Pages

2016, ജനുവരി 31, ഞായറാഴ്‌ച

പുതുപാഠങ്ങള്‍{കഥ}






 ഞങ്ങളുടെ ക്ലാസ്അധ്യാപിക മമ്ത മിസ്സ്‌ ഈയിടെയാണ് വന്നത്..പുസ്തകങ്ങള്‍ ആ വര്‍ഷം മാറിയത്കൊണ്ട് കിട്ടാന്‍ താമസിച്ചിരുന്നു –
“നമ്മുടെ രാഷ്ട്രപിതാവ് ആര്?”
അവര്‍ വന്ന ഉടനെ ഉച്ചത്തില്‍ ചോദിച്ചു. അനാവശ്യമായ പേടിപ്പെടുത്തുന്ന ഒരു ഗൌരവം അവരുടെ മുഖത്തെ ആവരണം ചെയ്തിരുന്നു. അവര്‍ അനിലിനു നേരെ വിരല്‍ ചൂണ്ടി.

“ഗാന്ധിജി-“

ഒട്ടൊരു പതര്‍ച്ചയോടെ അവന്‍ പറഞ്ഞു തീര്‍ന്നതും ച്ലീം ച്ലീം ശബ്ദത്തോടെ ചൂരല്‍ അവന്‍റെ മുതുകിലേക്ക് വീണു..മനോജ്‌ ,ദേവിക ,അരുണ്‍ എല്ലാവരും പകച്ച കണ്ണുകളോടെ ആവര്‍ത്തിച്ചു –“ഗാന്ധിജി –“ച്ലീം ച്ലീം –ചൂരല്‍ മേലേക്കും താഴേക്കും ചാടി മറിഞ്ഞു..പരുഷമായ ചൂണ്ടുവിരല്‍ പിന്നെ എന്‍റെ നേരെയായി. എനിക്കേതാണ്ട് കാര്യങ്ങള്‍ പിടികിട്ടിയിരുന്നു..പാഠങ്ങള്‍ മാറിയത് പാവം ഇവരൊന്നും അറിഞ്ഞിട്ടില്ല.

“ഗോഡ്സെ-“

ഭവ്യതയോടെ ഞാന്‍ പറഞ്ഞു .

“വെരിഗുഡ്”-പരുക്കന്‍ശബ്ദം ക്ലാസ്സില്‍ പ്രകമ്പനമായി.

“നമ്മുടെ ദേശീയമൃഗം?”-അടുത്ത ചോദ്യം മൂര്‍ച്ചയോടെ തിളങ്ങി .ഇത്തവണ ആരും അടി വാങ്ങിയില്ല .കാര്യങ്ങള്‍ വളരെ പെട്ടെന്ന് മനസ്സിലാക്കുന്ന ബുദ്ധിമാന്മാരായിരുന്നു ഞങ്ങള്‍.

“പശു”- രവീണ്‍ ഉറക്കെ പറഞ്ഞു .

“വെരിഗുഡ് ,വെരിഗുഡ്”-പരുപരുത്ത ശബ്ദം വീണ്ടും നിശ്ശബ്ദതയെ മാന്തിക്കീറി .

“ലോകം കണ്ട ഏറ്റവും നല്ല ഭരണാധികാരികള്‍?”

“ഹിറ്റ്‌ലര്‍, മുസ്സോളനി...”-ചോദ്യങ്ങളേക്കാള്‍ വേഗത്തില്‍ ഉത്തരങ്ങള്‍ കിലുങ്ങി വീണു..ടീച്ചര്‍ പ്രസന്നയായി..കല്ലുമുഖം ഒട്ടൊന്നു മൃദുലമായി..അവര്‍ ബോര്‍ഡില്‍ ഹെഡിംഗ് എഴുതി 

–“ഹിറ്റ്ലര്‍-ഭരണപരിഷ്കാരങ്ങള്‍”-

“സൈലന്‍സ്”- മേശമേല്‍ ഭീകരമായി അടിച്ചുകൊണ്ട് അവര്‍ അലറി ..”ചരിത്രമാണ് ഒരാളെ നന്നാക്കുന്നതും ചീത്തയാക്കുന്നതും ..ഇതു വരെ നിങ്ങള്‍ കേട്ടതല്ല ശരി ഇനി കേള്‍ക്കാന്‍ പോകുന്നതാണ്..ചരിത്രം നമുക്ക് ചില പാഠങ്ങളും തരുന്നുണ്ട് –

+ഭൂരിപക്ഷത്തിന് അടിപ്പെട്ട് അഭിപ്രായങ്ങളില്ലാതെ ജീവിക്കലാണ് ഉത്തമം .

+ഒരു സാഹചര്യത്തിലും വിമര്‍ശിക്കാതിരിക്കുക എന്നതാണ് ബുദ്ധി

+ഒഴുക്കിനൊത്ത് നീന്താന്‍ കഴിയണം

+മുയലുകള്‍ ഉറങ്ങിപ്പോകുമ്പോള്‍ മാത്രമാണ് ആമകള്‍ ജയിക്കുന്നത്..ഭൂരിപക്ഷമായ മുയലുകള്‍ അതുകൊണ്ട് എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം.

+ഇതിഹാസങ്ങളോളം ശാസ്ത്രം മറ്റൊന്നിലുമില്ല .ശാസ്ത്രം പോലും അവയുടെ വെറും സന്തതി മാത്രമാണ് ..

വീണ്ടും ഹിറ്റ്ലറിലേക്ക് തിരിച്ചു വരാം .എന്തായിരുന്നു അദ്ദേഹം ചെയ്ത കുറ്റം?”

അവരുടെ ശബ്ദം മാത്രം ക്ലാസ്സില്‍ അലയടിച്ചു .ഉറക്കം നടിച്ചിരിക്കുന്ന ആ ചൂരല്‍ ഏതു നേരവും ചാടിയെണീക്കുമെന്നും ഞങ്ങളെ തലങ്ങും വിലങ്ങും പ്രഹരിക്കുമെന്നും ഞങ്ങള്‍ ഭയന്നു.അടി കിട്ടിയവര്‍ ചോര പൊടിയുന്ന ചുവന്ന തിണര്‍പ്പുകളോടെ പതുക്കെ തേങ്ങി .ഈ കാലത്തിനിടക്ക് ഇത്രയും ശിക്ഷിക്കുന്ന പരുക്കന്‍ശബ്ദമുള്ള ഒരു അധ്യാപിക വന്നിട്ടുണ്ടായിരുന്നില്ല..

അവര്‍ തുടര്‍ന്നു –“എന്താണ് ഹിറ്റ്ലര്‍ ചെയ്ത കുറ്റം ?  -സ്വദേശികളായ ഭൂരിപക്ഷത്തിന് നല്ല ജീവിതം ഉറപ്പാക്കിയതോ? കുടിയേറ്റക്കാരായ സങ്കരരക്തക്കാരെ ഉന്മൂലനം ചെയ്യല്‍ മാത്രമായിരുന്നു അതിനുള്ള ഏകപോംവഴി.പിന്നെങ്ങനെ അതൊരു കുറ്റമാകും?”-
അവസാനവരി ഒരു ആക്രോശമായി ഞങ്ങളുടെ മേല്‍ പതിച്ചു..അവര്‍ തുടര്‍ന്നു –“അതെ, അദ്ദേഹം മഹാനായിരുന്നു. നിങ്ങള്‍ അറിഞ്ഞവരല്ല മഹാന്മാര്‍ ,ഇനി അറിയാനുള്ളവരാണ്..”
.............................................................   .....................................................................

അങ്ങനെയിരിക്കെ ഒരു ദിവസം ക്ലാസ്സില്‍ ഒരു അടിപിടിയുണ്ടായി..എന്‍റെ തൊട്ടിരിക്കുന്ന അബുവിനോട് ഞാന്‍ കടുപ്പിച്ചു ചോദിച്ചു –“നിങ്ങളെന്തിനാ ഞങ്ങളുടെ നാട്ടില്‍ നില്‍ക്കുന്നത്?നിങ്ങളെന്താ നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചു പോകാത്തത്?”
വളരെ പെട്ടെന്ന് തന്നെ ക്ലാസ് രണ്ടു ചേരിയായി .അവനെ അനുകൂലിക്കുന്നവര്‍ വളരെ കുറവായിരുന്നു..വീട്ടിലേക്ക് വഴിയറിയാതെ ഉഴറുന്നവനെപ്പോലെ അവന്‍ മോങ്ങിക്കൊണ്ടിരുന്നു. ടീച്ചര്‍ ഇതറിഞ്ഞപ്പോഴാകട്ടെ അവനെ കളിയാക്കിക്കൊണ്ട് ചോദിച്ചു –“ഇവര്‍ പറഞ്ഞത് ശരി തന്നെയല്ലേ?നിന്‍റെ വീട്ടുകാര്‍ എന്തുകൊണ്ടിതേപ്പറ്റി ചിന്തിക്കുന്നില്ല?”
അവന്‍ വിളറി വെളുത്ത് ഉത്തരം മുട്ടി ഇരിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ വിജയികളായി അവനെ തുറിച്ചു നോക്കി .. അവന്‍റെ കൂട്ടുകാരന്‍ സുല്‍ത്താനെക്കുറിച്ചും ഞങ്ങള്‍ക്ക് പരാതിയുണ്ട്.മൃഗങ്ങളെ അറുത്തു തിന്നുന്ന മ്ലേച്ഛന്മാര്‍..മ്ലേച്ഛരക്തം തീര്‍ച്ചയായും കറുത്ത് കൊഴുത്തതായിരിക്കും..അത് പരിശോധിക്കാന്‍ ഒരു ബ്ലേഡ് ഞങ്ങള്‍ എപ്പോഴും കയ്യില്‍ വെച്ചു..അവസരം എപ്പഴാണ് വരികയെന്ന് പറയാനാവില്ലല്ലോ ..

ഞങ്ങളുടെ അധ്യാപികയുടെ മഹത്വം എത്ര വര്‍ണിച്ചാലും തീരുന്നതല്ല .എത്രയെത്ര തെറ്റുകളാണ് ഞങ്ങള്‍ ശരികളായി ധരിച്ചിരുന്നത്..വലിയ കണ്ണുകളുള്ള ഇവര്‍ ഇല്ലായിരുന്നെങ്കില്‍ ദൈവമേ ഞങ്ങള്‍ ശരിക്കും ഇരുളില്‍ ആണ്ടു പോയേനെ .....


2016, ജനുവരി 2, ശനിയാഴ്‌ച

പല ജന്മങ്ങള്‍{കഥ}






 ഓരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന മൃഗത്തെയോ പക്ഷിയെയോ കണ്ടെത്തുന്നത് അയാളുടെ പ്രധാനഹോബിയായിരുന്നു. താന്‍ പരിചയിച്ച പലരിലും ഏതെങ്കിലും ഒരു മൃഗമോ പക്ഷിയോ ഇല്ലാത്തതില്ല , ഒരു കൊറ്റിയുടെ രൂപത്തിലാണ് അയാള്‍ സ്വന്തത്തെ വിലയിരുത്തിയത് . കാണുന്നവര്‍ വിചാരിക്കും കൊറ്റി ഉറങ്ങുകയാണെന്ന് , അതിനല്ലേ അറിയൂ അത് നിതാന്തജാഗ്രതയോടെ ഇരിപ്പാണെന്ന്, ഒത്താല്‍ ഇരയെയും കൊത്തി പറന്നു പോകുമെന്ന് ..

തന്‍റെ അച്ഛനില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു പുലിയാണെന്നതില്‍ അയാള്‍ക്ക്  അശേഷമില്ല സംശയം . ഇപ്പോള്‍ മൂന്നാലു വര്‍ഷമായി കട്ടില്‍തലയ്ക്കല്‍ ചുരുണ്ടു പോയ ആ മനുഷ്യന്‍ പല്ലുകളും നഖങ്ങളും പൊഴിഞ്ഞു പോയ ഒരു പുലിയാണ് ..വഴക്കുകളിലെല്ലാം അയാളാണ് ജയിച്ചിരുന്നത് ,അയാളുടെ അട്ടഹാസങ്ങളില്‍ അമ്മ കിടുങ്ങി വിറച്ചിരുന്നു ..അമ്മയും മാര്‍ജാരവംശം തന്നെ –നിവൃത്തി കെട്ടാല്‍ നഖങ്ങള്‍ നീട്ടി വാല്‍ വിറപ്പിച്ച് രോമങ്ങള്‍ എഴുന്നു നില്‍ക്കുന്ന വെള്ളപ്പൂച്ച ..പക്ഷെ അമ്മയുടെ കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ടിരുന്നു ,ഒരു പൂച്ചയ്ക്ക് ചേരാത്ത വിധം സങ്കടങ്ങള്‍ ഒതുക്കിപ്പിടിച്ചിരിക്കുന്ന ആ രൂപം ഇപ്പോള്‍ ഓര്‍മിപ്പിക്കുന്നത് തൂക്കം പിടിച്ച ഒരു പിടക്കൊഴിയെയാണ് ..

സദാസമയവും കുട്ടികളോട് കയര്‍ത്തിരുന്ന നിര്‍ത്താതെ ശകാരിച്ചിരുന്ന മീനാക്ഷിട്ടീച്ചര്‍ ഒരു ചപ്പിലക്കിളി തന്നെ ..അളിയനാവട്ടെ ഒരു പഞ്ചാരക്കൊഴിയാണ് , അയാളുടെ പരസ്ത്രീബന്ധങ്ങളുടെ പേരില്‍ വഴക്കിട്ട് പല തവണ ചേച്ചി വീട്ടില്‍ വന്നുകൂടാന്‍ ശ്രമിച്ചു .അപ്പോഴൊക്കെ ഒരു കുറുക്കനായി അയാള്‍ അവളെ അനുനയിപ്പിച്ചു പറഞ്ഞു വിടും ,ഇല്ലെങ്കില്‍ കാലാകാലം ആ ഭാരം തലയിലാവുമെന്ന് അയാള്‍ക്കറിയാം ..ഇപ്പോള്‍ തന്നെ വീട്ടുചെലവുകള്‍ അയാളുടെ ചുമലിലാണ് , അതിന്‍റെ ഒരു ഗര്‍വ് അയാളുടെ വാക്കുകളില്‍ തുള്ളിത്തുളുമ്പും ..അയാളുടെ അമ്മയെ സംബന്ധിച്ച് ഒക്കെ കണക്ക് തന്നെ , ഒന്നുകില്‍ പുലിഭരണം , അല്ലെങ്കില്‍ കുറുക്കഭരണം ..

മനുഷ്യരില്‍ ഒളിഞ്ഞിരിക്കുന്നതും ഭൂമിയില്‍ നിലവിലുള്ളതുമായ പക്ഷിമൃഗാദികള്‍  എല്ലാംകൂടി  നോക്കുന്നിടമെല്ലാം നിറഞ്ഞിരിക്കുന്ന ഒരു മായക്കാഴ്ച  അയാളെ എപ്പോഴും ആശയക്കുഴപ്പത്തിലാക്കി ..ഒരാള്‍ പരിചയത്തോടെ ചിരിച്ചാല്‍ കുതിരയോ കാളയോ പശുവോ അങ്ങനെ ആരെങ്കിലുമാണ് ചിരിച്ചതെന്ന് തോന്നും , ക്രമേണ  ക്രമേണ കാഴ്ചയില്‍ നിന്ന് മനുഷ്യമുഖങ്ങള്‍ അപ്രത്യക്ഷമായെന്നും  പറയാം ..ദിവസവും അയാള്‍ കണ്ണാടിയില്‍ നോക്കും , ആദ്യമുണ്ടായിരുന്ന കൊക്കുമുഖം , കുറുക്കമുഖം എല്ലാം നിഴലുകളായിരിക്കുന്നു, ഇപ്പോള്‍ ഒരു കണ്ടാമൃഗമാണ് കൂടുതല്‍ മിഴിവോടെ തല ഉയര്‍ത്തുന്നത് ..

നാട്ടില്‍ നടമാടുന്ന ലഹളകള്‍ അയാളെ ചിരിപ്പിക്കുകയാണ് ചെയ്തത് –എന്തെല്ലാം നിസ്സാരകാര്യങ്ങളുടെ പേരിലാണ് മനുഷ്യര്‍ പരസ്പരം കൊന്നുകൊണ്ടിരിക്കുന്നത് , അതിരുതര്‍ക്കങ്ങള്‍ -അത് വ്യക്തികള്‍ തമ്മിലായാലും രാജ്യങ്ങള്‍ തമ്മിലായാലും വ്യത്യാസമൊന്നുമില്ല –യുദ്ധങ്ങളാണ് അനന്തരഫലം ..ഏതെങ്കിലും ദൈവത്തിന്‍റെ ചിത്രം വരച്ചതിന്‍റെ പേരില്‍ , ഏതെങ്കിലും പ്രവാചകന്‍റെ പേര് മാറ്റി വിളിച്ചതിന്‍റെ പേരില്‍ ..മതസ്പര്‍ധകള്‍ക്ക്  കാരണങ്ങള്‍ വേണമെന്നു തന്നെയില്ല ..കുട്ടികളുടെ കളികള്‍ തന്നെയാണ് മനുഷ്യര്‍ക്ക് ആദ്യപാഠം –ആദ്യം സൌഹൃദത്തിലുള്ള കളി അങ്കത്തിലേക്ക് നീങ്ങാന്‍ അധികം സമയം വേണ്ട ..അങ്ങനെ മരണം വരെ ആളുകള്‍ പൊരുതിക്കൊണ്ടേയിരിക്കുന്നു ..

വാര്‍ത്തകളില്‍ ഇതു വരെ കാണാത്ത  പല്ലും നഖവും നീട്ടിയ  ചില വിചിത്രജീവികള്‍  കടിച്ചുകീറുന്നത്  കാണാം , തെരുവുകളില്‍ ഒരുപാട് അപരിചിതമൃഗങ്ങള്‍ പേനായ്ക്കളെപ്പോലെ നാവ് പുറത്തിട്ട് , കൂര്‍ത്ത പല്ല് കാണിച്ച് , കണ്ണില്‍ ക്രൌര്യം നിറച്ച് വിഹരിക്കുന്നു ..നിനവിലും കനവിലും വിചിത്രജീവികള്‍ ..താനൊരു മനോരോഗിയാവുകയാണോ?

“വാര്‍ത്തകള്‍ കാണുന്നത് പേപ്പര്‍ വായിക്കുന്നത് എല്ലാം  നിര്‍ത്തണം ,-“ സൈക്ക്യാട്രിസ്റ്റ്  ഒരു പുഞ്ചിരിയോടെ പറഞ്ഞു . അസന്തുഷ്ടമായ വാര്‍ത്തകള്‍ നിങ്ങളുടെ ബ്രെയിനില്‍ നിരന്തരം സ്‌ട്രെസ് നിറക്കുന്നുണ്ട്..അത് നിങ്ങളുടെ ഹെല്‍ത്തിനു നല്ലതല്ല ..”

“പേപ്പര്‍ പോലും വായിക്കാതെ എങ്ങനെയാണ് സാര്‍ ജീവിക്കുക? ചുറ്റും നടക്കുന്നതിനെക്കുറിച്ചൊരു ബോധം നമുക്കു വേണ്ടേ? “-പണ്ടെന്നോ കേട്ട ഒരു പ്രസംഗത്തിലെ വരികള്‍ അയാളറിയാതെ അയാളുടെ  നാവ് പുറത്തേക്കിട്ടു ..മുന്നിലിരിക്കുന്നത് ദിനോസര്‍ പോലെ  ഏതോ വിചിത്രമൃഗമാണെന്ന്  അയാള്‍ക്ക് തോന്നാന്‍ തുടങ്ങിയിരുന്നു ..

“അതിനാണോ പ്രയാസം?”-ഡോക്ടര്‍ തൊലിക്കട്ടിയുള്ള ചിരിപൊഴിച്ചു –“എത്രയെത്ര കോമിക്ബുക്കുകള്‍ ഉണ്ട് , ജോലി കഴിഞ്ഞ് അതെല്ലാം വായിച്ചു പൊട്ടിച്ചിരിക്കൂ ..റിലാക്സ്ഡ് ആകൂ  ..ചുറ്റുമുള്ളവര്‍ ഭ്രാന്ത് പിടിച്ചു ഓരോന്ന്  ചെയ്യുന്നതിന് നമ്മളെന്തിനു വറീഡ്‌ ആകണം? അവരുടെ വട്ട് തീരുമ്പോള്‍ അവരത് നിര്‍ത്തിക്കൊള്ളും..”

“അപ്പോഴേക്കും കുറെ പാവങ്ങള്‍ ചത്തു കഴിഞ്ഞിരിക്കും ..”

“ചാകട്ടെ ,അപ്പഴല്ലേ മറ്റുള്ളവര്‍ക്ക് ജീവിക്കാനുള്ള സ്പെയിസ് , കണ്‍വീനിയന്‍സ് ഒക്കെ ഉണ്ടാകൂ ..അല്ലെങ്കിലേ മനുഷ്യര്‍ ഭീകരമായി പെരുകിക്കൊണ്ടേയിരിക്കുന്നു. ഞാന്‍ കുട്ടികളെ വേണ്ടെന്നു വെച്ചത് അതല്ലേ ..സന്തോഷമുള്ള കാര്യങ്ങള്‍ മാത്രം കേള്‍ക്കാന്‍ ശ്രമിക്കണം ..”  ഡോക്ടര്‍ വീണ്ടും പുഞ്ചിരിച്ചു , ദിനോദറിന്‍റെ വാല്‍ ഇളകുന്നുണ്ടോ?

ശരി തന്നെ.താനെന്നാണ് ഒരു ആമജന്മത്തിലേക്ക് കൂട് മാറിയത് .. ആലോചിച്ച് ആലോചിച്ച് ഇഴയുന്ന വെറും ആമ , ആയുസ്സ് ഒരുപാടുള്ളതോണ്ട് എത്രയാണതിന് ചിന്തിക്കാന്‍ ..പാവം പിടിച്ച അതിന്‍റെ നോട്ടം സങ്കടങ്ങളെയാവാം ഒപ്പിയെടുക്കുന്നത് ..ഭൂമിയിലെ ഭാരങ്ങളെല്ലാം തന്‍റെ മുതുകില്‍ ആണെന്നപോലെയാണ് താനും ഇഴയുന്നത് ..എല്ലാം കുതറിത്തെറിപ്പിക്കാനെന്നോണം  അയാള്‍ തന്നെത്തന്നെ ആകെയൊന്നു കുടഞ്ഞു .അപ്പോഴതാ ഒരാള്‍ തന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നു ..”എന്താ –“അപരിചിതന്‍റെ കാക്കക്കണ്ണുകളിലേക്ക് ഈര്‍ഷ്യയോടെ നോക്കിക്കൊണ്ട് അയാള്‍ മുരണ്ടു .

“ഹേയ് ഒന്നുമില്ല , -“അപരിചിതന്‍ തിരിഞ്ഞു നോക്കിക്കൊണ്ട് വേഗം നടന്നു . ഒരു കാക്ക ചാടിച്ചാടി നടക്കുന്നത് പോലുണ്ട് , അയാള്‍ ഉള്ളില്‍ ചിരിച്ചു . തെരുവില്‍ വിചിത്രജീവികള്‍ തലങ്ങും വിലങ്ങും നടക്കുന്നുണ്ട് , പൊരുതാനും കടിച്ചു കീറാനും അവസരം പാര്‍ത്ത്..

”ആലോചന ആമേ ഒട്ടും നന്നല്ല “ –അയാള്‍ സ്വന്തത്തോട് തന്നെ മുന്നറിയിപ്പെന്നോണം കനത്തില്‍  പറഞ്ഞു ,പിന്നെ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു ...