Pages

2026 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

നഷ്ടപ്പെട്ടവർ (കഥ )

 നഷ്ടപ്പെട്ടവർ.( കഥ)


ആളുകൾ മുറ്റവും തൊട്ടടുത്ത ഇടവഴിയും കവിഞ്ഞ് അയൽവീടുകളിലും മറ്റുമായി തിങ്ങി നിറഞ്ഞിരിക്കുന്നു . വരാന്തയിൽ കിടത്തിയ ശവത്തിലേക്ക് നോക്കുമ്പോഴെല്ലാം ആശ്വാസത്തിന്റെ ഒരു അരുതാകാറ്റ് തന്നെ കുളിർപ്പിക്കുന്നുണ്ടോ? ഭാവം എന്തെന്ന് ഊഹിക്കാനാവാത്ത തന്റെ കല്ലിച്ച മുഖത്തേക്ക് ആളുകൾ വീണ്ടും വീണ്ടും നോക്കുന്നുണ്ട്. ഈ സ്ത്രീക്ക് യാതൊരു സങ്കടവും ഇല്ലേ? അവരുടെ ഒരേയൊരു  മകനല്ലേ ജീവനറ്റ് കിടക്കുന്നത്? അവരുടെ മുറുമുറുപ്പുകൾ കല്ല്മഴയായി ശിരസ്സിനെ ആഞ്ഞു കൊത്തുന്നു. മകന്റെ പത്താം വയസ്സിൽ അവന്റെ അച്ഛൻ വിട്ടു പിരിഞ്ഞപ്പോഴും ഇതേ നിസ്സംഗത തന്നെ പൊതിഞ്ഞു. ശൂന്യമിഴികളോടെ ചുറ്റും നോക്കി. മരണത്തിന്റെ ഗംഭീരസാന്നിധ്യത്തിൽ കരയേണ്ടതില്ലെന്ന് ആരോ ഉള്ളിലിരുന്ന് മന്ത്രിച്ചു. അനിത്യമായ ലോകം, നശ്വരമായ നേട്ടങ്ങൾ, കയ്യിലെ വെള്ളം പോലെ ചോർന്നു പോകുന്നതാണ് എല്ലാം..

അത്തരം ചിന്തകൾ മനസ്സിനെ ഒരു തത്വജ്ഞാനി ആക്കിയെങ്കിലും മകൻ എന്നെങ്കിലും തന്നെ വിട്ടു പോകുമെന്ന് ചിന്തിച്ചിരുന്നില്ല. ശാസിച്ചും വളരെ കുറച്ചു ശിക്ഷിച്ചും അവന്റെ പിന്നാലെ നടന്നിരുന്ന അവന്റെ അമ്മ. പത്തിൽ എത്തിയിട്ടും ഇടക്കിടെ തന്റെ തോളിൽ ചാരി ഇരിക്കും, എന്തേ മോനൂന്ന് ചോദിക്കുമ്പോ അമ്മേടെ അടുത്തിരിക്കുമ്പഴാ ഒരാൾ ഏറ്റവും സുരക്ഷിതൻ എന്ന് പുഞ്ചിരിയോടെ കളി പറയും.


എന്നിട്ട്..എന്നാണ് തന്റെ സാരിത്തുമ്പിൽ നിന്ന് ആ ശോഭയേറിയ മുത്ത് ഊർന്നു വീണു പോയത്? പ്ലസ് വണ്ണിന്‌ ഫുൾ എ പ്ലസ് കിട്ടിയപ്പോഴാണ് അവന്റെ വലിയ ആഗ്രഹമായിരുന്ന ഫോൺ വാങ്ങിക്കൊടുത്തത്. എല്ലാ അമ്മമാരെയും പോലെ ആശങ്ക മറച്ചു വച്ചില്ല. 


"മോൻ ഇനി ഇതിന് അഡിക്റ്റ് ആവോ? പഠിത്തം ഉഴപ്പോ?"


കണ്ണിൽ കുസൃതിയൊളിപ്പിച്ച് അവൻ അവന്റെ നീണ്ട മുടിയിഴകൾ വിരലിൽ ചുരുട്ടിയും അഴിച്ചും നിന്നു. പിന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, 


" എന്റെ അമ്മയാ എന്റെ ഏറ്റവും വലിയ അഡിക്ഷൻ."


"ഉം, സോപ്പ് വേണ്ട മോനേ, പഠിത്തം ഉഴപ്പിയാൽ പിന്നെ ഫോണ് നീ കാണില്ല."


ഒരല്പം ഗൗരവത്തിലാണത് പറഞ്ഞത്. അവൻ കുറുമ്പോടെ തന്റെ കൈകൾ തലോടി, 


"ഇല്ലാന്ന് പറഞ്ഞില്ലേ അമ്മക്കുട്ടീ".


എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ചോര കല്ലിച്ച ചുണ്ടുകൾ, വീർത്ത കൺതടങ്ങൾ..ഇതവൻ തന്നെയോ? തലയെ പൊതിഞ്ഞ തുണിക്കെട്ട് ചോരയിൽ കുതിർന്നിരിക്കുന്നു. മരിച്ചിട്ടും ചോര കണ്ണീരായി ഒഴുകുകയാണോ? തന്റെ കയ്യിൽ തൂങ്ങി നടന്നിരുന്ന തുടുത്ത ആപ്പിൾ മുഖമുള്ള കുഞ്ഞ് എവിടെയാണ് കളഞ്ഞു പോയത്?


എന്ജിനീയറിങ്ങിന് വളരെ ദൂരെയുള്ള കോളേജിൽ കിട്ടിയപ്പോൾ പോകുന്നില്ലെന്ന് അവനെത്ര വാശി പിടിച്ചു. അമ്മ തനിയെ വളർത്തിയ കുട്ടി ഉയരങ്ങളിൽ എത്തണമെന്ന് തനിക്കായിരുന്നു വാശി. 


"അമ്മ ഇവിടെ തനിച്ചാവില്ലേ? ഞാൻ കൊമേഴ്സിന് പോയേക്കാം. എന്ജിനീയറിംഗൊന്നും വേണ്ട അമ്മേ.."


അവസാനം നാട്ടിൽ നിന്ന് അമ്മമ്മയെ വരുത്താം എന്ന് പറഞ്ഞപ്പോഴാണ് അവൻ പോകാൻ തയ്യാറായത്. രാത്രി അവൻ എന്തു കരച്ചിലായിരുന്നു. നിഷ്കളങ്കനായ തന്റെയാ കുഞ്ഞ് മരിച്ചു പോയിട്ട് കാലമെത്രയായി. അവനെ അത്രേം ദൂരേക്ക് വിട്ടത് കൊണ്ടാണോ വൃത്തികെട്ട കൂട്ടുകെട്ടുകളിൽ ചെന്നു ചാടിയത്? 

ഒഴിവ് കിട്ടുമ്പോഴെല്ലാം ഓടിവന്നിരുന്ന അവന്റെ വരവിന്റെ ഇടവേളകൾ ക്രമേണ കൂടിക്കൂടി വന്നു. ഫോണിൽ വിളിച്ചാലും വല്ലപ്പോഴുമേ കിട്ടൂ.  


"പഠിക്കാനുണ്ടമ്മേ, അതാ വിളിക്കാത്തത്.."


എന്നും അതായിരുന്നു പല്ലവി. മൂന്നു മാസം കഴിഞ്ഞും നാട്ടിലേക്ക് കാണാതായപ്പോഴാണ് കോളേജിലേക്ക് വിളിച്ചത്. മുമ്പ് പലവട്ടം ശ്രമിച്ചിട്ടും കിട്ടാതിരുന്ന ആ നമ്പർ പകയോടെ ട്ര ർ ർ ർ എന്ന് അലറാൻ തുടങ്ങി. നിഗൂഢതയുടെ ഏതോ ഗഹ്വരത്തിൽ നിന്ന് ഒരു സ്ത്രീശബ്ദം മുരണ്ടു,  


"ഹെലോ, ഹു ഈസ് ദാറ്റ്?"


നിഥിന്റെ അമ്മയാണെന്നു കേട്ടതോടെ അവർ ശകാരം തുടങ്ങി. 


"ഞങ്ങൾ ഇയാളെ കോണ്ടാക്റ്റ് ചെയ്യാൻ രണ്ടു തവണ ശ്രമിച്ചു. ഔട്ട് ഓഫ് റേഞ്ച് എന്നാ കേട്ടത്. പിന്നെ ഞങ്ങൾക്കും അത്രയൊക്കെ റെസ്പോണ്സബിലിറ്റിയേ വേണ്ടൂ. അറിയാലോ, ഇപ്പോൾ കുട്ടികളുടെ അവകാശങ്ങൾക്ക് മുൻതൂക്കമുള്ള കാലമാ. അവരെ ശിക്ഷിക്കാനോ ശാസിക്കാനോ പറ്റില്ല. ശാരീരികപീഡനം, മാനസികപീഡനം ഇങ്ങനെ പലതാണ് വകുപ്പുകൾ. നിങ്ങൾ രക്ഷിതാക്കൾക്ക് ഒന്നും അറിയേണ്ടല്ലോ. സ്‌പോയിൽഡായ ഇത്തരം നൂയിസന്സുകളെ കോളേജിലേക്ക് വിട്ടാൽ മാത്രം മതിയല്ലോ."


"എന്താണ് മാഡം പ്രശ്നം? ഞാൻ നിഥിന്റെ ഒരു വിവരവും അറിയാഞ്ഞിട്ട് വിളിച്ചതാണ്".


"ആണോ?" 


പകയോടെ ആ ശബ്ദം ചീറി. 


"നിങ്ങളുടെ നിഥിൻ ഞങ്ങൾക്ക് എന്ത് മാത്രം വലിയ പ്രശ്നമാണെന്ന് നിങ്ങൾക്കറിയാമോ? ഹി ഈസ് ദ ലീഡർ ഓഫ് ഡ്രഗ് അഡിക്റ്റ്‌സ് ആൻഡ് ആൾസോ എ ക്യാരിയർ.."


അസ്തപ്രജ്ഞയായി നിലം പതിക്കുമ്പോഴും മനസ്സ് ഉരുവിട്ടു, അവർ വേറെ ഏതോ നിഥിനെക്കുറിച്ചാണ് പറയുന്നത്. തന്റെ ഉള്ളിൽ വീശുന്ന കൊടുങ്കാറ്റുകൾ ഇനി എന്നെങ്കിലും നിലയ്ക്കുമോ?

കെടാക്കനലായി നീറിനീറിയാണ് ഒരു ദിവസം മുഴുവൻ ട്രെയിനിൽ ഇരുന്ന് താനവിടെ എത്തിയത്. ഫോണിലൂടെ മുരണ്ട സ്ത്രീ പരിഹാസത്തോടെ ദൂരെയുള്ള റബ്ബർകാട്ടിലേക്ക്  വിരൽ ചൂണ്ടി. 


"അവിടെ എവിടേലും കാണും, അവനും അവന്റെ ശിങ്കിടികളും".


ഏതോ വൈൽഡ് മ്യൂസിക്കിനൊത്തു അതിദ്രുതം താളം ചവിട്ടുന്ന അവനും കൂട്ടുകാരും തന്റെ സാന്നിധ്യം അറിഞ്ഞത് തന്നെയില്ല. നിലവിളിച്ചിട്ടും ആർത്തു കരഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയതുമില്ല.

അവസാനം പോലീസ് സ്റ്റേഷനിലെത്തി തന്റെ മകനെ ഡീ അഡിക്ഷൻ സെന്ററിൽ എത്തിച്ചു തരണമെന്ന് അലമുറയിട്ടു.  


അവിടെ വച്ച്, അലറിയടുക്കുന്ന സിംഹം കണക്കെ അവൻ അക്രമാസക്തനാകുന്നത് കണ്ട് നടുങ്ങിപ്പോയി. എന്തുമാത്രം പാവമായിരുന്നു തന്റെ കുട്ടി.ഇത്രയും കോപം അവൻ എവിടെയാണ് ഒളിപ്പിച്ചിരുന്നത്? 


"ചികിത്സ കൊണ്ട് അവനെ തിരിച്ചു കിട്ടുമോ ഡോക്ടർ?"


കണ്ണീരിൽ കുതിർന്ന തന്റെ മുഖത്തേക്ക് നോക്കി ഡോക്ടർ അലിവോടെ പറഞ്ഞു, 


"കാം ഡൗൺ . നമുക്ക് ശ്രമിക്കാം.നിങ്ങൾ മടങ്ങിക്കോളൂ . ബൈ സ്റ്റാൻഡറായി നിൽക്കാൻ കരുത്തുള്ള ഒരു പുരുഷനെ പറഞ്ഞയക്കൂ".


"ഇല്ല ഡോക്ടർ, ഞാനിവിടെ നിൽക്കാം.അവനെ ഞാൻ നോക്കാം, പണ്ട് ഞാൻ നോക്കിയതല്ലേ ഒറ്റയ്ക്ക്.."


"വിഡ്ഢിത്തം പറയാതെ, വിവരങ്ങൾ അപ്പപ്പോൾ അറിയിക്കാം.പണം കൂടുതൽ അടച്ചാൽ ഇവിടുന്ന് തന്നെ ബൈ സ്റ്റാൻഡറായി ആളെ വെക്കാം.."


താനൊരാൾ മാത്രം  അധ്വാനിക്കുന്ന തന്റെ കുടുംബത്തെ എത്ര സാഹസപ്പെട്ടാണ് താൻ മുന്നോട്ട് കൊണ്ടു പോയിരുന്നതെന്നൊക്കെ മുമ്പ് അവനറിയാമായിരുന്നു. ഇന്ന്, അവന് എന്തിനെക്കുറിച്ചെങ്കിലും വല്ല നിശ്ചയവും ഉണ്ടോ? 

അഞ്ചാറു മാസത്തെ ചികിത്സ കഴിഞ്ഞപ്പോൾ ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു ബൊമ്മയായായി മാറി അവൻ. 


"മരുന്നിന്റെ സെഡേഷൻ ആണ്. വയലന്റ് ആകുന്നുണ്ട് ഇപ്പഴും. ഡ്രഗ്സിന്റെ ഓവർ യൂസ് അവനെ ഒരു മാനസികരോഗി ആക്കിയിട്ടുണ്ട്.."


ഡോക്ടർ അത്രയും പറഞ്ഞത് വിഷമത്തോടെയാണ്. വീട്ടിലേക്ക് കൊണ്ടു പൊയ്ക്കോളൂ എന്നു പറഞ്ഞപ്പോൾ ഡോക്ടർ ദൂരേക്ക് നോക്കി ദീർഘമായി നിശ്വസിച്ചു. 


അന്ന് മുതൽ തുടങ്ങിയ തീനടത്തം ഇന്നിതാ അവസാനിച്ചിരിക്കുന്നു. എന്തെല്ലാം പരാക്രമങ്ങളായിരുന്നു. ഭീകരമായ ഇടിനാദം ഓരോ നിമിഷവും അനുഭവിക്കുന്ന ഒരാളെപ്പോലെയായിരുന്നു തന്റെ അവസ്‌ഥ. .ജീവിതവും പല തരം ഋതുക്കൾ നിറഞ്ഞതാണല്ലോ. ഒരിക്കലും കത്തിത്തീരാത്ത വേനൽ, ഇടക്ക് ചെറുചിരിയോടെ തല കാണിക്കുന്ന വസന്തം, പേടിപ്പിക്കുന്ന മിന്നലും ഇടിയുമായി വർഷം, എല്ലാ ഓർമകളെയും മരവിപ്പിക്കുന്ന മഞ്ഞുകാലം..


വീട്ടിൽ തല്ലിത്തകർക്കാത്തതായി ഒന്നുമില്ല. അവന്റെ ഇടി കൊണ്ട് നിലത്ത് പുറം തല്ലി വീണ ശേഷം മാറാത്ത ഒരു ഊരവേദനയും കൂട്ടെത്തിയിട്ടുണ്ട്. പണത്തിനു വേണ്ടിയാണ് അവന്റെ എല്ലാ വീറും. മരുന്ന് കിട്ടണം.അത് മാത്രമാണ് ഇപ്പോൾ അവന്റെ അമ്മ, അവന്റെ തൊട്ടിൽ, അവന്റെ താരാട്ട്..


അത് വിഴുങ്ങിക്കഴിഞ്ഞാൽ അലകളെല്ലാം അടങ്ങി സമുദ്രം വിശ്രാന്തിയിലാവും.ഭക്ഷണം വേണമെന്ന് തന്നെയില്ല. തന്നെ ഒരു അപരിചിതയെ യെന്നോണമാണ് നോക്കുക, നീയേതാണ് സ്ത്രീയേ എന്ന മട്ടിൽ.

അവനിൽ നിന്ന് ഉപദ്രവങ്ങൾ എൽക്കുമ്പോഴെല്ലാം ഓർത്തു, ഈ തെറ്റിനെ ഞാനാണല്ലോ പെറ്റത് .ഞാൻ തന്നെ വേണ്ടേ പ്രായശ്ചിത്തം ചെയ്യാൻ. വീണു പോയത് നിലയില്ലാക്കുഴിയിലേക്കാണ്. കരകയറാൻ നോക്കുമ്പോഴെല്ലാം വക്കിടിഞ്ഞു വക്കിടിഞ്ഞു മണ്ണ് തന്നെ മൂടിക്കൊണ്ടിരിക്കുന്നു.


പിന്നെപ്പിന്നെ പണം മേശമേൽ വയ്ക്കാൻ തുടങ്ങി.എന്തിനാണ് തനിക്കിനി പണം? വേരടക്കം തകർന്ന മരം.അതിന് എന്തിനാണിനി വെള്ളം, വളം..ഇനിയേത് സെന്ററിൽ പോയാലാണ് അവനെ തിരിച്ചു കിട്ടുക? ഇത്തരം സന്ദർഭങ്ങളിൽ ചുറ്റും ആള് വേണം. സാരമില്ല എന്നൊരു വാക്ക് പറയാൻ ഒരാളെങ്കിലും വേണം. ഒറ്റയാങ്ങളയ്ക്ക് അവന്റെ ചുമടുകൾ ഒഴിഞ്ഞിട്ട് സമയമില്ല.അമ്മയാണെങ്കിൽ മറവിയുടെ തോണിയിൽ ഏതോ ഒരു ലോകത്തിലൂടെ സഞ്ചരിക്കുന്നു. ഞളുങ്ങിപ്പോയ പാത്രങ്ങൾ, കയ്യും കാലും ഒടിഞ്ഞ ഫർണീച്ചറുകൾ, എല്ലാം അവനെയാണ് ഓർമ്മിപ്പിക്കുന്നത്.ഒരു കടുവയെയാണ് താൻ വളർത്തുന്നത്. തരം കിട്ടിയാൽ തന്നെ കടിച്ചു കീറാൻ വെമ്പുന്ന കടുവ..


ഓഫീസിൽ ലാപ്പിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴാണ് ഫോൺ.. അപരിചിതശബ്ദം കേട്ട് ഒന്നൂടെ നോക്കി, മകന്റെ നമ്പറാണ്. ദൈവമേ! എത്ര കാലമായി അവന്റെ ഒരു കോൾ വന്നിട്ട്. പക്ഷേ ഇതാരാണ്,ഈ പരുക്കൻ ശബ്ദം. 


"ഹെലോ, കേൾക്കുന്നില്ലേ? ഇത് പൊലീസാണ്. ഈ ഫോണിന്റെ ഉടമസ്ഥൻ ആക്സിഡന്റായി സിറ്റി ഹോസ്പിറ്റലിൽ ഉണ്ട്. വേഗം എത്തിക്കോളൂ."


തളർച്ചയോടെ അവിടെ എത്തിയപ്പോൾ അറിഞ്ഞു, ഐ സി യു വിലാണ്. തലയ്ക്കാണ് ക്ഷതം. അവന്റെ ബൈക്ക് ഒരു ബസിന് ഇടിച്ച്,തെറിച്ചു വീഴുകയായിരുന്നു. തനിച്ചായിപ്പോയിരിക്കുന്നു, ഒരു പാട് തനിച്ച്..തനിക്ക് തുണയാകേണ്ടവൻ, കൂരിരുളിലെല്ലാം തനിക്ക് ദീപമാകേണ്ടിയിരുന്നവൻ..


വൈകുന്നേരമായപ്പോഴേക്കും തണുത്ത ദേഹം വീട്ടിലേക്ക്  കൊണ്ട് പോകാനുള്ള സന്നാഹങ്ങൾ ആരൊക്കെയോ തുടങ്ങി.ഒരു ശിലയായി മാറിയ തന്നെ എല്ലാവരും സഹതാപത്തോടെ നോക്കി. താനെന്താണ് ബോധം കെട്ടു വീഴാത്തത്? തന്റെ കൈ പിടിക്കേണ്ടവൻ ആദ്യം രംഗമൊഴിഞ്ഞിട്ടും എങ്ങനെ ഇങ്ങനെ കല്ല് പോലെ നിൽക്കാൻ കഴിയുന്നു. സത്യത്തിൽ ആശ്വാസമല്ലേ ഒരു നീർച്ചാലായി തന്റെ ഉള്ളിലൂടെ ഒഴുകുന്നത്. മൂന്നാലു കൊല്ലമായി തന്നെ എരിച്ചു കൊണ്ടിരുന്നവൻ ഇനി മേലില്ല. ഇനി അവന്റെ ബലിക്കല്ലിൽ താൻ നിരന്തരം വെട്ടേൽക്കേണ്ടതില്ല. 

മനസ്സിന്റെ ഗൂഢമായ ചിന്തകൾ തന്നെത്തന്നെ ചുട്ടു പൊള്ളിച്ചു. കുത്തിപ്പറിക്കുന്ന തലവേദനയിൽ കണ്ണുകൾ പിടഞ്ഞു. ഭാരം കൂടി വരുന്ന ശിരസ്സിനെ എവിടെയെങ്കിലും ഒന്നു ചാരി വയ്ക്കണം. മുന്നിലൂടെ ആത്മാക്കളാണോ നിഴലുകളായി ലോങ് മാർച്ച് നടത്തുന്നത്? ഇടറിയിടറി നടക്കുന്നത് അവനാണോ? ശാരീരികക്ഷതങ്ങൾ ആത്മാവിലും വൈകല്യമുണ്ടാക്കുമോ? അവനല്ലേ തന്റെ അടുത്തേക്ക് വരുന്നത്? നീണ്ട മുടിയിഴയിൽ വിരലുകളിട്ട് ചുരുട്ടിയും അഴിച്ചും..അവനല്ലേ ചിരിക്കുന്നത്? എന്ത് ഭംഗിയാ ഇപ്പൊ അവനെ കാണാൻ. 


"പോട്ടെ, അമ്മക്കുട്ടീ, ലൈഫ് വെറുമൊരു ജോക്കല്ലേ.."


അത് പറയുമ്പോൾ എന്തൊരു കുസൃതിയാണ് അവന്റെ കണ്ണുകളിൽ..


"കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന നേരത്തും.."


ചിത ആളുന്നത് നോക്കിയിരിക്കെ പൂന്താനത്തിന്റെ വരികൾ ഉള്ളിലേക്ക് വിഷാദത്തോടെ കിലുങ്ങി വീണു.വ്യർഥതയുടെ വിഴുപ്പുഭാണ്ഡം മാത്രമായിത്തീർന്ന ജീവിതത്തെ ഒരു പത്തിരിയെന്നോണം ഞാൻ തിരിച്ചും മറിച്ചുമിട്ടു. രണ്ടു ഭാഗവും നന്നായി പൊള്ളി പാകമായിരിക്കുന്നു. 


പിറ്റേന്ന്, എല്ലാവരും പൊയ്ക്കഴിഞ്ഞു. അമ്മ എന്നെത്തന്നെ നോക്കിയിരിക്കുകയാണ്. പൊടുന്നനെ അമ്മ ചോദിച്ചു, 


"ഇതേതാ സ്ഥലം?, എന്തായിരുന്നു ഇവിടെ  ഒരു ആൾക്കൂട്ടം? നീയേതാ കുട്ട്യേ?"


അതുവരെ നിസ്സംഗതയുടെ ബന്ധനത്തിൽ കഴിഞ്ഞിരുന്ന സങ്കടങ്ങളത്രയും ഒരു നിലവിളിയോടെ പുറത്തേക്ക് കുതിച്ചു. കണ്ണുകൾ നിർത്താതെ പെയ്തു. അലറിക്കരയുന്ന എന്നെ നോക്കി  അമ്മ പകപ്പോടെ ചോദിച്ചു, 


"എന്തിനാ കരയണത്? വിശക്ക്ണുണ്ടോ?"

Shareefa mannisseri.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ