Pages

2019, മേയ് 3, വെള്ളിയാഴ്‌ച

ജീവിതമല്ലിത് കഥ



ഭര്‍ത്താവ് :- ഉള്ളത് പറയാലോ , മിഥ്യയില്‍ നിന്ന് നിതാന്ത
സത്യത്തിലേക്ക് എത്തിയപ്പോള്‍ മാത്രമാണ്  ഭൂമിയില്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ പലതിലും ഒളിച്ചുവെക്കപ്പെട്ട മറ്റു ചിലതു കൂടി ഉണ്ടായിരുന്നു എന്നു മനസ്സിലാവുന്നത് .ഞാനെന്തു മാത്രം നിഷ്കളങ്കനും വിഡ്ഢിയുമായിരുന്നു . ആത്മാവ് ഒരു നീലവെളിച്ചമായി മൃതശരീരത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുമ്പോഴും അവള്‍ ബോഡിയുടെ നെഞ്ചത്ത് തല തല്ലി അലമുറയിടുമ്പോഴും അറിഞ്ഞില്ല , എല്ലാം നാടകമാണെന്ന് . ഇഷ്ടപ്പെട്ട പുട്ടും കടലയും അന്ന് രാവിലെ കഴിച്ചപ്പോള്‍ വല്ല ദുസ്വാദും ഉണ്ടായിരുന്നോ? ഓര്‍ക്കുന്നില്ല .അവളുടെ ചിരിവര്‍ത്തമാനങ്ങളിലായിരുന്നു ശ്രദ്ധ. അവള്‍ അന്ന്, ആ തെളിഞ്ഞ പ്രഭാതത്തില്‍, വളരെ ഉല്ലാസവതിയായിരുന്നു. വസന്തം എങ്ങും പൂക്കളെ വാരി വിതറിയിരുന്നു .കിളികളുടെ കളകൂജനം എങ്ങും അലയടിച്ചിരുന്നു . ഹൊ! മറ്റേതു ദിനത്തേക്കാളും ഞാനാ പ്രഭാതത്തെ എന്തു മാത്രം ഓര്‍മ്മിക്കുന്നു..കുഞ്ഞുങ്ങള്‍ രണ്ടു പേരും നിലത്തിരുന്ന് കളിപ്പുണ്ടായിരുന്നു. അവരുടെ നേരെ നീട്ടിയ ഉരുളകളെ സ്നേഹപൂര്‍വ്വം പിന്മടക്കി അവള്‍ കൊഞ്ചി , “എട്ടന് ഓഫീസില്‍ പോകണ്ടേ , അവര്‍ക്കൊക്കെ ഞാന്‍ കൊടുത്തു ..” ആ ഉരുള അവര്‍ കഴിച്ചിരുന്നെങ്കില്‍! ഈ കഷ്ടപ്പാടൊന്നും അവര്‍ക്ക് അനുഭവിക്കേണ്ടിയിരുന്നില്ല..

കൈ കഴുകുമ്പോഴാണ് ഭീമമായ എന്തോ ഒന്ന് വയറില്‍ നിന്ന് ഉരുണ്ടു കയറി തൊണ്ടയെ ഞെരിച്ചത് .വലിയ ശബ്ദത്തോടെ ഛര്‍ദിച്ചപ്പോള്‍ അവള്‍ വേവലാതിയോടെ ഓടിയെത്തി , “എന്തു പറ്റി ഏട്ടാ?” പുറം തിരുമ്മുമ്പോള്‍  അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .ചുണ്ടുകള്‍ വിറച്ചിരുന്നു . “നീ വിഷമിക്കാതെടീ , അത് ഗ്യാസാവും .” ഞാന്‍ അവളെ പുറത്തു തട്ടി ആശ്വസിപ്പിച്ചു . “ഞാന്‍ കാര്‍ എടുക്കാം .ഹോസ്പിറ്റലില്‍ പോകാം ഏട്ടാ.” അവള്‍ ഡ്രൈവിംഗ് പഠിച്ചതെത്ര നന്നായെന്ന് ആ അവശതയിലും ഞാനോര്‍ത്തു . അവള്‍ എന്‍റെ അരുമയായിരുന്നു . എന്‍റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന വെള്ളപ്പൂച്ചക്കുട്ടി. എന്തു ഭംഗിയായിരുന്നു അവള്‍ക്ക് .എത്ര കുറച്ചേ ഞങ്ങള്‍ വഴക്കായിട്ടുള്ളൂ ..പക്ഷേ ഒരിക്കലും  എനിക്കവളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല..

കാറില്‍ ചാരിയിരുന്നതേ ഓര്‍മയുള്ളൂ .അറിഞ്ഞിരുന്നില്ല, എല്ലാം പൂര്‍വനിശ്ചിതങ്ങളായ തിരക്കഥകള്‍ ആണെന്ന് .ഒരു നീളന്‍ സിനിമയാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന്. ആയുസ്സിന്‍റെ നാല്പ്പതാം പടവില്‍ പോലും ഞാനെത്തിയിരുന്നില്ല . എന്‍റെ ഓമനക്കുഞ്ഞുങ്ങളെ കണ്ടു കൊതി തീര്‍ന്നിരുന്നില്ല . ലാളിച്ചു മതിവന്നിരുന്നില്ല . എന്‍റെ അച്ഛനും അമ്മയ്ക്കും ഒറ്റമകനായിരുന്നു ഞാന്‍ ..അവര്‍ക്ക് വായ്ക്കരിയിടേണ്ടവന്‍.. അമ്മേ! അച്ഛാ!

അനന്തമായ വെള്ളപ്പാളികള്‍ക്കിടയിലൂടെ പതുക്കെ ഉരസിക്കളിക്കുകയായിരുന്നു ഞാന്‍ .അപ്പോഴാണ്‌ എന്‍റെ മകന്‍ അവന്‍റെ കുഞ്ഞ്ചിറകാല്‍ എന്നെ തൊട്ടത്. വിട്ടു പോയ പിഞ്ചുശരീരം അനുഭവിച്ച തീരാവേദനകള്‍ അവന്‍റെ നനുത്ത  ആത്മാവ് ഇപ്പഴും ഓര്‍മ്മിക്കുന്നു .ഇടയ്ക്കിടെ ഞെട്ടി വിറയ്ക്കുന്നു . രണ്ടാനച്ഛന്‍റെ ഇരുമ്പുകൈകള്‍ അവന്‍റെ ദേഹത്ത് കോറി വരച്ച മുറിവുകള്‍ , ചുവന്ന തിണര്‍പ്പുകള്‍..സിഗരറ്റ് കൊണ്ട് പൊള്ളിച്ച കുമിളകള്‍ ..ഈശ്വരാ! ഞാനൊന്ന് അടിക്കപോലും ചെയ്യാതിരുന്ന എന്‍റെ കുഞ്ഞുങ്ങള്‍  വന്യമൃഗങ്ങല്‍ക്കിടയിലാണല്ലോ പെട്ടു പോയത് .അവരെ പട്ടിണിക്കിടുന്ന , അവരെ കുത്തിച്ചതയ്ക്കുന്ന കല്ലുമനുഷ്യര്‍ക്കിടയില്‍ ..എന്‍റെ ദൈവമേ ..എന്‍റെ മൂത്ത കുഞ്ഞ് ..അവനെത്ര ചെറുതായിരുന്നു , എന്നിട്ടും അവന്‍ ഒറ്റയ്ക്കാണ് കുളിച്ചിരുന്നത് ,അനിയനെ കുളിപ്പിക്കുന്നതും അപ്പിയിട്ടാല്‍ വൃത്തിയാക്കുന്നതും ഒക്കെ അവനായിരുന്നു .അവനെന്തറിയാം ..കുഞ്ഞല്ലേ അവന്‍ ..വെറും ആറു വയസ്സുള്ള  ആ കുഞ്ഞുനാളത്തെ അവരെന്തിനാണ് ഊതിക്കെടുത്തിയത്?

മകന്‍  :- ഒന്നാം ക്ലാസിലായിരുന്നു ഞാന്‍. പപ്പാ പോയ ശേഷം അത് മൂന്നാമത്തെ സ്കൂളായിരുന്നു . “ആരാ നിന്‍റെ മക്കളെ ഫീസ്‌ കൊടുത്ത് പഠിപ്പിക്കാന്‍? അവരിപ്പോ കലക്ടര്‍ ആവാന്‍ പോവല്ലേ “ എന്ന് അമ്മയോട് കലഹിച്ചാണ് അയാള്‍ എന്നെ ഗവര്‍മെന്‍റ് സ്കൂളിലേക്ക് മാറ്റിച്ചത്. ടീച്ചര്‍മാര്‍ക്കൊക്കെ എന്തിഷ്ടായിരുന്നു എന്നെ. “അവനെ കണ്ടോ, എത്ര നന്നായാ ചിത്രം വരയ്ക്കുന്നത് , എന്ത് നല്ല കുട്ടിയാ അവന്‍” എന്നൊക്കെ ടീച്ചര്‍മാര്‍ എന്നെപ്പറ്റി കുട്ടികളോട് പറയും. എപ്പോഴും ഒറ്റയ്ക്കിരിക്കുന്ന എന്നോട് ടീച്ചര്‍മാര്‍ ഇടയ്ക്കിടെ ചോദിക്കും എന്താണ് പ്രശ്നമെന്ന് . പേടിയായിരുന്നു . അയാളെപ്പറ്റി എന്തേലും ആരോടേലും പറഞ്ഞാല്‍  കൊന്നുകളയും എന്നായിരുന്നു അയാള്‍ പറഞ്ഞിരുന്നത് .അയാളെ അച്ഛാ എന്നു വിളിക്കാത്തതിന് എത്രയാ ഞങ്ങളെ തല്ലിയത്.അയാളെങ്ങനെ ഞങ്ങളുടെ പപ്പയാവും? പപ്പാ ഞങ്ങളെ ഒരിക്കലും അടിച്ചിരുന്നില്ല .ഒരിക്കലും  കുടിച്ചിരുന്നില്ല .സിഗരറ്റ് വലിച്ചിരുന്നില്ല. .എത്ര മിട്ടായിയും ബിസ്ക്കറ്റും കളിക്കോപ്പുകളും വാങ്ങിത്തന്നിരുന്നു പപ്പാ . ഇപ്പോ ഒരു ബിസ്ക്കറ്റിന്‍റെ കഷ്ണം പോലും ആരും തരുന്നില്ല .എത്ര പഴകിയ ഡ്രസ് ഇട്ടോണ്ടാ ഞാന്‍ സ്കൂളില്‍ പോയിരുന്നത് .ബാഗ് അവിടവിടെ കീറിയിരുന്നു .സിബ് വിട്ടിരുന്നു അയാളോട് എന്തേലും ആവശ്യപ്പെട്ടാല്‍ കടിച്ചു കീറാന്‍ വരും ..പാരന്റ്സ്‌ മീറ്റിങ്ങിനു എത്ര തവണ ടീച്ചര്‍ വരാന്‍ പറഞ്ഞയച്ചു .ആരോട് പറയാന്‍ .പപ്പാ പോയതോടെ ഞങ്ങളെ വേണ്ടാതായ അമ്മയോടോ? സദാ കണ്ണ്‍ ചുവപ്പിച്ച് തല്ലാന്‍ നില്‍ക്കുന്ന അയാളോടോ? ടീച്ചര്‍ പറഞ്ഞിരുന്നു ഒരൂസം വീട്ടില്‍ വരുമെന്ന് .
അമ്മ പേടി കൊണ്ടാവും ഞങ്ങളെ തല്ലി കൊല്ലാനാക്കിയാലും ഒന്നും മിണ്ടാതിരുന്നത് . ഒരു തുള്ളി കണ്ണീര്‍ പോലുമില്ലാതെ അപരിചിതരെപ്പോലെ ഞങ്ങളെ നോക്കിയത് .പപ്പാ പോയതോടെ അമ്മയ്ക്ക് എന്താവും പറ്റിയത്? ഞങ്ങളെ എന്തിഷ്ടമായിരുന്നു അമയ്ക്ക് . പപ്പാ പോയ സങ്കടമാവും അല്ലേ?

നാല് വയസ്സുള്ള വാവയ്ക്കും കിട്ടിയിരുന്നു അടിയും ഇടിയും ഒക്കെ .അവന്‍ പാവം!  അലറി നിലവിളിക്കും .ഒരൂസം ഉറക്കെ കരയുന്ന അവന്‍റെ വായിലേക്ക് അയാള്‍ ഒരു തുണിക്കഷ്ണം കുത്തിത്തിരുകിക്കൊണ്ട് ആക്രോശിച്ചു –“ഒറ്റച്ചവിട്ടിനു കൊന്നു കളയും ശവമേ..”

അവര്‍ പാതിരാക്ക് വന്നു ബെല്ലടിച്ചപ്പോ സമയം എത്രയായിരുന്നൂന്നൊരു  നിശ്ചയവുമില്ല .കസേര നിരക്കി നീക്കി കുറ്റി തുറന്നപ്പോഴേക്കും അയാള്‍ വാതില്‍ തള്ളിത്തുറന്നു .കസേരയടക്കം ഞാന്‍ മറിഞ്ഞു വീണത് ഒന്നു തിരിഞ്ഞു പോലും നോക്കാതെ അയാളും അമ്മയും ആടിയാടി റൂമിലേക്ക് നടന്നു .ഈയിടെയായി അമ്മയും കുടിക്കുന്നുണ്ട് .വീണേടത്ത് നിന്നും തട്ടിപ്പിടഞ്ഞു എഴുന്നേറ്റപ്പോഴേക്കും ഒരു തൊഴി എന്നെ ബോള്‍ കണക്കെ ചുമരിലേക്ക് അടിച്ചു തെറിപ്പിച്ചു . “ശവമേ , നിന്‍റെ അനിയനെ മൂത്രമൊഴിപ്പിച്ചേ കിടത്താവൂന്ന് എത്ര തവണ ഞാന്‍ പറഞ്ഞിട്ടുണ്ട് .അവന്‍ ബെഡ് മൂത്രത്തില്‍ മുക്കിയത് കണ്ടോ..”ഞങ്ങള്‍ സിറ്റിംഗ് റൂമില്‍ പഴയൊരു ബെഡില്‍ നിലത്തായിരുന്നു കിടക്കാറ്.അവരുടെ റൂമില്‍ ഞങ്ങള്‍ കേറാറുമില്ല..ഒരു കാരണം കിട്ടിയ സന്തോഷത്തോടെ അയാളെന്നെ നിലത്തിട്ടു ചവിട്ടി ഞെരിച്ചു . ബഹളം കേട്ടു ഉണര്‍ന്ന വാവ നിലവിളിച്ചുകൊണ്ട് അയാളെ തടുക്കാന്‍ ശ്രമിച്ചു .അയാളവനെ ദൂരേക്ക് തട്ടിയെറിഞ്ഞു .അവന്‍ ബോധം കെട്ടുകാണും .അമ്മ ഉറങ്ങുകയാണോ ? അമ്മേ അമ്മേന്ന് ഞാന്‍ പ്രാണവേദനയോടെ കരഞ്ഞിട്ടും ഒരു മറുപടിയും ഉണ്ടായില്ല .ക്രൌര്യം ചുവപ്പിച്ച കണ്ണുകളോടെ അയാള്‍ വീണ്ടും അടുത്തെത്തി .ഒരു പ്രാണിയെയെന്നോണം എന്നെ തൂക്കിയെടുത്തു. പിന്നെ ചുമരിലേക്ക് ആഞ്ഞെറിഞ്ഞു .തല പിളരുന്ന ശബ്ദമാവാം ഞാനവസാനം കേട്ടത് .ചോരയുടെ പശയുള്ള ചൂടാവണം എന്നെ തൊട്ടത്. ആ വേദനയുടെ ആഴം! അതെന്നെ ബോധക്കേടിന്‍റെ പൊട്ടക്കിണറ്റിലേക്കെറിഞ്ഞു. പിന്നെ ..പിന്നെ..

എന്‍റെ വാവയ്ക്ക് എന്തേലും പറ്റിയോ ആവോ .ഞങ്ങളന്ന്‍ ഒന്നും കഴിച്ചിരുന്നില്ല .സ്കൂള്‍ ഉണ്ടായിരുന്നേല്‍ അവിടുന്ന്‍ കിട്ടുന്നത് വാവയ്ക്കും കൊടുക്കാമായിരുന്നു .ഞങ്ങളെ ഒറ്റയ്ക്കാക്കി കറങ്ങാന്‍ പോവല്‍ അയാളുടെയും അമ്മയുടെയും പതിവായിരുന്നു . ഹോട്ടലില്‍ നിന്ന് തിന്ന് കുടിച്ച് കാലുറയ്ക്കാതെ വന്ന അവര്‍ ഒരിക്കലും ചോദിച്ചില്ല , ഞങ്ങള്‍ എന്തേലും കഴിച്ചോ എന്ന്. അടുക്കളയില്‍ ഒരു ബിസ്ക്കറ്റ് പോലും കാണില്ല .ക്ലാസില്‍ കുട്ടികളുടെ സ്നാക്ബോക്സില്‍ നിന്ന് എത്ര തവണ കട്ട് തിന്നാന്‍ തോന്നിയിട്ടുണ്ടെന്നോ .പപ്പയെ കരുതി ഞാനാ വിചാരത്തെ അമര്‍ത്തും. കക്കുന്നവര്‍ ചീത്തയാണെന്ന് പപ്പാ പറഞ്ഞിട്ടുണ്ട് .എത്ര പട്ടിണിദിനങ്ങള്‍ ..പപ്പാ ആകാശത്തു നിന്ന് ഇതെല്ലാം കാണുന്നുണ്ടാവും .എന്തിനായിരിക്കും ഞങ്ങളെ ഏതു നേരവും തല്ലുന്ന ആ ദുഷ്ടനെ അമ്മ കൂട്ടാക്കിയത്?

ഭാര്യ  :-അമ്മയുടെയും അച്ഛന്‍റെയും വഴക്കിലേക്കാണ് ഞാന്‍ പിറന്നു വീണത് .ഓര്‍മ എത്തിയതില്‍ പിന്നെ അവരുടെ കശപിശയേ കണ്ടിട്ടുള്ളൂ .ശരിക്ക് ധാരണ ഉറച്ചപ്പോഴേക്കും വിവാഹമോചനത്തിലൂടെ അവര്‍ പരസ്പരം രക്ഷപ്പെട്ടിരുന്നു .ചെറുതാവുമ്പോ ക്ലാസിലെ കുട്ടികളെപ്പോലെ സ്നേഹമുള്ള അച്ഛനെയും അമ്മയെയും എവിടുന്നെങ്കിലും കിട്ടിയെങ്കില്‍ എന്നാശിച്ചിരുന്നു .മനുഷ്യബാല്യം മാത്രം നെടുനാള്‍ മറ്റുള്ളവരുടെ ആശ്രയത്തില്‍ ആണല്ലോ .അത്  ചുടുന്ന വെയിലാണെങ്കിലും സഹിക്കതന്നെ ..നിരന്തരം തര്‍ക്കിച്ചും പോരടിച്ചും അച്ഛന്‍റെ സ്നേഹം നേടാം എന്നാവാം അമ്മ കരുതിയത് ,ഈ ഭൂമിയില്‍ സ്നേഹം എന്നൊന്നില്ലെന്ന് മനസ്സിലാവാന്‍ എത്ര കാലമെടുത്തു .ഓരോരുത്തരും മടുപ്പോടെ തങ്ങളുടെ വേഷങ്ങള്‍ ആടിത്തീര്‍ക്കുന്ന ഒരു കോമാളിനാടകം .
അമ്മ ദൂരെ ജോലിസ്ഥലത്തായതിനാല്‍ അമ്മൂമ്മയുടെ കൂടെ തറവാട്ടിലായിരുന്നു എന്‍റെ ജീവിതം .ആരോടും കൂട്ടില്ലാതെ , എല്ലാവരോടുമുള്ള പകയും വെറുപ്പും എന്‍റെ ഉള്ളിലേക്ക് തന്നെ തുപ്പിക്കൊണ്ട് ഞാന്‍ കഴിഞ്ഞു പോന്നു .ക്ലാസില്‍ ഒന്നാംസ്ഥാനക്കാരിയായിട്ടും ആരും അഭിനന്ദിക്കാന്‍ ഉണ്ടായിരുന്നില്ല .അമ്മയാകട്ടെ മറ്റൊരു വിവാഹത്തിന്‍റെ കൂടാരത്തില്‍ എത്തിപ്പെട്ടിരുന്നു .അത്രമേല്‍ ഒറ്റയ്ക്കായ ഒരു പെണ്‍കുട്ടി ..ഏകാന്തതയുടെ ചിതല്‍പുറ്റ് എനിക്ക് ചുറ്റും കൂടുതല്‍ ദൃഡമായി. ആരെങ്കിലും അതിലൊന്ന് തട്ടിയാല്‍ മതി , ഞാന്‍ പത്തി വിടര്‍ത്തി ചീറ്റാന്‍ ..പകയായിരുന്നു മനസ്സിന്‍റെ അടുപ്പില്‍ ഏതു നേരവും തിളച്ചു പൊങ്ങിയത് . ആരെയും എനിക്കിഷ്ടമായിരുന്നില്ല , ആരെയും ..

ഒരുപാട് നേര്‍ച്ചകള്‍ക്ക് ശേഷമാണ് ആദ്യകുഞ്ഞ്‌ പിറന്നത് .ഭര്‍ത്താവ് നല്ലവനായിരുന്നു .എന്നോട് രമ്യതയിലായിരുന്നു . എന്നിട്ടും ഉള്ളിന്‍റെയുള്ളില്‍ ഒരു അകല്‍ച്ച തോന്നിയിരുന്നു എപ്പോഴും . എനിക്ക് തുല്യതയുള്ള ഒരാള്‍ വേണമായിരുന്നു , പോരടിക്കാന്‍ , പകയോടെ സ്നേഹിക്കാന്‍ ..തണുത്ത ജലം പോലെയുള്ള മനുഷ്യരെ വെറുപ്പായിരുന്നു എനിക്ക് ..യാതൊരു അനക്കവുമില്ലാതെ കെട്ടിക്കിടയ്ക്കുന്ന വെള്ളം എന്തിനു കൊള്ളാം ..വെള്ളം എപ്പോഴും ഓജസ്സോടെ ഒഴുകണം ..അതാണ്‌ അതിന്‍റെ ജീവന്‍ ..പാമ്പിന്‍റെ സ്നേഹമാവാം ഞാനാശിച്ചത്, വിഷപ്പല്ല് ഉള്ളിലൊതുക്കി പ്രേമത്തോടെ ചുറ്റി വരിയുന്ന കരിമൂര്‍ഖന്‍ ..

അയാള്‍ മരിക്കുന്നതിനു മൂന്നു മാസം മുമ്പേ ഞങ്ങള്‍ എല്ലാം പ്ലാന്‍ ചെയ്തിരുന്നു . ഏട്ടന്‍റെ മധുരമുള്ള മെസേജുകളും കോളുകളും എന്നെ ശര്‍ക്കരഭരണിയില്‍ പെട്ട ഈച്ചയെപ്പോലെ ഉന്മത്തയാക്കി . സ്നേഹത്തേന്‍ എന്‍റെ ഉള്ളില്‍ ഒഴുകി നിറഞ്ഞു .മുന്നിലുള്ള പ്രതിബന്ധത്തെ ചൊല്ലിയായിരുന്നു ഏട്ടന്‍  എപ്പോഴും വഴക്കടിച്ചത് .ഹാര്‍ട്ട് അറ്റാക്ക് എന്ന മാന്ത്രികവാക്ക് എന്തു വലിയൊരു കള്ളത്തെയാണ് പൊതിഞ്ഞു പിടിച്ചത് .ഇരുള്‍ പല അസത്യങ്ങളെയും മൂടി വെക്കുമ്പോലെ...ഈശ്വരാ ..ഒന്നും വേണ്ടിയിരുന്നില്ല ..

പരസ്പരം വേദനിപ്പിക്കല്‍ ഞങ്ങള്‍ക്ക് രസമായിരുന്നു . ഞങ്ങള്‍ സാഡിസ്റ്റുകള്‍ ആയത് കൊണ്ടാണോ അത്? അങ്കക്കോഴികളെപ്പോലെ ഞങ്ങള്‍ പോരടിച്ചു . അതിനിടെ കോഴിക്കുഞ്ഞുങ്ങളെ ആര് ശ്രദ്ധിക്കാന്‍? അവയെ കൊത്തിയാട്ടാനായിരുന്നു ഏട്ടന്‍ എപ്പോഴും ശ്രമിച്ചത് . “ശല്യങ്ങള്‍ , അവരുടെ പേരില്‍ നിന്‍റെ കിഴങ്ങന്‍ ഭര്‍ത്താവ് ഇട്ടതെല്ലാം എന്‍റെ കയ്യില്‍ എത്തിയില്ലേ? ഇനിയും എന്തിനാണ് അവരെ തൂക്കി നടക്കുന്നത്? ഒന്നുകില്‍ നിന്‍റെ വീട്ടില്‍ വിട് , അല്ലേല്‍ എവിടേലും കൊണ്ട് കള..”ഏട്ടന്‍ കലി തുള്ളിക്കൊണ്ട് ഏതു നേരവും പറഞ്ഞോണ്ടിരിക്കും . കോഴിക്കുഞ്ഞുങ്ങള്‍ക്ക് കിടക്കാന്‍ അധികം സ്ഥലം വേണ്ടല്ലോ , കുറെ ഭക്ഷണവും വേണ്ട ..അതായിരുന്നു എന്‍റെ ചിന്ത .എങ്ങനേലും വളര്‍ന്നുകൊള്ളും..

അവരെ തല്ലിച്ചതച്ചാല്‍ പിന്നെ ഏട്ടനൊരു തത്വം പറച്ചിലുണ്ട് –“ഈ ലോകം അത്ര സുഖം ഒന്നും ഉള്ളതല്ല എന്നു നിന്‍റെ മക്കള്‍ മനസ്സിലാക്കണം .അങ്ങനൊരു തിരിച്ചറിവോടെ വളരണത് വളരെ നല്ലതാ .” ശരിയാവാം .അലമുറയിടുന്ന അവരെ നോക്കിക്കൊണ്ട് ഞാന്‍ ചിന്തിക്കും .രാപ്പകലെന്നില്ലാതെ മക്കളെ ഒറ്റയ്ക്കിട്ട് പോകുന്നതിനും എട്ടന് ന്യായമുണ്ട് –“നല്ല ധൈര്യത്തില് വളരാന്‍ ഇതൊക്കെ വേണം . ആദ്യമൊക്കെ ഇരുളില്‍ ആരൊക്കെയോ നില്‍പ്പുണ്ടെന്ന് തോന്നും .കഠിനമായി പേടിക്കും .പേടിച്ചു പേടിച്ചേ ആ പേടി മാറൂ . ചെറുതാവുമ്പോ അമ്മേം അച്ഛനും എത്ര തവണ എന്നെ ഒറ്റയ്ക്കാക്കിയിട്ടുണ്ട് .എന്നിട്ട് എനിക്കെന്തേലും പറ്റിയോ?  ലാഭങ്ങള്‍ മാത്രമല്ലേ മൊത്തം. നിന്‍റെ കഴുത്തില്‍ ഒരു താലി പോലും കെട്ടാതെ തന്നെ നിന്‍റെ മക്കടെ പേരിലുള്ള പണം എന്‍റെ കയ്യില്‍ എത്തിയില്ലേ? നീയറിയാത്ത ഒരു പാട് രഹസ്യങ്ങള്‍ എന്‍റെ ഉള്ളിലുണ്ട് .ആത്മഹത്യകള്‍ , കൊലകള്‍ , അതിലെല്ലാം എന്‍റെ ചരടുവലികള്‍ ..ഒന്നും നീയറിയില്ല .” അത് പറഞ്ഞയാള്‍ എന്‍റെ കഴുത്തിന് കുത്തിപ്പിടിച്ചു . കൊല്ലുകയാണെന്നാണ് ഞാന്‍ കരുതിയത് .എന്നേലും കൊല്ലപ്പെടാം എന്നതിന്‍റെ സൂചനയായിരുന്നു അത്.

എന്‍റെ മൂത്ത കുഞ്ഞ് മരിച്ചതിന് ഫെയിസ് ബുക്കും വാട്സ് ആപ്പും യു ട്യൂബുമൊക്കെ എന്തിനാണ് നിലവിളിക്കുന്നത്? എനിക്കില്ലാത്ത ദെണ്ണം അവര്‍ക്കെന്തിനാ? ചെറുപ്പത്തില്‍ അമ്മാമന്മാര്‍ എത്ര അടിച്ചു എന്നെ .അമ്മൂമ്മ എത്ര വഴക്ക് പറഞ്ഞു .ആരേലും ഉണ്ടായിരുന്നോ എനിക്ക് വേണ്ടി ന്യായം പറയാന്‍ . ഞാന്‍ പ്രസവിച്ച മക്കളില്‍ നാട്ടുകാര്‍ക്കെന്താണ് കാര്യം?

ആദ്യമൊക്കെ എന്തു സ്നേഹായിരുന്നു എട്ടന് മക്കളോട് . എപ്പഴും അവരുടെ ഫോട്ടോ എടുക്കലും എഫ് ബിയില്‍ ഇടലും ..എന്തു ഭംഗിയാ നിന്‍റെ മക്കളെന്നു മുമ്പെത്ര തവണ പറഞ്ഞിരുന്നു .ഞാന്‍ സ്നേഹിച്ച ആ മനുഷ്യന്‍ തന്നെയോ ഇത്? ആ അട്ടഹാസങ്ങള്‍ രാക്ഷസസ്വരം പോലുണ്ട് . ശരിക്കും വിശ്വസിച്ചിരുന്നു , സ്നേഹമെന്നാല്‍ അയാളാണെന്ന് . മരവിച്ചു പോയി മനസ്സ് .ഈ അനീതികള്‍ , ഈ ഭേദ്യങ്ങള്‍ , മരുഭൂപോലുള്ള ജീവിതം ..ഒന്നു കരഞ്ഞിട്ട് കാലമെത്രയായി ..ഹൊ! ദൈവമേ!

സാക്ഷി :-മൂന്നു തുണ്ടം തുണിയില്‍ പൊതിയപ്പെടാന്‍ വേണ്ടിയാണോ ആ കുഞ്ഞ് ഇത്രയും വേദനകളും യാതനകളും സഹിച്ചത്?അവന്‍റെ ബുക്കില്‍ അവന്‍ വരച്ച എത്ര ചിത്രങ്ങളാണ് .അവര്‍ക്ക് ഉമ്മ കൊടുക്കുന്ന , ചോറ് കൊടുക്കുന്ന , കുളിപ്പിക്കുന്ന അവരുടെ പപ്പയുടെ രൂപം അവന്‍റെ പെന്‍സില്‍ കുത്തി വരച്ചത് എത്ര വടിവിലാണ് . . .പിന്നെ പപ്പയോടൊപ്പം നില്‍ക്കുന്ന ,പഴകിത്തുടങ്ങിയ കുറെ ഫോട്ടോകള്‍ .പിറന്നാളിന് കേക്ക് മുറിക്കുന്നത് , ടൂര്‍ പോകുന്നത് ,ചോറൂണിന് എടുത്തത് ,എഴുത്തിനിരുത്തിയതിന്‍റെ തിളങ്ങുന്ന ഓര്‍മകള്‍ ..സന്തോഷത്തിളക്കം മാത്രമായിരുന്നു ആ ചിത്രങ്ങള്‍ .
മറ്റൊരു കുഞ്ഞ്പുസ്തകം കണ്ണീരാല്‍ നനഞ്ഞതായിരുന്നു .ദിവസവും കിട്ടുന്ന അടിയുടെയും ഇടിയുടെയും നീതികേടുകളുടെയും കണക്കുകള്‍ അവന് അറിയാവുന്ന അക്ഷരങ്ങളില്‍ എഴുതി വച്ചിരുന്നു .ഒന്നാം ക്ലാസുകാരനായ ,പ്രതിഭാശാലിയായ ആ  കുഞ്ഞ് ഒറ്റനിമിഷം കൊണ്ടാണ് ആനന്ദങ്ങളുടെ വെണ്‍മേഘങ്ങളില്‍ നിന്ന് ദുരിതങ്ങളുടെ അഗാധഗര്‍ത്തത്തിലേക്ക് ഉരുണ്ടു വീണത്. പ്രാണിയെപ്പോലെ ഞെരിഞ്ഞമര്‍ന്നത്. അവന്‍റെ മൌനത്തില്‍ ഒരു പാട് പരാതികള്‍ ഒച്ച വെച്ചു ,തീരാത്ത സംശയങ്ങള്‍ കലപില കൂട്ടി .വിശപ്പ് വയറിനെ കാര്‍ന്ന് തിന്നുമ്പോഴൊക്കെ പപ്പാ തന്ന രുചിയോര്‍മ്മകള്‍ അവന്‍റെ കണ്ണില്‍ നിറഞ്ഞു കവിഞ്ഞു .
കല്ല്‌ പോലിരിക്കുന്ന അമ്മമാര്‍ , യാതൊരു കൂസലുമില്ലാതെ പുതിയ ഇരകളെ തേടുന്ന എട്ടുകാലിജന്മങ്ങള്‍ , നോക്കൂ , ഇത് സ്മരണകളുടെ മ്യൂസിയമാണ് .ഇവിടെ ചിത്രങ്ങള്‍ക്ക് പഞ്ഞമില്ല , കഥകള്‍ക്ക് ക്ഷാമമില്ല .കയ്ക്കുന്നതും  ,മധുരിക്കുന്നതുമായ  ഓര്‍മകള്‍ ..അതത്രെ മനുഷ്യര്‍ .ഇനിയും കഥകള്‍ ജനിക്കും , തുടരും , തുടര്‍ന്നുകൊണ്ടേയിരിക്കും ...