എന്തു ചെയ്യുമ്പോഴും അതിന്‍റെ പരിണതി ഒരു സിനിമ
പോലെ മുന്നില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍
എത്രയോ അബദ്ധങ്ങളില്‍ നിന്ന് , ദുഃഖങ്ങളില്‍ നിന്ന് മനുഷ്യന്
രക്ഷപ്പെടാമായിരുന്നു ..ഹിള്റ് നബിയുടെ കഴിവ് എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍!
അയാള്‍ വ്യസനത്തോടെ ഓര്‍ത്തു.പണ്ട് മദ്രസയില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച
കഥയായിരുന്നു അത്. കപ്പല്‍ ഓട്ടയാക്കിയപ്പോഴും യാതൊരു കാരണവുമില്ലാതെ ഒരു ബാലനെ
കൊന്നു കളഞ്ഞപ്പോഴും ആതിഥ്യമര്യാദ ഏതുമില്ലാത്തവരുടെ നാട്ടിലെ പൊളിഞ്ഞു വീഴാറായ
മതില്‍ നന്നാക്കിക്കൊടുത്തപ്പോഴും അദ്ദേഹത്തില്‍ നിന്ന് ജ്ഞാനസമ്പാദനത്തിനു പോയ
മൂസാ നബിക്ക് ഒട്ടും ക്ഷമിക്കാനായില്ല. എന്ത് കണ്ടാലും ചോദ്യം ചെയ്യില്ല എന്ന
വാഗ്ദാനം മറന്ന് മൂസാ അപ്പോഴെല്ലാം ഒച്ചയെടുത്തു , ചൊടിച്ചു..ഒടുക്കം ഓരോന്നിന്‍റെയും
പൊരുളറിഞ്ഞപ്പോഴാണ് മൂസാ ശാന്തനായത് , വീണ്ടും അനുഗമിക്കാന്‍ അനുമതി ചോദിച്ച്
നിരാശനായത്..ഭാവിജ്ഞാനം- അത് തന്നെയാണ് പാണ്ഡിത്യത്തിന്‍റെ ഉത്തുംഗപദവി..അതറിയുന്ന
ഒരാള്‍ ചിരകാലവാസിയായി ഈ ഭൂമിയില്‍ ഉണ്ടായിരുന്നെങ്കില്‍! റബ്ബേ! എന്തെല്ലാം
ആപത്തുകള്‍ ഒഴിഞ്ഞു പോയേനെ ..ലോകം എത്ര മേല്‍ സത്യം നിറഞ്ഞതായേനെ..
പത്മനാഭന്‍ നായരുടെ ഒരു ഇ മെയിലാണ് നിസാര്‍ മാഷെ
ഓര്‍മകളുടെ കടലിലേക്ക് പിന്നെയും വലിച്ചെറിഞ്ഞത്..തിരകളില്‍ ആടിയും ഉലഞ്ഞും
പൊങ്ങിയും താണും അയാള്‍ക്ക് ശ്വാസം മുട്ടി..ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് –അത്
മറ്റൊരു കാലമായിരുന്നു ..ചിലര്‍ ഒരൊറ്റ ജന്മത്തില്‍ അനവധി ജന്മങ്ങള്‍ അനുഭവിച്ചു തീര്‍ക്കും
..ഇരുപത്തഞ്ചാം വയസ്സില്‍ നേടിയെടുത്ത വാധ്യാര്‍ ജോലി ഒട്ടൊന്നുമല്ല
ആനന്ദമേകിയത്..പ്രാരബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ ഓരോന്നായി അഴിച്ചു കുടഞ്ഞു
പരിഹരിക്കുമ്പോള്‍ ആശ്വാസത്തോടെ ഓര്‍ത്തു , കുട്ടികള്‍ക്ക് താനെന്നും നല്ലൊരു
അധ്യാപകനായിരിക്കും. അവരെ അങ്ങേയറ്റം സ്നേഹിക്കുന്ന , വേണ്ടാത്തത് കാണുമ്പോള്‍
ശാസിക്കുന്ന ..അഞ്ചു മാസങ്ങളെന്നോണം അഞ്ചു വര്‍ഷങ്ങള്‍ പൊഴിഞ്ഞത് അറിഞ്ഞത്
തന്നെയില്ല ..അതിനിടെ കല്യാണം , മകള്‍ ..അവള്‍ക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ആ
പത്രവാര്‍ത്ത –എന്നും കാണുന്ന അനേകം വാര്‍ത്തകളില്‍ ഒന്ന്-വെറും പതിനാലു വയസ്സുള്ള
പെണ്‍കുട്ടിയെ കൂട്ടുകാരന്‍ ചതിച്ച് പലര്‍ക്കായി കാഴ്ച വച്ച കഥ ..കളിച്ചു
നടക്കുന്ന മകളെ ആശങ്കയോടെ നോക്കി ..തനിക്കായിരുന്നു ഈ അനുഭവമെങ്കില്‍! പടച്ചോനേ!
അന്ന് ഒമ്പതിലും പത്തിലും ക്ലാസ്സെടുത്തില്ല ,
ഉപദേശപ്പെരുമഴയായിരുന്നു..നമ്മള്‍ ചുറ്റും കാണുന്ന പെണ്‍കുട്ടികള്‍ , സ്ത്രീകള്‍
എല്ലാവരോടും മാന്യമായ് പെരുമാറേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഒരു പ്രസംഗം തന്നെ
നടത്തി..പലപ്പോഴും വാക്കുകള്‍ ഇടറി , സങ്കടം അവയെ ചിതറിച്ചു ..ശാസനകള്‍
വെറുക്കുന്ന തെറിച്ച കൌമാരങ്ങള്‍ കളിയാക്കല്‍ കമന്‍റുകള്‍ പതുക്കെ എറിയുന്നത് അവഗണിച്ചു
–അമ്പതു കുട്ടികളില്‍ അഞ്ചു പേര്‍ തന്‍റെ വാക്കുകള്‍ ഉള്‍ക്കൊണ്ടാല്‍ അത്രയും
ഭാഗ്യം ..
വര്‍ഷം ഒന്ന്‍ പിന്നെയും പിടഞ്ഞു വീണപ്പോഴാണ്
മറ്റൊരു ജന്മത്തിലേക്ക് ഇടിച്ചു തെറിപ്പിച്ച ആ സംഭവം ഉണ്ടായത്..ദൃശ്യ അന്ന്
എട്ടിലായിരുന്നു. അത്യാവശ്യം പഠിക്കുന്ന കുട്ടി , നല്ല ഫാമിലി സെറ്റ് അപ്പ്,
ഒരേയൊരു മകള്‍ , അമിതമായി ലാളിക്കപ്പെടുന്നതിന്‍റെ കുറുമ്പും വാശിയും..അവളെ
കുറ്റപ്പെടുത്തുന്നതില്‍ സഹപാഠികള്‍ തന്നെ മത്സരിച്ചു..എല്ലാവരെയും പോലെ അവളെയും
സോപ്പില്‍ പതപ്പിച്ചു നിര്‍ത്താനാണ് ശ്രമിച്ചത്..ഒരു വരാല്‍ മത്സ്യത്തെ പോലെ അവളെപ്പോഴും
തെന്നി മാറി..ഉള്ളു തുറന്ന് ഒരിക്കലും ആ കുട്ടി സംസാരിച്ചില്ല..അവജ്ഞയായിരുന്നു ആ
കണ്ണുകളുടെ സ്ഥായീഭാവം..ഇത്രയേറെ സ്നേഹിക്കപ്പെട്ടിട്ടും ആ കുട്ടിയെന്താണ്
വല്ലാത്ത വെറുപ്പോടെ ചുറ്റും നോക്കുന്നത് എന്നു മാത്രം താന്‍ അതിശയിച്ചു..
ഒരു ദിവസം – രഹന പിന്നാലെ വന്ന് സാര്‍ എന്നു
വിളിച്ചു, ക്ലാസ്സിലേക്ക് ധൃതിയില്‍ നടക്കുകയായിരുന്നു,
“സാര്‍ എനിക്കൊരു കാര്യം പറയാനുണ്ട് ..”
“വേഗം പറ രഹനാ എനിക്ക് ക്ലാസ് ഉണ്ട് ..”
സാര്‍ , ഇന്നലെ ഞാനും ദൃശ്യയും കൂടി വീട്ടിലേക്ക്
പോവുമ്പോ ഇടവഴിയില്‍ വെച്ച് ഒരാള്‍ അവളോട് വഴക്ക് കൂടി , അവളുടെ മുടി പിടിച്ചു
വലിക്കേം എന്തൊക്കെയോ ദേഷ്യപ്പെട്ട് പറയേം ചെയ്തു..ഞാന്‍ പറഞ്ഞെന്നു സാര്‍ അവളോട്
പറയല്ലേ , അവളെന്നെ കൊല്ലും ..
ഉച്ചക്ക് ദൃശ്യയെ സ്റ്റാഫ് റൂമിലേക്ക്
വിളിപ്പിച്ചു , ലെഷര്‍ ആണ് , എല്ലാവരുടെ ഇടയില്‍ വച്ചു ചോദിച്ചാല്‍ ആ കുട്ടി
ചിലപ്പോള്‍ കൊപിച്ചേക്കും..പക്ഷെ –തന്‍റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട്
അവളുടെ ഹൃദയവാതിലുകള്‍ കൊട്ടിയടഞ്ഞു തന്നെ കിടന്നു..അവസാന അടവായി താന്‍ പറഞ്ഞു –
“നോക്ക് ദൃശ്യാ നീ സത്യം പറയുന്നില്ലെങ്കില്‍
എനിക്ക് തന്‍റെ വീട്ടില്‍ അറിയിക്കേണ്ടി വരും “
അവള്‍ തീ പാറുന്ന കണ്ണുകളോടെ ചീറി – “രഹനയല്ലേ
ഇതിനൊക്കെ കാരണം , അവള്‍ക്ക് ഞാന്‍ കൊടുത്തോളാം , നല്ല എട്ടിന്‍റെ പണി ..”
അന്ന് ദൃശ്യ കേള്‍ക്കാന്‍ വേണ്ടി തന്നെയാണ്
ഉപദേശഭാണ്ഡം വീണ്ടും തുറന്നത് . വീട്ടുകാര്‍ നിങ്ങളെ എത്ര
സ്നേഹിക്കുന്നുണ്ടെന്നും, എത്ര കഷ്ടപ്പെട്ടാണ് അവര്‍ നിങ്ങളെ വളര്‍ത്തുന്നതെന്നും നിങ്ങളുടെ ആദ്യ ഡ്യൂട്ടി പഠിക്കയാണെന്നും
അല്ലാതെ കണ്ട പയ്യന്മാരെ പ്രേമിച്ചു വിലസലല്ലെന്നും ..ഭീകരമായ വഞ്ചനകളുടെ
പത്രകട്ടിംഗുകള്‍ അവര്‍ക്ക് മുന്നില്‍ നിരത്തി ..പക്ഷെ – ആ ദിനം എല്ലാറ്റിന്‍റെയും
അവസാനബെല്‍ ആയിരുന്നു..പിന്നെ ചിതറിത്തെറിച്ചത് ദുരിതമയമായ മറ്റൊരു
കാലത്തിലേക്കാണ്..ജയില്‍ , കോടതി , വക്കീല്‍ ...ഞരമ്പ് മുറിച്ച് അവശയായ
ദൃശ്യയെക്കുറിച്ച് രാത്രി സഹദേവന്‍ സാറാണ് ഫോണ്‍ ചെയ്തത്..അപ്പോള്‍ തന്നെ
പുറപ്പെടാന്‍ ഒരുങ്ങിയ തന്നെ തടഞ്ഞത് ,
ഇപ്പോ വരണ്ട മാഷെ , ഞങ്ങളെത്തന്നെ അവളുടെ
കൂട്ടക്കാര്‍ കൊന്നില്ല എന്നേയുള്ളൂ , നിങ്ങള്‍ക്കും രഹനക്കും എതിരെയാ മരണമൊഴി ..
ഞെട്ടിപ്പോയി , താനെന്തു തെറ്റ് ചെയ്തു? ആ കുട്ടി
നന്നാവണമെന്ന് കരുതി ശാസിച്ചതോ? കുട്ടികളുടെ കാലമാണ് , അവരാണ് വീടുകളില്‍ ഭരണം ,
വയസ്സായവര്‍ പോലും അവര്‍ക്ക് താഴെയേ വരൂ , അടിച്ചാല്‍ ശാരീരിക പീഡനമാണ്, ശകാരിച്ചാല്‍
മാനസിക പീഡനമാണ്..
ഏകാന്തതയുടെ അഞ്ചു വര്‍ഷങ്ങള്‍ ..ഭാര്യ
ഇടയ്ക്കിടെ കരഞ്ഞു നിലവിളിച്ചു കാണാന്‍ വന്നു , നിസ്സംഗതയോടെ അവളെ തുറിച്ചു നോക്കി
, ഉപ്പച്ചീ എന്ന് വിളിച്ച് മകള്‍ അഴികള്‍ക്കിടയിലൂടെ
കുഞ്ഞുവിരലുകള്‍ കടത്താന്‍ ശ്രമിക്കും ..ശിക്ഷാകാലാവധി കഴിഞ്ഞു
തിരിച്ചെത്തിയപ്പോള്‍ അടച്ചിട്ട വീട് മാത്രം തന്നെ സ്വീകരിക്കാന്‍ കാത്തിരുന്നു ..”ജയിലില്‍
പോയ ഒരുത്തനെ നിക്ക് മരോനായി വാണ്ട..” അവളുടെ ഉപ്പ കാര്യം ഒഴിവാക്കിത്തരാന്‍
ആവശ്യപ്പെട്ടുകൊണ്ട് അയച്ച ദൂതന്‍റെ അടുത്ത് പറഞ്ഞയച്ചിരുന്നു ..പാവം രഹന , കേസും
കൂട്ടവും ആ കുട്ടിയുടെ സമനില തെറ്റിച്ചു. ഒന്നു പോയി അന്വേഷിക്കണം
എന്നുണ്ടായിരുന്നു , ധൈര്യമുണ്ടായില്ല . അവളുടെ വീട്ടുകാരും ഒരു പക്ഷെ തന്നെ മറ്റൊരു
ജയില്‍ ജീവിതത്തിലേക്ക് തള്ളിയിട്ടേക്കും . പേടിയായിരുന്നു , എല്ലാറ്റിനെയും
..മനുഷ്യന്‍ എന്ന വാക്ക് പോലും എന്തു മാത്രം ഭയാനകമാണെന്ന് , നീതി എന്ന ഒന്ന്
ഇല്ലെന്ന്, സത്യം എന്നേ തൂങ്ങി ചത്തു പോയെന്ന്‍ മനസ്സ് ഉരുവിട്ടു
കൊണ്ടിരുന്നു..ആരോടും മിണ്ടാത്ത ഒന്നു ചിരിക്ക പോലും ചെയ്യാത്ത നിസാര്‍ മാഷ്
അങ്ങനെയാണ് ജനിച്ചത്. നഷ്ടപ്പെട്ട ജോലി തിരിച്ചു പിടിക്കാന്‍ പോലും ശ്രമിക്കാതെ
കൃഷിയും കൂലിപ്പണിയുമായി നാളുകള്‍ പൊടിഞ്ഞു തീരുന്നു .ഭാഗ്യം! ആ കുട്ടി
പീഡിപ്പിച്ചു എന്നൊന്നും മൊഴി കൊടുത്തില്ലല്ലോ ..അങ്ങനെയും കുറെ സംഭവങ്ങള്‍
ഉണ്ടാകുന്നുണ്ടല്ലോ ..മിഥ്യാരോപണങ്ങളാല്‍ കൂട്ടില്‍ അടയ്ക്കപ്പെടുന്നവര്‍ ..
പത്മനാഭന്‍ നായര്‍ എഴുതിയിരുന്നു –“പ്രിയനിസാര്‍ മാഷ്
,നിങ്ങള്‍ ഇവിടെ വരെ ഒന്നു വരണം , ഒന്നിനുമല്ല , എന്‍റെ ഭാര്യക്ക് നിങ്ങളെയൊന്നു
കാണണം , ആ കയ്യില്‍ പിടിച്ച് അവള്‍ക്ക് മാപ്പ് ചോദിക്കണം ..പ്രായമായി ,നിങ്ങളെ
തേടി കണ്ടുപിടിക്കാനൊന്നും ത്രാണിയില്ല..മോളുടെ സ്കൂള്‍ ഡയറിയില്‍ നിന്നാണ് ഈ ഇ
മെയില്‍ ഐ ഡി കിട്ടിയത്. ഇത് ആക്ടീവ് ആവും എന്ന് കരുതുന്നു ,മാഷെ , ഇത് വായിച്ച്
നിങ്ങളെന്നെ ശപിക്കരുത്, വെറുക്കരുത്..കുറെ മുമ്പ് , അടച്ചിട്ട എന്‍റെ മോളുടെ
മുറിയില്‍ നിന്ന് ഓരോന്ന് പരതുന്നതിനിടെ അവളുടെ ഒരു ഡയറി കിട്ടി .അതില്‍ നിന്നാണ്
കാര്യങ്ങള്‍ എനിക്ക് മനസ്സിലായത്..അന്ന്
പക മൂടിയ മനസ്സിന് സത്യം അറിയാനുള്ള ആഗ്രഹം ഉണ്ടായിരുന്നില്ല ..അവളുടെ
കുറിപ്പുകളില്‍ നിന്ന് അവള്‍ പ്രണവ് എന്നൊരു പയ്യനുമായി സ്നേഹത്തില്‍ ആയിരുന്നുവെന്ന്,
അവന്‍ അവളെ മയക്കുമരുന്നിന് അടിമയാക്കിക്കൊണ്ടിരിക്കയാണെന്ന്, അവനോടൊത്ത് പല സ്ഥലങ്ങള്‍
അവള്‍ കറങ്ങിയിട്ടുണ്ടെന്ന്, അവള്‍ക്ക് സ്വന്തമായി ഒരു മൊബൈല്‍ ഉണ്ടെന്ന്...ഞങ്ങള്‍
അറിയാത്ത ഒരു പാട് രഹസ്യങ്ങള്‍ ഞങ്ങളുടെ കൊച്ചിനുണ്ടായിരുന്നു..നിങ്ങളെക്കുറിച്ച്
അവള്‍ എഴുതിയത് ഞാന്‍ അതേപടി അയക്കുകയാണ് ,നിങ്ങളെ വിഷമിപ്പിക്കാനല്ല ,
വൈകിയാണെങ്കിലും ഞാനെന്‍റെ മകളെ മനസ്സിലാക്കി എന്നറിയിക്കാന്‍ ..
“ഓഗസ്റ്റ് –നാല് –ഈവനിംഗ് ..
ഇന്ന് – നിസാര്‍ മാഷിന്‍റെ വക ഒരു ഫയറിംഗ്
ഉണ്ടായിരുന്നു. ഐ ഹെയ്റ്റ് ദാറ്റ് ഫെല്ലോ..വല്യൊരു ഉപദേശി! ലോകം മുഴുവന്‍
ഉപദേശിച്ചു നേരാക്കാം എന്നു കരുതുന്ന ഒരു വിഡ്ഢിയാണയാള്‍..എല്ലാറ്റിനും കാരണം
രഹനയാണ് , അവള്‍ക്ക് ഞാന്‍ കൊടുത്തോളാം . അയാളുടെ പ്രഭാഷണം മുഴുവന്‍
എനിക്കിട്ടായിരുന്നു. പ്രണവിന്‍റെ കാര്യം വീട്ടില്‍ പറയുമെന്നാണ് അയാളുടെ ഭീഷണി.
അതെങ്ങാനും സംഭവിച്ചാല്‍ പിന്നെ അയാള്‍ക്ക് ജീവിക്കേണ്ടി വരില്ല .അതിനുള്ള
പണിയൊക്കെ എനിക്കറിയാം ..
രാത്രി –
പ്രണവിനെ എത്ര വിളിച്ചിട്ടും കിട്ടുന്നില്ല .അവന്‍
ഭീഷണിപ്പെടുത്തിയ പോലെ പ്രവര്‍ത്തിക്കുമോ? ഈശ്വരാ! അവനെ വിശ്വസിച്ചു കൂടെ പോയതിന്,
ഒരു ദിവസം ആസ്വദിച്ചതിന്, അവന്‍ എന്തിനാണ് എന്നെ ശിക്ഷിക്കുന്നത്..പ്രണവ് , ആര്‍
യു എ ചീറ്റ്?
രാത്രി –
ഒരു മണിയായി , ഉറക്കം വരുന്നില്ല , പേടി വയറിലൂടെ
കത്തിക്കൊണ്ടിരിക്കുന്നു ..ഹൊ എനിക്കിനി സഹിക്കാനാവില്ല ..ഞാന്‍ ഒരു ചീത്ത
കുട്ടിയായി ..പപ്പാ , മമ്മീ എന്നോട് ക്ഷമിക്കൂ ........................”
മാഷെ , അന്ന് പോലീസ് തിരച്ചിലില്‍ ഈ ഡയറി കണ്ടു കിട്ടാതിരുന്നത്
നിങ്ങളുടെ ഭാഗ്യദോഷം കൊണ്ടു മാത്രമായിരിക്കാം ..ഗുരുശാപം തലയില്‍ ഏറ്റാനാണോ എന്‍റെ
മകള്‍ നിങ്ങള്‍ക്കെതിരെ മൊഴി കൊടുത്തത് ..ഇപ്പഴത്തെ കുട്ടികള്‍ പക കൂടിയവരാണോ മാഷെ
, അവരെ നമുക്ക് ഒരിക്കലും മനസ്സിലാവില്ലേ? മാപ്പ് , നിങ്ങള്‍ അനുഭവിച്ച വേദനകള്‍ക്ക്
ആ വാക്ക് ഒരു പരിഹാരമല്ല എന്നറിയാം. എന്‍റെ മോളെ വെറുക്കരുത് ..
സ്നേഹത്തോടെ –പത്മനാഭന്‍ നായര്‍ ..
ഹിള്റ് ഇന്നുണ്ടായിരുന്നെങ്കില്‍ ഭൂമിയില്‍
ആരൊക്കെ ബാക്കി കാണുമായിരുന്നു? ഭാവിയില്‍ അധര്‍മിയാകാന്‍ പോകുന്ന ബാലനെ മുളയിലേ
നുള്ളിക്കളഞ്ഞ പോലെ അനേകം പെണ്‍കുട്ടികളെ നശിപ്പിച്ച പ്രണവിനെപ്പോലുള്ളവരെ അദ്ദേഹം
പിറന്നതും കഴുത്തു ഞെരിച്ചു കൊല്ലുമായിരുന്നില്ലേ?
പോകണോ ,പത്മനാഭന്‍ നായരെ കാണാന്‍? വേണ്ട ,
ഇനിയിപ്പോ അയാളെ കണ്ടിട്ട് എന്താണ് വിശേഷം? നഷ്ടമായതെല്ലാം തിരിച്ചു കിട്ടുമോ?
നിസാര്‍ മാഷ് എന്ന ഒരാള്‍ ഉണ്ടായിരുന്നില്ല ..അതെല്ലാം ഏതോ സിനിമയിലെ ഫ്ലാഷ്
ബാക്കുകള്‍ മാത്രമായിരുന്നു .അയാള്‍ കമ്പ്യൂട്ടര്‍ ഷട്ട് ഡൌന്‍ ചെയ്തു .പിന്നെ
പത്രത്താളിലേക്ക് കണ്ണ് പൂഴ്ത്തി ..ഏകാന്തത അതിന്‍റെ ഭീമന്‍ കൈകളാല്‍ അയാളെ
ഞെരിച്ചു ..ദുഃഖങ്ങള്‍ അനുഭവിക്കുന്നത് കൊണ്ട് ഒരാള്‍ക്ക് എന്തെങ്കിലും ശ്രേഷ്ടത
ലഭിക്കുന്നുണ്ടോ? സന്തോഷങ്ങളാല്‍ അനുഗ്രഹിക്കപ്പെടുന്നവന് മഹത്വം കൂടുന്നുണ്ടോ? എന്താണ്
ഇതിന്‍റെയെല്ലാം പൊരുള്‍? വളഞ്ഞു കുത്തിയ ഒരു ചോദ്യത്തെ അയാളുടെ ഉള്ളില്‍ മേയാന്‍
വിട്ട് ഏകാന്തത പതിവുപോലെ അയാളുടെ ചുമലില്‍ തല കീഴായി കിടന്ന് നിസ്സംഗം
പുഞ്ചിരിച്ചു ...
ശരീഫ മണ്ണിശ്ശേരി ...........
*ഹിള്റ് –ഖുറാനില്‍ പരാമര്‍ശിക്കപ്പെട്ട ഒരു
ജ്ഞാനി