Pages

2016, മേയ് 14, ശനിയാഴ്‌ച

ഹൈഡ് ആന്‍ഡ്‌ സീക്ക്.. [കഥ] ശരീഫ മണ്ണിശ്ശേരി ....






“ഹെലോ ,കിരണല്ലേ ഓര്‍മ്മയുണ്ടോ എന്നെ? നിന്‍റെ പുസ്തകത്തീന്നാ ഈ നമ്പര്‍ കിട്ടിയത്.ശരിക്കും വല്ലാതെ പണിപ്പെട്ടു ഫോട്ടോ മനസ്സിലാവാന്‍.ആ ഊശാന്താടിയും നീട്ടിയ മുടിയും ..”

ഭൂതകാലത്തിന്‍റെ പായല്‍ പിടിച്ച പച്ചപ്പടവുകള്‍ കയറി ആരാണ് വരുന്നത്?ആരുടെ ശബ്ദമാണിത്..

”ഹെലോ, മനസ്സിലായില്ല ഇപ്പഴും അല്ലേ? ഞാന്‍ കിഷോര്‍ , ചെറുപ്പത്തില്‍ നമ്മളൊരു പാട് ഒളിച്ചു കളിച്ചിട്ടുണ്ട് , കുന്നും പാടവും നടന്നു നടന്ന് അളന്നിട്ടുണ്ട് , പത്താം ക്ലാസ് വരെ ഒന്നിച്ചു പഠിച്ചിട്ടുണ്ട് , എന്നിട്ടും നീ മറന്നു ..”

ശരിയാവാം ,സ്കൂളില്‍ കൂടെ പഠിച്ചവരെയൊന്നും ഒരു രേഖാചിത്രമായി പോലും മനസ്സ് സൂക്ഷിക്കുന്നില്ല. ഡിഗ്രി ,പീജി, എം ഫില്‍ ..ഏണിപ്പടികള്‍ കയറിപ്പോകുമ്പോള്‍ പിന്നിട്ട പടവുകളൊക്കെ മറന്നു. കോളേജ് മെയ്റ്റ്സില്‍ ചിലരെ മാത്രം ഓര്‍മ ഇപ്പോള്‍ സൂക്ഷിക്കുന്നു..

“ഹെലോ , ശരിക്കും മറന്നു അല്ലേ, സാരമില്ല , നീയൊരൂസം ഇങ്ങോട്ടു വാ, കഴിഞ്ഞ കാലമൊക്കെ ഒന്നോര്‍ക്കാലോ ..”

“ശരി ശരി , നമ്പര്‍ തരൂ , ഒഴിവു നോക്കി വരാം ..”

ഈ മാസം ഏതാണ്ടെല്ലാ ദിവസവും എന്‍ഗേജ്ഡ്‌ ആണ് , സാംസ്കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍ ..എന്നിട്ടും ഒഴിവുണ്ടാക്കി പുറപ്പെട്ടത് വെറുമൊരു കൌതുകത്തിന്‍റെ പേരിലാണ്..ആരായിരിക്കുമത്?കാലത്തിന്‍റെ കൂറ്റന്‍ ചക്രത്തെ പിന്നിലേക്ക് വലിക്കാന്‍ യത്നിക്കുന്ന ഒരാള്‍ ..
...........................................   ................................................  ........................................................

പൂപ്പല്‍ പിടിച്ച മുറ്റം , വിളറിയ , മഞ്ഞച്ചായമടിച്ച ഓടുവീട് ..നിശ്ശബ്ദതയുടെ ഒച്ചുകള്‍ എങ്ങും ഇഴയുന്നു ..കോളിംഗ് ബെല്‍ വിരസമായ ഒരീണം പൊഴിച്ചു..അകാലത്തിലേ വാര്‍ധക്യം മാടി വിളിച്ച ഒരാള്‍ പൂമുഖത്തെത്തി ..

“ഹാവൂ , വന്നോ? സന്തോഷായി ..ഒരു കഥ എത്ര കാലമായി നിന്നെ ഇവിടെ കാത്തിരിക്കുന്നു..അതെഴുതാതെ നീ മറ്റെന്തെഴുതിയിട്ടും കാര്യമില്ല ..”

“ഇല്ലേ ആരും ഇവിടെ? “

“അമ്മ അടുത്തൊരു വീട്ടില് സഹായത്തിന് നില്ക്കാ , എനിക്ക് അങ്ങാടിയില്‍ ചെറിയൊരു കടയുണ്ട് , ഇന്നൊരു പനിച്ചൂട് തോന്നി , പോയില്ല ..

“ഭാര്യ , കുട്ടികള്‍?”

“പോയിട്ടിപ്പോ ഒരു മാസായി ..ഒരു മകനുണ്ട് .അവള്‍ക്കീ കഷ്ടപ്പാടൊന്നും സഹിച്ച് ഇവിടെ നില്‍ക്കാന്‍ വയ്യ ..അമ്മ ,പെങ്ങള്‍ ..എല്ലാരുടേം ശുശ്രൂഷ വയ്യെന്ന് ..”

“പെങ്ങള്‍ക്കെന്തു പറ്റി?”

“അതാണ്‌ ഞാന്‍ പറഞ്ഞ കഥ , വാ ..”

ഇരുള്‍ വിഴുങ്ങുന്ന ഇടനാഴിയിലൂടെ പതുക്കെ നടന്നു ..ചെറിയൊരു റൂമില്‍ അതാ അന്ധകാരത്തിന്‍റെ മറ്റൊരു കഷ്ണം ..

“ഓര്‍മയുണ്ടോ? പണ്ട് നമ്മളെപ്പോഴും ഒളിച്ചു കളിച്ചിരുന്നു ..ഒരു ദിവസം ഇവളെ എത്ര തിരഞ്ഞിട്ടും കണ്ടില്ല ..നീയായിരുന്നു കണ്ടു പിടിക്കേണ്ടിയിരുന്നത്, ഒടുക്കം കുന്നിന്‍ ചെരുവില്‍ വായില്‍ നിന്ന് നുരയും പതയും വന്ന് നെറ്റിയില്‍ നിന്ന് ചോരയൊഴുകി അവള്‍ കിടക്കുന്നത് കണ്ട് നമ്മളൊക്കെ അലറി വിളിച്ചു ..”

സ്മരണകളുടെ ആഴക്കിണര്‍ പൊടുന്നനെ അതിന്‍റെ ഇരുമ്പുവാതില്‍ അല്പാല്പമായി തുറക്കാന്‍ തുടങ്ങി . ഉള്ളില്‍ നിന്ന് എത്തി നോക്കുന്ന ബാല്യം , കൌമാരം ..

“അന്ന് ബോധം പോയതാ , ചികിത്സിക്കാത്ത ഇടങ്ങളില്ല ..ഇപ്പോ ഇതാ രണ്ടു കൊല്ലം മുമ്പ് ബോധം തെളിഞ്ഞു .പക്ഷെ എന്തു ഫലം , മുപ്പത്തിരണ്ടു വയസ്സായിട്ടും അവളിപ്പോഴും ഒളിച്ചുകളിയില്‍ തന്നെ , ഞങ്ങളെ തീ തീറ്റിക്കാനായിട്ട്...അല്ലെങ്കിലും കളികള്‍ എല്ലാ കാലത്തും നമ്മളെ സന്തോഷിപ്പിക്കില്ല ..അറ്റം കാണാത്ത ജീവിതയാത്ര മനസ്സിലേക്ക് അസ്വസ്ഥതയുടെ കനലുകള്‍ കോരിയിടുമ്പോള്‍ എന്തു കളി എന്തു സന്തോഷം ..ഉറക്കം വിട്ടാ തുടങ്ങും അവള്‍ എണ്ണലും തിരയലും  സാറ്റ് വിളിയും ..ഒരു പാട് കാലം കട്ടിലില്‍ ആയതോണ്ട് പിച്ച വെക്കാ ഇപ്പോ വീണ്ടും ..

വ്യഥയോടെ ഓര്‍ത്തു – ഇങ്ങനെയൊരു കൂട്ടുകാരി എന്തേ തന്‍റെ ഒരു കഥയിലും വന്നില്ല..ജീവിതം തന്നെ ഒരു ഒളിച്ചുകളിയല്ലേ? ആര്‍ക്കും പിടി കൊടുക്കാതെ മരണഗുഹയിലേക്ക് കടന്നു കളയുന്നവര്‍..കുറച്ചു കാലം അവരുടെ ഓര്‍മകളില്‍ പുതഞ്ഞു കിടന്ന് അതിലും രസം കൂടിയ വിനോദങ്ങളിലേക്ക് ചിരിച്ചു മറിയുന്നവര്‍..ഈ അനന്തയാത്രയ്ക്ക് പ്രായമെത്രയായിക്കാണും?

“ഞാന്‍ കരുതും തറവാടിനടുത്തെ ആ കുന്നും കാവുമൊക്കെ കണ്ടാല്‍ അവളുടെ അസുഖം പകുതി കുറയുമെന്ന് ..അതെങ്ങനെ , ജെ സി ബിയുടെ ഉരുക്കുകയ്യില്‍ പൊടിഞ്ഞു പോയില്ലേ എല്ലാം ..അവിടെയൊക്കെ ഇപ്പോ ബംഗ്ലാവുകളാ , ഗേറ്റും കതകും സദാ അടച്ചിട്ട സൌധങ്ങള്‍ ..”
മനസ്സിലേക്ക് ആ തറവാട് പതുക്കെ കയറിയിരുന്നു ..അഞ്ചാം ക്ലാസ് വരെയുള്ള സ്മൃതികളെ സംഭരിച്ച , ബഹളം മാത്രം നിറഞ്ഞിരുന്ന ആ ഓടുവീട് ..

“ഏട്ടന്മാരും അനിയന്മാരുമൊക്കെ?”

“എല്ലാവരും നല്ല നിലയിലെത്തി..ജീവിതം ആര്‍ക്കും വേണ്ടാതാക്കുന്നവരാന് അവസാനം തറവാടിന്‍റെ സ്മരണകള്‍ക്ക് ഇരുണ്ട പശ്ചാത്തലമായി ബാക്കിയാവുക ..”

അവള്‍ പതുക്കെ കണ്ണ്‍ തുറന്നു ..ബാല്യത്തിന്‍റെ പച്ചവരമ്പിലൂടെ പിച്ച വെച്ചു. കട്ടിലില്‍ നിന്ന് പതുക്കെ ഊര്‍ന്നിറങ്ങി ചുമരിലേക്ക് മുഖം ചേര്‍ത്തു വെച്ച് അവള്‍ എണ്ണാന്‍ തുടങ്ങി ..കാലത്തിന്‍റെ കിടങ്ങുകളിലെവിടെയോ നഷ്ടപ്പെട്ടു പോയ അക്കങ്ങളെ വരി നിര്‍ത്താന്‍ അവളേറെ ക്ലേശിച്ചു .. കണ്ടേ കണ്ടേ എന്നാര്‍ത്തു വിളിച്ച് അവള്‍ കട്ടിലിനടിയിലേക്ക് ഉദ്വേഗത്തോടെ പാളി നോക്കി ..വലിയൊരു സ്ത്രീ കുട്ടിയായി കളിക്കുന്നത് ഒട്ടും രസകരമല്ല ..പ്രത്യേകിച്ചും ആ ചലനങ്ങള്‍ പിച്ച വെക്കലുകളെ ഓര്‍മിപ്പിക്കുമ്പോള്‍ ..എവിടെ വച്ചാണ് കളിരസങ്ങള്‍ നമുക്ക് നഷ്ടമാകുന്നത്..ഒരു കുട്ടിയെപ്പോലെ എല്ലാം മറന്ന് കളിക്കാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയാത്തതെന്ത് ..

“ഇറങ്ങട്ടെ , വരാം മറ്റൊരിക്കല്‍ ..”

“നില്‍ക്കൂ കിരണ്‍ , അവളുടെ ഒരു നോട്ടുബുക്കുണ്ടിവിടെ , അതില്‍ കഥയോ കവിതയോ എന്തൊക്കെയോ ഉണ്ട് ..ഒരു അഞ്ചാംക്ലാസ്കാരിയുടെ എഴുത്തുപരീക്ഷണങ്ങള്‍ ..തീര്‍ച്ചയായും നീ അവളെക്കുറിച്ച് എഴുതണം ..”

പുസ്തകം വാങ്ങിയപ്പോള്‍ എന്തോ കൈ വിറച്ചു ..മുന്നില്‍ നീളുന്ന നാട്ടുവരമ്പിലൂടെ നടന്നു ..ഈ വഴിയിലൂടെ എത്ര കഷ്ടപ്പെട്ടാവും അവര്‍ അവളെ ഹോസ്പിറ്റലില്‍ കൊണ്ടു പോയിരുന്നത് ..തണല്‍കുട വിരിച്ച ഒരു മരച്ച്ചുവടിലിരുന്ന് ആ പുസ്തകം പതുക്കെ മറിച്ചു..വളപ്പൊട്ടുകള്‍ ദീപരൂപത്തില്‍ ഒട്ടിച്ചതിനു താഴെ രേഷ്മ എന്നെഴുതിയിരിക്കുന്നു..കളര്‍ തൂവലുകള്‍ ഉണങ്ങിയ ഇലകള്‍ ..കാലം കഷ്ണം മുറിഞ്ഞ് ഓരോ പേജിലായി കിടക്കുകയാണ് ..”കിരണ്‍ എന്നോട് പിണങ്ങി , എനിക്കൊരു സന്തോഷവുമില്ല ..” എന്ന വരിക്കു താഴെ നൊമ്പരത്തിന്‍റെ കവിതാശകലങ്ങള്‍ ..വിധി ഇടയ്ക്ക് വച്ചു പ്രഹരിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവള്‍ക്കു വേണ്ടി കാത്തു വെച്ചിരിക്കുക? നഷ്ടത്തിന്‍റെ കനല്‍ത്തുണ്ടുകള്‍ ..പൊറുതി കെടുത്തുന്ന തീനാമ്പുകള്‍ ..ചുവപ്പു മഷിയില്‍, അപ്പോള്‍ മനസ്സിലേക്ക് തിക്കിക്കയറിയ കഥയെ സ്വീകരിക്കാനായി ഒരു തലക്കെട്ട്‌ പേപ്പറില്‍ വലുതായെഴുതി –

“വളപ്പൊട്ടുകളും കുഞ്ഞുതൂവലുകളും-“       

9 അഭിപ്രായങ്ങൾ:

  1. ജീവിതമെന്ന ഒളിച്ചുകളിയില്‍ വിജയിക്കുന്നവരും പരാജയപ്പെടുന്നവരും....
    കഥ നന്നായി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ജയവും തോല്‍വിയും തമ്മിലുള്ള ഒളിച്ചുകളി. നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. വായിച്ചു - ജീവിതങ്ങളെയും വായിച്ചു

    മറുപടിഇല്ലാതാക്കൂ
  4. ഹോ.സങ്കടമായല്ലോ.!!!

    (ജീവിതം ആര്‍ക്കും വേണ്ടാതാക്കുന്നവരാന് അവസാനം തറവാടിന്‍റെ സ്മരണകള്‍ക്ക് ഇരുണ്ട പശ്ചാത്തലമായി ബാക്കിയാവുക ..”)
    സത്യം തന്നെ.

    മറുപടിഇല്ലാതാക്കൂ
  5. കാലങ്ങൾക്കപ്പുറത്ത് സ്നേഹിച്ച ഒരാള് ഉണ്ടായിരുന്നു എന്ന അറിവ്, അത് ദു:ഖിപ്പിക്കുന്നതായിരുന്നു എന്നോർക്കുമ്പോൾ ..

    മറുപടിഇല്ലാതാക്കൂ
  6. നമ്മളറിയാതെ നമ്മളെ സ്നേഹിച്ചിരുന്ന എത്രപേര്‍ ഉണ്ടായിരുന്നിരിക്കും അല്ലേ..

    നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  7. കാലം കടന്നു പോകുമ്പോള്‍ ഓര്‍മ്മകള്‍ വരികയായി...
    വീണ്ടും ഒരു ഒളിച്ചു കളിക്കായി ..
    ആ കളിയില്‍ രസിക്കാന്‍ എല്ലാം മറക്കണം ..
    ഹൃദയത്തില്‍ തട്ടിയ കഥ.. നന്ദി..

    മറുപടിഇല്ലാതാക്കൂ
  8. നന്നായി എഴുതി, മനസ്സിൽ തൊടുംവിധം

    മറുപടിഇല്ലാതാക്കൂ