ജനാസനമസ്കാരം കഴിഞ്ഞു അപ്പാടെ വന്നു കിടന്നതാണ് ഗഫൂര്‍ക്ക, ഇത്രേം പരവശപ്പെട്ടു മൂപ്പരെ കണ്ടിട്ടു തന്നെയില്ല. ഒറ്റ ആണ്‍തരി, താന്‍വരണ വരെ ഉമ്മാന്‍റെ പൊന്നാരക്കുട്ട്യേര്‍ന്നു മൂപ്പര്‍. അതോണ്ടന്നാവും താന്‍വന്ന മുതല്‍ ഉമ്മ പോരും തുടങ്ങിയത്. പെങ്ങനമാരൊക്കെ കെട്ടിച്ചു പോയതോണ്ട് വരുമ്പള്ള ശല്യം സഹിച്ചാമതി. വളഞ്ഞീമ്മെ ഈച്ച ഒട്ടിയ മായിരിക്കേയ്നി ആങ്ങളീം പെങ്ങന്മാരും. ഒക്കെ ഒന്നു വേര്‍തിരിച്ച്ട്ക്കാന്‍കൊറച്ചൊന്ന്വല്ല നയ്ച്ചത്. ഗള്‍ഫില് ഇണ്ടാക്കണ പൈസ മുയ്മന്‍ ഓല്‍ക്കും മാണ്ടി ചെലവാക്കാന്‍മൂപ്പര്‍ക്ക് ഒരു മടീല്ല.എങ്ങനെ കണ്ണടക്കും, ഇന്ക്കും വളര്‍ന്നു വരണത് ഒരു പെണ്ണല്ലേ?
വീട് മാറാന്‍വേണ്ടി വണ്ടിയിലേക്ക് സാധനങ്ങള്‍എടുത്തു വെക്കുമ്പോള്‍ഉമ്മ കണ്ണില്‍തീയുമായി തുറിച്ചു നോക്കി. മൂപ്പര്‍ കുറെയായി ഉമ്മാനോട് മിണ്ടാറുണ്ടായിരുന്നില്ല .വീട്ടിലെ ഓരോ കുഞ്ഞുപ്രശ്നവും ഓതിയോതിയാണ് ആ പരുവത്തിലേക്ക് മൂപ്പരെ മാറ്റിയെടുത്തത്. നീണ്ട വര്‍ഷങ്ങളാണ് സര്‍പ്പം പോലുള്ള ആ സ്ത്രീയോടൊപ്പം കഴിഞ്ഞത് .ആരെക്കൊണ്ടു പറ്റും അത്രേം സഹിക്കാന്‍? കത്തുന്ന കണ്ണുകളില്‍ ഉമ്മാന്‍റെ ഭൂതകാലം ലാവയായി തിളച്ചു. പ്രയാസങ്ങളുടെ ചുടുകല്ലുകളില്‍ കാലു വെന്തു പോയ ഒരു സ്ത്രീ .ഭര്‍ത്താവുമായി എന്നും കീരിയും പാമ്പുമായിരുന്നു .മൂപ്പത്തിയുമായി ഒത്തു പോകല്‍ ചില്ലറ പണിയല്ല . "നീ ഇതിനൊക്കെ അനുഭവിക്കുമെടീ "- എന്നൊരു കത്തുന്ന താക്കീത് ആ കനല്‍കണ്ണുകള്‍ എന്‍റെ നേരെ എറിഞ്ഞു. ഒരു കൊല്ലമാണ് പുതിയ വീട്ടില്‍ നിന്നത്. വിസ ശരിയായപ്പോള്‍ ഗഫൂര്‍ക്കാന്‍റെ അടുത്തേക്ക് പറന്നു .മോള്‍ടെ കല്യാണശേഷമാണ് നാട്ടില്‍ സ്ഥിരമായത്. അപ്പോഴേക്കും ഉമ്മ തനിവയസ്സത്തിയായി. തറവാട്ടില്‍ പെണ്മക്കള്‍ മാറി മാറി നിന്ന്‍ ശുശ്രൂഷിക്കയാണ്.
ഉമ്മയെ കണ്ടു ഗഫൂര്‍ക്ക കുറ്റബോധത്തോടെ പറഞ്ഞു , "ഇജേതായാലും നാട്ടിലുണ്ടല്ലോ .കുറച്ചു കാലം ഉമ്മ ഞമ്മളെ വീട്ടീ നിക്കട്ടെ ,പ്രാരാബ്ധക്കാരായ പെങ്ങന്മാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ? ഉമ്മാന്‍റെ പൊരുത്തം കിട്ടീട്ടില്ലെങ്കി അയ്ന്‍റെ ആദാബ് നമ്മള് ദുനിയാവ്ന്നന്നെ അനുഭവിക്കേണ്ടി വരും .അനക്കും അറ്യാലോ."
ആ നിര്‍ബന്ധബുദ്ധിക്കു മുമ്പില്‍ മുട്ട് മടക്കേണ്ടി വന്നു .അങ്ങനെയാണ് ഉമ്മ വീട്ടിലെത്തിയത് .മറവി അവരെ മൂടാന്‍ തുടങ്ങിയിരുന്നു .
"ഇജന്നെ ഒക്കേറ്റിനും കാരണം ,ഉമ്മാനെ വേദനിപ്പിച്ചേയ്ന്‍റെ ശിക്ഷ നോക്കിക്കോ നമ്മള് രണ്ടാളും അറിം ."
"ഞാനെന്തു ചെയ്തു?-ഞാന്‍ ചൊടിച്ചു-"ഇങ്ങളെ പിരാന്തത്തി ഉമ്മാനെ നോക്കാന് ഹോം നഴ്സിനെ നിര്‍ത്തിക്കൂടെയ്ന്യോ?"-കലി പിടിച്ച പരുക്കന്‍ കൈകള്‍ എന്‍റെ കവിളിനെ ചമ്മന്തിയാക്കി .
"ആരാടീ പിരാന്തത്തി ?ഉമ്മയോ അതോ ഇജോ?ഉമ്മ അനുഭവിച്ച ദുഃഖങ്ങളൊക്കെ ഒരീസം അറിഞ്ഞാ മതി ഇജൊക്കെ ഉട്ത്തത് കയ്ച്ച്ട്ട് ദിലെ മണ്ടാന്‍ ."
വീട്ടില്‍ കൊണ്ടു വന്ന അന്ന് മുതല്‍ ഉമ്മ പഴയ സ്വഭാവങ്ങളെല്ലാം പുറത്തെടുത്തു.-അധികാരം കാണിക്കല്‍ , സംശയരോഗം , കല്‍പ്പിക്കല്‍ ,കുറ്റപ്പെടുത്തല്‍ , പിറ്പിറേന ചീത്ത പറയല്‍ ,..അതും എന്‍റെ സ്വര്‍ണം കൂടി മുടക്കിയെടുത്ത വീട്ടില്‍ ..അറ്റമില്ലാത്ത കഠിനവഴക്കുകള്‍ അങ്ങനെ പേമാരിപ്പെയ്ത്ത് തുടങ്ങി. രണ്ടാളും കണ്ടാല്‍ കലിയായി. ഒരു വക താന്‍ തിന്നാന്‍ കൊടുക്കാതായി. മൂപ്പത്തി തന്നെ തീ കത്തിച്ച് കഞ്ഞിയുണ്ടാക്കും ..
ഒരൂസം മകള്‍ വന്നപ്പോള്‍ ഉമ്മ പതിവുപോലെ എന്‍റെ കുറ്റങ്ങള്‍ അവളുടെ മുമ്പില്‍ കൊട്ടിയിടുകയായിരുന്നു .ഉമ്മ മൂന്നാലു തട്ടങ്ങള്‍ നിവര്‍ത്തി പറയാന്‍ തുടങ്ങി -"നോക്ക് സൈനോ ,ആ കുരുത്തം കെട്ടോള്‍ കീറിയത് .ഞാനൊന്ന് കുളിക്കാന്‍ കേറ്യാ മതി ആ ബലാല് ന്‍റെ തുണിയൊക്കെ വല്‍ച്ച് കീറും "
ആ കുറ്റാരോപണം എന്നെ ഒരു പിശാചാക്കി ,വായില്‍ തോന്നിയതൊക്കെ ഞാന്‍ അലറി വിളിച്ചു .യാത്ര പോലും പറയാതെ പെങ്ങള്‍ പടിയിറങ്ങി .പോകുമ്പോള്‍ അവള്‍ അവളുടെ ജ്യേഷ്ഠത്തിയോട് ഫോണില്‍ പറയണത് കേട്ടു, " ഞമ്മളെ ഇമ്മാനെ ഞ്ഞെന്താ ചെയ്യ സലീ .ഈ ജഗലിന്‍റെ അട്ത്ത് ഇമ്മ എങ്ങനെ കയ്യും .ഉമ്മാക്ക് വയസ്സായി ,മറവിയായി എന്നൊക്കെ വിചാര്‍ച്ച് ഓക്ക് ഒന്ന്‍ ക്ഷമിച്ചൂടെ.പാവം ഞമ്മളെ ഇമ്മ ." അവള്‍ തേങ്ങിക്കൊണ്ട് നടന്നു പോയി ..
അന്ന് രാത്രി -ചാരിയിട്ട വാതില്‍പഴുതിലൂടെ ഞാന്‍ പാളി നോക്കി .മുസീബത്ത് പിടിച്ച ആ തള്ള എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് .ആ കാഴ്ച കണ്ട് അന്തം വിട്ട് ഞാന്‍ വായും പൊളിച്ചു നിന്നു. അവര്‍ ,ആ സ്ത്രീ അലമാരയില്‍ നിന്ന് ഓരോരോ തട്ടങ്ങള്‍ വലിച്ചെടുക്കുന്നു ,അവിടേം ഇവിടേം വലിച്ചു കീറുന്നു ,കലിയോടെ എല്ലാം അലമാരയിലേക്ക് തിരുകുന്നു!
കൊടുങ്കാറ്റായി ഞാന്‍ ഗഫൂര്‍ക്കാനെ ഫോണിലൂടെ ആഞ്ഞടിച്ചു -"ഇങ്ങടെ നാശം പിടിച്ച തള്ളനെ ഇവിടുന്ന്‍ കേട്ടിയെടുക്കണില്ലെങ്കി ഞാന്‍ ഇറങ്ങാ .ഇങ്ങള് വേറെ പെണ്ണ്‍ കെട്ട്യാലും വേണ്ടീല ,ഇന്‍ക്ക് ഇന്‍റെ സ്വര്‍ണം തിരിച്ചു കിട്ടണം."
ഫോണ്‍വിളിയുടെ ചൂട് കൊണ്ടാവും പിറ്റേന്ന് നാത്തൂന്‍ തറവാട്ടിലേക്ക് ഉമ്മാനെ കൊണ്ടോയി .പോകുമ്പോ അവര് പണ്ടത്തെ ആ നോട്ടം പിന്നേം നോക്കി ,ദഹിപ്പിച്ചു ചാമ്പലാക്കുന്ന നോട്ടം ..
വല്ലാത്തൊരു സ്ത്രീ ..അവര്‍ക്ക് യുദ്ധം ചെയ്യാന്‍ എന്നും ഒരു ശത്രു വേണം .അവര്‍ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ഇന്നേവരെ?ഉപ്പയും ഉമ്മയും നന്നായി തല്ലുന്നതിനെപ്പറ്റിയൊക്കെ ഗഫൂര്‍ക്ക പറഞ്ഞിട്ടുണ്ട് .സ്നേഹത്തിന്‍റെ ഒരു വാക്ക് ചെറുപ്പത്തില്‍ കേട്ടിട്ടില്ലെന്ന് ..ചുമരില്‍ കോറിയിട്ട ആ മൂന്നാലു വരികളാണ് ഗഫൂര്‍ക്കാനെ അന്തമില്ലാത്ത സങ്കടത്തിലേക്ക് എറിഞ്ഞത്.
"പടച്ചോനെ ,അറ്റംല്ലാത്ത ആയുസ്സോണ്ട് ഇജ്ന്നെ എടങ്ങേറാക്കാണല്ലോ. ഇന്നെ ആര്ക്കും മാണ്ട ,ഈ ചെയ്യണേയ്ന് ഇന്ക്ക് പൊറ്ത്ത് തരണേ . ഇജ് തന്ന ജീവന്‍ ഇട്ക്കാന്‍ അന്ക്കേ അധികാരംള്ളൂ ..പക്ഷെ ,ആര്‍ക്ക് വേണ്ട്യാ ഞാന് ഇഞ്ഞും ജീവിക്കണ്?ഇന്നെ മാണ്ടാത്ത ഇന്‍റെ മക്കക്കും മേണ്ട്യോ?ഓലൊക്കെ ചെറക് വെച്ച് പറക്കാനായി ..വയസ്സായ ഇന്നെ ഇഞ്ഞി ആര്‍ക്ക് മാണം?"
പണ്ടത്തെ ആറാം ക്ലാസ് പാസ്സായ ആളായിരുന്നു ഉമ്മ ,അന്ന് സ്കൂളില്‍ ജോലി കിട്ടാന്‍ ആ യോഗ്യത മത്യായിരുന്നു . പടച്ചോനോട് കുറ്റം കിട്ടൂന്ന് കര്ത്യാ ഉമ്മ അന്ന് പോകാതിരുന്നത്ന്ന് ഗഫൂര്‍ക്ക എപ്പളും പറയും .ജോലിണ്ടായാ അന്യആണുങ്ങളോട് മിണ്ടണ്ടി വര്വല്ലോ ,അതൊന്നും പടച്ചോന് ഇഷ്ടല്ലല്ലോ ..
"എത്തറ തഖ്‌വണ്ടായിട്ടെന്താ? ഇങ്ങളെമ്മാക്ക് പെരുമാറാന്‍ അറീല .കൊറെ നിസ്കര്ച്ച്ട്ടൊന്നും കാര്യല്ല ,വേറെള്ളോലെ വെര്‍പ്പിച്ച്ട്ട്.."
എടുത്തടിച്ച പോലെ ആ മദഹുകളെയെല്ലാം തൂത്തു തുടച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
"ഇജ് വല്യൊരു നല്ലാള്."- ഗഫൂര്‍ക്ക വീണ്ടും കലമ്പി . "യത്തീംഖാനേല് വളര്‍ന്ന്, മര്‍ദിക്കുന്ന ഒരു ഭര്‍ത്താവിന്‍റെ കൂടെ ജീവിച്ച് ,ഒരു മിനിറ്റ് ഒഴിവില്ലാതെ കൂലിയില്ലാവേലകള്‍ ചെയ്ത് , ഈരണ്ടു കൊല്ലം കൂടുമ്പോ പ്രസവിച്ച് ,എട്ടൊമ്പത് മക്കളെ പോറ്റി നോക്ക് ,അപ്പം അറ്യാം അന്‍റെ പട്ടുസ്വഭാവം ..പാവം ഉമ്മ ..മര്യാദക്ക് ഒന്നു പ്രസവിച്ചു കിടന്നിട്ടു കൂടിയില്ല ..ദൂരേന്ന് വെള്ളം കൊണ്ടരല്‍, അരയ്ക്കല്‍, ഇടിക്കല്‍, അകലെയുള്ള കുളത്തില്‍ പോയി അലക്കിക്കുളിക്കല്‍...ഉമ്മാക്ക് ജീവിതം തീരാത്തൊരു യുദ്ധായിരുന്നു , പരിക്കുകള്‍ മാത്രം തിരികെ കിട്ടിയ യുദ്ധം .."
ഉമ്മ എന്തു കഴിച്ചാവും ജീവിതം അവസാനിപ്പിചിരിക്കുക?വല്ലാത്തൊരു ആകാംക്ഷ എന്നെ പൊതിഞ്ഞു ..അവരുടെ മഹാസങ്കടം കണ്ട് അസ്രായീല്‍ അലിവു തോന്നി കൂട്ടിക്കൊണ്ടുപോയതാവുമോ? മരിച്ചിട്ടുപോലും ആ സ്ത്രീയോടുള്ള വെറുപ്പ് ഉരുകിത്തീരുന്നില്ല ..മറവിരോഗത്താല്‍ ഉമ്മ പഴയ കാലത്തില്‍ കുടുങ്ങിക്കിടക്കായിരുന്നു ..പണ്ടു താമസിച്ച ആ മണ്‍വീടും ആ കഷ്ടപ്പാടും വീണ്ടും വീണ്ടും ഓര്‍ത്തു പറയുമത്രെ. എന്നിട്ടും ഉമ്മ അക്ഷരങ്ങള്‍ മറക്കാതെ ആ കുറിപ്പ് ചുമരില്‍ എഴുതി വച്ചല്ലോ ..അത്ഭുതം!
കൊല്ലങ്ങളനവധി വിമാനച്ചിറകില്‍ പറന്നു പോയി ..മകളുടെ മകനെയാണ് ഉമ്മ പ്രതികാരത്തിനായി തെരഞ്ഞെടുത്തത് ,അലറി വിളിച്ച് കണ്ണില്‍ കണ്ടതെല്ലാം വലിച്ചെറിഞ്ഞ് അവന്‍ ക്ലാസ്സില്‍ നിന്ന്‍ ഇറങ്ങിയോടി .അന്നു മുതല്‍ മാസാമാസം ഈ സൈക്യാട്രിസ്റ്റിന്‍റെ ഹാഫ്ഡോറിനു മുന്നില്‍ നേരം വെള്ച്ചാവുമ്പള്‍ക്കും കാത്തിരിക്കുന്നു ..മരുന്നിന്‍റെ ശക്തി കൊണ്ട് ഏതു നേരവും ഉറക്കം തൂങ്ങുന്ന അവനെ കാണുമ്പോള്‍ ഗഫൂര്‍ക്ക പറഞ്ഞത് ഉളിയായി മനസ്സിനെ കീറി മുറിക്കും -"ഉമ്മാനെ എടങ്ങേറാക്ക്യേയ്ന് ദുനിയാവിന്നന്നെ അദാബ് അറിഞ്ഞിട്ടേ ഞമ്മള് പോകൂ .."
ഉമ്മാന്‍റെ ആ കത്ത്ണ നോട്ടം എപ്പളും പിന്നാലെ ഉള്ളപോലെ ..പേരക്കുട്ടിയുടെ അലര്‍ച്ചയിലെല്ലാം ഉമ്മയാണ് ഈറയോടെ അട്ടഹസിക്കുന്നത് ..മോള് സങ്കടം തിന്ന് തിന്ന് എന്താകുമോ എന്തോ ..ഇന്ക്കും വയസ്സായി ,ആരുല്ലാന്ന തോന്നല്‍ ഇന്നീം അലട്ടാന്‍ തൊടങ്ങി ..ആരും ഒരിക്കലും സ്നേഹിച്ചിട്ടില്ലാത്ത ഉമ്മാന്‍റെ പൊറ്ത്യേട് എന്തായിരുന്നൂന്ന് ഇന്ക്കും തിരിയാന്‍ തൊടങ്ങി ..എന്നിട്ടും അവര് -ആ സ്ത്രീ ആ കത്തുന്ന നോട്ടവുമായി എന്തിനാണ് എന്‍റെ പിന്നാലെത്തന്നെ കൂടിയിരിക്കുന്നത്?
*ജനാസ -മയ്യത്ത്
*അദാബ്-ശിക്ഷ
തഖ്‌വ -ദൈവഭക്തി
മദഹ്-സത്ഗുണം