ഗ്രൌണ്ട് ഫ്ലോറിനെ വെള്ളം മൂടാന്‍ തുടങ്ങിയപ്പോള്‍ തന്നെ ശോശാമ്മയും പോളച്ചനും പരിഭ്രാന്തിയോടെ വേദനിക്കുന്ന കാലുകളെ ടെറസിലേക്ക് വലിച്ചിഴച്ചു. നീരാളിക്കൈകളുമായി വെള്ളം വരികയാണ് , ഒരു നിമിഷം കൊണ്ടത് ശ്വാസം മുട്ടിക്കും ,അഗാധതയിലേക്ക് ചവിട്ടിത്താഴ്ത്തും. “പോളച്ചാ” , നിലവിളിയോടെ ശോശാമ്മ ഭര്‍ത്താവിനെ നോക്കി .വിലപിടിച്ചതെല്ലാം ചളിവെള്ളം വരുതിയിലാക്കുകയാണ്. അതിന് കണ്ണും മൂക്കും വായുമെല്ലാം ഉണ്ടെന്നവര്‍ക്ക് തോന്നി . ഗ്ലും ഗ്ലും എന്ന് അത് തുപ്പിക്കൊണ്ടിരിക്കുന്നു. പൊതിര്‍ന്ന കണ്ണുകളാല്‍ തുറിച്ചു നോക്കുകയാണ്. നിങ്ങള്‍ രക്ഷപ്പെടുന്നത് ഒന്നു കാണണമല്ലോ എന്ന ഭാവത്തില്‍..
“ഷെല്‍ഫില്‍ ഇപ്രാവശ്യം
അവനയച്ച അയ്യായിരം ഉറുപ്പികയില്ലേ പോളച്ചാ?” വേവലാതിയോടെ സ്റ്റെപ്പുകള്‍ ആഞ്ഞു
കയറുന്നതിനിടെ ശോശാമ്മ ചകിതയായി ചോദിച്ചു
.”വീട് തകര്‍ന്നാല്‍ നമ്മളെന്ത് ചെയ്യും? എവിടെ പാര്‍ക്കും?”
“നീ വേഗം വാ,”
പടികളിലൂടെ അവരെ വലിച്ചു കേറ്റിക്കൊണ്ട് അയാള്‍ ധൃതിപ്പെട്ടു .”ജീവന്‍
ബാക്കിയുണ്ടെങ്കിലല്ലേ പൈസ? ഇത് നമ്മളെ കൊണ്ടോവാന്‍ വന്നതാ , ഒറ്റയ്ക്ക് ജീവിച്ച്
നമുക്കെന്നോ മടുത്തെന്ന് , വെറുത്തെന്ന് അതിനു മനസ്സിലായിക്കാണും. യോനായുടെ
കാലത്തെ വെള്ളപ്പൊക്കം മുച്ചൂടും മുടിച്ചല്ലേ അടങ്ങിയത്? ദൈവത്തിന്‍റെ പെട്ടകം
വന്നെങ്കിലായി ,നമ്മള്‍ രക്ഷപ്പെട്ടെങ്കിലായി ..”
അവശരായി അവര്‍
ടെറസില്‍ ഇരുന്നു .രണ്ടു കസാലകള്‍ മുമ്പെന്നോ കൊണ്ടിട്ടത് അവിടെ ഉണ്ടായത് അവരുടെ
ഭാഗ്യം. രണ്ടാള്‍ക്കും മുട്ട് മടങ്ങില്ല . മുകളിലേക്ക് കയറിയിട്ട് വളരെക്കാലമായി.
നീര് നിറഞ്ഞ് കടച്ചിലാണ് എപ്പോഴും കാല്‍മുട്ടുകള്‍ . ഇപ്പോള്‍ തന്നെ ജീവന്‍
പോകുമെന്ന ഭയം കൊണ്ടു മാത്രമാണ് ഇവിടെ എത്തിയത്ഘോഷങ്ങളൊന്നുമില്ലാതെ ആകാശം
നിശ്ശബ്ദം കണ്ണീര്‍ പൊഴിക്കുന്നു.
“പോളച്ചാ
,രാത്രിയായാല്‍ നമ്മളെന്ത് ചെയ്യും ?ഒരു വെളിച്ചം പോലുമില്ല .മൊബൈലും ടോര്‍ച്ചുമെല്ലാം
വെള്ളം കടിച്ചു കൊണ്ടുപോയി .തണുപ്പടിച്ച്
നമ്മള്‍ ചത്തുപോകും.”വേദനയും ഭയവും അവരുടെ ശബ്ദത്തെ ഒരു മൂളല്‍ മാത്രമാക്കി
.അപ്പോള്‍ ഒരു വള്ളം നീങ്ങുന്ന ഗ്ലും ഗ്ലും ശബ്ദം കേട്ട് പോളച്ചന്‍ പ്രയാസപ്പെട്ട്
എഴുന്നേറ്റു .റൂഫ്ടോപ്പിന് വേണ്ടി ചുമരുകള്‍ ഒരാള്‍പൊക്കത്തില്‍ ഉയര്‍ത്തിയതിനാല്‍
എത്ര വിളിച്ചാലും കേള്‍ക്കില്ല , ആരും കാണില്ല . അയാള്‍ ലുങ്കി വലിച്ചു കീറി
വീശിക്കൊണ്ട് അലമുറയിട്ടു .മഴയുടെ ആരവത്തില്‍ അയാളുടെ ശ്രമങ്ങളത്രയും
മുങ്ങിപ്പൊങ്ങി .
“ഇങ്ങനെ
മരിക്കാനാവും നമ്മുടെ വിധി .ദൈവഹിതം മാറ്റാനാവില്ലല്ലോ,” അയാള്‍ കണ്ണുകള്‍ കലങ്ങി
ശോശാമ്മയോദ് ചേര്‍ന്നിരുന്നു .”നമ്മടെ ബെന്നി ടീവീല് ഇതൊക്കെ കാണുന്നുണ്ടാവില്ലേ?അവന്‍
വിളിക്കുന്നുണ്ടാവും. നമ്മടെ ഫോണ്‍ പോയില്ലായിരുന്നെങ്കില്‍ അവന്‍ എന്തേലും മാര്‍ഗം കണ്ടേനെ അല്ലേ?” ശോശാമ്മ
വിതുമ്പിക്കൊണ്ട് അയാളോട് ചോദിച്ചു .അയാള്‍ വ്യര്‍ത്ഥത ചിതറുന്ന ഒരു ചിരി
ചിരിച്ചു. “ദൂരെ എവിടെയോ ആയിരുന്നു ടീവീല് വെള്ളം കയറുന്നത് കണ്ടത് .അതിത്ര
പെട്ടെന്ന്‍ ഈ കനത്ത വാതിലുകളും കൂറ്റന്‍ ഗെയിറ്റും കടന്ന് ഇരമ്പി വരുമെന്ന്
നമ്മളോര്‍ത്തോ?ഇന്നലെത്തന്നെ വിട്ടു പോയിരുന്നെങ്കില്‍ നമുക്കീ ഗതി
വരില്ലായിരുന്നു ശോശെ .മക്കളുടെ സ്വത്തിന് കാവല്‍ നില്‍ക്കുന്ന നായ്ക്കളുടെ വിധി
ഇത് തന്നെ .വെള്ളത്തില്‍ ശവങ്ങളായി ഒഴുകി നടക്കല്‍ .”
ശോശാമ്മ എല്ലാം
വിസ്മരിച്ചപോലെ മന്ത്രിച്ചു –“ഓര്‍ക്കുന്നില്ലേ ,നമ്മുടെ ബെന്നി ചെറുതായപ്പം
ഒരിക്കല്‍ നമ്മള്‍ പാടത്തേക്ക് നടക്കാന്‍ പോയത് .എന്ത് രസായിരുന്നു അന്നൊക്കെ അവനെ
കാണാന്‍ .എന്തൊരു തിളക്കമായിരുന്നു ആ കണ്ണുകള്‍ക്ക്. എന്തു നിഷ്കളങ്കമായിരുന്നു
അവന്‍റെ മനസ്സ് . ഒരിത്തിരി മഴ കൊണ്ടതിനാ അന്നവന് മൂന്നു ദിവസം പനിച്ചത് .പിച്ചും
പേയും പറയാന്‍ തുടങ്ങിയത് .നമ്മള്‍ അന്നെന്തു കരച്ചിലായിരുന്നു .ഇപ്പോ നോക്ക്
,നമ്മളീ മഴയത്ത് ഇരിക്കാന്‍ തുടങ്ങിയിട്ട് നേരമെത്രയായി .എന്താ അവന്‍ നമ്മളെ കൊണ്ടോവാന്‍
വരാത്തത്?”
പോളച്ചന്‍
കണ്ണീരില്‍ കുതിര്‍ന്ന അവരുടെ മുഖം തന്‍റെ നെഞ്ചിലേക്ക് ചേര്‍ത്തു. അവരുടെ യൌവനശോഭ
ഒരു നിമിഷം അയാളുടെ ഓര്‍മയില്‍ ഇരമ്പി .”മുങ്ങി മരിക്കുമ്പോ പഴയ ഓര്‍മകളൊക്കെ
തിരിച്ചു കിട്ടുമത്രെ .കുട്ടിക്കാലത്തേക്ക് റിവൈന്‍ഡ് ചെയ്തു പോകും .ഇപ്പോള്‍ ഓര്‍ക്കാത്ത
പല കുഞ്ഞുകാര്യങ്ങളും നാവിലിട്ട് നുണഞ്ഞാ നമ്മള്‍ മരിക്കുക.”
അവര്‍ പോളച്ചനെ
ഇറുകെ പുണര്‍ന്നു. “ബെന്നി നമ്മളെ വിളിച്ചിട്ട് ആഴ്ചയൊന്നു കഴിഞ്ഞില്ലേ?
അവനറിയുന്നുണ്ടോ ഇനിയൊരിക്കലും അവന് നമ്മളോട് മിണ്ടാന്‍ കഴിയില്ലെന്ന്?”
“അവനത് വലിയ
നഷ്ടമല്ല ശോശെ , അവരൊക്കെ തിരക്കുകാരല്ലേ?പണമുണ്ടാക്കുന്ന മെഷീനുകളല്ലേ? എവിടെ
അവര്‍ക്കൊക്കെ സമയം ഒരു കിളവനെയും കിളവിയെയും ഓര്‍ക്കാന്‍? നമുക്ക് മാത്രമല്ലേ
റോഡ് പോലെ നേരം നീണ്ടു പുളഞ്ഞ് കിടക്കുന്നത്,അറ്റമില്ലാതെ .”
“നമ്മുടെ പണ്ടത്തെ
ഓടുവീടിലായിരുന്നെങ്കില്‍ നമുക്കീ ഗതി വരില്ലായിരുന്നു. എത്ര നല്ല അയല്‍ക്കാരായിരുന്നു
.ഇവിടെ തൊട്ടുള്ള ആ രണ്ടു വീട്ടിലും എന്നേലും വിരുന്നു വരുന്ന വീട്ടുകാരല്ലേ
ഉള്ളത്?വന്നാല്‍ തന്നെ ഒന്നു പുറത്ത്
കാണുമോ ?മിണ്ടുമോ? എന്താ ഈ ലോകം ഇപ്പോ ഇങ്ങനെ?ഒരറപ്പും ഇല്ലാതെ ആളുകളെ
തല്ലിക്കൊല്ലുന്നു. ജാതീം മതവും പറഞ്ഞ് കുത്തിക്കീറുന്നു .നമ്മളെത്ര പട്ടിണി
കിടന്നു ഉണ്ടാക്കിയതായിരുന്നു ആ ചെറിയ വീട് .അത് നമ്മളെ ഇങ്ങനെ
ചതിക്കുമായിരുന്നില്ല .അതിന് നമ്മുടെ നെഞ്ച് കാണാന്‍ കഴിവുണ്ടായിരുന്നു. അത്
വിക്കണ്ടാന്ന് നമ്മളെത്ര നിലവിളിച്ചു .അവന്‍ അഞ്ചു പൈസക്ക് വില വച്ചോ? എന്നിട്ട്
നമ്മളെ കൊണ്ടിട്ടതോ രണ്ടാള്‍പൊക്കത്തില്‍ മതിലുള്ള രാവണന്‍ കോട്ടയില്‍ .അന്നേ ഞാന്‍
പറഞ്ഞതാ ഇവിടെ പാര്‍ക്കണ്ടാന്ന് ,അന്നേ ഞാന്‍ പറഞ്ഞില്ലേ?”
അവര്‍ ഉന്മാദിനിയായി
ആക്രോശിച്ചുകൊണ്ട് പോളച്ചനെ പിടിച്ചു കുലുക്കി .അയാള്‍ക്കറിയാം ,ടെന്‍ഷന്‍ കയറിയാല്‍
അവള്‍ക്ക് ഹിസ്റ്റീരിയ വരും .ഇറുകെ പുണര്‍ന്ന്‍ അവരെ ശാന്തയാക്കാന്‍ അയാള്‍
ശ്രമിച്ചു .നിരാശയുടെയും ദുഃഖത്തിന്‍റെയും കൊടുമുടിയില്‍ ഒറ്റപ്പെട്ടു പോയ അവര്‍
നാല് പാടും തുറിച്ചുനോക്കി .പിന്നെ നുരയും പതയും തുപ്പി നിലംപതിച്ചു .നെഞ്ചിലേക്ക്
പതിയെ കയറി വന്ന വേദനക്കൊലയാളിയെ തടവിത്തടഞ്ഞുകൊണ്ട് അയാളവരെ എഴുന്നേല്‍പ്പിക്കാന്‍
ശ്രമിച്ചു .ടിവിയില്‍ കണ്ട പ്രളയക്കാഴ്ചകള്‍ അപ്പോള്‍ അയാളെ പൊതിഞ്ഞു .മതിലുകളാണ് ആദ്യം
ഉരുണ്ടു വീണത് .വമ്പന്‍ എടുപ്പുകള്‍ കളിക്കോപ്പുകളെന്നോണം മറിഞ്ഞു വീണു .എങ്ങും നിറയുന്ന
ജലം ..അതില്‍ ഒഴുകുന്ന ഒരു പാട് സ്വപ്‌നങ്ങള്‍ ,ദുഃഖങ്ങള്‍ , മോഹങ്ങള്‍
,പ്രതീക്ഷകള്‍ ,ഓര്‍മകള്‍ ..സമത്വം വിതറിക്കൊണ്ട് അത് ഇരച്ചു കയറി .എല്ലാം
ഒന്നാക്കിക്കൊന്ദ് അനാദിയായ ജലം നിഗൂഡം പുഞ്ചിരിച്ചു ..
ആരും അറിഞ്ഞില്ല
അയാള്‍ വെള്ളം വെള്ളം എന്ന് ദീനം യാചിച്ചത് ,വേദനയാല്‍ വെന്തു വെന്ത് ഇല്ലാതായത് ,നൊന്ത് നൊന്ത് ദേഹമാകെ നീലിച്ചു
പോയത് ..
ജീവന്‍റെ ഉറവയായ ആ
മഹാസത്യം ശാന്തമായ കൈകളാല്‍ അവരെ സ്പര്‍ശിച്ചു
, പതുപതുത്ത ശയ്യയില്‍ പതുക്കെ കുലുക്കി
താരാട്ട് പാടി അതവരെ പൊടിഞ്ഞു വീഴുന്ന
ഭിത്തിയെ ഗൌനിക്കാതെ തുല്യതയുടെ മഹാപരപ്പിലേക്ക്
ഒഴുക്കി .കാലികളുടെയും പാമ്പുകളുടെയും
കൂടെ മൃത്യുവിന്‍റെ ച്യൂയിന്ഗമായി അവരും
..രക്ഷിക്കണേ എന്ന ഗ്ലും ഗ്ലും ശബ്ദത്തിലുള്ള നിലവിളി നാനാദിക്കിലും അലച്ചാര്‍ത്തു
..