Pages

2014, ഏപ്രിൽ 15, ചൊവ്വാഴ്ച

മുന്ന(കഥ)


മുന്നയെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം ഒരു റബറും പെന്‍സിലുമാണ് മനസ്സിലണയുക. തേഞ്ഞു തീരുന്ന റബര്‍ പോലെ ജീവിതം വക്കിടിഞ്ഞു വക്കിടിഞ്ഞു ആകൃതിയില്ലാതായ ഒരു മൊട്ടപ്പറമ്പു പോലെയായി.ശുഭ്രമായ പേപ്പറിലെ നെടുകെയും കുറുകെയുമുള്ള പെന്‍സില്‍ വരകളെ മായ്ച്ചു കളയുന്ന റബ്ബറുകള്‍..ഒടുക്കം ഓരോരുത്തരുടെ ജീവിതത്തിലേക്കും കടന്നു വരുന്ന എല്ലാം മായ്ച്ചു കളയുന്ന സൂത്രശാലിയായ മറ്റൊരു റബ്ബര്‍..ഈ ഭൂമി അങ്ങനെ എത്രയെത്ര മായ്ക്കലുകള്‍ക്ക് സാക്ഷിയായി..

മുന്ന അന്ന് എട്ടിലായിരുന്നു. മറ്റു കുട്ടികളേക്കാള്‍ വളര്‍ച്ചയുള്ള വികൃതിക്കുട്ടി. ക്ലാസ്സെടുക്കുമ്പോള്‍ അതേതും ശ്രദ്ധിക്കാതെ ചിത്രം വരച്ചുകൊണ്ടിരിക്കും. തീറ്റസാധനങ്ങള്‍ ഒളിപ്പിച്ചു വെച്ച് കറുമുറെ ചവക്കും. ചൂരല്‍ കയ്യില്‍ പതിയുമ്പോള്‍ നിസ്സംഗയായി ടീച്ചറുടെ മുഖത്തേക്ക് നോക്കും. പുറത്താക്കിയാലും രക്ഷയില്ല, കൂസലില്ലാതെ പുറത്തെ കാഴ്ചകള്‍ കാണും. മറ്റു കുട്ടികള്‍ക്ക് ചിരിക്കാനതു മതി.

'കുട്ടികളെ വല്ലാതെ തലയില്‍ വച്ചാലേ, അവര്‍ നമ്മളെ തള്ളി വീഴ്ത്തി പുറത്തു ചവിട്ടി നടന്നു പോകും. തെറിച്ച പിള്ളാരാ..'

ഒരിക്കല്‍ രാധാ മിസ്സ് പറഞ്ഞു. മഞ്ഞു മാസങ്ങളില്‍ പുല്‍ക്കൊടിത്തുമ്പില്‍ ചാഞ്ചാടുന്ന നീര്‍കണങ്ങള്‍ പോലെ നിര്‍മലരാണു കുട്ടികള്‍ എന്നായിരുന്നു തന്റെ ധാരണ. അവരുടെ സംസാരം മനസ്സിലെ കൂര്‍ത്ത കല്ലുകളെ വലിച്ചെറിയും. സന്തോഷത്തിന്റെ മുല്ലമൊട്ടുകള്‍ സൌരഭ്യമായി വാനില്‍ നിന്നുതിരും. തന്നെ നിരന്തരം പരിഹസിച്ചിരുന്ന ഒരു കുട്ടിയെ മുന്ന കോമ്പസ്‌കൊണ്ട് കുത്തി മുറിവാക്കിയപ്പോഴും എല്ലാവരും മുറുമുറുത്തു.

'അനിതാ മിസ്സിന്റെ ഫേവറിറ്റ് കുട്ടിയല്ലേ? ഇതൊക്കെ ചുട്ടെടുത്താലും കരിയാത്ത സൈസാ.'

അവള്‍ അന്ന് ഒരു ഭ്രാന്തിയെപ്പോലെ പുസ്തകങ്ങള്‍ വലിച്ചു പറിച്ച് എറിയാന്‍ തുടങ്ങി. കുട്ടികള്‍ കൊണ്ടു വന്ന അവളുടെ കെമിസ്ട്രി നോട്ട് ബുക്കില്‍ ഒരു പാട് ചിത്രങ്ങളുണ്ടായിരുന്നു. കൂടെയൊരു കുറിപ്പും 'കമ്പ്യുട്ടര്‍ ഗെയിമിലേതു പോലെ അത്ര ഈസിയല്ല ഒരാളെ കൊല്ലുന്നത്. സിനിമേലെ വില്ലന്മാര്‍ കൂട്ടായിരുന്നേല്‍ എനിക്കും ചിലരെയൊക്കെ കൊല്ലാനുണ്ടായിരുന്നു..'

മുന്നയുടെ ചിത്രങ്ങള്‍ പലതും വിചിത്രമായിരുന്നു. ഭയപ്പെടുത്തുന്ന കപ്പടാമീശകള്‍, അശ്രുവുതിരുന്ന വലിയ കണ്ണുകള്‍, ചങ്ങലയില്‍ കുരുങ്ങിയ ചോര കല്ലിച്ച ചെളിക്കാലുകള്‍..ദ്വാരങ്ങളില്ലാത്ത വലിയൊരു മതിലിനരികെ മോങ്ങിക്കൊണ്ടിരിക്കുന്ന നായ്ക്കുഞ്ഞുങ്ങള്‍..

ചൂളം വിളിക്കുന്ന കാറ്റ് പോലെ ആ ചിത്രങ്ങള്‍ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി..ആ കുട്ടി മനസ്സില്‍ എന്തൊക്കെയോ കൊണ്ടു നടക്കുന്നുണ്ട്, ഒരു നല്ല കൌണ്‍സിലിംഗ് അവള്‍ക്ക് കിട്ടിയേ തീരൂ. അതിനും അവളുടെ മമ്മിയെ കാണണം. ഒരു പാരന്റ്‌സ് മീറ്റിങ്ങിലും അവളുടെ വീട്ടില്‍ നിന്നും എത്തിയിട്ടില്ല ആരും. അതിന്റെ പേരില്‍ കിട്ടുന്ന അടിയും അവള്‍ ഒന്നും പറയാതെ കൂളായി സ്വീകരിക്കും..

ഒരു വൈകുന്നേരം സൂര്യന്‍ ചെമ്പട്ട് വിരിച്ച് ശയിക്കാന്‍ പുറപ്പെടുന്നേരം അവളുടെ പുറത്തു തലോടി താന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു." ഇന്ന് മോളുടെ വീട്ടിലേക്ക് ഞാനും വരുന്നു. എനിക്ക് മോള്‍ടെ  മമ്മിയെ ഒന്നു കാണണം".

മൌനിയായി അവള്‍ ഭീതിയോടെ എന്നെ നോക്കി. സമ്മതം ആവശ്യമില്ലാത്ത മട്ടില്‍ ഞാന്‍ പിന്നാലെ നടന്നു. വിശാലമായ പറമ്പുകള്‍ പിന്നിട്ട് നടന്നെത്തിയത് ഒരു കൂറ്റന്‍ മതിലിനരികെയാണ്. ദ്വാരങ്ങളില്ലാത്ത മതിലുകളുടെ പെന്‍സില്‍ വരകള്‍ മനസ്സിലേക്ക് പാറി വീണു. സംശയിച്ചു സംശയിച്ച് അവള്‍ ഗേറ്റ് തുറന്നു. കുരച്ചു കൊണ്ടോടി വന്ന കൂറ്റന്‍ നായ്ക്കള്‍ അവളെക്കണ്ട് നിന്നെങ്കിലും എന്നെ നോക്കി വേഗം സ്ഥലം വിട്ടോളൂ എന്ന് ഉഗ്രമായി കുരച്ചു കൊണ്ടിരുന്നു. നിസ്സഹായയായി പിറകിലേക്ക് ഇടയ്ക്കിടെ നോക്കി വിസ്തൃതമായ തൊടിയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ജനലുകള്‍ കുറഞ്ഞ ആ വലിയ വീട്ടിലേക്ക് അവള്‍ പതുക്കെ നടന്നു. ഇരുള്‍ അതിനെ പുതച്ചു തുടങ്ങിയിട്ടും എവിടെയും ഒരു പ്രകാശ നാളവും കാണാനുണ്ടായിരുന്നില്ല.

ക്ലേശം നിറഞ്ഞ മനസ്സോടെ ഹോസ്റ്റലില്‍ എത്തി. പിന്നെ കുറെ ദിവസം കൊമ്പന്‍ മീശയുള്ള മൂന്നു പേര്‍ എന്റെ പിന്നാലെ നായ്ക്കളെ അഴിച്ചു വിടുന്നതായിരുന്നു സ്വപ്നം..

ദിനങ്ങളും വര്‍ഷങ്ങളും അതില്‍ പിന്നെ എത്ര കടന്നു പോയി. കാലം ഇല പൊഴിച്ചു, വീണ്ടും തളിര്‍ത്തു..ഋതുഭേദങ്ങളുടെ പുത്തന്‍ നാമ്പുകള്‍ കണ്ണ്  തുറന്നു. താനാ ഇംഗ്ലീഷുമീഡിയം വിട്ടു മറ്റൊരു സ്‌കൂളിലെത്തി. ഓര്‍മകളിലേക്ക് തൂവലായി മുന്ന പാറി വീണത് ഒരു വാര്‍ത്ത വായിച്ചപ്പോഴാണ് സ്വന്തം മകളെ പിതാവ് തന്നെ കൊലപ്പെടുത്തിയത്രെ. ജയില്‍ഭിത്തി പോലുള്ള മതിലുകളാണ് വീടിന്..അയല്‍ക്കാര്‍ക്ക് പോലും ആ വീട്ടില്‍ എന്തു നടക്കുന്നു എന്നറിഞ്ഞുകൂടാ. അഞ്ചു ഭീമന്‍ നായ്ക്കളാണ് വീടിനു കാവല്‍..അവളുടെ പേരും മുന്നയെന്നാവണം..ഭക്ഷണം കഴിക്കേ സൈന്യത്തിന്റെ വെടിയേറ്റ് വീണ ഒരു  കുഞ്ഞിന്റെ ചിത്രവും കണ്ടു. അവന്റെ വായിലെ അപ്പം ചോരയില്‍ കുതിര്‍ന്നു കിടക്കുന്നു..അവന്റെ /അവളുടെ പേരും മുന്നയെന്നല്ലാതെ മറ്റെന്താണ്?      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ