Pages

2020, ഡിസംബർ 21, തിങ്കളാഴ്‌ച

നിയോഗവഴികൾ (കഥ)

 

സ്വപ്നത്തിൽ താൻ കസേരകളിയിലായിരുന്നു. വെറും നാലാം ക്ലാസുകാരിയായിട്ടും ഒരു തടിയനെയും രണ്ടു നീളക്കാരെയും തോൽപ്പിച്ചാണ് ഒന്നാംസ്ഥാനം നേടിയെടുത്തത്.

ഉണർന്നപ്പോൾ അതിശയിച്ചു, എത്ര കാലം മുന്നേയുള്ള ഒരു സംഭവമായിരിക്കും അത്. മനസ്സ് ചെറിയ ചെറിയ വിജയങ്ങളെപ്പോലും രഹസ്യമായി താലോലിക്കുന്നുണ്ടാവാം. അതാവും ഇങ്ങനൊരു കിനാവ്. പക്ഷേ പിന്നീട് കണ്ടതൊന്നും അത്ര സുഖകരമായിരുന്നില്ല. തടിച്ച എണ്ണമിനുപ്പുള്ള പാറ്റകൾ നിലത്ത് പരക്കം പായുന്നു. പിന്നെ, സൂചികൾ പൊട്ടിപ്പോയ ഒരു ഘടികാരം റ്റിക് റ്റിക് എന്നു ശ്വസിച്ചുകൊണ്ട് സമയത്തെ പുറത്തേക്കെറിയുന്നു. 

കസേരകളിയിലെ ആ അവസാനത്തെ ഒറ്റക്കസേര! എന്തായിരിക്കാം അതിന്റെ അർത്ഥം? ഓടിയോടി തല കറങ്ങുമ്പോഴേ ഒരു ചെറുവിജയം പോലും കരഗതമാകൂ എന്നാണോ? ചുറ്റും അലയടിച്ച ആ ദ്രുതതാളത്തിന്റെ പൊരുളെന്താവും? പ്രതീകങ്ങളിലൂടെ മാത്രം സംസാരിക്കുന്ന സ്വപ്നങ്ങളേ..നിങ്ങളെ ആർക്കാണ് ഇഴപിരിക്കാനാവുക?


ഉണർന്നതും അവർ ക്ളോക്കിലേക്ക് നോക്കി. ദൈവമേ! ആറു മണി കഴിഞ്ഞിരിക്കുന്നു. ജോലിക്കൂനകളുടെ ഓർമ അവരെ ബെഡിൽ നിന്ന് ചാടിയെഴുന്നേല്പിച്ചു. കരും കരും ഒച്ചയോടെ കാൽമുട്ടുകൾ പ്രതിഷേധിച്ചു. നടുവേദന 'ഇത്തിരി കൂടി കിടക്കൂ' എന്ന് ആവലാതിപ്പെട്ടു. 


വൃത്തമൊത്ത പഞ്ഞിദോശകൾ ചുടുമ്പോഴും തിരക്കിട്ട് ചട്ടിണിയും സമ്മന്തിയും തയ്യാറാക്കുമ്പോഴും ആ സ്വപ്നം തന്നെയായിരുന്നു മനസ്സിൽ.എന്നെങ്കിലും താനൊരു കസേരകളിയിൽ ജയിച്ചിട്ടുണ്ടോ? സ്‌മൃതിയിൽ ജീവിതപ്പരീക്ഷയുടെ എത്രയെത്ര പേപ്പറുകളാണ് ചുരുണ്ടു മടങ്ങി മുഷിഞ്ഞു കിടക്കുന്നത്.എത്രയെത്ര തോൽവികളാണ് ചുവന്ന മഷിപ്പാടുകളുമായി തുറിച്ചു നോക്കുന്നത്.


'രാജേട്ടാ, എണീറ്റില്ലേ ഇതുവരെ? ഓഫീസിൽ പോകാൻ വൈകില്ലേ?അച്ഛനും മക്കൾക്കും ഉറക്കം മതിയാവില്ലേ ഒരു കാലത്തും?'


ശകാരത്തിൽ സ്നേഹം ചാലിച്ചുകൊണ്ട് അവർ ഭക്ഷണം മേശപ്പുറത്ത് നിരത്താൻ തുടങ്ങി.

'ഈ രമ്യക്കെങ്കിലും നേരത്തെ എണീറ്റ് എന്നെ ഒന്ന് സഹായിച്ചൂടെ? രണ്ടു നാൾ കഴിഞ്ഞാൽ വേറൊരു വീട്ടിൽ കഴിയേണ്ടവളല്ലേ? എടീ, പെണ്ണേ..'


അവർ മൂന്നു റൂമിന്റെയും കതകുകൾ മാറി മാറി മുട്ടിക്കൊണ്ടിരുന്നു. 


'വാതിൽ ഉള്ളിൽ നിന്നു കുറ്റി ഇടരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. 12മണി വരെ മൂന്നും മൊബൈലിൽ കുത്തിക്കൊണ്ടിരിക്കും. പിന്നെങ്ങനാ നേർത്തെ എണീക്കാൻ പറ്റണത്?'

അവർ അരിശത്തോടെ ഉപ്പേരിക്കരിയാൻ തുടങ്ങി. 


'പോവുന്നില്ലെങ്കിൽ പോവേണ്ട, എനിക്കാണോ നഷ്ടം? ഓഫീസുകാരും കോളേജുകാരും മതിവരെ ഉറങ്ങട്ടെ. എനിക്കെന്താ.'


മുഖം വീർപ്പിച്ചുകൊണ്ട് അവർ ക്യാരറ്റിനെ നിർദയം അരിഞ്ഞു തള്ളി. അപ്പോൾ പിൻവാതിലിൽ ആരോ മുട്ടി.മറ്റേതോ ലോകത്തായിരുന്ന അവർ ഞെട്ടിപ്പോയി.വാതിൽ തുറന്നപ്പോൾ ആശ്വാസം,  ലൂസിയാണ്.


'ചേച്ചി അപ്പഴേക്കും പണിയൊക്കെ തുടങ്ങിയോ? അങ്ങോർക്ക് കടുത്ത പനിയായിരുന്നു. കഞ്ഞിയൊക്കെ കൊടുത്താണ് ഞാൻ വരണത്.'


'ഉം, നിനക്കെന്നും ഓരോരോ കാരണം കാണും. ഓഫീസിലേക്ക് നേരം വൈകിയാൽ അച്ഛനും മോനും എന്നോടല്ലേ ചാടിക്കടിക്കാൻ വരൂ. മോൾക്കാണെങ്കിൽ എട്ട് മണിക്ക് പോണം.ഇത് വല്ലതും നിനക്കറിയണോ?'


ലൂസി സ്തബ്ധയായി അവരെ തുറിച്ചു നോക്കി. വെളുത്ത് സുന്ദരമായിരുന്ന മുഖത്ത് വ്യസനം പുതിയ ചുളുക്കുകൾ വരച്ചിരിക്കുന്നു.കണ്ണുകൾ കുഴിയിലേക്ക് ആണ്ടിരിക്കുന്നു.ചുവന്നു തുടുത്തിരുന്ന ചുണ്ടുകളിൽ എന്തൊരു വിളർപ്പാണ്.ആശുപത്രിയിൽ നിന്ന് പോന്നിട്ട് രണ്ടാഴ്ച്ച ആകുന്നേയുള്ളൂ. കർത്താവേ! തുടങ്ങിയോ വീണ്ടും?


'ചേച്ചി മരുന്ന് കഴിച്ചോ?'


 എന്തു മറുപടിയാണ് ചില്ലുപോലെ വരികയെന്ന ആധിയോടെ ലൂസി ചോദിച്ചു. ഇന്നലെ വരെ അവരുടെ അനിയത്തി ഉണ്ടായിരുന്നു തുണയ്ക്ക്. ആര് ആർക്കാണ് ഇന്നത്തെ കാലം തുണ? രണ്ടു ആഴ്‌ച നിന്നപ്പോഴേക്കും മൂപ്പത്തിക്ക് ഗൾഫിലേക്ക് മടങ്ങാൻ തിടുക്കമായി. 


'അവിടേക്ക് കൊണ്ടോവായിരുന്നു. പക്ഷേ അന്തോം കുന്തോം ഇല്ലാത്ത ഈ അവസ്ഥയിൽ എങ്ങനാ? ലൂസി രാത്രിയും നിൽക്കുന്ന വല്ല വേലക്കാരേം കിട്ടോന്നു നോക്ക്. നിനക്ക് പറ്റുമെങ്കിൽ അതായിരുന്നു നല്ലത്.നിനക്കിവിടെ കൊല്ലങ്ങളുടെ പരിചയമുണ്ടല്ലോ.അവിടെ ഇപ്പഴേ ദേവേട്ടൻ ദേഷ്യം പിടിക്കുന്നുണ്ടാവും.ഞാനില്ലാതെ ഒന്നും നേരാവില്ല. രാവിലെ ആറ് മണിക്ക് ജോലിക്ക് പോവേണ്ടതാ.'


രാത്രി കൂട്ടു കിടക്കാൻ അപ്പുറത്തെ ശാരദേച്ചിയോട് പറഞ്ഞതായിരുന്നു. വന്നു കാണില്ല.മനുഷ്യർ മനുഷ്യർക്ക് തണിയാകുന്ന കാലം കഴിഞ്ഞെന്നു തോന്നുന്നു. ഒരാൾപൊക്കത്തിലുള്ള മതിലുകളും അത് തന്നെയാവും പറയുന്നത്. 

ഊണുമേശയിൽ ഭക്ഷണം വിളമ്പി വച്ചതു കൂടി കണ്ടപ്പോൾ ലൂസിയുടെ തൊണ്ടയിൽ നിന്ന് ഒരു നിലവിളി ഉയർന്നു. അവരുടെ അമ്മയും അച്ഛനും നേരത്തെ മരിച്ചു.അല്ലെങ്കിൽ ഈയവസ്ഥയിൽ അവരെങ്കിലും ഉണ്ടായേനെ. 


ഒന്നരവർഷം കൊണ്ടാണ് വിധി പൂന്തോട്ടമായിരുന്ന അവരുടെ ജീവിതത്തെ ഒരു കീറപ്പുസ്തകമാക്കിയത്. ഹാർട്ട് അറ്റാക്കായിരുന്നു ഭർത്താവിനെ ഒരു രാത്രി പിടിച്ചു വലിച്ചു കൊണ്ടു പോയത്. ആവർത്തനങ്ങൾ എല്ലാറ്റിന്റെയും പുതുമ നശിപ്പിക്കും. ദൈവത്തിന്റെ നിരന്തരമായ പ്രഹരങ്ങൾ അവർക്ക് ശീലമായെന്നാവും എല്ലാവരും കരുതുന്നത്. 


പിന്നെയും മൂന്നു മാസം കഴിഞ്ഞപ്പോഴാണ് പുതുതായി വാങ്ങിയ വിലകൂടിയ ബൈക്ക് മകനെ എറിഞ്ഞു കൊന്നത്. ആ ബൈക്ക് വാങ്ങിയ അന്ന് അവന്റെ മുഖത്തെ സന്തോഷം എത്രയായിരുന്നു.

'നോക്കമ്മേ, അച്ഛന്റെ പണമല്ല, ഇത് ഈ ഉണ്ണി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് കേട്ടോ'.


കൃത്രിമാഗൗരവത്തോടെ അവൻ അമ്മയുടെ കവിളിൽ നുള്ളി  പൊട്ടിച്ചിരിച്ചു.


,ഓ, എനിക്കിഷ്ടമല്ല ബൈക്ക്.ആ പൈസക്ക് ഒരു കാർ വാങ്ങിയാൽ പോരായിരുന്നോ?'


'ഒരു ലൊക്കടകാർ ഭർത്താവിനുണ്ടല്ലോ.അത് പോരേ'. 


അവൻ പിന്നെയും ചിരിച്ചു. ഒരു ഗാനമേള കഴിഞ്ഞു രാത്രി മടങ്ങുകയായിരുന്നു അവൻ.ആയുസ്സുണ്ടായിരുന്നെങ്കിൽ ആ കുട്ടി പ്രസിദ്ധനായേനെ.

അവർ  നിസ്സഹായയായി നിലവിളിച്ചുകരയുന്ന ദൃശ്യം ഇപ്പഴും കണ്ണിനു മുന്നിൽ തൂങ്ങി നിൽക്കുന്നു. മനുഷ്യർ ദുരിതങ്ങളിൽ ശ്വാസം കിട്ടാതെ മുങ്ങിപ്പൊങ്ങുമ്പോൾ ദൈവം മേലെയിരുന്നു ചിരിക്കുകയാവുമോ? ആർക്കറിയാം.മകനും മകൾക്കും അമ്മയെന്നു വച്ചാൽ ജീവനായിരുന്നു. വീടായാൽ ഇങ്ങനെ വേണമെന്ന് താനെത്ര കൊതിച്ചിരുന്നു. 


ഇരുണ്ട മുഖമുള്ള, ഭീകരമായി പൊട്ടിച്ചിരിക്കുന്ന വിധി! അവർ വ്യസനക്കിടക്കയിൽ ഒട്ടിപ്പോയിരുന്നു. ആപ്പോഴാണ് പിന്നിൽ നിന്നുള്ള ആ അവസാനത്തെ അടി. ആരാണ് വീണു പോകാതിരിക്കുക? ആർക്കാണ് പിന്നെ എഴുന്നേൽക്കാനാവുക?


ഒരു മാസം മുമ്പായിരുന്നു.രാവിലെ മകളെ വിളിക്കാൻ ചെന്ന അവർ ആ തണുത്ത ദേഹം തൊട്ട് ആർത്തു കരഞ്ഞു.മരണം പകർച്ചവ്യാധി പോലെയാണ് ആ വീടിനെ ആവേശിച്ചത്. 

'രാജേട്ടാ, മക്കളേം കൊണ്ടോവാ അല്ലേ? എന്നെ മാത്രം വേണ്ട അല്ലേ?' അവർ നെഞ്ചത്തടിച്ചു കരയുന്നത് ഓർക്കുമ്പോൾ ആ മുടിഞ്ഞ തലവേദന വീണ്ടും ചെന്നിയിൽ മാന്തിപ്പറിക്കുന്നു. കള്ള്കുടിയൻ കെട്ടിയവൻ തന്നെ എത്ര ദ്രോഹിച്ചിരിക്കുന്നു.അപ്പോൾ പോലും താനിത്ര വേദന അനുഭവിച്ചിട്ടില്ല. കർത്താവേ! നിന്റെ തീരുമാനങ്ങളുടെ പൊരുളുകൾ ആർക്കാണ് മനസ്സിലാവുക?


അവരുടെ മുഖത്ത് ഈയിടെയായി എന്തുമാത്രം നിസ്സഹായതയാണ് തളം കെട്ടിക്കിടക്കുന്നത്. എന്തു മാത്രം കരച്ചിലാണ് ആ കണ്ണുകളിൽ പെയ്യാനോങ്ങി നിൽക്കുന്നത്. കർത്താവേ! ചിലരെ നീയിങ്ങനെ ചാട്ടവാറുകൊണ്ട് തുടരെത്തുടരെ അടിക്കുന്നതെന്ത്?


'ചേച്ചീ, അവരെല്ലാം നേരത്തെ പോയില്ലേ? വാ നമുക്ക് ഭക്ഷണം കഴിക്കാം. മരുന്ന് കുടിക്കാനുള്ളതല്ലേ? അന്നത്തെ ആ പനി ഇപ്പഴും വിട്ടിട്ടില്ല'.


'ങേ, അവരൊക്കെ പോയോ? എപ്പോ? എന്താ എന്നോട് പറയാഞ്ഞേ? അങ്ങനൊരു പതിവില്ലല്ലോ.'

അടഞ്ഞു കിടക്കുന്ന റൂമുകളെ നോക്കി അവർ അമ്പരന്നു. 


ഓരോരുത്തരായി കൂടൊഴിഞ്ഞതോടെ ആ മുറികളെല്ലാം പൂട്ടിയിരിക്കയാണ്. ഓരോ മുറിയുടെ മുന്നിലും പോയി നിലവിളിയും പതംപറച്ചിലും തന്നെയായിരുന്നു. ഹൃദയങ്ങളെ ഛിന്നഭിന്നമാക്കുന്ന കരച്ചിൽ..


'ലൂസീ, നീ ഇന്നലെ പറഞ്ഞില്ലേ, മനുഷ്യരെ ആശ്രയിച്ചിട്ട് ഒരു കാര്യവുമില്ല, കർത്താവ് മാത്രാ തുണയെന്ന്.എനിക്കും അതാ ശരിയെന്ന് തോന്നുന്നു. അല്ലെങ്കിൽ അന്ന് ആ ആക്സിഡന്റ് നടന്നപ്പോ ദൈവാധീനം ഉള്ളതൊണ്ടല്ലേ രാജേട്ടനും മക്കളും രക്ഷപ്പെട്ടത്.അതെങ്ങനെ, അമ്പലത്തിൽ പോവുമ്പോഴൊക്കെ അവർക്ക് വേണ്ടിയല്ലേ ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കുന്നത്.പിന്നെ ദൈവം എന്നെ കൈവിടോ? പിന്നേയ്, വേറൊരു വിശേഷം ഉണ്ട്. നമ്മടെ മോളെ കല്യാണം ഉറപ്പിച്ചു. അന്ന് വന്ന ആ ഡോക്ടർ ചെക്കനില്ലേ? അതന്നെ. കാണാൻ നല്ല ഭംഗി ഉണ്ട് '.


അതും പറഞ്ഞ് അവർ പൊട്ടിച്ചിരിച്ചു. കാലങ്ങളായി വ്യസനച്ചീളുകളാൽ കണ്ണ് നിറഞ്ഞിരുന്ന വീടും ഒപ്പം ചിരിച്ചു. ലൂസി സന്തോഷം അഭിനയിച്ചുകൊണ്ട് അവരെ നോക്കി. മേലേന്നു വീഴുന്ന, ദൈവത്തിന്റെ  പതിഞ്ഞ ചിരിയുടെ ഐസ്‌തരികൾ അവളിൽ ജ്വരം നിറച്ചു. വിധിയുടെ കറുത്ത ഭീമൻ തിരശ്ശീലയുടെ ഞൊറികൾ മുന്നിൽ മനോഹരമായി ഇളകി.  ദുഃഖത്തിന്റെ കയ്പ്പ് നിറഞ്ഞു നിറഞ്ഞ് അവൾക്ക് നെഞ്ചു കടഞ്ഞു. വെളുത്തു മെലിഞ്ഞ ആ കൈകളെ പതുക്കെ തലോടിക്കൊണ്ട് അവൾ പറഞ്ഞു, '

വേഗം കഴിച്ചിട്ട് നമുക്ക് ഇന്ന് ബീച്ചിൽ പോണം.വല്യ ഇഷ്ടല്ലേ കടല് കാണാൻ'.

'ആയിക്കോട്ടെ, അവര് തിരിച്ചു വരുമ്പോഴേക്ക് പോയി വരാം അല്ലേ'

അവർ ആഹ്ലാദത്തോടെ സാരി മാറ്റാൻ പോവുന്നത് കണ്ട് ലൂസി ആശ്വാസത്തോടെ കണ്ണ് തുടച്ചു....

2020, ഡിസംബർ 1, ചൊവ്വാഴ്ച

മരണാനന്തരം.(കഥ)

അമ്മേ,

റബ്ബർമരത്തിൽ പാലിന് വേണ്ടി ചാല് കീറുമ്പോലെയാണ് അവരെന്റെ ദേഹത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞത്. എന്റെ ദീനമായ നിലവിളി അവരെ ഉന്മത്തരാക്കി.മറ്റൊരാളുടെ വേദനയോളം മറ്റൊന്നും അവരെ ആഹ്ലാദിപ്പിക്കാത്തത് പോലെ..


ഒരു കരിമ്പൂച്ചയെ ചപ്പിലേക്ക് വലിച്ചെറിയുന്ന ലാഘവത്തോടെയാണ് അവരെന്നെ വേസ്റ്റ് കൂനയിലേക്ക് എറിഞ്ഞത്. യാതൊരു മടിയുമില്ലാതെ തീ വച്ചത്. മരിച്ചു എന്നവർ ധരിച്ചിരുന്നു. എന്റെ ആത്മാവാകട്ടെ ശരീരത്തിന്റെ ഇടുങ്ങിയ, അവസാനവാതിൽ നൂണ്ടു കടക്കാൻ തത്രപ്പെടുകയായിരുന്നു.ചവറിൽ പുളഞ്ഞിരുന്ന കറുത്ത പുഴുക്കളും എല്ലിൻകൂടുകളായ നായകളും മടക്കമില്ലാത്ത അന്ത്യയാത്രയിൽ എനിക്ക് കൂട്ടായി.


മുത്തശ്ശി പറയാറുണ്ടായിരുന്നില്ലേ,  'രാമായണം ' എഴുതിയ വാല്മീകിയുടെ പിന്മുറക്കാരാണ് നമ്മളെന്ന്.  ആ ഗ്രന്ഥത്തിലെ കഥാപാത്രങ്ങളൊക്കെ നമ്മളേക്കാൾ എത്ര ഉയരത്തിലാണ്! എത്രയെത്ര അമ്പലങ്ങളാണ് അവർക്ക് വേണ്ടി പണിയപ്പെടുന്നത്. എത്രയെത്ര പ്രതിമകളാണ് അഹങ്കാരത്തോടെ തല ഉയർത്തി നിൽക്കുന്നത്.കഥാപാത്രങ്ങൾ കഥാകാരനെ വെല്ലുക! എന്തൊരു കഠിനവിധി! പാലും നെയ്യും ഭക്ഷണം വേണ്ടാത്ത ആ വിഗ്രഹങ്ങൾക്ക് മേൽ സദാ ഒഴുക്കപ്പെടുന്നു. കറുത്ത, കാണാൻ ഭംഗിയില്ലാത്ത നമ്മൾ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി എത്ര കഷ്ടപ്പെടുന്നു. അമ്മേ, എന്തേ ഭൂമിയിൽ എല്ലാം ഇങ്ങനെ തല തിരിഞ്ഞിരിക്കുന്നത്?


പത്രങ്ങൾ, ചാനലുകൾ, എല്ലാം എന്നെ കത്തിക്കരിച്ചത് ആഘോഷിക്കുകയാണ് അല്ലേ? വാൾതലപ്പിലൂടെയുള്ള നടത്തമാണ് ജീവിതമെന്ന് അവരറിയുന്നുണ്ടോ? മൂന്നാലു മാസം മുമ്പ് ഹരിയെയും കിഷനെയും കുറെ ബാബുമാർ തല്ലിച്ചതച്ചത് അമ്മ ഓർക്കുന്നില്ലേ? ചേരിയിൽ ഏത് കുടിലിനാണ് കക്കൂസുള്ളത്? എല്ലാവരും ചാലിലേക്ക് തന്നെയല്ലേ മറക്കിരിക്കുന്നത്? "വൃത്തിയുടെ പ്രതീകമാണ് ഈ നാട്.അറിയാമോ തെണ്ടികളേ?" ഇതും പറഞ്ഞായിരുന്നു അവർ ഹരിയെയും കിഷനെയും അടിച്ചോടിച്ചത്.അമ്മേ, അമ്മയുടെ ശബ്ദം കേൾക്കാൻ കൊതിയാകുന്നു.'ചിക്കൂ, ചിക്കൂ' എന്ന് അമ്മ വിളിക്കുമ്പോലെ തോന്നുന്നു.


അമ്മേ, ആ ബാബുമാർ എത്രയാണെന്നെ വേദനിപ്പിച്ചത്! പശിമയുള്ള ചോര എന്റെ കറുത്ത തുടകളിൽ തണുത്തു മരവിച്ചു.  ദൂരേക്ക് പിച്ചിയെറിയപ്പെട്ട എന്റെ നിറം കെട്ട ഉടയാടകൾ. മേഘങ്ങളും മരങ്ങളും മാത്രം എല്ലാറ്റിനും സാക്ഷിയായി. അവയ്ക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! എന്തെല്ലാം ഭീകരകഥകൾ നുണകളുടെ ഇരുളുകളിൽ നിന്നു പുറത്തു വരുമായിരുന്നു അല്ലേ? കഠിനവേദനകൾ എന്റെ ബോധത്തെ ചതയ്ക്കുമ്പോഴാണ് അവരെന്റെ വായ് വലിച്ചു തുറന്നത്. ബ്ലെയ്ഡ് കൊണ്ട് നാവിൽ ആഴത്തിൽ മുറിച്ചു രസിച്ചത്. അപകർഷ ത്തിന്റെ ഗുഹകളിൽ ഒളിച്ചിരിക്കുന്ന നമ്മുടെ നാവുകളെ ആർക്കാണമ്മേ ഭയം? ഭ്രാന്തൻ ചിരിയോടെ അതിലൊരാൾ എന്നെ ചൂണ്ടി:

 "കരിമ്പിൻ ചണ്ടി പോലെ അവള് കിടക്കണ കിടപ്പ് കണ്ടില്ലേ ഭായീ? മര്യാദയ്ക്ക് സഹകരിച്ചിരുന്നെങ്കിൽ നമ്മളും എത്ര നല്ലവരായേനെ..നമ്മൾ മുന്തിയ ജാതിക്കാർക്ക് ഇഷ്ടമുള്ള പെണ്ണിനെ ഇഷ്ടമുള്ളപ്പോൾ സ്വീകരിക്കാൻ കഴിഞ്ഞിരുന്ന ആ സുവർണകാലം എത്ര നല്ലതായിരുന്നു.ഈ നശിച്ച സംവരണം ഒക്കെ വന്നപ്പോഴാ ഈ കറുത്ത കൂട്ടങ്ങൾ ഇത്ര അഹങ്കാരികളായത്. "


"അതെ, എന്തായിരുന്നു അവളുടെ വീറ്. എന്റെ തള്ളവിരൽ കടിച്ചു മുറിച്ചത് കണ്ടോ? ഠാക്കൂർമാരുടെ വിരല് ഒരു ചുഹുറപ്പെണ്ണ്  കടിച്ചു മുറിക്കുക! കലികാലം!" 


രണ്ടാമൻ പരിഹാസത്തോടെ എന്റെ മേൽ കാർക്കിച്ചു തുപ്പി. 


"എടാ, ഇത് ചത്തെന്നാ തോന്നുന്നത്. ഒരു അനക്കാവുമില്ല."

മൂന്നാമൻ ഒട്ടു ഭയത്തോടെ പറഞ്ഞു.


"എന്തിന് പേടിക്കണം? എന്റെ രണ്ടു അങ്കിൾമാർ പൊലീസിലാ. അവർക്ക് കൂടി പങ്ക് കൊടുക്കാത്തത്തിൽ ഒരു പരിഭവം കാണും.അത് നമുക്ക് അടുത്ത തവണ ശരിയാക്കാം.പരുന്തുകൾക്ക് ഇര പിടിക്കാനാണോ പ്രയാസം? ഹാ ഹാ ഹാ. ." 


നാലാമൻ എന്തോ തമാശ പറഞ്ഞ പോലെ ഉറക്കെ ചിരിച്ചു.


കാക്കയുടെ ജന്മമാണല്ലേ അമ്മേ നമ്മുടേത്.എല്ലായിടവും വൃത്തിയാക്കേണ്ട ചുഹ്‌റകൾ. തോട്ടികളായിരുന്നു നമ്മുടെ  പൂർവികർ.ശവം തിന്നുന്നവർ.മലം ചുമക്കൽ സർക്കാർ നിരോധിച്ചെങ്കിലും സെപ്റ്റിക് പൈപ്പിൽ ബ്ലോക്ക് വന്നാൽ ഇപ്പഴും വൃത്തിയാക്കുന്നത് നമ്മൾ തന്നെ. എല്ലാം ശരിയായി വരുമ്പോഴേക്ക് നാറിയിട്ട് ആരും അടുക്കില്ല. പാവം അച്ഛൻ! ഓടയിൽ വീണാണ് മരിച്ചത്.അനേകം പണിക്കാർക്കൊപ്പം വൃത്തിയാക്കുകയായിരുന്നു. ഓടയും ചൂലും സദാ നമ്മുടെ ജീവിതത്തെ നയിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും എത്രയോ പേർ പഠിച്ചു കര കയറുന്നു. ദാരിദ്ര്യം അത്ര മേൽ വിഴുങ്ങിയ നമ്മൾക്ക് അതിനുമില്ല യോഗം.നന്നായി പഠിച്ചിരുന്ന ഞാൻ ഏട്ടനു വേണ്ടി ആറിൽ വച്ചു പഠിത്തം നിർത്തി.  അവൻ സ്‌കൂൾ ഫൈനൽ കടന്നു കിട്ടിയപ്പോൾ നമ്മളെത്ര സന്തോഷിച്ചു. അവനെങ്കിലും ആകാശത്തിലെ താരങ്ങളെ ലക്ഷ്യമാക്കുമെന്ന് നമ്മളെത്ര പ്രതീക്ഷിച്ചു. പക്ഷേ, ദാരിദ്ര്യം അവനെയും ക്ളീനിംഗ് തൊഴിലാളിയാക്കി. 


അമ്മേ, അന്ന്- ആ നാലു ചെന്നായ്ക്കൾ എന്റെ ഷോളിൽ പിടുത്തമിട്ടപ്പോൾ അമ്മ എങ്ങു പോയിരുന്നു? നമ്മൾ രണ്ടു പേരുമല്ലേ പുല്ല് എടുക്കാൻ പോയത്. അവർ അമ്മയെ ശ്വാസം മുട്ടിച്ച് താഴെയിട്ടു കാണും.  ഷോളിൽ പിടി മുറുക്കി അവരെന്നെ അടുത്ത കുറ്റികാട്ടിലേക്ക് വലിച്ചിഴച്ചു. ഷോൾ കഴുത്തിൽ മുറുകുന്തോറും എന്റെ ശ്വാസപ്പക്ഷി നിലവിളിക്കാൻ പോലുമാവാതെ ബോധമറ്റു. കളിമൺ കൂനയെന്നോണം അവരെന്നെ ചവിട്ടിക്കുഴച്ചു. 


പണ്ട്- ബാബുമാരുടെ പശുക്കൾ ചത്താൽ നമ്മളായിരുന്നു കൊണ്ടു പോയിരുന്നത്.നമ്മുടെ ആമാശയങ്ങൾ ഒരു ഉത്സവം പോലെയാണ് ആ ഇറച്ചിയെ സ്വീകരിച്ചിരുന്നത്. ഇന്നാകട്ടെ ഇറച്ചി തിന്നുന്നത് പോലും ഒരാൾ കൊല്ലപ്പെടാനുള്ള ന്യായമായ കാരണമാണ്. നമ്മൾ പണിക്ക് പോയിരുന്ന വീട്ടിൽ ടി വി യിൽ ആൾക്കൂട്ടം ഓരോരുത്തരെ അടിച്ചു കൊല്ലുന്നത് എത്രയാണ് നമ്മൾ കണ്ടത്. ഇവിടെ പിറന്നവർ അവരുടെ വേരുകൾ ഇവിടെത്തന്നെയാണ് എന്നു ശഠിച്ചതിന്റെ പേരിൽ, മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ഒക്കെ ജയിലുകളിൽ അടയ്ക്കപ്പെടുന്നു.നമ്മുടെ നാടിനെ എന്തോ ശാപം ബാധിച്ചതാണോ? ഇത്രയേറെ ദുഃഖങ്ങൾ അതിന്റെ തലയിലൂടെ സമുദ്രം പോലെ ഇരമ്പുന്നല്ലോ..


കാലം ഒരു ഭീമൻ സർപ്പം പോലെയാണ് നമ്മെ ചുറ്റിയത്. മൗനമായിരുന്നു വളരെ കാലമായി നമ്മെ പൊതിഞ്ഞിരുന്നത്.ഭയം നമ്മുടെ ചുണ്ടുകളെ തുന്നിക്കെട്ടി. ചുരുട്ടിയ മുഷ്ടികൾ ഭീതിയോടെ നിവർന്ന് സ്വന്തം മടികളിൽ ഒളിച്ചു. ഉയർന്ന ശിരസ്സുകൾ ആശങ്കയോടെ ഇടക്കിടെ ചുറ്റും നോക്കി, പിന്നെ മൊബൈൽ കാഴ്ചകളിൽ ആശ്വാസപ്പെട്ടു. 


അമ്മേ, ഞാൻ പറയുന്നത് വല്ലതും അമ്മ കേൾക്കുന്നുണ്ടോ? എന്തൊരു മഞ്ഞുപുകയാണ് ഇവിടെയാകെ. ഹരിയും കിഷനും ഈ ചേച്ചിയെ ഓർക്കുന്നുണ്ടോ?  അവസാനശ്വാസമെടുക്കുമ്പോൾ പഴുത്തളിഞ്ഞ നാവ് ആ നാലു പേരുടെ പേരുകൾ എങ്ങനെ ഉരുവിട്ടു എന്നു ദൈവത്തിന് മാത്രമേ അറിയൂ. അപ്പോഴും ഭയമായിരുന്നു, ഇതിന്റെ പേരിൽ നമ്മുടെ കുടിൽ ബാബുമാർ തീ വെക്കുമോ എന്ന്..


ഭയം! ഭൂതം പോലെ അതിപ്പോഴും തുറിച്ചു നോക്കുന്നു. എത്ര പുനർജന്മങ്ങളിൽ മുങ്ങി നിവർന്നാലാണമ്മേ നമ്മൾ ആ കോട്ടയിൽ നിന്ന് രക്ഷപ്പെടുക? ഒന്നുറക്കെ സംസാരിക്കുക? ധൈര്യത്തോടെ ഒരാളുടെ കണ്ണിലേക്ക് നോക്കുക? 

അമ്മേ..................................