മുമ്പെന്നോ വായിച്ച ഒരു കഥ പിന്നീടെപ്പോഴോ കസേരയിട്ട് ജീവിതത്തിലേക്ക് കടന്നിരിക്കുക! അങ്ങനൊരു അനുഭവം ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്തോ? കോളേജില്‍ പഠിച്ചിരുന്ന കാലത്താണെന്നു തോന്നുന്നു 'വഴിയോരം എന്ന ആ കഥ വായിച്ചത്. കഥയുടെ പ്രേതം ഒരാമ പോലെ തന്റെ പിന്നാലെ ഇഴയുന്നുണ്ടെന്നു ചോരച്ച ഈ ആമക്കാലുകള്‍ കാണുമ്പോള്‍ മാത്രമാണറിയുന്നത്..വിണ്ടു കീറിയ പുറന്തോട് കോക്രി കാട്ടി ചിരിക്കുന്നു..അവസാനം തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ഒരു പെങ്ങളുടെ കഥയായിരുന്നു അത്. അച്ഛനും അമ്മയും മരിച്ചതോടെ ച്യൂയിംഗം പോലെ ചവച്ചെറിയപ്പെട്ട ആ ജീവിതം തെരുവിന്റെ മുള്‍ക്കാട്ടിലേക്കിറങ്ങേണ്ടി വന്നു.
കരയുന്ന ചിലങ്ക പോലെയായിരുന്നു അവരുടെ മനസ്സ്..കിലും കിലും എന്നു കാണികള്‍ക്കത് ഹര്‍ഷാരവം നല്‍കിയപ്പോഴും ഓട്ടുമണികള്‍ക്കുള്ളില്‍ കണ്ണീര്‍ കിനിഞ്ഞു. മുഷിഞ്ഞ വസ്ത്രം അവരെ നോക്കി വാടിയ ചിരി ചിരിച്ചു. ജോലി ഉണ്ടായിരുന്ന അന്ന് ഇങ്ങനെയൊന്നും നടന്നതല്ല. പരസഹായം വേണ്ടി വന്നപ്പോഴാണ് ഈ അണ്ണാച്ചിക്കോലം കെട്ടേണ്ടി വന്നത്. പെന്‍ഷന്‍ പോലും ആങ്ങള കൈക്കലാക്കും. ഒരു ഒപ്പിനു വേണ്ടിയായിരുന്നു ഇത്ര നാളും നീണ്ട ശണ്ഠ..തന്റെ പേരില്‍ ഇത്തിരി മണ്ണുള്ളത് കൈക്കലാക്കാനാണ് ഈ ആര്‍ത്തി..
വഴിയോരത്തു ചടഞ്ഞിരിക്കുമ്പോള്‍, ഒരാള്‍ പതുക്കെ നടന്നു പോകുന്നു..ഭൂതകാലത്തില്‍ നിന്നൊരു ചരട് മുന്നിലൂടെ അനങ്ങുന്നതായി തോന്നി.
'ഏയ്'
പതിഞ്ഞ ശബ്ദത്തില്‍ അവര്‍ വിളിച്ചു. ചിതറിയ തേങ്ങല്‍ പോലെ അതയാളെ സ്പര്‍ശിച്ചു.
'ഓര്‍മയുണ്ടോ?'
തീക്ഷ്ണത വറ്റിത്തീരാത്ത കണ്ണുകളിലേക്ക് ഉറ്റു നോക്കി അവര്‍..അങ്ങനെ നോക്കാനാഗ്രഹിച്ച കാലത്ത് അവര്‍ക്കതിനു അനുവാദമുണ്ടായിരുന്നില്ല..കോളേജിന്റെ നെടുങ്കന്‍ നിയമങ്ങളും ജയില്‍ ഭിത്തികളും പ്രേമത്തെ ഒരിക്കലും തളിര്‍പ്പിച്ചിരുന്നില്ല. ചാടിക്കേറി ചുറ്റിപ്പിണഞ്ഞു വളരാനുള്ള വിരുത് വള്ളിക്കൊട്ട് ഉണ്ടായതുമില്ല. നാണം കുണുങ്ങി ഇല കൂമ്പി ആര്‍ക്കും വേണ്ടാതെ അതൊട്ടുകാലം വഴിയോരത്ത് കിടന്നു. കടന്നു പോകുന്നവരുടെ തുപ്പും ചവിട്ടും കൊണ്ട്..എങ്ങനെ സഹിച്ചാവോ ആത്മാവതെല്ലാം.. ഭര്‍ത്താവെന്ന എകാധിപതി പിന്‍കാലാല്‍ തോഴിച്ചെറിഞ്ഞപ്പോഴും അതിശയിച്ചു എങ്ങനെ സഹിക്കുന്നു ആത്മാവ് ഈ നിരാസമത്രയും....
'മനസ്സിലായോ എന്നെ? പണ്ട് കോളേജ് മാഗസിനിലെ എന്റെ കഥയെക്കുറിച്ച് താങ്കള്‍ നല്ല അഭിപ്രായം പറഞ്ഞിരുന്നു.'
'ആണോ? ഏതു കോളേജീന്ന്?'
മറവിയുടെ ആ ചവര്‍പ്പ് അവരെ ഉള്ളാലെ കരയിച്ചു. എന്നാലും സായാഹ്നത്തില്‍ കിട്ടിയ ഈ ഒരേയൊരവസരം കളഞ്ഞുകൂടാ..
'ഓര്‍മയില്ലേ? കുട്ടികള്‍ ജയില്‍ കോളേജെന്നാണു വിളിച്ചിരുന്നത്. ഇനിയും എഴുതണം എന്നൊരു മധുരവാക്ക് ആ കഥയുടെ അടിയില്‍ കമന്റെഴുതിയിരുന്നു.'
നീണ്ട കോട്ടുവായിലൂടെ അയാള്‍ പ്രതികരിച്ചു. വായില്‍ അവിടവിടെയേ പല്ലുള്ളൂ. കണ്ട്മുട്ടാന്‍ പറ്റിയ പ്രായം തന്നെ! പുച്ഛം അവരുടെയുള്ളില്‍ തുപ്പല്‍ തെറിപ്പിച്ചു.
'സാര്‍ മലയാളം തന്നെയല്ലേ സ്‌കൂളിലും പഠിപ്പിച്ചിരുന്നത്? ഭാര്യക്കൊക്കെ സുഖമല്ലേ?'
മലവെള്ളം കണക്കെ വരുന്ന അവരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അയാള്‍ ആടിയുലഞ്ഞു.മറവിയുടെ മഞ്ഞുകൊട്ടാരത്തിലേക്ക് നൂണ്ടിരുന്ന് അയാള്‍ മന്ത്രിച്ചു.
'വേറെ ആരോന്ന് കര്തീട്ടാ ഇങ്ങള് വര്‍ത്താനം പറയണ്..'
ഓര്‍മയുടെ പൊടി പിടിച്ച ചില്ലുകള്‍ പൊട്ടിയും തകര്‍ന്നും അയാളുടെ ഭാണ്ഡത്തില്‍ നിന്നുതിര്‍ന്നു..കല്യാണഫോട്ടോ, കുറച്ചു പുസ്തകങ്ങള്‍, മക്കളുടെ മങ്ങിത്തുടങ്ങിയ കളര്‍ഫോട്ടോ,,
'അവര്‍ വലുതായതിന്റെ ഫോട്ടോകളൊന്നുമില്ലേ?'
ചിരപരിചിതയായി തന്റെ ജീവിതത്തിലേക്കൊരു കിളിവാതിലും തുറന്നിരിക്കുന്ന ആ അപരിചിതയെ അയാള്‍ പകപ്പോടെ നോക്കി.
'എത്ര ചിത്രം ഉണ്ടായിട്ടെന്താ? നിറം മങ്ങി വാര്‍ന്നു പോവാ മനസ്സീന്നെല്ലാരും..ഒരു വര പോലുല്ലാതെ ഒരു വെളുത്ത കര്‍ട്ടന്‍ മനസ്സിലങ്ങനെ ഇളകാ..'
ഒരു ചില്ലുതരിയെങ്കിലും തന്നെ ഓര്‍മിപ്പിക്കുന്നതായി അയാളുടെ ഉള്ളില്‍ ഉണ്ടായെങ്കിലെന്നു അവര്‍ തീവ്രമായി ആഗ്രഹിച്ചു. ഒരിക്കലും അടയാളപ്പെടാതെ പോയ ജീവിതത്തിന് ഒരിക്കലേലും സന്തോഷിക്കാന്‍.'ഈ ഭൂമിയിലാരുടെയും ഓര്‍മയില്‍ താനെന്നൊരു പെന്‍സില്‍രേഖ ബാക്കിയാവാഞ്ഞതെന്തേ?' അവരുടെ കവിളിലെ കണ്ണീര്‍കണങ്ങള്‍ മുട്ടിയുരുമ്മി ചോദിച്ചു..
അപ്പോഴതാ അവരെ അതിശയിപ്പിച്ചുകൊണ്ട് മറ്റൊരു തുണിസഞ്ചിയില്‍ ആ കോളേജ് മാഗസിന്‍. പോകാനായി എഴുന്നേറ്റ അയാളെ തടഞ്ഞു കൊണ്ട് അവളാ പുസ്തകം വലിച്ചെടുത്തു. 'ഹോ' സന്തോഷം കൊണ്ടവര്‍ക്ക് കൂകി വിളിക്കണമെന്നു തോന്നി. ആ പേജ് ചുവന്ന മഷിയാല്‍ അടയാളപ്പെട്ടിരുന്നു..'പ്രതിഭയുടെ കനലാട്ടമുണ്ട്, ശ്രമിച്ചാല്‍ ഉയരാം' എന്നൊരു കുറിപ്പ് തന്റെ കഥയുടെ താഴെ അയാള്‍ എഴുതിയിരുന്നു..മൂര്‍ച്ച വറ്റിത്തുടങ്ങിയ കണ്ണുകള്‍ പിന്നെയും പരതി. ഉണ്ടോ സ്‌നേഹിച്ചിരുന്നു എന്നൊരു നേര്‍ത്ത വാക്ക്..ഇല്ല ഒരിടത്തുമില്ല..വെറുമൊരു ഉള്ളിത്തോല്‍, കീറിപ്പോളിഞ്ഞു മുള്ളില്‍ കുരുങ്ങിയ വെറും പട്ടം..കാട്ടുമുള്ളല്ലാതെ മറ്റെന്തു ലഭിക്കാന്‍ സഹവാസത്തിന്..അവരാ പേജ് അയാളുടെ നേര്‍ക്ക് നീട്ടി ..
'ഓ ഇതോ? '
ശുഷ്‌കിച്ച കണ്ണുകളാല്‍ അയാള്‍ പരതി. കഥകളും കവിതകളും കുറുകിയിരുന്ന കണ്ണുകള്‍.
'പണ്ടു പഠിപ്പിച്ചിരുന്ന ഒരു കോളേജിലെ കുട്ടിയാ..ഇഷ്ടായിരുന്നു..ഒരിക്കലും നിറവേറാത്ത ഇഷ്ടങ്ങളുടെ പ്രേതാലയാ മനസ്സ്..'
ഉറക്കെ കരയണമെന്നും അയാളെ ഉമ്മ വെക്കണമെന്നും അവര്‍ക്കു തോന്നി..ചുളുങ്ങിയ തൊലി..ഇളകിയ നുരുമ്പിച്ച പല്ലുകള്‍..ആളുകള്‍ക്ക് ഇത്രേം നല്ലൊരു തമാശക്കാഴ്ച വേറെയുണ്ടാവില്ല..ഒരു പാട് വൈകിക്കിട്ടിയ ആ മധുരം എന്തു ചെയ്യേണ്ടൂ എന്നറിയാതെ അവര്‍ വിതുമ്പി..എത്ര മേല്‍ മാറുമായിരുന്നു ജീവിതം, അന്നാ തരു ആ ലതയെ ചുറ്റിപ്പിടിച്ചിരുന്നെങ്കില്‍..മനസ്സിലെ തല്ലിക്കെടുത്തിയ നാളങ്ങളൊക്കെ പ്രകാശം വിതറിയേനെ..നിശ്ശബ്ദമാക്കപ്പെട്ട വാക്കുകളുടെ ഉറവകള്‍ നിലവിളിച്ചും ചിരിച്ചും പേജിലേക്ക് ഒഴുകിയെത്തിയേനെ..ഓര്‍മകളുടെ അമ്മിക്കല്ല് അവരെ പ്രഹരിച്ചു..
'മതി' അയാളെഴുന്നേല്‍ക്കവേ അവര്‍ പറഞ്ഞു.
'പുഴുവരിക്കുവോളം ഈ വഴിയോരത്തിരുന്നാലും എനിക്കിനി പരാതിയില്ല..എത്ര നുണഞ്ഞാലും തീരാത്തൊരു മധുരക്കട്ട ഒടുക്കം ജീവിതമെനിക്കു തന്നല്ലോ..പോവാതിരുന്നൂടെ ഇനിയെങ്കിലും? നമുക്കീ വഴിയോരക്കാഴ്ചകള്‍ കണ്ടിരിക്കാം..'
കോര്‍ക്കപ്പെട്ട അവരുടെ വിരലുകള്‍ പതുക്കെ അഴിച്ചു മാറ്റിക്കൊണ്ട് അയാള്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു.
'വാടിക്കൊഴിയും മുമ്പ് ഒരിക്കലേലും അവളെ കാണണമെന്നുണ്ട്. ചിലപ്പോ വല്യ വീട്ടിലാവും..വെള്ളം കുടിക്കാനോ മറ്റോ ചെല്ലുമ്പോള്‍ കണ്ടാലോ ജനലിലൂടെ..'
അവര്‍ക്ക് ആര്‍ത്തുകരയണമെന്നു തോന്നി.
'അതു ഞാനാ'
നിലവിളിച്ചുകൊണ്ട് വാക്കുകള്‍ ഇടറി ..ചടച്ച ആ പേക്കോലത്തെ ഒട്ടിട നോക്കി പിറുപിറുത്തുകൊണ്ട് അയാള്‍ പോകാനെഴുന്നേറ്റു.
'ഛെ, ഇതെങ്ങനെ അവളാകും? ഇതേതോ കറുത്ത അണ്ണാച്ചി. വെളുത്തിട്ടായിരുന്നില്ലേ അവള്‍? വെളുത്ത് റോസ് നിറത്തില്‍!