അവള്‍ വരച്ച ചിത്രങ്ങളില്‍ ബാലന്മാരും മുതിര്‍ന്നവരെപ്പോലെ
തോന്നിച്ചു .”എന്തു കൊണ്ടാണ് നീ കുട്ടികളെ ഇങ്ങനെ വരയ്ക്കുന്നത് ,ഒട്ടും
കുട്ടിത്തമില്ലാതെ ?അയാള്‍ പല വട്ടം ചോദിച്ചിട്ടുണ്ട് .”മായാവിയും കുട്ടൂസനും
വായിച്ചിരുന്ന നമ്മളെ പ്പോലെ അല്ല അവര്‍ .ബ്രില്ല്യന്റ് ഗെയിമുകളും ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സും തൊട്ടറിയുന്ന ന്യൂ ജനാ .അവരില്‍ എവിടെ കുട്ടിത്തം?സൂക്ഷിച്ചു നോക്ക്
,കാണുന്നുണ്ടോ കണ്ണില്‍ തിളക്കം? നിഷ്കളങ്കമായ ചിരി ?നെവര്‍ ..ആന്‍ഡ് സംടൈംസ് ദേ
ആര്‍ ഈവന്‍ മോണ്‍സ്റ്റേ ഴ്സ്..”ആയിടെ നടന്ന ഒരു കൂട്ടറേപ്പില്‍ പ്രതിയായ
പതിനഞ്ചുകാരന്‍റെ ഫോട്ടോ ചൂണ്ടി ക്കൊണ്ട് അവള്‍ പല്ലിറുമ്മി.
“എല്ലാവരും അങ്ങനെയല്ലല്ലോ ..” അയാള്‍
നിഷേധത്തില്‍ തലയിളക്കി .”നല്ലവര്‍ ഉണ്ട് .അവരെപ്പോലും പൊടിയാക്കും വിധമാണ്
തിന്മയുടെ വളര്‍ച്ച .” അവള്‍ മനസ്സിലെന്നോ കയറിക്കൂടിയ മുന്‍ധാരണകളുടെ താഴുകള്‍
ഒന്നൂടെ ബലത്തില്‍ ഉറപ്പിച്ചു .
“പണ്ട് ബാലമാസികകളിലെ കഥാപാത്രങ്ങള്‍ക്കൊപ്പമായിരുന്നു
നമ്മള്‍ ജീവിച്ചത് .കഥകള്‍ക്കൊപ്പമാണ് നമ്മള്‍
ഉണ്ടത് ,ഉറങ്ങിയത് , സ്വപ്നം
കണ്ടത് .നമ്മുടെ ജീവിതവും ആ കഥകളിലെ ചില രംഗങ്ങള്‍ ആണെന്നായിരുന്നു നമ്മുടെ ധാരണ .”
“അതെ സ്വാതീ ,അതുകൊണ്ടാണ് ഒരു
മുന്നോരുക്കവുമില്ലാതെ നമ്മളീ കടലില്‍ എടുത്തു ചാടിയത് ,ഒരു തിര പോലുമില്ല എന്നു
കരുതിയ ജലം അതിന്‍റെ നീരാളിക്കൈകളാല്‍ നമ്മളെ അഗാധതയിലേക്ക് വലിച്ചിഴച്ചത് ..”
“ഇന്നത്തെ കുട്ടികള്‍ കഥ കേള്‍ക്കാറുണ്ടോ?കമ്പ്യൂട്ടര്‍
ഗെയിമുകള്‍ക്ക് തന്നെ അവര്‍ക്ക് സമയമില്ല .പഠനം, പഠനം ..അവരുടെ മുഖങ്ങളില്‍
പ്രതികാരം ഒളിഞ്ഞിരിക്കുന്നത് കാണുന്നില്ലേ ?തരം കിട്ടിയാല്‍ അവര്‍ അച്ചനമ്മമാരെ
പരിക്കേല്‍പ്പിക്കും, ആഴ്ചകളോളം സ്കൂളില്‍ പോകാതെ ആഘോഷിക്കും .”
അവളുടെ ആ അഭിപ്രായത്തിന് പൊട്ടിച്ചിരിയായിരുന്നു
അയാളുടെ മറുപടി
.
”എല്ലാറ്റിലും നിന്‍റെ ചിന്തകള്‍ റിബല്‍ ആണ് സ്വാതീ .ഇത്രേം മൂര്‍ച്ച
വേണ്ട ,സ്വന്തം കൈകള്‍ തന്നെ മുറിയും .” അവളുടെ കനല്‍കണ്ണുകള്‍ അയാളെ
ദഹിപ്പിച്ചില്ലെന്നെയുള്ളൂ .
നീണ്ട പതിമൂന്നു വര്‍ഷങ്ങളുടെ നിയമപോരാട്ടങ്ങള്‍ക്ക്
ശേഷം ആ സദ്‌വാര്‍ത്ത അവളെ അറിയിക്കാന്‍ വന്നതാണ് അയാള്‍ .അവളെ പിച്ചിച്ചീന്തിയ ആ
രണ്ടു ഉന്നതന്മാര്‍ക്കും കോടതി ശിക്ഷ വിധിച്ചിരിക്കുന്നു ,പിന്നെ ആ പതിനാറുകാരന്‍
,അവന്‍ സംഭവശേഷം ആത്മഹത്യ ചെയ്തുവല്ലോ ..
കാടുപിടിച്ച മുറ്റം അയാളെ എതിരേറ്റു .ചപ്പിലകള്‍ വവ്വാലുകളായി
പാറിക്കളിക്കുന്നു .ജീര്‍ണതയുടെ മണമാണ് എങ്ങും .അയാള്‍ മൂക്ക് ചുളിച്ചു .ഓക്കാനം
വരുത്തുന്ന ഈ മണങ്ങളെല്ലാം എവിടുന്നാണ് ?ഹോം നഴ്സ് ബെല്ലടിച്ചപ്പോള്‍ എത്തി നോക്കി
.വെറുപ്പ് പിടിച്ച അവരുടെ മുഖം ..”ഇവിടെ വൃത്തിയാക്കാന്‍ ആരെയെങ്കിലും ഏല്‍പ്പിച്ചൂടെ
?എന്താണൊരു കോലം ?അയാള്‍ മടുപ്പോടെ ചോദിച്ചു .
“ഉം “-ധിക്കാരം പുകയുന്ന അവരുടെ അമര്‍ത്തിമൂളല്‍
.”ഇവിടിപ്പോ ആര് വരാനാ?ശവത്തിനു കാവലിരിപ്പല്ലേ ഞാന്‍ .ഒരു മാസം കൂടിയേ എന്നെ കിട്ടത്തുള്ളൂ ,ഞാന്‍ പോവാ ,മടുത്തു ..”അയാള്‍
അമ്പരപ്പോടെ അവരെ നോക്കി .ഇതിപ്പോ എത്രാമത്തെ
നഴ്സ് ആണ് .എന്റീശ്വരാ ..അയാള്‍ ഇരുട്ട് പതിയിരിക്കുന്ന മുറിയിലേക്ക്
ധൃതിയില്‍ നടന്നു .എല്ലാവരും കൈവിട്ടാലും തനിക്കവളെ ഉപേക്ഷിക്കാനാവില്ല .എന്തൊരു
ബുദ്ധിമതിയായിരുന്നു അവള്‍ .എന്തിനും ഏതിനും ന്യായപ്രസ്താവം നടത്തിയിരുന്നവള്‍.
എത്ര വക്കീലുകള്‍ ,എത്ര നിയമപോരാട്ടങ്ങള്‍
,പതിമൂന്നു വര്‍ഷങ്ങളുടെ പാട മൂടിയ ,ചളി നിറഞ്ഞ ആഴക്കിണറുകള്‍ ..ശ്വാസം മുട്ടലുകള്‍
..ഇപ്പോഴെങ്കിലും നീതിദേവതയുടെ കണ്ണിലെ
കറുത്ത കെട്ട് അഴിഞ്ഞു വീണിരിക്കുന്നു .ന്യായത്തിന്‍റെ സ്വര്‍ണപ്രകാശം ഈ പഴയ വീടിനെ ജ്വലിപ്പിക്കാത്തതെന്ത്?നിതാന്തമായ
കിടപ്പില്‍ നിന്ന് അവളെ എഴുന്നേല്‍പ്പിക്കാത്തതെന്ത് ?കോമയുടെ അഗാധതയില്‍
മുങ്ങിത്താഴുന്ന അവളെ ഈ ശുഭവാര്‍ത്ത എങ്ങനെ അറിയിക്കും ?ഞെരിഞ്ഞമര്‍ന്ന അവളുടെ
ആത്മാവ് ഇത് കേള്‍ക്കുമ്പോള്‍ നിന്ദയുടെ കല്‍കുടുക്കയില്‍ നിന്ന്
ക്ലേശിച്ചെണീക്കില്ലേ ?പുഞ്ചിരിക്കില്ലേ?
അതോ വൈകിയെത്തിയ നീതിയെ അവള്‍ പരിഹസിക്കുമോ?ന്യായ
വ്യവസ്ഥകളെ നോക്കി കൊഞ്ഞനം കുത്തുമോ ?ഇരുളിന്‍കഷ്ണമായി
ചുരുണ്ടു കിടക്കുന്ന അവളുടെ ചെവിയില്‍ അയാള്‍ മന്ത്രിച്ചു –“സ്വാതീ ,അവരെ
ശിക്ഷിച്ചു മോളെ , പിന്നെ ആ പതിനാറുകാരന്‍ മോണ്‍സ്റ്ററെ മുമ്പേ ദൈവം കൊണ്ടു
പോയല്ലോ .ഇത് കേള്‍ക്കാനെങ്കിലും മോളെ നീ എഴുന്നേല്‍ക്ക് ..പിന്നെ സ്വാതീ നീ കരുതും
പോലെയല്ല .ഈ ജനറേഷനില്‍ ഒരു പാട് നല്ലവര്‍ ഉണ്ട് മോളെ .ഒരു മാസം മുമ്പ് നടന്ന
പ്രകൃതി ദുരന്തത്തില്‍ പെട്ട ഒരു പാടാളുകളെ അവര്‍ ഊണും ഉറക്കവുമില്ലാതെ
രക്ഷിക്കുന്നത് നീ കാണേണ്ടതായിരുന്നു .നീ നിന്‍റെ ചിത്രങ്ങള്‍ മാറ്റി
വരയ്ക്കുമായിരുന്നു തീര്‍ച്ച ..”
ആ തുണിക്കഷ്ണം യാതൊരു പ്രതികരണവുമില്ലാതെ കിടന്നു
.ഹോം നഴ്സ് അവജ്ഞയോടെ ചുണ്ടുകോട്ടി .എങ്ങനെ കഴിയുന്നു ഇവളുടെ ആത്മാവിന് ഇങ്ങനെ
ചുരുണ്ടു കിടക്കാന്‍ ..”സ്വാതീ, സ്വാതീ”-അയാളുടെ കണ്ണുകള്‍ കലങ്ങിച്ചുവന്നു .ന്യായവിധിപത്രം
അവളുടെ തലയിണക്കടിയില്‍ തിരുകുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചു .ഇറങ്ങാന്‍ നേരം
അവളെ ഒന്നൂടെ നോക്കി ,പുച്ഛത്താലാണോ ചുണ്ടുകള്‍ വക്രിച്ചത്?കണ്ണീര്‍ വറ്റിയാണോ ആ
മിഴികള്‍ ഇങ്ങനെ കത്തുന്നത് ?അയാള്‍ ഹോം നഴ്സിനോട് കര്‍ക്കശ നായി –“മലത്തിലും
മൂത്രത്തിലും കിടത്താനാണോ ശമ്പളം തരുന്നത് ?എന്തൊരു നാറ്റമാണിവിടെ.”
“വേറെ ആരെയെങ്കിലും നോക്ക് സാറേ .”അവര്‍
അരിശത്തോടെ അയാളെ നോക്കി അടുക്കളയിലേക്ക് കുതിച്ചു .
“ദയാവധമാണ് ഇനിയെനിക്കുള്ള നീതി .”ആരോ അയാളുടെ
ചെവിയില്‍ കുറുകി .അങ്ങേയറ്റം വേദനയോടെ അവളുടെ ചെവിയില്‍ അയാള്‍ മന്ത്രിച്ചു –“നെക്സ്റ്റ് ടൈം ഐ വില്‍ കം വിത് എ
ഡോക്ടര്‍ ,നോ വണ്‍ വില്‍ നോ ..ഫോര്‍ ദിസ് അയാം നോട്ട് ഗോയിംഗ് ടു കോര്‍ട്ട് എനിവേ
..” ഇറങ്ങുമ്പോള്‍ ദുര്‍ഗന്ധം വീണ്ടും
അയാളുടെ മൂക്കിനെ പൊതിഞ്ഞു .ഓക്കാനം തൊണ്ടയെ ഞെരിച്ചു ...
നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂകഥ നന്നായി, പക്ഷേ മനസ്സിെനെ വല്ലാതെ നൊമ്പരപ്പെടുത്തി, ഇനിയും സന്തോഷം നൽകുന്ന ഒരു ക എഴുതുക
മറുപടിഇല്ലാതാക്കൂ