Pages

2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

സ്നേഹത്തോടെ അച്ഛന്(കഥ)







പ്രിയപ്പെട്ട അച്ഛാ,

കത്തുകള്‍ ഔട്ട്‌ ഓഫ് ഫാഷനായ കാലത്ത് ഇത്രയും സുദീര്‍ഘമായ ഒരു മെയില്‍ അയച്ച് അച്ഛന്‍റെ വിലപ്പെട്ട സമയം അപഹരിച്ചതിന് ആദ്യമേ ക്ഷമ ചോദിക്കട്ടെ..പതിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛന്‍  ഇതു പോലെ പേപ്പറുകളില്‍ നിറഞ്ഞിരുന്നു എന്ന് പലരും പറഞ്ഞു എനിക്കറിയാം..അന്ന് തിരിച്ചറിവില്ലല്ലോ. ഇന്ന് –അതേ വാര്‍ത്തകള്‍ ചാനലുകളിലും പത്രങ്ങളിലും ചോക്ലേറ്റുകളായി വിറ്റഴിയുമ്പോള്‍ സങ്കടത്തിന്‍റെയും അപമാനത്തിന്റെയും കനലുകള്‍ തൊണ്ട പൊള്ളിച്ച് വയറിനെ എരിച്ച് ..ഇതിന്‍റെ പേ രിലായിരുന്നല്ലേ പണ്ട് അമ്മ അച്ഛനുമായി വഴക്കിട്ടിരുന്നത്..തമ്മില്‍ തെറ്റി കുറെ നാള്‍ അമ്മ വീട്ടില്‍ പോയി നിന്നിരുന്നത് .അച്ഛന്‍ ഞങ്ങളെ നിര്‍ബന്ധിച്ചു ബോര്‍ഡിംഗിലയച്ചത്.    ദയവായി ഈ മെയില്‍ വായിക്കാനായി പി എയെ ഏല്‍പ്പിക്കരുത്..അരിശത്തോടെ ഡിലീറ്റ് ചെയ്യരുത്..

അച്ഛാ .പണ്ടേ ഞാനൊരമ്മക്കുട്ടിയായിരുന്നു. അച്ഛനില്‍ നിന്നൊരകലം എന്തുകൊണ്ടോ അദൃശ്യമായി നിലനിന്നിരുന്നു ചെറുപ്പത്തില്‍ ഞാന്‍ വിസ്മയിക്കാറുണ്ടായിരുന്നു ,ചുവന്ന ബോര്‍ഡ് വച്ച കാറില്‍ അച്ഛനെങ്ങോട്ടാണീ പറക്കുന്നതെന്ന്..

അച്ഛാ ,എനിക്കൊരു സത്യമറിയണം..കോടതിയില്‍ ,പാര്‍ട്ടിക്ക് മുമ്പില്‍ ഒക്കെ അച്ഛന്‍ ഒരായിരം നുണകളുടെ  കെട്ടഴിച്ചാലും ഈ മകളോടെങ്കിലും അച്ഛന്‍ സത്യം തുറന്നു പറയണം..
പത്തറുപത് പേര്‍ വെറും പതിനഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ രണ്ടു മാസത്തോളം കൊണ്ടു നടന്ന് ചണ്ടിയാക്കി വലിച്ചെറിയുന്നത് എത്ര മാത്രം ഭീകരമാണെന്ന് അച്ഛാ ഈ പതിനേഴാം വയസ്സില്‍ മാത്രമാണ് എനിക്ക് ബോധ്യം വരുന്നത് ..എന്‍റെ അച്ഛന്‍ ഇത്ര വലിയൊരു ക്രിമിനലായിരുന്നോ എന്ന ചിന്തയാണ് എന്‍റെ ഉറക്കം കെടുത്തുന്നത്...എന്‍റെ പ്രിയപ്പെട്ട അച്ഛന് സ്വന്തം മകളാകാന്‍ മാത്രം പ്രായമുള്ള ഒരു കുട്ടിയോട് ഇത്രയും പൈശാചികമായി പെരുമാറാനാകുമോ?

അച്ഛാ , സത്യത്തിന്‍റെ മുഖത്തെ ഒരു സ്വര്‍ണപ്പാത്രത്തിനും അടച്ചു വെക്കാനാവില്ല..അച്ഛന്‍ ലക്ഷങ്ങള്‍ കൊടുത്ത് സ്വാധീനിച്ച മൂന്നാം പ്രതി പോലും ഇപ്പോള്‍ അച്ഛനെതിരെ സംസാരിക്കുന്നു..ആ പെണ്‍കുട്ടിയെ കശക്കിയെറിയുന്നതില്‍ അച്ഛനും മുന്നിലുണ്ടായിരുന്നു എന്ന് ഭയത്തോടെയാണെങ്കിലും വെളിപ്പെടുത്തുന്നു..അച്ഛന്‍ മയക്കിയെടുത്ത പോലീസുകാര്‍ , പാര്‍ട്ടി നേതാക്കള്‍ ,എല്ലാം അച്ഛനു വേണ്ടി ഇപ്പോഴും വക്കാലത്ത് പാടുന്നുണ്ടെങ്കിലും എന്‍റെ മനസ്സില്‍ നിന്ന് സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല..

അതുകൊണ്ട് അച്ഛന്‍ വെളിപ്പെടുത്തിയാലും ഇല്ലെങ്കിലും നേര് പുറത്തു വരും വരെ ഇനി നാട്ടിലേക്കില്ല ഞാന്‍..ഇവിടെ വല്ല ഓഫീസ് വര്‍ക്ക് ചെയ്തിട്ടാണേലും പഠനം ഞാന്‍ പൂര്‍ത്തിയാക്കും..ഇതേപോലെ പരുന്തുകള്‍ റാഞ്ചിയെടുക്കുന്ന പെണ്കുഞ്ഞുങ്ങള്‍ക്ക് ഒരു കൈത്താങ്ങാകാന്‍ ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും..

അച്ഛാ ,സ്വന്തമല്ലെങ്കിലും ഒരു മകളുടെ മാനത്തെ ഒരു ച്യൂയിംഗമായി ചവച്ചെറിഞ്ഞതിലും വലുതാണോ അച്ചന് കിട്ടുന്ന തടവുശിക്ഷ? അച്ഛനു നഷ്ടപ്പെടുന്ന സ്ഥാനമാനങ്ങള്‍..
ഇതെല്ലാം വായിച്ച് അച്ഛന്‍ അലറുന്നതെന്തെന്നു എനിക്കു കേള്‍ക്കാം – ഭ! വായടക്കെടീ ..
ഇല്ല അച്ഛാ ,കള്ളനായ അച്ഛന് നിഷ്കളങ്കയായ ഒരു മകള്‍ ജനിച്ച ആ നിമിഷത്തെ ഇനി മുതല്‍ ശപിച്ചോളൂ..നീതിയുടെ മുഖത്ത് കെട്ടിയ ആ കറുത്ത തുണി ഞാന്‍ വലിച്ചു ചീന്തുക തന്നെ ചെയ്യും ..

സ്നേഹത്തോടെ .

അപര്‍ണ

2015, ഏപ്രിൽ 8, ബുധനാഴ്‌ച

തൂലികാസൗഹൃദം(കഥ)


ഈ വയസ്സുകാലത്ത് മാധവന്‍ നായര്‍ ഫെയ്‌സ് ബുക്കിനു മുമ്പില്‍ ചടഞ്ഞിരുന്നത് തന്നെ പണ്ടെന്നോ നഷ്ടപ്പെട്ടു പോയ ഒരു തൂലികാ സുഹൃത്തിനെ തേടിയാണ്.വാരികയുടെ മൂലയില്‍ 25 കൊല്ലം മുമ്പ് പ്രത്യക്ഷപ്പെട്ട ആ പരസ്യം മാധവന്‍ നായര്‍ ഇന്നും ഓര്‍മിക്കുന്നു.

'സ്വതന്ത്ര ചിന്താഗതിക്കാരിയും എഴുത്തുകാരിയുമായ യുവതി സമാന ചിന്താഗതിക്കാരായ മാന്യന്മാരില്‍ നിന്നും സൗഹൃദം തേടുന്നു താല്പര്യമുള്ളവര്‍ ഈ അഡ്രസ്സിലേക്ക് കത്തുകളയക്കാന്‍ അപേക്ഷിക്കുന്നു.'

മാന്യമായ എഴുത്തുകള്‍ തങ്ങള്‍ക്കിടയില്‍ പറന്നുകൊണ്ടിരുന്നത് പത്തു വര്‍ഷങ്ങളാണ്.ലാന്‍ഡ് ഫോണും മൊബൈലും സാര്‍വത്രികമല്ലാതിരുന്ന കാലത്ത് നീല ഇന്‍ലന്റുകള്‍ വാക്കുകളെ ഗര്‍ഭം ധരിച്ച് ആഴ്ചകളുടെ മാത്രം ഇടവേളകളോടെ ഓടിയണഞ്ഞിരുന്നപ്പോള്‍ എത്രയായിരുന്നു ആഹ്ലാദം.ഓരോ വരിയും ഒളിപ്പിച്ച നാനാര്‍ഥങ്ങളെ ധ്യാനിച്ചും വരികള്‍ക്കിടയില്‍ വായിച്ചും ഓരോ കത്തിനും ഒരായിരം വ്യാഖ്യാനങ്ങള്‍ നല്‍കി..ഒരാഴ്ച കത്തു മുടങ്ങിയാലുള്ള മനോവിഷമം ചില്ലറയായിരുന്നില്ല.വന്നു വന്ന് താന്‍ സ്വതന്ത്ര ചിന്താഗതിക്കാരിയെ പ്രണയിച്ചു തുടങ്ങിയോ എന്നും സംശയിക്കാതിരുന്നില്ല.തന്റെ രചനകള്‍ പലതും അവള്‍ ഗൌരവപൂര്‍വം വായിക്കുകയും അതിന്റെ അവലോകനം തൊട്ടടുത്ത കത്തില്‍ തന്നെ വിശദമായി എഴുതുകയും ചെയ്തിരുന്നു.
എന്നിട്ടും ഒരു കല്യാണാലോചനയിലേക്ക് പുരോഗമിക്കാന്‍ ഏതാണ്ട് അനുകൂല സാഹചര്യങ്ങളൊക്കെ ഒത്തു വന്നപ്പോഴേക്ക് എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് പാര്‍വതീനായരുടെ എഴുത്തുകള്‍ നിലച്ചു.അഡ്രസ്സര്‍ കൈപറ്റിയില്ല എന്ന കുറിപ്പോടെ അയച്ച പല എഴുത്തുകളും തിരിച്ചു വന്നു.ആ വിഷാദത്തില്‍ നിന്നു കര കയറാന്‍ രണ്ടു മൂന്നു വര്‍ഷങ്ങളെടുത്തു.മറ്റൊരു കല്യാണം ഒരിക്കലും പ്രതീക്ഷിച്ചത്ര സന്തോഷം തന്നതുമില്ല.മനസ്സ് എന്നേ പാര്‍വതീനായര്‍ അപഹരിച്ചു കൊണ്ടു പോയിരുന്നു.

പാര്‍വതി നായര്‍ എന്നെഴുതി സെര്‍ച്ച് ചെയ്തപ്പോള്‍ അനവധി പാര്‍വതികള്‍ മോണിറ്ററില്‍ നിറഞ്ഞു.ഇതിലുണ്ടാകുമോ തന്റെ സുഹൃത്ത്?ഒരിക്കലെങ്കിലും ഒന്നു കാണാന്‍, ഒന്നു മിണ്ടാന്‍..പുറം കടയുവോളം അയാള്‍ പരതിക്കൊണ്ടിരുന്നു.ഏതാണ്ട് തന്റെ ജനനത്തീയതിയുമായി ഒക്കുന്ന ഒന്നു രണ്ടു പാര്‍വതിമാര്‍ക്ക് റിക്ക്വസ്റ്റ് അയക്കുകയും ചെയ്തു.കൃത്യം ഒരാഴ്ച കഴിഞ്ഞ്മൂന്നു പാര്‍വതിമാര്‍ തന്റെ റിക്ക്വസ്റ്റ് ആക്‌സെപ്റ്റ് ചെയ്തതായി അയാള്‍ കണ്ടെത്തി.മൂന്നിനും കണ്‍ഫേം അടിക്കുമ്പോള്‍ ഒന്നെങ്കിലും തന്റെ പഴയ പാര്‍വതിയാകണേയെന്നയാള്‍ പ്രാര്‍ഥിച്ചു. മൂന്നും സുന്ദരികളാണ്.

'മിസ്റ്റര്‍ മാധവന്‍ നായര്‍ ആര്‍ യു മൈ ഓള്‍ഡ് പെന്‍ഫ്രണ്ട്?'

ആ സന്ദേശം വായിച്ച് അയാള്‍ക്ക് ഉലകം കീഴടക്കിയ സന്തോഷമുണ്ടായി.

'പ്ലീസ് സെന്റ് മി യുവര്‍ അഡ്രസ്സ്.ഐ വാണ്ട് ടു സീ യു.ഷുവര്‍ ഐ ആം യുവര്‍ ഓള്‍ഡ് പെന്‍ഫ്രണ്ട്..'

അങ്ങനെ കുറിക്കുമ്പോള്‍ അയാള്‍ക്ക് ഉള്ളിലെവിടെയോ ഒരുറപ്പുണ്ടായിരുന്നു.ഇത് തന്റെ പാര്‍വതി തന്നെ.

പിന്നെയും രണ്ടാഴ്ച കഴിഞ്ഞ് പാര്‍വതിയെ തിരഞ്ഞ് ആ പട്ടണത്തിലേക്ക് പുറപ്പെടുമ്പോള്‍ ഫോട്ടോയിലെ സുന്ദരി അയാളെ മോഹിപ്പിച്ചു. അയാളറിയാതെ ഒരു പുഞ്ചിരി അയാളുടെ അധരങ്ങളെ തൊട്ടു തലോടി. അന്നാ കല്യാണം നടന്നിരുന്നെങ്കില്‍! വ്യസനത്തോടെ അയാള്‍ ഓര്‍മിച്ചു.അഡ്രസ്സാകട്ടെ അയാളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തുഗാന്ധി ഗ്രാമം കേട്ടിടത്തോളം അത് അശരണരുടെ കേന്ദ്രമാണ്. തന്റെ പാര്‍വതി ആരുമില്ലാത്തവളാണോ? ആര്‍ക്കറിയാം.

ദൂരേന്നേ ആ ഓറഞ്ചു കെട്ടിടം ഒരു സര്‍ക്കാര്‍ ആസ്പത്രിയുടെ സ്മരണ അയാളിലേക്ക് കുടഞ്ഞിട്ടു. മുറ്റത്ത് ചെടിപരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പല പ്രായത്തിലുള്ള സ്ത്രീകള്‍..വേറെ കുറെ പേര്‍ പച്ചക്കറി കൃഷിയിലാണ്. ആകെ ജോലികളുടെ ബഹളം..ആരോടു ചോദിക്കും? വാര്‍ഡനെന്നു തോന്നിച്ച ഗൌരവക്കാരിയായ സ്ത്രീയെ സമീപിച്ചു.

'പാര്‍വതി നായര്‍. പി.കെ?'

'പാര്‍വതി നായരുടെ ആരാ? മൂന്നാലു കൊല്ലം ദീനം പിടിച്ചു കിടന്നപ്പോ തിരിഞ്ഞു നോക്കാന്‍ കണ്ടില്ലല്ലോ ആരെയും?'

നീരസം അവരില്‍ നിന്ന് തുപ്പലായി തെറിച്ചു.

'ങാ, ആരോരുമില്ലാത്തവരാണല്ലോ ഇവിടെയെത്തുന്നത്. പിന്നെയും ആരെയെങ്കിലുമൊക്കെ പ്രതീക്ഷിക്കുന്നതേ പോഴത്തം. നിങ്ങളാരാ?'

'ഒരു അകന്ന ബന്ധുവാ, ഒന്നു കാണാന്‍ വന്നതാ. ഞാന്‍ കുറെയായി നാട്ടിലുണ്ടായിരുന്നില്ല. വന്നപ്പഴാ അവരിവിടെയാണെന്ന് അറിഞ്ഞത്.'

കണ്ണും പൂട്ടി ഒരു നുണ തട്ടി വിട്ടു.

'കൂട്ടും കുടുമ്പോം പുറന്തള്ളിയത് വന്നപ്പഴാവും അറിഞ്ഞത്. ദാ, ആ റൂമിലുണ്ട്. ഏതു നേരോം ആ കമ്പ്യൂട്ടറിന്റെ മുന്നിലാ. വയ്യാത്തോണ്ട് പണിയിലൊന്നും കൂടണ്ടാലോ. അതും ഭാഗ്യം..'

ഉത്കണ്ഠയോടെ കാലുകള്‍ ഇടറിക്കൊണ്ട് മുന്നോട്ടു നടന്നു. എന്താവും വയ്യായ്ക?

അടുത്തെത്തിയപ്പോള്‍അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ഭൂതത്തിനു പോലും ഇത്രയും വൈരൂപ്യമുണ്ടാവില്ലെന്ന് തോന്നിപ്പോയി. വസൂരിക്കലകള്‍ പോലെ മുഖം നിറയെ കറുത്തു കരിഞ്ഞ കുരുക്കള്‍. തുറിച്ച കണ്ണുകള്‍..കറുത്തു തടിച്ച ചുണ്ടുകള്‍..പക്ഷെ ആ എഴുത്തുകള്‍! അവയെത്ര മനോഹരമായിരുന്നു!

'മാധവന്‍ നായരല്ലേ?'രൂപത്തിന് അനുരൂപമല്ലാത്ത മധുരസ്വരത്തില്‍ അവര്‍ ചോദിച്ചു.

'കാത്തിരിക്കായിരുന്നു ഞാന്‍. അന്ന് കല്യാണാലോചന വന്നപ്പോള്‍ എന്റെ കത്തുകള്‍ നിന്നു പോയതെന്താണെന്ന് മനസ്സിലായില്ലേ? സഹിക്കില്ല. സൌന്ദര്യത്തെ അത്ര മേല്‍ ആരാധിക്കുന്ന ലോകത്തിന് ഈ രൂപം ഒരിക്കലും സഹിക്കില്ല.'

'അപ്പോ ഫെയ്‌സ് ബുക്കിലെ ഫോട്ടോ?'

'അതോ? വ്യാമോഹം! സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുന്നതു തന്നെ ആശകള്‍ മുറിയുമ്പോഴല്ലേ? നടക്കാതെ പോയ ഓരോ മോഹവും സ്വപ്നങ്ങളായി നമ്മെ തൊട്ടുണര്‍ത്തുന്നു.'

അവര്‍ ഊന്നുവടിയില്‍ അമര്‍ത്തിപ്പിടിച്ച് എഴുന്നേറ്റു. ഒരു ഭാഗത്തേക്ക് ചെരിയുന്ന നടത്തം. ഒരു കാലില്‍ മുടന്തുമുണ്ട്. ദൈവത്തിന്റെ സുദീര്‍ഘമായ പരിഹാസച്ചിരി വാനില്‍ നിന്നും മുഴങ്ങി.

'എന്താ ഒന്നും മിണ്ടാതെ? രൂപം കണ്ട് ഭ്രമിച്ചോ?" -'അവര്‍ സ്വയം നിന്ദിച്ചുകൊണ്ട് കിലുകിലെ ചിരിച്ചു.

'വീട്ടുകാര്‍ക്ക് വരെ വേണ്ട. പിന്നെയാണോ എന്നോ എപ്പഴോ പരിചയപ്പെട്ട ഒരു സുഹൃത്ത്. ഒരു ചായക്ക് പറയട്ടെ?'

'വേണ്ട.' -സങ്കല്പങ്ങളെല്ലാം ഉടഞ്ഞു തീര്‍ന്ന ഇച്ഛാഭംഗത്തോടെ അയാള്‍ തുടര്‍ന്നു.

"പോട്ടെ ഒരല്പം തിരക്കുണ്ട്."

അവര്‍ കുണ്ഠിതത്തോടെ അയാളെ നോക്കി. എന്തൊക്കെയോ പറയാനായി വാക്കുകള്‍ അവരുടെ ചുണ്ടുകളെ അലട്ടിക്കൊണ്ടിരുന്നു.

'ഫെയ്‌സ് ബുക്കില്‍ എന്റെ പോസ്റ്റുകള്‍  വായിക്കാറില്ലേ? കവിതകള്‍?'

'നന്നാവുന്നുണ്ട്, ഇനിയും എഴുതണം." - കടമ പോലെ വാക്കുകള്‍ ചവച്ചു തുപ്പി അയാള്‍ എഴുന്നേറ്റു.പുറത്തിറങ്ങുമ്പോള്‍ ചുംബിക്കുന്ന അസ്ഥികൂടങ്ങള്‍ മാത്രമാണ് പ്രണയിക്കുന്ന മനുഷ്യരത്രയുമെന്നൊരു അസംബന്ധചിന്ത അയാള്‍ക്കുള്ളില്‍ കണ്ണു പൊത്തിച്ചിരിച്ചു...