കിണറ്റില്‍ പെട്ടു പോയ തവള മേലെ കാണുന്ന ചെറിയ
വൃത്താകാശം പോലെ നാല് ചുമരുകള്‍
അതിരിടുന്ന വെളുത്ത ചതുരസീലിംഗ് ..നടുക്ക് ശ്വാസമെടുക്കാതെ ചുറ്റിത്തിരിയുന്ന ഫാന്‍..ചുമരരുകില്‍
എന്നും വന്നെത്തിനോക്കുന്ന രണ്ടു പല്ലികള്‍, പതുക്കെ പശിമയുള്ള നാക്ക് നീട്ടി
..മറ്റൊരരുകില്‍ എന്നേ കുറ്റിയടിച്ച എട്ടുകാലി ആരേലും വരുന്നുണ്ടോ എന്ന്
ജാഗ്രത്തോടെ കണ്ണ്‍ തുറിച്ച് ..കട്ടില്‍കാലില്‍ നിന്നാണെന്നു തോന്നുന്നു , ചിതലിന്‍റെ
ചിത്രപ്പണികള്‍ , സീലിംഗിനെ തൊടാറായി ..ഇലകള്‍ കൂടി വരച്ചാല്‍ ശരിക്കുമൊരു മരം
തന്നെ , മണ്ണുമരം..
“ഇയാളിന്നും എഴുന്നേല്‍ക്കുന്ന ലക്ഷണമില്ല .”-
ഒന്നാംപല്ലി ചിലച്ചു ..”ഈ മനുഷ്യരുടെ കാര്യങ്ങളെല്ലാം അതിശയമാ , വെടി
വെച്ചിട്ടാലും ചിലപ്പോള്‍ ചാവില്ല ..മുടിഞ്ഞ ആയുസ്സാ ..നമ്മള്‍ ആരേലും ഇമ്മാതിരി
കിടപ്പ് കിടക്കോ..”- രണ്ടാം പല്ലി ഒരു ദാര്‍ശനികനെപ്പോലെ ചോദിച്ചു..
ഉത്തരത്തില്‍ നിന്ന് തൂങ്ങുന്ന ചളി പിടിച്ച കയര്‍
..അഞ്ചു വര്‍ഷത്തെ കിടപ്പ് അതിനെ അഴുക്കിന്‍റെ കറുകറുപ്പാക്കി ..മുതുകില്‍ ഒന്നു
രണ്ടു പുണ്ണ് കണ്ണ് മിഴിച്ചിട്ടുണ്ട് , കിടപ്പിന് സ്വൈര്യം തരാതെ ..ഹോം നഴ്സിന്‍റെ
സഹായം വേണം കയറില്‍ പിടിച്ചു ഒന്നെഴുന്നേറ്റ് ഇരിക്കാന്‍ , കിടപ്പ് നടപ്പ് ഇരുത്തം
ഓട്ടം ചാട്ടം എല്ലാം എത്ര മധുരതരമായിരുന്നു ..കയ്യിലിരിക്കെ ഒന്നിനും മൂല്യം
തോന്നില്ല , നഷ്ടമാകുമ്പോഴാണ് ..മരം പോലെയായ ഇടതുഭാഗം പരമാവധി നിസ്സഹകരിക്കും, ഒരു
പാട് പ്രയത്നിക്കണം , തലയിണയില്‍ ഒന്നു ചാഞ്ഞു കിടക്കാന്‍ ..ഉദ്യോഗമുള്ള കാലത്ത്
പോലും ഇത്രേം അധ്വാനിച്ചിട്ടില്ല ..ഭാഗ്യം ഒരു ദാസിയെപ്പോലെ
കൂടെത്തന്നെയുണ്ടായിരുന്നു..നല്ല കാലമെല്ലാം കഴിഞ്ഞ ഏതോ
ജന്മത്തിലായിരിക്കണം..ബാങ്ക് മാനേജറായിരുന്നു , തല മരവിക്കും വരെ കണക്കുകളുടെ
ലോകത്തായിരുന്നു..എന്നിട്ടും എവിടെയൊക്കെയോ പിഴച്ചു..മകന്‍ സ്വത്തോഹരിയെ ചൊല്ലി
മൂന്നാമതും തര്‍ക്കിക്കാന്‍ വന്നപ്പോഴാണെന്ന് തോന്നുന്നു തല ചുറ്റി വീണത് ..ആശുപത്രിയില്‍
എത്തിയപ്പോഴേക്കും ഒരു വശം തളര്‍ന്നു പോയെന്ന് പറഞ്ഞ് ഭാര്യ കരഞ്ഞു..ഒരു കൊല്ലം
മുമ്പാണ് അവള്‍ അടുക്കളയില്‍ വീണു മരിച്ചത് , ഒരു പൂ കൊഴിയുന്ന അത്രയും ലളിതമായി ..തന്‍റെ
യാത്ര മാത്രം അത് തീരാറായപ്പോള്‍ വല്ലാത്തൊരു ട്രാഫിക്ജാമില്‍ പെട്ടു
പോയിരിക്കുന്നു ..ഭ്രാന്ത് പിടിപ്പിക്കുന്ന ഈ നിശ്ചലത അവസാനിക്കുന്നത്
എന്നായിരിക്കും ..
ഹോം നഴ്സ് അരമണിക്കൂര്‍ മൊബൈല്‍ കിന്നാരം കഴിഞ്ഞ്
ചുണ്ടിലൊട്ടിച്ച ഗൂഡസ്മിതവുമായി മുറിയിലെത്തി..തളര്‍ന്നു കിടപ്പായതോണ്ടാവും ഒരു
ആണിനെ പരിചരിക്കാന്‍ അവള്‍ ധൈര്യപ്പെട്ടത്..ഇന്നത്തെ വാര്‍ത്തകള്‍
വായിക്കുന്നവരൊന്നും അങ്ങനെ എടുത്തു ചാടി വരണമെന്നില്ല..കനത്തില്‍ അവള്‍ക്ക്
ശമ്പളം കൊടുക്കുന്നത് കൊണ്ട് തരക്കേടില്ല ..ഇല്ലെങ്കില്‍ അവളും ഇട്ടു
പോയേനെ..നെറ്റും ലാപ്പും ഉള്ളതോണ്ട് കണക്കുകള്‍ കൃത്യമായി നടന്നുപോകുന്നുണ്ട്..ഒറ്റക്കൈ
കൊണ്ട് അതിലൊന്നും ഒരു പാടു നേരം പണിയെടുക്കാന്‍ വയ്യ ..അല്ലെങ്കില്‍ ഫേസ്‌ബുക്ക്
തന്നെ മതിയായിരുന്നു ബോറടി മാറ്റാന്‍..നല്ലൊരു സൗഹൃദം വേണമായിരുന്നു
വിളിച്ചോണ്ടിരിക്കാന്‍..ആരോഗ്യകാലത്ത് അതൊന്നും ആവശ്യമുണ്ടായിരുന്നില്ല, കാലം
നിശ്ചലമായി തുറിച്ചു നോക്കാന്‍ തുടങ്ങിയപ്പോഴാണ് ..
കിണറ്റിന്‍ കരയിലെ പൈപ്പില്‍ അവന്‍
എത്തിക്കഴിഞ്ഞു , ആ കാക്ക..പൈപ്പിലേക്ക് കൊക്ക്
ചേര്‍ത്ത് എത്ര നേരമാണ് അതിരിക്കുന്നത്, എപ്പഴേലും വീഴുന്ന ഒന്നു രണ്ടു
തുള്ളികള്‍ക്ക് വേണ്ടി ..എത്ര പറഞ്ഞതാണ് ഹോം നഴ്സിനോട് ചട്ടിയില്‍ കുറച്ചു വെള്ളം
അവിടെ വെക്കാന്‍..തളര്‍ന്നവന്‍റെ വാക്കുകള്‍ക്കും ആജ്ഞാശക്തി കുറയും..ഉച്ച വരെ കാക്കക്ക്
അവിടെ പല ബിസിനസും ഉണ്ട്. എപ്പോഴും ടി വി കാണുകയോ ഫോണ്‍ ചെയ്യുകയോ ചെയ്യുന്ന ഹോം
നഴ്സിനെക്കൊണ്ട് അതിനു യാതൊരു ശല്യവുമില്ല..കിണറ്റിന്‍ കരയിലെ വാഴത്തടത്തില്‍
ഒഴിക്കുന്ന മീന്‍ വെള്ളമാണ് ആദ്യത്തെ ആകര്‍ഷണം..ഒന്നുരണ്ടു മീന്‍തല തിന്നു കഴിഞ്ഞാല്‍ കുറെയെണ്ണം
വാഴപ്പോളയ്ക്കുള്ളില്‍ തിരുകി വെക്കുന്നത് കാണാം..പിന്നെ പല തവണയായി വന്ന് എടുത്തു
കൊണ്ടു പോവുകയും ചെയ്യും..കൂട്ടില്‍ എത്ര കുഞ്ഞുങ്ങളാവോ
കാത്തിരിക്കുന്നത്..ഇടയ്ക്കിടെ ജനലിലൂടെ ചരിഞ്ഞു നോക്കി കാക്ക ആശ്വസിപ്പിക്കും ,
കാ കാ സാരമില്ല ...അയല്‍ വീട്ടില്‍ നിന്ന്
വരുന്ന ഒരു കറുത്ത പൂച്ചയുമുണ്ട് അവനു തല്ല് കൂടാന്‍..അവന്‍ മീന്‍തലയില്‍
കൊത്തുമ്പോഴേക്കും പൂച്ച ചീറിക്കൊണ്ട് വാല്‍ വിറപ്പിക്കും..കാക്കയാവട്ടെ നിഷ്പ്രയാസം
അതിനെ പറ്റിക്കുകയും ചെയ്യും..
ഉച്ച വരെ ആ വിരുന്നുകാരെ നോക്കിയിരിക്കല്‍ തന്നെ
പ്രധാനജോലി..അവര്‍ പോയിക്കഴിഞ്ഞാല്‍ അവര്‍ ചെയ്തിരുന്ന ഓരോരോ കാര്യങ്ങള്‍
ആലോചിച്ചു കിടക്കും .എന്തൊരു ധൃതിയാണ് കാക്കയ്ക്ക് കള്ളനെപ്പോലെ ചാഞ്ഞും ചരിഞ്ഞും
തക്കം നോക്കിയും മാത്രം ലാണ്ടിംഗ്..ചുറ്റും ആരുമില്ലെങ്കിലും ഒരു പാട് തവണ പരിസരം
വീക്ഷിച്ചേ എടുക്കൂ എന്തും..ഇന്നാളൊരു പ്ലാസ്റ്റിക് മൂടി കൊത്തിക്കൊണ്ടുപോകുന്നത്
കണ്ടു..കുട്ടികള്‍ക്ക് പ്ലെയിറ്റ് ആക്കാനാവും..അതോര്‍ത്തപ്പോള്‍ അയാള്‍ക്ക് ചിരി
വന്നു..പൂച്ചക്കാണേല്‍ ഉറക്കമല്ലാതെ മറ്റൊരു ജോലിയുമില്ല..ജീവികളില്‍ ഏറ്റവും
ഭാഗ്യവാന്‍ ,ആരും അറുത്തു തിന്നില്ല , ഒരു പിടി വറ്റ് ആരും കൊടുക്കാതിരിക്കുകയുമില്ല..നിസ്സാരകാര്യങ്ങളില്‍
പോലും കാണാന്‍ പലതുമുണ്ടെന്ന് ഈ കിടപ്പാണ് പഠിപ്പിച്ചത് ..
ആ കാക്കയ്ക്കും പൂച്ചക്കും എന്നെക്കാള്‍ ആയുസ്സ്
കൊടുക്കണേ ദൈവമേ , മരിക്കോളം ഏകാന്തതയെ തുരത്താന്‍ മറ്റെന്താണുള്ളത്........................
ഏകാന്ത വാര്‍ദ്ധക്യത്തോളം പേടിപ്പെടുത്തുന്ന മറ്റൊന്നുമില്ല.
മറുപടിഇല്ലാതാക്കൂനല്ല കഥ.
അഭിപ്രായങ്ങൾ അറിയിക്കുന്നവർക്ക് വായിക്കുന്നവർക്ക് എല്ലാം നന്ദി
മറുപടിഇല്ലാതാക്കൂഒറ്റപ്പെടുമ്പോള് ഉള്ളിലലിവുണരുന്ന ചിന്തകളെയും,ഓര്‍മ്മകളെയും നന്നായി അവതരിപ്പിച്ചിരിക്കുന്നു.
മറുപടിഇല്ലാതാക്കൂആശംസകള്