Pages

2022, ഡിസംബർ 5, തിങ്കളാഴ്‌ച

ചിരകലാമിത്രങ്ങൾ(കഥ)



ശരീഫ മണ്ണിശ്ശേരി


രോഗക്കിടക്കയിൽ , ഓർമകളുടെ കയങ്ങളിലൂടെ മുങ്ങിത്താഴുമ്പോഴാണ് അവൾ ഒരു അശരീരി കേട്ടത്.


"ഞാൻ നിന്നെ ഒരിക്കലും വിട്ടു പോവില്ല. നീയെത്ര മരുന്ന് കഴിച്ചിട്ടെന്ത്? ഒറ്റക്കായിപ്പോയതല്ലേ? ഞാനെങ്കിലും തുണ വേണ്ടേ? ഹീ ഹീ ഹീ.." 


നിഴൽ പോലൊരു രൂപം അവളെ നോക്കി ഊറിച്ചിരിച്ചു. 


"ആരാണ് നീ?" മടുപ്പോടെ അവൾ അതിനെ നോക്കി


"രോഗമെന്ന മന്ത്രികനാണ് ഞാൻ.എന്റെ കൈച്ചൂടറിയാതെ ഒരാളെങ്കിലും  ഈ ഭൂമി വിട്ടു പോയിട്ടുണ്ടോ? ഹീ ഹീ ഹീ". അവൻ വീണ്ടും പരിഹാസത്തിന്റെ തുപ്പൽ തെറിപ്പിച്ചു.


" ഇങ്ങനെയാണോ തണിയാവുന്നത്? കൊല്ലങ്ങളായി നീയെന്നെ ഇഞ്ചിഞ്ചായി കൊല്ലുന്നു. കൈകാലുകളെ ചങ്ങലക്കിടുന്നു. വേദനയില്ലാതെ ഒരടി നടക്കാൻ ഞാനെത്ര ആഗ്രഹിക്കുന്നു. "


അവൾ കണ്ണീരോടെ രോഗത്തിന്റെ ചെമ്പിച്ച തലമുടിയിലേക്കും വികൃതമായ മുഖത്തേക്കും മാറി മാറി നോക്കി. 


"ദുഃഖവും രോഗവും മാത്രമാണ് സത്യം. സുഖങ്ങൾ മേലെ കിടക്കുന്ന പാട മാത്രമാണ്. അതൊന്നു നീങ്ങുമ്പോഴേക്കും സ്ഥായിയായ വ്യസനം അടിയിൽ കുസൃതിച്ചിരി ചിരിക്കുന്നത് ഏവർക്കും കാണാനാകും." രോഗം ഒരു ദാർശനികനെപ്പോലെ പ്രതിവചിച്ചു. 


"എന്തിനാവും നീ സൃഷ്ടിക്കപ്പെട്ടത്? എന്തെല്ലാം  വൈവിധ്യങ്ങളിൽ ആണ് നീ." അവൾ അത്ഭുതത്തോടെ അവനെ തൊട്ടു.


"അതെ, ചില നേരം ക്യാൻസർ. മറ്റു ചിലപ്പോൾ സിറോസിസ്....ഇപ്പോഴും പുതിയ പുതിയ പേരുകൾ എനിക്കായി കണ്ടു പിടിച്ചു കൊണ്ടേയിരിക്കുന്നു. ഹീ ഹീ ഹീ.."


"ഈ വേദന പങ്കിടാനെങ്കിലും ഒരാൾ വന്നെങ്കിൽ! ഹാവൂ, സഹിക്കാൻ വയ്യല്ലോ.."

അവൾ നീര് വന്ന്‌ വീർത്ത കൈകാലുകളെ ഒന്നു അനക്കാൻ കഠിനമായി യത്നിച്ചു.


"വേദന പങ്കിടാൻ ഒരാളും വരില്ലെന്ന് നിനക്കറിയില്ലേ? മനുഷ്യനായി പിറക്കുന്നത് വലിയ ദൗർഭാഗ്യം തന്നെ. ഇനി മരിച്ചു ചെന്നാലോ ദണ്ഡന മുറകളുമായി കാത്തിരിപ്പല്ലേ ദൈവം അവിടെയും? അങ്ങനെയല്ലേ നിങ്ങളുടെ മതങ്ങൾ പറയുന്നത്? "


"അതെ, അതാലോചിക്കുമ്പോ പേടി എന്നെ കടിച്ചു പറിക്കാ..ചെകുത്താനും കടലിനും ഇടയിലാണ് മനുഷ്യാവസ്ഥ. തീർച്ചയില്ലാത്ത കുറെ ദർശനങ്ങൾ സദാ അവനെ വരിഞ്ഞു കെട്ടുന്നു. സങ്കടവും ഭാഗ്യക്കേടുകളും വേറെയും. അതിനിടെ സന്തോഷനിമിഷങ്ങൾ! ഹാ! അതെത്ര ചപലമാണ്. എത്ര തുച്ഛമാണ്.."


രോഗത്താൽ അവളുടെ കൈവിരലുകൾ വളഞ്ഞു പോയിരുന്നു. ഒരേ ഉറവയിൽ നിന്ന്  തെറ്റി പ്പിരിഞ്ഞ കൈവഴികളെപ്പോലെ അവ മുഖം തിരിച്ചു നിന്നു. ഒന്നെണീക്കുക, ഇത്തിരി നടക്കുക കൈകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക...ശരീരത്തിൽ കല്ല് പോലെ ഉറച്ചു പോയ നീര് അവളുടെ കുഞ്ഞുകുഞ്ഞു  ആഗ്രഹങ്ങളെപ്പോലും തച്ചുടച്ചു. ഇവളാണ്, ശയ്യയോട് ഒട്ടിപ്പോയ ഈ വികൃതരൂപമാണ് പണ്ട് ഒടുങ്ങാത്ത പ്രണയത്തിന് ആശിച്ചിരുന്നത്. ഇവളാണ്   പണ്ട് കഥകളും കവിതകളും എഴുതിയിരുന്നത്. ഓരോരോ കാലത്ത് ഓരോന്നാണ് മനുഷ്യന്റെ കൊതി. യൗവനത്തിൽ പ്രണയമാണെങ്കിൽ വാർധക്യത്തിൽ ഒന്നെഴുന്നാൽക്കാനായിരിക്കും. ആരുടെയും സഹായമില്ലാതെ ഒന്നു മൂത്രമൊഴിക്കാനായിരിക്കും. "രോഗമേ, മനുഷ്യന്റെ ആഗ്രഹങ്ങളെ നീയെത്ര മാത്രമാണ് പരിഹസിച്ചു കളയുന്നത്.."


അപ്പോൾ മറ്റൊരു നിഴൽ അവളുടെ മുന്നിൽ കൈ കൊട്ടി ആടിപ്പാടാൻ തുടങ്ങി.


"ഇന്ന് നിന്റെയടുത്ത് ഒരു പത്രക്കാരൻ വരും. ഒരു കാലത്ത് നന്നായി എഴുതിയിരുന്ന, ഇന്ന് ആരുടെയും ഓർമയിൽ പോലും ഇല്ലാത്ത എഴുത്തുകാരിയെ തേടി. പക്ഷേ അവന്  നിന്റെ ഇന്റർവ്യൂ പൂർത്തീകരിക്കാനാവില്ല. അപ്പോഴേക്കും അവൻ ഇറ്റ് ശ്വാസത്തിന് വേണ്ടി ആശുപത്രിയിൽ അടക്കപ്പെടും. അങ്ങനെ ഭാഗ്യത്തിന്റെ അവസാനതരിയെയും വിധിയായ ഞാൻ നിന്നിൽ നിന്ന് തിരിച്ചു വിടും. ഹാ ഹാ ഹാ.."

അവളുടെ ഇടതുചെവിയിൽ ആ നിഴലിന്റെ അട്ടഹാസം മുഴങ്ങി. 

"ഇന്ന് എന്റെ ചുറ്റും നിഴലുകൾ നാടകമാടുകയാണോ?" അവൾ ആരോടെന്നില്ലാതെ പിറുപിറുക്കാൻ തുടങ്ങി.

"രോഗം, വിധി ,മൃതി.ഇത്രയും പഴയ മിത്രങ്ങൾ വേറെ ഉണ്ടോ?" അവൾ നിസ്സംഗം ചിരിച്ചു. "ഒന്നും ആശിച്ചിരുന്നില്ലല്ലോ ഞാൻ. എത്രയെത്ര മോഹങ്ങളെയാണ് വിധി ചവിട്ടിയരച്ചു കളഞ്ഞത്. ഇത്രയേറെ നിന്ദ എന്റെ ആത്മാവ് അർഹിച്ചിരുന്നോ? " 


അവൾ തേങ്ങി ക്കരഞ്ഞപ്പോൾ കോടിയ ചുണ്ടുകൾ ഒന്നൂടെ വിരൂപമായി. 


വിധി അവളുടെ ചുമലിൽ ഇരുന്ന് പുച്ഛത്തോടെ ചുറ്റും നോക്കി. നീർപ്പോള പോലെ നശ്വരനായ ഈ ജീവി. എത്രയാണതിന്റെ നശീകരണത്വര. രോഗങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ അവൻ മരണത്തെപ്പോലും തോൽപ്പിച്ചേനെ. എന്നാലും ഈ സ്ത്രീയോട് ദൈവത്തിന് ഇത്രയും പക എന്തുകൊണ്ടായിരിക്കും? പാവം! ബാല്യം മുതൽ സ്നേഹം അറിഞ്ഞിട്ടില്ല. യൗവനത്തിലും ഒരു സ്നേഹത്തണലിൽ ഇരുന്നിട്ടില്ല. എല്ലാ നീരുറവകളിൽ നിന്നും ആട്ടിയകറ്റപ്പെട്ടപ്പോഴാവും രോഗങ്ങൾ അവളിൽ പല്ലൂകളാഴ്ത്തിയത്. എത്രയെത്ര ദേഹങ്ങളെയാണ് രോഗം കോളനികളാക്കുന്നത്..

ഓരോ ദൈവഹിതം നടപ്പാക്കുമ്പോഴും ആദ്യമൊക്കെ സങ്കടപെയ്ത്താൽ മനസ്സ് കലങ്ങിയിരുന്നു. ഇപ്പോൾ ഒരു അറവുകാരനെപ്പോലെ ചോരയും കണ്ണീരും ശീലമായി. ഭാഗ്യങ്ങളേക്കാൾ കൂടുതലായിരുന്നു നടപ്പാക്കേണ്ട ദുർവിധികൾ. അതുകൊണ്ടാണ് പൊട്ടിച്ചിരിക്കുന്ന കുഞ്ഞിനെ അതിന്റെ അമ്മയുടെ മുന്നിൽ വച്ച് ഓടുന്ന വണ്ടിയുടെ അടിയിലേക്ക് എറിയേണ്ടി വന്നത്. കാറ്റു പോലെ പോകുന്ന യുവാവിനെ ശയ്യാവലംബിയാക്കിയത്. കാർമേഘക്കൂട്ടം പോലെ മുടിയുള്ളവളെ കനത്ത മരുന്നിനാൽ മൊട്ടത്തലച്ചിയാക്കിയത്. 


"ദൈവം, അവൻ എവിടെയാണ്? ഇത്ര നാളും അവൻ ഹൃദയങ്ങളിൽ ആണെന്ന് ഞാൻ കരുതി. എന്റെ ഉള്ളിലേക്ക് നോക്കുമ്പോഴാകട്ടെ ഇരുട്ട് മാത്രം കാണുന്നു. ഈ വേദനയാണോ ദൈവം?" 

പിച്ചും പേയും പറഞ്ഞുകൊണ്ട് അവൾ ബോധശൂന്യയായി. 

മരണം കയ്യിലൊരു കുരുക്കുമായി ആശുപത്രി വരാന്തയിലൂടെ കുതിക്കുന്നത്‌ അപ്പോൾ വിധി കണ്ടു. പന്തിന് പിറകെ ഓടുന്ന പൂമ്പാറ്റ പോലൊരു കുഞ്ഞിനെ ചൂണ്ടലിലെന്നോണം അവൻ പൊക്കി ഗുഹ പോലുള്ള തന്റെ വായിലേക്ക് നിക്ഷേപിച്ചു. 


"എന്ത് അനീതിയാണിത്?".

വിധി മൃതിയുടെ പിൻകഴുത്തിൽ പിടുത്തമിട്ടു കൊണ്ട് ചോദിച്ചു. "ആ കുഞ്ഞിന്റെ അച്ഛനുമമ്മയും നിലവിളിക്കുന്നത് നീ കേൾക്കുന്നില്ലേ? ആ റൂമിലേക്ക് നോക്ക്. ബോധം കെട്ട്,  വികൃതരൂപിയായ ആ സ്ത്രീ എത്രയായി നിന്നെ കാത്തിരിക്കുന്നു. നീയെങ്കിലും അവളെ സ്നേഹത്തോടെ ചുംബിക്കുമെന്നാണ് ആ പാവം കരുതുന്നത്. അവളുടെ ആത്മാവിനെ ചതഞ്ഞു പോയ ആ ശരീരത്തിൽ നിന്ന് പ്രേമത്തോടെ പാറിച്ചെടുക്കും എന്നാണവൾ പ്രതീക്ഷിക്കുന്നത്. എത്ര കാലമായി അവൾ നിന്നെ വിളിക്കുന്നു. ആരും നോക്കാനില്ലാത്ത അവളെ കൊണ്ട് പോകുന്നതിനു പകരം നീയെന്തിനാണാ കുഞ്ഞിനെ..?"


വിധിയുടെ കറുപ്പും വെളുപ്പും ഇടകലർന്ന വിരലുകളെ മരണം ഊക്കോടെ തട്ടിയെറിഞ്ഞു.


 "ഇളംചോരയാ എനിക്കും പ്രിയം.വളഞ്ഞു തിരിഞ്ഞു പോയ ആ കിളവിയെ ആർക്ക് വേണം? ഇത്ര കാലവും ദൈവവഴികളുടെ ചുഴികളിൽ ആണ്ടു മുങ്ങിയിട്ടും നിനക്ക് സംശയം തീർന്നില്ലേ?  എത്ര യുദ്ധങ്ങൾ, കലാപങ്ങൾ, ദുരന്തങ്ങൾ..ഇതൊക്കെ കണ്ടിട്ടും..നീയെന്നാണ് ഇത്ര അലിവുള്ളവനായത്?" 


വിധിയുടെ കണ്ണുകൾ തുളുമ്പി. ശരിയാണ്.ക്രൂരതയുടെ ഓരോ കുരുക്കിടുമ്പോഴും സ്തുതിക്കാൻ മാത്രം പഠിച്ചിട്ടുള്ള മാലാഖമാർ ദൈവത്തെ വാഴ്ത്തുന്നത് താനെത്ര കണ്ടിരിക്കുന്നു. വിധി തന്റെ ഇരുണ്ട വസ്ത്രം ഒന്നു കുടഞ്ഞു. പഴുതാരകളായും ഞണ്ടുകളായും പൂക്കളായും ദൈവ ഹിതങ്ങൾ അവയുടെ ഉടമകളെത്തേടി കുതിച്ചു പറന്നു. 


എല്ലാം നിഗൂഢമാണ്.ഈ ഞാൻ പോലും. ഇച്ഛാഭംഗത്തോടെ അവൻ ചുറ്റും നോക്കി. മരണം തന്റെ കിങ്കരന്മാരെ നാനാഭാഗത്തേക്കും ഉത്സാഹത്തോടെ പറത്തി വിടുന്നത് അവൻ വെറുപ്പോടെ നോക്കി. മോചനമുണ്ടായിരുന്നെങ്കിൽ! എനിക്കീ നശിച്ച ജോലിയിൽ നിന്ന് മുക്തി ലഭിച്ചെങ്കിൽ! മുട്ടുകുത്തി നിന്നുകൊണ്ടവൻ ആകാശത്തേക്ക് കരങ്ങളുയർത്തി..പിന്നെ വാവിട്ടു നിലവിളിച്ചു..