അയാള്‍ ക്ലാസില്‍
ഒരു കഥ പറയുകയായിരുന്നു , “കുട്ടികളെ , പണ്ടു പണ്ടൊരു നാട്ടില്‍ ..”
“പണ്ടു പണ്ടോ?
എന്താണത്?”- കുട്ടികള്‍ കൂട്ടത്തോടെ ചോദിച്ചു.
“പണ്ടു പണ്ട് എന്നു
വെച്ചാല്‍ ഒരു പാട് കാലം മുമ്പ് , ലോങ്ങ് ലോങ്ങ് എഗോ ..”
ഓ ,ലോങ്ങ് എഗോ ,
ബട്ട് അതെന്തൊരു ബോറന്‍ കഥയായിരിക്കും , കമ്പ്യൂട്ടറും മൊബൈലും ഒന്നുമില്ലാത്ത ആ
സ്റ്റുപ്പിഡ് കാലത്തെ പറ്റി എന്തിനു പറഞ്ഞോണ്ടിരിക്കണം? “- അവര്‍ അത്ഭുതത്തോടെ
ചോദിച്ചു.
മാഷ് പകച്ചു ,ഇനി
ഇവരോടെന്തു പറയും? മലയാളം ക്ലാസില്‍ പറയാന്‍ പാടില്ല..എന്നാലും മനസ്സ്
മടുക്കുമ്പോള്‍ അറിയാതെ പറഞ്ഞു പോകും..മിക്കവാറും തനിക്കൊരു സസ്പെന്‍ഷന്‍ വരാന്‍
സാധ്യത ഉണ്ട്..അല്ലെങ്കിലേ അദ്ധ്യാപകന്‍ കുട്ടിയോട് പറയുന്നതെല്ലാം
തെറ്റായിക്കൊണ്ടിരിക്കയാണ്, ടീച്ചര്‍ പറഞ്ഞ നുണകള്‍ എന്നോ മറ്റോ തലക്കെട്ടുള്ള ഒരു
കവിത വായിച്ചു ഈയിടെ, കുന്നുകളാലും പുഴകളാലും പുടവയിട്ട നാട് , ടീച്ചര്‍
ചൊല്ലുന്നു , കുട്ടി കാണുന്നതോ വറ്റിപ്പോയ പുഴയും ലോറി കൊണ്ടു പോകുന്ന
കുന്നുകളും..പശുവല്ല ഫ്രിഡ്ജാണ് പാല്‍ തരുന്നതെന്നും , നെല്‍ച്ചെടിയല്ല ആന്ധ്രയാണ് അരി
തരുന്നതെന്നും കുട്ടികള്‍ ടീച്ചറെ പഠിപ്പിച്ചു..ഒരു നെല്‍പാടം കാണാന്‍ കുട്ടികളെ
കൊണ്ടുപോകാനും സ്കൂള്‍ അനുവദിക്കില്ല , സെന്‍ട്രല്‍ സ്കൂളാണ് , ഭാവിയിലെ എന്‍ജിനീയറും
ഡോക്ടറും കളക്ടറും ഒക്കെ ആവേണ്ട വിത്തുകളാണ് ഈ ഇരിക്കുന്നത് ..
കുട്ടികള്‍ ഇന്‍ഗ്ലീഷില്‍
ചിലച്ചുകൊണ്ടിരുന്നു. പുതിയതായി ഇറങ്ങിയ യുദ്ധഗെയിമിനെ കുറിച്ചാണ് ചര്‍ച്ച..അയാള്‍ക്ക്
നെഞ്ചില്‍ എവിടെയോ വേദനിക്കുന്നതായി തോന്നി..സ്റ്റാഫ് റൂമില്‍ എത്തിയപ്പോഴേക്കും
പ്രിന്‍സിപ്പാളിന്‍റെ റൂമില്‍ നിന്ന് കല്പനയെത്തി, ഇന്നൊരു ഫയറിംഗ് ഉണ്ടാവും
ഉറപ്പ്..
പ്രിന്‍സിപ്പാള്‍
ഡെല്ല ജോണ്‍ ഓവല്‍ ഷെയിപ്പുള്ള കണ്ണടയുടെ മീതേ കൂടെ അയാളെ രൂക്ഷമായി നോക്കി. ആ
നോട്ടത്തില്‍ ആരും ചൂളിപ്പോകും..മുപ്പത്തഞ്ചു വയസ്സേ കാണൂ , എന്നാലും
നാല്പത്തഞ്ചുകാരനായ തന്നെയും ഒരൊറ്റ നോട്ടത്താല്‍ ഭസ്മമാക്കിക്കളയാനുള്ള
അസാമാന്യമായ ആജ്ഞാശക്തി ഉള്ളവരാണവര്‍..ചുരുണ്ട
കറുത്ത മുടി ബോയ് കട്ട് ചെയ്തില്ലായിരുന്നെങ്കില്‍ ഒരു ശാലീനത
തോന്നിച്ചേനെ..സുന്ദരമായ മുഖത്ത് എപ്പോഴും ഗൌരവമാണ് കനത്തു കല്ലിച്ചു
കിടക്കുന്നത്..
“ദേര്‍ ഈസ് എ കംപ്ലൈണ്ട് എഗേന്‍സ്റ്റ് യു മിസ്റ്റര്‍ നരന്‍ , യു ആര്‍
സ്പീകിംഗ് മലയാളം ഇന്‍ ക്ലാസ് റൂംസ് ആന്‍ഡ് ടെല്‍ സോ
മച്ച് സ്റ്റൊറീസ് നോട്ട് നീഡഡ് ഫോര്‍ യുവര്‍ മാത്ത്സ് ക്ലാസ്സെസ്. ഫോര്‍
വാട്ട് ദീസ് റബ്ബിഷ് സ്റ്റോറീസ് യു ടെല്‍ ടു സ്റ്റൂഡന്റ്സ്? അവര്‍ സിലബസ് ഈസ്
ഗോയിംഗ് ടു അവോയിഡ് ഓള്‍ ദീസ് പോയെംസ് ആന്‍ഡ് സ്റ്റോറീസ്. വാട്ടീസ് ദ യൂസ് ഓഫ്
ഓള്‍ ദോസ് സില്ലി തിംഗ്സ്?ചില്‍ഡ്രന്‍സ് ഇന്റലിജന്‍സ് ഈസ് വെരി പ്രെഷ്യസ് ആന്‍ഡ്
ഇറ്റ് ഷുഡ് ബി ഫില്ഡ് വിത്ത് ഓണ്‍ലി യൂസ്ഫുള്‍ തിംഗ്സ്..”
തലയും താഴ്ത്തി
തിരിച്ചു വരുമ്പോള്‍ വല്ലാത്ത ആത്മനിന്ദ തോന്നി, കഥ കേട്ടിരുന്ന ഒരു ബാല്യം
അയാളിലേക്ക് ഇരച്ചു കയറി..പുരാണകഥകള്‍ പറഞ്ഞു തന്നിരുന്ന മുത്തശ്ശിയെ പറ്റിച്ചേര്‍ന്നു
നിന്നിരുന്ന ആ അനാഥക്കുട്ടി...
“ഹു ഈസ് ഗ്രാന്‍ഡ്
മാ?” ഒരിക്കല്‍ ഡോളി
ടീച്ചര്‍ ക്ലാസ്സില്‍ ചോദിച്ചത്രെ, കുട്ടികള്‍ അമ്പരന്ന് ടീച്ചറെ മിഴിച്ചു
നോക്കി..അവരെ പറഞ്ഞിട്ട് കാര്യമില്ല, വയസ്സായവരെ അവര്‍ കണ്ടിട്ടു
തന്നെയുണ്ടാവില്ല..ഇന്റര്‍ നാഷണല്‍ സ്കൂളുകളുടെതിനേക്കാള്‍ കൂടുതലാണ് ഓള്‍ഡ്
എയ്ജ് ഹോമുകളുടെ മോഹിപ്പിക്കുന്ന ആഡുകള്‍..”നിങ്ങളുടെ അച്ഛന്‍ അല്ലെങ്കില്‍ അമ്മ
അന്‍പത്തെട്ടു കഴിഞ്ഞ ആളാണോ? വരൂ , ഞങ്ങളുടെ ഹെവന്‍ വെന്യൂവിലേക്ക്, അവിടെ അവര്‍ക്ക്
വാര്‍ധക്യം അടിച്ചു പൊളിക്കാം, വിട പറയും വരെയുള്ള കാലം ആഘോഷമാക്കാം..”ഇങ്ങനെ
പോകുന്നു പരസ്യങ്ങള്‍..ഓള്‍ഡ് എയ്ജ് ഹോമില്‍ വയസ്സായവരെ ആക്കാത്തത് മാനക്കേടായി
മാറിയിട്ടുണ്ട് സമൂഹത്തില്‍..യുവാക്കളുടെ മാത്രം നാട്ടില്‍ യൌവനങ്ങള്‍ ശലഭങ്ങളായി
പാറി കളിക്കുന്നു..
സഹപാഠികളെ ഒരു
വിദ്യാര്‍ഥി വെടി വെച്ചു കൊന്ന വാര്‍ത്ത വായിച്ചു കേള്‍പ്പിച്ചു കൊണ്ട്
പിറ്റേന്നും അയാള്‍ എല്ലാം മറന്ന് ഉപദേശഭാണ്ഡം തുറന്നു..”കുഞ്ഞുങ്ങളേ, നമ്മള്‍
ഒരാളെയും ദ്രോഹിക്കരുത്, കരുണ ഉള്ളവരായിരിക്കണം ഈ കുട്ടികള്‍ ചെയ്തത് ശരിയാണെന്ന്
നിങ്ങള്‍ കരുതുന്നുണ്ടോ?”
“വൈ നോട്ട്?”-
എയിന്ജല്‍ ചാടിയെഴുന്നേറ്റു കിതച്ചു, “ഐ ഓള്‍വേസ് വിഷ് ടു ഷൂട്ട് മൈ പാരെന്റ്സ്,
സില്ലി മെന്‍! ഫോര്‍ ഹൌ മെനി ഡെയ്സ് അയാം ആസ്കിംഗ് ദേം ഫോര്‍ എ സ്മാര്‍ട്ട് ഫോണ്‍..വൈ
ആര്‍ ദേ പാരെന്റ്സ് ഈഫ് ദേ
ആര്‍ നോട്ട് കെയിപ്പബ്ള്‍ ടു ഫുള്‍ഫില്‍ അവര്‍ നീഡ്സ്?”-
അയാള്‍ നടുങ്ങി വിറച്ചു, വാക്കുകളെ തൂവലുകളാക്കി അയാള്‍ തുടര്‍ന്നു,
“കുഞ്ഞുങ്ങളേ , നമ്മള്‍ കഥകളും കവിതകളും കേള്‍ക്കണം, നല്ല നാടകങ്ങളും സിനിമകളും കാണണം,
എല്ലാ കലകളും നമ്മുടെ മനസ്സിനെ സോഫ്റ്റാക്കി മാറ്റും..”
പോള്‍ അപ്പോള്‍
എഴുന്നേറ്റു , നീണ്ടു കൊലുന്നനെയുള്ള ചെറുക്കന്‍. കട്ടിക്കണ്ണടയിലൂടെ കുറുമ്പോടെ
ചുറ്റും നോക്കി അവന്‍ ചോദിച്ചു- “ഫോര്‍ വാട്ട് ഷുഡ് വി ബികം സോഫ്റ്റ് സര്‍? വി
മസ്റ്റ് ബി ഹാര്‍ഡ് മൈന്ഡെഡ്. ദെന്‍ ഓണ്‍ലി വി ക്യാന്‍ പുഷ് എവേ അദേര്‍സ് ഇന്‍
ഓള്‍ കൊമ്പെറ്റീഷന്‍സ്..മൈ മോം ആന്‍ഡ് ഡാഡ് ഓള്‍വെയ്സ് സേ സോ..”
അയാള്‍ അവരെ
നോക്കി ഭക്തിയോടെ കൈ കൂപ്പി, വിധേയനായി തല
കുനിച്ചു, പരാചിതന്‍റെ ശബ്ദം ക്ലാസ്സില്‍ ഇടര്‍ച്ചയോടെ മുഴങ്ങി –മൈ ഡിയര്‍
സ്റ്റ്യൂഡന്റ്സ്, യു ഓള്‍ ആര്‍ ഗ്രേറ്റ് മെന്‍, സോ ഫ്രം ടുഡേ ഈച്ച് ഓഫ് യു വില്‍
ബി ടീച്ചര്‍ ഇന്‍ മൈ ക്ലാസ്സെസ് ആന്‍ഡ് ഐ വില്‍ ബി എ ലേണര്‍ ഇന്‍ ദാറ്റ് ബാക്ക്
ബെഞ്ച്..”
കുട്ടികള്‍ അത്
കേട്ടു ഡസ്ക്കിലടിച്ചു തല തല്ലി ചിരിച്ചു. നിശ്ശബ്ദതയുടെ കൂടായ ആ കലാലയം ആ ഹര്‍ഷാരവത്തില്‍
ചകിതയായി.. കുട്ടികള്‍ രഹസ്യമായി കൊണ്ടു വന്ന മൊബൈലില്‍ “ഹൌ ടു ഷൂട്ട്” “വാര്‍
ട്രെയിനിംഗ്” തുടങ്ങിയ ഗെയിമുകള്‍ ആവേശത്തോടെ കളിക്കാന്‍ തുടങ്ങി.. ഡിസ്മിസ്
ചെയ്തുകൊണ്ടുള്ള പേപ്പര്‍ ഡെല്ലാ ജോണിന്‍റെ അരിശം പിടിച്ച കൈകളില്‍ നിന്ന് ഏറ്റു
വാങ്ങുമ്പോള്‍ എവിടെയും ചേരാതിരിക്കുന്നത് ചിലരുടെ വിധിയാണെന്ന് അയാള്‍
സങ്കടത്തോടെ വിചാരപ്പെട്ടു..വീഴാതെ സൂക്ഷിച്ചു കൊണ്ട് മിനുസമുള്ള മാര്‍ബിള്‍
സ്റ്റെപ്പുകള്‍ ഇറങ്ങി അയാള്‍ അനിശ്ചിതമായ ഭാവിയിലേക്ക് വ്യസനത്തോടെ ചുവടുകള്‍
വച്ചു..