വരാന്തയിലേക്ക് കയറിയപ്പോഴേ അലങ്കോലത്തിന്‍റെ ചിതറലുകള്‍
എല്ലായിടത്തും ചിറി കോട്ടി കിടക്കുന്നത് കാണായി- സോഫയില്‍ ആഴ്ചപ്പതിപ്പുകളും
ബാലപുസ്തകങ്ങളും കമഴ്ന്നും നിവര്‍ന്നും കിടക്കുന്നു. നിലമാകെ തുണ്ടുകടലാസുകളാണ്.ഇവളിതെവിടെപ്പോയി?
തുറന്നു കിടപ്പാണ് വാതില്‍.. സിറ്റിംഗ് റൂമില്‍ കുട്ടികള്‍ രണ്ടും ദീവാനിലും
സോഫയിലും തല കുത്തി മറിയുകയാണ്. എന്താ അവരുടെ ആഹ്ലാദം, ഒരാളും വേണ്ട എന്നു
പറയാനില്ലാത്തതില്‍..”ഡാ-“ ഒച്ചയിട്ടു കൊണ്ട് അവരുടെ മുമ്പിലെത്തി, “കീറിയിട്ട ഈ
പേപ്പറൊക്കെ പെറുക്കി വേസ്റ്റ് ബാസ്കറ്റില്‍ ഇട് , ഒരു കളി, അമ്മയെവിടെ?”
അവര്‍ ഭയത്തോടെ ഒക്കെ പെറുക്കാന്‍ തുടങ്ങി. “മുകളിലുണ്ട്”-
ചെറുത് പിറുപിറുത്തു. കോണിയില്‍ ഒരു സ്റ്റെപ്പ് ഒഴിയാതെ കളിപ്പാട്ടങ്ങള്‍ തല
കുത്തനെ കിടക്കുന്നു. “ഡാ , അത് കഴിഞ്ഞാ ഇതും ക്ലീനാക്ക്, നിങ്ങളുടെ അമ്മയെന്താ
ചത്ത് പോയോ?” മുകളിലും ഇനി വലിച്ചിടാന്‍ ഒന്നും ബാക്കിയില്ല. തന്‍റെ ഷെല്‍ഫിലെ
സാധനങ്ങള്‍ പോലും നിലത്ത് കിടപ്പുണ്ട്. ഇന്നിവളുടെ ചെവിക്കല്ല് പൊട്ടിച്ചിട്ട്
ബാക്കി കാര്യം..അരിശത്തോടെ ബെഡ്റൂമിലെത്തി, ബെഡ്ഷീറ്റുകളും തലയിണകളും കുഴച്ചു
മറിച്ചിരിക്കുന്നു..”പ്രഭേ, ഡീ പ്രഭേ-“ഉറക്കെ വിളിച്ചുകൊണ്ട് റൂമില്‍ കയറി. രണ്ടു
പുതപ്പുകളുടെ കൂമ്പാരത്തിനടിയില്‍ നിന്ന് അവളുടെ സാരിത്തലപ്പ് കാണുന്നുണ്ട്. “നീയെന്താ
ചത്തോ, ഇവിടെ കുട്ടികള്‍ വീട് മറിച്ചിടുന്നതൊന്നും നീ കാണുന്നില്ലേ? എന്താ നീ
ഇവിടെ മല മറിക്കണത്, ഇത്ര ക്ഷീണിക്കാന്‍?”
കലിയോടെ പുതപ്പ് വലിച്ചു മാറ്റി. ചരിഞ്ഞു കിടപ്പാണ്
അനക്കമില്ലാതെ..”പ്രഭേ പ്രഭേ..” തൊട്ടു വിളിക്കാനായി മുഖത്ത് സ്പര്‍ശിച്ചു, ഒരു
കിടിലമായി മരവിച്ച തണുപ്പ് കയ്യിലേക്ക് അരിച്ചു കയറി..ചിറിക്കോണില്‍ ചോര..ഈശ്വരാ!
ഇനിയെന്തെല്ലാം ഗുലുമാലുകള്‍ ആണാവോ വരാന്‍ പോകുന്നത്. ആത്മഹത്യ ആയിരിക്കുമോ? ഡോക്ടറുടെ
അടുത്ത് പോയാല്‍ പണിയാകുമോ? സ്വയം കൊല്ലാന്‍ മാത്രം എന്ത് പ്രശ്നമാണ് അവള്‍ക്കുണ്ടായിരുന്നത്?
രണ്ടു ദിവസം കഴിഞ്ഞ് അയാള്‍ ബെഡ്റൂമിലെ ഷെല്‍ഫ് വെറുതെ
പരിശോധിക്കയായിരുന്നു. കുട്ടികളെ തല്‍ക്കാലം അവളുടെ അനിയത്തി കൊണ്ടു പോയിരിക്കാണ്.
അന്ന്‍ അയാള്‍ ആദ്യം വിളിച്ചത് സുഹൃത്തായ വക്കീലിനെയാണ്. കേസായിട്ടുണ്ട്, അത് മുറ
പോലെ നടന്നോളും. പക്ഷെ എന്തിനായിരിക്കും അവള്‍ അങ്ങനെ ചെയ്തത്? അവള്‍ക്ക് മറ്റു
വല്ല ബന്ധങ്ങളും ഉണ്ടായിരുന്നോ? കുറച്ച് കവിതയെഴുത്തിന്‍റെ ഭ്രാന്തുണ്ടായിരുന്നു.
അയാള്‍ക്ക് സങ്കടത്തേക്കാള്‍ വിദ്വേഷമാണ് തോന്നിയത്. അല്ലേലും താനും അവളും അത്ര
ക്ലോസൊന്നും ആയിരുന്നില്ല. എല്ലാ വീട്ടിലെയും പോലെ ഒരു അഡ്‌ജസ്റ്റിങ്ങ്
ലൈഫ്..രണ്ടാള്‍ക്കും ചാഞ്ഞു നില്‍ക്കാന്‍ മറ്റൊരു തണലാണ് വേണ്ടിയിരുന്നത്. കുളിര്‍മയും
കാറ്റുമുള്ള മറ്റൊരു ഷെയ്ഡ്..താനത് വര്‍ഷങ്ങള്‍ക്ക് മുമ്പേ നേടിയെടുത്തു. അതവള്‍ക്ക്
അറിയുമായിരുന്നോ?അതാണോ അവള്‍ യാത്ര പകുതിക്ക് വച്ച് മുറിച്ചു കളഞ്ഞത്?
അതോ അവള്‍ക്കും മറ്റൊരു തണല്‍ ഉണ്ടായിരുന്നോ?സമാന്തരരേഖകളാണ്
അധികവീടുകളിലും ദ്രുതം ചലിച്ചുകൊണ്ടിരിക്കുന്നത്, ഒന്നു മിണ്ടാന്‍ പോലും നേരമില്ലാതെ,
തീരാത്ത തിരക്കുകളില്‍..
അവളുടെ ആ കൊച്ചു ഡയറി അയാള്‍ ആദ്യമായി കാണുകയായിരുന്നു.
എന്തൊരു ഭംഗിയാണ്..ആരാവും ഇത് വാങ്ങിക്കൊടുത്തത്?കുനുകുനാ എഴുതിയ കുറെ കവിതകള്‍ക്ക്
ശേഷം നിലാവിലേക്ക് തുറക്കുന്ന ഒരു കതകിന്‍റെ ചിത്രത്തിന് താഴെ അവള്‍ എഴുതിയിരിക്കുന്നു –
“
"സഹജീവനം –വ്യത്യസ്ത ജീവികള്‍ അതിജീവനത്തിനായി പരസ്പരം ആശ്രയിക്കുന്ന സഹജീവനം എന്ന പ്രതിഭാസം
തന്നെയാണ് ദാമ്പത്യവും. യാതൊരു പൊരുത്തവുമില്ലാത്ത രണ്ടു വ്യക്തികള്‍ സമൂഹത്തിനു
മുന്നിലെ മാന്യമായ നിലനില്‍പ്പിനു വേണ്ടി മാത്രം സ്വന്തത്തെ ബലി കൊടുക്കുന്ന ഈ ഏര്‍പ്പാട്
എന്നാണ് ഒന്നവസാനിക്കുക? കല്യാണമെന്ന ഇത്തിള്‍ക്കണ്ണി എത്രയെത്ര കലാജന്മങ്ങളെയാണ് തിന്നു
തീര്‍ത്തത്..”
ബോറ്- അയാള്‍ ഡയറി ഒരു മൂലയിലേക്കെറിഞ്ഞ് ശ്രേയക്ക് ഒരു
മെസ്സേജ് അയച്ചു. കവിതകള്‍ കാണുന്നത് തന്നെ അയാള്‍ക്ക് കലിയാണ്. എന്തിനാണ് ആളുകള്‍
ഇങ്ങനെ ഒരു പ്രയോജനവും ഇല്ലാത്ത ഓരോ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്? അയാള്‍ക്കൊരിക്കലും
മനസ്സിലാവാത്ത ഒരു കാര്യമാണത്.
പ്രായോഗികതയുടെ പരുത്ത വിരലുകള്‍ അക്ഷരങ്ങളെ പെറുക്കി
ശ്രേയയിലേക്ക് പറത്തി..അന്ന് വൈകീട്ട് അവള്‍ അയാളുടെ അടുത്ത് ഉണ്ടാവുമല്ലോ എന്ന ആശ്വാസചിന്ത
അയാളുടെ മനസ്സിലേക്ക് ആനന്ദമുത്തുകളെ തെറിപ്പിച്ചു. വളരെ വേഗം ഈ കേസും കൂട്ടവും
ഒന്നു തീര്‍ന്നു കിട്ടിയാല്‍ ശ്രേയക്കൊപ്പം സുഖമായി ജീവിക്കാമായിരുന്നല്ലോ എന്ന്
അയാള്‍ ഉത്ക്കടമായി ആഗ്രഹിച്ചു ...........