Pages

2026 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ജീവിതഗന്ധം (കഥ )

 ജീവിതഗന്ധം (കഥ ) 

Shareefa mannisseri 


ഒരു ദുർഗന്ധം സദാ എന്നെ ചൂഴ്ന്നു നിന്നിരുന്നു. വിഷാദത്തിന്റെ തമോഗർത്തത്തിലേക്ക്ആണ്ടിറങ്ങുമ്പോഴൊക്കെ അതെന്റെ മൂക്കിനെ ശ്വാസം മുട്ടിച്ചു. ചത്തു ചീഞ്ഞ ഈ മണം എന്തിന്റെയാണ്? അരിച്ചുപെറുക്കി എല്ലായിടവും വൃത്തിയാക്കിയിട്ടും ഇതിങ്ങനെ നിലനിൽക്കുന്നത് എന്തുകൊണ്ടാവും?

 ഇനിയെന്റെ മൂക്കിന് തന്നെയാവുമോ ഈ ശവഗന്ധം?

 മകൾ വന്നപ്പോൾ മുഖം അവളിലേക്ക് അടുപ്പിച്ചുകൊണ്ട് ചോദിച്ചു,


" മോളെ എന്റെ മൂക്കിന് വല്ല ചീഞ്ഞ സ്മെല്ലും ഉണ്ടോ?"


 ആകെ അന്തംവിട്ട് അവൾ എന്നെ തള്ളി മാറ്റിക്കൊണ്ട് ചൊടിച്ചു,


" ഈ അമ്മക്ക് വട്ടാണോ? മൂക്ക് മാത്രം എന്ത് മണം വരാനാണ് ഞാൻ കേട്ടിട്ടുള്ളത് ചത്താലാണ് ചീഞ്ഞ മണം വരികയെന്നാണ്". 

 

ഒരു കാര്യവുമില്ലെങ്കിലും ആ പ്രസ്താവന ഉള്ളിൽ ഇരുമ്പ്കൊളുത്തായി മുറിവുണ്ടാക്കി. വളരുന്തോറും അവൾ സ്നേഹശൂന്യ യാവുകയാണ്. തനിക്ക് സംസാരിക്കാൻ മാത്രം ഇവിടെ ആരുമില്ല. ഫോണിൽ എല്ലാവരും നല്ല വർത്തമാനക്കാരാണ്. പരസ്പരം ആരും വാ തുറക്കില്ലെന്ന് മാത്രം. കിലുക്കാംപെട്ടി പോലെ ചിരിച്ചു നടന്നിരുന്ന തനിക്ക് കിട്ടിയൊരു വീട്. തീരെ യോജിക്കാത്തവരെ പശ തേച്ചൊട്ടിക്കുന്ന ഒരു പരിപാടിയാണ് കല്യാണമെന്ന് പലപ്പോഴും തോന്നാറുണ്ട്. ഏറ്റവും അത്യാവശ്യത്തിന് മാത്രം മിണ്ടുന്ന കമ്പ്യൂട്ടർ എൻജിനീയറായ ഭർത്താവ്. മൂപ്പർക്ക് മൂന്നാലു ഭാഷകൾ കൂടി അറിയാമെന്ന് ഈയിടെ ആരോ പറഞ്ഞാണ് അറിയുന്നത്. മാതൃഭാഷയിൽ തന്നെ മിണ്ടാൻ മനസ്സില്ലാത്ത അയാൾക്ക് എന്തിനാണ് മറ്റു ഭാഷകൾ?


 ഏകാന്തതയാണ് മൂപ്പരുടെ ഇഷ്ടതോഴൻ. പുസ്തകങ്ങൾ ഇടക്ക് വായിക്കുന്നത് കാണാം. ഏതൊക്കെയോ ഗസലുകൾ പതിഞ്ഞ താളത്തിൽ എപ്പോഴും ബിജിഎം ആയി ആ റൂമിൽ അലയടിക്കുന്നുണ്ടാവും. ഭാര്യക്കും ഭർത്താവിനും സ്വന്തമായ റൂം ഉള്ളതാണ് ഈ വീടിന്റെ ഏകയാശ്വാസം. ഒരാൾക്ക് ഒരാളെ എത്രനേരം സഹിക്കാ നാകും? അതും തികച്ചും വിരുദ്ധരായ രണ്ടാളുകൾ! വളരുന്തോറും മകൾ അയാളുടെ കാർബൺ കോപ്പിയായി മാറുകയാണെന്ന് തോന്നുന്നു. എങ്കിലും ഏതൊക്കെയോ ഫോൺ ബന്ധങ്ങൾ അവളുടെ പഠനസമയത്തെ  അപഹരിക്കുന്നുണ്ട്. ഒരു തവണ അതേപ്പറ്റി ചോദിച്ചതിന് കണക്കിന് കിട്ടി,


" അമ്മക്ക് വേറെ പണിയൊന്നുമില്ലേ? പപ്പയുടെ പിന്നാലെയുള്ള സിഐഡി പണി മതിയായിട്ടാണോ ഇപ്പോൾ എന്റെ പിന്നാലെ കൂടിയിരിക്കുന്നത്? ലുക്ക് അമ്മാ, അയാം നയന്റീൻ, ഐ ഹാവ് മൈ ഓൺ ഫ്രീഡം. ആൻഡ് ഡോണ്ട് പീപ് ഇന്റു മൈ പേഴ്സ്നൽ മാറ്റേഴ്സ്.. "


 ഏതായാലും അവളെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട് പഠിപ്പിച്ചതിന് ഫലമുണ്ടായിട്ടുണ്ട്.

 പുസ്തകങ്ങൾ വായിക്കുന്നത് തനിക്ക് പണ്ടേ ഇഷ്ടമല്ല. കണ്ട അപ്പേനോടും കുറുന്തോട്ടീനോടും വർത്താനം പറയണ നേരം നിനക്ക് രണ്ടക്ഷരം വായിച്ചൂടെ രമ്യേ എന്ന് പണ്ട് എത്ര തവണ അമ്മ ചോദിച്ചിരിക്കുന്നു. പാഠപുസ്തകങ്ങൾക്കപ്പുറം വായന ഒരിക്കലും ഉണ്ടായിട്ടില്ല. 


ഒഴിവുസമയം ടിവിയിൽ സിനിമയും സീരിയലും കാണും, അത്രതന്നെ. ഇവിടെയെത്തിയപ്പോൾ അതും ഇല്ലാതെയായി. 


"ആ വോളിയം ഒന്ന് കുറച്ചു വയ്ക്ക്,എന്ത് അലമ്പ് സിനിമകളും സീരിയലുകളും ആണ് നീ കാണുന്നത്"  തുടങ്ങിയ കല്പനകൾ ഭർത്താവിൽ നിന്ന് പാഞ്ഞു വന്നു. ശാസിക്കാനെങ്കിലും അയാളുടെ നാവ് പൊങ്ങുന്നുണ്ടല്ലോ. ഭാഗ്യം!


ചീഞ്ഞ മണം സഹിച്ചു സഹിച്ച് ഭക്ഷണം കഴിപ്പ് പോലും പ്രയാസമായി. ടെൻഷൻ കൂടുമ്പോൾ ഇഷ്ടമുള്ള എന്തേലുമൊക്കെ ഉണ്ടാക്കി കഴിച്ചാൽ ഒരു റിലാക്സ് വരും. അങ്ങനെയങ്ങനെ ഒരു ഉണ്ടച്ചി ആയിട്ടുണ്ടായിരുന്നു.  ഒരു മാസം കൊണ്ടാണ്  മൂന്നു കിലോ ഒറ്റയടിക്ക് കുറഞ്ഞത് . വല്ലതും തിന്നാൻ പറ്റണ്ടേ മൂക്കിൻ തുമ്പത്തെ ആ നശിച്ച ദുർഗന്ധം കാരണം..

 

കടലിനഭിമുഖമായി നിന്ന് ഞാൻ അതിമനോഹരമായി പ്രസംഗിക്കുന്ന ഒരു സ്വപ്നം കണ്ടു കൊണ്ടാണ് അന്ന് ഉണർന്നത്. എത്രയെത്ര ആളുകളായിരുന്നു മുന്നിൽ. ദൈവം എനിക്ക് വേണ്ടി എന്തോ കണ്ടുവെച്ചിട്ടുണ്ട്. എന്താവും ആ സ്വപ്നത്തിന്റെ വ്യാഖ്യാനം?

 

എന്നെ തിന്നു തീർക്കുന്ന മടുപ്പിൽ നിന്ന് രക്ഷപ്പെടാനാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. നിരുത്സാഹവാക്കുകൾ മാത്രം പറയുന്ന മകളും അച്ഛനും എങ്ങനെയാവും പ്രതികരിക്കുക എന്നതായിരുന്നു ഒരേയൊരു ഭയം . ഡിഗ്രി ഗ്രൂപ്പിലെ മോട്ടിവേഷൻ സ്പീക്കറായ മേരിയുടെ നമ്പർ തപ്പിയെടുത്ത് വിളിച്ചു. സത്യം പറഞ്ഞാൽ വാട്സപ്പ് ആയിരുന്നു കുറേക്കാലമായി എന്നെ ജീവിപ്പിച്ചു കൊണ്ടിരുന്നത്. അല്ലായിരുന്നെങ്കിൽ ഈ മുനികളുടെ ഇടയിൽ എന്നേ ഞാൻ ചത്തു കെട്ടു പോയേനെ. മേരിയാകട്ടെ കട്ട സപ്പോർട്ടായിരുന്നു.എതിർപ്പിന്റെ ചില്ലുകഷ്ണങ്ങൾ രണ്ടു പേരിൽ നിന്നും എമ്പാടും ഉണ്ടായി. മനപ്പൂർവം എല്ലാം അവഗണിച്ചു. അവർക്ക് വേണ്ടി എരിച്ചു കളയാൻ ഇനിയെന്റെ അക്കൗണ്ടിൽ സമയം 

ബാക്കിയുണ്ടായിരുന്നില്ല.

 

അങ്ങനെ തുടങ്ങിയ യാത്രയാണ് ദാ ഇവിടെയെത്തി നിൽക്കുന്നത്.ഞാൻ അഭിമുഖക്കാരിയെ നോക്കി പുഞ്ചിരിച്ചു. ആത്മവിശ്വാസത്തോടെ ചിരിക്കാൻ പഠിച്ചു വരുന്നതേയുള്ളൂ. എപ്പോഴും ഒരു നിഴൽ ചിരിയെ മൂടിക്കളയും.

 

ചേച്ചീ ,  ത്രില്ലിംഗ് സ്റ്റോറി തന്നെ. ശരിക്കും വീട്ടമ്മയായി കെട്ട് തീരുന്ന ഓരോ ജീവിതത്തിനും ചേച്ചിയൊരു പാഠമാണ്. ഇന്നിപ്പോ ചേച്ചിയെ അറിയാത്ത ആരുണ്ട്? ഞാൻ പോലും കിടക്കാൻ നേരം ചേച്ചിയുടെ മോട്ടിവേഷൻ സ്പീച്ച് വെക്കും. പിറ്റേന്നത്തേക്ക് നമ്മുടെ മനസ്സ് ഊർജ്ജസ്വലമാക്കാൻ ഇതിലും നല്ല മരുന്ന് വേറെയേതുണ്ട്?

 

ഞാൻ ആലോചനയോടെ തലയാട്ടി, പിന്നെ പറഞ്ഞു-


" ഒരു നേട്ടത്തിന് ഒരു നഷ്ടം അനിവാര്യമാണ് കുട്ടീ,മകളോ ഹസ്ബന്റോ ഇപ്പോൾ എന്റെ കൂടെയില്ല. വീട്ടുകാര്യങ്ങളൊക്കെ പറഞ്ഞു പരത്തി ഞാൻ അവരെ അപമാനിക്കുകയാണെന്നാണ് പരാതി. ഡൈവോഴ്സ് കേസ് നടക്കുന്നു. അന്ന് ഞാൻ ശരിക്കും ചിരി മറന്നു പോയിരുന്നു. ഇന്നാവട്ടെ ഞാൻ ക്യാമറക്കും മുമ്പിൽ വെറുതെ ചിരിക്കുന്നു."


" അത് സാരമില്ല ചേച്ചീ നമുക്ക് ചേരാത്ത ഒരിടത്ത് എത്രകാലം ഇഴഞ്ഞു നീങ്ങാനാകും? ഇപ്പോഴാണ് നിങ്ങൾ ജീവിക്കുന്നത് ആ മുഖത്തെ പ്രസന്നത അത് വിളിച്ചു പറയുന്നു. മറ്റൊന്ന് ചോദിച്ചോട്ടെ, 

മൂക്കിൻ തുമ്പത്തെ ആ  ദുർഗന്ധം ഇപ്പോഴുമുണ്ടോ?"

 

ഞാൻ ദീർഘമായി നിശ്വസിച്ചു. ജീവിതത്തിന്റെ കാളകൂടം എന്തെന്നറിഞ്ഞിട്ടില്ലാത്ത ചെറുപ്പക്കാരിയായ ആ പെൺകുട്ടിയെ ഒട്ടു നേരം ഞാൻ കൗതുകത്തോടെ നോക്കി. പിന്നെ പതുക്കെ പറഞ്ഞു, 


" അതെന്റെ ജീവിതത്തിന്റെ ഗന്ധം തന്നെയായിരുന്നു.ഇത്ര കാലവും പലതരം പെർഫ്യൂമുകൾ  കലർത്തിക്കലർത്തി ശവഗന്ധത്തിന്റെ തോത് കുറച്ചു കുറഞ്ഞെന്ന് തോന്നുന്നു. സഹിക്കാവുന്നതായിട്ടുണ്ട് ഇപ്പോൾ.. "


ആഴമുള്ള വാക്കുകൾ കേട്ടു ശീലിച്ചിട്ടില്ലാത്ത ആ അവതാരക വെറുതെ പൊട്ടിച്ചിരിച്ചു. പൊള്ളയായ ചിരിക്കഷ്ണങ്ങൾ ചുറ്റും കിലുങ്ങി വീണു. ക്യാമറയിലേക്ക് നോക്കിക്കൊണ്ട് അവൾ യൂട്യൂബറുടെ കൈ കവർന്നുകൊണ്ട് പറഞ്ഞു,


"നന്ദി ചേച്ചീ, ഇത്രനേരവും ഞങ്ങളുടെ 'തമ്മിൽ തമ്മിൽ' പരിപാടിയിൽ സംവദിച്ചതിന്,ഈ ജീവിതം എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ, നന്ദി.. "


 മഞ്ഞക്കറ വീണ ടോയ്ലറ്റ് വെളുപ്പിക്കുന്ന ലിക്വിഡിന്റെ പരസ്യത്തിലേക്ക് പെട്ടെന്ന് ടിവി സ്ക്രീൻ ഉന്മേഷത്തോടെ ചിരിച്ചുണർന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ