സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ സീമ അകത്തു നിന്നും വിളിച്ചു:'വൈകീട്ടേ, മറക്കണ്ട ,സിന്ധൂന് തീരെ വയ്യ.'
'നിന്നോടെത്ര പറഞ്ഞു,ഒരോട്ടോ പിടിച്ച് ഹോസ്പിറ്റലില്‍ പോവാന്‍ ..'
'എനിക്ക് പറ്റില്ല,ഒരു വഴീക്കൂടെ കേറിയാ പിന്നാ വഴി കാണാമ്പറ്റൂല.മുടിഞ്ഞൊരു സ്ഥലം ..'
ഇങ്ങനൊരു ബുദ്ധൂസിനൊപ്പം ജീവിക്കാനെടുത്ത തീരുമാനത്തെ അയാള്‍ നൂറാമത്തെ തവണയും ശപിച്ചു.രണ്ടു ലക്ഷവും നൂറ്റൊന്നു പവനും!കണ്ണു തള്ളിപ്പോയി.ചെറിയൊരു അസ്‌കിത അതാണ് കാര്യാക്കാതിരുന്നത്.പഴയ ഓലപ്പൊരയൊക്കെ നന്നായി.പെങ്ങന്മാരൊക്കെ കരയ്ക്ക് കേറി.പ്രായമായ അച്ഛനുമമ്മേം തനിച്ചാണ് വീട്ടില്‍.സ്ത്രീധനം ഏറെ കിട്ടിയതോണ്ട് പത്തി ഇത്തിരി താഴ്ത്താതെ വയ്യ.അപ്പുറത്തെ ഫ്‌ലാറ്റിലെ വേലക്കാരി കുറെയായി അയാളെ മോഹിപ്പിക്കുന്നു.അതിനും വേണ്ടേ ഈ ബുദ്ധൂസൊന്നു പുറത്തിറങ്ങുക.സ്വന്തം വീട്ടില്‍ നാലു ദിവസം പോയി നിന്നോളൂന്ന് പഞ്ചസാര കൂട്ടിക്കുഴച്ചു പറഞ്ഞിട്ടും കാര്യമില്ല.
ഓരോന്നോര്‍ത്തു വണ്ടിയോടിക്കെ,ദൂരെ നിന്ന് ഒരു കറുത്ത കാര്‍ വലിയ സ്പീഡില്‍ കുതിച്ചു വരുന്നതു കണ്ടു.ഒരു നിമിഷംഏതോ ഇരുളിലേക്ക് വീണെന്നാണ് തോന്നിയത്.കണ്ണു തുറന്നപ്പോള്‍ വേദനയുടെ ഒരു മുള്‍ക്കാട് ശരീരമാകെ..നെറ്റിയില്‍ നിന്നും ചോരയൊഴുകി ചുറ്റും കട്ട പിടിക്കുന്നു.ആളുകള്‍ തലങ്ങും വിലങ്ങും കടന്നു പോകുന്നത് ഒരു തിരശ്ശീലക്കപ്പുറത്ത് നിന്നും കാണാം.ആരുമെന്താണ് തന്നെ ഹോസ്പിറ്റലില്‍ എത്തിക്കാത്തത്?ആകാവുന്നത്ര ഉച്ചത്തില്‍ വിളിച്ചു കരഞ്ഞു –'ഇങ്ങനെ ചോര പോയാ ഞാന്‍ മരിക്കൂലോ.ഒന്നെന്നെ ആശുപത്രിയില്‍ എത്തിക്കണേ.'
അയാളുടെ ആക്രന്തനം കേട്ടു പലരും തിരിഞ്ഞു നോക്കി, നിസ്സംഗതയുടെ മരവിച്ച ചിരി പൊഴിച്ചു.അയാളുടെ വിലാപത്തിന് മൂര്‍ച്ച കൂടി –'എന്റെ കീശയില്‍ നിന്നെടുത്തോളൂ പൈസ.എന്നെ ഒന്ന്! ഹോസ്പിറ്റലില്‍ എത്തിക്കണേ..എന്റെ കുടുംബം ,കുട്ടികള്‍..ദൈവമേ ..'
ഒരാള്‍ അടുത്തെത്തി.അയാള്‍ പ്രതീക്ഷയുടെ കനല്‍കണ്ണുകളോടെ ഞരങ്ങി –'സ്‌നേഹിതാ ,നിങ്ങള്‍ക്കെങ്കിലും നല്ലൊരു മനസ്സുണ്ടായല്ലോ.ദൈവം നിങ്ങളെ അനുഗ്രഹിക്കും.'
'ആര്‍ക്ക് വേണം മുടിഞ്ഞ ദൈവത്തിന്റെ അനുഗ്രഹം?' അയാളെ ഒറ്റത്തട്ടിനു മറിച്ചിട്ട് ആഗതന്‍ അയാളുടെ പോക്കറ്റുകള്‍ തപ്പാന്‍ തുടങ്ങി.ചോര പുരണ്ട അഞ്ചാറു പച്ച നോട്ടുകള്‍..മോശമല്ല ഇന്നത്തെ കളക്ഷന്‍..അയാള്‍ ആര്‍ത്തിയോടെ പിന്നെയും പരതി.സ്വര്‍ണമാല ,മോതിരം ..അയാള്‍ ആഹ്ലാദത്തോടെ ചൂളമടിച്ചു.
അപ്പോഴേക്കും ബോധം നശിച്ചു കഴിഞ്ഞ സ്‌കൂട്ടറുകാരനെ ഒന്നു തിരിഞ്ഞു നോക്കി അയാള്‍ നിറഞ്ഞ വെയിലിലേക്ക് ഇറങ്ങി.നഗരത്തിന്റെ മടുപ്പിക്കുന്ന പല മാതിരി മണങ്ങള്‍ അയാളെ പല ഡിസൈനുകളുള്ള ഒരു പുതപ്പായി പൊതിഞ്ഞു.മനുഷ്യരുടെ മാറ്റമില്ലാത്ത ജീര്‍ണിച്ച കഥകളിലേക്ക് നഗരം യാതൊരു താത്പര്യവുമില്ലാതെ ചുണ്ടു കോട്ടി തുറിച്ചു നോക്കി .................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ