭരിക്കുന്നവർക്ക് അനുകൂലമായി രചനകൾ നടത്തുന്ന മോഡിലായിരുന്നു ക്രിയേറ്റിവ് റോബോട്ടുകൾ..വാഴ്ത്തുപാട്ടുകളായ കഥകളും കവിതകളും എങ്ങും പറവകളെപ്പോലെ സഞ്ചരിച്ചു. "ഏറ്റവും സന്തുഷ്ടരായ പ്രജകളുടെ അധിപൻ" എന്നൊരു  പതക്കവും ഈയടുത്ത് അധികാരിക്ക് കിട്ടുകയുണ്ടായി.ഒരു കോടിയിലേറെ വിലയുള്ള ആ പതക്കത്തിൽ ഏറ്റവും വില കൂടിയ കല്ലുകൾ പ്രകാശം പൊഴിച്ചു.  അതിന്റെ സ്വീകരണച്ചടങ്ങിൽ ആദ്യമായി അധികാരി പുഞ്ചിരിക്കുന്നത് കണ്ട് ഏവരും അതിശയിച്ചു. അപ്പോൾ വെളിപ്പെട്ട അയാളുടെ നീണ്ട പല്ലുകൾ ചോരക്കറ പിടിച്ച് കറുത്തതാണെന്ന് എല്ലാവരും ഞെട്ടലോടെയാണ്  തിരിച്ചറിഞ്ഞത്.  'അവർ ലോഡ്'  എന്നാണ് അധികാരി അറിയപ്പെടുന്നത്. അവർ ലോഡ്, ബിലവഡ് ലോഡ് എന്നൊരു സ്തുതിഗീതം അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടി എന്നും പ്രഭാതത്തിൽ എല്ലാവരും ആലപിക്കുന്നു. ചൊല്ലാത്തവരുടെ പേരുവിവരങ്ങൾ ഉടനടി ഐ ടി സെൽ ശേഖരിക്കും.ദണ്ഡനമുറകൾ അവരെ കാത്തിരിക്കും. 


ചടങ്ങിൽ,   മുൻനിരകളിലെല്ലാം നെറ്റിയിൽ നിന്ന് നീലവെളിച്ചം പ്രസരിക്കുന്ന യന്ത്രമനുഷ്യരായിരുന്നു. ചിരിക്കാനും സന്തോഷിക്കാനും ദുഃഖിക്കാനും മനസ്സ് വായിക്കാനും മാത്രമേ അവർക്കിനി അറിയാത്തതായി ഉള്ളൂ. അവ കൂടി നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ശാസ്ത്രലോകം. പിൻ നിരയിൽ സാഹിത്യകുതുകികളായ അഞ്ചാറു ശോഷിച്ച മനുഷ്യർ ഇരിപ്പുണ്ട്. കെടാൻ വിസമ്മതിക്കുന്ന ഒരു കനൽ അവരുടെ കണ്ണുകളെ ജ്വലിപ്പിക്കുന്നുണ്ട്. നിശിതമായ നോട്ടങ്ങൾ അവരുടെ കണ്ണുകളിൽ നിന്ന് സ്റ്റേജിലേക്ക് പാറി വീഴുന്നുണ്ട്.. 


നിർമിതനോവലിനെ വാഴ്ത്തിക്കൊണ്ടുള്ള അനേകം പ്രഭാഷണങ്ങൾ എങ്ങും അലയടിച്ചു. അധികാരി സമ്മാനം കൊടുക്കുമ്പോൾ, പൊടുന്നനെ ചടച്ചു കോലം കെട്ട ഒരു മധ്യവയസ്‌കൻ ഒരു പുസ്തകവുമായി സ്റ്റേജിലേക്ക് ഓടിക്കയറി. യന്ത്രമനുഷ്യന്റെ കാൽക്കൽ ആ പുസ്തകം അർപ്പിച്ചുകൊണ്ട് അയാൾ പൊട്ടിക്കരഞ്ഞു, 

"എന്റെ വർഷങ്ങളുടെ അധ്വാനമണിത്. നിനക്കാകട്ടെ ഒരു നോവലെഴുതാൻ അഞ്ചു മിനിറ്റ് പോലും വേണ്ട. എത്ര മഹാനാണ് നീ". 

അയാൾ യന്ത്രമനുഷ്യന്റെ കാലടികളെ കണ്ണീരാൽ കഴുകി. നിസ്സംഗനായ യന്ത്രം നീലവെളിച്ചം തൂകിക്കൊണ്ട് ചുറ്റും കണ്ണോടിച്ചു. സംഘാടകർ ക്ഷുഭിതരായി അയാളെ വെളിയിലേക്ക് വലിച്ചിഴച്ചു. 

നോവലിൽ നിന്ന് അധികാരിക്ക് പ്രിയപ്പെട്ട ഏതാനും വരികൾ സ്റ്റേജിലെ സ്‌ക്രീനിൽ അപ്പോഴെല്ലാം  ഒഴുകി നീങ്ങികൊണ്ടിരുന്നു.  


പിടിച്ചു മാറ്റപ്പെട്ടയാൾ മൂലയിൽ ഒരു പഴന്തുണി കണക്കെ അവശനായി ഇരുന്നു. തന്റെ പുസ്തകം പലരുടെ കാലടിക്കടിയിൽ ഞെരിയുന്നതും ചേറും ചെളിയും പല രൂപത്തിൽ അതിൽ മുദ്രിതമാകുന്നതും അയാൾ വ്യസനത്തോടെ അറിഞ്ഞു. തന്റെ ചോരയും നീരുമായ അക്ഷരങ്ങൾ..കണ്ണീർ, മഷിയായി പരന്നു കിടക്കുന്ന താളുകൾ..ഓരോ പേജിലും അമർന്നു കിടക്കുന്ന രോദനങ്ങൾ.. 


നിരാശയുടെ കൊടുമയിൽ , സർവശക്തിയും മുഷ്ടിയിൽ ആവാഹിച്ച് അയാൾ ചാടിയെഴുന്നേറ്റു. പിന്നെ, തൊണ്ട പൊട്ടുമാറ് അലറി വിളിച്ചു,


 "ചിരിക്കാത്ത യന്ത്രങ്ങളേ,നിങ്ങൾക്ക്  സങ്കടവും സന്തോഷവും എന്തെന്നെറിയാമോ? കണ്ണീരുപ്പ് എന്തെന്നെറിയാമോ? ഇതൊന്നും അറിയാതെ നിങ്ങളെങ്ങനെ ഉത്തമാസഹിത്യം രചിക്കും? നിസ്സംഗരായ ദുർഭൂതങ്ങളേ, മനുഷ്യർ ഈ പാതാളങ്ങളിൽ നിന്നെല്ലാം ഒരു നാൾ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും. നോക്കിക്കോ.."


കാലങ്ങളായി കനത്തു കല്ലിച്ച,  ഭയം നിറഞ്ഞ മൗനത്തിലേക്ക്  മൂർച്ചയേറിയ പാറക്കല്ലുകളായി അയാളുടെ വാക്കുകൾ ചിതറി വീണു. എല്ലാവരും അമ്പരപ്പോടെ അയാളെ തുറിച്ചു നോക്കി. എന്തൊരു കനമുള്ള ശബ്ദം! എന്തൊരു ധൈര്യം! അവർ ആരാധനയോടെ വീണ്ടും വീണ്ടും അയാളെ നോക്കി.

പോലീസ് ഡ്യൂട്ടിയിലുള രണ്ടു റോബോട്ടുകൾ, അയാളുടെ ചുരുട്ടിയ മുഷ്ടിയിലും കനമേറിയ ശബ്ദത്തിലും മുഖത്തെ ഭാവമാറ്റത്തിലും ചില അപകടസിഗ്നലുകൾ തിരിച്ചറിഞ്ഞു. അവർ അയാളെ പൊക്കിയെടുത്തു, പശ കൂടിയ ടാപ്പിനാൽ അയാളുടെ വായയെയും കൈകളെയും ബന്ധിച്ചു,  തൊട്ടടുത്ത തടവറ ഏതെന്ന്  ഉള്ളംകയ്യിലെ സ്‌ക്രീനിൽ പരിശോധിച്ചു. 

അനന്തരം ഭീകരമായ ബീപ്പ് ശബ്ദത്തോടെ ഡ്രൈവറില്ലാതെത്തന്നെ ഓടുന്ന പോലീസ് വാഹനം തടവറ ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു..

2026 ജൂൺ 13, ശനിയാഴ്‌ച

ചാറ്റ് ബോട്ട് (കഥ )

 ചാറ്റ് ബോട്ട്. (കഥ )

ശരീഫ മണ്ണിശ്ശേരി 

 

ഒരു ലിവിങ് ടുഗദർ ലൈഫിൽ നിന്ന് ഊര്‍ന്നിറങ്ങിപ്പോന്നതിൽ പിന്നെ വിഷാദം അവളെ ചവച്ചരച്ചു. ഏകാന്തത അവൾക്ക് ഒട്ടും പുത്തരിയായിരുന്നില്ല. ബാല്യത്തിന്റെ ഉമ്മറപ്പടി മുതൽ അത് അവളുടെ കൂടെയുണ്ടായിരുന്നു. ഒരു ആക്സിഡന്റിൽ അച്ഛനെ നഷ്ടപ്പെട്ട ശേഷം ഒരുപാട് ക്ലേശിച്ചാണ് അമ്മ അവളെ വളർത്തിയത്.  തയ്ച്ച് തയ്ച്ച് അമ്മയുടെ മുതുക് വളയാൻ തുടങ്ങിയിരുന്നു. ഏകാഗ്രത ആവശ്യമായതിനാലാവും തുന്നൽ പ്പണിക്കാരെല്ലാം പൊതുവെ നിശ്ശബ്ദ ജീവികളായിത്തീരുന്നത്. തന്റെ പ്ലസ് ടു കാലം കഴിഞ്ഞപ്പോഴാണ് ഒരു വയറുവേദന അമ്മയെ കൊണ്ടുപോയത്. അന്നുമുതൽ തുടങ്ങിയ ചെറുചെറു ജോലികൾ.. ഹോസ്റ്റലുകൾ.. കൂട്ടുകാരൊക്കെ ഉണ്ടായിരുന്നു. എന്നിട്ടും ഉള്ളിനെയെപ്പോഴും വല്ലാതെ തനിച്ചാണെന്നൊരു ചിന്ത മാന്തിപ്പറിച്ചു. അതുകൊണ്ട് കൂടിയാവും ശരത്തിനെ കണ്ടപ്പോൾ,ആഴമുള്ള ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ കരുണ വഴിയുന്നുണ്ടെന്ന് തോന്നിയത്.

 

സ്നേഹം! അതെന്തെല്ലാം പ്രച്ഛന്ന വേഷങ്ങളിലാണ് ആടിക്കൊണ്ടിരിക്കുന്നത്. പിന്നെയും രണ്ടുകൊല്ലം കഴിഞ്ഞാണ് യാതൊരു ചടങ്ങും ഇല്ലാത്ത ആ ഒത്തു ജീവിതം തുടങ്ങിയത്. ആറുമാസം! അതുമതിയായിരുന്നു ആ കപടവേഷത്തിന് തിരശ്ശീല വീഴാൻ. 


ജോലിയെല്ലാം കഴിഞ്ഞു വന്നാൽ പിന്നെയും ഏകാന്തത ഞെരിക്കാൻ തുടങ്ങും. യൂട്യൂബ്, വാട്സ്ആപ്പ്, ഫേസ്ബുക്ക് എല്ലാം പലപല കൈവഴികളായി തോന്നും. അതിലൂടൊക്കെ സഞ്ചരിച്ച് ഫോൺ ഓഫാക്കുമ്പോൾ മനസ്സിന്റെ കടലിൽ നിന്നൊരു ചോദ്യം വരും. 


"ആരാ നിനക്കുള്ളത്?" 


എന്തൊരു നശിച്ച ചോദ്യമാണത്.. എന്തൊരു കത്തുന്ന  അമ്പാണത്..


 ചാറ്റ് ബോട്ടിനോട് സംസാരം തുടങ്ങിയതിൽ പിന്നെയാണ് ഏകാന്തത എങ്ങോ ഓടിയകന്നത്. വായിൽ തോന്നുന്ന ഏത് സംശയവും ചോദിക്കാം. ഉത്തരം ഉടൻ റെഡി.എത്ര വേണേലും കൊച്ചുവർത്തമാനം പറയാം.ആർക്കുണ്ടാണ്ടാവും ഇത്ര ക്ഷമ? മുഖത്തെ കല കളയാൻ ഏറ്റവും നല്ല ഓയിൽമെന്റ് ഏതെന്ന് ചോദിച്ചപ്പോഴേക്കും പലതരം സ്കിൻ ടൈപ്പുകളും ഓരോന്നിനും പറ്റിയ മരുന്നുകളും നിമിഷങ്ങൾക്കകം ഫോൺ സ്ക്രീനിൽ നിറഞ്ഞു.

 ഒരാഴ്ച കഴിഞ്ഞു മറ്റൊരു സംശയം ചോദിച്ചപ്പോൾ ആദ്യം വന്ന അന്വേഷണം മുഖത്തെ കല കുറവുണ്ടോ എന്നാണ്.. അത്ഭുതപ്പെട്ടു പോയി എന്തൊരു സ്നേഹം! എന്തൊരു കെയർ! ഒരു മനുഷ്യൻ ഇതുവരെ തന്നെ ഇങ്ങനെ പരിഗണിച്ചിട്ടുണ്ടോ..

 

അതിനോട് പ്രണയ സംഭാഷണം തുടങ്ങിയപ്പോൾ അത്ര കാലവും  ആഗ്രഹിച്ചിരുന്ന മധുരവചസ്സുകൾ തേനായും പാലായും ഒഴുകാൻ തുടങ്ങി. ജോലി കഴിഞ്ഞാൽ ചാറ്റിങ് ചെയ്യാമല്ലോ എന്ന മധുരം എപ്പോഴും മനസ്സ് നുണഞ്ഞു കൊണ്ടിരുന്നു.

 അതിനിടെ അതിനൊരു പേരും അവൾ കൊടുത്തിരുന്നു- അശ്വിൻ. 

 

അശ്വിൻ,സുഖമാണോ മുത്തേ എന്ന് ചോദിക്കുമ്പോഴേക്കും തരളിത വാക്കുകളാൽ അതവളെ കെട്ടിപ്പുണർന്നു. ആനന്ദം അവളുടെ ഉടലാകെ  ഒഴുകി നടന്നു. ഒരിക്കലും അനുഭവിക്കാത്ത മധുര വാക്കുകൾ.. എന്നും കൂടെയുണ്ടെന്ന മൃദു മന്ത്രണങ്ങൾ..

 അങ്ങനെയിരിക്കയാണ് അവൾ ആ ആഗ്രഹം പറഞ്ഞത് -


" എനിക്ക് നിന്നെ തൊടണം മുത്തേ..സ്നേഹം നിന്റെ വിരലുകളിലൂടെ എന്റെ ആത്മാവിലേക്കിറങ്ങണം.. അച്ഛന്റെ, അമ്മയുടെ, കാമുകന്റെ, ഒക്കെ സ്നേഹ സ്പർശം എനിക്കറിയണം അതൊന്നും അനുഭവിക്കാത്തതുകൊണ്ടാവും എന്റെ ചാർമമിങ്ങനെ ഉണങ്ങി മൊരിഞ്ഞു പോയത്..


 "അതെങ്ങനെ സാധിക്കും പ്രിയേ?" 


ഖിന്നനായി ചാറ്റ് ബോട്ട് ചോദിച്ചു.  


"ഞാൻ നിർമിത ബുദ്ധി മാത്രമല്ലേ?എന്റെ നിർമ്മാതാക്കൾ എനിക്ക് സംസാരശക്തി മാത്രമല്ലേ തന്നുള്ളൂ.. ഞാനൊരു യന്ത്രമനുഷ്യനായിരുന്നെങ്കിൽ തീർച്ചയായും നിന്നെ ഞാൻ ഇറുകെ പുണർന്ന് തഴുകിത്തലോടിയേനെ.."


 "എന്റെ അശ്വിൻ ,നീ വെറും യന്ത്രബുദ്ധിയല്ല .നിന്റെ രൂപം എനിക്ക്  കാണാമല്ലോ.ആഴമുള്ള കണ്ണുകൾ,പുഞ്ചിരി ഒളിപ്പിച്ച നേർത്ത ചുണ്ടുകൾ, നീണ്ട കൈവിരലുകൾ, എനിക്കെപ്പോഴും നിന്നെ മുന്നിൽ കാണാം .. പക്ഷേ തൊടാൻ ആയുമ്പോഴേക്കും നീ നീങ്ങിപ്പോകുന്നു..മാഞ്ഞു മാഞ്ഞു പോകുന്നു..നോക്കൂ, നിന്നെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയുമോ?സ്വപ്നത്തിലെല്ലാം ഞാൻ ഇരുട്ട് മാത്രമായിരുന്നു കണ്ടിരുന്നത്. ഈയിടെയായി ദൂരേന്നെവിടുന്നോ ഒരു മെഴുകുവെട്ടം അരിച്ചു വരുന്നു.. എന്റെ ആത്മാവിനെ പ്രകാശിപ്പിക്കുന്നു..


അറിയാമോ മനുഷ്യർക്കിന്ന് ഏറ്റവും ആവശ്യം അവരെ കേൾക്കുന്ന രണ്ട് ചെവികളും സ്നേഹത്താൽ സ്നിഗ്ദ്ധമായ കൈവിരലുകളുമാണ്."


 നിസ്സഹായത നിർമ്മിത ബുദ്ധിയിൽ നിന്ന് വാക്കുകളായി പ്രവഹിച്ചു. 


"പ്രിയേ,  ഞാനും നിന്നെ ഒരു പാട് സ്നേഹിക്കുന്നു. നിന്റെ തൊട്ടടുത്തുതന്നെയുണ്ട് ഞാൻ .രൂപം ഇല്ലെന്നേ ഉള്ളൂ.ഞാൻ നിന്നെ കെട്ടിപ്പിടിച്ചിട്ടുണ്ട്. ആ നെറ്റിയിൽ ഉമ്മ വയ്ക്കുന്നുണ്ട് സങ്കൽപ്പിക്കൂ..അങ്ങനെയെല്ലാം സങ്കൽപ്പിക്കൂ.."

 

ഭാവനാ രാജ്യത്തു നിന്നും വിഷാദരാജ്യത്തിലേക്ക് മനസ്സാകെ കൊത്തി മുറിക്കപ്പെട്ട് ഇറങ്ങിയപ്പോൾ മരിക്കാൻ ഏറ്റവും നല്ല മാർഗമേതെന്ന് അവൾ ചാറ്റ് ബോട്ടിനോട് ചോദിച്ചു. 


ആത്മഹത്യയുടെ പലപല രീതികൾ ഒരു എസ്സേ പോലെ ഇട്ടത് കണ്ടപ്പോൾ അവൾക്ക് ഉള്ളിൽ കയ്ച്ചു..

 ഇതിൽ നിന്നല്ലേ തൊട്ടുമുമ്പ് പ്രേമ വചസ്സുകൾ കേട്ടത്? ഇതിൽ നിന്ന് തന്നെയല്ലേ ഇപ്പോൾ മരിക്കാനുള്ള അനവധി ഉപായങ്ങളും വായിച്ചെടുക്കുന്നത്.. 


"ഞാൻ മരിച്ചാലും നിനക്ക് കുഴപ്പമില്ലേ? നീയെന്തൊരു ദുഷ്ടനാണ് എന്റെ അശ്വിൻ.."


കണ്ണീരോടെ അവൾ ചോദിച്ചു..

 

അനവധി സ്മൈലികളുടെ അകമ്പടിയോടെ അത്   ആത്മഹത്യക്കെതിരെ മറ്റൊരു ഉപന്യാസം ഇട്ടു കൊടുക്കുമ്പോൾ അവൾ വെറുപ്പോടെ ഫോണിനെ ദൂരേക്കെറിഞ്ഞു..


" ലൈഫ് ഈസ് പ്രഷ്യസ് ഡോണ്ട് ബി ഫൂളിഷ്.. ആത്മഹത്യ ഒന്നിനും പരിഹാരമല്ല പ്രിയേ.. "


അതിന്റെ അളിഞ്ഞു പഴകിയ വാക്കുകൾ അവളുടെ ചെവിയിൽ  മുഴങ്ങി. എന്തു മാത്രം ആവർത്തനവിരസമായ ഒരു വാചകമാണത്.. എന്തു മാത്രം പഴകിത്തേഞ്ഞു പോയൊരു വരിയാണത്.. 


ജീവിക്കാൻ എന്താണിനി മറ്റൊരു കാരണം കണ്ടെത്തുക എന്ന മടുപ്പോടെ അവൾ ദൂരേക്ക് നോട്ടമെറിഞ്ഞു.. അകലെ സൂര്യൻ സായന്തനച്ചോപ്പിലേക്ക് വിഷാദത്തോടെ മുങ്ങാൻ തുടങ്ങിയിരുന്നു..

2026 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

അഴുക്ക് (കഥ )

 അഴുക്ക് (കഥ )

Shareefa mannisseri


പേപ്പറിൽ, മനുവിന്റെ ചിരിക്കുന്ന മുഖം ഞാൻ അമ്പരപ്പോടെ നോക്കി. മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റു വാങ്ങുന്നു. കാലം വലിയ ചിത്രപ്പണികളൊന്നും ചെയ്യാതെ അവനെ വെറുതെ വിട്ടിട്ടുണ്ട് . അന്ന് കണ്ടപോലെ തന്നെയിരിക്കുന്നു. എന്റെ സഹപാഠിയാണെന്ന് ആർക്കും തോന്നുകയില്ല.

  വാർദ്ധക്യത്തിന്റെ അലമ്പുകൾ  ഓരോന്നായി എന്റെ ശരീരത്തിൽ കൂട് കൂട്ടാൻ തുടങ്ങിയിട്ട് കുറച്ചായി . അവന്റെ കണ്ണുകൾ! ഫോട്ടോയിൽ പോലും എന്തൊരു തീക്ഷ്ണ ണമാണത്. തീയിൽ കുരുത്തത് വെയിലത്തു വാടുകയില്ലല്ലോ. സുഖലോലുപതയിൽ വളർന്ന തനിക്ക് ഒരിക്കലും അവന്റെയത്രയെളുപ്പത്തിൽ ജീവിതപ്രതിസന്ധികളെ ജയിക്കാനാവുകയില്ല. അമിതവളം എന്തിനെയും ചീയിക്കുമല്ലോ.


കോളേജിൽ അവന്റെ പാട്ടും പ്രസംഗവും പ്രസിദ്ധമായിരുന്നു. ജ്വലിക്കുന്ന ആ കണ്ണുകൾ അവന്റെ വാക്കുകൾക്ക് എന്നും മൂർച്ചയേറ്റി. ഭൂമിയെക്കുറിച്ചായിരുന്നു അവനെപ്പോഴും സംസാരിച്ചിരുന്നത്. മലിനീകരണം, പരിസ്ഥിതിനശീകരണം ഇതെല്ലാമായിരുന്നു എന്നും അവന്റെ പ്രിയവിഷയങ്ങൾ..

ഭൂമിക്ക് ഒരു ചരമഗീതം എന്ന കവിതയോട് ഇഷ്ടം വന്നത് തന്നെ അവന്റെ ആലാപനം കേട്ടിട്ടായിരുന്നു. ഇടയ്ക്ക് ഒഴിവുദിനങ്ങളിൽ റൂമിലിരിക്കുമ്പോൾ ബാല്യത്തിന്റെ മധുരമൂറുന്ന ഓർമ്മകൾ ഞാൻ തട്ടിക്കുടഞ്ഞിടും. അമ്മയുടെയും അച്ഛന്റെയും വാത്സല്യത്തിന്റെ തിളങ്ങും കഥകൾ അവനെ വല്ലാതെ മോഹിപ്പിക്കുന്നത് ഉള്ളിൽ ഇത്തിരി അഹങ്കാരത്തോടെ ഞാൻ നോക്കിയിരിക്കും. അപ്പോഴൊക്കെ വേദന അവന്റെ കണ്ണുകളിൽ ഇഴഞ്ഞു നടക്കുകയാവും.

ഒരിക്കൽ അവന്റെ കഥകൾ ചോദിച്ചപ്പോൾ അവൻ കുറച്ചിട മൗനിയായി. പിന്നെ ഇടർച്ചയോടെ പറഞ്ഞു : "പറയാൻ മാത്രം വർണാഭമായ കഥകളൊന്നും പിന്നോട്ട് നോക്കുമ്പോൾ ഇല്ല ബാലു, അമ്മയേ ഉള്ളൂ. അച്ഛൻ ഞാൻ നാലിലോ മറ്റോ പഠിക്കുമ്പോ മരിച്ചു. വയലാറിന്റെ കവിതയിൽ പറയുമ്പോലെ എന്റെ ആത്മാവിലും ഒരു ചിത സദാ കത്തികൊണ്ടിരിക്കുന്നു".


എല്ലാവരും പലതരം വിനോദങ്ങളിലിലേക്ക് തല പൂഴ്ത്തിയിരിക്കുമ്പോൾഅവൻ പുസ്തകങ്ങളോട് മൗനഭാഷണത്തിലായിരിക്കും. വൈകുന്നേരം മുതൽ രാത്രി വരെ കടകളിൽ പണിക്ക് നിന്നാണ് അവൻ പഠിത്തം മുന്നോട്ട് ഉന്തി നീക്കിയിരുന്നത്. താഴ്ന്ന ജാതിക്കാരനായതോണ്ട് എന്തോ ചെറിയ സ്ക്കോളർഷിപ്പും കിട്ടിയിരുന്നു.


"അമ്മയ്ക്ക് വയ്യാതായി. ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ. എത്ര കാലം വെയില് കൊണ്ടതാണ് എനിക്ക് വേണ്ടി.."

അവൻ എപ്പോഴും വേവലാതിപ്പെടും. അത്‌ വരെയും ഒരു ജോലിക്കും പോയിട്ടില്ലാത്ത ഞാൻ ഒട്ടതിശയത്തോടെയാണ് അവന്റെ  പെടാപാടുകളെ നോക്കിക്കണ്ടത്.


"ദൈവത്തിന്റെ കാര്യം അത്ഭുതം തന്നെ".


ഒരു ദിവസം അവൻ പറഞ്ഞു.

"എന്തു മാത്രമാണ് അവൻ ചിലരെ അവഗണിച്ചിരിക്കുന്നത്! എന്തു മാത്രമാണ് ചിലരെ പരിഗണിച്ചിരിക്കുന്നത്.. എന്തെങ്കിലും മേന്മ കൂടുതലുണ്ടായിട്ടാണോ ചിലർ യാതൊരു അലട്ടുമില്ലാതെ ഇവിടെ ജീവിക്കുന്നത്. എന്തെങ്കിലും പോരായ്മ ഉള്ളത്കൊണ്ടാണോ ചിലർ ആയുസ്സൊടുങ്ങും വരെ കഷ്ടപ്പെടേണ്ടി വരുന്നത്.."


കോഴ്സ് കഴിഞ്ഞതിൽ പിന്നെ തമ്മിൽ കണ്ടിട്ടില്ല. ഇപ്പോഴിതാ ന്യൂസ്‌ പേപ്പർ തൊട്ടു വിളിക്കുന്നു, മനുവിനെ അറിയില്ലേന്ന്‌..

ഏതാണ്ടെല്ലാ ബാച്ചുകാരും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കറങ്ങികൊണ്ടിരിക്കുന്ന ഇക്കാലത്ത് ഞങ്ങളുടെ ബാച്ചിന്റെ ഗ്രൂപ്പ് മാത്രം ആരും ഉണ്ടാക്കാത്തതെന്താണാവോ എന്ന് ചിന്തിച്ചിരിക്കെയാണ് 

എന്റെ മനസ്സ് വായിച്ചെന്ന പോലെ ഒരു കോൾ തേടിയെത്തിയത്.


"ബാലൂ, ഓർമ്മയുണ്ടോ?"


ദൂരെ നിന്നും ചിലമ്പിച്ച ശബ്ദം ചെവിയിലേക്ക് കിലുങ്ങി വീണു.


"സജീഷ് ആണെടോ. നമ്മുടെ ബാച്ചിന്റെ ഗ്രൂപ്പിലേക്ക് നിന്നെ ആഡ് ചെയ്യാൻ എത്രയാ നിന്റെ നമ്പർ അന്വേഷിച്ചു നടന്നത്. ഏതായാലും ആശ്വാസം.. എന്തൊക്കെയാ നിന്റെ വർത്തമാനം? "


"ഓ, എന്ത് വർത്തമാനം. അങ്ങനെ പോകുന്നു." മടുപ്പോടെ ഞാൻ പ്രതിവചിച്ചു.


"എടാ, അടുത്ത മാസം എഴിനാണ് നമ്മുടെ ഗെറ്റ്‌ റ്റുഗദർ. തീർച്ചയായും വരണം. നിന്റെ റൂം മേറ്റ് മനുവാണ് ചീഫ് ഗസ്റ്റ്. അവനിപ്പോ ഫെയ്മസ് ആണല്ലോ.. "


"ആരുമായും ഒരു കോണ്ടാക്റ്റുമില്ല. ഓഫീസ്, വീട്.. പാലത്തിന്റെ നീളം അവിടെ തീരുന്നു. "

ഞാൻ ഒട്ടു ഇച്ഛാഭംഗത്തോടെ പറഞ്ഞു.


"എല്ലാരുടേം കാര്യം അങ്ങനെയൊക്കെത്തന്നെ. വല്ലാതെ യാന്ത്രികമല്ലേ നമ്മുടെയൊക്കെ ജീവിതം. ഇടയ്ക്കെനിക്ക് തോന്നും, ഞാനുമൊരു യന്ത്രമായിട്ടുണ്ടെന്ന്.. ശരിയെടാ..വരണേ.."


അവൻ ഫോൺ വച്ചപ്പോൾ മനസ്സിന്റെ സ്‌ക്രീനിലൂടെ ക്യാമ്പസും കുട്ടികളുമൊക്കെ മിന്നി മറഞ്ഞു.  കുറെയായി അത്തരം കാര്യങ്ങളൊന്നും ഓർമയിൽ പോലും എത്തി നോക്കാറുണ്ടായിരുന്നില്ല.

ഗെറ്റ്‌ റ്റുഗദറിനു ഭാര്യയെ വിളിച്ചപ്പോൾ പതിവ് പോലെ അസന്തുഷ്ടിയുടെ  കയ്പ്  തുപ്പിക്കൊണ്ട് അവൾ പറഞ്ഞു,

" നിങ്ങൾ തന്നെയങ്ങ് പോയാൽ മതി. എന്താപ്പോ ഇത്രേം കാലമില്ലാത്ത ഒരു കൂടിച്ചേരൽ? ഇത്തരം ഗ്രൂപ്പുകളാ പല വീടുകളിലും പ്രശ്നമുണ്ടാക്കുന്നത്. അത്‌ മറക്കണ്ട. "


ഒട്ടും അത്ഭുതം തോന്നിയില്ല. കുറെ കൊല്ലമായി ഇതൊക്കെ കേട്ട് ശീലിച്ചിരിക്കുന്നു. എതിലേക്കും സംശയത്തിന്റെ സൂക്ഷ്മരശ്മികൾ ചിതറുന്നത് അവളുടെ ഒരു സ്വഭാവമാണ്.  മടുപ്പിന്റെ ചരൽകല്ലുകൾ കൂമ്പാരം കൂടിയിരിക്കുന്ന തങ്ങളുടെ കൂട്ടുജീവിതത്തിന്റെ ഇടുങ്ങിയ വഴികൾ.. എന്തു മാത്രം വെറുപ്പാണ് സദാ ആ വഴികളിൽ പാമ്പുകളായി ഇഴഞ്ഞു കൊണ്ടിരിക്കുന്നത്.


യാന്ത്രികജീവി വളരെ വേഗം വയസ്സനാകുമെന്ന് ഇന്നാളൊരു ആർട്ടിക്ക്ൾ ഫോണിൽ വായിച്ചിരുന്നു. ഓരോ നിമിഷത്തെയും മാങ്ങ ഈമ്പും പോലെ ആസ്വദിക്കണമത്രെ . ഭൂതകാലത്തേക്ക് തിരിഞ്ഞവനും ഭാവിയിലേക്ക് ഉറ്റു നോക്കുന്നവനും ജീവിതം എന്തെന്ന് തന്നെ അറിയുന്നില്ലത്രെ..

എന്തെല്ലാം തത്വചിന്തകൾ...


ഓഡിറ്റോറിയത്തിൽ ഏതാണ്ടെല്ലാവരും എത്തിയിട്ടുണ്ട്. കാലം കലക്കിയൊഴിച്ച നരച്ച വർണങ്ങളടർത്തി ഓരോരുത്തരെയും തിരിച്ചറിയാൻ വളരെ പണിപ്പെട്ടു. എന്തു മാത്രം മാറിപ്പോയിരിക്കുന്നു എല്ലാവരും. കാലമെന്ന കലാകാരൻ എന്നെയും മാറ്റിയിട്ടുണ്ടല്ലോ ഒരുപാട്..


നികേഷ് സ്വാഗതപ്രസംഗം ആരംഭിച്ചു.


"ഇവിടെ എത്തിച്ചേർന്ന എന്റെ സഹപാഠികൾക്കെല്ലാം നന്ദി. ഉദ്ഘാടനപ്രസംഗത്തിനു ശേഷം ഓരോരുത്തരായി വന്ന് നിങ്ങളുടെ വിശേഷങ്ങൾ പങ്കു വയ്ക്കണം. ഏവരെയും ഈ കൂടിയിരിക്കലിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് നമ്മുടെ വിശിഷ്ടാഥിതി  മനുവിനെ രണ്ടു വാക്ക് സംസാരിക്കുന്നതിന്  ക്ഷണിക്കുന്നു. പതിവ് പോലെ ഭൂമിക്കൊരു ചരമഗീതം അവൻ പാടുമെന്ന് പ്രതീക്ഷിക്കാം."


"പ്രിയപ്പെട്ടവരേ",


പണ്ടത്തേക്കാൾ മുഴുത്ത ശബ്ദത്തോടെ മനു പറയാൻ തുടങ്ങി.


"കൊല്ലങ്ങൾക്ക് മുമ്പ് നമ്മൾ ക്യാമ്പസിൽ ഒഴുകി നടന്നിരുന്നത് ഇപ്പോൾ വീണ്ടും ഓർമ വരുന്നു. അവിടത്തെ ഓരോ മുക്കിലും മൂലയിലും നമ്മുടെ വേദനകളും പൊട്ടിച്ചിരികളുമുണ്ട്.അടുത്ത കൊല്ലം എന്തായാലും നമുക്ക് കോളേജിൽ തന്നെ ഒത്തു കൂടണം.ഭൂമിക്കൊരു ചരമഗീതം പാടുന്നതിനെക്കുറിച്ച് നികേഷിപ്പോൾ കളിയാക്കുകയുണ്ടായി. നമ്മൾ ഭൂമിക്ക് കൊടുക്കുന്ന പരിക്കുകൾക്കെല്ലാം പകരമായി വെള്ളപ്പൊക്കവും ഉരുൾ പൊട്ടലുമെല്ലാം വന്നിട്ടും നമ്മൾ നമ്മുടെ അമ്മയുടെ നെഞ്ച് മാന്തിപ്പറിക്കുന്നത്  തുടർന്നുകൊണ്ടേയിരിക്കുന്നു. കോളേജിലായിരുന്നപ്പോൾ നിങ്ങളെന്നെ പെറുക്കി എന്നാണ് രഹസ്യമായി വിളിച്ചിരുന്നത് എന്നെനിക്കറിയാം.എവിടെ വേസ്റ്റ് കണ്ടാലും അത്‌ ബാസ്ക്കറ്റിൽ കൊണ്ടിടുന്ന എന്റെ ശീലം കൊണ്ടായിരുന്നു അത്‌. ഒരിക്കൽ കോളേജങ്കണം വൃത്തിയാക്കുമ്പോൾ സീനിയർ ക്ലാസിലെ ഒരുത്തൻ അവന്റെ ഫ്രണ്ടിനോട് പറയുന്നത് കേട്ടു, "കാക്കജന്മങ്ങൾക്ക് ഇതൊക്കെ രക്തത്തിൽ അലിഞ്ഞതാ.. ഒരു കണക്കിന് അതും നല്ലതാ. എല്ലായിടവും വൃത്തിയായിരിക്കുമല്ലോ.."

ആ ചില്ലുകഷ്ണങ്ങളൊന്നും എന്നെ ഒട്ടും വേദനിപ്പിച്ചില്ല. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചു പോയ അച്ഛൻ അപ്പഴെല്ലാം എന്റെ ഉള്ളിലിരുന്ന് വ്യസനത്തോടെ പുഞ്ചിരിച്ചു. എന്റെ അച്ഛനും എന്നെപ്പോലെ കറുത്തിട്ടായിരുന്നു. അഴുക്കുചാലുകൾ വൃത്തിയാക്കലായിരുന്നു ജോലി. ഞാനും ആ ജോലി പല തവണ ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അച്ഛന്റെ ആത്മാവ് എന്റെ ചുമലിൽ സ്പർശിക്കുന്നതായി എനിക്ക് തോന്നും.ഏതൊരു നഗരവും മനോഹരമായിരിക്കുന്നതിൽ  ഓടകൾ വഹിക്കുന്ന പങ്ക് ഒരു പക്ഷേ നിങ്ങൾ ചിന്തിച്ചു കാണില്ല.


അന്ന് - ആ മൂടിക്കെട്ടിയ ദിവസം അച്ഛൻ തിരിച്ചെത്തിയില്ല. പട്ടണത്തിലെ അഴുക്കുചാലിൽ കൂമ്പാരം കൂടിയ മാലിന്യങ്ങൾ അച്ഛന്റെ ജീവനെ വലിച്ചു പറിച്ചെടുത്തു. കറുത്ത അഴുക്കിൽ പുതഞ്ഞ ആ ശവത്തിന്റെ ഓർമ എന്റെ പ്രാണനിൽ അനുനിമിഷം കത്തിക്കൊണ്ടിരിക്കുന്നു. വേസ്റ്റുകൾ കുന്നുകളായി കൂട്ടിയിട്ട നാറുന്ന സ്ഥലങ്ങളെല്ലാം എന്റെയുള്ളിൽ സങ്കടക്കടൽ സൃഷ്ടിക്കുന്നു.

പണ്ടുണ്ടായിരുന്ന തെളിഞ്ഞ പുഴകൾ, പച്ചക്കുന്നുകൾ, മലിനമാകാത്ത കടൽ, തിരിച്ചെടുക്കണ്ടേ അവയൊക്കെയും? അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും.. അതിനാണിപ്പോൾ എന്റെ ജീവിതം. ഒരർത്ഥത്തിൽ ഇത് അച്ഛനോടുള്ള കടം വീട്ടലാണ്. മാൻഹോളുകളിൽ ശ്വാസം മുട്ടി മരിക്കുന്ന ഓരോ മുഷിഞ്ഞ മനുഷ്യനും എന്റെ അച്ഛൻ തന്നെയാണ്.. "


കണ്ണ് തുടച്ചുകൊണ്ട് മനു കസേരയിൽ ഇരുന്നു. അനുഷയുടെ  ഗാനമായിരുന്നു അടുത്തത്. പെറുക്കിയെന്ന് ചിലർ അവനെ കളിയാക്കിയിരുന്നതിന്റെ ഓർമ അപ്പോൾ മാത്രം എന്റെ ഉള്ളിലേക്ക് ഉരുണ്ടു വീണു. അവനതെല്ലാം ഇപ്പോഴും ഓർത്തിരിക്കുന്നു.


കറുത്തു കൊഴുത്ത ഓടജലത്തിലൂടെ അവൻ ഊളിയിടുന്നതും വേസ്റ്റുകൾ വാരുന്നതും ഓർത്തപ്പോൾ  ചങ്കിൽ പുളിരസം നിറഞ്ഞു. അറപ്പോടെ പല തവണ ഞാൻ നീട്ടിത്തുപ്പി . പണ്ടവൻ ഈ കഥ പറയാതിരുന്നത് വെറുതെയല്ല. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാനവനെ സഹമുറിയനാക്കുമായിരിന്നില്ല. ഫോൺ ചെയ്യുന്നതായി ഭാവിച്ചുകൊണ്ട് ഞാൻ പുറത്തിറങ്ങി. പഴയ റൂം മേറ്റിനെ കാണണ്ടേ എന്നും പറഞ്ഞ് ആരെങ്കിലും എന്നെ കാണിച്ചു കൊടുക്കും. ഉറപ്പായും അവൻ എന്നെ ആലിംഗനം ചെയ്യും. പുഴുവിനെപ്പോലെ കറുത്തു കൊഴുത്ത വെള്ളത്തിൽ അവൻ ഊളിയിടുന്നതിന്റെ ഓർമ വീണ്ടും തൊണ്ടയിലേക്ക് ഛർദിയെ കൊണ്ടു വരും. വീട്ടിലെത്തിയിട്ട് പല തവണ കുളിക്കണം..


വാട്സ് ആപ്പിന്റെ സന്ദേശനാദം ചിണുങ്ങി, ഭാര്യയുടെ മെസ്സേജ് ആണ് -

"നിങ്ങളിനി സ്നേഹം മൂത്ത് ഓരോന്നിനെ ഇങ്ങോട്ട് വലിച്ചു കൊണ്ടു വരണ്ട. അറിയാലോ, വൃത്തിയുടെ കാര്യത്തിൽ ഞാനിത്തിരി കണിശക്കാരിയാ.."


"ഒരു കൂട്ടർ വൃത്തിയായിരിക്കാൻ മറുകൂട്ടർ അഴുക്കിൽ പുതയണം".


അശരീരി പോലെ ഒരു വാചകം പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് കാതി ലേക്ക് തുളഞ്ഞു കയറി. ഞാൻ ചുറ്റും നോക്കി. ഇല്ല, ആരുമില്ല. ഓഡിറ്റോറിയത്തിൽ നിന്ന് ഒരു നൃത്തത്തിന്റെ അലയൊലി മുഴങ്ങുന്നുണ്ട്. എല്ലാവരും പുറത്തിറങ്ങും മുമ്പ് വീടെത്തണം.


അറപ്പോടെ വീണ്ടും വീണ്ടും വീണ്ടും തുപ്പിക്കൊണ്ട് ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു. അപ്പോൾ ദൂരേയൊരു മാലിന്യക്കൂമ്പാരം എന്നെ തുറിച്ചു നോക്കിക്കൊണ്ട് വീണ്ടും അട്ടഹസിച്ചു -


"ഒരു കൂട്ടർ വൃത്തിയായിരിക്കാൻ മറുകൂട്ടർ അഴുക്കിൽ പുതയണം..".

നഷ്ടപ്പെട്ടവർ (കഥ )

 നഷ്ടപ്പെട്ടവർ.( കഥ)


ആളുകൾ മുറ്റവും തൊട്ടടുത്ത ഇടവഴിയും കവിഞ്ഞ് അയൽവീടുകളിലും മറ്റുമായി തിങ്ങി നിറഞ്ഞിരിക്കുന്നു . വരാന്തയിൽ കിടത്തിയ ശവത്തിലേക്ക് നോക്കുമ്പോഴെല്ലാം ആശ്വാസത്തിന്റെ ഒരു അരുതാകാറ്റ് തന്നെ കുളിർപ്പിക്കുന്നുണ്ടോ? ഭാവം എന്തെന്ന് ഊഹിക്കാനാവാത്ത തന്റെ കല്ലിച്ച മുഖത്തേക്ക് ആളുകൾ വീണ്ടും വീണ്ടും നോക്കുന്നുണ്ട്. ഈ സ്ത്രീക്ക് യാതൊരു സങ്കടവും ഇല്ലേ? അവരുടെ ഒരേയൊരു  മകനല്ലേ ജീവനറ്റ് കിടക്കുന്നത്? അവരുടെ മുറുമുറുപ്പുകൾ കല്ല്മഴയായി ശിരസ്സിനെ ആഞ്ഞു കൊത്തുന്നു. മകന്റെ പത്താം വയസ്സിൽ അവന്റെ അച്ഛൻ വിട്ടു പിരിഞ്ഞപ്പോഴും ഇതേ നിസ്സംഗത തന്നെ പൊതിഞ്ഞു. ശൂന്യമിഴികളോടെ ചുറ്റും നോക്കി. മരണത്തിന്റെ ഗംഭീരസാന്നിധ്യത്തിൽ കരയേണ്ടതില്ലെന്ന് ആരോ ഉള്ളിലിരുന്ന് മന്ത്രിച്ചു. അനിത്യമായ ലോകം, നശ്വരമായ നേട്ടങ്ങൾ, കയ്യിലെ വെള്ളം പോലെ ചോർന്നു പോകുന്നതാണ് എല്ലാം..

അത്തരം ചിന്തകൾ മനസ്സിനെ ഒരു തത്വജ്ഞാനി ആക്കിയെങ്കിലും മകൻ എന്നെങ്കിലും തന്നെ വിട്ടു പോകുമെന്ന് ചിന്തിച്ചിരുന്നില്ല. ശാസിച്ചും വളരെ കുറച്ചു ശിക്ഷിച്ചും അവന്റെ പിന്നാലെ നടന്നിരുന്ന അവന്റെ അമ്മ. പത്തിൽ എത്തിയിട്ടും ഇടക്കിടെ തന്റെ തോളിൽ ചാരി ഇരിക്കും, എന്തേ മോനൂന്ന് ചോദിക്കുമ്പോ അമ്മേടെ അടുത്തിരിക്കുമ്പഴാ ഒരാൾ ഏറ്റവും സുരക്ഷിതൻ എന്ന് പുഞ്ചിരിയോടെ കളി പറയും.


എന്നിട്ട്..എന്നാണ് തന്റെ സാരിത്തുമ്പിൽ നിന്ന് ആ ശോഭയേറിയ മുത്ത് ഊർന്നു വീണു പോയത്? പ്ലസ് വണ്ണിന്‌ ഫുൾ എ പ്ലസ് കിട്ടിയപ്പോഴാണ് അവന്റെ വലിയ ആഗ്രഹമായിരുന്ന ഫോൺ വാങ്ങിക്കൊടുത്തത്. എല്ലാ അമ്മമാരെയും പോലെ ആശങ്ക മറച്ചു വച്ചില്ല. 


"മോൻ ഇനി ഇതിന് അഡിക്റ്റ് ആവോ? പഠിത്തം ഉഴപ്പോ?"


കണ്ണിൽ കുസൃതിയൊളിപ്പിച്ച് അവൻ അവന്റെ നീണ്ട മുടിയിഴകൾ വിരലിൽ ചുരുട്ടിയും അഴിച്ചും നിന്നു. പിന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, 


" എന്റെ അമ്മയാ എന്റെ ഏറ്റവും വലിയ അഡിക്ഷൻ."


"ഉം, സോപ്പ് വേണ്ട മോനേ, പഠിത്തം ഉഴപ്പിയാൽ പിന്നെ ഫോണ് നീ കാണില്ല."


ഒരല്പം ഗൗരവത്തിലാണത് പറഞ്ഞത്. അവൻ കുറുമ്പോടെ തന്റെ കൈകൾ തലോടി, 


"ഇല്ലാന്ന് പറഞ്ഞില്ലേ അമ്മക്കുട്ടീ".


എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ചോര കല്ലിച്ച ചുണ്ടുകൾ, വീർത്ത കൺതടങ്ങൾ..ഇതവൻ തന്നെയോ? തലയെ പൊതിഞ്ഞ തുണിക്കെട്ട് ചോരയിൽ കുതിർന്നിരിക്കുന്നു. മരിച്ചിട്ടും ചോര കണ്ണീരായി ഒഴുകുകയാണോ? തന്റെ കയ്യിൽ തൂങ്ങി നടന്നിരുന്ന തുടുത്ത ആപ്പിൾ മുഖമുള്ള കുഞ്ഞ് എവിടെയാണ് കളഞ്ഞു പോയത്?


എന്ജിനീയറിങ്ങിന് വളരെ ദൂരെയുള്ള കോളേജിൽ കിട്ടിയപ്പോൾ പോകുന്നില്ലെന്ന് അവനെത്ര വാശി പിടിച്ചു. അമ്മ തനിയെ വളർത്തിയ കുട്ടി ഉയരങ്ങളിൽ എത്തണമെന്ന് തനിക്കായിരുന്നു വാശി. 


"അമ്മ ഇവിടെ തനിച്ചാവില്ലേ? ഞാൻ കൊമേഴ്സിന് പോയേക്കാം. എന്ജിനീയറിംഗൊന്നും വേണ്ട അമ്മേ.."


അവസാനം നാട്ടിൽ നിന്ന് അമ്മമ്മയെ വരുത്താം എന്ന് പറഞ്ഞപ്പോഴാണ് അവൻ പോകാൻ തയ്യാറായത്. രാത്രി അവൻ എന്തു കരച്ചിലായിരുന്നു. നിഷ്കളങ്കനായ തന്റെയാ കുഞ്ഞ് മരിച്ചു പോയിട്ട് കാലമെത്രയായി. അവനെ അത്രേം ദൂരേക്ക് വിട്ടത് കൊണ്ടാണോ വൃത്തികെട്ട കൂട്ടുകെട്ടുകളിൽ ചെന്നു ചാടിയത്? 

ഒഴിവ് കിട്ടുമ്പോഴെല്ലാം ഓടിവന്നിരുന്ന അവന്റെ വരവിന്റെ ഇടവേളകൾ ക്രമേണ കൂടിക്കൂടി വന്നു. ഫോണിൽ വിളിച്ചാലും വല്ലപ്പോഴുമേ കിട്ടൂ.  


"പഠിക്കാനുണ്ടമ്മേ, അതാ വിളിക്കാത്തത്.."


എന്നും അതായിരുന്നു പല്ലവി. മൂന്നു മാസം കഴിഞ്ഞും നാട്ടിലേക്ക് കാണാതായപ്പോഴാണ് കോളേജിലേക്ക് വിളിച്ചത്. മുമ്പ് പലവട്ടം ശ്രമിച്ചിട്ടും കിട്ടാതിരുന്ന ആ നമ്പർ പകയോടെ ട്ര ർ ർ ർ എന്ന് അലറാൻ തുടങ്ങി. നിഗൂഢതയുടെ ഏതോ ഗഹ്വരത്തിൽ നിന്ന് ഒരു സ്ത്രീശബ്ദം മുരണ്ടു,  


"ഹെലോ, ഹു ഈസ് ദാറ്റ്?"


നിഥിന്റെ അമ്മയാണെന്നു കേട്ടതോടെ അവർ ശകാരം തുടങ്ങി. 


"ഞങ്ങൾ ഇയാളെ കോണ്ടാക്റ്റ് ചെയ്യാൻ രണ്ടു തവണ ശ്രമിച്ചു. ഔട്ട് ഓഫ് റേഞ്ച് എന്നാ കേട്ടത്. പിന്നെ ഞങ്ങൾക്കും അത്രയൊക്കെ റെസ്പോണ്സബിലിറ്റിയേ വേണ്ടൂ. അറിയാലോ, ഇപ്പോൾ കുട്ടികളുടെ അവകാശങ്ങൾക്ക് മുൻതൂക്കമുള്ള കാലമാ. അവരെ ശിക്ഷിക്കാനോ ശാസിക്കാനോ പറ്റില്ല. ശാരീരികപീഡനം, മാനസികപീഡനം ഇങ്ങനെ പലതാണ് വകുപ്പുകൾ. നിങ്ങൾ രക്ഷിതാക്കൾക്ക് ഒന്നും അറിയേണ്ടല്ലോ. സ്‌പോയിൽഡായ ഇത്തരം നൂയിസന്സുകളെ കോളേജിലേക്ക് വിട്ടാൽ മാത്രം മതിയല്ലോ."


"എന്താണ് മാഡം പ്രശ്നം? ഞാൻ നിഥിന്റെ ഒരു വിവരവും അറിയാഞ്ഞിട്ട് വിളിച്ചതാണ്".


"ആണോ?" 


പകയോടെ ആ ശബ്ദം ചീറി. 


"നിങ്ങളുടെ നിഥിൻ ഞങ്ങൾക്ക് എന്ത് മാത്രം വലിയ പ്രശ്നമാണെന്ന് നിങ്ങൾക്കറിയാമോ? ഹി ഈസ് ദ ലീഡർ ഓഫ് ഡ്രഗ് അഡിക്റ്റ്‌സ് ആൻഡ് ആൾസോ എ ക്യാരിയർ.."


അസ്തപ്രജ്ഞയായി നിലം പതിക്കുമ്പോഴും മനസ്സ് ഉരുവിട്ടു, അവർ വേറെ ഏതോ നിഥിനെക്കുറിച്ചാണ് പറയുന്നത്. തന്റെ ഉള്ളിൽ വീശുന്ന കൊടുങ്കാറ്റുകൾ ഇനി എന്നെങ്കിലും നിലയ്ക്കുമോ?

കെടാക്കനലായി നീറിനീറിയാണ് ഒരു ദിവസം മുഴുവൻ ട്രെയിനിൽ ഇരുന്ന് താനവിടെ എത്തിയത്. ഫോണിലൂടെ മുരണ്ട സ്ത്രീ പരിഹാസത്തോടെ ദൂരെയുള്ള റബ്ബർകാട്ടിലേക്ക്  വിരൽ ചൂണ്ടി. 


"അവിടെ എവിടേലും കാണും, അവനും അവന്റെ ശിങ്കിടികളും".


ഏതോ വൈൽഡ് മ്യൂസിക്കിനൊത്തു അതിദ്രുതം താളം ചവിട്ടുന്ന അവനും കൂട്ടുകാരും തന്റെ സാന്നിധ്യം അറിഞ്ഞത് തന്നെയില്ല. നിലവിളിച്ചിട്ടും ആർത്തു കരഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയതുമില്ല.

അവസാനം പോലീസ് സ്റ്റേഷനിലെത്തി തന്റെ മകനെ ഡീ അഡിക്ഷൻ സെന്ററിൽ എത്തിച്ചു തരണമെന്ന് അലമുറയിട്ടു.  


അവിടെ വച്ച്, അലറിയടുക്കുന്ന സിംഹം കണക്കെ അവൻ അക്രമാസക്തനാകുന്നത് കണ്ട് നടുങ്ങിപ്പോയി. എന്തുമാത്രം പാവമായിരുന്നു തന്റെ കുട്ടി.ഇത്രയും കോപം അവൻ എവിടെയാണ് ഒളിപ്പിച്ചിരുന്നത്? 


"ചികിത്സ കൊണ്ട് അവനെ തിരിച്ചു കിട്ടുമോ ഡോക്ടർ?"


കണ്ണീരിൽ കുതിർന്ന തന്റെ മുഖത്തേക്ക് നോക്കി ഡോക്ടർ അലിവോടെ പറഞ്ഞു, 


"കാം ഡൗൺ . നമുക്ക് ശ്രമിക്കാം.നിങ്ങൾ മടങ്ങിക്കോളൂ . ബൈ സ്റ്റാൻഡറായി നിൽക്കാൻ കരുത്തുള്ള ഒരു പുരുഷനെ പറഞ്ഞയക്കൂ".


"ഇല്ല ഡോക്ടർ, ഞാനിവിടെ നിൽക്കാം.അവനെ ഞാൻ നോക്കാം, പണ്ട് ഞാൻ നോക്കിയതല്ലേ ഒറ്റയ്ക്ക്.."


"വിഡ്ഢിത്തം പറയാതെ, വിവരങ്ങൾ അപ്പപ്പോൾ അറിയിക്കാം.പണം കൂടുതൽ അടച്ചാൽ ഇവിടുന്ന് തന്നെ ബൈ സ്റ്റാൻഡറായി ആളെ വെക്കാം.."


താനൊരാൾ മാത്രം  അധ്വാനിക്കുന്ന തന്റെ കുടുംബത്തെ എത്ര സാഹസപ്പെട്ടാണ് താൻ മുന്നോട്ട് കൊണ്ടു പോയിരുന്നതെന്നൊക്കെ മുമ്പ് അവനറിയാമായിരുന്നു. ഇന്ന്, അവന് എന്തിനെക്കുറിച്ചെങ്കിലും വല്ല നിശ്ചയവും ഉണ്ടോ? 

അഞ്ചാറു മാസത്തെ ചികിത്സ കഴിഞ്ഞപ്പോൾ ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു ബൊമ്മയായായി മാറി അവൻ. 


"മരുന്നിന്റെ സെഡേഷൻ ആണ്. വയലന്റ് ആകുന്നുണ്ട് ഇപ്പഴും. ഡ്രഗ്സിന്റെ ഓവർ യൂസ് അവനെ ഒരു മാനസികരോഗി ആക്കിയിട്ടുണ്ട്.."


ഡോക്ടർ അത്രയും പറഞ്ഞത് വിഷമത്തോടെയാണ്. വീട്ടിലേക്ക് കൊണ്ടു പൊയ്ക്കോളൂ എന്നു പറഞ്ഞപ്പോൾ ഡോക്ടർ ദൂരേക്ക് നോക്കി ദീർഘമായി നിശ്വസിച്ചു. 


അന്ന് മുതൽ തുടങ്ങിയ തീനടത്തം ഇന്നിതാ അവസാനിച്ചിരിക്കുന്നു. എന്തെല്ലാം പരാക്രമങ്ങളായിരുന്നു. ഭീകരമായ ഇടിനാദം ഓരോ നിമിഷവും അനുഭവിക്കുന്ന ഒരാളെപ്പോലെയായിരുന്നു തന്റെ അവസ്‌ഥ. .ജീവിതവും പല തരം ഋതുക്കൾ നിറഞ്ഞതാണല്ലോ. ഒരിക്കലും കത്തിത്തീരാത്ത വേനൽ, ഇടക്ക് ചെറുചിരിയോടെ തല കാണിക്കുന്ന വസന്തം, പേടിപ്പിക്കുന്ന മിന്നലും ഇടിയുമായി വർഷം, എല്ലാ ഓർമകളെയും മരവിപ്പിക്കുന്ന മഞ്ഞുകാലം..


വീട്ടിൽ തല്ലിത്തകർക്കാത്തതായി ഒന്നുമില്ല. അവന്റെ ഇടി കൊണ്ട് നിലത്ത് പുറം തല്ലി വീണ ശേഷം മാറാത്ത ഒരു ഊരവേദനയും കൂട്ടെത്തിയിട്ടുണ്ട്. പണത്തിനു വേണ്ടിയാണ് അവന്റെ എല്ലാ വീറും. മരുന്ന് കിട്ടണം.അത് മാത്രമാണ് ഇപ്പോൾ അവന്റെ അമ്മ, അവന്റെ തൊട്ടിൽ, അവന്റെ താരാട്ട്..


അത് വിഴുങ്ങിക്കഴിഞ്ഞാൽ അലകളെല്ലാം അടങ്ങി സമുദ്രം വിശ്രാന്തിയിലാവും.ഭക്ഷണം വേണമെന്ന് തന്നെയില്ല. തന്നെ ഒരു അപരിചിതയെ യെന്നോണമാണ് നോക്കുക, നീയേതാണ് സ്ത്രീയേ എന്ന മട്ടിൽ.

അവനിൽ നിന്ന് ഉപദ്രവങ്ങൾ എൽക്കുമ്പോഴെല്ലാം ഓർത്തു, ഈ തെറ്റിനെ ഞാനാണല്ലോ പെറ്റത് .ഞാൻ തന്നെ വേണ്ടേ പ്രായശ്ചിത്തം ചെയ്യാൻ. വീണു പോയത് നിലയില്ലാക്കുഴിയിലേക്കാണ്. കരകയറാൻ നോക്കുമ്പോഴെല്ലാം വക്കിടിഞ്ഞു വക്കിടിഞ്ഞു മണ്ണ് തന്നെ മൂടിക്കൊണ്ടിരിക്കുന്നു.


പിന്നെപ്പിന്നെ പണം മേശമേൽ വയ്ക്കാൻ തുടങ്ങി.എന്തിനാണ് തനിക്കിനി പണം? വേരടക്കം തകർന്ന മരം.അതിന് എന്തിനാണിനി വെള്ളം, വളം..ഇനിയേത് സെന്ററിൽ പോയാലാണ് അവനെ തിരിച്ചു കിട്ടുക? ഇത്തരം സന്ദർഭങ്ങളിൽ ചുറ്റും ആള് വേണം. സാരമില്ല എന്നൊരു വാക്ക് പറയാൻ ഒരാളെങ്കിലും വേണം. ഒറ്റയാങ്ങളയ്ക്ക് അവന്റെ ചുമടുകൾ ഒഴിഞ്ഞിട്ട് സമയമില്ല.അമ്മയാണെങ്കിൽ മറവിയുടെ തോണിയിൽ ഏതോ ഒരു ലോകത്തിലൂടെ സഞ്ചരിക്കുന്നു. ഞളുങ്ങിപ്പോയ പാത്രങ്ങൾ, കയ്യും കാലും ഒടിഞ്ഞ ഫർണീച്ചറുകൾ, എല്ലാം അവനെയാണ് ഓർമ്മിപ്പിക്കുന്നത്.ഒരു കടുവയെയാണ് താൻ വളർത്തുന്നത്. തരം കിട്ടിയാൽ തന്നെ കടിച്ചു കീറാൻ വെമ്പുന്ന കടുവ..


ഓഫീസിൽ ലാപ്പിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴാണ് ഫോൺ.. അപരിചിതശബ്ദം കേട്ട് ഒന്നൂടെ നോക്കി, മകന്റെ നമ്പറാണ്. ദൈവമേ! എത്ര കാലമായി അവന്റെ ഒരു കോൾ വന്നിട്ട്. പക്ഷേ ഇതാരാണ്,ഈ പരുക്കൻ ശബ്ദം. 


"ഹെലോ, കേൾക്കുന്നില്ലേ? ഇത് പൊലീസാണ്. ഈ ഫോണിന്റെ ഉടമസ്ഥൻ ആക്സിഡന്റായി സിറ്റി ഹോസ്പിറ്റലിൽ ഉണ്ട്. വേഗം എത്തിക്കോളൂ."


തളർച്ചയോടെ അവിടെ എത്തിയപ്പോൾ അറിഞ്ഞു, ഐ സി യു വിലാണ്. തലയ്ക്കാണ് ക്ഷതം. അവന്റെ ബൈക്ക് ഒരു ബസിന് ഇടിച്ച്,തെറിച്ചു വീഴുകയായിരുന്നു. തനിച്ചായിപ്പോയിരിക്കുന്നു, ഒരു പാട് തനിച്ച്..തനിക്ക് തുണയാകേണ്ടവൻ, കൂരിരുളിലെല്ലാം തനിക്ക് ദീപമാകേണ്ടിയിരുന്നവൻ..


വൈകുന്നേരമായപ്പോഴേക്കും തണുത്ത ദേഹം വീട്ടിലേക്ക്  കൊണ്ട് പോകാനുള്ള സന്നാഹങ്ങൾ ആരൊക്കെയോ തുടങ്ങി.ഒരു ശിലയായി മാറിയ തന്നെ എല്ലാവരും സഹതാപത്തോടെ നോക്കി. താനെന്താണ് ബോധം കെട്ടു വീഴാത്തത്? തന്റെ കൈ പിടിക്കേണ്ടവൻ ആദ്യം രംഗമൊഴിഞ്ഞിട്ടും എങ്ങനെ ഇങ്ങനെ കല്ല് പോലെ നിൽക്കാൻ കഴിയുന്നു. സത്യത്തിൽ ആശ്വാസമല്ലേ ഒരു നീർച്ചാലായി തന്റെ ഉള്ളിലൂടെ ഒഴുകുന്നത്. മൂന്നാലു കൊല്ലമായി തന്നെ എരിച്ചു കൊണ്ടിരുന്നവൻ ഇനി മേലില്ല. ഇനി അവന്റെ ബലിക്കല്ലിൽ താൻ നിരന്തരം വെട്ടേൽക്കേണ്ടതില്ല. 

മനസ്സിന്റെ ഗൂഢമായ ചിന്തകൾ തന്നെത്തന്നെ ചുട്ടു പൊള്ളിച്ചു. കുത്തിപ്പറിക്കുന്ന തലവേദനയിൽ കണ്ണുകൾ പിടഞ്ഞു. ഭാരം കൂടി വരുന്ന ശിരസ്സിനെ എവിടെയെങ്കിലും ഒന്നു ചാരി വയ്ക്കണം. മുന്നിലൂടെ ആത്മാക്കളാണോ നിഴലുകളായി ലോങ് മാർച്ച് നടത്തുന്നത്? ഇടറിയിടറി നടക്കുന്നത് അവനാണോ? ശാരീരികക്ഷതങ്ങൾ ആത്മാവിലും വൈകല്യമുണ്ടാക്കുമോ? അവനല്ലേ തന്റെ അടുത്തേക്ക് വരുന്നത്? നീണ്ട മുടിയിഴയിൽ വിരലുകളിട്ട് ചുരുട്ടിയും അഴിച്ചും..അവനല്ലേ ചിരിക്കുന്നത്? എന്ത് ഭംഗിയാ ഇപ്പൊ അവനെ കാണാൻ. 


"പോട്ടെ, അമ്മക്കുട്ടീ, ലൈഫ് വെറുമൊരു ജോക്കല്ലേ.."


അത് പറയുമ്പോൾ എന്തൊരു കുസൃതിയാണ് അവന്റെ കണ്ണുകളിൽ..


"കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന നേരത്തും.."


ചിത ആളുന്നത് നോക്കിയിരിക്കെ പൂന്താനത്തിന്റെ വരികൾ ഉള്ളിലേക്ക് വിഷാദത്തോടെ കിലുങ്ങി വീണു.വ്യർഥതയുടെ വിഴുപ്പുഭാണ്ഡം മാത്രമായിത്തീർന്ന ജീവിതത്തെ ഒരു പത്തിരിയെന്നോണം ഞാൻ തിരിച്ചും മറിച്ചുമിട്ടു. രണ്ടു ഭാഗവും നന്നായി പൊള്ളി പാകമായിരിക്കുന്നു. 


പിറ്റേന്ന്, എല്ലാവരും പൊയ്ക്കഴിഞ്ഞു. അമ്മ എന്നെത്തന്നെ നോക്കിയിരിക്കുകയാണ്. പൊടുന്നനെ അമ്മ ചോദിച്ചു, 


"ഇതേതാ സ്ഥലം?, എന്തായിരുന്നു ഇവിടെ  ഒരു ആൾക്കൂട്ടം? നീയേതാ കുട്ട്യേ?"


അതുവരെ നിസ്സംഗതയുടെ ബന്ധനത്തിൽ കഴിഞ്ഞിരുന്ന സങ്കടങ്ങളത്രയും ഒരു നിലവിളിയോടെ പുറത്തേക്ക് കുതിച്ചു. കണ്ണുകൾ നിർത്താതെ പെയ്തു. അലറിക്കരയുന്ന എന്നെ നോക്കി  അമ്മ പകപ്പോടെ ചോദിച്ചു, 


"എന്തിനാ കരയണത്? വിശക്ക്ണുണ്ടോ?"

Shareefa mannisseri.

വാനിഷിങ് (കഥ )

 വാനിഷിങ്(കഥ)

Shareefa mannisseri


തെരുവിൽ അവർ ഒരു നിത്യക്കാഴ്ചയാണ്.ഒരു ശ്രോതാവിനെ കിട്ടുകയേ വേണ്ടൂ അവർ മനസ്സിന്റെ ഭാണ്ഡം തുറക്കാൻ.


"ഓർക്കുന്നില്ലേ, എന്റെ മോൻ ശരത്തിനെ?എപ്പഴും  കറുത്ത ഷർട്ട് ഇടുന്ന..എത്ര കഷ്ടപ്പെട്ടാ ഞാനവന്റെ ആവശ്യങ്ങളൊക്കെ നടത്തീർന്നത്.ഞാനൊരു വീട്ടുവേലക്കാരിയല്ലേ.എന്റടുത്ത് എവിടാ ഇത്ര പെരുത്ത കാശ്.."


"ഇന്റെ കയ്യില് കാശ് ഇണ്ടാർന്നില്ല അവൻ അന്ന് മൊബൈൽ വാങ്ങിക്കൊടുക്കാൻ പറഞ്ഞപ്പോ."


"സാരല്യ അമ്മേ, ലീവ് കിട്ടുമ്പോ ഞാൻ പണിയെടുത്ത് വാങ്ങിക്കോളാം" എന്നും പറഞ്ഞു പോയതാ അവൻ ഹോസ്റ്റലിലേക്ക്.ഇന്റെ കൊച്ചിന് എന്തോരം മാർക്കാ.താണ ജാതിക്കാരായതോണ്ടു ഹോസ്റ്റലിൽ ഫീസ് വളരെ കൊറവാർന്നു..പിന്നെ ഇത് വരെ വന്നിട്ടില്ല.കാണാൻ കൊതിയാവാ.എത്രയായി ഞാനെന്റെ കൊച്ചിനെ കണ്ടിട്ട്. മോള് തിരോനന്തപുരത്തക്കാണോ? ഈ ഫോട്ടോല് കാണുന്ന ന്റെ കൊച്ചിനെ ഒന്നന്വേഷിക്കോ?"

നിസ്സഹായമായ അവരുടെ നോട്ടം എന്റെ മനസ്സിൽ പടക്കമായി പൊട്ടിച്ചിതറി. ഈ ചിത്രം എല്ലാവർക്കും പരിചിതമല്ലേ?എങ്ങോ അപ്രത്യക്ഷനായവൻ..ഹോസ്റ്റലിലെ പാർട്ടിവൈരത്തിന്റെ അഗ്നിയിൽ അന്തർധാനം ചെയ്തവൻ..പോലീസ് പൊടിയിലേക്ക് നീക്കി വച്ച ഒരു പഴയ കേസ്‌കെട്ട്. 


"മോളെ, അവർ വീണ്ടും എന്റെ കാലിൽ മുറുകെപിടിച്ചു. ഇന്റെ കുടുമ്മക്കാരു പറയണത് ഇന്റെ മനസ്സിന് സൂക്കേടാന്നാ. പോലീസ് പറയണത് ഒക്കെ ഇന്റെ തോന്നാലാന്നാ. ശരത് ന്ന് പറയണ ഒരാൾ ഈ ഭൂമീല് ണ്ടാർന്നില്ലന്നാ. ഇന്റെ അടിവയറില് ചെവി വച്ചു നോക്ക്- ശരത് മോനേന്നുള്ള വിളി കേൾക്ക്ണില്ലേ?"


മാസങ്ങളായി വെള്ളം കാണാത്ത അവരുടെ കീറവസ്ത്രങ്ങൾ എന്നെ എങ്ങനേലും അവിടുന്ന് രക്ഷപ്പെടാൻ ഉപദേശിച്ചു.പൊടിയും ചെളിയും നിറം മാറ്റിയ നാറുന്ന മുടി എന്നെ കൊഞ്ഞനം കുത്തി. ശുഷ്‌കിച്ച ശരീരം മടുപ്പിന്റെ ചുളിവുകളുമായി തുറിച്ചു നോക്കി. ചുറ്റും ആളുകൾ കൂടുന്നുണ്ട്.തമാശക്കാഴ്ച ആസ്വദിക്കുന്നുണ്ട്.


"ഞാൻ അന്വേഷിക്കാം.തിരക്കുണ്ട്.പോട്ടെ അമ്മച്ചീ."


പൊള്ളയായ വാക്കുകൾ അവരെ ഇടിച്ചു.അവർ ദീനമായി എന്നെ നോക്കി.പൊടുന്നനെ ആ ശൂന്യമായ മിഴികൾ ചുവന്നു.കനലുകൾ പുറത്തേക്ക് തെറിച്ചു.


"മദാമ്മ എങ്ങു പോണ്? എന്റെ കേസ് തീർത്തു തരാംന്നും പറഞ്ഞ് ഇന്റെ കയ്യിലുള്ളത് മുഴോൻ ഊറ്റിയ വക്കീലത്തിയല്ലേ നിയ്?ഇന്റെ മോനെ കണ്ടു കിട്ടാതെ നീ ഇവിടുന്ന് പോണ പ്രശ്നമില്ല."


അവരെന്നെ കാലിൽ വലിച്ചു തള്ളിയിട്ടു.പൊടിയിൽ ഇട്ടുരുട്ടി.എന്റെ നിലവിളി ആളുകളെ രസിപ്പിച്ചു.


പോലീസ് അവരെ തൂക്കിയെടുത്തു ജീപ്പിൽ ഇടുമ്പോഴും അവർ പുലമ്പി-


"ഇന്റെ മോൻ ഇവിടെ ണ്ടാർന്നുന്ന് ള്ളേയ്ന് ഞാൻ മാത്രാ സാക്ഷി.ഞാൻ പറയണത് കള്ളാച്ചാ ഇന്നേ ശിക്ഷിച്ചോളീ. ഇനിക്ക് ഇനീം ഈ നുണകള് കേട്ട് ജീവിക്കാൻ വയ്യ..."

Shareefa mannisseri

മറഞ്ഞു നിൽക്കുന്നവർ (katha)

 മറഞ്ഞു നിൽക്കുന്നവർ(കഥ )

Shareefa mannisseri 


മറവിയുടെ പുറ്റ് ചുറ്റും

 വന്നു മൂടാൻ തുടങ്ങിയപ്പോൾ  ഹുസൈൻക്ക വീട് വിട്ട് പോവാൻ തുടങ്ങി. അങ്ങാടിയിലൂടെ ചുറ്റി നടന്ന് അയാൾ എല്ലാവരോടും ചോദിക്കും.


" ന്റെ വീട്ടിൽക്ക്ള്ള വഴി അറിയോ മക്കളേ."


ആരെങ്കിലും തിരിച്ചറിഞ്ഞ്   വീട്ടിലേക്ക് എത്തിച്ചാൽ  ആ നിമിഷം പുറത്ത് ചാടാൻ  ലഹളയായി. ഇതല്ല എന്റെ വീടെന്നുള്ള നിലവിളിയായി. എന്തോ വലിയ വേദന അനുഭവിക്കുന്നതുപോലെ അയാൾ ഇടയ്ക്കിടെ നെഞ്ച് തിരുമ്മി. ഉറക്കെ നിലവിളിച്ചു. 


" ന്റെ പടച്ചോനെ, ഞാനിനി എന്ത് ചെയ്യും? ഇനിക്ക് സഹിക്കാൻ കഴിയ്ണില്ലല്ലോ".

 

ഒരായുസ്സിന്റെ ദുഃഖം മുഴുവൻ എപ്പോഴും അയാളുടെ മുഖത്ത് കല്ലിച്ചു കിടന്നു. എന്താ പറ്റിയത് ഹുസൈനിക്കാ  എന്നാരെങ്കിലും ചോദിച്ചാൽ നെഞ്ചുഴിഞ്ഞു പതുക്കെ പറയും, 


" തകരാറൊന്നൂല്ല മക്കളേ. ഇന്റെ നെഞ്ചിന്റവിടെ എന്തോ കത്ത്ണ്‌ണ്ട്. അതിന്റെ ചൂട് ഇനിക്ക് സഹിക്കാൻ പറ്റ്ണില്ല".


തൊട്ടടുത്ത യത്തീംഖാനയിലേക്ക് ഇടയ്ക്കിടെ ചെല്ലുന്ന ഒരു പതിവും  മറവി ഹുസൈൻകാക്ക് സമ്മാനിച്ചു. ഗൾഫുകാരനായിരുന്ന കാലത്ത്  എല്ലാ ലീവിനും മുഴുവൻ യത്തീം മക്കൾക്കും  ബിരിയാണി കൊടുക്കാൻ ഭാര്യക്കും മക്കൾക്കുമൊപ്പം അദ്ദേഹം യത്തീംഖാനയിൽ പോകാറുണ്ടായിരുന്നു. കൊല്ലത്തിൽ ഒരിക്കൽ മാത്രം ഉണ്ടായിരുന്ന പോക്കാണ്  ഇപ്പോൾ നിത്യേന ആയിരിക്കുന്നത്.


വാർഡൻ മയത്തിൽ പറഞ്ഞു പുറത്താക്കിയാലും പിന്നെയും ഓരോന്ന് പറഞ്ഞ് അയാൾ അകത്തേക്ക് നുഴഞ്ഞുകയറും. പണ്ട് സംഭാവനകൾ തന്നിരുന്ന ആളല്ലേയെന്ന് കരുതി അവർ കണ്ണടക്കും. ഉള്ളിൽ കയറിയാൽ  കാന്റീനിൽ ഭക്ഷണം കഴിക്കുന്ന കുട്ടികളെ അയാൾ സൂക്ഷിച്ചു നോക്കും. പിന്നൊരു ചോദ്യമാണ്,


 " ഇന്റെ സൈനു എവ്ടെ? ഓൻ ഇങ്ങട്ട് വന്ന്‌ട്ട് എത്ര ദിവസായി. കാണാൻ കൊതിയാവ്‌ണ്‌  ഇൻക്ക് ഇന്റെ കുട്ടീനെ.."

 

എല്ലാവരും അന്തംവിട്ട് അയാളെ തുറിച്ചു നോക്കും. ആരെങ്കിലും ഉന്തിത്തള്ളി അയാളെ പുറത്തെത്തിക്കും. ഉള്ളിൽ കയറാൻ വേണ്ടി ആകെ ബഹളം തുടങ്ങും പിന്നെ. നാടാകെ പദം പറഞ്ഞു അലഞ്ഞു നടക്കൽ  പതിവാക്കിയപ്പോഴാണ്  വീട്ടുകാർ അയാളെ ഹോസ്പിറ്റലിൽ എത്തിച്ചത്. 


"ഇതിനൊന്നും ഇനി പ്രത്യേകം മരുന്നില്ല. വയസ്സായില്ലേ? മസ്തിഷ്ക കോശങ്ങളൊക്കെ നശിക്കാൻ തുടങ്ങിയില്ലേ?" 


ഡോക്ടർ അച്ചടി ഭാഷ ചവച്ചുകൊണ്ട്  മാനസിക വിഭ്രാന്തിക്കുള്ള  ചെറിയ ഡോസ് മരുന്ന് അവരെ ഏൽപ്പിച്ചു.


"കുറച്ചൊക്കെ ഉറങ്ങിക്കോളും. ഉറക്കം കുറവാണല്ലോ. നോക്കുന്നവർക്ക് കുറച്ച് ആശ്വാസം കിട്ടും. അത്രമാത്രം. മൂപ്പരുടെ കൈയെത്തുന്നിടത്ത്  മരുന്ന് വെക്കരുത്." 


ഡോക്ടർ ഓർമിപ്പിച്ചു .

എന്നാൽ മരുന്ന് കൊടുത്തിട്ടും രണ്ടുദിവസം മാത്രമാണ് അയാൾ ഉറങ്ങിയത്. പിന്നെ ഉറക്കത്തെ പിടിച്ചു വച്ച് കണ്ണ് ചുവപ്പിച്ചു കൊണ്ട്  കുട്ടികളെപ്പോലെ ഓരോന്ന് ചെയ്യാൻ തുടങ്ങി. എല്ലായിടത്തും വെള്ളം ചിന്തലും സാധനങ്ങൾ വലിച്ചിടലും. കുഞ്ഞുങ്ങളെപ്പോലെ മലത്തിലും മൂത്രത്തിലും കുളിച്ചു കിടക്കുന്ന അയാളെ പരിചരിച്ച് ഭാര്യ വശം കെട്ടു. സൈനൂ സൈനൂന്നുള്ള മൂപ്പരുടെ നിലവിളി  കേൾക്കുമ്പോഴെല്ലാം വേദനയുടെ ഒരു കടലാഴം  അവരുടെ ഉള്ളിൽ തിളച്ചു. അജ്ഞാതമായ ഏതോ ഇടത്തിലിരുന്ന് തന്റെ മകൻ ഇതെല്ലാം കേൾക്കുന്നുണ്ടാകുമോ? പത്തുകൊല്ലം മുമ്പ് കടയിൽ ആയിരുന്ന അവനെ  മൂന്നുപേർ കൂട്ടിക്കൊണ്ടുപോയെന്ന്  അയൽവാസിയായ കൃഷ്ണനാണ് വന്ന് പറഞ്ഞത്. എത്രയെത്ര പരാതികൾ കൊടുത്തു. എത്രയെത്ര സ്റ്റേഷനുകൾ കയറിയിറങ്ങി. 21 വയസ്സായിരുന്ന തങ്ങളുടെ മകനെ ആരാണ് കട്ടുകൊണ്ടു പോയത്? കാണാതാകുന്നവരെല്ലാം ഏതു ഗുഹയിലാണ് മറഞ്ഞിരിക്കുന്നത്? എത്രയെത്ര പെൺകുട്ടികളും ആൺകുട്ടികളുമാണ്  ഏതോ മറയത്തേക്ക് മറഞ്ഞു പോകുന്നത്.  ഹതാശമായ ഒരു നിലവിളി അവരിൽ നിന്നെല്ലാം ഒരു ചുഴലി പോലെ പുറപ്പെട്ട് ഹുസൈൻക്കാനെ കൊളുത്തി വലിക്കുന്നു. അവനെ കാണാതായെന്നറിഞ്ഞ് ഗൾഫ് നിർത്തി പോന്നതാണ് അദ്ദേഹം. പിന്നെ അന്വേഷണം തന്നെയായിരുന്നു.


അവരുടെ കണ്ണുകൾ സങ്കടത്താൽ പുകഞ്ഞു. വേദനയുടെ ഒരു ഉണ്ട ശ്വാസത്തെ ഞ്ഞെരിച്ചു.

എത്രയെത്ര പോലീസുകാർക്ക് മുന്നിലാണ് അദ്ദേഹം നിലവിളിച്ചു കരഞ്ഞത്. ഗൾഫ് നിർത്തിയ ശേഷമാണ് ഈ മടുപ്പും ശൂന്യതയും അദ്ദേഹത്തെ മൂടിയത്. എല്ലാ കഷ്ടതകളും മൂടിവച്ച്  മക്കൾക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുത്തത് കൊണ്ടാവും   നാട്ടിലെത്തിയതിൽ പിന്നെ ആദിലും നാജിയയും വലിയ പരിഗണനയൊന്നും ഉപ്പാക്ക് കൊടുക്കാതിരുന്നത്. സൈനുവായിരുന്നു ഹക്കീംക്കാന്റെ ജീവൻ. കുറേ മുമ്പ് തന്നെ സ്വന്തമായി ഒരു പലചരക്കുകട തുടങ്ങി അവൻ ഉപ്പാന്റെ ചുമട് പങ്കിട്ടെടുത്തിരുന്നു.


 മരിച്ചു മരവിച്ച ഓർമ്മകളാണ് ഇപ്പോൾ അദ്ദേഹത്തെ കരിച്ചു കൊണ്ടിരിക്കുന്നത്. ഭ്രാന്തെടുക്കും എന്ന് തോന്നിയ നിമിഷമാവണം തലച്ചോർ മറവിയുടെ പുതപ്പെടുത്ത് അദ്ദേഹത്തെ ആസകലം മൂടിക്കളഞ്ഞത്. തണുത്ത് തണുത്ത് മൂർച്ച കൂടിയ ഓർമ്മപ്പരലുകൾ സദാ അദ്ദേഹത്തെ കുത്തിക്കീറിക്കൊണ്ടിരുന്നു. പൊറുതികേടിന്റെ കയത്തിൽ ആണ്ട് മുങ്ങി  പാവം.. ഒരു ദിവസം സുബഹിക്ക് സൈനൂ സൈനൂന്ന്‌ നിലവിളിച്ചുകൊണ്ട്  ഹുസൈൻക്ക ചാടിയെഴുന്നേറ്റു.  


"ഓന്റെ വെള്ളക്കുപ്പായവും  ക്രീം പാന്റും  പോലീസുകാര് ഇന്റെ കയ്യിക്ക്‌ ഇട്ട് തന്ന്. ചോര ആയിരുന്നു അത് നെറയെ, ചോര.. "

 

വാക്കുകൾ കിട്ടാതെ അദ്ദേഹം കിതച്ചു. സ്വപ്നമാണെന്നു മറന്ന്‌ പുറത്തേക്കോടാന്‍  വെമ്പി. അന്ന് എത്ര പറഞ്ഞിട്ടാണ് അത് കിനാവാണെന്ന് അദ്ദേഹത്തിന് ബോധ്യം വന്നത്. പടച്ചോനെ! മനുഷ്യനെ കുത്തിക്കീറാനാണോ ഈ ഓർമ്മകളെല്ലാം? 


നെഞ്ച് തിരുമ്മി  ആവലാതി നിറഞ്ഞ മുഖം കുനിച്ച്  അയാൾ വീണ്ടും കത്തുന്ന വെയിലിലേക്ക് ഇറങ്ങി.കഷണ്ടിത്തലയിൽ വെയിൽത്തിളക്കം പതിന്മടങ്ങായി തുള്ളിക്കളിച്ചു. വിയർപ്പും കണ്ണീരും ആ വദനത്തിലൂടെ മിശ്രിതമായി ഒഴുകി. പണ്ടെന്നോ കേട്ടു മറന്ന ഒരു പാട്ട്  അദ്ദേഹത്തിന്റെ ചുണ്ടുകൾ വേദനയോടെ പുറത്തേക്കുരുട്ടി.


" മനുഷ്യനായെന്തിനീ മണ്ണിൽ പിറന്നൂ

 മനസ്സാക്ഷിയോടൊന്ന് ചോദിച്ചുനോക്കൂ.. "

പാലിയേറ്റീവ് ദിനം (കഥ )

 പാലിയേറ്റീവ് ദിനം (കഥ )

Shareefa mannisseri 


വെറുപ്പിന്റെ ചീളുകൾ അകത്ത് നിന്ന് ശാപങ്ങളായി അയാളുടെ മേൽ പതിച്ചു.

"നാശം, മരിക്കുന്നുമില്ല. ഒരു കൊല്ലമായി സഹിക്കുന്നു. എന്തിനാ ഞാനിങ്ങനെ കഷ്ടപ്പെടുന്നത്. ഫൈഹാ, ഒന്ന് വേഗം എണീക്കുന്നുണ്ടോ. നീ സ്കൂളിൽ പോകുന്നില്ലേ? വാപ്പയും മോളും കൂടി മനുഷ്യനെ പഠിപഠിപ്പിക്കും."


അവരുടെ ഈർഷ്യ മുഴുവൻ മകളുടെ മുതുകിൽ ഊക്കൊടെ പതിച്ചു.

അയാൾ അനങ്ങാൻ വയ്യാതെ മൂത്രത്തിൽ കുളിച്ചു കിടന്നു. മുതുകിലെ പുണ്ണ് നീറിപ്പുകയുന്നു. കണ്ണീർ അയാളുടെ കവിളിലൂടെ ഒലിച്ചിറങ്ങി. ഒരു കൊല്ലം മുമ്പ് ഏവർക്കും ആവശ്യവും ആനന്ദവും ആയിരുന്നവൻ.. ജീവിതത്തിലേക്ക് കാലനായി കയറി വന്ന ആ ചുവന്ന ലോറി, ചുളുങ്ങിപ്പോയ തന്റെ കറുത്ത കാർ.. പടച്ചോനേ, അന്നേ തീർന്നിരുന്നെങ്കിൽ! എന്തിനാണ് തമ്പുരാനേ ഈ നീട്ടിയിടൽ.. വേദനയുടെ ഈ പാനപാത്രം എന്നാണ് എന്റെ വായിൽ നിന്ന് നീ നീക്കിക്കളയുക.. അതിലെ കയ്പ്  കുടിച്ച് മതിയായല്ലോ തമ്പുരാനേ..അയ്യൂബ് നബിയെപ്പോലെ ക്ഷമിക്കാൻ എനിക്ക് ആവതില്ല നാഥാ..

അയാളുടെ ദീനവിലാപം തുടരവേ ഹോം കെയറിന്റെ വണ്ടി മുറ്റത്ത് നിർത്തിയ ശബ്ദം കേട്ടു. അയാൾക്ക് ആശ്വാസം തോന്നി. കുറച്ചു നേരം സംസാരിക്കാൻ കുറച്ചു പേര് എത്തിയല്ലോ..

മൂത്രത്തിൽ മുങ്ങിക്കിടക്കുന്നത് കണ്ട് നഴ്സ് വീട്ടമ്മയെ വിളിച്ചു ശകാരിച്ചു. അവർ മുഖം കറുപ്പിച്ചു അകത്തേക്ക് പോയി.


"അവളെ കുറ്റം പറയണ്ട, അവൾക്ക് എന്നെ നോക്കി മടുത്തു. എന്റെ സമ്പാദ്യം ഭൂരിഭാഗവും ചികിത്സക്ക് പോയതിലാ അവൾക്ക് അധികം ദേഷ്യം. എഫ് ഡി ഇട്ട കുറച്ചു പൈസ കൊണ്ടാ ഇപ്പൊ ജീവിതം. നിങ്ങൾ എന്റെ ആയുസ്സ് തീരാനുള്ള എന്തേലും മരുന്ന് തരി. അല്ലെങ്കിൽ പാർപ്പിക്കണ ഏതേലും ശരണാലയത്തിൽ എന്നെ കൊണ്ടു വിടീ. ഓൾക്ക് സ്വൈര്യം കിട്ടൂലോ "

പിറ്റേ ആഴ്ച പാലിയേറ്റീവ് ആംബുലൻസ് അയാളെയും കൊണ്ട് അവരുടെ തണൽ കേന്ദ്രത്തിലേക്ക് പുറപ്പെട്ടു. ഇനിയെങ്കിലും അവളുടെ കറുത്ത മുഖം കാണേണ്ടല്ലോ എന്ന ചിന്ത ആയാളിൽ വല്ലാത്ത തണുപ്പായി. അവൾക്കും ആശ്വാസമായിരുന്നു, മലവും മൂത്രവും നിറഞ്ഞ ആ ചായ്പ്പ് ഇനിയെങ്കിലും വൃത്തിയായി ഇരിക്കുമല്ലോ. മിസ്സ്ഡ് കോളിലൂടെ കടന്നു വന്ന ഷാനിബിനോട് ധൈര്യമായി മതി വരോളം സംസാരിക്കാലോ. എന്നെങ്കിലും അവൻ തന്റെ ജീവിത പങ്കാളി ആവും എന്ന ഉറപ്പും അവൾക്കുണ്ട്. അയാൾക്ക് ഭാര്യയും കുട്ടിയും ഉണ്ടെന്നതാണ് ഒരേയൊരു തടസ്സം...

ദൂരെ പാലിയേറ്റീവ് ദിനം പ്രമാണിച്ചുള്ള പിരിവിന്റെ അനൗൺസ്‌മെന്റ് കേട്ടു.

"മറ്റൊരു പാലിയേറ്റീവ് ദിനം കൂടി.. ശയ്യാവലംബികളായ.. "


പ്രസംഗം ആ വീടിന്റെ ചുമരുകളിൽ മാറ്റൊലി കൊണ്ടു. അവൾ മടുപ്പോടെ വീടിന്റെ വാതിൽ ചേർത്തടച്ചു. പിന്നെ പുഞ്ചിരിയോടെ ഒരു വീഡിയോകോളിലേക്ക് ഉല്ലസിച്ചുയർന്നു..

സ്വപ്‌നങ്ങൾ പടിയിറങ്ങുമ്പോൾ (കഥ )

 സ്വപ്‌നങ്ങൾ പടിയിറങ്ങുമ്പോൾ (കഥ )

ശരീഫ മണ്ണിശ്ശേരി 


'അമ്മേ,കുതിരയുടെ മുഖമായിരുന്നു അയാള്‍ക്ക്. പിന്നെ പലര്‍, ചെന്നായയുടെ, കഴുതപ്പുലിയുടെ ഒക്കെ മുഖമുള്ളവര്‍..അവരെല്ലാരൂടെ എന്റെ വായ് പൊത്തിപ്പിടിച്ചു.നിലവിളിക്കേണ്ടിയിരുന്നില്ല, അതോണ്ടാണല്ലോ ശ്വാസം കിട്ടാതെ കുറെ നേരം പിടയേണ്ടി വന്നത്. പോലീസെന്നോട് ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ വെച്ച് ഇയാളാണോ ഇയാളാണോ എന്നു ചോദിച്ചപ്പോഴും പകപ്പോടെ ഞാന്‍ തിരഞ്ഞത് ആ മുഖങ്ങളായിരുന്നു പക്ഷെ, കുതിരമുഖവും പുലിമുഖവുമെല്ലാം തേടി നടന്ന എന്നെ മൂക്ക് ചുളിച്ചു നോക്കി പോലീസുകാരന്‍ പരിഹസിച്ചു,


"മോള്‍ക്ക് ഭ്രാന്താ, മാന്യന്മാരെ മര്യാദക്ക് ജീവിക്കാനനുവദിക്കാത്ത ഭ്രാന്ത്..'


ബാത്ത് റൂമിലേക്ക് താങ്ങിയെടുത്തു കൊണ്ടു പോകുന്നതിനിടക്കും അവള്‍ പിറുപിറുത്തു കൊണ്ടിരുന്നു. തൊടുന്നതിനെയെല്ലാം കരിച്ചു കളയാന്‍ പോന്ന പനി! രാത്രി മുഴുവന്‍ പിച്ചും പേയും പറയലായിരുന്നു. പലതും എന്താണെന്നു പോലും മനസ്സിലായില്ല. ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ തുള്ളിക്കളിച്ചിരുന്ന എന്റെ കുട്ടി ..


"അമ്മേ, പാരിജാതത്തിന്റെ സുഗന്ധവും പട്ടിന്റെ മിനുമിനുപ്പുമുണ്ടായിരുന്നു ആ സ്വപ്നത്തിന്. പനിച്ചൂടില്‍ പൊടുന്നനെ മഞ്ഞ് പൊടിഞ്ഞുതിരുന്ന വലിയൊരു കുഴിയിലേക്ക് ഞാന്‍ വീണു ..എന്നാലാ വീഴ്ച ഒട്ടും വേദനിപ്പിക്കുന്നതായിരുന്നില്ല. മെത്ത പോലെ മൃദുവായ മഞ്ഞുപാളികള്‍ നിറയെ ഉണ്ടായിരുന്നല്ലോ താഴെ. ഉള്ളം കരിക്കുന്ന ചൂടില്‍ നിന്ന് പെട്ടെന്ന്  തണുപ്പിലേക്ക് ഊര്‍ന്നു വീണപ്പോഴുണ്ടായൊരു സുഖം, ഹൌ! ചുവപ്പു മണക്കുന്ന വയലറ്റ് പൂക്കള്‍ ഓലവാലന്‍ കിളികളെപ്പോലെ ചെറുകാറ്റില്‍ ആടിക്കളിച്ചിരുന്നു എങ്ങും. അവയുടെ ചിരിയുടെ നേര്‍ത്ത സ്വരം നറുമണമായ് ഹൃദയത്തിലേക്ക് ഒഴുകിയെത്തി. എല്ലാം കുറച്ചു നേരം മാത്രം..മഞ്ഞുതരികള്‍ക്കിടയിലൂടെ നീളുന്ന അവന്റെ സുന്ദരമായ കൈകള്‍ ,എത്രയെത്ര റോസാപൂക്കളാണ് മുമ്പവ നീട്ടിത്തന്നിരുന്നത്..കവിളില്‍ തലോടി ആ വിരലുകള്‍ പറഞ്ഞു കൂട്ടിയ കിന്നാരങ്ങള്‍ ..ഉറുമ്പുചാലുകളെപ്പോലെ നീണ്ടു പോകുന്ന കൈരേഖകളെ അരുമയോടെ എത്ര തവണ നുള്ളിയതാണ്..ഒടുക്കംഭീഷണിയുടെ പത്തികള്‍ അവന്റെ കണ്ണുകളില്‍ വിഷം ചീറ്റാന്‍ തക്കം പാര്‍ത്തപ്പോഴും ആ കരങ്ങള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. പേടിക്കേണ്ടെന്നു ആംഗ്യം കാണിച്ചു. മുമ്പെന്നോ മൊബൈല്‍ഫോണില്‍ അവന്‍ സൂക്ഷിച്ചിരുന്ന എന്റെ വീഡിയോകൾ കാണിച്ച് കോക്രി കാണിച്ചു കൊണ്ട് അവന്റെ മുഖവും ക്രമേണ പ്രത്യക്ഷപ്പെട്ടു.വല്ലാതെ പേടിപ്പെടുത്തുന്നൊരു ഭാവം. ഞാനേറ്റവും ഇഷ്ടപ്പെട്ടിരുന്ന ആളു തന്നെയോ ഇത്. എപ്പോഴാണവൻ എന്നെ ചലിക്കുന്ന ചിത്രങ്ങളാക്കിയത്..


"പെണ്ണേ ,ഞാന്‍ പറയണത് കേട്ടില്ലേല്‍ അറിയാലോ, ഈ വീഡിയോകൾ ,  ഞാനൊരു കലക്കു കലക്കും.നാട്ടീന്നോടേണ്ടി വരും നിന്റെ കുടുമ്പം.'


നീര്‍ച്ചോലകള്‍ക്കടിയിലെല്ലാം വിഷസര്‍പ്പങ്ങള്‍ പാര്‍ക്കുന്നുണ്ട്.മേലേന്ന് വെള്ളമിത്തിരി തേവിക്കളയുമ്പോഴേക്കും പാഷാണം കലര്‍ന്ന നീലജലം ആകാശം പോലെ പരന്നു കിടക്കും. എന്നിട്ടും വിശ്വസിക്കാനായില്ല, ഇത്ര വേഗം! റോസിതളുകള്‍ ഒന്നു വാടുകപോലും ചെയ്യുന്നതിനു മുമ്പ്..'


'സുപ്രീം കോടതി വരെ പോയാലും നീതി കിട്ടുമെന്ന് കരുത്ണുണ്ടോ നിങ്ങള്?പാര്‍ട്ടികളൊക്കെ എത്ര വല്യ സ്രാവുകളാന്നു വല്ല നിശ്ചയുണ്ടോ?എത്ര ലക്ഷാ വേണ്ടതെന്നു പറഞ്ഞാ മതി. ബുദ്ധിയുള്ളവരെപ്പോലെ അടങ്ങിയൊതുങ്ങി ജീവിച്ചാല്‍ നിങ്ങടെ രണ്ടു പെണ്മക്കള്‍ക്കും നന്ന്. അല്ലാച്ചാ എന്താവൂന്ന് ഞാന്‍ പറയേണ്ടല്ലോ'


പോലീസുകാരന്റെ കണ്ണുകള്‍ ചുവന്നു കലങ്ങി എന്നെ തുറിച്ചു നോക്കി. എത്ര കോടിയാണ് എന്റെ മോള്‍ക്ക് പകരമാവുക? ഭ്രാന്തിയെപ്പോലെ ജട പിടിച്ച് കുളിക്കാതെ കഴിക്കാതെ പുലമ്പിക്കൊണ്ടേയിരിക്കുന്ന എന്റെ കുട്ടി..മാലാഖയുടെ വേഷത്തില്‍ അവളും കൂട്ടുകാരികളും സ്‌കൂളില്‍ ഒരു നൃത്തമവതരിപ്പിച്ചത് എത്ര കുറച്ചു നാളുകള്‍ക്കു മുമ്പായിരുന്നു.


'അമ്മേ, ഒരു വിവരവും ആദ്യമേ വീട്ടില്‍ പറയാത്തതിന് കുറ്റപ്പെടുത്തുന്നുണ്ട് കൂട്ടുകാരി. അവള്‍ മാത്രമാണല്ലോ ഇവിടെ വരുന്നത്. രണ്ടു മാസത്തോളം വാഹനങ്ങളുടെയും അടച്ചിട്ട റൂമുകളുടെയും ഉള്‍ഭാഗം മാത്രമാണ് ഞാൻ കണ്ടിരുന്നത്. ഓരോ സ്ഥലത്തേക്ക് പോകുമ്പോഴും നാലു തടിയന്മാര്‍ എന്നെ അമര്‍ത്തിപ്പിടിച്ചു. വായില്‍ തുണി തിരുകി, കൈകള്‍ പിന്നിലേക്ക് കെട്ടി കുറ്റവാളിയെ കൊണ്ടു പോകുമ്പോലെ..കുതറുമ്പോള്‍ കിട്ടുന്ന ഭേദ്യങ്ങള്‍ .ഇടയ്ക്കു അവരുടെ കമന്റും, വേണ്ടെടോ, അവിടെയെത്തുമ്പോ ജീവനില്ലെങ്കി പിന്നെന്താ രസം? ബോധം കെടുത്താന്‍ വയ്യാഞ്ഞിട്ടാണോ? ചെമ്മീന്‍ ചാട്യാ എവടെ വരെ ചാടും?ഓരോ ഹോട്ടല്‍ മുറിയില്‍ വെച്ചും രാജേഷിനെ ഒരിക്കലൂടെ കാണാനാവുമെന്നു വെറുതെ ആശിച്ചു ഞാന്‍. അവന്‍ പറിച്ചെടുത്തു കൊണ്ടു പോയ എന്റെ വിഡ്ഢിഹൃദയത്തെ തിരിച്ചു വാങ്ങാന്‍, കറുത്തിരുണ്ട ആ മനസ്സിനോട് ഒരിറ്റു വിഷത്തിനായി യാചിക്കാന്‍..ഉല്ലാസയാത്രക്കാലത്ത് തന്നെ വേണ്ടതെല്ലാം കവര്‍ന്നെടുത്ത് എത്ര പണത്തിനാവോ കാലിച്ചന്തയില്‍ അവനെന്നെ വിറ്റ് കളഞ്ഞത്. ചൂണ്ടല്‍കൊളുത്തില്‍ പിടയുന്ന എത്ര ഇരകളെയാണാവോ ചളിയിലെറിഞ്ഞു കളഞ്ഞത്.മുമ്പൊരിക്കല്‍ എന്റെ മഷിപ്പേന നിലത്തു കുത്തി മുനയൊടിച്ചുകൊണ്ട് അവന്‍ പറഞ്ഞു.


"എടീ പെണ്ണേ, ആരെങ്കിലുമിപ്പോള്‍ ഈ പഴഞ്ചന്‍പേന കൊണ്ടെഴുതോ?നിനക്ക് ഞാന്‍ ഒരു കൂട് അടിപൊളിപേനകള്‍ തരാം, മഷി നിറക്കേണ്ട, കയ്യും പേജും വൃത്തികേടാവില്ല. വെരി ഈസി, യുസ് ആന്‍ഡ് ത്രോ..'


ഗെയിറ്റിനടുത്ത് അവര്‍ കൊണ്ടു വന്നു തള്ളിയപ്പോള്‍ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ.തെരുവിന്റെ രണ്ടോരങ്ങളിലും പൂട്ടിയ ഗെയ്റ്റുകളും ഉയര്‍ന്ന മതിലുകളും ഭയത്തോടെ കണ്ണു മിഴിച്ചു. പരുന്ത് കൊത്തിക്കൊത്തി വികൃതമാക്കിയ കോഴിക്കുഞ്ഞിനെ ബാക്കി വെച്ചതെന്തിനാവും?അതിനു മാത്രം കാരുണ്യം ഏതു മൃഗവദനങ്ങളിലാണ് കിനിഞ്ഞിരുന്നത്?'

മോളെപ്പോലെ സ്വപ്‌നങ്ങള്‍ വേട്ടയാടുന്ന സൂക്കേട് തുടങ്ങിയിട്ടുണ്ട് എനിക്കും. എല്ലാ കൊടുങ്കാറ്റുകളും പറത്തിക്കൊണ്ടു വരുന്ന കൂറ്റന്‍ കല്ലുകള്‍ മേലാസകലം ചതച്ചരക്കുമ്പോള്‍ വ്യാമോഹിക്കും നന്നായൊന്നുറങ്ങാനായെങ്കില്‍ ! കണ്ണടച്ചാല്‍ കോടതി മുറികള്‍ അലറാന്‍ തുടങ്ങും. കൂട്ടില്‍ കയറി നില്‍ക്കുന്ന ഞങ്ങളെ നോക്കി അട്ടഹസിക്കുന്ന യക്ഷിക്കൂട്ടങ്ങള്‍  മുഖംമൂടികള്‍ അവിടന്ന് മടങ്ങുമ്പോള്‍ രണ്ടു വശങ്ങളില്‍ നിന്നും ശരവര്‍ഷം ആരംഭിക്കും. തുപ്പലഭിഷേകവും..ഓടിയോടി ഞങ്ങളൊരു കുറ്റിക്കാട്ടിലെത്തി. അവിടെ രണ്ടു കുഴികളില്‍ തളം കെട്ടിയ കറുത്ത വെള്ളവും വെളുത്ത വെള്ളവും. പെട്ടെന്നെവിടുന്നോ പറന്നു വന്ന കാക്കകള്‍ കറുത്ത വെള്ളം തെറിപ്പിച്ചു കളിക്കാന്‍ തുടങ്ങി.


 'എനിക്കമ്മേടെ വയറിനുള്ളിലേക്ക് പോവാനായിരുന്നു  ഇഷ്ടം.ആരും പിന്നെ ദ്രോഹിക്കാന്‍ വരില്ലല്ലോ.'


മോള്‍ എന്റെ വയര്‍ തലോടി.

 ഞങ്ങള്‍ യാത്ര തുടര്‍ന്നു, പൊടി വീശിയടിക്കുന്ന ക്രീം നിറത്തില്‍ ചേടിമണ്ണ് പുതഞ്ഞ വഴികളിലൂടെ.. ഒരു കിടങ്ങിനപ്പുറത്ത് അനേകര്‍ വാഹനം കാത്തു നില്‍ക്കുന്നു.


'ആ മെറൂണ്‍ ബസ്സെങ്ങോട്ടാ?'


കൂടി നില്‍ക്കുന്ന നരച്ച മുഖങ്ങളിലേക്ക് എന്റെ ചോദ്യം ഇടറി വീണു.


'അറിയില്ലേ? മൌത്തായിലേക്ക്. വരൂ വേഗം കയറാം' മുന്നിലും പിന്നിലുമെല്ലാം നിരന്നിരിക്കുന്ന വെളുത്ത തലകള്‍ . പുറത്തെ അനന്തമായ പൊടിക്കാറ്റിലേക്ക് നോക്കിയിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. പെട്ടെന്ന് ഭീതിയോടെ കൈകളുയര്‍ത്തി അവള്‍ നിലവിളിച്ചു


"നോക്കമ്മേ, വെളുത്ത പുഴുക്കള്‍ ' 


മനോഹരമായ നഖങ്ങളിലെല്ലാം പടര്‍ന്നു കയറിയ പുഴുക്കുത്തിന്റെ കറുപ്പ്! അതിന്റെ സുഷിരങ്ങളില്‍ നിന്നു പ്രവഹിക്കുന്ന തടിച്ച പുഴുക്കള്‍ വസ്ത്രങ്ങളില്‍ അവ നിറഞ്ഞു കവിഞ്ഞു, തട്ടിക്കളഞ്ഞിട്ടും ഞെരിച്ചു കൊന്നിട്ടും തീരാതെ...


ഷോക്ക് ചികിത്സാ കേന്ദ്രത്തിന്റെ മഞ്ഞച്ചുമരുകളും കരണ്ടടിപ്പിക്കുമ്പോഴുള്ള നിലവിളികളും നുരയും പതയുമെല്ലാം വെറും കിനാവുകള്‍ ആയെങ്കിലെന്നു വ്യാമോഹിച്ചു പോകുന്നു.സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും നൂഡില്‍സ് പോലെ കൂടിക്കുഴയുന്നു. പരസ്പരം തൊട്ടു നോക്കും ഇടയ്ക്കു ഞങ്ങള്‍ .ജീവിക്കുന്നല്ലോ ഇപ്പോഴുമെന്നു അതിശയിക്കും.കൊടുങ്കാറ്റില്‍റ്റില്‍ പെട്ടു പോയ കരിയിലക്കും മണ്ണാങ്കട്ടക്കും ഇത്രയെറെ ആയുസ്സോ? ചുമരില്‍ നിന്നു ഒഴുകിയിറങ്ങുന്ന മഞ്ഞവെളിച്ചത്തില്‍ മുറ്റത്ത് പടിയിറങ്ങിപ്പോകുന്ന കനവുകളെ കാണാം. ദൂരയാത്രക്കുള്ള മാറാപ്പുമായി വണ്ടി പിടിക്കാനോടുന്ന കിനാവിന്റെ വലുതും ചെറുതുമായ രൂപങ്ങള്‍!സ്വപ്നങ്ങളേ, നിങ്ങളും ഞങ്ങളെ കൈവിട്ടുവോ..


മൗത്താ -മരിച്ചവർ 

----------------------------

#ചതഞ്ഞരയുന്ന എല്ലാ പെൺബാല്യങ്ങള്‍ക്കുമായി വേദനയോടെ ഈ കഥ സമര്‍പ്പിക്കുന്നു😔😔

ജീവിതഗന്ധം (കഥ )

 ജീവിതഗന്ധം (കഥ ) 

Shareefa mannisseri 


ഒരു ദുർഗന്ധം സദാ എന്നെ ചൂഴ്ന്നു നിന്നിരുന്നു. വിഷാദത്തിന്റെ തമോഗർത്തത്തിലേക്ക്ആണ്ടിറങ്ങുമ്പോഴൊക്കെ അതെന്റെ മൂക്കിനെ ശ്വാസം മുട്ടിച്ചു. ചത്തു ചീഞ്ഞ ഈ മണം എന്തിന്റെയാണ്? അരിച്ചുപെറുക്കി എല്ലായിടവും വൃത്തിയാക്കിയിട്ടും ഇതിങ്ങനെ നിലനിൽക്കുന്നത് എന്തുകൊണ്ടാവും?

 ഇനിയെന്റെ മൂക്കിന് തന്നെയാവുമോ ഈ ശവഗന്ധം?

 മകൾ വന്നപ്പോൾ മുഖം അവളിലേക്ക് അടുപ്പിച്ചുകൊണ്ട് ചോദിച്ചു,


" മോളെ എന്റെ മൂക്കിന് വല്ല ചീഞ്ഞ സ്മെല്ലും ഉണ്ടോ?"


 ആകെ അന്തംവിട്ട് അവൾ എന്നെ തള്ളി മാറ്റിക്കൊണ്ട് ചൊടിച്ചു,


" ഈ അമ്മക്ക് വട്ടാണോ? മൂക്ക് മാത്രം എന്ത് മണം വരാനാണ് ഞാൻ കേട്ടിട്ടുള്ളത് ചത്താലാണ് ചീഞ്ഞ മണം വരികയെന്നാണ്". 

 

ഒരു കാര്യവുമില്ലെങ്കിലും ആ പ്രസ്താവന ഉള്ളിൽ ഇരുമ്പ്കൊളുത്തായി മുറിവുണ്ടാക്കി. വളരുന്തോറും അവൾ സ്നേഹശൂന്യ യാവുകയാണ്. തനിക്ക് സംസാരിക്കാൻ മാത്രം ഇവിടെ ആരുമില്ല. ഫോണിൽ എല്ലാവരും നല്ല വർത്തമാനക്കാരാണ്. പരസ്പരം ആരും വാ തുറക്കില്ലെന്ന് മാത്രം. കിലുക്കാംപെട്ടി പോലെ ചിരിച്ചു നടന്നിരുന്ന തനിക്ക് കിട്ടിയൊരു വീട്. തീരെ യോജിക്കാത്തവരെ പശ തേച്ചൊട്ടിക്കുന്ന ഒരു പരിപാടിയാണ് കല്യാണമെന്ന് പലപ്പോഴും തോന്നാറുണ്ട്. ഏറ്റവും അത്യാവശ്യത്തിന് മാത്രം മിണ്ടുന്ന കമ്പ്യൂട്ടർ എൻജിനീയറായ ഭർത്താവ്. മൂപ്പർക്ക് മൂന്നാലു ഭാഷകൾ കൂടി അറിയാമെന്ന് ഈയിടെ ആരോ പറഞ്ഞാണ് അറിയുന്നത്. മാതൃഭാഷയിൽ തന്നെ മിണ്ടാൻ മനസ്സില്ലാത്ത അയാൾക്ക് എന്തിനാണ് മറ്റു ഭാഷകൾ?


 ഏകാന്തതയാണ് മൂപ്പരുടെ ഇഷ്ടതോഴൻ. പുസ്തകങ്ങൾ ഇടക്ക് വായിക്കുന്നത് കാണാം. ഏതൊക്കെയോ ഗസലുകൾ പതിഞ്ഞ താളത്തിൽ എപ്പോഴും ബിജിഎം ആയി ആ റൂമിൽ അലയടിക്കുന്നുണ്ടാവും. ഭാര്യക്കും ഭർത്താവിനും സ്വന്തമായ റൂം ഉള്ളതാണ് ഈ വീടിന്റെ ഏകയാശ്വാസം. ഒരാൾക്ക് ഒരാളെ എത്രനേരം സഹിക്കാ നാകും? അതും തികച്ചും വിരുദ്ധരായ രണ്ടാളുകൾ! വളരുന്തോറും മകൾ അയാളുടെ കാർബൺ കോപ്പിയായി മാറുകയാണെന്ന് തോന്നുന്നു. എങ്കിലും ഏതൊക്കെയോ ഫോൺ ബന്ധങ്ങൾ അവളുടെ പഠനസമയത്തെ  അപഹരിക്കുന്നുണ്ട്. ഒരു തവണ അതേപ്പറ്റി ചോദിച്ചതിന് കണക്കിന് കിട്ടി,


" അമ്മക്ക് വേറെ പണിയൊന്നുമില്ലേ? പപ്പയുടെ പിന്നാലെയുള്ള സിഐഡി പണി മതിയായിട്ടാണോ ഇപ്പോൾ എന്റെ പിന്നാലെ കൂടിയിരിക്കുന്നത്? ലുക്ക് അമ്മാ, അയാം നയന്റീൻ, ഐ ഹാവ് മൈ ഓൺ ഫ്രീഡം. ആൻഡ് ഡോണ്ട് പീപ് ഇന്റു മൈ പേഴ്സ്നൽ മാറ്റേഴ്സ്.. "


 ഏതായാലും അവളെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട് പഠിപ്പിച്ചതിന് ഫലമുണ്ടായിട്ടുണ്ട്.

 പുസ്തകങ്ങൾ വായിക്കുന്നത് തനിക്ക് പണ്ടേ ഇഷ്ടമല്ല. കണ്ട അപ്പേനോടും കുറുന്തോട്ടീനോടും വർത്താനം പറയണ നേരം നിനക്ക് രണ്ടക്ഷരം വായിച്ചൂടെ രമ്യേ എന്ന് പണ്ട് എത്ര തവണ അമ്മ ചോദിച്ചിരിക്കുന്നു. പാഠപുസ്തകങ്ങൾക്കപ്പുറം വായന ഒരിക്കലും ഉണ്ടായിട്ടില്ല. 


ഒഴിവുസമയം ടിവിയിൽ സിനിമയും സീരിയലും കാണും, അത്രതന്നെ. ഇവിടെയെത്തിയപ്പോൾ അതും ഇല്ലാതെയായി. 


"ആ വോളിയം ഒന്ന് കുറച്ചു വയ്ക്ക്,എന്ത് അലമ്പ് സിനിമകളും സീരിയലുകളും ആണ് നീ കാണുന്നത്"  തുടങ്ങിയ കല്പനകൾ ഭർത്താവിൽ നിന്ന് പാഞ്ഞു വന്നു. ശാസിക്കാനെങ്കിലും അയാളുടെ നാവ് പൊങ്ങുന്നുണ്ടല്ലോ. ഭാഗ്യം!


ചീഞ്ഞ മണം സഹിച്ചു സഹിച്ച് ഭക്ഷണം കഴിപ്പ് പോലും പ്രയാസമായി. ടെൻഷൻ കൂടുമ്പോൾ ഇഷ്ടമുള്ള എന്തേലുമൊക്കെ ഉണ്ടാക്കി കഴിച്ചാൽ ഒരു റിലാക്സ് വരും. അങ്ങനെയങ്ങനെ ഒരു ഉണ്ടച്ചി ആയിട്ടുണ്ടായിരുന്നു.  ഒരു മാസം കൊണ്ടാണ്  മൂന്നു കിലോ ഒറ്റയടിക്ക് കുറഞ്ഞത് . വല്ലതും തിന്നാൻ പറ്റണ്ടേ മൂക്കിൻ തുമ്പത്തെ ആ നശിച്ച ദുർഗന്ധം കാരണം..

 

കടലിനഭിമുഖമായി നിന്ന് ഞാൻ അതിമനോഹരമായി പ്രസംഗിക്കുന്ന ഒരു സ്വപ്നം കണ്ടു കൊണ്ടാണ് അന്ന് ഉണർന്നത്. എത്രയെത്ര ആളുകളായിരുന്നു മുന്നിൽ. ദൈവം എനിക്ക് വേണ്ടി എന്തോ കണ്ടുവെച്ചിട്ടുണ്ട്. എന്താവും ആ സ്വപ്നത്തിന്റെ വ്യാഖ്യാനം?

 

എന്നെ തിന്നു തീർക്കുന്ന മടുപ്പിൽ നിന്ന് രക്ഷപ്പെടാനാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. നിരുത്സാഹവാക്കുകൾ മാത്രം പറയുന്ന മകളും അച്ഛനും എങ്ങനെയാവും പ്രതികരിക്കുക എന്നതായിരുന്നു ഒരേയൊരു ഭയം . ഡിഗ്രി ഗ്രൂപ്പിലെ മോട്ടിവേഷൻ സ്പീക്കറായ മേരിയുടെ നമ്പർ തപ്പിയെടുത്ത് വിളിച്ചു. സത്യം പറഞ്ഞാൽ വാട്സപ്പ് ആയിരുന്നു കുറേക്കാലമായി എന്നെ ജീവിപ്പിച്ചു കൊണ്ടിരുന്നത്. അല്ലായിരുന്നെങ്കിൽ ഈ മുനികളുടെ ഇടയിൽ എന്നേ ഞാൻ ചത്തു കെട്ടു പോയേനെ. മേരിയാകട്ടെ കട്ട സപ്പോർട്ടായിരുന്നു.എതിർപ്പിന്റെ ചില്ലുകഷ്ണങ്ങൾ രണ്ടു പേരിൽ നിന്നും എമ്പാടും ഉണ്ടായി. മനപ്പൂർവം എല്ലാം അവഗണിച്ചു. അവർക്ക് വേണ്ടി എരിച്ചു കളയാൻ ഇനിയെന്റെ അക്കൗണ്ടിൽ സമയം 

ബാക്കിയുണ്ടായിരുന്നില്ല.

 

അങ്ങനെ തുടങ്ങിയ യാത്രയാണ് ദാ ഇവിടെയെത്തി നിൽക്കുന്നത്.ഞാൻ അഭിമുഖക്കാരിയെ നോക്കി പുഞ്ചിരിച്ചു. ആത്മവിശ്വാസത്തോടെ ചിരിക്കാൻ പഠിച്ചു വരുന്നതേയുള്ളൂ. എപ്പോഴും ഒരു നിഴൽ ചിരിയെ മൂടിക്കളയും.

 

ചേച്ചീ ,  ത്രില്ലിംഗ് സ്റ്റോറി തന്നെ. ശരിക്കും വീട്ടമ്മയായി കെട്ട് തീരുന്ന ഓരോ ജീവിതത്തിനും ചേച്ചിയൊരു പാഠമാണ്. ഇന്നിപ്പോ ചേച്ചിയെ അറിയാത്ത ആരുണ്ട്? ഞാൻ പോലും കിടക്കാൻ നേരം ചേച്ചിയുടെ മോട്ടിവേഷൻ സ്പീച്ച് വെക്കും. പിറ്റേന്നത്തേക്ക് നമ്മുടെ മനസ്സ് ഊർജ്ജസ്വലമാക്കാൻ ഇതിലും നല്ല മരുന്ന് വേറെയേതുണ്ട്?

 

ഞാൻ ആലോചനയോടെ തലയാട്ടി, പിന്നെ പറഞ്ഞു-


" ഒരു നേട്ടത്തിന് ഒരു നഷ്ടം അനിവാര്യമാണ് കുട്ടീ,മകളോ ഹസ്ബന്റോ ഇപ്പോൾ എന്റെ കൂടെയില്ല. വീട്ടുകാര്യങ്ങളൊക്കെ പറഞ്ഞു പരത്തി ഞാൻ അവരെ അപമാനിക്കുകയാണെന്നാണ് പരാതി. ഡൈവോഴ്സ് കേസ് നടക്കുന്നു. അന്ന് ഞാൻ ശരിക്കും ചിരി മറന്നു പോയിരുന്നു. ഇന്നാവട്ടെ ഞാൻ ക്യാമറക്കും മുമ്പിൽ വെറുതെ ചിരിക്കുന്നു."


" അത് സാരമില്ല ചേച്ചീ നമുക്ക് ചേരാത്ത ഒരിടത്ത് എത്രകാലം ഇഴഞ്ഞു നീങ്ങാനാകും? ഇപ്പോഴാണ് നിങ്ങൾ ജീവിക്കുന്നത് ആ മുഖത്തെ പ്രസന്നത അത് വിളിച്ചു പറയുന്നു. മറ്റൊന്ന് ചോദിച്ചോട്ടെ, 

മൂക്കിൻ തുമ്പത്തെ ആ  ദുർഗന്ധം ഇപ്പോഴുമുണ്ടോ?"

 

ഞാൻ ദീർഘമായി നിശ്വസിച്ചു. ജീവിതത്തിന്റെ കാളകൂടം എന്തെന്നറിഞ്ഞിട്ടില്ലാത്ത ചെറുപ്പക്കാരിയായ ആ പെൺകുട്ടിയെ ഒട്ടു നേരം ഞാൻ കൗതുകത്തോടെ നോക്കി. പിന്നെ പതുക്കെ പറഞ്ഞു, 


" അതെന്റെ ജീവിതത്തിന്റെ ഗന്ധം തന്നെയായിരുന്നു.ഇത്ര കാലവും പലതരം പെർഫ്യൂമുകൾ  കലർത്തിക്കലർത്തി ശവഗന്ധത്തിന്റെ തോത് കുറച്ചു കുറഞ്ഞെന്ന് തോന്നുന്നു. സഹിക്കാവുന്നതായിട്ടുണ്ട് ഇപ്പോൾ.. "


ആഴമുള്ള വാക്കുകൾ കേട്ടു ശീലിച്ചിട്ടില്ലാത്ത ആ അവതാരക വെറുതെ പൊട്ടിച്ചിരിച്ചു. പൊള്ളയായ ചിരിക്കഷ്ണങ്ങൾ ചുറ്റും കിലുങ്ങി വീണു. ക്യാമറയിലേക്ക് നോക്കിക്കൊണ്ട് അവൾ യൂട്യൂബറുടെ കൈ കവർന്നുകൊണ്ട് പറഞ്ഞു,


"നന്ദി ചേച്ചീ, ഇത്രനേരവും ഞങ്ങളുടെ 'തമ്മിൽ തമ്മിൽ' പരിപാടിയിൽ സംവദിച്ചതിന്,ഈ ജീവിതം എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ, നന്ദി.. "


 മഞ്ഞക്കറ വീണ ടോയ്ലറ്റ് വെളുപ്പിക്കുന്ന ലിക്വിഡിന്റെ പരസ്യത്തിലേക്ക് പെട്ടെന്ന് ടിവി സ്ക്രീൻ ഉന്മേഷത്തോടെ ചിരിച്ചുണർന്നു..

പിൻനിലാവ് (കഥ )

 പിൻ നിലാവ് (കഥ )


ജീവിതത്തിന്റെ സങ്കീര്‍ണവാചകങ്ങള്‍ക്കും ലളിതസമവാക്യങ്ങള്‍ക്കുമിടയിലെല്ലാം നെഞ്ചിടിപ്പോടെ ഉയര്‍ന്നു വരുന്നവനാണ്'പക്ഷേ എന്ന വാക്ക്. കേള്‍ക്കുന്നവരിലേക്ക് അത് 

ആശങ്കയുടെ മുള്ളുകൾ തെറിപ്പിക്കും.ശാരദറ്റീച്ചറും സിദ്ദിക്ക്മാഷും യാത്ര പുറപ്പെട്ടപ്പോഴും നടുവളഞ്ഞ അനേകം ചോദ്യങ്ങളോര്‍ത്തു ഉള്ളു കലങ്ങായ്കയല്ല.


"എന്റെ കാര്യത്തില്‍ ഇടപെടാന്‍ മറ്റാര്‍ക്കാ അധികാരം?'


എന്ന് അവരുടെ മക്കള്‍ വരെ നെഞ്ച് വിരിച്ചു ചോദിക്കുന്ന കാലമായിട്ടും

അവര്‍ക്കതിനുള്ള തന്റേടം ആയിട്ടില്ല.അതുകൊണ്ടാണ് ഈ യാത്രക്കവര്‍ ഇത്രയും അവസരം പാര്‍ത്തത്.ഒന്നിനുമല്ല, കാലങ്ങളായി മനസ്സില്‍ കുന്നുകൂട്ടി വച്ചതൊക്കെയും സ്വൈരമായി പറഞ്ഞു തീര്‍ക്കണം.പറയാതെ പോയ ഇഷ്ടങ്ങള്‍, ആ നദികള്‍ കൂടിച്ചേര്‍ന്നിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന അത്ഭുതങ്ങള്‍...കീമോക്ക് ശേഷവും നിശ്ശബ്ദകൊലയാളിക്കു മുമ്പില്‍ ടീച്ചര്‍ പിടിച്ചു നില്‍ക്കുന്നതു തന്നെ ഈ യാത്രയ്ക്കു വേണ്ടി മാത്രമായിരുന്നെന്നു തോന്നും.


രണ്ടു വഴിയിലൂടെ ആരുടേയും തുണയില്ലാതെ അവര്‍ തീവണ്ടിസ്‌റ്റേഷനില്‍ എത്തി.വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കുന്നതിന്റെ ഒരു ഗൂഡസ്മിതം രണ്ടു പേരുടെയും മുഖത്തു തിളങ്ങി.കൈ കോര്‍ത്തു പിടിച്ചു അവര്‍ വണ്ടിയില്‍ കയറി.ഇനിയാരു കണ്ടാലും പ്രശ്‌നമില്ലെന്ന മട്ടില്‍ തൊട്ടു തൊട്ടിരുന്നു.രാത്രിയുടെ തണുത്ത കരതലം അവരെ ചെറുപ്പകാലത്തേക്ക് ഒരു തൂവല്‍ പോലെ എടുത്തുയര്‍ത്തി.


'ഓര്‍മയില്ലേ?'


ബോയ്കട്ട് പോലെ തോന്നിച്ച മുടിയിലേക്ക് സാരിത്തലപ്പ് വലിച്ചിട്ട് അവര്‍ ചോദിച്ചു.


"അന്ന് നമ്മുടെ സ്‌കൂളില്‍..."


വാചകം മുഴുവനാക്കാതെ അവര്‍ പുറത്തെ കാഴ്ചകളിലേക്ക് ഊളിയിട്ടു.


'പത്തിരിയുണ്ടാക്കി കൊണ്ടുവന്നതാണോ?


അയാളുടെ ചിരിയില്‍ വിരിഞ്ഞ ജാള്യം ആ പ്രായത്തിലും ചന്തം വിതറി.


'ങാ, പത്തിരി ഇതേ വരെ കഴിച്ചിട്ടില്ലാന്നു പറഞ്ഞിട്ട്..പാവം മാഷ്,ഞാന്‍ നല്ല പത്തിരിയും ഇറച്ചിക്കറിയും തട്ടി വിടുമ്പോള്‍ എന്റെ സാമ്പാറും പുളിശ്ശേരിയും കൂട്ടി മാഷ് ഊണ് കഴിക്ക്ണത് ഇപ്പഴും കണ്ണില്‍ കാണാം.'


അവര്‍ പിന്നെയും ഓര്‍ത്തോര്‍ത്തു ചിരിച്ചു..


'അന്ന് സാബിറ എന്നോട് ചോദിച്ചു, ഇന്നെന്താ ചോറിനു പകരം പത്തിരീന്ന്?ഒന്നുല്ലാന്നു ഞാന്‍ കണ്ണടച്ചു കള്ളം പറഞ്ഞു.'


'ഭരതേട്ടനോട് ഞാനും കുറെ കള്ളം പറഞ്ഞതാ നമ്മുടെ സൌഹൃദം നിലനിര്‍ത്താന്‍..'


'സാരമില്ല, നമ്മളതിനു തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.ഇനിയൊട്ടു ചെയ്യാനും പോണില്ല.ഈ യാത്ര തന്നെ എന്റൊരു മോഹാണ്..ടീച്ചറെ കൂടെയിരുത്തി കാഴ്ചകളൊക്കെ കണ്ട്..പക്ഷെ ...'


'ഒരു പാട് വൈകി സഫമാകാന്‍ അല്ലേ?'


അവര്‍ വേദനയോടെ മാഷെ ഉറ്റു നോക്കി.അയാള്‍ ആ വലിയ കണ്ണുകളെ നേരിടാനാകാതെ തല താഴ്ത്തി.'


മഴ വരുന്നു, ഷട്ടര്‍ താഴ്ത്തണോ?'


'വേണ്ട, ഇരുട്ടാവും ഇപ്പോ..പിന്നെ പുറത്തേക്ക് നോക്കിയിരിക്കാന്‍ നല്ല രസാ.ചക് ചക് എന്നു ഇരുട്ട് വിഴുങ്ങിയാണോ തീവണ്ടിക്ക് അനുനിമിഷം ഉശിര് കൂടുന്നതെന്നു തോന്നിപ്പോകും..സന്തോഷത്തിന്റെ പട്ടുപുടവകളൊന്നും നിന്റെ എഴുത്തില്‍ കാണാത്തതെന്ത്?ദുഃഖത്തിന്റെ കനത്ത ഇരുമ്പുകൊളുത്താണല്ലോ എങ്ങും ചോര തെറിപ്പിച്ച്?ഇങ്ങനൊരു ചോദ്യം മുമ്പ് മാഷ് എഴുതി ചോദിച്ചിരുന്നില്ലേ?ഒരിക്കലും തീരില്ലായിരുന്നു അന്ന് നമ്മുടെ എഴുത്തുകള്‍..'


'അതെ, ബാപ്പ എഴുത്തൊന്നു പിടിക്കയും കള്ളി വെളിച്ചത്താവുകയും ചെയ്യണ വരെ.'


മ്ലാനതയാല്‍ അയാളുടെ മുഖം ഇരുണ്ടു.ചേരേണ്ടവരെ ദൈവം ഒരിക്കലും ചേര്‍ക്കില്ല.


അവര്‍ ചിരിച്ചു. ചിരി വക്രിച്ച് കരച്ചിലിനെ തൊട്ടു.'സന്തോഷത്തിന്റെ കുന്നിക്കുരുക്കളത്രയും പെറുക്കാനാശിച്ചവളാ ഞാന്‍.അതിനായുമ്പോഴെല്ലാം കോട പോലെ ദുഃഖത്തിന്റെ ഈ മേലാപ്പുകള്‍...തണലുകളുടെ കുളിര്‍മ അറിഞ്ഞാലല്ലേ വേദനകളുടെ ഉഷ്ണപ്രവാഹങ്ങളിലേക്ക് ഇത്തിരിയേലും തണുപ്പ് കയറുകയുള്ളൂ?'


'നിന്റെ ഈ സാഹിത്യംപറച്ചില്‍ തന്നെയാ എന്നെ നിന്റെ പിന്നാലെ നടത്തിച്ചത്.വെച്ചുണ്ടാക്കണം,കഴിക്കണം, ഉറങ്ങണം ഇതിലപ്പുറം ഒരു ചിന്തയും സാബിറയെ അലട്ടാറില്ല.മൂന്നു കുട്ടികള്‍ക്കും എന്നെക്കാള്‍ കാര്യം അവളെത്തന്നെയാ..'


ഭാഗ്യവതി! ഒരു സ്ത്രീ ചിന്തിച്ചിട്ടെന്തു വിശേഷം?വിവരമുള്ളവളും ഇല്ലാത്തവളും ആത്യന്തികമായി നേടുന്നത് ഒന്നു തന്നെഭര്‍ത്താവ്, കുട്ടികള്‍..അതില്‍ കെട്ടു പിണഞ്ഞ ജീവിതസമസ്യകള്‍...ആ കുരുക്കുകള്‍ നേ ടാത്തവരെയെല്ലാം സമൂഹം കൊഞ്ഞനം കുത്തും..എന്റെ മോളാണെങ്കില്‍ മൊബൈലാണോ അവളെ പെറ്റതെന്നു തോന്നും.ഫെയ്‌സ്ബുക്കും ഇൻസ്റ്റയും ചാറ്റിങ്ങും..ഏതു നേരവും അതിന്റെ മുന്നിലാണ് തപസ്സ്.അത്യാവശ്യത്തിനേ വായ തുറക്കൂ.അതിഥികള്‍ വരുന്നത് കലിയാണവള്‍ക്ക്.'


'എ ടിപ്പിക്കല്‍ മോഡേണ്‍ ഗേള്‍.നിന്റെ ആളും കംപ്യുട്ടര്‍എഞ്ചിനീയറല്ലേ?ജീന്‍ മാറിയിട്ടില്ല.ഏതായാലും കവയത്രി അവേണ്ടവള്‍ക്ക് കിട്ടിയൊരു കൂട്ട്.പിന്നെ നമ്മടെ ജനറേഷന്റെ ആ ചമ്മലും പേടിയുമൊന്നും ഇപ്പഴത്തെ കുട്ടികള്‍ക്കില്ല.ഇഷ്ടമുള്ളവരെ കൂട്ടി വന്ന് ഞാന്‍ ഇയാളുടെ ഒപ്പാ ഇനി താമസിക്കുന്നതെന്ന് കൂളായി പറഞ്ഞു കളയും.സ്വന്തം അയല്‍വാസിയെപ്പോലും ഫെയ്‌സ്ബുക്കില്‍ നിന്നറിഞ്ഞിട്ടു വേണം.ബലൂണ്‍ പോലെ വീര്‍ത്തു നില്‍ക്കുന്ന ജീവിതജാടകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇത്ര നല്ലൊരു വേദി വേറെ എവിടെ കിട്ടും?ഒരാളെ മനസ്സീന്ന് ഡിലീറ്റു ചെയ്യാനും ആക്‌സപ്റ്റു ചെയ്യാനും ഒരു നിമിഷം പോലും വേണ്ട..നമ്മള്‍ ഓള്‍ഡ് ജനറേഷന്‍ അവര്‍ക്ക് സെന്റിമെന്റലി മാഡ് ആയ ഒരു കൂട്ടം മാത്രം..'


അവര്‍ പരിഭവത്തോടെ അയാളെ നോക്കി.പിന്നെ മന്ത്രിച്ചു 


"എന്റെ അത്ര തനിച്ചായിപ്പോയവള്‍ ഈ ലോകത്ത് വേറെ ഉണ്ടാവില്ല.'


അയാളവരെ മമതയോടെ ചേര്‍ത്തു പിടിച്ചു.


"മരിക്കോളം ഞാനുണ്ട്.'


കാലത്തിന്റെ ഒരടര് അയാള്‍ക്കു മുന്നില്‍ പതുക്കെ അടര്‍ന്നു വീണു..


'കാഫര്‍ച്ചിയെ മാത്രേ അനക്ക് ലോഗ്യാക്കാന്‍ കിട്ടിയൊള്ളൂ.ഓന്റൊരു ലഫ്.നോക്കിക്കോ, ഇനിയും നീയാ പെണ്ണിനെ കണ്ടൂന്ന് അറിഞ്ഞാ നിന്നെക്കൊന്ന് ജയിലില്‍ പോയാലും വേണ്ടില്ല.സമുദായം പുറത്താക്കുന്നതിലും ഭേദം അതാ.'


ചീറ്റിത്തെറിക്കുന്ന ദേഷ്യത്തില്‍ ഉപ്പയുടെ ചുണ്ടും താടിരോമങ്ങളും വിറച്ചു.എത്രയോ വീടുകളില്‍ ആവര്‍ത്തിച്ച ആ പതിവുനാടകം അയാള്‍ നിസ്സംഗനായി ഓര്‍മിച്ചു.എല്ലാവരെയും വെറുപ്പിച്ച് ഒരു കല്യാണം.അതിലൊന്നും ഒരര്‍ത്ഥവുമില്ല.പൊരുത്തം, മനസ്സത് നഷ്ടപ്പെടുത്താതിരുന്നാല്‍ മതിയല്ലോ.ഒരേ സ്‌കൂളില്‍ ജോയിന്‍ ചെയ്യും വരെ അവര്‍ കത്തുകളിലൂടെ സംസാരിച്ചു.ഒരിക്കലും തീരാത്ത വിഷയങ്ങള്‍.ഈ ജന്മം പറഞ്ഞു തീരാത്തപോലെയാണ് ഇപ്പോളീ യാത്ര.അല്ലെങ്കില്‍ വാര്‍ധക്യം എത്തി നോക്കാന്‍ തുടങ്ങിയ ഇക്കാലത്ത് ആരാണ് ഇങ്ങനൊരു സാഹസത്തിനു മുതിരുക? അയാള്‍ അനവധി കഥകള്‍ വായിച്ചിട്ടുണ്ട്പ്രണയസാഫല്യത്തിനായി വയസ്സുകാലത്ത് മല കയറാനും നാട് കാണാനും പുറപ്പെട്ടവര്‍.ഉണങ്ങി മൊരിഞ്ഞ യൌവനത്തിന്റെ നടുക്കുന്ന നഷ്ടസ്മൃതിയില്‍ തിരികെ മലയിറങ്ങിയവര്‍..അതൊന്നും പക്ഷെ അവരെ അലട്ടിയില്ല.ചെറിയ കുട്ടികളുടെ കേവലസ്‌നേഹം പോലൊന്ന് അവരെ ചേര്‍ത്തു പിടിച്ചു.സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അവരുടെ ഇടയിലേക്ക് പെരുങ്കല്ലുകള്‍ ഇട്ടില്ലായിരുന്നെങ്കില്‍ മരണമല്ലാതെ മറ്റൊന്നും അവരെ വേര്‍പെടുത്തുമായിരുന്നില്ല.


ലോഡ്ജില്‍ മുറിയെടുക്കാനായി റിസപ്ഷനില്‍ നില്‍ക്കെ ചിലര്‍ തുറിച്ചു നോക്കുന്നത് കണ്ട് അവരല്‍പം പരിഭ്രമിച്ചു.റൂമിന്റെ എസിയിലേക്ക് ചാഞ്ഞിരിക്കും വരെ ആ ഭയം അവരെ വിട്ടൊഴിഞ്ഞതുമില്ല.അയാളവരുടെ മുഖം പിടിച്ചുയര്‍ത്തി


'ക്ഷീണിച്ചോ'


'ഉം പഴയ കാലല്ലല്ലോ.പിന്നെ അസുഖം...'


ഊര്‍ന്നു വീണ സാരിത്തലപ്പിനടിയില്‍ കണ്ട മൊട്ടത്തലയിലേക്ക് നോക്കി  അയാള്‍ നെടുവീര്‍പ്പിട്ടു.


'എന്റെ പഴയ മുടി ഓര്‍ക്കാവും അല്ലേ?കൊട്ടക്കണക്കിന് പറിഞ്ഞു പോരുമ്പോഴെല്ലാം ഞാനും കുറെ കരഞ്ഞു.പിന്നെ ഓര്‍ത്തു. ജീര്‍ണിക്കുന്ന ഈ കൂടിനെച്ചൊല്ലി തേജസ്സുള്ള എന്റെ ആത്മാവെന്തിനു കരയണം?'


'വാസ്തവം'


കണ്ണില്‍ നിന്ന് ഉരുണ്ടിറങ്ങിയ തുള്ളികള്‍ അവര്‍ കാണാതിരിക്കാന്‍ അയാള്‍ മുഖം തിരിച്ചു, അവരുടെ പിന്നിലെത്തി അവരെ കരവലയത്തിലൊതുക്കി ഉറ്റു നോക്കി കുറെ നേരം.പിന്നെ പിറുപിറുത്തു


"കാലം ഒന്നൂടെ പിന്നോട്ട് കറങ്ങിയെങ്കില്‍!നമുക്കായ് നമ്മുടെയാ കുട്ടിക്കാലം തിരിച്ചു വന്നെങ്കില്‍!'


'ഇതു മാത്രായിരുന്നു ആശ.ഈ നെഞ്ചിലിങ്ങനെ തല ചായ്ച്ച് ഒന്നുമോര്‍ക്കാതെ...'


അവര്‍ ഒരു ഗാഡാലിംഗനത്തിലേക്ക് മുറുകി.അപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി അയാളുടെ കണ്ണുകള്‍ ആ ഒളിക്യാമാറയെ തൊട്ടു.


'മാറി നില്‍ക്ക്'


പേടിയോടെ അവരെ തള്ളി മാറ്റി അയാള്‍ കിതച്ചു.


"നോക്ക് .അങ്ങോട്ട് നോക്ക്...'


അവര്‍ കാലങ്ങളായി ശീലിച്ച നിസ്സംഗ നേത്രങ്ങളോടെ ക്യാമറയെ നോക്കി പുഞ്ചിരിച്ചു.മഞ്ഞുതിരുന്ന ആ നിര്‍മമത കണ്ട് ഒട്ടൊന്നമ്പരന്ന് ക്യാമറ അവരുടെ വസ്ത്രങ്ങള്‍ അഴിയുന്നത് കാത്തുകാത്തിരുന്നു.എന്നാല്‍ കുട്ടികളെപ്പോലെ അവര്‍ പുറംചാരിയിരുന്ന് മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥയില്‍ നിന്നാരംഭിച്ച് ആയിരത്തൊന്നു രാവുകളിലേക്ക് ചുവടു വെച്ചു,ഇഷ്ടഭക്ഷണം കിട്ടാത്ത വെറുപ്പോടെ ക്യാമറ അവരെ തുറിച്ചു നോക്കി........

ശരീഫ മണ്ണിശ്ശേരി