Pages

2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

തുടര്‍ക്കഥകള്‍ {കഥ }



"ഇരുള്‍കട്ടകള്‍  ഉതിരുന്നത് ആരും അറിയുന്നില്ല .ഇത്ര വലിയ കരിക്കട്ടകള്‍ കാഴ്ചയെ മറച്ചുകൊണ്ട് മുന്നില്‍ കുമിഞ്ഞിട്ടും ആര്‍ക്കും ഒരസ്വസ്ഥതയുമില്ല .എല്ലാവരും അര്‍മാദിക്കുന്നു , തിന്നുന്നു ,കുടിക്കുന്നു , സുഖിക്കുന്നു ..അപരര്‍ ചതുപ്പുകളില്‍ വീണു മുങ്ങുന്നത് കാണുന്നുണ്ടെങ്കിലും , എല്ലാവര്‍ക്കും അറിയാം കണ്ണടക്കലാണ് കൂടുതല്‍ സുഖകരം , മിഴികള്‍ കൂമ്പി ഇരിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം ..തെരുവുകളില്‍ കുഞ്ഞുങ്ങള്‍ ജീവനോടെ കത്തുന്നു , സ്ത്രീകള്‍ മാനം നഷ്ടപ്പെട്ട് അലറിക്കരയുന്നു ......."
അയാള്‍ ഡയറിയില്‍ എഴുതിക്കൊണ്ടിരുന്നു , തൊട്ടപ്പുറത്ത് ഒരു വയസ്സനെ കുറെ പേര്‍ തല്ലിക്കൊന്നെന്ന്‍ കേട്ട മുതല്‍ ഭയം അയാളെ ഞെരിക്കുകയാണ് ,കുറെ ഭീകരരൂപികള്‍ തന്‍റെ കതകിലും മുട്ടും , ഒരു കൂറയെയെന്നോണം തന്നെയും തല്ലിക്കൊല്ലും ,എന്തിനാണ് കാരണങ്ങള്‍? തലവേദന അയാളുടെ ചെന്നിയിലേക്ക് ആണികള്‍ അടിച്ചു കയറ്റി ..അല്ലെങ്കിലേ നാട്ടിലിപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് ..തെരുവുകളില്‍ ഇറങ്ങി നടക്കാന്‍ പോലും വയ്യ , ഏതു നേരവും ഒരു നായയെപ്പോലെ കൊല്ലപ്പെടാം , ഏതു നിമിഷവും വീട് കൊള്ളയടിക്കപ്പെടാം, ഒരു ഭീകരനായി ആരും എപ്പോഴും അറസ്റ്റ് ചെയ്യപ്പെടാം ..എലാവരും ഭയത്തിന്‍റെ പല നിറത്തിലും തരത്തിലുമുള്ള വസ്ത്രങ്ങളാണ് അണിയുന്നത് , പേടിയുടെ കട്ടിയുള്ള കമ്പിളിക്കുള്ളിലാണ് ഓരോരുത്തരും പതുങ്ങിയിരിക്കുന്നത് ..
 

"ചിന്തകളുടെ നദികള്‍ ഇങ്ങനെ വൃത്തികെട്ട പല വെയിസ്റ്റുകളാല്‍ മലീമാസമാകുന്നത് ആരും കാണുന്നില്ലേ?മറ്റുള്ളവരെയെല്ലാം ശത്രുവായിക്കാണുന്ന ഈ മനുഷ്യര്‍ ഒരു മിത്രത്തെ ആരിലാണ് ദര്‍ശിക്കുക? ആളുകളെ നിഷ്കളങ്കം വിശ്വസിക്കുക എന്നത് ഒരു കെട്ടുകഥ മാത്രമായിത്തീരുമോ? ദൈവമേ! ഇതൊന്നും ആരിലും ഒരു നടുക്കവും ഉണ്ടാക്കാത്തതെന്ത്?"-
അയാളുടെ പേന മൂര്‍ച്ചയുള്ള ഒരു കത്തി പോലെ പേപ്പറില്‍ തലങ്ങും വിലങ്ങും കുത്തിക്കീറി .ചെറുപ്പത്തില്‍ അമര്‍ഷങ്ങളൊതുക്കാന്‍ കാടു പിടിച്ച കുറ്റിച്ചെടികള്‍ തുരുതുരാ  കഷ്ണിച്ചിരുന്നത് ഓര്‍ക്കുന്നു ..ഇപ്പോള്‍ തന്‍റെ രോഷങ്ങളും സങ്കടങ്ങളും എവിടെ ആരുടെ മുന്നിലാണ് നുറുക്കിയിടുക? എല്ലാവരും കണ്ണു കെട്ടിയിരിക്കുമ്പോള്‍ താന്‍ മാത്രം ജാഗ്രതയോടെ ഇരിക്കുന്നത് കൊണ്ട് എന്താണ് വിശേഷം?"
 

അങ്ങേയറ്റം വ്യസനത്തോടെ അയാള്‍ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അയാളുടെ പിന്നിലെ ഇരുളില്‍ നിന്ന് കറുത്ത കയ്യുറയുള്ള  ഒരു കൈ അയാളുടെ കണ്ണുകളെ അന്ധമാക്കിയത്..നിമിഷങ്ങള്‍ കൊണ്ടാണ് അയാളുടെ പ്രാണന്‍ വായുവിലൂടെ ഒരു പക്ഷിയായി ചിറകടിച്ചു തുടങ്ങിയത് ..കിടിലം കൊള്ളിക്കുന്ന അട്ടഹാസങ്ങളോടെ കൊലയാളി തന്‍റെ കൂട്ടാളികള്‍ക്ക് ഒപ്പം ചേരാനായി ഇരുളിലൂടെ അനായാസം ഓടി ,അയാളുടെ ചങ്ങാതിമാരാകട്ടെ, അപ്പോള്‍ അവര്‍ക്കെതിരെ സംസാരിച്ച ഒരുത്തന്‍റെ നാവ് പിഴുതെടുക്കുകയായിരുന്നു ..
 

അവര്‍ അലറി -"ഞങ്ങള്‍ അനുവദിക്കുന്നത് മാത്രം നിങ്ങള്‍ കാണുക ,കേള്‍ക്കുക ,മണക്കുക ,സംസാരിക്കുക ..എങ്കില്‍ വലിയ കുഴപ്പമില്ലാതെ ഞങ്ങളുടെ നാട്ടില്‍ നിങ്ങള്‍ക്ക് ജീവിക്കാം .അതല്ല എതിര്‍ക്കാനാണ് പുറപ്പാടെങ്കില്‍ ഓര്‍ത്തോ പിന്നെ സ്വന്തം  ഇണയെപ്പോലും ഈ ജന്മം നിങ്ങള്‍ കാണുകയില്ല ..വിവേകമുള്ളവര്‍ക്കാണ്  ഈ ഇടുങ്ങിയ വഴി ..ഈ വിശാലസ്ഥലികള്‍ വിഡ്ഢികളെ മാത്രമേ വ്യാമോഹിപ്പിക്കുകയുള്ളൂ ...."
പിറ്റേന്ന് നേരം വെളുത്തിട്ടും എല്ലായിടത്തും ഇരുളിന്‍റെ കഷ്ണങ്ങള്‍ വീണു കിടന്നു .സൂര്യനെ മറച്ച് മേഘങ്ങളുടെ കരിങ്കല്‍ഭിത്തികള്‍ ധാര്‍ഷ്ട്യത്തോടെ ചുണ്ട് കൂര്‍പ്പിച്ചു .
 

"എല്ലാ ഇരുളിനപ്പുറവും വെളിച്ചമുണ്ട് ,ഏതു സ്വേച്ഛാധിപതിയാണ് ചരിത്രത്തില്‍ അനശ്വരനായിട്ടുള്ളത്? ഏതെങ്കിലും ക്രൂരഭരണാധികാരി എന്നെങ്കിലും സ്നേഹത്തോടെ ഓര്‍മിക്കപ്പെട്ടിട്ടുണ്ടോ? "-അവര്‍ അരിഞ്ഞു കളയാന്‍ വിട്ടു പോയ ഒരെഴുത്തുകാരന്‍ കടയുന്ന നെഞ്ച് തിരുമ്മി  കീ ബോര്‍ഡില്‍ കുത്തിക്കൊണ്ടിരുന്നു ,സോഷ്യല്‍ മീഡിയയില്‍ വാര്‍ന്നു വീണ അയാളുടെ പോസ്റ്റുകള്‍ക്ക് കിട്ടിയ കൂമ്പാരക്കണക്കിന് ലൈക്കുകളും കമന്‍റുകളും ഈര്‍ഷ്യയോടെ പരിശോധിച്ചു കൊണ്ട് മറ്റൊരു മൂര്‍ച്ചയുള്ള വെടിയുണ്ട അയാളുടെ മെലിഞ്ഞ നെഞ്ചിന്‍ കൂട്ടിലേക്ക് നിര്‍വാണം പ്രാപിക്കാനായി കാത്തുകാത്തിരുന്നു .............................

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

യാനം {കഥ }

ഒടുക്കം കട്ടിലിലേറി നമ്മള്‍ യാത്രയാകുന്നു .
.മറ്റേതോ തുറന്ന വാതില്‍ തേടി നമ്മുടെ ആത്മാക്കള്‍
മറ്റൊരു  യാനം ആരംഭിക്കുന്നു ......................................................


 അസുഖത്തിന്റെ കത്രികപ്പൂട്ടില്‍ കിടക്കുമ്പോഴെല്ലാം അയാള്‍ ഒരു കാര്യവുമില്ലാതെ തന്റെ ആദ്യഭാര്യയെ ഓര്‍മിച്ചുകൊണ്ടിരുന്നു. ആരോഗ്യമില്ലാതിരുന്ന , അക്ഷരം രോഗമായിരുന്ന ഒരുത്തി .വസന്തകാലത്തെല്ലാം അങ്ങനെ പുച്ഛത്തോടെയാണ് അയാള്‍ അവളെ ഓര്‍മിച്ചിരുന്നത്..രണ്ടാമത് തനിക്ക് എല്ലാ നിലയ്ക്കും യോജിച്ച ഒരുത്തിയെ കിട്ടിയപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നു അയാള്‍ . ജീവിതം ഒരു പൊങ്ങുതടി പോലെ നീങ്ങിപ്പോകയായിരുന്നു ., ആഹ്ലാദങ്ങളുടെ കുഞ്ഞോളങ്ങളിലൂടെ, തണുതണുത്ത ജലത്തിലൂടെ ..എന്നിട്ടും അശക്തി അയാളെ കടിച്ചു പറിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാ സമയവും പരിചരിച്ചുകൊണ്ട് ഭാര്യ അടുത്തുണ്ടായിട്ടും അയാളുടെ ഹൃദയത്തിലേക്ക് യാതൊരു കാര്യവുമില്ലാതെ മിടുക്ക് കെട്ട ആ സ്ത്രീ പേര്‍ത്തും പേര്‍ത്തും കടന്നു വന്നു , വിളറിയ കണ്ണുകളാല്‍ അയാളെ ഉഴിഞ്ഞു .അവള്‍ നിശ്ശബ്ദം ചോദിച്ചുകൊണ്ടിരുന്നു

'നിലയ്ക്കാത്ത അപമാനത്തിലേക്ക് എന്തിനെന്നെ വലിച്ചെറിഞ്ഞു ?അന്ന് കല്യാണത്തിനു പകരം പഠിക്കാന്‍ പോയിരുന്നെങ്കില്‍ അതെങ്കിലും കിട്ടുമായിരുന്നു..ഇങ്ങനെ കുപ്പയിലേക്ക് വലിച്ചെറിയാനായിരുന്നെങ്കില്‍ എന്തിനായിരുന്നു മംഗല്യവാളിനാല്‍ എന്റെ കഴുത്തില്‍ അത്ര ആഴത്തിലൊരു മുറിവ് തീര്‍ത്തത് ..എന്നും ഏകാന്തതയുടെ മുള്‍മടിയില്‍ കിടന്നവള്‍ക്ക് ഒരു സ്‌നേഹത്തണല്‍ ആകുമെന്നല്ലേ കരുതിയത് .എന്നിട്ട് ,ഇങ്ങനെ നിര്‍ദയം ചവച്ചെറിയാനായിരുന്നോ? '

 അവളുടെ മൌനത്തില്‍ ഊതിക്കാച്ചിയ ചോദ്യങ്ങളാല്‍ അയാളുടെ കവിളുകള്‍ പൊള്ളി , വ്രണങ്ങള്‍ നിറഞ്ഞ വായ ചുട്ടുനീറി... ശരിയല്ലേ ? ഒന്നുമറിയാതിരുന്ന ഒരു പാവം പെണ്‍കുട്ടി , തന്റെ വീടിന്റെ ജയില്‍ നിയമങ്ങളാല്‍ പകച്ച് ,ഭയന്ന്   എന്തു ചെയ്യേണ്ടൂ എന്നറിയാതെ തന്നോട് ,പഠിക്കാന്‍ വിടണമെന്നു പറഞ്ഞ് കരഞ്ഞു നിലവിളിച്ചത് ...എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു ..മതത്തിന്റെ ഇരുമ്പുകല്ലുകളാല്‍ പണിത വീടിന്, വീട്ടുകാര്‍ക്ക് , അവളെ പുറംവെളിച്ചം കാണിക്കുന്നതിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല..കരിയും പുകയുമുണങ്ങാത്ത അടുപ്പില്‍  കണ്ണീര്‍ തുള്ളികളായി അവള്‍ വറ്റിത്തീരുന്നതായിരുന്നു അവര്‍ക്കതിലേറെ സന്തോഷം ..ആരെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല , ഓരോരുത്തരും അവരവര്‍ വളര്‍ന്നു വരുന്ന സാഹചര്യങ്ങളുടെ മാത്രം സന്തതിയാണ് ..അതിന്റെ ദൌര്‍ബല്യങ്ങള്‍ , ക്രൌര്യങ്ങള്‍ ഒന്നും അവരെ വിട്ടു പോവുകയില്ല .............

എന്നിട്ടും അവള്‍ സ്വയം പിരിഞ്ഞു പോയപ്പോള്‍ വല്ലാത്ത ആശ്വാസമായിരുന്നു . പ്രത്യേകിച്ചും ഇറച്ചിഗുണം മുന്തിയ മറ്റൊരുത്തിയെ രണ്ടാമത് ലഭിച്ചപ്പോള്‍ ..നാലു മക്കളുമൊത്ത് സുഖ സുന്ദരമായി ഇത്ര കാലം ജീവിച്ചതിനിടെ ഒരിക്കല്‍ പോലും അവള്‍ അലട്ടാനെത്തിയിരുന്നില്ല , ഒരു രേഖാചിത്രമായിപ്പോലും താനവളെ ഓര്‍മിച്ചിരുന്നില്ല ..

'സ്വപ്നം കണ്ടു ഞാനിന്നലെ , ' അവള്‍ ചെവിക്കരികെ മന്ത്രിക്കുന്നതായി അയാള്‍ക്ക് തോന്നി .. 'എത്ര  വര്‍ഷങ്ങള്‍ ........ഇരുപത് വര്‍ഷങ്ങളുടെ മലവെള്ളം നിങ്ങളുടെ മുഖം പോലും തട്ടിയെടുത്തു കൊണ്ടു പോയി ..എന്നിട്ടും കിനാവില്‍ നിങ്ങളെന്നോട് സ്‌നേഹത്തോടെ സംസാരിക്കുകയായിരുന്നു , തമാശ പറഞ്ഞു ചിരിക്കുകയായിരുന്നു ..അങ്ങനെ എത്രയെത്ര വിവാഹബന്ധങ്ങള്‍ മുറിഞ്ഞു പോകുന്നു , പരസ്പരം ഇഷ്ടമുണ്ടായിട്ടും പിരിഞ്ഞു പോകുന്നവര്‍, വീട്ടുകാരുടെ അഭീഷ്ടങ്ങള്‍ക്ക് വേണ്ടി , മുറിവുണങ്ങാതെ പടയില്‍ തോറ്റ് തിരിച്ചിറങ്ങുന്നവര്‍ ..ഒരിക്കലും സ്‌നേഹമറിയാത്തവരുടെ വ്യസനം നിങ്ങള്‍ക്കെങ്ങനെ മനസ്സിലാവാന്‍? നിങ്ങള്‍ വലിച്ചെറിഞ്ഞതോടെ രണ്ടാമത്തെ ബലിക്കല്ലിലും ഞാന്‍ തല തകരന്നവളായി..അപമാനം അതിന്റെ കല്‍പാദങ്ങളാല്‍ എന്നെ ചതച്ചരച്ചു ..വിവാഹമോചിതയുടെ നിന്ദ്യമായ വിധി ..സമൂഹത്തിന്റെ പരിഹാസം നിറഞ്ഞ ഇളികള്‍..സ്‌നേഹം മാത്രം ആശിച്ചവളെ വിധി  ഇടിച്ചു തകര്‍ത്തു..ഇപ്പോള്‍ വാര്‍ധക്യത്തിന്റെ ഉമ്മറപ്പടിയില്‍ നില്‍ക്കുമ്പോള്‍ തിരിച്ചറിയുന്നു  സ്‌നേഹം ഒരു അലങ്കാരവാക്ക് മാത്രമാണ് .അതെല്ലാവര്‍ക്കും ലഭിക്കാനുള്ളതല്ല..ഏകാന്തയാത്ര വിധിക്കപ്പെട്ടവര്‍ ആരെയും കുറ്റപ്പെടുത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല '

അയാള്‍ വിങ്ങി നീറുന്ന  വേദനയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു , എവിടെയാണ് വേദനിക്കുന്നത്? ശരീരമാണോ? ആത്മാവാണോ? താനവളോട് ചെയ്തത് അനീതിയായിരുന്നില്ലേ? നല്ലതു മാത്രം ചെയ്യുന്നവന്‍ എന്ന തന്റെ അഹങ്കാരത്തിന്റെ പത്തിയിലല്ലേ അവള്‍ ആഞ്ഞടിച്ചത്? അയാള്‍ വെറുതെ കൈ നീട്ടി ..തൊട്ടടുത്ത് തന്നെ ഒരു നിഴലായി നില്‍പ്പുണ്ടവള്‍ .

'എന്താ വേണ്ടേ? വെള്ളം വേണോ?'

അയാളുടെ ഉഴയ്ക്കല്‍ കണ്ട് ഭാര്യ ബേജാറോടെ ചോദിച്ചു . വേണം എന്നു പറയാന്‍ അയാള്‍ ആശിച്ചു ..സങ്കടത്തിന്റെ ഒരു പെരുങ്കല്ല് തൊണ്ടയെ അടച്ചു , 'ശബ്ദം നഷ്ടപ്പെടും ചിലപ്പോള്‍ ..'ഡോക്ടറുടെ വാക്കുകള്‍  തീനാളമായി ചെവിയില്‍ പതിച്ചത് അയാള്‍ ഓര്‍ത്തു ..ഭാഷ നഷ്ടപ്പെട്ട് , പകച്ച് ,കണ്ണുകള്‍ ഉരുട്ടി  അയാള്‍ എന്തൊക്കെയോ ആംഗ്യങ്ങള്‍ കാണിക്കാന്‍ തുടങ്ങി ..ഭാര്യ അയാളെ ശാന്തനാക്കാന്‍ ശ്രമിച്ചു .നാവില്‍ വെള്ളം പതുക്കെ ഇറ്റിച്ചു ,റേഡിയേഷനാല്‍ കറുത്ത് പോയ  തൊണ്ട നീരസത്തോടെ എല്ലാം നിരസിച്ചു ..അയാള്‍ പിന്നെയും കൈകള്‍ നീട്ടി , അകന്നു പോകുന്ന ആ നിഴല്‍ അയാളെ വ്യഥിതനാക്കി ..

'ഒരു കാര്യത്തില്‍ നമുക്ക് ഒരുമയുണ്ട്..'അവള്‍ വിളറിയ ചിരിയോടെ മന്ത്രിച്ചു 'രണ്ടാളും ഏതാണ്ട് ഒരേ സമയമാണ് അസ്രായീലിനെ കാണുന്നത് എന്നതില്‍ ..നിങ്ങള്‍ നാലു മാസമായി ഇങ്ങനെ കിടക്കുന്നു ..ഞാനോ ഈ രാത്രി ...അര മണിക്കൂറിന്റെ  കഠിനവേദന സഹിച്ചാണ് ആത്മാവ് ശരീരത്തിന്റെ ജയില്‍ ഭിത്തി തുരന്നത്..പണ്ടെന്റെ ഡയറി വായിച്ചു ചോദിക്കാറുണ്ടായിരുന്നില്ലേ എന്തു പ്രാന്താ നീ എഴുതിക്കൂട്ടുന്നതെന്ന് , ആ നേരം കൊണ്ട് നിനക്ക് ഹദീസും ഖുറാനും വായിച്ചൂടെ എന്ന്...'
അയാള്‍ അകന്നു പോകുന്ന ആ നിഴലിലേക്ക് കണ്ണു തുറിച്ച് കിടന്നു ..ഭാര്യ കരയാന്‍ തുടങ്ങി 'അവസാനമായേക്കണ്..സകറാത്തിന്റെ നേരായി ..' ആരൊക്കെയോ മന്ത്രിച്ചു ..

അയാള്‍ കൈകള്‍ താഴ്ത്തി കണ്ണടച്ച് അനങ്ങാതെ കിടന്നു ..നീതികേട് ചെയ്തവന് അത്രയെളുപ്പം ജയില്‍ഭിത്തി ഭേദിക്കാനാവില്ല..കണ്ണുകള്‍ നിറഞ്ഞു വരുന്നത് അയാള്‍ അറിഞ്ഞു ..

പിറ്റേന്ന് ഉറങ്ങാതെ അയാള്‍ക്കരികിലിരിക്കുന്ന ഭാര്യ അയാള്‍ തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു ചോദിച്ചു .. 'എന്തായിരുന്നു ഇന്നലത്തെ പരാക്രമം ..നല്ല വേദനണ്ടാരുന്നോ?' അയാള്‍ ഒന്നും മിണ്ടിയില്ല ..അനുഭവിച്ച ആനന്ദങ്ങളെല്ലാം ഈ നിമിഷങ്ങളുടെ വ്യസനങ്ങളിലേക്ക് ഒളിച്ചുപോയെന്ന്  അയാള്‍ക്ക് തോന്നി ..അയാള്‍ എന്തോ പറയാനായി വിക്കി ..

'മക്കളാണോ? ഇന്നെത്തും ' അയാള്‍ അതാവും ചോദിച്ചതെന്ന ഉറപ്പോടെ ഭാര്യ ഉറക്കെ പറഞ്ഞു ..

ആരെയാണ് ഇപ്പോള്‍ ശരിക്കും കാണാനാശിക്കുന്നത്? ശൂന്യമായ മനസ്സിലേക്ക് അയാള്‍ തുറിച്ചു നോക്കി ..അതിന്റെ ശുഭ്രത അയാളെ വിഷണ്ണനാക്കി ..ഒന്നുമില്ലെന്നോ ?ഇക്കണ്ട കാലമൊക്കെ ജീവിച്ചിട്ട് ഈ അവസാനനിമിഷം ഏറ്റം പ്രിയത്തോടെ കാണാനാഗ്രഹിക്കുന്ന ആരുമില്ലെന്നോ?

അയാള്‍ വീണ്ടും ഭാര്യയെ നോക്കി ..അവള്‍ കണ്ണും മൂക്കുമൊന്നുമില്ലാത്ത കടലാസുമുഖമായതായി അയാള്‍ക്കു തോന്നി ..അയാളുടെ കണ്ണുകള്‍ മേലേക്ക് മറിയാന്‍ തുടങ്ങി ..ചുറ്റും കടലാസുമുഖങ്ങള്‍ നിറയുന്നു ..വെളുത്ത അവസാനിക്കാത്ത മുഖങ്ങള്‍ ..ഒപ്പം നിഷ്‌കളങ്കതയുടെ പൊട്ടത്തരം നിറഞ്ഞ ആ വിളറിയ മുഖവും ...

അയാള്‍ എന്തോ പറയാനാഞ്ഞു ..ഭാഷയടഞ്ഞു പോയ തൊണ്ട ഗ്ലം എന്നൊരു ഭീതിതമായ ശബ്ദം മാത്രം പുറപ്പെടുവിച്ചു ..മടുപ്പിന്റെ മഞ്ഞദ്രാവകം അയാളുടെ ചിറിക്കോണിലൂടെ ഒലിച്ചു ..മങ്ങിയ കണ്ണീര്‍ ചെവിയിലേക്ക് ഒലിച്ചിറങ്ങി ..

ഒരു യാത്രയുടെ വാതായനങ്ങള്‍ അടഞ്ഞു ..മറ്റൊന്ന് എവിടെയോ നിശ്ശബ്ദം  തുറന്നു ..................   


അസ്രായീല്‍ -മരണമാലാഖ
സകറാത്ത് -മരണവേദന