Pages

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

സ്വാതന്ത്ര്യം (കഥ)


നിലാവിന്റെ തണുത്ത പുതപ്പ് സ്‌നേഹത്തോടെ ഒന്നൂടെ ദേഹത്തേക്ക് വലിച്ചിട്ട് രാത്രിയുടെ നിഗൂഡതയിലൂടെ നടക്കുമ്പോള്‍ അവള്‍ ആഹ്ലാദവതിയായിരുന്നു.മുമ്പൊരിക്കലും അനുഭവിച്ചിട്ടുള്ളതല്ല ഈ സ്വാതന്ത്ര്യം.വലിച്ചു കുടിക്കാന്‍ തോന്നുന്ന രാത്രിയുടെ നിശ്ശബ്ദസൌന്ദര്യം..രാത്രികള്‍ പതിനഞ്ചു വയസ്സു മുതല്‍ ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കുള്ളതായിരുന്നു.ഇടുങ്ങിയ, കുമ്മായമടര്‍ന്ന ചുമരുകളുള്ള അടുപ്പത്തെ വറവു ചട്ടി പോലുള്ള ആ റൂമില്‍ അഞ്ചു വര്‍ഷങ്ങള്‍ ..നാലു കുട്ടികള്‍ ..ഒരേ താളത്തില്‍ ആവര്‍ത്തിക്കുന്ന ചരമഗീതങ്ങള്‍ പോലുള്ള രാത്രികള്‍ .അവയ്ക്ക് സില്‍ക്കുടുപ്പണിഞ്ഞ ഈ സുന്ദരരാത്രിയുടെ യാതൊരു ചേലുമുണ്ടായിരുന്നില്ല.ശണ്ഠകളുടെ ഒടുക്കമാണ് അയാളിലെ പുലി ഉണരുക.പിന്നെ നഖങ്ങള്‍ നീട്ടി പല്ലുകള്‍ മൂര്‍ച്ച കൂട്ടി ആക്രമണം ആരംഭിക്കും.വേദനകളുടെ അലക്കില്‍ നിന്ന്! ഒരിക്കലും മോചനമില്ലാത്ത പിഞ്ഞി പ്പഴകിയ വസ്ത്രം പോലെ ജീവിതം നൂലടര്‍ന്നു കിടന്നു.
 
മുഖത്തെ ആശ്ലേഷിച്ച ആ ലായനി നല്‍കിയ വേദന, പോള്ളലിന്റെ മാംസം പൊളിയുന്ന നീറ്റല്‍അത് അതു വരെ അനുഭവിച്ച എല്ലാ വ്യസനങ്ങളെയും കടത്തി വെട്ടുന്നതായിരുന്നു.ആത്മാവിനെ അത്ര നാളും കൂട്ടിലിട്ട ഇരുമ്പു കവചത്തെ പോലും അതുരുക്കിക്കളഞ്ഞു.ആ ലാവയില്‍ നിന്ന്! പുതിയൊരു സൈറ പുനര്‍ജനിച്ചു.എല്ലാ പീഡകരും ഈ രാക്ഷസമുഖം കണ്ട് ഭയന്നു ഓടിയൊളിച്ചു.നിസ്സീമമായ സ്വാതന്ത്ര്യം സൈറയെ വലയം ചെയ്തു..
കുട്ടികള്‍ എവിടെയായിരിക്കും?അനാഥാലയത്തിലോ അതോ വെറും കാശിനു വിറ്റ് കളഞ്ഞോ അയാള്‍?പണം തന്നെയായിരുന്നു എന്നും പ്രശ്‌നം.എല്ലാ വഴക്കുകളും അതില്‍ നിന്നു തുടങ്ങി.ചെറുപ്പത്തില്‍ മദ്രസയില്‍ പോകുമ്പോഴായിരുന്നു രാത്രിയെ തൊട്ടറിഞ്ഞത്.ആകാശത്ത് നക്ഷത്രങ്ങളുടെ പൂക്കളങ്ങളുണ്ടാവും.ചന്ദ്രന്‍ വട്ടച്ചിരി ചിരിച്ച് പിന്നാലെ നടപ്പുണ്ടാവും.എന്നിട്ടും ഇരുട്ടില്‍ നിന്ന്! ഒരു രോമമുള്ള കയ്യും ഇറങ്ങി വന്നില്ല.ആളൊഴിഞ്ഞ പറമ്പുകളിലേക്ക് ചെറുബാല്യങ്ങള്‍ വലിച്ചിഴക്കപ്പെട്ടില്ല.
 
നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ കൂട്ടുകാരിയെത്തന്നെ അയാള്‍ പിച്ചിച്ചീന്തിയെന്നു കേട്ടപ്പോള്‍ അടങ്ങിയിരിക്കാനായില്ല.കത്തിയായിരുന്നു കയ്യില്‍.അതു ദൂരേക്ക് തട്ടിയെറിഞ്ഞാണ്  അയാള്‍ എന്നോ കരുതി വെച്ച പ്രതികാരത്തിന്റെ ആസിഡ് തന്റെ മുഖത്തേക്കെറിഞ്ഞത്.
 
പാതിരയുടെ ഈ കറുത്തു മുറ്റിയ നേരത്തു പോലും ഒരു ഞരമ്പുരോഗിക്കും തന്നെ സമീപിക്കാന്‍ ധൈര്യമില്ല.ആര്‍ത്തി പിടിച്ച അവന്റെ കണ്ണുകളിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കുകയേ വേണ്ടു അവന്‍ ബോധം കെട്ടു വീഴാന്‍..
 
സൌന്ദര്യത്തിന് പ്രീണനമേ  വശമുള്ളൂ.വൈരൂപ്യം ഒരായുധമാണ്.വെറുപ്പിന്റെ വീതുളിയാണ് അതെപ്പോഴും കയ്യില്‍ വെച്ചിരിക്കുന്നത്.സ്‌നേഹത്തിന്റെ കപട വാക്കുകള്‍ അതിന്റെ ചാരത്തെത്താന്‍ പോലും അറയ്ക്കും..
 
വീട്ടുകാര്‍ ,അയല്‍ക്കാര്‍ ആരുമില്ല വെറുക്കാത്തവരായി.മുഖം നഷ്ടമായവള്‍ക്ക് സഹാനുഭൂതിയുടെ കണികയും ലഭിക്കില്ല.പല കണ്ണാടികളിലും ഒത്തു നോക്കി മുഖത്തെ.അതിന്റെ ഭീകരത തന്നെപ്പോലും ഞടുക്കുന്നു.ഇത്രയും കാലം അനുഭവിച്ച ദുഃഖങ്ങളത്രയും ഭീകരരൂപികളായി മുഖത്ത് ഒട്ടിപ്പിടിച്ചതാവാം.
 
വീട്ടുവേലക്ക് ആളെയെടുക്കുന്ന ഏജന്‍സിയുടെ ഒഫീസിലെത്തിയപ്പോഴും അനുഭവം മറിച്ചായിരുന്നില്ല.ഒന്നേ നോക്കിയുള്ളൂ അതിന്റെ ഉടമസ്ഥന്‍.പറയാനുള്ളതെല്ലാം അയാള്‍ തല താഴ്ത്തിയാണ് പറഞ്ഞത്.എന്നിട്ടും തന്റെ കണ്ണീര്‍ പാറയിലെ ഉറവ പോലെ അയാളെ തരളിതനാക്കി.പകല്‍ മുഴുവന്‍ തുച്ഛശമ്പളത്തില്‍ വീടുപണി,വീട്ടുകാരിക്കും സമാധാനമുണ്ടെന്നു തോന്നുന്നു ഭര്‍ത്താവിനെച്ചൊല്ലി..
 
വിവാഹം ചിലര്‍ക്ക് സ്വന്തത്തെ എരിച്ചു കളയാനുള്ള ഒരു ചിതയാണ്.മുഖവും വ്യക്തിത്വവും അവളില്‍ നിന്ന്! ഉരുകിത്തീര്‍ന്നു കൊള്ളും.മകള്‍ സല്‍വ എന്തു ചെയ്യുന്നോ ആവോ?എല്ലാം താക്കോലിട്ടു പൂട്ടിയ അധ്യായങ്ങളാണ്.മക്കള്‍ പോലും ഉമ്മയുടെ രാക്ഷസമുഖത്തെ അംഗീകാരിക്കുകയില്ല.
 
പുലികള്‍ ചെയ്യുമ്പോലെ അയാളെ കഴുത്തില്‍ കടിച്ചു കുടയണം.ചോര വലിച്ചു വലിച്ചു കുടിക്കണം.മുഖം പൊള്ളിച്ചു വിരൂപമാക്കണം.ശവമായാല്‍ പോലും ആരും തിരിഞ്ഞു നോക്കാന്‍ ധൈര്യപ്പെടരുത്.
 
പ്രതികാരം അവളെ ആകെ ഉലച്ചു.ചുണ്ട് ഭേദിച്ച് എന്തോ ഇറങ്ങി വരുന്നു.അവള്‍ ബേഗില്‍ നിന്ന് കണ്ണാടിയെടുത്ത് നോക്കി.ദംഷ്ട്രകള്‍..ചോരയുടെ നനവുള്ള ദംഷ്ട്രകള്‍..യക്ഷിയിലെക്കുള്ള തന്റെ രൂപാന്തരം സഹിക്കാനാവാതെ അവള്‍ പ്രജ്ഞയറ്റു വീണു.പൊടിമണ്ണ്! അവളെ വാത്സല്യത്തോടെ ചുംബിച്ചു.................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ