Pages

2014, ഫെബ്രുവരി 26, ബുധനാഴ്‌ച

അറ(കഥ)


പീഡനമുറിയുടെ കല്‍ച്ചുമരുകള്‍ എന്നെ തുറിച്ചു നോക്കി.മാസങ്ങളായി അവ കൈവളകള്‍ ആയിട്ട്.നായക്കെന്നോണം എറിഞ്ഞു കിട്ടിയ ഭക്ഷണം ഞാന്‍ നക്കിനക്കിത്തിന്നു.വെള്ളം കപ്പിക്കപ്പി കുടിച്ചു.ഏകാന്തതടവറയുടെ ഇരുണ്ട ചുവരുകള്‍ എന്നെ തുറിച്ചു നോക്കി.ഭ്രാന്തനായി ഞാനങ്ങോട്ടുമിങ്ങോട്ടും നടന്നു.തിന്നാന്‍ വരുന്ന രാക്ഷസനായ ഏകാന്തത.നാളെ കോടതിയില്‍ ഹാജരാക്കുമത്രെ.അതുകൊണ്ടാവും കീറി നാറിയ ദേഹത്തെ അവര്‍ വെള്ളം ചീറ്റി കുതിര്‍ത്തത്.അപ്പോഴും വിലങ്ങഴിക്കുകയുണ്ടായില്ല.അതിശക്തമായി വെള്ളം എന്നെ പ്രഹരിച്ചപ്പോള്‍ ഞാന്‍ ഒരു തെരുവുനായയെപ്പോലെ മോങ്ങി.അവര്‍ ആര്‍ത്തു ചിരിച്ചു.സ്വന്തം ശരീരം എന്നേ എന്റെതല്ലാതായി.ഭക്ഷണം,വെള്ളം അങ്ങനെ ആനന്ദവും ആശ്വാസവുമാകുന്ന എന്തും പീഡനയറയില്‍ വ്യസനഹേതുവാണ്.ദാഹം മാറ്റാന്‍ തിളച്ച വെള്ളം,വിശപ്പകറ്റാന്‍  പുളിച്ച ഭക്ഷണം..പശിയും ദാഹവും ഒരു മനുഷ്യന്റെ ആത്മാഭിമാനത്തെ അടിയോടെ തുരന്നെടുക്കും.അവയുടെ കൊടുമുടിയില്‍ നമ്മളേതു മലവും ഭക്ഷിക്കും,ഏതു മൂത്രവും കുടിക്കും..
ഷൂസ് കൊണ്ട് എന്റെ മേലാകെ ചവിട്ടിയരച്ച് നിയമപാലകന്‍ ഗര്‍ജിച്ചു:'എവിടുന്നാടാ നായേ നീ ബോംബുണ്ടാക്കുന്നത്?ആരെടാ നിന്റെ കൂട്ടാളികള്‍?'

ഇരുമ്പുലക്ക മാംസപേശികളെ ഞെരിച്ചൊടിച്ചു.നിമിഷങ്ങള്‍ക്കകം ഞാനൊരു കലങ്ങിയ ദ്രാവകമായി.അന്ധമാക്കുന്ന തീവ്രപ്രകാശത്തില്‍ കണ്ണീര്‍പോലും വറ്റി.ആ കഠിനവെട്ടത്തിലും ഇരുളിന്റെ ഭീമന്‍ സത്വങ്ങള്‍ എന്നെ തലങ്ങും വിലങ്ങും ഇടിച്ചു.

'ആ പേപ്പറുകളില്‍ ഒപ്പിട്ടാല്‍,എല്ലാം കോടതിയില്‍ സമ്മതിച്ചാല്‍ നിനക്ക് രക്ഷപ്പെടാം.ഇല്ലെങ്കില്‍ ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കാം..ഓര്‍മ വച്ചോളൂ..'

ഡി ഐ ജി പുഴുപ്പല്ലുകള്‍ കാട്ടി മൂക്രയിട്ടു

.കോടതിയില്‍ എത്തിയപ്പോഴാണ് ഞാന്‍ ഞെട്ടിപ്പോയത്.അത് അതേ സ്ഥലം തന്നെയായിരുന്നു.തുറുകണ്ണുകളുള്ള പീഡനയറ..ഏറ്റവും വലിയ പീഡകര്‍ ജഡ്ജിക്കസേരയിലിരുന്ന് പല്ലിളിക്കുന്നു.ഭേദ്യങ്ങളുടെ അടുത്ത എപ്പിസോഡിനായി എന്നെ കസ്റ്റഡിയില്‍ വിട്ടു.ജീവിതമരത്തില്‍ വ്യസനവും അദ്ഭുതവുമാണ് മാറി മാറി കായ്ക്കുന്നത്.പേപ്പറിലെല്ലാം ഞാന്‍ കൊടുംഭീകരനാണത്രെ.പാവം അബ്ബ,പാറക്കെട്ടുകള്‍ എത്ര കയറിയിറങ്ങി,എന്നെ കാണാനുള്ള വെറും അഞ്ചു മിനിട്ടിന്..അങ്ങനെ ഏകാന്തതടവറയിലെ അദ്ഭുതജീവിയെ പുറംവെളിച്ചം അഞ്ചു നിമിഷം സ്പര്‍ശിച്ചു..

ജയിലില്‍ എത്തുന്നതോടെ നമ്മള്‍ വേരുകള്‍ ഇല്ലാത്തവരാണ്.വെറും പടുമുളകള്‍.എന്നെ പിടിച്ചു കൊണ്ടു പോയ അന്ന് മുതല്‍ കിടപ്പിലായ അമ്മ ഈയടുത്ത് മരിച്ചു.എന്നിട്ടും പുറംലോകത്തിലേക്കുള്ള കവാടം അടഞ്ഞുതന്നെ കിടന്നു.സൂര്യന്‍ പകയോടെ എന്റെ സെല്ലിനു മുകളില്‍ കത്തിജ്വലിച്ചു.ഞാന്‍ ഉരുകിത്തിളച്ചുകൊണ്ടേയിരിക്കുന്നു.അമ്മയുടെ ഓര്‍മകളില്‍ വെന്തുകൊണ്ടേയിരിക്കുന്നു.ഒരു ചോണനുറുമ്പിനെ ചവിട്ടിയരച്ചതിന് നുള്ളിത്തിണര്‍പ്പിച്ചു, പണ്ട് അമ്മ.അന്ന് മുതല്‍ തുടങ്ങിയ നല്ല നടപ്പാണ്.എന്നിട്ടും കല്‍തുറുങ്കിന്റെ ഭീകരവായക്കുള്ളില്‍ ചതഞ്ഞരയാനായിരുന്നു വിധി.എത്രയെത്ര കൊടുംകുറ്റവാളികള്‍ നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു.പുഞ്ചിരിയില്‍ മുഖം മറച്ച് സ്വതന്ത്രരായി പരിലസിക്കുന്നു.അതിലൊന്നും പങ്കു കൊള്ളാതിരുന്നിട്ടും കൊടുംഭീകരന്റെ കറുത്ത കുപ്പായമിതാ എന്റെ തലയ്ക്കു മുകളില്‍.അമ്പതു പേര്‍ മരിച്ച ബോംബ് സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ഞാനാണത്രെ.നിയമസഭാ മന്ദിരത്തിലും ബോംബ് വെക്കാന്‍ ശ്രമിച്ചത്രെ.കിലോകണക്കിന് സ്‌ഫോടകവസ്തുക്കള്‍ വീടിനടുത്ത് ഒളിപ്പിച്ചിട്ടുണ്ടത്രെ.

എന്നെങ്കിലും പുറംലോകം കാണാന്‍ യോഗമുണ്ടെങ്കില്‍ നിറവേറ്റണമെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇത്രയുമാണ്.ഒരു പടക്ക നിര്‍മാണ ശാലയെങ്കിലും സന്ദര്‍ശിക്കണം.സ്‌ഫോടനവസ്തുക്കളുടെ അടിസ്ഥാനചേരുവയെങ്കിലും മനസ്സിലാക്കണം.ഒരു പടക്കശാല തട്ടിക്കൂട്ടണം.ഈ ഭേദ്യങ്ങള്‍ക്കെല്ലാം പ്രായശ്ചിത്തമായി എന്നെത്തന്നെ അതിനുള്ളിലിട്ടു ചുട്ടെരിക്കണം.ചിന്നിത്തെറിച്ച എന്റെ കറുത്ത ശരീരാവശിഷ്ടങ്ങള്‍ ഭരിക്കുന്നവരെ എത്ര ആഹ്ലാദിപ്പിക്കും അല്ലേ?

2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

പീപ്പി(കഥ)


ജാലകക്കീറിലൂടെ ചുരുണ്ടു വീഴുന്ന ഇരുട്ടിന്റെ കട്ടിക്കമ്പിളിയിലെ നക്ഷത്രപ്പുള്ളികള്‍ അവളെ നോക്കി കണ്ണിറുക്കി.ഒരു ശോകഗാനം കരച്ചിലായി ഹൃദയം പിളര്‍ന്നു പുറത്തേക്കൊഴുകി.ഒരിക്കലും കണ്ടിട്ടില്ലാത്ത സ്‌നേഹത്തിന്റെ നീലക്കുളം.അതിലൂടെ അരിച്ചു നീങ്ങുന്ന കൊതുമ്പുവള്ളത്തില്‍ സങ്കല്‍പ്പത്തിലെ പ്രേമമത്രയും കോരിയൊഴിച്ചു മോടി വരുത്തിയ ആ രൂപം..പൊടുന്നനെ ഭാവനയുടെ ചില്ലുകൊട്ടാരത്തെ തവിടുപൊടിയാക്കിക്കൊണ്ട് ഒരു വിതുമ്പലുയര്‍ന്നു.പാട്ടിന്റെ വരികള്‍ ശ്വാസം മുട്ടി താഴെ വീണു.ഇരുട്ടില്‍ തപ്പിച്ചെന്നു ലൈറ്റിട്ടപ്പോള്‍ ബെഡില്‍ കമഴ്ന്നു കിടന്നു കരയുകയാണ് രോഷ്‌നി.
'എന്താ, എന്തു പറ്റി?'
മറുപടിയില്ല.അല്ലേലും അവള്‍ ആരോടാ മനസ്സു തുറക്കാറ്?കണ്ടാല്‍ എന്തേലും വിഷമമുള്ള കുട്ടിയാണെന്നു തന്നെ തോന്നില്ല.ഒരു പാട് നിര്‍ബന്ധത്തിനു ശേഷം അവളൊരു കഥയുടെ താള്‍ മറിച്ചു.
'ഒരു പാട് സ്‌നേഹിച്ചിരുന്നു ഞാനവനെ.കൊളെജീന്നു ടൂര്‍ പോയപ്പോ അവനീ പാട്ടു പാടിയിരുന്നു.എപ്പോ ഈ പാട്ട് കേട്ടാലും എനിക്ക് കരച്ചിലടക്കാനാവില്ല.'
'നീയൊരു സുന്ദരിക്കുട്ടിയായിട്ടും?'
'രണ്ടു മതക്കാരായ നമ്മള്‍ ബന്ധുക്കളെയൊക്കെ പിണക്കി വിവാഹം കഴിച്ചാലും പല കാര്യത്തിലും നമുക്ക് യോജിപ്പുണ്ടാവില്ല.സ്‌നേഹത്തിന്റെ ഈ വര്‍ണത്തൂവലൊക്കെ കൊഴിഞ്ഞു പോകും കുട്ടീ.പിന്നെ തൊങ്ങലില്ലാതെ ഇറച്ചിയുടെ വൈരൂപ്യം മാത്രം ബാക്കിയാവും.'
"ഒരു തത്വചിന്തകനെപ്പോലെ അതും പറഞ്ഞവന്‍ തിരിഞ്ഞു നടന്നപ്പോള്‍ പാര്‍ക്കില്‍ ആരുമുണ്ടായിരുന്നില്ല.ഉറക്കെ നിലവിളിക്കണമെന്നും ആരുമില്ലാതായ ഈ ലോകത്തു നിന്നും ഓടിപ്പോകണമെന്നും അതിയായ ആഗ്രഹമുണ്ടായി."
മുഖത്തൊട്ടും പ്രസാദമില്ലാതെ ഓര്‍മകളെ ഒട്ടും വിട്ടു കളയാന്‍ കൂട്ടാക്കാതെ അവള്‍ ചുമരിനടുത്തേക്ക് നീങ്ങിക്കിടന്നു.

അസ്സൈന്മെന്റും റെക്കോര്‍ഡുകളും തയ്യാറാക്കുന്ന തിരക്കു പിടിച്ച ഒരു ദിവസം ഒരു കരിങ്കല്ലിടുംമ്പോലെ രോഷ്‌നി പൊടുന്നനെ പറഞ്ഞു.
'അപ്പന്‍ സ്വത്തൊന്നും ഓഹരി വെക്കുന്നില്ലേല്‍ ഞാനെന്റെ ഷെയര്‍ ചോദിച്ചു വാങ്ങും.'
പകച്ചു പോയി.രണ്ടു ദിവസം മുമ്പ് പൊട്ടിക്കരഞ്ഞ തൊട്ടാവാടി തന്നെയോ ഇത്?
'നിന്റപ്പനല്ലേ?നിങ്ങള്‍ മക്കള്‍ക്കല്ലാതെ സ്വത്ത് മറ്റാര്‍ക്ക് കൊടുക്കാനാ?എന്തിനാ ഓരോന്ന് പറഞ്ഞു അവരെ വിഷമിപ്പിക്കുന്നത്?'
'അങ്ങനെ ഒറപ്പിക്കാനൊന്നും പറ്റില്ല.ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് കല്യാണം കഴിഞ്ഞാ കഴിഞ്ഞു, വീടുമായുള്ള സ്വന്തോം ബന്ധോം.'
'നിന്റെ ചേച്ചീം പഠിക്കാണോ?'
'ഡിഗ്രി കഴിഞ്ഞതാ.കല്യാണം കഴിഞ്ഞേപ്പിന്നെ പഠിച്ചിട്ടില്ല.'
'നിന്നെപ്പോലെത്തന്നെ സുന്ദരിയാവും.?'
'ഉം ,നാട്ടിലെ സുന്ദരി തന്നാരുന്നു.മുട്ട് വരേയാ മുടി.കോളേജിലൊക്കെ എത്ര ആമ്പിള്ളാരാ ചേച്ചീടെ പിറകെ നടന്നിരുന്നത്.
'ഭാഗ്യവതി .'
എന്നും ഒരു സുന്ദരിയാവാന്‍ ആഗ്രഹിച്ചിരുന്ന ഞാന്‍ നൈരാശ്യത്തോടെ മന്ത്രിച്ചു.
'ആയിരുന്നു,പക്ഷെ...'
ഒരു പാടു നേരം മൌനത്തിന്റെ പൊത്തിലേക്ക് തല പൂഴ്ത്തി അവള്‍.കണ്ണുകള്‍ കലങ്ങി.എന്തു ഭംഗിയാണാ കണ്ണുകള്‍.
'ചേച്ചി ഇപ്പോ ഒരു മാനസികരോഗിയാ.ഡീപ്പ് ഡിപ്പ്രഷന്‍.ആരോടും മിണ്ടാതെ ഒരു റൂമില്‍ അടച്ചിരിക്കും.കുട്ടികളെയൊന്നും തിരിഞ്ഞു നോക്കില്ല.കുന്നിക്കല്‍ തറവാടിന് ഭ്രാന്തത്ത്യാളെ പോറ്റേണ്ട ഗതികേടൊന്നും ഇല്ലെന്നു അവളുടെ അമ്മായിയമ്മ ഇടയ്ക്കിടെ അമ്മയോട് ആക്രോശിക്കും.'
ഹൃദയത്തിലെ ദുഃഖമലയിലേക്ക് ചോരത്തുള്ളികള്‍ മഞ്ചാടിമണികളായി ഉതിര്‍ന്നു.കഷ്ടം!എന്നിട്ടാണവള്‍ അച്ഛനോട് അവകാശം ചോദിക്കാന്‍ പോണത്.കല്ലിച്ചു പോയോ ഈ കുട്ടീടെ മനസ്സ്?
പരീക്ഷ കഴിഞ്ഞു.പല നാട്ടില്‍ നിന്നും ഒത്തു കൂടിയവര്‍ പിരിയാറായി.വീട്ടിലേക്ക് ഓരോന്ന് വാങ്ങുന്നതിനിടെ രോഷ്‌നി ഒരു പീപ്പിയുടെ വില ചോദിക്കുന്നത് കേട്ടു.ചേച്ചീടെ കുട്ടികള്‍ക്കായിരിക്കും.
രാത്രിഒരു വര്‍ഷം പെയ്ത രസങ്ങളെയൊക്കെ ഓര്‍ത്തു ചിരിക്കവേ റോഷ്‌നിയെ മാത്രം കാണാനില്ല.പതുക്കെ മുറ്റത്തിറങ്ങി.നിലാവില്‍ ചുറ്റുതറയില്‍ കൂനിപ്പിടിച്ചിരിക്കുന്നു.കയ്യിലാ പീപ്പി ...
'ന്റെ തൊട്ടാവാടീ ഇനിപ്പോ എന്താ പുതിയ സങ്കടം?പറയാണെങ്കി എനിക്കെത്ര പറയാനുണ്ട്.അതൊന്നും ഓര്‍ക്കാതെ വെറുതെ പൊട്ടിച്ചിരിക്കും.ഒരു പക്ഷെ ഭാവിയില്‍ ചിരിക്കു പോലും യോഗമില്ലെങ്കിലോ?'
പെട്ടെന്നവള്‍ പൊട്ടിക്കരഞ്ഞു.മറ്റൊരു കഥയുടെ ഗുഹാമുഖം അവളാ പീപ്പിയാല്‍ തള്ളിത്തുറന്നു.അവിടെ വളര്‍ന്നിട്ടും എഴുന്നേല്‍ക്കാതെ,കളിപ്പാട്ടങ്ങള്‍ക്കിടയില്‍ സദാ ചിരിച്ച് മൂത്ത ചേച്ചി.നിങ്ങളെല്ലാം എന്തിനു വ്യസനിക്കുന്നു എന്നു നിശ്ശബ്ദം ചോദിച്ച്..
'ചേച്ചിക്ക് പീപ്പി ഭയങ്കര ഇഷ്ടാ.എപ്പോ ഞാന്‍ ചെന്നാലും പീപ്പീ പീപ്പീന്നു പറഞ്ഞു കരയും.ഞാന്‍ മരിക്കണേന്റെ മുമ്പേ ന്റെ കുട്ട്യേ വിളിച്ചേക്കണേ കര്‍ത്താവേന്നു അമ്മ എപ്പോഴും വിതുമ്പും.എനിക്കാ വീട് ഇഷ്ടല്ല.ഒരു പാട് ദൂരേക്ക് രക്ഷപ്പെടണം എനിക്ക്.ബോധല്ലാത്ത രണ്ടാള്‍ക്ക് വേണ്ടി അപ്പന്‍ സ്വത്തു മുഴുവന്‍ കളയോന്നാ എന്റെ പേടി..'
അവള്‍ വീണ്ടും കടുത്ത പാറയാകാന്‍ തുടങ്ങി.വാക്കുകള്‍ കല്‍ച്ചീളുകളായി.ഇരുളിന്റെ ഒരു കൂമ്പാരം..അതിന്റെ മുകളിലിരുന്ന് ആ മഞ്ഞപ്പീപ്പി പൊട്ടിച്ചിരിച്ചു.അതിന്റെ പിരിയന്‍ കഴുത്തില്‍ നിന്നും തൂങ്ങുന്ന പളുങ്കുമുത്തുകള്‍ കിലുങ്ങി.എപ്പോഴും ചിരിക്കുന്ന കണ്ണുകള്‍, വട്ടം ചുഴറ്റുന്ന ഒരു മുഖം ആ പീപ്പിയോടൊട്ടി പിറുപിറുത്തു.
'ന്റെ പീപ്പി കണ്ടോ അമ്മേ?ന്താ ഒരു രസള്ള ശബ്ദം............................'


2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

പേ പിടിച്ച നാടുകള്‍(കഥ)


'സുഹൃത്തേ,അതൊക്കെ എങ്ങനെ മറക്കും?പൊള്ളിത്തിണര്‍ക്കുന്ന,നീറുന്ന കനല്‍ക്കാഴ്ചകള്‍.കത്തിജ്വലിക്കുന്ന സൂര്യന്‍ വെയിലിന്റെ ചുടുകല്ലുകള്‍ എറിഞ്ഞു കൊണ്ടിരുന്നു.പരവശനായി,കണ്ണുകള്‍ കൂമ്പി ആ കുഞ്ഞ് അമ്മേയെന്നു വിലപിച്ചു കൊണ്ടിരുന്നു.പൊടുന്നനെ ആ ചുണ്ടുകള്‍ നിശ്ചലമായി.അമ്പരന്ന് അവന്റെ അമ്മ നോക്കുമ്പോഴതാ ചുവന്ന പൂക്കള്‍ പോലെ ചിതറി വീഴുന്നു അവന്റെ കുഞ്ഞുതലച്ചോര്‍.നിലവിളിച്ചോടുന്ന അവരുടെ നേരെ തോക്ക് വീണ്ടും പല്ലിളിച്ചു.മരണത്തിന്റെ ദുര്‍ഗന്ധം എങ്ങും പരന്നു.തകര്‍ന്ന വീടും മണ്ണും ഞെരിച്ചമര്‍ത്തിയ ഒരു സ്ത്രീയുടെ ജഡം ആരൊക്കെയോ ചേര്‍ന്ന്! വലിച്ചു പുറത്തിട്ടു.അവര്‍ രോഗിയായ അച്ഛന് മരുന്ന് കൊടുക്കുമ്പോഴാവും ബോംബ് അവിടേക്ക് അട്ടഹസിച്ച് കുതിച്ചെത്തിയത്.ചോര കട്ട പിടിച്ച മറ്റൊരു സ്ത്രീയുടെ ശവത്തിന്മേല്‍ മാസങ്ങള്‍ മാത്രം പ്രായമുള്ളൊരു കുഞ്ഞ് മുറിവുകളാല്‍ ചെമന്ന് കമഴ്ന്നു കിടന്നു.രണ്ടു പേരുടെയും ദേഹത്തൂടെ ബുള്ളറ്റുകള്‍ എന്തോ രഹസ്യം പറയാനെന്നോണം പാഞ്ഞു പോയിരുന്നു.ഭേദ്യമേറ്റവരുടെ ശവങ്ങള്‍ സ്‌പോഞ്ചു പോലെ പിഞ്ഞി.ഷോക്കടിപ്പിച്ച്,കണ്ണു ചൂഴ്ന്ന്!..കൊല്ലാനെന്തെല്ലാം പുതുപുതു രീതികള്‍..ഭീതിയുടെ മരവിച്ച മുഖങ്ങള്‍ മാത്രം കണ്ട് എനിക്ക് ഭ്രാന്തായിത്തുടങ്ങി...'
 
'ഇതെന്താ?കഥാപ്രസംഗമോ?ഇതൊക്കെ എവിടെ നടക്കാന്‍?വട്ടുകേസ് തന്നെ..'
വീട്ടുടമ ഈര്‍ഷ്യയോടെ ആഗതനെ തുറിച്ചു നോക്കി.
കൂടുതല്‍ പാലും മധുരവും ചേര്‍ത്ത ചായ രസിച്ചു കുടിക്കെ,ടി വിയിലെ ഉല്ലാസക്കാഴ്ചകളിലേക്ക് ഊളിയിടവേയാണ് ഈ നശീകരത്തിന്റെ അവതാരം.രാവിലെത്തന്നെ കയറി വന്ന പരദേശിയെ കോപത്തോടെ ആട്ടിയിറക്കാന്‍ തുടങ്ങുമ്പോഴാണ് അയാളുടെ കീറഭാണ്ഡത്തില്‍ നിന്ന് ചോരമണമുള്ള, പൂപ്പല്‍ പിടിച്ച കുറെ ചിത്രങ്ങള്‍ ഒഴുകിച്ചാടിയത്.കൌതുകത്തോടെ അവ നോക്കുമ്പോഴാണ് അയാളുടെ ക്ലാവ് പിടിച്ച കഥകള്‍, നാശം ..
 
വീട്ടുടമ വൈമനസ്യത്തോടെ അഞ്ചു രൂപ നീട്ടിയപ്പോള്‍ ആഗതന്റെ  കണ്ണുകള്‍ നിറഞ്ഞു.ചുണ്ടു വിറച്ചു
 
'സര്‍,ഞാനവിടെ ഒരു പത്രത്തില്‍ ഫോട്ടോഗ്രാഫറായിരുന്നു.ആയുധവും അധികാരവും ബുള്‍ഡോസറുകളായി സര്‍വം നക്കിത്തുടച്ചതുകൊണ്ടാണ് എല്ലാം ഇട്ടെറിഞ്ഞു ഓടിപ്പോവേണ്ടി വന്നത്.ഈ ഫോട്ടോകള്‍ നോക്കൂ,നിര്ഭാഗ്യവാന്മാരായ എന്റെ നാട്ടുകാര്‍.വേര്‍പെട്ട കുഞ്ഞുശിരസ്സുകള്‍ നോക്കൂ,ഇപ്പോഴും കൌതുകം വിട്ടുപോകാത്ത കണ്ണുകള്‍..'
 
രൂപ വാങ്ങാതെ നിറഞ്ഞ കണ്ണുകളോടെ നിസ്സഹായനായി ഇറങ്ങിപ്പോകുന്ന അയാളെ വീട്ടുടമ നിസ്സംഗനായി നോക്കി.ഏതു പിശാചു പിടിച്ച നാട്ടീന്നാവോ ഇവന്റെയൊക്കെ എഴുന്നള്ളത്ത്...അയാള്‍ പുച്ഛത്തിന്റെ ചവര്‍പ്പ് മുഖത്തണിഞ്ഞ് വീണ്ടും ടീവിക്കു മുന്നിലിരുന്നു.ഒരു താരസുന്ദരി സ്‌ക്രീനില്‍ അവയവങ്ങളായി നിറഞ്ഞു.ആര്‍ത്തിയോടെ അയാളാ തീച്ചിറകില്‍ കയറി. ആഹ്ലാദത്താല്‍ അയാളുടെ ഹൃദയം ദ്രുതതാളത്തില്‍ നൃത്തം ചെയ്തുകൊണ്ടിരുന്നു.
അപ്പോള്‍ ദൂരെ അയാളുടെ നാടിന്റെ അതിരുകളിലും കലാപത്തിന്റെ തീകണ്ണുകള്‍ ചുട്ടു കരിക്കാന്‍ ഉണക്കപ്പുല്ലും തിരഞ്ഞ് പമ്മിപ്പമ്മി ക്യാറ്റ് വാക്ക് ആരംഭിച്ചിരുന്നു!  

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

നിര്‍മമം(കഥ)



സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ സീമ അകത്തു നിന്നും വിളിച്ചു:'വൈകീട്ടേ, മറക്കണ്ട ,സിന്ധൂന് തീരെ വയ്യ.'

'നിന്നോടെത്ര പറഞ്ഞു,ഒരോട്ടോ പിടിച്ച് ഹോസ്പിറ്റലില്‍ പോവാന്‍ ..'

'എനിക്ക് പറ്റില്ല,ഒരു വഴീക്കൂടെ കേറിയാ പിന്നാ വഴി കാണാമ്പറ്റൂല.മുടിഞ്ഞൊരു സ്ഥലം ..'

ഇങ്ങനൊരു ബുദ്ധൂസിനൊപ്പം ജീവിക്കാനെടുത്ത തീരുമാനത്തെ അയാള്‍ നൂറാമത്തെ തവണയും ശപിച്ചു.രണ്ടു ലക്ഷവും നൂറ്റൊന്നു പവനും!കണ്ണു തള്ളിപ്പോയി.ചെറിയൊരു അസ്‌കിത അതാണ് കാര്യാക്കാതിരുന്നത്.പഴയ ഓലപ്പൊരയൊക്കെ നന്നായി.പെങ്ങന്മാരൊക്കെ കരയ്ക്ക് കേറി.പ്രായമായ അച്ഛനുമമ്മേം തനിച്ചാണ് വീട്ടില്‍.സ്ത്രീധനം ഏറെ കിട്ടിയതോണ്ട് പത്തി ഇത്തിരി താഴ്ത്താതെ വയ്യ.അപ്പുറത്തെ ഫ്‌ലാറ്റിലെ വേലക്കാരി കുറെയായി അയാളെ മോഹിപ്പിക്കുന്നു.അതിനും വേണ്ടേ ഈ ബുദ്ധൂസൊന്നു പുറത്തിറങ്ങുക.സ്വന്തം വീട്ടില്‍ നാലു ദിവസം പോയി നിന്നോളൂന്ന് പഞ്ചസാര കൂട്ടിക്കുഴച്ചു പറഞ്ഞിട്ടും കാര്യമില്ല.

ഓരോന്നോര്‍ത്തു വണ്ടിയോടിക്കെ,ദൂരെ നിന്ന് ഒരു കറുത്ത കാര്‍ വലിയ സ്പീഡില്‍ കുതിച്ചു വരുന്നതു കണ്ടു.ഒരു നിമിഷംഏതോ ഇരുളിലേക്ക് വീണെന്നാണ് തോന്നിയത്.കണ്ണു തുറന്നപ്പോള്‍ വേദനയുടെ ഒരു മുള്‍ക്കാട് ശരീരമാകെ..നെറ്റിയില്‍ നിന്നും ചോരയൊഴുകി ചുറ്റും കട്ട പിടിക്കുന്നു.ആളുകള്‍ തലങ്ങും വിലങ്ങും കടന്നു പോകുന്നത് ഒരു തിരശ്ശീലക്കപ്പുറത്ത് നിന്നും കാണാം.ആരുമെന്താണ് തന്നെ ഹോസ്പിറ്റലില്‍ എത്തിക്കാത്തത്?ആകാവുന്നത്ര ഉച്ചത്തില്‍ വിളിച്ചു കരഞ്ഞു –'ഇങ്ങനെ ചോര പോയാ ഞാന്‍ മരിക്കൂലോ.ഒന്നെന്നെ ആശുപത്രിയില്‍ എത്തിക്കണേ.'
അയാളുടെ ആക്രന്തനം കേട്ടു പലരും തിരിഞ്ഞു നോക്കി, നിസ്സംഗതയുടെ മരവിച്ച ചിരി പൊഴിച്ചു.അയാളുടെ വിലാപത്തിന് മൂര്‍ച്ച കൂടി –'എന്റെ കീശയില്‍ നിന്നെടുത്തോളൂ പൈസ.എന്നെ ഒന്ന്! ഹോസ്പിറ്റലില്‍ എത്തിക്കണേ..എന്റെ കുടുംബം ,കുട്ടികള്‍..ദൈവമേ ..'

ഒരാള്‍ അടുത്തെത്തി.അയാള്‍ പ്രതീക്ഷയുടെ കനല്‍കണ്ണുകളോടെ ഞരങ്ങി –'സ്‌നേഹിതാ ,നിങ്ങള്‍ക്കെങ്കിലും നല്ലൊരു മനസ്സുണ്ടായല്ലോ.ദൈവം നിങ്ങളെ അനുഗ്രഹിക്കും.'

'ആര്‍ക്ക് വേണം മുടിഞ്ഞ ദൈവത്തിന്റെ അനുഗ്രഹം?' അയാളെ ഒറ്റത്തട്ടിനു മറിച്ചിട്ട് ആഗതന്‍ അയാളുടെ പോക്കറ്റുകള്‍ തപ്പാന്‍ തുടങ്ങി.ചോര പുരണ്ട അഞ്ചാറു പച്ച നോട്ടുകള്‍..മോശമല്ല ഇന്നത്തെ കളക്ഷന്‍..അയാള്‍ ആര്‍ത്തിയോടെ പിന്നെയും പരതി.സ്വര്‍ണമാല ,മോതിരം ..അയാള്‍ ആഹ്ലാദത്തോടെ ചൂളമടിച്ചു.

അപ്പോഴേക്കും ബോധം നശിച്ചു കഴിഞ്ഞ സ്‌കൂട്ടറുകാരനെ ഒന്നു തിരിഞ്ഞു നോക്കി അയാള്‍ നിറഞ്ഞ വെയിലിലേക്ക് ഇറങ്ങി.നഗരത്തിന്റെ മടുപ്പിക്കുന്ന പല മാതിരി മണങ്ങള്‍ അയാളെ പല ഡിസൈനുകളുള്ള ഒരു പുതപ്പായി പൊതിഞ്ഞു.മനുഷ്യരുടെ മാറ്റമില്ലാത്ത ജീര്‍ണിച്ച കഥകളിലേക്ക് നഗരം യാതൊരു താത്പര്യവുമില്ലാതെ ചുണ്ടു കോട്ടി തുറിച്ചു നോക്കി .................


2014, ഫെബ്രുവരി 2, ഞായറാഴ്‌ച

സ്വാതന്ത്ര്യം (കഥ)


നിലാവിന്റെ തണുത്ത പുതപ്പ് സ്‌നേഹത്തോടെ ഒന്നൂടെ ദേഹത്തേക്ക് വലിച്ചിട്ട് രാത്രിയുടെ നിഗൂഡതയിലൂടെ നടക്കുമ്പോള്‍ അവള്‍ ആഹ്ലാദവതിയായിരുന്നു.മുമ്പൊരിക്കലും അനുഭവിച്ചിട്ടുള്ളതല്ല ഈ സ്വാതന്ത്ര്യം.വലിച്ചു കുടിക്കാന്‍ തോന്നുന്ന രാത്രിയുടെ നിശ്ശബ്ദസൌന്ദര്യം..രാത്രികള്‍ പതിനഞ്ചു വയസ്സു മുതല്‍ ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കുള്ളതായിരുന്നു.ഇടുങ്ങിയ, കുമ്മായമടര്‍ന്ന ചുമരുകളുള്ള അടുപ്പത്തെ വറവു ചട്ടി പോലുള്ള ആ റൂമില്‍ അഞ്ചു വര്‍ഷങ്ങള്‍ ..നാലു കുട്ടികള്‍ ..ഒരേ താളത്തില്‍ ആവര്‍ത്തിക്കുന്ന ചരമഗീതങ്ങള്‍ പോലുള്ള രാത്രികള്‍ .അവയ്ക്ക് സില്‍ക്കുടുപ്പണിഞ്ഞ ഈ സുന്ദരരാത്രിയുടെ യാതൊരു ചേലുമുണ്ടായിരുന്നില്ല.ശണ്ഠകളുടെ ഒടുക്കമാണ് അയാളിലെ പുലി ഉണരുക.പിന്നെ നഖങ്ങള്‍ നീട്ടി പല്ലുകള്‍ മൂര്‍ച്ച കൂട്ടി ആക്രമണം ആരംഭിക്കും.വേദനകളുടെ അലക്കില്‍ നിന്ന്! ഒരിക്കലും മോചനമില്ലാത്ത പിഞ്ഞി പ്പഴകിയ വസ്ത്രം പോലെ ജീവിതം നൂലടര്‍ന്നു കിടന്നു.
 
മുഖത്തെ ആശ്ലേഷിച്ച ആ ലായനി നല്‍കിയ വേദന, പോള്ളലിന്റെ മാംസം പൊളിയുന്ന നീറ്റല്‍അത് അതു വരെ അനുഭവിച്ച എല്ലാ വ്യസനങ്ങളെയും കടത്തി വെട്ടുന്നതായിരുന്നു.ആത്മാവിനെ അത്ര നാളും കൂട്ടിലിട്ട ഇരുമ്പു കവചത്തെ പോലും അതുരുക്കിക്കളഞ്ഞു.ആ ലാവയില്‍ നിന്ന്! പുതിയൊരു സൈറ പുനര്‍ജനിച്ചു.എല്ലാ പീഡകരും ഈ രാക്ഷസമുഖം കണ്ട് ഭയന്നു ഓടിയൊളിച്ചു.നിസ്സീമമായ സ്വാതന്ത്ര്യം സൈറയെ വലയം ചെയ്തു..
കുട്ടികള്‍ എവിടെയായിരിക്കും?അനാഥാലയത്തിലോ അതോ വെറും കാശിനു വിറ്റ് കളഞ്ഞോ അയാള്‍?പണം തന്നെയായിരുന്നു എന്നും പ്രശ്‌നം.എല്ലാ വഴക്കുകളും അതില്‍ നിന്നു തുടങ്ങി.ചെറുപ്പത്തില്‍ മദ്രസയില്‍ പോകുമ്പോഴായിരുന്നു രാത്രിയെ തൊട്ടറിഞ്ഞത്.ആകാശത്ത് നക്ഷത്രങ്ങളുടെ പൂക്കളങ്ങളുണ്ടാവും.ചന്ദ്രന്‍ വട്ടച്ചിരി ചിരിച്ച് പിന്നാലെ നടപ്പുണ്ടാവും.എന്നിട്ടും ഇരുട്ടില്‍ നിന്ന്! ഒരു രോമമുള്ള കയ്യും ഇറങ്ങി വന്നില്ല.ആളൊഴിഞ്ഞ പറമ്പുകളിലേക്ക് ചെറുബാല്യങ്ങള്‍ വലിച്ചിഴക്കപ്പെട്ടില്ല.
 
നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ കൂട്ടുകാരിയെത്തന്നെ അയാള്‍ പിച്ചിച്ചീന്തിയെന്നു കേട്ടപ്പോള്‍ അടങ്ങിയിരിക്കാനായില്ല.കത്തിയായിരുന്നു കയ്യില്‍.അതു ദൂരേക്ക് തട്ടിയെറിഞ്ഞാണ്  അയാള്‍ എന്നോ കരുതി വെച്ച പ്രതികാരത്തിന്റെ ആസിഡ് തന്റെ മുഖത്തേക്കെറിഞ്ഞത്.
 
പാതിരയുടെ ഈ കറുത്തു മുറ്റിയ നേരത്തു പോലും ഒരു ഞരമ്പുരോഗിക്കും തന്നെ സമീപിക്കാന്‍ ധൈര്യമില്ല.ആര്‍ത്തി പിടിച്ച അവന്റെ കണ്ണുകളിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കുകയേ വേണ്ടു അവന്‍ ബോധം കെട്ടു വീഴാന്‍..
 
സൌന്ദര്യത്തിന് പ്രീണനമേ  വശമുള്ളൂ.വൈരൂപ്യം ഒരായുധമാണ്.വെറുപ്പിന്റെ വീതുളിയാണ് അതെപ്പോഴും കയ്യില്‍ വെച്ചിരിക്കുന്നത്.സ്‌നേഹത്തിന്റെ കപട വാക്കുകള്‍ അതിന്റെ ചാരത്തെത്താന്‍ പോലും അറയ്ക്കും..
 
വീട്ടുകാര്‍ ,അയല്‍ക്കാര്‍ ആരുമില്ല വെറുക്കാത്തവരായി.മുഖം നഷ്ടമായവള്‍ക്ക് സഹാനുഭൂതിയുടെ കണികയും ലഭിക്കില്ല.പല കണ്ണാടികളിലും ഒത്തു നോക്കി മുഖത്തെ.അതിന്റെ ഭീകരത തന്നെപ്പോലും ഞടുക്കുന്നു.ഇത്രയും കാലം അനുഭവിച്ച ദുഃഖങ്ങളത്രയും ഭീകരരൂപികളായി മുഖത്ത് ഒട്ടിപ്പിടിച്ചതാവാം.
 
വീട്ടുവേലക്ക് ആളെയെടുക്കുന്ന ഏജന്‍സിയുടെ ഒഫീസിലെത്തിയപ്പോഴും അനുഭവം മറിച്ചായിരുന്നില്ല.ഒന്നേ നോക്കിയുള്ളൂ അതിന്റെ ഉടമസ്ഥന്‍.പറയാനുള്ളതെല്ലാം അയാള്‍ തല താഴ്ത്തിയാണ് പറഞ്ഞത്.എന്നിട്ടും തന്റെ കണ്ണീര്‍ പാറയിലെ ഉറവ പോലെ അയാളെ തരളിതനാക്കി.പകല്‍ മുഴുവന്‍ തുച്ഛശമ്പളത്തില്‍ വീടുപണി,വീട്ടുകാരിക്കും സമാധാനമുണ്ടെന്നു തോന്നുന്നു ഭര്‍ത്താവിനെച്ചൊല്ലി..
 
വിവാഹം ചിലര്‍ക്ക് സ്വന്തത്തെ എരിച്ചു കളയാനുള്ള ഒരു ചിതയാണ്.മുഖവും വ്യക്തിത്വവും അവളില്‍ നിന്ന്! ഉരുകിത്തീര്‍ന്നു കൊള്ളും.മകള്‍ സല്‍വ എന്തു ചെയ്യുന്നോ ആവോ?എല്ലാം താക്കോലിട്ടു പൂട്ടിയ അധ്യായങ്ങളാണ്.മക്കള്‍ പോലും ഉമ്മയുടെ രാക്ഷസമുഖത്തെ അംഗീകാരിക്കുകയില്ല.
 
പുലികള്‍ ചെയ്യുമ്പോലെ അയാളെ കഴുത്തില്‍ കടിച്ചു കുടയണം.ചോര വലിച്ചു വലിച്ചു കുടിക്കണം.മുഖം പൊള്ളിച്ചു വിരൂപമാക്കണം.ശവമായാല്‍ പോലും ആരും തിരിഞ്ഞു നോക്കാന്‍ ധൈര്യപ്പെടരുത്.
 
പ്രതികാരം അവളെ ആകെ ഉലച്ചു.ചുണ്ട് ഭേദിച്ച് എന്തോ ഇറങ്ങി വരുന്നു.അവള്‍ ബേഗില്‍ നിന്ന് കണ്ണാടിയെടുത്ത് നോക്കി.ദംഷ്ട്രകള്‍..ചോരയുടെ നനവുള്ള ദംഷ്ട്രകള്‍..യക്ഷിയിലെക്കുള്ള തന്റെ രൂപാന്തരം സഹിക്കാനാവാതെ അവള്‍ പ്രജ്ഞയറ്റു വീണു.പൊടിമണ്ണ്! അവളെ വാത്സല്യത്തോടെ ചുംബിച്ചു.................