കുക്കര്‍ അടുപ്പത്ത് വയ്ക്കുമ്പോഴൊക്കെ അവളാലോചിക്കും, എത്ര വേവും ചൂടുമാണീ കുക്കറിന്റെ ഉള്ളില്‍ ഏതു നേരവും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ കൊഴുക്കുന്നത്. ഈ അഡ്ജസ്റ്റുമെന്റുകള്‍, സേഫ്റ്റി വാല്‍വും വെയ്റ്റും ജീവിതത്തിനും വേണ്ടതായിരുന്നു. അവള്‍ ദീര്‍ഘമായി നിശ്വസിച്ചു, കുക്കറിന്റെ ഉഗ്രന്‍ വിസിലില്‍ അതാരും കേട്ടില്ല.
കൃത്യം 530 ന് അവളും കുക്കറും മാരത്തോണ്‍ ഓട്ടം തുടങ്ങും. എട്ടു മണിയാവുമ്പോഴേക്കും മക്കളെ സ്‌കൂളിലേക്കും അവരുടെ അപ്പനെ പണിസ്ഥലത്തേക്കും വിടണം. എന്നിട്ടു വേണം ലൈന്‍ പൈപ്പിനു മുമ്പില്‍ ക്യൂ നില്‍ക്കാന്‍. അവളെപ്പോലെത്തന്നെ പഴകിപ്പോയി വീടും. എത്ര തൂത്തു തുടച്ചാലും കാണാനൊരു ചേലുമില്ല. പതിനൊന്നു മണിയാവുമ്പോഴേക്കും പണിയൊക്കെ ഒരു വിധം ഒതുക്കി അടുത്ത വീട്ടിലെ കാരണവരെ പരിചരിക്കാന്‍ പോണം. മാസാമാസം മുവായിരം രൂപ കിട്ടുന്നത് വെറുതെ കളയണ്ടല്ലോ.
കൂടിയ പ്രശ്‌നങ്ങളെ (കടലയും ഇറച്ചിയും) കുക്കര്‍ മൂന്നാലു വിസിലിലൂടെയാണ് പരിഹരിക്കുക. തന്റെ ഉള്ളിലെപ്പോഴും ചൂളം കുത്തുന്ന കൊടുങ്കാറ്റുകളെ പുറന്തള്ളുന്നതിന് തനിക്കും മൂര്‍ദ്ധാവില്‍ ഒരു ദ്വാരം ഇടേണ്ടതുണ്ടെന്നും ഇടയ്ക്കിടെ ചുടുതാപത്തെ ശൂ എന്നു പുറത്തേക്കു ചീറ്റാന്‍ കഴിയണമെന്നും അവള്‍ എപ്പോഴും ആഗ്രഹിച്ചു.
വൈകീട്ട് ആറു മണിക്ക് വീട്ടിലേക്കു തിരിക്കുമ്പോള്‍ സ്വന്തം പ്രശ്‌നങ്ങള്‍ പോരാഞ്ഞാണോ ആ കാരണവരുടെ ദീര്‍ഘശ്വാസങ്ങളെക്കൂടി താന്‍ നെഞ്ചിലേറ്റുന്നതെന്ന് അവള്‍ സ്വയം ശപിക്കും. മിക്കവാറും ദിവസങ്ങളില്‍ വരാന്ത കെട്ടിയവന്റെ കള്ള് നാറുന്ന ഛര്‍ദിയില്‍ പൊതിര്‍ന്നിട്ടുണ്ടാവും. മകനും മകളും തങ്ങളെ അനുകരിച്ച് അടി കൂടുകയാവും, അല്ലെങ്കില്‍ അയാളില്‍ നിന്ന് പൊതിരെ തല്ലു കിട്ടി ഏങ്ങലടിച്ചു കരയുകയാവും. ഒറ്റക്കായിരുന്നു യാത്രയെങ്കില്‍ ഇത്രേം പങ്കപ്പാട് സഹിക്കേണ്ടിയിരുന്നില്ല. വയസ്സായാല്‍ പക്ഷെ ആരാണ് തനിക്കൊക്കെ കൂലിക്ക് ആളെ വച്ച് പരിചരിക്കാന്‍....
എത്ര നിസ്സഹായനാണ് മനുഷ്യന്‍! കാരണവരെ ചെരിക്കുമ്പോഴും മലര്‍ത്തുമ്പോഴുമൊക്കെ ഒരു ശവത്തെ തൊടുമ്പോലെയാണ് തോന്നുക. സംസാരത്തിനു മാത്രം ഒരൂ തളര്‍ച്ചയുമില്ല.
'വായില്‍ക്ക് മണ്ണ് വീഴ്ണതും നോക്കിയിരിപ്പാ ആ ദ്രോഹി, എന്റെ മഹന്‍..ടെറസീന്ന് വീണതാന്നല്ലേ അവന്‍ പറഞ്ഞോണ്ടു നടക്കണ്. തള്ളിയിട്ടതാ ചെകുത്താന്‍..ഇനീപ്പോ സ്വത്ത് തട്ടാന്‍ എളുപ്പാണല്ലോ..എന്നെ നിന്റെ വീട്ടിലേക്ക് കൊണ്ടു പൊയ്‌ക്കോ മോളേ, വയസ്സുകാലത്ത് എനിക്കൊരു മോളാവൂലോ. മോളൊക്കെ ഉണ്ടാവേര്‍ന്ന്!..ഈ നശിച്ച കാല്‍ കൊണ്ടാ അന്ന് അവളുടെ അടിവയറ്റില്‍ തൊഴിച്ചത്..കമിഴ്ന്നു വീണപ്പോ ദൈവമേ എത്രയായിരുന്നു ചോര...ശിക്ഷയാണ് മോളേ, ഈ ദുഷ്ടന് കിട്ടിയ ശിക്ഷ..'
പറഞ്ഞോണ്ടിരിക്കെത്തന്നെ അയാള്‍ വിവശതയോടെ കണ്ണടച്ചു. അവളുടെ ചുണ്ടില്‍ വരണ്ട ചിരി ഒരു ചുളിവായി പ്രത്യക്ഷപ്പെട്ടു, തന്റെ വീട്ടിലേക്ക് ഇനിയെങ്ങനെ മറ്റൊരു പ്രശ്‌നത്തെ വേവിക്കാനിടും?
വീട്ടിലെത്തിയപ്പോ ആകെ ഇരുട്ട്..ചിതറി വീഴുന്നൊരു കരച്ചില്‍..ചതഞ്ഞ മനസ്സോടെ അവള്‍ ഉള്ളിലേക്ക് പാഞ്ഞു കയറി. അടുക്കളമൂലയില്‍ പേടിച്ചരണ്ട്, കീറിയ കുപ്പായത്തോടെ മകള്‍..അവള്‍ ഒന്നും പറയാതെ അമ്മയുടെ നെഞ്ചിലേക്ക് വീണു, പിന്നെ തോരാതെ പെയ്തു..
'ആരാ നിന്നെ...'
കടിച്ചു പൊട്ടിച്ച ചോര കല്ലിച്ച ചുണ്ടിലേക്ക് തീക്കണ്ണ് പാറ്റി അമ്മയവളെ അടിമുടി കുലുക്കി..
'അപ്പന്‍...'
മകള്‍ ആര്‍ത്തു കരഞ്ഞു.
'തടുക്കാന്‍ വന്ന മോനൂനെ അപ്പന്റെ ഒപ്പം വന്നോര്‍..'
അവള്‍ തുറിച്ച കണ്ണോടെ വിറയ്ക്കുന്ന വിരലാല്‍ റബ്ബര്‍ക്കാട്ടിലേക്ക് ചൂണ്ടി..
പ്രഷര്‍ കുക്കര്‍ വിസില്‍ വിളിക്കാന്‍ മറന്നു. ഉള്ളിലെ വേവും ചൂടും കുറച്ചു നേരം കൂടി ഉള്‍ക്ഷോഭത്തോടെ പതഞ്ഞു. പിന്നെ സേഫ്റ്റി വാല്‍വ് ദൂരേക്ക് തെറിച്ചു. ഉള്ളിലുള്ളതെല്ലാം പുറത്തേക്കു ചിതറി.
അനന്തരം ........................
വാക്കത്തിയുമായി ആര്‍ത്തട്ടഹസിച്ചോടുന്ന അവളെ പലരും കണ്ടു, പേനായയെപ്പോലെ നാവ് പുറത്തിട്ട്..കേലയൊലിപ്പിച്ച്....കാണുന്നവരോടെല്ലാം കുരച്ചു ചാടി..
'കൊല്ലും, ആ ചെകുത്താനെ ഞാന്‍ കൊല്ലും..'അവള്‍ അലറി..
'എന്റെ മോളേ..' നീണ്ട വിലാപം പൊടുന്നനെ ചിരിയിലേക്ക് വഴി മാറി ..ഹ ഹ ഹാ...കൂയ് ..ഹ ഹ ഹാ ...
ആളുകള്‍ക്ക് ഒരു ഹൊറര്‍ സിനിമ കാണുന്ന രസവും ഭയവുമുണ്ടായി..
വീടിന്റെ ഇരുട്ടില്‍, ചുരുട്ടിക്കൂട്ടിയ ശീലക്കഷ്ണമായി മകള്‍ ചുരുണ്ടു കിടന്നു.......................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ