Pages

2018, നവംബർ 10, ശനിയാഴ്‌ച

എന്‍റെ വീടുകള്‍ [കഥ ]




ഈ കടല്‍ത്തീരവും കാറ്റാടിമരങ്ങളും കറുത്ത മണലും സൂര്യന്‍ ചിരിക്കുകയും കരയുകയും ചെയ്യുന്ന ചക്രവാളവും സ്വന്തമാണെന്നായിരുന്നു എന്‍റെ ധാരണ. തിരകളുടെ ഇടതടവില്ലാത്ത ഗര്‍ജനം കേട്ടുവളര്‍ന്നിട്ടും ഇടിയും മിന്നലും ഉറക്കം കെടുത്തുന്നു .എത്ര തവണയാണ് പാറകളില്‍ തലയടിച്ചു വീഴുന്നത്, കൂര്‍ത്ത കല്ലുകള്‍ കാലുകളില്‍ ചോര പൊടിയിക്കുന്നത്.എന്നിട്ടും വീടുകള്‍ ഉണ്ടാക്കുക തന്നെയാണ് ഞാന്‍.ഒരിക്കലും തകര്‍ന്നു വീഴാത്തൊരു വീടിനുള്ള ആശ നേര്‍ത്തുനേര്‍ത്ത് എക്സിമോകളുടെ മഞ്ഞുവീടു പോലെ ഒന്നിനായി. കനത്ത വെയില്‍ ആ ആഗ്രഹാത്തെയും ഉരുക്കിക്കളഞ്ഞു .മണല്‍ കൊണ്ടൊരു കൊട്ടാരമാണിപ്പോള്‍ മനസ്സില്‍. പക്ഷെ എത്ര ദൂരെ പണിതിട്ടും തിരയതിനെ നക്കിക്കൊണ്ടു പോകുന്നു. പണ്ട് മണ്ണപ്പം ചുടാനും ഇതേ മണലാണ്‌ കൂട്ടിനുണ്ടായിരുന്നത് .എത്ര തവണയാണ് കടല്‍കാക്കകള്‍ അവ കൊത്തിയത്.ഏറുമാടം പോലൊരു വീടിനും ശ്രമിച്ചു –കടലില്‍ നിന്നെത്രയോ ദൂരെ .ഓരോ തിരയും എത്രയെളുപ്പമാണ് ഓരോ പ്രവര്‍ത്തിയെയും, ഭൂതകാലത്തെത്തന്നെയും  മായ്ച്ചുകൊണ്ടിരിക്കുന്നത്. എന്‍റെ പാഴ്ശ്രമങ്ങള്‍ അമ്മ കാണുന്നുണ്ടാവണം. ജനനത്തില്‍ പൊക്കിള്‍ചരട് കുടുങ്ങി ഒരു പാടുണ്ടായിരുന്നു എന്‍റെ കഴുത്തില്‍ .അമ്മയെ കാണാന്‍ തോന്നുമ്പോഴെല്ലാം ആ വടുവില്‍ ഒന്നു തൊട്ടാല്‍ മതി ,എഴാകാശത്തപ്പുറത്തു നിന്ന് അവര്‍ ശുഭ്രവസ്ത്രത്തില്‍ പുഞ്ചിരിക്കാന്‍.

എന്നും ഒരേ സ്വപ്നം കാണുന്നതിന്‍റെ അര്‍ത്ഥമെന്താണ്?കിനാവില്‍ നിറയെ വീടുകളാണ് ,പഴയ ഗുഹാമുഖങ്ങള്‍ മുതല്‍ ഇന്നത്തെ കൊട്ടാരവീടുകള്‍ വരെ..പെട്ടെന്നാണ് തണുത്ത കാറ്റ് വീശുന്നത് ,ധൂളിധൂളിയായി വീടുകള്‍ പറന്നു പോകുന്നത്.ചിലപ്പോള്‍ ഒരു വന്‍കുലുക്കമാവും ഭൂമിയെ അട്ടിമറിക്കുക. ആളുകളുടെ കരച്ചില്‍ ഒരിക്കലും ഒടുങ്ങാതെ ..തണുത്ത കാറ്റിലും മഴയിലും കുളുര്‍ന്ന് പല്ലുകള്‍ കൂട്ടിയിടിച്ച് ഉണരുമ്പോഴാവും എല്ലാം സ്വപ്നമാണെന്ന് മനസ്സിലാവുക .അത്ഭുതപ്പെടുക..അമ്മ പറയാറുണ്ടായിരുന്നു ,”മോനെ , ആ മുടിയൊന്നു വെട്ടിക്കള ,ആ തുണിയൊന്നു തിരുമ്മി വെളുപ്പിക്ക്..ചില്ലറകള്‍ ഒരുക്കൂട്ടി ഒരു മുണ്ട് കൂടി വാങ്ങിച്ചോ മോനെ ..അങ്ങനെ ഓരോന്ന് അമ്മ പറഞ്ഞോണ്ടിരിക്കും. ഭിക്ഷക്കാരന് ഒരു മുണ്ട്  തന്നെ അധികമല്ലേ? മുകളില്‍ ആകാശവും താഴെ ഭൂമിയുമായ പ്രകൃതിപുത്രന്‍. അല്ലെങ്കില്‍ ആരാണ്  ഭിക്ഷക്കാരല്ലാത്തത്? ചിലര്‍ക്ക് പിച്ചപ്പാത്രത്തില്‍ പൊട്ടിയ നാണയങ്ങളും പഴകിയ ഭക്ഷണവും കിട്ടുമ്പോള്‍ മറ്റു ചിലര്‍ക്ക് എല്ലാം മോടിയില്‍ കിട്ടുന്നു ,ഭിക്ഷാപാത്രവും വസ്ത്രവും അങ്ങനെ എല്ലാം..അമ്മയ്ക്കറിയില്ലല്ലോ ഒരാള്‍ക്കും  തന്‍റെ ദുഖങ്ങളെ തിരുമ്മി വെളുപ്പിക്കാനാവില്ലെന്ന് ,ആയുസ്സിന്‍റെ പകുതിയോളം ഒരു മണല്‍ വീടിന് ശ്രമിച്ചിട്ട് പരാജയപ്പെട്ടതിന്‍റെ വേദന എന്തെന്ന് ..മഞ്ഞ് ചുമരുകള്‍ പോലെയല്ല മണല്‍ ചുമരുകള്‍ ,നമ്മെ പൊള്ളിച്ചുകൊണ്ടിരിക്കും ,തോന്നുമ്പോള്‍ താഴേക്ക് ഉതിര്‍ന്നു വീണ് നമ്മുടെ മോഹങ്ങളിലേക്ക് മണല്‍ വാരിയെറിയും..

ഈയിടെയായി ഇവിടെയാകെ വര്‍ണങ്ങളാണ്. നിറപ്രളയത്തില്‍ തുള്ളുന്ന കുഞ്ഞുങ്ങള്‍ ,പ്രേമം നിറഞ്ഞ സ്വകാര്യങ്ങള്‍..ഇപ്പോള്‍ ഞാനിരിക്കുന്നേടം പോലും സ്വന്തമല്ലെന്ന് തോന്നിപ്പോകുന്നു .വീടുപണി ഉപേക്ഷിച്ച് , ഞങ്ങള്‍ക്ക് നീളത്തില്‍ രണ്ടു മണല്‍ക്കുഴികളാണ് അവസാനമുണ്ടാക്കിയത്. തിരകളില്‍ നിന്ന് വളരെയകലെയുള്ള കുഴികളില്‍ കിടന്ന് ഞങ്ങള്‍ വളരെ നേരം സംസാരിക്കും. എന്നും പരലോകത്തേക്ക് കണ്ണടയ്ക്കും . ആദ്യം നികന്ന കുഴി അമ്മയുടേതായിരുന്നു.
ഒരു ആശയും മനസ്സിലില്ലാതിരുന്നിട്ടും കാറ്റാടിമരങ്ങള്‍ക്ക് താഴെ പാറിക്കളിക്കുന്ന പച്ചയും ചുവപ്പും വസ്ത്രാഞ്ചാലങ്ങള്‍ എന്നിലെന്തോക്കെയോ ഭ്രമങ്ങള്‍ നിറയ്ക്കുന്നുണ്ട്. ഈ കുട്ടികള്‍ക്കിടയിലൂടെ ഒഴുകി നീങ്ങുന്ന  ഒരു വര്‍ണബലൂണ്‍ ആകാനാണിപ്പോള്‍ ആഗ്രഹം. ഒരു ബലൂണിന്‍റെ ജീവിതം എത്ര നശ്വരമാണ്. മണലിന്‍റെ നരച്ച നിറം കണ്ണിലുടയ്ക്കുമ്പോള്‍ വീണ്ടുമോര്‍ക്കുന്നു , എന്‍റെ വീടുകളൊന്നും പൂര്‍ത്തിയായില്ലല്ലോ. ഇനിയൊരു ദിവസം കൈകാലുകള്‍ അനയ്ക്കാനാവാത്ത വിധം മണല്‍ എന്നെ മൂടിക്കഴിയുമ്പോള്‍ ഞാനെന്താവും ഓര്‍ക്കുക? പുതിയൊരു വീട് പൂര്‍ത്തിയാക്കുന്നതോ ,ഒരു നക്ഷത്രവീട് പണിയുന്നതിനെക്കുറിച്ചോ , നീര്‍കുമിള പോലെ അല്‍പഭംഗി മാത്രമേകി പൊലിഞ്ഞു തീരുന്ന ജീവിതമെന്ന ചീട്ടുകൊട്ടാരത്തെക്കുറിച്ചോ, ആര്‍ക്കറിയാം..ഏതായാലും അതുവരെ ഈ വര്‍ണനൂലുകള്‍, കണ്ണുകളിലിങ്ങനെ തിളങ്ങി നില്‍ക്കട്ടെ , വെറുതെ ,വെറുതെ ...................       

2018, ഒക്‌ടോബർ 14, ഞായറാഴ്‌ച

മരിച്ച വീടുകള്‍ [കഥ ]




 “ഗെയ്റ്റ് മുതല്‍ നമ്മള്‍ ക്യാമറ നിരീക്ഷണത്തിലാണ് .”
നാത്തൂന്‍ മന്ത്രിച്ചു .ഗെയ്റ്റില്‍ കുറെ തവണ തട്ടിയതിനു ശേഷമാണ് ഉള്ളില്‍ നിന്ന്, അകാലത്തിലേ വാര്‍ധക്യത്തിലേക്ക്  കാലൂന്നിയ സൈനത്താത്ത ഇറങ്ങി വന്നത് .അവര്‍ ചിരിച്ചപ്പോള്‍ മുമ്പെന്നോ പക്ഷാഘാതത്തില്‍ കോടിപ്പോയ ചുണ്ടുകള്‍ വൈമനസ്യത്തോടെ കെറുവിച്ചു .ഒരു കോടി രൂപയുടെ വീട് ,ഇന്റര്‍ലോക്ക് ചെയ്ത മുറ്റം ,അലങ്കാരക്കുളം , മേലേക്ക് മാത്രം നോക്കുന്ന മൂന്നാലു തെങ്ങുകള്‍ ..

ബെഡ്റൂമില്‍ കിടക്കയാണ് മൂത്തമ്മ .സംസാരിച്ചുകൊണ്ടിരിക്കെ സൈനാത്താക്ക് ഫോണ്‍ വന്നു , “അബ്ദുവാ ,ഇങ്ങള് വന്നത് ഷാര്‍ജേന്ന് കണ്ട് വിളിക്കാ .”

മൂത്തമ്മ  കരഞ്ഞുകൊണ്ടിരുന്നു .”ആസ്പത്രീന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ട് ആരും കൊണ്ടരാന്‍ ഇണ്ടാര്‍ന്നില.എന്താ ഇങ്ങള് പോകാത്തത്ന്ന്  നഴ്സ് മൂന്നാലട്ടം ചോയ്ച്ചു .പുത്യേ രോഗികള്‍ വന്നാല് നെലത്ത് കെടക്കേണ്ടി വരൂന്നും പറഞ്ഞു .കാല് മടങ്ങാത്ത ഞാനെങ്ങനാ നെലത്ത് കെടക്കാ .ഇങ്ങളെ മൂത്താപ്പള്ളപ്പം സ്ഥലം വിറ്റ് കിട്ടിയ കൊറച്ച് പൈസണ്ടായ്നി ഇന്‍റെ കയ്യില് .അതൊക്കെ ആസ്പത്രീല് ചെലവായി .ഇന്‍ജക്ഷന് തന്നെ ആറായിരം ഉര്‍പ്യ ഒക്കെയാ . ഇരുപത്തഞ്ചു കൊല്ലായീലേ ഞാന്‍ ഉമ്മാനെ നോക്ക്ണ്.ഇഞ്ഞ് ഇജ് നോക്ക്ന്നാ ചെറ്യോന്‍  മൂത്തോനോട് പറഞ്ഞത് .അല്ലെങ്കില്‍ എന്താ ഓല്ത്ര നോക്ക്ണത് . വെച്ച്ണ്ടാക്ക്ണേല് ബാക്കിണ്ടെങ്കില് രണ്ടു മുര്‍ക്ക് വെള്ളം .അയ്നാ കണക്ക് .ആങ്കുട്ട്യാക്കും പെങ്കുട്ട്യാക്കും ഇന്നെ മാണ്ട .ഇന്നെ പെരേന്ന്‍ ഒയ്ക്കാനാ ഓല്ന്നെ ആസ്പത്രീല്ക്ക് പറഞ്ഞേച്ചത്.”

ഈ കണ്ണീര്‍ കരിച്ചു കളയില്ലേ പലതും?മനസ്സില്‍ വിഷാദവും ആകുലതയും പെരുത്തു വ്യസനങ്ങള്‍ ,ദുരന്തങ്ങള്‍ ,രോഗങ്ങള്‍  ഈ ശൈലങ്ങളൊന്നും കയറാതെ ഈ ഭൂമിയില്‍ ജീവിതം സാധ്യമാല്ലെന്നോ?ഇതിന്‍റെയൊക്കെ അര്‍ഥം എന്താവും പടച്ചോനെ ..വേദനകളുടെ പെരുംതിരകളില്‍ ശ്വാസം മുട്ടി, ഇട്യ്ക്കെത്തി നോക്കുന്ന സന്തോഷങ്ങളുടെ കുളിര്‍കാറ്റില്‍ ഒന്നു തണുത്ത് ,പിന്നെയും ദുഃഖങ്ങളുടെ കയങ്ങള്‍ ചാടി ,ഒടുക്കം മരണത്തിന്‍റെ കറുത്ത ഗുഹയിലേക്ക് നടന്നു പോകുന്ന  ഈ നാടകത്തിന്‍റെ പൊരുളെന്താവും?മണ്ണിട്ട്‌ മൂടിയ ചോദ്യങ്ങളെയെല്ലാം മനസ്സ് വീണ്ടും മാന്തി പുറത്തിട്ടുകൊണ്ടിരുന്നു .
“നടക്കാന്‍ കഴിയോ ?കാലിലൊക്കെ നല്ല നീരാണല്ലോ.ഇത്താത്ത മൂത്തമ്മയോടു ചോദിച്ചു .

“ഈ വാക്കര്‍ പിടിച്ചാ കൊറച്ചേലും നടക്കണത് .ബാത്ത് റൂമില് പോയി വരുമ്പോള്‍ക്ക് ജീവന്‍ പോകും .ഞാനാണേല് നല്ല തടിയല്ലേ .മെലിഞ്ഞ ഓക്ക് ഇന്നെ താങ്ങാനൊന്നും കെല്‍പ്പില്ല .ഇന്‍ജക്ഷന്‍ വച്ച് തരാമ്പോലും ആരൂല്ല .പൈസമ്മലാ കെടന്നൊറങ്ങണത് ഇന്‍റെ ആങ്കുട്ട്യാള്.തീരെ വയ്യാതായപ്പം ഹോം നഴ്സിനെ വച്ചീനി .ആയിനുള്ള പൈസ ഓല് പങ്കിട്ടെടുത്ത്.ഇനി മാണ്ടാന്നും പറഞ്ഞ് നഴ്സിനെ വിടേം ചെയ്ത് .കണ്ണ്‍ നേരെ കാണാത്ത ഞാനും ഓളും ആണ് ഇപ്പം ഇന്‍ജക്ഷന്‍ എട്ക്ക്ണത് .അയ്മ്മല് തീരാണേല് തീരട്ടെ .”
ചുവന്നു തുടുത്ത നീരിനാല്‍ വണ്ണം വച്ച കാലുകള്‍ ദാര്‍ശനികരെപ്പോലെ  നിസ്സംഗം നോക്കുന്നു . മലമൂത്രങ്ങളുടെ വാട എങ്ങും ചുറ്റിത്തിരിയുന്നു .
“രാത്രി പേട്യാവും.ആലമുല്‍ ഗൈബിന്‍റെ വല്‍പ്പള്ള പെരേല് വയ്യാത്ത രണ്ട് പെണ്ണ് ങ്ങള് മാത്രം .മര്ച്ചാലും ആരും അറീല .മണം റോഡിലെത്തണം.മതിലും കടന്ന്.”

അവര്‍ തേങ്ങിക്കരഞ്ഞു .ഉമ്മ അവരെ തലോടി .”പ്രാര്‍ഥിക്ക് മക്കക്ക് നല്ലത് തോന്നാന്‍ .എപ്പളും തസ്ബീഹും തഹ് ലീലും ചൊല്ലണം .സൂറത്ത് നാസും ഫലക്കും ഓതണം.”വിതുമ്പലിനിടെ അവര്‍ മൂളിക്കൊണ്ടിരുന്നു .
“വരിന്‍ പോകാം –“നാത്തൂന്‍ തിരക്ക് കൂട്ടി .ക്യാമറ ഇവിടെയും കാണും .യാത്ര പറയുമ്പോള്‍ ഇത്തിരി പണം മൂത്തമ്മാക്ക് കൊടുക്കണം എന്ന് ആഗ്രഹിച്ചു .പിന്നെ അത് മതിയാവും ഒരു കുടുംബകലഹത്തിന് .സമ്പന്നരായ മക്കളെ അപമാനിക്കലാവും .

ഗെയ്റ്റ് കറകറ ശബ്ദത്തോടെ അടയ്ക്കുമ്പോള്‍ ഓര്‍ത്തു –ഓരോ വീടും ഓരോ സമുദ്രമാണ് ,ആഴങ്ങളില്‍ ഒളിപ്പിച്ചതത്രയും കണ്ടെത്തുക പ്രയാസം .അതിനുള്ളില്‍ ആഞ്ഞടിക്കുന്ന തിരകള്‍ എണ്ണുക അസാധ്യം .വീടുകള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ !ഓരോ വീടും സ്വന്തം കഥകള്‍ വിളിച്ചു പറയാന്‍ തുടങ്ങിയാല്‍ എത്ര മാന്യന്മാരുടെ മുഖം മൂടികളാവും അഴിഞ്ഞു വീഴുന്നത് .മരിച്ച വീടുകളാണെങ്ങും.ജീവനുള്ള ശവങ്ങളെ അടക്കം ചെയ്ത മരിച്ച ബംഗ്ലാവുകള്‍ ,മരിച്ചിട്ടും പൊട്ടിക്കരയുന്ന മണിമാളികകള്‍ ...  

ആലമുല്‍ ഗൈബ്-പ്രപഞ്ചം
തസ്ബീ ഹ് ,തഹ് ലീല് –ദൈവസ്തുതികള്‍
നാസ് ,ഫലക് –ഖുറാന്‍ സൂക്തങ്ങള്‍

2018, സെപ്റ്റംബർ 19, ബുധനാഴ്‌ച

നീതി [കഥ ]





അവള്‍ വരച്ച ചിത്രങ്ങളില്‍ ബാലന്മാരും മുതിര്‍ന്നവരെപ്പോലെ തോന്നിച്ചു .”എന്തു കൊണ്ടാണ് നീ കുട്ടികളെ ഇങ്ങനെ വരയ്ക്കുന്നത് ,ഒട്ടും കുട്ടിത്തമില്ലാതെ ?അയാള്‍ പല വട്ടം ചോദിച്ചിട്ടുണ്ട് .”മായാവിയും കുട്ടൂസനും വായിച്ചിരുന്ന നമ്മളെ പ്പോലെ അല്ല അവര്‍ .ബ്രില്ല്യന്റ് ഗെയിമുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തൊട്ടറിയുന്ന ന്യൂ ജനാ .അവരില്‍ എവിടെ കുട്ടിത്തം?സൂക്ഷിച്ചു നോക്ക് ,കാണുന്നുണ്ടോ കണ്ണില്‍ തിളക്കം? നിഷ്കളങ്കമായ ചിരി ?നെവര്‍ ..ആന്‍ഡ്‌ സംടൈംസ് ദേ ആര്‍ ഈവന്‍ മോണ്‍സ്റ്റേ ഴ്സ്..”ആയിടെ നടന്ന ഒരു കൂട്ടറേപ്പില്‍ പ്രതിയായ പതിനഞ്ചുകാരന്‍റെ ഫോട്ടോ ചൂണ്ടി ക്കൊണ്ട് അവള്‍ പല്ലിറുമ്മി.

“എല്ലാവരും അങ്ങനെയല്ലല്ലോ ..” അയാള്‍ നിഷേധത്തില്‍ തലയിളക്കി .”നല്ലവര്‍ ഉണ്ട് .അവരെപ്പോലും പൊടിയാക്കും വിധമാണ് തിന്മയുടെ വളര്‍ച്ച .” അവള്‍ മനസ്സിലെന്നോ കയറിക്കൂടിയ മുന്‍ധാരണകളുടെ താഴുകള്‍ ഒന്നൂടെ ബലത്തില്‍ ഉറപ്പിച്ചു .

“പണ്ട് ബാലമാസികകളിലെ കഥാപാത്രങ്ങള്‍ക്കൊപ്പമായിരുന്നു നമ്മള്‍ ജീവിച്ചത് .കഥകള്‍ക്കൊപ്പമാണ് നമ്മള്‍  ഉണ്ടത്  ,ഉറങ്ങിയത് , സ്വപ്നം കണ്ടത് .നമ്മുടെ ജീവിതവും ആ കഥകളിലെ ചില രംഗങ്ങള്‍ ആണെന്നായിരുന്നു നമ്മുടെ ധാരണ .”

“അതെ സ്വാതീ ,അതുകൊണ്ടാണ് ഒരു മുന്നോരുക്കവുമില്ലാതെ നമ്മളീ കടലില്‍ എടുത്തു ചാടിയത് ,ഒരു തിര പോലുമില്ല എന്നു കരുതിയ ജലം അതിന്‍റെ നീരാളിക്കൈകളാല്‍ നമ്മളെ അഗാധതയിലേക്ക് വലിച്ചിഴച്ചത് ..”

“ഇന്നത്തെ കുട്ടികള്‍ കഥ കേള്‍ക്കാറുണ്ടോ?കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് തന്നെ അവര്‍ക്ക് സമയമില്ല .പഠനം, പഠനം ..അവരുടെ മുഖങ്ങളില്‍ പ്രതികാരം ഒളിഞ്ഞിരിക്കുന്നത് കാണുന്നില്ലേ ?തരം കിട്ടിയാല്‍ അവര്‍ അച്ചനമ്മമാരെ പരിക്കേല്‍പ്പിക്കും, ആഴ്ചകളോളം സ്കൂളില്‍ പോകാതെ ആഘോഷിക്കും .”
അവളുടെ ആ അഭിപ്രായത്തിന് പൊട്ടിച്ചിരിയായിരുന്നു അയാളുടെ മറുപടി 
.
”എല്ലാറ്റിലും നിന്‍റെ ചിന്തകള്‍ റിബല്‍ ആണ് സ്വാതീ .ഇത്രേം മൂര്‍ച്ച വേണ്ട ,സ്വന്തം കൈകള്‍ തന്നെ മുറിയും .” അവളുടെ കനല്‍കണ്ണുകള്‍ അയാളെ ദഹിപ്പിച്ചില്ലെന്നെയുള്ളൂ .

നീണ്ട പതിമൂന്നു വര്‍ഷങ്ങളുടെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷം ആ സദ്‌വാര്‍ത്ത അവളെ അറിയിക്കാന്‍ വന്നതാണ് അയാള്‍ .അവളെ പിച്ചിച്ചീന്തിയ ആ രണ്ടു ഉന്നതന്മാര്‍ക്കും കോടതി ശിക്ഷ വിധിച്ചിരിക്കുന്നു ,പിന്നെ ആ പതിനാറുകാരന്‍ ,അവന്‍ സംഭവശേഷം ആത്മഹത്യ ചെയ്തുവല്ലോ ..
  
കാടുപിടിച്ച മുറ്റം  അയാളെ എതിരേറ്റു .ചപ്പിലകള്‍ വവ്വാലുകളായി പാറിക്കളിക്കുന്നു .ജീര്‍ണതയുടെ മണമാണ് എങ്ങും .അയാള്‍ മൂക്ക് ചുളിച്ചു .ഓക്കാനം വരുത്തുന്ന ഈ മണങ്ങളെല്ലാം എവിടുന്നാണ് ?ഹോം നഴ്സ് ബെല്ലടിച്ചപ്പോള്‍ എത്തി നോക്കി .വെറുപ്പ് പിടിച്ച അവരുടെ മുഖം ..”ഇവിടെ വൃത്തിയാക്കാന്‍ ആരെയെങ്കിലും ഏല്‍പ്പിച്ചൂടെ ?എന്താണൊരു കോലം ?അയാള്‍ മടുപ്പോടെ ചോദിച്ചു .

“ഉം “-ധിക്കാരം പുകയുന്ന അവരുടെ അമര്‍ത്തിമൂളല്‍ .”ഇവിടിപ്പോ ആര് വരാനാ?ശവത്തിനു കാവലിരിപ്പല്ലേ ഞാന്‍ .ഒരു മാസം കൂടിയേ  എന്നെ  കിട്ടത്തുള്ളൂ ,ഞാന്‍ പോവാ ,മടുത്തു ..”അയാള്‍ അമ്പരപ്പോടെ അവരെ നോക്കി .ഇതിപ്പോ എത്രാമത്തെ  നഴ്സ് ആണ് .എന്റീശ്വരാ ..അയാള്‍ ഇരുട്ട് പതിയിരിക്കുന്ന മുറിയിലേക്ക് ധൃതിയില്‍ നടന്നു .എല്ലാവരും കൈവിട്ടാലും തനിക്കവളെ ഉപേക്ഷിക്കാനാവില്ല .എന്തൊരു ബുദ്ധിമതിയായിരുന്നു അവള്‍ .എന്തിനും ഏതിനും ന്യായപ്രസ്താവം നടത്തിയിരുന്നവള്‍.

എത്ര വക്കീലുകള്‍ ,എത്ര നിയമപോരാട്ടങ്ങള്‍ ,പതിമൂന്നു വര്‍ഷങ്ങളുടെ പാട മൂടിയ ,ചളി നിറഞ്ഞ ആഴക്കിണറുകള്‍ ..ശ്വാസം മുട്ടലുകള്‍ ..ഇപ്പോഴെങ്കിലും  നീതിദേവതയുടെ കണ്ണിലെ കറുത്ത കെട്ട് അഴിഞ്ഞു വീണിരിക്കുന്നു .ന്യായത്തിന്‍റെ സ്വര്‍ണപ്രകാശം ഈ  പഴയ വീടിനെ ജ്വലിപ്പിക്കാത്തതെന്ത്?നിതാന്തമായ കിടപ്പില്‍ നിന്ന് അവളെ എഴുന്നേല്‍പ്പിക്കാത്തതെന്ത് ?കോമയുടെ അഗാധതയില്‍ മുങ്ങിത്താഴുന്ന അവളെ ഈ ശുഭവാര്‍ത്ത എങ്ങനെ അറിയിക്കും ?ഞെരിഞ്ഞമര്‍ന്ന അവളുടെ ആത്മാവ് ഇത് കേള്‍ക്കുമ്പോള്‍ നിന്ദയുടെ കല്‍കുടുക്കയില്‍ നിന്ന് ക്ലേശിച്ചെണീക്കില്ലേ ?പുഞ്ചിരിക്കില്ലേ?

അതോ വൈകിയെത്തിയ നീതിയെ അവള്‍ പരിഹസിക്കുമോ?ന്യായ വ്യവസ്ഥകളെ  നോക്കി കൊഞ്ഞനം കുത്തുമോ ?ഇരുളിന്‍കഷ്ണമായി ചുരുണ്ടു കിടക്കുന്ന അവളുടെ ചെവിയില്‍ അയാള്‍ മന്ത്രിച്ചു –“സ്വാതീ ,അവരെ ശിക്ഷിച്ചു മോളെ , പിന്നെ ആ പതിനാറുകാരന്‍ മോണ്‍സ്റ്ററെ മുമ്പേ ദൈവം കൊണ്ടു പോയല്ലോ .ഇത് കേള്‍ക്കാനെങ്കിലും മോളെ നീ എഴുന്നേല്‍ക്ക് ..പിന്നെ സ്വാതീ നീ കരുതും പോലെയല്ല .ഈ ജനറേഷനില്‍ ഒരു പാട് നല്ലവര്‍ ഉണ്ട് മോളെ .ഒരു മാസം മുമ്പ് നടന്ന പ്രകൃതി ദുരന്തത്തില്‍ പെട്ട ഒരു പാടാളുകളെ അവര്‍ ഊണും ഉറക്കവുമില്ലാതെ രക്ഷിക്കുന്നത് നീ കാണേണ്ടതായിരുന്നു .നീ നിന്‍റെ ചിത്രങ്ങള്‍ മാറ്റി വരയ്ക്കുമായിരുന്നു തീര്‍ച്ച ..”
ആ തുണിക്കഷ്ണം യാതൊരു പ്രതികരണവുമില്ലാതെ കിടന്നു .ഹോം നഴ്സ് അവജ്ഞയോടെ ചുണ്ടുകോട്ടി .എങ്ങനെ കഴിയുന്നു ഇവളുടെ ആത്മാവിന് ഇങ്ങനെ ചുരുണ്ടു കിടക്കാന്‍ ..”സ്വാതീ, സ്വാതീ”-അയാളുടെ കണ്ണുകള്‍ കലങ്ങിച്ചുവന്നു .ന്യായവിധിപത്രം അവളുടെ തലയിണക്കടിയില്‍ തിരുകുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചു .ഇറങ്ങാന്‍ നേരം അവളെ ഒന്നൂടെ നോക്കി ,പുച്ഛത്താലാണോ ചുണ്ടുകള്‍ വക്രിച്ചത്?കണ്ണീര്‍ വറ്റിയാണോ ആ മിഴികള്‍ ഇങ്ങനെ കത്തുന്നത് ?അയാള്‍ ഹോം നഴ്സിനോട് കര്‍ക്കശ നായി –“മലത്തിലും മൂത്രത്തിലും കിടത്താനാണോ ശമ്പളം തരുന്നത് ?എന്തൊരു നാറ്റമാണിവിടെ.”

“വേറെ ആരെയെങ്കിലും നോക്ക് സാറേ .”അവര്‍ അരിശത്തോടെ അയാളെ നോക്കി അടുക്കളയിലേക്ക് കുതിച്ചു .

“ദയാവധമാണ് ഇനിയെനിക്കുള്ള നീതി .”ആരോ അയാളുടെ ചെവിയില്‍ കുറുകി .അങ്ങേയറ്റം വേദനയോടെ അവളുടെ ചെവിയില്‍  അയാള്‍  മന്ത്രിച്ചു –“നെക്സ്റ്റ് ടൈം ഐ വില്‍ കം വിത് എ ഡോക്ടര്‍ ,നോ വണ്‍ വില്‍ നോ ..ഫോര്‍ ദിസ് അയാം നോട്ട് ഗോയിംഗ് ടു കോര്‍ട്ട് എനിവേ ..”  ഇറങ്ങുമ്പോള്‍ ദുര്‍ഗന്ധം വീണ്ടും അയാളുടെ മൂക്കിനെ പൊതിഞ്ഞു .ഓക്കാനം തൊണ്ടയെ ഞെരിച്ചു ...
  

2018, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

ജലസമാധി [കഥ ]


ഗ്രൌണ്ട് ഫ്ലോറിനെ വെള്ളം മൂടാന്‍ തുടങ്ങിയപ്പോള്‍ തന്നെ ശോശാമ്മയും പോളച്ചനും പരിഭ്രാന്തിയോടെ വേദനിക്കുന്ന കാലുകളെ  ടെറസിലേക്ക് വലിച്ചിഴച്ചു. നീരാളിക്കൈകളുമായി വെള്ളം വരികയാണ് , ഒരു നിമിഷം കൊണ്ടത് ശ്വാസം മുട്ടിക്കും ,അഗാധതയിലേക്ക് ചവിട്ടിത്താഴ്ത്തും. “പോളച്ചാ” , നിലവിളിയോടെ ശോശാമ്മ ഭര്‍ത്താവിനെ നോക്കി .വിലപിടിച്ചതെല്ലാം ചളിവെള്ളം വരുതിയിലാക്കുകയാണ്. അതിന് കണ്ണും മൂക്കും വായുമെല്ലാം ഉണ്ടെന്നവര്‍ക്ക് തോന്നി . ഗ്ലും ഗ്ലും എന്ന് അത് തുപ്പിക്കൊണ്ടിരിക്കുന്നു. പൊതിര്‍ന്ന കണ്ണുകളാല്‍ തുറിച്ചു നോക്കുകയാണ്. നിങ്ങള്‍ രക്ഷപ്പെടുന്നത് ഒന്നു കാണണമല്ലോ എന്ന ഭാവത്തില്‍..

“ഷെല്‍ഫില്‍ ഇപ്രാവശ്യം അവനയച്ച അയ്യായിരം ഉറുപ്പികയില്ലേ പോളച്ചാ?” വേവലാതിയോടെ സ്റ്റെപ്പുകള്‍ ആഞ്ഞു കയറുന്നതിനിടെ ശോശാമ്മ  ചകിതയായി ചോദിച്ചു .”വീട് തകര്‍ന്നാല്‍ നമ്മളെന്ത് ചെയ്യും? എവിടെ പാര്‍ക്കും?”
“നീ വേഗം വാ,” പടികളിലൂടെ അവരെ വലിച്ചു കേറ്റിക്കൊണ്ട് അയാള്‍ ധൃതിപ്പെട്ടു .”ജീവന്‍ ബാക്കിയുണ്ടെങ്കിലല്ലേ പൈസ? ഇത് നമ്മളെ കൊണ്ടോവാന്‍ വന്നതാ , ഒറ്റയ്ക്ക് ജീവിച്ച് നമുക്കെന്നോ മടുത്തെന്ന് , വെറുത്തെന്ന് അതിനു മനസ്സിലായിക്കാണും. യോനായുടെ കാലത്തെ വെള്ളപ്പൊക്കം മുച്ചൂടും മുടിച്ചല്ലേ അടങ്ങിയത്? ദൈവത്തിന്‍റെ പെട്ടകം വന്നെങ്കിലായി ,നമ്മള്‍ രക്ഷപ്പെട്ടെങ്കിലായി ..”

അവശരായി അവര്‍ ടെറസില്‍ ഇരുന്നു .രണ്ടു കസാലകള്‍ മുമ്പെന്നോ കൊണ്ടിട്ടത് അവിടെ ഉണ്ടായത് അവരുടെ ഭാഗ്യം. രണ്ടാള്‍ക്കും മുട്ട് മടങ്ങില്ല . മുകളിലേക്ക് കയറിയിട്ട് വളരെക്കാലമായി. നീര് നിറഞ്ഞ് കടച്ചിലാണ് എപ്പോഴും കാല്‍മുട്ടുകള്‍ . ഇപ്പോള്‍ തന്നെ ജീവന്‍ പോകുമെന്ന ഭയം കൊണ്ടു മാത്രമാണ് ഇവിടെ എത്തിയത്ഘോഷങ്ങളൊന്നുമില്ലാതെ ആകാശം നിശ്ശബ്ദം കണ്ണീര്‍ പൊഴിക്കുന്നു.

“പോളച്ചാ ,രാത്രിയായാല്‍ നമ്മളെന്ത് ചെയ്യും ?ഒരു വെളിച്ചം പോലുമില്ല .മൊബൈലും ടോര്‍ച്ചുമെല്ലാം  വെള്ളം കടിച്ചു കൊണ്ടുപോയി .തണുപ്പടിച്ച് നമ്മള്‍ ചത്തുപോകും.”വേദനയും ഭയവും അവരുടെ ശബ്ദത്തെ ഒരു മൂളല്‍ മാത്രമാക്കി .അപ്പോള്‍ ഒരു വള്ളം നീങ്ങുന്ന ഗ്ലും ഗ്ലും ശബ്ദം കേട്ട് പോളച്ചന്‍ പ്രയാസപ്പെട്ട് എഴുന്നേറ്റു .റൂഫ്ടോപ്പിന് വേണ്ടി ചുമരുകള്‍ ഒരാള്‍പൊക്കത്തില്‍ ഉയര്‍ത്തിയതിനാല്‍ എത്ര വിളിച്ചാലും കേള്‍ക്കില്ല , ആരും കാണില്ല . അയാള്‍ ലുങ്കി വലിച്ചു കീറി വീശിക്കൊണ്ട് അലമുറയിട്ടു .മഴയുടെ ആരവത്തില്‍ അയാളുടെ ശ്രമങ്ങളത്രയും മുങ്ങിപ്പൊങ്ങി .

“ഇങ്ങനെ മരിക്കാനാവും നമ്മുടെ വിധി .ദൈവഹിതം മാറ്റാനാവില്ലല്ലോ,” അയാള്‍ കണ്ണുകള്‍ കലങ്ങി ശോശാമ്മയോദ് ചേര്‍ന്നിരുന്നു .”നമ്മടെ ബെന്നി ടീവീല് ഇതൊക്കെ കാണുന്നുണ്ടാവില്ലേ?അവന്‍ വിളിക്കുന്നുണ്ടാവും. നമ്മടെ ഫോണ്‍ പോയില്ലായിരുന്നെങ്കില്‍  അവന്‍ എന്തേലും മാര്‍ഗം കണ്ടേനെ അല്ലേ?” ശോശാമ്മ വിതുമ്പിക്കൊണ്ട് അയാളോട് ചോദിച്ചു .അയാള്‍ വ്യര്‍ത്ഥത ചിതറുന്ന ഒരു ചിരി ചിരിച്ചു. “ദൂരെ എവിടെയോ ആയിരുന്നു ടീവീല് വെള്ളം കയറുന്നത് കണ്ടത് .അതിത്ര പെട്ടെന്ന്‍ ഈ കനത്ത വാതിലുകളും കൂറ്റന്‍ ഗെയിറ്റും കടന്ന്‌ ഇരമ്പി വരുമെന്ന് നമ്മളോര്‍ത്തോ?ഇന്നലെത്തന്നെ വിട്ടു പോയിരുന്നെങ്കില്‍ നമുക്കീ ഗതി വരില്ലായിരുന്നു ശോശെ .മക്കളുടെ സ്വത്തിന് കാവല്‍ നില്‍ക്കുന്ന നായ്ക്കളുടെ വിധി ഇത് തന്നെ .വെള്ളത്തില്‍ ശവങ്ങളായി ഒഴുകി നടക്കല്‍ .”

ശോശാമ്മ എല്ലാം വിസ്മരിച്ചപോലെ മന്ത്രിച്ചു –“ഓര്‍ക്കുന്നില്ലേ ,നമ്മുടെ ബെന്നി ചെറുതായപ്പം ഒരിക്കല്‍ നമ്മള്‍ പാടത്തേക്ക് നടക്കാന്‍ പോയത് .എന്ത് രസായിരുന്നു അന്നൊക്കെ അവനെ കാണാന്‍ .എന്തൊരു തിളക്കമായിരുന്നു ആ കണ്ണുകള്‍ക്ക്. എന്തു നിഷ്കളങ്കമായിരുന്നു അവന്‍റെ മനസ്സ് . ഒരിത്തിരി മഴ കൊണ്ടതിനാ അന്നവന് മൂന്നു ദിവസം പനിച്ചത് .പിച്ചും പേയും പറയാന്‍ തുടങ്ങിയത് .നമ്മള്‍ അന്നെന്തു കരച്ചിലായിരുന്നു .ഇപ്പോ നോക്ക് ,നമ്മളീ മഴയത്ത് ഇരിക്കാന്‍ തുടങ്ങിയിട്ട്  നേരമെത്രയായി .എന്താ അവന്‍ നമ്മളെ കൊണ്ടോവാന്‍ വരാത്തത്?”
പോളച്ചന്‍ കണ്ണീരില്‍ കുതിര്‍ന്ന അവരുടെ മുഖം തന്‍റെ നെഞ്ചിലേക്ക് ചേര്‍ത്തു. അവരുടെ യൌവനശോഭ ഒരു നിമിഷം അയാളുടെ ഓര്‍മയില്‍ ഇരമ്പി .”മുങ്ങി മരിക്കുമ്പോ പഴയ ഓര്‍മകളൊക്കെ തിരിച്ചു കിട്ടുമത്രെ .കുട്ടിക്കാലത്തേക്ക് റിവൈന്‍ഡ്‌ ചെയ്തു പോകും .ഇപ്പോള്‍ ഓര്‍ക്കാത്ത പല കുഞ്ഞുകാര്യങ്ങളും നാവിലിട്ട് നുണഞ്ഞാ നമ്മള്‍ മരിക്കുക.”
അവര്‍ പോളച്ചനെ ഇറുകെ പുണര്‍ന്നു. “ബെന്നി നമ്മളെ വിളിച്ചിട്ട് ആഴ്ചയൊന്നു കഴിഞ്ഞില്ലേ? അവനറിയുന്നുണ്ടോ ഇനിയൊരിക്കലും അവന് നമ്മളോട് മിണ്ടാന്‍ കഴിയില്ലെന്ന്?”
“അവനത് വലിയ നഷ്ടമല്ല ശോശെ , അവരൊക്കെ തിരക്കുകാരല്ലേ?പണമുണ്ടാക്കുന്ന മെഷീനുകളല്ലേ? എവിടെ അവര്‍ക്കൊക്കെ സമയം ഒരു കിളവനെയും കിളവിയെയും ഓര്‍ക്കാന്‍? നമുക്ക് മാത്രമല്ലേ റോഡ്‌ പോലെ നേരം നീണ്ടു പുളഞ്ഞ് കിടക്കുന്നത്,അറ്റമില്ലാതെ .”
“നമ്മുടെ പണ്ടത്തെ ഓടുവീടിലായിരുന്നെങ്കില്‍ നമുക്കീ ഗതി വരില്ലായിരുന്നു. എത്ര നല്ല അയല്‍ക്കാരായിരുന്നു .ഇവിടെ തൊട്ടുള്ള ആ രണ്ടു വീട്ടിലും എന്നേലും വിരുന്നു വരുന്ന വീട്ടുകാരല്ലേ ഉള്ളത്?വന്നാല്‍ തന്നെ ഒന്നു  പുറത്ത് കാണുമോ ?മിണ്ടുമോ? എന്താ ഈ ലോകം ഇപ്പോ ഇങ്ങനെ?ഒരറപ്പും ഇല്ലാതെ ആളുകളെ തല്ലിക്കൊല്ലുന്നു. ജാതീം മതവും പറഞ്ഞ് കുത്തിക്കീറുന്നു .നമ്മളെത്ര പട്ടിണി കിടന്നു ഉണ്ടാക്കിയതായിരുന്നു ആ ചെറിയ വീട് .അത് നമ്മളെ ഇങ്ങനെ ചതിക്കുമായിരുന്നില്ല .അതിന് നമ്മുടെ നെഞ്ച് കാണാന്‍ കഴിവുണ്ടായിരുന്നു. അത് വിക്കണ്ടാന്ന് നമ്മളെത്ര നിലവിളിച്ചു .അവന്‍ അഞ്ചു പൈസക്ക് വില വച്ചോ? എന്നിട്ട് നമ്മളെ കൊണ്ടിട്ടതോ രണ്ടാള്‍പൊക്കത്തില്‍ മതിലുള്ള രാവണന്‍ കോട്ടയില്‍ .അന്നേ ഞാന്‍ പറഞ്ഞതാ ഇവിടെ പാര്‍ക്കണ്ടാന്ന് ,അന്നേ ഞാന്‍ പറഞ്ഞില്ലേ?”

അവര്‍ ഉന്മാദിനിയായി ആക്രോശിച്ചുകൊണ്ട് പോളച്ചനെ പിടിച്ചു കുലുക്കി .അയാള്‍ക്കറിയാം ,ടെന്‍ഷന്‍ കയറിയാല്‍ അവള്‍ക്ക് ഹിസ്റ്റീരിയ വരും .ഇറുകെ പുണര്‍ന്ന്‍ അവരെ ശാന്തയാക്കാന്‍ അയാള്‍ ശ്രമിച്ചു .നിരാശയുടെയും ദുഃഖത്തിന്‍റെയും കൊടുമുടിയില്‍ ഒറ്റപ്പെട്ടു പോയ അവര്‍ നാല് പാടും തുറിച്ചുനോക്കി .പിന്നെ നുരയും പതയും തുപ്പി നിലംപതിച്ചു .നെഞ്ചിലേക്ക് പതിയെ കയറി വന്ന വേദനക്കൊലയാളിയെ തടവിത്തടഞ്ഞുകൊണ്ട് അയാളവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു .ടിവിയില്‍ കണ്ട പ്രളയക്കാഴ്ചകള്‍ അപ്പോള്‍ അയാളെ പൊതിഞ്ഞു .മതിലുകളാണ് ആദ്യം ഉരുണ്ടു വീണത് .വമ്പന്‍ എടുപ്പുകള്‍ കളിക്കോപ്പുകളെന്നോണം മറിഞ്ഞു വീണു .എങ്ങും നിറയുന്ന ജലം ..അതില്‍ ഒഴുകുന്ന ഒരു പാട് സ്വപ്‌നങ്ങള്‍ ,ദുഃഖങ്ങള്‍ , മോഹങ്ങള്‍ ,പ്രതീക്ഷകള്‍ ,ഓര്‍മകള്‍ ..സമത്വം വിതറിക്കൊണ്ട് അത് ഇരച്ചു കയറി .എല്ലാം ഒന്നാക്കിക്കൊന്ദ് അനാദിയായ ജലം നിഗൂഡം പുഞ്ചിരിച്ചു ..
ആരും അറിഞ്ഞില്ല അയാള്‍ വെള്ളം വെള്ളം എന്ന് ദീനം യാചിച്ചത് ,വേദനയാല്‍ വെന്തു വെന്ത്  ഇല്ലാതായത് ,നൊന്ത് നൊന്ത് ദേഹമാകെ നീലിച്ചു പോയത് ..

ജീവന്‍റെ ഉറവയായ ആ മഹാസത്യം  ശാന്തമായ കൈകളാല്‍ അവരെ സ്പര്‍ശിച്ചു ,  പതുപതുത്ത ശയ്യയില്‍ പതുക്കെ കുലുക്കി താരാട്ട് പാടി  അതവരെ പൊടിഞ്ഞു വീഴുന്ന ഭിത്തിയെ ഗൌനിക്കാതെ  തുല്യതയുടെ മഹാപരപ്പിലേക്ക് ഒഴുക്കി .കാലികളുടെയും  പാമ്പുകളുടെയും കൂടെ  മൃത്യുവിന്‍റെ ച്യൂയിന്ഗമായി അവരും ..രക്ഷിക്കണേ എന്ന ഗ്ലും ഗ്ലും ശബ്ദത്തിലുള്ള നിലവിളി നാനാദിക്കിലും അലച്ചാര്‍ത്തു ..